മത്തായി
പഠനക്കുറിപ്പുകൾ—അധ്യായം 1
മത്തായി: ബൈബിളിൽ കാണുന്ന “മത്ഥിഥ്യ” (1ദിന 15:18) എന്ന എബ്രായപേരിന്റെ ഗ്രീക്കിലുള്ള ചുരുക്കരൂപമായിരിക്കാം “മത്തായി.” മത്ഥിഥ്യ എന്ന പേരിന്റെ അർഥം “യഹോവയുടെ സമ്മാനം” എന്നാണ്.
മത്തായി എഴുതിയത്: സുവിശേഷങ്ങൾ എഴുതിയവർ ആരും അവരാണ് അത് എഴുതിയതെന്ന് അതിൽ വെളിപ്പെടുത്തിയിട്ടില്ല. തെളിവനുസരിച്ച് മൂലകൃതികളിൽ തലക്കെട്ടുകളും ഉണ്ടായിരുന്നില്ല. മത്തായിയുടെ സുവിശേഷത്തിന്റെ ചില കൈയെഴുത്തുപ്രതികളിൽ “മത്തായി എഴുതിയ സുവിശേഷം (അഥവാ “സന്തോഷവാർത്ത”)” (യുഅംഗേലിഓൻ കറ്റാ മത്തായോൻ) എന്ന തലക്കെട്ടും മറ്റു ചിലതിൽ “മത്തായി എഴുതിയത്” (കറ്റാ മത്തായോൻ) എന്ന ചെറിയ തലക്കെട്ടും കാണുന്നുണ്ട്. അത്തരം തലക്കെട്ടുകൾ എപ്പോഴാണു കൂട്ടിച്ചേർത്തതെന്നോ ഉപയോഗിച്ചുതുടങ്ങിയതെന്നോ വ്യക്തമല്ല. അവ ഉപയോഗിച്ചുതുടങ്ങിയത് എ.ഡി. രണ്ടാം നൂറ്റാണ്ടിലാണെന്നാണു ചിലരുടെ അഭിപ്രായം. കാരണം എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ എഴുതിയതെന്നു കരുതപ്പെടുന്ന ചില സുവിശേഷകൈയെഴുത്തുപ്രതികളിൽ നീളം കൂടിയ തലക്കെട്ടുകൾ കാണുന്നുണ്ട്. സുവിശേഷവിവരണങ്ങൾ “സുവിശേഷം” (അക്ഷ. “സന്തോഷവാർത്ത”) എന്ന് അറിയപ്പെടാനുള്ള കാരണം മർക്കോസിന്റെ പുസ്തകത്തിലെ പ്രാരംഭവാക്കുകളായിരിക്കാം (“ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത തുടങ്ങുന്നു.”) എന്നു ചില പണ്ഡിതന്മാർ പറയുന്നു. എഴുത്തുകാരുടെ പേരുകളോടുകൂടിയ അത്തരം തലക്കെട്ടുകൾ പുസ്തകങ്ങളെ വ്യക്തമായി വേർതിരിച്ചറിയാൻ സഹായിക്കുമെന്നു കണ്ടിട്ടായിരിക്കാം അവ ഉപയോഗിച്ചുതുടങ്ങിയത്.
അബ്രാഹാമിന്റെ മകൻ: ജൂതവംശജരെ മനസ്സിൽക്കണ്ടാണു മത്തായി യേശുവിന്റെ വംശപരമ്പര രേഖപ്പെടുത്തിത്തുടങ്ങുന്നത്. അതുകൊണ്ടാണ് ദൈവം അബ്രാഹാമിനു കൊടുത്ത വാഗ്ദാനത്തിന്റെ അവകാശി അഥവാ നിയമപരമായി അവകാശമുള്ള സന്തതി (ആ സന്തതിയിലൂടെ ഭൂമിയിലെ സകല ജനതകളും അനുഗ്രഹം നേടുമായിരുന്നു.) യേശുവാണെന്ന കാര്യം മത്തായി എടുത്തുപറയുന്നത്.
