ചോദ്യപ്പെട്ടി
◼ ഒരു വ്യക്തിക്ക് പ്രസിദ്ധീകരണം നൽകണമോ വേണ്ടയോ എന്നു നിർണയിക്കാനുള്ള മാനദണ്ഡം എന്താണ്?
വ്യക്തിയുടെ താത്പര്യമാണ് കണക്കിലെടുക്കേണ്ട പ്രധാന ഘടകം. അദ്ദേഹം താത്പര്യം കാണിക്കുന്നപക്ഷം രണ്ടുമാസികയോ ഒരു ലഘുപത്രികയോ ഒരു പുസ്തകമോ മറ്റേതെങ്കിലും പ്രസിദ്ധീകരണമോ സമർപ്പിക്കാം. ഇനി, ലോകവ്യാപക വേലയ്ക്ക് സംഭാവന നൽകാൻ അദ്ദേഹത്തിനു കഴിയില്ലെങ്കിൽപ്പോലും താത്പര്യമുണ്ടെങ്കിൽ നാം പ്രസിദ്ധീകരണങ്ങൾ നൽകും. (ഇയ്യോ. 34:19; വെളി. 22:17) എന്നാൽ, നമ്മുടെ പ്രസിദ്ധീകരണങ്ങളോടു വിലമതിപ്പില്ലാത്തവർക്ക് നാം അവ നൽകില്ല.—മത്താ. 7:6.
വീട്ടുകാരന് താത്പര്യമുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം? നമ്മോടു സംസാരിക്കാൻ ആ വ്യക്തി സന്നദ്ധത കാണിക്കുന്നെങ്കിൽ അദ്ദേഹത്തിന് താത്പര്യമുണ്ടെന്നു മനസ്സിലാക്കാം. നാം സംസാരിക്കുമ്പോൾ ശ്രദ്ധിക്കുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്യുന്ന ഒരു വ്യക്തി നാം പറയുന്ന കാര്യങ്ങളിൽ തത്പരനാണെന്നു വ്യക്തം. നാം തിരുവെഴുത്തുകൾ വായിക്കുമ്പോൾ ശ്രദ്ധിച്ചുകേൾക്കുന്നത് ആ വ്യക്തിക്ക് ദൈവവചനത്തോട് ആദരവുണ്ടെന്നതിന്റെ തെളിവായിരിക്കും. ഇനി, പ്രസിദ്ധീകരണം വായിക്കാൻ താത്പര്യമുണ്ടോ എന്നു നേരിട്ടു ചോദിക്കുന്നതും നല്ലതാണ്. ഒരു വ്യക്തിക്ക് താത്പര്യമുണ്ടോ എന്നു നിർണയിക്കുന്നതിൽ പ്രസാധകർ നല്ല ന്യായബോധം പ്രകടമാക്കണം. ഉദാഹരണത്തിന് തെരുവു സാക്ഷീകരണം നടത്തുമ്പോൾ, കടന്നുപോകുന്ന എല്ലാവർക്കും പ്രസിദ്ധീകരണങ്ങൾ നൽകുന്നത് ഉചിതമായിരിക്കില്ല. ആകട്ടെ, ഒരു വ്യക്തിക്ക് താത്പര്യമുണ്ടോ എന്നു മനസ്സിലാക്കാൻ നമുക്കു കഴിയുന്നില്ലെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ ഒരു ഹാൻഡ് ബില്ലോ ലഘുലേഖയോ നൽകാവുന്നതാണ്.
സാഹിത്യ കൗണ്ടറിൽനിന്നു പ്രസിദ്ധീകരണങ്ങൾ എടുക്കുന്ന കാര്യത്തിലും ശ്രദ്ധവേണം. നമുക്ക് എത്ര സംഭാവന നൽകാൻ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ശുശ്രൂഷയിൽ എത്രയെണ്ണം ആവശ്യമുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം നാം പ്രസിദ്ധീകരണങ്ങൾ എടുക്കേണ്ടത്. പ്രസിദ്ധീകരണങ്ങളുടെ വിലയായിട്ടല്ല നാം സംഭാവനകൾ നൽകുന്നത്; പിന്നെയോ, ലോകവ്യാപക പ്രസംഗവേലയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ്. വിലമതിപ്പുണ്ടെങ്കിൽ, നമ്മുടെ ഇല്ലായ്മയിൽനിന്നുപോലും സംഭാവനകൾ നൽകാൻ നാം തയ്യാറാകും. (മർക്കോ. 12:41-44; 2 കൊരി. 9:7) മാത്രമല്ല, ആവശ്യത്തിനുമാത്രം പ്രസിദ്ധീകരണങ്ങൾ എടുത്തുകൊണ്ട് സഹോദരങ്ങൾ നൽകുന്ന സംഭാവനകൾ പാഴാക്കാതിരിക്കാനും നാം ശ്രദ്ധിക്കും.
[2-ാം പേജിലെ ആകർഷക വാക്യം]
ഒരു വ്യക്തിക്ക് താത്പര്യമുണ്ടോ എന്നു നിർണയിക്കുന്നതിൽ പ്രസാധകർ നല്ല ന്യായബോധം പ്രകടമാക്കണം