ഒരു നല്ല അധ്യാപകനുവേണ്ട അനിവാര്യ ഗുണം
1. ഒരു നല്ല അധ്യാപകനുവേണ്ട അനിവാര്യ ഗുണം ഏതാണ്?
1 ഒരു നല്ല ബൈബിൾ അധ്യാപകനായിരിക്കാൻ ഒരുവനെ പ്രാപ്തനാക്കുന്നത് എന്താണ്? ലൗകിക വിദ്യാഭ്യാസമാണോ? ആത്മീയ അനുഭവസമ്പത്താണോ? നൈസർഗിക കഴിവുകളാണോ? ഇതൊന്നുമല്ല എന്നാണ് ഉത്തരം. മറിച്ച്, അത് ഒരു ഗുണമാണ്. മുഴുന്യായപ്രമാണത്തിന്റെയും സാരാംശം എന്നു വിളിക്കാവുന്ന, യേശുവിന്റെ ശിഷ്യന്മാരെ തിരിച്ചറിയിക്കുന്ന, യഹോവയുടെ പ്രമുഖ ഗുണങ്ങളിൽ ഏറ്റവും ഉത്കൃഷ്ടമായ സ്നേഹം എന്ന ഗുണം. (യോഹ. 13:35; ഗലാ. 5:14; 1 യോഹ. 4:8) അതെ, നല്ല അധ്യാപകർ സ്നേഹം എന്ന ഗുണം പ്രകടിപ്പിക്കുന്നവരായിരിക്കും.
2. നാം ആളുകളെ സ്നേഹിക്കേണ്ടത് അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
2 ആളുകളെ സ്നേഹിക്കുക: മഹാഗുരുവായ യേശു ആളുകളെ സ്നേഹിച്ചു. അവൻ കാണിച്ച ആ സ്നേഹം അവനെ ശ്രദ്ധിക്കാൻ ആളുകളെ പ്രേരിപ്പിച്ചു. (ലൂക്കോ. 5:12, 13; യോഹ. 13:1; 15:13) ആളുകളെക്കുറിച്ച് ചിന്തയുള്ളവരാണെങ്കിൽ, സാക്ഷീകരിക്കാൻ ലഭിക്കുന്ന ഒരവസരവും നാം പാഴാക്കില്ല; പീഡനമോ നിസ്സംഗതയോ നമുക്കൊരു പ്രതിബന്ധമാകില്ല. ആളുകളോടു സ്നേഹം ഉണ്ടെങ്കിൽ ഓരോ വ്യക്തിയിലും നാം ആത്മാർഥ താത്പര്യം പ്രകടിപ്പിക്കും; അവരുടെ ആകുലതകളെയും ഉത്കണ്ഠകളെയും കണക്കിലെടുത്തുകൊണ്ട് അനുയോജ്യമായ വിധത്തിൽ നാം സന്ദേശം അവതരിപ്പിക്കും. ഓരോ ബൈബിൾ വിദ്യാർഥിയെയും നന്നായി പഠിപ്പിക്കാൻ മാത്രമല്ല, പാഠഭാഗങ്ങൾ നന്നായി തയ്യാറാകാനും നാം സമയം നീക്കിവെക്കും.
3. ബൈബിൾ സത്യങ്ങളോടുള്ള സ്നേഹം ശുശ്രൂഷയിൽ നമ്മെ എങ്ങനെ സഹായിക്കും?
3 സത്യത്തെ സ്നേഹിക്കുക: ദൈവവചനത്തിലടങ്ങിയിട്ടുള്ള സത്യങ്ങളെയും യേശു സ്നേഹിച്ചു. അമൂല്യ നിധികളായിട്ടാണ് അവൻ അവയെ വീക്ഷിച്ചത്. (മത്താ. 13:52) സത്യത്തെ സ്നേഹിക്കുന്നെങ്കിൽ ഉത്സാഹത്തോടെയായിരിക്കും നാം അതേക്കുറിച്ചു സംസാരിക്കുന്നത്. നമ്മുടെ ശ്രോതാക്കളെയും അത് ഉത്സാഹഭരിതരാക്കും. നമ്മുടെ പരിമിതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം നാം പകർന്നുനൽകുന്ന വിലപ്പെട്ട വിവരങ്ങളിൽ ശ്രദ്ധ പതിപ്പിക്കാൻ ആ സ്നേഹം നമ്മെ സഹായിക്കും. അപ്പോൾ, പരിഭ്രമമില്ലാതെ ശുശ്രൂഷ നിർവഹിക്കാൻ നമുക്കു സാധിക്കും.
4. സ്നേഹം എന്ന ഗുണം എങ്ങനെ വളർത്തിയെടുക്കാം?
4 സ്നേഹം വളർത്തിയെടുക്കുക: നമുക്ക് എങ്ങനെ ആളുകളോട് സ്നേഹം വളർത്തിയെടുക്കാം? യഹോവയും അവന്റെ പുത്രനും നമ്മോടു കാണിച്ചിരിക്കുന്ന സ്നേഹത്തെക്കുറിച്ചും നമ്മുടെ പ്രദേശത്തുള്ള ആളുകളുടെ പരിതാപകരമായ ആത്മീയാവസ്ഥയെക്കുറിച്ചും ചിന്തിക്കുക. (മർക്കോ. 6:34; 1 യോഹ. 4:10, 11) മുടക്കംകൂടാതെ വ്യക്തിപരമായി ദൈവവചനം പഠിക്കുകയും പഠിച്ച കാര്യങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും ചെയ്യുമ്പോൾ ബൈബിളിലെ സത്യങ്ങളോടുള്ള നമ്മുടെ സ്നേഹത്തിന്റെ തീവ്രത വർധിക്കും. സ്നേഹം എന്ന ഗുണം ആത്മാവിന്റെ ഫലത്തിന്റെ ഒരു സവിശേഷതയാണ്. (ഗലാ. 5:22) അതുകൊണ്ട്, പരിശുദ്ധാത്മാവിനായും സ്നേഹത്തിൽ വളർന്നുവരാനുള്ള സഹായത്തിനായും യഹോവയോടു നാം പ്രാർഥിക്കണം. (ലൂക്കോ. 11:13; 1 യോഹ. 5:14) അതെ, ലൗകിക വിദ്യാഭ്യാസമോ ആത്മീയ അനുഭവസമ്പത്തോ നൈസർഗിക കഴിവുകളോ ഒന്നുമല്ല നമ്മെ ഫലപ്രാപ്തിയുള്ള ബൈബിൾ അധ്യാപകരാക്കുന്നത്, മറിച്ച് സ്നേഹം എന്ന ഗുണമാണ്.