മകൻ: ഈ വംശാവലിയിൽ “മകൻ” എന്ന വാക്ക് ഒരാളുടെ സ്വന്തം മകനെയോ കൊച്ചുമകനെയോ ഒരു പിൻതലമുറക്കാരനെയോ സൂചിപ്പിച്ചേക്കാം.
ദാവീദിന്റെ മകൻ: രാജ്യ ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന അവകാശി ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരാളായിരിക്കണമായിരുന്നു. അതു യേശുവാണെന്ന് ഈ പദപ്രയോഗം സൂചിപ്പിക്കുന്നു.
യേശുക്രിസ്തുവിന്റെ ചരിത്രം: ദാവീദിന്റെ മകനായ ശലോമോനിലൂടെയുള്ള വംശപരമ്പരയാണു മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നതാകട്ടെ നാഥാനിലൂടെയുള്ള വംശപരമ്പരയും. (മത്ത 1:6, 7; ലൂക്ക 3:31) നിയമപരമായി യേശുവിന്റെ പിതാവായിരുന്ന യോസേഫ് ശലോമോന്റെ പിൻതലമുറക്കാരനായിരുന്നു. യേശുവിനു ദാവീദിന്റെ സിംഹാസനത്തിന്മേലുള്ള നിയമപരമായ അവകാശമാണ് മത്തായി ഇതിലൂടെ സ്ഥാപിച്ചെടുക്കുന്നത്. തെളിവനുസരിച്ച് ലൂക്കോസ് രേഖപ്പെടുത്തിയതു മറിയയുടെ വംശപരമ്പരയാണ്. അതിലൂടെ യേശു ജനനംകൊണ്ട് ദാവീദിന്റെ പിൻതലമുറക്കാരനാണെന്ന വസ്തുത അദ്ദേഹം തെളിയിച്ചു.
ക്രിസ്തു: ക്രിസ്തോസ് എന്ന ഗ്രീക്കുപദത്തിൽനിന്ന് വന്നിരിക്കുന്ന സ്ഥാനപ്പേര്. “മിശിഹ” (എബ്രായയിൽ മാഷിയാക്) എന്ന സ്ഥാനപ്പേരിനു തുല്യമായ പദമാണ് ഇത്. ഈ രണ്ടു വാക്കുകളുടെയും അർഥം “അഭിഷിക്തൻ” എന്നാണ്. ബൈബിൾക്കാലങ്ങളിൽ ഭരണാധികാരികളെ തൈലംകൊണ്ട് അഭിഷേകം ചെയ്യുന്ന ആചാരം നിലവിലുണ്ടായിരുന്നു.
ചരിത്രം അടങ്ങുന്ന പുസ്തകം: മത്തായിയുടെ സുവിശേഷത്തിന്റെ ഗ്രീക്കുഭാഷയിലെ പ്രാരംഭവാക്കുകൾ [ബിബ്ലൊസ് ഗെനസെയോസ് (ഗെനേസിസ് എന്ന ഗ്രീക്കുപദത്തിന്റെ ഒരു രൂപം)], “ചരിത്രരേഖ“ എന്നോ “വംശാവലിരേഖ” എന്നോ പരിഭാഷപ്പെടുത്താം. ഗെനേസിസ് എന്ന പദത്തിന്റെ അക്ഷരാർഥം “ഉത്ഭവം, ജനനം, വംശപരമ്പര” എന്നൊക്കെയാണ്. ഇതിനോടു സമാനമായ അർഥമുള്ള എബ്രായപദമാണു തോല്ദോത്. ആ എബ്രായപദത്തിന്റെ ഗ്രീക്കുപരിഭാഷയായി സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്ന ഗെനേസിസ് എന്ന പദം ഉൽപത്തി പുസ്തകത്തിൽ പൊതുവേ ‘ചരിത്രം’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.—ഉൽ 2:4; 5:1; 6:9; 10:1; 11:10, 27; 25:12, 19; 36:1, 9; 37:2.
