ക്രിസ്ത്യാനികളായി ജീവിക്കാം
തിരുവെഴുത്തുകൾ ശുഷ്കാന്തിയോടെ പഠിക്കുന്ന ഒരാളാകാൻ എങ്ങനെ കഴിയും?
പരിശോധനകളുണ്ടാകുമ്പോൾ ദാനിയേലിനെപ്പോലെ വിശ്വസ്തനായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? ദാനിയേൽ ദൈവവചനം പഠിക്കുന്നതിൽ ശുഷ്കാന്തിയുള്ളവനായിരുന്നു. അതിൽ ഗഹനമായ പ്രവചനങ്ങളും ഉൾപ്പെട്ടിരുന്നു. (ദാനി 9:2) ശുഷ്കാന്തിയോടെ ബൈബിൾ പഠിക്കുന്നതു വിശ്വസ്തരായി തുടരാൻ നിങ്ങളെയും സഹായിക്കും. എങ്ങനെ? യഹോവയുടെ വാഗ്ദാനങ്ങളെല്ലാം സത്യമായിത്തീരുമെന്ന നിങ്ങളുടെ വിശ്വാസം അതു വർധിപ്പിക്കും. (യോശ 23:14) ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം ആഴമുള്ളതാകാൻ അതു സഹായിക്കും. അങ്ങനെ ശരിയായതു ചെയ്യാൻ നിങ്ങൾ പ്രചോദിതരാകും. (സങ്ക 97:10) പക്ഷേ എവിടെ തുടങ്ങും? പിൻവരുന്ന നിർദേശങ്ങൾ പരിചിന്തിക്കുക.
ഞാൻ എന്തു പഠിക്കണം? നല്ല ഒരു പഠനശീലത്തിൽ യോഗങ്ങൾക്കു തയ്യാറാകുന്നത് ഉൾപ്പെടുന്നു. ഓരോ ആഴ്ചത്തേക്കുമുള്ള ബൈബിൾവായനാഭാഗം വായിക്കുമ്പോൾ മനസ്സിലാകാത്ത ആശയങ്ങളെക്കുറിച്ച് ഗവേഷണം ചെയ്യുക. അതു വായനയിൽനിന്ന് കൂടുതൽ പ്രയോജനം നേടാൻ സഹായിക്കും. കൂടാതെ, മറ്റു വിഷയങ്ങളും പഠിക്കാനായി തിരഞ്ഞെടുക്കാം. ബൈബിൾപ്രവചനങ്ങൾ, ദൈവാത്മാവിന്റെ ഫലത്തിന്റെ വിവിധ വശങ്ങൾ, പൗലോസ് അപ്പോസ്തലന്റെ മിഷനറിയാത്രകൾ, യഹോവയുടെ സൃഷ്ടിക്രിയകൾ എന്നിവയാണു ചിലർ പഠനവിഷയങ്ങളാക്കിയിരിക്കുന്നത്. ഇനി, എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിലേക്ക് ഒരു ബൈബിൾചോദ്യം വരുന്നെന്നിരിക്കട്ടെ. അത് എഴുതിവെച്ചിട്ട്, പഠനത്തിനായി മാറ്റിവെച്ചിരിക്കുന്ന സമയത്ത് അതെക്കുറിച്ച് നിങ്ങൾക്കു പഠിക്കാൻ കഴിയും.
വിവരങ്ങൾ എനിക്ക് എവിടെനിന്ന് കണ്ടെത്താം? അതിനുള്ള ചില നിർദേശങ്ങൾക്കായി ആത്മീയനിധികൾ കണ്ടെത്താൻ സഹായിക്കുന്ന ഗവേഷണോപകരണങ്ങൾ എന്ന വീഡിയോ കാണുക. ഒരു കാര്യം ചെയ്യൂ: ദാനിയേൽ 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന മൃഗങ്ങൾ ഏതു ലോകശക്തികളെയാണു പ്രതീകപ്പെടുത്തുന്നതെന്നു കണ്ടുപിടിക്കുക. അങ്ങനെ ഗവേഷണം ചെയ്യുന്നതിൽ നിങ്ങൾക്കുള്ള വൈദഗ്ധ്യമൊന്നു പരിശോധിക്കാവുന്നതാണ്.
പഠനത്തിനായി ഞാൻ എത്രത്തോളം സമയം നീക്കിവെക്കണം? ആത്മീയ ആരോഗ്യത്തിനു ക്രമമായ പഠനം കൂടിയേ തീരൂ. തുടക്കത്തിൽ കുറച്ച് സമയമേ പഠിക്കാൻ കഴിയുന്നുള്ളുവെങ്കിലും പഠിച്ചുതുടങ്ങുക. പിന്നീട് പതുക്കെ സമയദൈർഘ്യം കൂട്ടാം. ദൈവത്തിന്റെ വചനം പഠിക്കുന്നതു മറഞ്ഞിരിക്കുന്ന നിധി കുഴിച്ചെടുക്കുന്നതുപോലെയാണ്. നിധി കിട്ടുംതോറും പിന്നെയുംപിന്നെയും കുഴിക്കാൻ തോന്നും. (സുഭ 2:3-6) അങ്ങനെ ദൈവവചനം പഠിക്കാനുള്ള വാഞ്ഛ വർധിക്കും, ക്രമമായ ബൈബിൾപഠനം നിങ്ങളുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമായി തുടരും.—1പത്ര 2:2.
ദാനിയേൽ 7-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന മൃഗങ്ങൾ ഏതു ലോകശക്തികളെയാണു പ്രതീകപ്പെടുത്തുന്നത്?
മറ്റൊരു ചോദ്യം:
ദാനിയേൽ 7:8, 24 നിവൃത്തിയേറിയത് എങ്ങനെ?
അടുത്ത പഠനവിഷയം:
വെളിപാട് 13-ാം അധ്യായത്തിലെ മൃഗങ്ങൾ എന്തിനെ പ്രതീകപ്പെടുത്തുന്നു?