“ഭൂമി അതിന്റെ ഫലം തരും. ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.”—സങ്കീർത്തനം 67:6
ദൈവത്തിൽനിന്നുള്ള അനുഗ്രഹങ്ങൾ എന്നും ആസ്വദിക്കാം
പ്രവാചകനായ അബ്രാഹാമിന്റെ ഒരു സന്തതിയിലൂടെ “ഭൂമിയിലെ സകല ജനതകളും” അനുഗ്രഹിക്കപ്പെടും എന്നു ദൈവം അബ്രാഹാമിനു വാക്കുകൊടുത്തു. (ഉൽപത്തി 22:18) ആരായിരുന്നു ആ സന്തതി?
ഏകദേശം 2,000 വർഷങ്ങൾക്കു മുമ്പ് അബ്രാഹാമിന്റെ സന്തതിപരമ്പരയിലൂടെ വന്ന യേശുവിന് അത്ഭുതങ്ങൾ ചെയ്യാനുള്ള പ്രാപ്തി ദൈവം കൊടുത്തു. അബ്രാഹാമിനു ദൈവം കൊടുത്ത വാഗ്ദാനങ്ങൾ ജനതകൾക്കു ലഭിക്കുന്നതു യേശുവിലൂടെ ആയിരിക്കുമെന്ന് ആ അത്ഭുതങ്ങൾ വ്യക്തമാക്കി.—ഗലാത്യർ 3:14.
മനുഷ്യകുടുംബത്തെ അനുഗ്രഹിക്കാൻ ദൈവം തിരഞ്ഞെടുത്ത വ്യക്തി യേശുവാണെന്ന് ആ അത്ഭുതങ്ങളിലൂടെ ആളുകൾക്കു തിരിച്ചറിയാനായി. കൂടാതെ യേശുവിനെ ഉപയോഗിച്ചുകൊണ്ടുതന്നെ ദൈവം മാനവകുടുംബത്തെ നിത്യമായി അനുഗ്രഹിക്കുമെന്നും അതു കാണിച്ചു. യേശു ചെയ്ത അത്ഭുതങ്ങൾ യേശുവിന്റെ ചില വിശേഷപ്പെട്ട ഗുണങ്ങൾ എടുത്തുകാണിക്കുന്നത് എങ്ങനെയാണെന്നു നോക്കാം.
ആർദ്രത—യേശു രോഗികളെ സുഖപ്പെടുത്തി.
ഒരിക്കൽ ഒരു കുഷ്ഠരോഗി തന്നെ സുഖപ്പെടുത്താമോ എന്നു യേശുവിനോട് യാചിച്ചു. അപ്പോൾ യേശു ആ വ്യക്തിയെ തൊട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു: “എനിക്കു മനസ്സാണ്.” ഉടനെ അയാളുടെ അസുഖം മാറി.—മർക്കോസ് 1:40-42.
ഉദാരത—യേശു വിശന്നിരുന്നവർക്ക് ആഹാരം കൊടുത്തു.
ആളുകൾ വിശന്നിരിക്കാൻ യേശു ആഗ്രഹിച്ചില്ല. ഒന്നിലധികം തവണ യേശു ഏതാനും അപ്പവും മീനും അത്ഭുതകരമായി വർധിപ്പിച്ചുകൊണ്ട് അനേകായിരങ്ങൾക്കു ഭക്ഷണം നൽകി. (മത്തായി 14:17-21; 15:32-38) അവർ അതു കഴിച്ച് തൃപ്തരായി, ധാരാളം ഭക്ഷണം ബാക്കിയും ഉണ്ടായിരുന്നു.
അനുകമ്പ—യേശു മരിച്ചവരെ ഉയിർപ്പിച്ചു.
ഒരിക്കൽ ഒരു വിധവയുടെ ഏകമകൻ മരിച്ചപ്പോൾ യേശു ‘മനസ്സ് അലിഞ്ഞ്’ അവനെ ഉയിർപ്പിച്ചു. ആ വിധവയെ നോക്കാൻ മറ്റാരും ഉണ്ടായിരുന്നില്ല.—ലൂക്കോസ് 7:12-15.