ജനിച്ചു: “ജനിച്ചു” എന്ന പദം എല്ലായ്പോഴും സ്വന്തം മകൻ ജനിച്ചതിനെക്കുറിച്ചാകണമെന്നില്ല. അതു ചിലപ്പോൾ ഒരു കൊച്ചുമകനോ പിൻതലമുറക്കാരനോ ആകാം.—മത്ത 1:8, 11.
താമാർ: മത്തായി രേഖപ്പെടുത്തിയ മിശിഹയുടെ വംശാവലിയിൽ കാണുന്ന അഞ്ചു സ്ത്രീകളിൽ ആദ്യത്തെ ആൾ. മറ്റു നാലു പേർ ഇവരായിരുന്നു: ഇസ്രായേല്യരല്ലായിരുന്ന രാഹാബും രൂത്തും (5-ാം വാക്യം); ‘ഊരിയാവിന്റെ ഭാര്യയായ’ ബത്ത്-ശേബ (6-ാം വാക്യം); മറിയ (16-ാം വാക്യം). പുരുഷന്മാരുടെ പേരുകൾ മാത്രം പറയുന്നതിനിടയിൽ ഈ സ്ത്രീകളെയും വംശാവലിയിൽ ഉൾപ്പെടുത്തിയത് എന്തുകൊണ്ടായിരിക്കും? സാധ്യതയനുസരിച്ച് ഇവർ ഓരോരുത്തരും യേശുവിന്റെ പൂർവമാതാവായതിനു പിന്നിൽ എടുത്തുപറയത്തക്ക ചില കാര്യങ്ങളുണ്ടായിരുന്നു.
ദാവീദ് രാജാവ്: ഈ വംശാവലിയിൽ പല രാജാക്കന്മാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ദാവീദിനെ മാത്രമാണു “രാജാവ്” എന്നു വിളിച്ചിരിക്കുന്നത്. ഇസ്രായേലിലെ രാജവംശം ‘ദാവീദുഗൃഹം’ എന്നാണ് അറിയപ്പെട്ടിരുന്നത്. (1രാജ 12:19, 20) 1-ാം വാക്യത്തിൽ യേശുവിനെ ‘ദാവീദിന്റെ മകൻ’ എന്നു വിളിച്ചതിലൂടെ, മത്തായി ദൈവരാജ്യം എന്ന വിഷയത്തിന് ഊന്നൽ നൽകുകയായിരുന്നു. കൂടാതെ ദാവീദുമായി ചെയ്ത ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന രാജ്യാധികാരത്തിന് അവകാശി യേശുവാണെന്നും അതു വ്യക്തമാക്കി.—2ശമു 7:11-16.
ഊരിയാവിന്റെ ഭാര്യ: അതായത് ബത്ത്-ശേബ. ദാവീദിന്റെ വിദേശപടയാളികളിൽപ്പെട്ട ഹിത്യനായ ഊരിയാവിന്റെ ഭാര്യ.—2ശമു 11:3; 23:8, 39.
യഹോരാമിന് ഉസ്സീയ ജനിച്ചു: ഇവിടെ “യഹോരാമിന് ഉസ്സീയ ജനിച്ചു” എന്നു പറഞ്ഞിരിക്കുന്നെങ്കിലും ഉസ്സീയ യഹോരാമിന്റെ മകനായിരുന്നില്ല, മറിച്ച് ഒരു പിൻതലമുറക്കാരനായിരുന്നു. ഇങ്ങനെ പറയുന്ന ഒരു രീതി വംശാവലിരേഖകളിൽ പൊതുവേ കാണാറുണ്ട്. ദാവീദിന്റെ വംശപരമ്പരയിൽ യഹോരാമിനും ഉസ്സീയയ്ക്കും (അസര്യ എന്നും വിളിച്ചിട്ടുണ്ട്.) ഇടയിൽ അഹസ്യ, യഹോവാശ്, അമസ്യ എന്നീ മൂന്നു ദുഷ്ടരാജാക്കന്മാരുടെ പേര് ഒഴിവാക്കിയിരിക്കുന്നതായി 1ദിന 3:11, 12 പരിശോധിക്കുമ്പോൾ മനസ്സിലാകും.
യോശിയയ്ക്ക് യഖൊന്യ . . . ജനിച്ചു: യഖൊന്യ യോശിയയുടെ കൊച്ചുമകനായിരുന്നു എന്ന അർഥത്തിലാണ് “യോശിയയ്ക്ക് യഖൊന്യ . . . ജനിച്ചു” എന്നു പറഞ്ഞിരിക്കുന്നത്. വാസ്തവത്തിൽ യഖൊന്യ യോശിയയുടെ മകനായ യഹോയാക്കീമിന്റെ മകനായിരുന്നു. യഖൊന്യക്കു യഹോയാഖീൻ, കൊന്യ എന്നീ പേരുകളും ഉണ്ടായിരുന്നു.—2രാജ 24:6; 1ദിന 3:15-17; എസ്ഥ 2:6; യിര 22:24.
ശെയൽതീയേലിനു സെരുബ്ബാബേൽ ജനിച്ചു: പലയിടങ്ങളിലും സെരുബ്ബാബേലിന്റെ അപ്പൻ ശെയൽതീയേലാണെന്നു പറയുന്നുണ്ടെങ്കിലും (എസ്ര 3:2, 8; 5:2; നെഹ 12:1; ഹഗ്ഗ 1:1, 12, 14; 2:2, 23; ലൂക്ക 3:27; 1ദിന 3:19), ഒരിടത്ത് ശെയൽതീയേലിന്റെ സഹോദരനായ പെദായയാണു സെരുബ്ബാബേലിന്റെ അപ്പൻ എന്നു പറയുന്നു. (1ദിന 3:19) സാധ്യതയനുസരിച്ച് സെരുബ്ബാബേൽ പെദായയുടെ മകനായിരുന്നെങ്കിലും നിയമപരമായി അദ്ദേഹത്തെ ശെയൽതീയേലിന്റെ മകനായിട്ടാണു കണക്കാക്കിയിരുന്നതെന്നു തോന്നുന്നു.
യോസേഫ്: മത്തായിയുടെ വിവരണത്തിൽ യോസേഫും യേശുവും തമ്മിലുള്ള ബന്ധം പറയുന്നിടത്ത് യോസേഫിനു യേശു “ജനിച്ചു” എന്നല്ല കാണുന്നത്. (മത്ത 1:2-ന്റെ പഠനക്കുറിപ്പു കാണുക.) യോസേഫിനെക്കുറിച്ച് മറിയയുടെ ഭർത്താവ് എന്നു മാത്രം പറഞ്ഞിട്ട്, മറിയയിൽനിന്ന് ക്രിസ്തു എന്നു വിളിക്കുന്ന യേശു ജനിച്ചു എന്നു പറഞ്ഞിരിക്കുന്നു. ജനനംകൊണ്ട് യോസേഫിന്റെ മകനല്ലെങ്കിലും യോസേഫിന്റെ വളർത്തുമകനായതുകൊണ്ട് യേശു നിയമപരമായി ദാവീദിന്റെ അനന്തരാവകാശിയാണെന്ന വസ്തുതയ്ക്കാണു മത്തായിയുടെ വംശാവലി അടിവരയിടുന്നത്. എന്നാൽ അമ്മയായ മറിയയിലൂടെ യേശു ജനനംകൊണ്ട് ദാവീദിന്റെ അനന്തരാവകാശിയാണെന്നു ലൂക്കോസിന്റെ വംശാവലി തെളിയിക്കുന്നു.
ക്രിസ്തു: മത്ത 1:1-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
വിവാഹനിശ്ചയം കഴിഞ്ഞ: എബ്രായരുടെ ഇടയിൽ “വിവാഹനിശ്ചയം” എന്ന ക്രമീകരണം നിസ്സാരമായി കാണേണ്ട ഒന്നായിരുന്നില്ല. വിവാഹനിശ്ചയം കഴിഞ്ഞ ഒരു സ്ത്രീയും പുരുഷനും വിവാഹച്ചടങ്ങുകൾ കഴിയുന്നതുവരെ ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് താമസിക്കില്ലായിരുന്നെങ്കിലും അവരെ വിവാഹിതരെപ്പോലെതന്നെയാണു കണക്കാക്കിയിരുന്നത്.
പരിശുദ്ധാത്മാവ്: ഗ്രീക്കുതിരുവെഴുത്തുകളിൽ ആത്മാവ് എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ന്യൂമ എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നത് ഇവിടെയാണ്. ഇവിടെ അതു ദൈവത്തിന്റെ ചലനാത്മകശക്തിയെ കുറിക്കുന്നു.—പദാവലി കാണുക.
ഭർത്താവ് . . . ഉപേക്ഷിക്കുക: അക്ഷ. “വിവാഹമോചനം ചെയ്യുക.” വിവാഹനിശ്ചയം കഴിഞ്ഞവരെ വിവാഹിതരായിത്തന്നെ കണക്കാക്കിയിരുന്നതുകൊണ്ട് യോസേഫിനെ മറിയയുടെ ഭർത്താവെന്നും മറിയയെ യോസേഫിന്റെ ഭാര്യയെന്നും വിളിക്കുന്നതിൽ തെറ്റില്ലായിരുന്നു. (മത്ത 1:20) വിവാഹമോചനത്തിലൂടെ മാത്രമേ വിവാഹനിശ്ചയം അസാധുവാക്കാനാകുമായിരുന്നുള്ളൂ.
യഹോവയുടെ: ഈ പതിപ്പിൽ, ഗ്രീക്കുതിരുവെഴുത്തുകളുടെ മുഖ്യപാഠത്തിൽ ദൈവത്തിന്റെ പേരായ യഹോവ എന്നതു 237 പ്രാവശ്യമുണ്ട്. അതിൽ ആദ്യത്തേതാണ് ഇത്.—അനു. സി കാണുക.
യഹോവയുടെ ദൂതൻ: എബ്രായതിരുവെഴുത്തുകളിൽ പല തവണ ഉപയോഗിച്ചിട്ടുള്ള ഒരു പ്രയോഗം. ഉൽപ 16:7-ലാണ് ആദ്യമായി ഇതു കാണുന്നത്. സെപ്റ്റുവജിന്റിന്റെ ആദ്യകാല പ്രതികളിൽ ഈ പ്രയോഗം വരുന്നിടത്ത് ആൻഗലൊസ് (ദൈവദൂതൻ; സന്ദേശവാഹകൻ) എന്ന ഗ്രീക്കുവാക്കിനോടൊപ്പം എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതിയിട്ടുള്ള ദൈവനാമവും കാണപ്പെടുന്നു. ഇസ്രായേലിലെ നഹൽ ഹെവറിൽനിന്ന് കണ്ടെടുത്ത സെപ്റ്റുവജിന്റിന്റെ ഒരു പ്രതിയിൽ, (ബി.സി. 50-നും എ.ഡി. 50-നും ഇടയ്ക്കുള്ളതെന്നു കരുതപ്പെടുന്നു.) സെഖ 3:5, 6 വാക്യങ്ങളിൽ ഈ പ്രയോഗം കാണപ്പെടുന്നത് അങ്ങനെയാണ്. (അനു. സി കാണുക.) ഈ വാക്യത്തിലെ “യഹോവയുടെ ദൂതൻ” എന്ന പ്രയോഗത്തിൽ കാണുന്ന ദൈവനാമം പല ബൈബിൾപരിഭാഷകളും വിട്ടുകളഞ്ഞിട്ടില്ല എന്നതു ശ്രദ്ധേയമാണ്.—അനു. എ5-ഉം അനു. സി-യും കാണുക.
ദാവീദിന്റെ മകൻ: കേൾക്കാൻപോകുന്ന കാര്യങ്ങൾക്കായി യോസേഫിനെ മാനസികമായി ഒരുക്കാൻ ദൈവദൂതൻ അദ്ദേഹത്തെ ‘ദാവീദിന്റെ മകൻ’ എന്നു വിളിച്ചു. ദാവീദുമായി ചെയ്ത ഉടമ്പടിയിലെ വാഗ്ദാനത്തെക്കുറിച്ച് അതു യോസേഫിനെ ഓർമിപ്പിച്ചിരിക്കണം.—മത്ത 1:1, 6 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
നിന്റെ ഭാര്യയായ മറിയയെ വീട്ടിലേക്കു കൊണ്ടുവരാൻ: ജൂതന്മാരുടെ സമ്പ്രദായമനുസരിച്ച് വിവാഹനിശ്ചയമായിരുന്നു വിവാഹത്തിന്റെ ആദ്യപടി. മുൻകൂട്ടി നിശ്ചയിച്ച ഒരു ദിവസം വരൻ വധുവിനെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് പോകുന്നതു വിവാഹത്തിന്റെ അവസാനപടിയും. അന്നേ ദിവസം ആഘോഷങ്ങളും ഉണ്ടാകും. പെൺകുട്ടിയെ താൻ വിവാഹപങ്കാളിയായി സ്വീകരിക്കുകയാണെന്നതിന്റെ പരസ്യപ്രഖ്യാപനമായിട്ടാണ് ഇതിനെ കണക്കാക്കിയിരുന്നത്. അങ്ങനെ എല്ലാവരുടെയും അറിവോടെയും അംഗീകാരത്തോടെയും നടന്ന വിവാഹം രേഖകളിൽ ചേർക്കുകയും ചെയ്തിരുന്നു. സ്ഥായിയായ ഒരു ബന്ധമായിരിക്കണമായിരുന്നു അത്.—ഉൽ 24:67; മത്ത 1:18, 19 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
(അവൾ) ഗർഭിണിയായിരിക്കുന്നത്: അഥവാ “(അവളിൽ) ഉത്പാദിതമായിരിക്കുന്നത്.” ഇതിന്റെ ഗ്രീക്കുപദംതന്നെയാണ് 2 മുതൽ 16 വരെയുള്ള വാക്യങ്ങളിൽ “ജനിച്ചു” എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നത്.—മത്ത 1:2-ന്റെ പഠനക്കുറിപ്പു കാണുക.
യേശു: “യഹോവ രക്ഷയാണ്” എന്ന് അർഥമുള്ള എബ്രായപേരുകളായ യേശുവ അഥവാ യോശുവ (യഹോശുവ എന്നതിന്റെ ഹ്രസ്വരൂപങ്ങൾ) എന്നതിനു തുല്യമായ പേര്.
യഹോവ: അടയാളം തരുന്നത് യഹോവയാണെന്നു തൊട്ടടുത്ത വാക്യം (23-ാം വാക്യം) വ്യക്തമാക്കുന്നു. അത് യശ 7:14-ൽനിന്നുള്ള ഉദ്ധരണിയാണ്. (അനു. സി കാണുക.) മത്തായി ആദ്യമായി എബ്രായതിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിക്കുന്നത് ഇവിടെയാണ്.
യഹോവ (തന്റെ പ്രവാചകനിലൂടെ) പറഞ്ഞ കാര്യങ്ങൾ നിറവേറേണ്ടതിനാണ്: മത്തായിയുടെ സുവിശേഷത്തിൽ ഇതും സമാനമായ മറ്റു പ്രയോഗങ്ങളും നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. യേശുവാണു വാഗ്ദത്തമിശിഹ എന്ന കാര്യം ജൂതന്മാരുടെ മനസ്സിൽ പതിപ്പിക്കാനായിരിക്കാം അങ്ങനെ ചെയ്തത്.—മത്ത 2:15, 23; 4:14; 8:17; 12:17; 13:35; 21:4; 26:56; 27:9.
ഇതാ: “ഇതാ” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഇദൗ എന്ന ഗ്രീക്കുപദം, തുടർന്നു പറയാൻപോകുന്ന കാര്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനാണു മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഒരു രംഗം ഭാവനയിൽ കാണാനോ വിവരണത്തിലെ ഏതെങ്കിലും ഒരു പ്രത്യേകവിശദാംശത്തിനു ശ്രദ്ധ കൊടുക്കാനോ അതു വായനക്കാരനെ പ്രോത്സാഹിപ്പിക്കുന്നു. ഊന്നലിനുവേണ്ടിയും പുതിയതോ അതിശയകരമോ ആയ എന്തെങ്കിലും കാര്യം അവതരിപ്പിക്കുന്നതിനുവേണ്ടിയും ഇത് ഉപയോഗിച്ചിട്ടുണ്ട്. ഗ്രീക്കുതിരുവെഴുത്തുകളിൽ മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലും വെളിപാടുപുസ്തകത്തിലും ആണ് ഇത് അധികവും കാണുന്നത്. എബ്രായതിരുവെഴുത്തുകളിലും ഇതിനു തുല്യമായ ഒരു പ്രയോഗം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.
കന്യക: മത്തായി ഇവിടെ ഉദ്ധരിച്ചിരിക്കുന്നതു യശ 7:14-ന്റെ സെപ്റ്റുവജിന്റ് പരിഭാഷയിൽനിന്നാണ്. “കന്യക” എന്നോ “ഒരു യുവതി” എന്നോ അർഥമുള്ള അൽമാ എന്ന എബ്രായപദം സെപ്റ്റുവജിന്റിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത് അതിനെക്കാൾ അർഥവ്യാപ്തി കുറഞ്ഞ പാർഥെനൊസ് എന്ന ഗ്രീക്കുപദം ഉപയോഗിച്ചാണ്. “ഒരിക്കലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ആൾ” എന്നാണ് അതിന്റെ അർഥം. മത്തായി ദൈവപ്രചോദിതനായി യേശുവിന്റെ അമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ “കന്യക” എന്നതിനുള്ള ഗ്രീക്കുപദമാണ് ഉപയോഗിച്ചത്.
ഇമ്മാനുവേൽ: യശ 7:14; 8:8, 10 എന്നിവിടങ്ങളിൽ കാണുന്ന ഒരു എബ്രായപേര്. മിശിഹയെ തിരിച്ചറിയിക്കുന്ന പ്രാവചനിക സ്ഥാനപ്പേരുകളിൽ ഒന്നാണ് ഇമ്മാനുവേൽ.
യഹോവ: മത്ത 1:20-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
(മറിയയുമായി) ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല: അക്ഷ. “(മറിയയെ) അറിഞ്ഞില്ല.” ബൈബിൾ എഴുതാൻ ഉപയോഗിച്ച ഗ്രീക്കുഭാഷയിൽ ലൈംഗികബന്ധത്തെക്കുറിച്ച് നേരിട്ട് പറയാതെ അക്കാര്യം അവതരിപ്പിക്കാൻ “അറിയുക” എന്ന ക്രിയ ഉപയോഗിച്ചിരുന്നു. ബൈബിൾ എഴുതാൻ ഉപയോഗിച്ച എബ്രായഭാഷയുടെ കാര്യത്തിലും ഇതു സത്യമാണ്. ഉൽ 4:1 പോലുള്ള വാക്യങ്ങൾ ഉദാഹരണം.