മത്തായി
പഠനക്കുറിപ്പുകൾ—അധ്യായം 4
പിശാച്: “പരദൂഷണം പറയുന്നവൻ” എന്ന് അർഥമുള്ള ഡിയാബൊലൊസ് എന്ന ഗ്രീക്കുപദത്തിൽനിന്നുള്ളത്. (യോഹ 6:70; 2തിമ 3:3) അതിനോടു ബന്ധമുള്ള ഡയബലൊ എന്ന ക്രിയാരൂപത്തിന്റെ അർഥം “കുറ്റപ്പെടുത്തുക; ആരോപണം ഉന്നയിക്കുക” എന്നൊക്കെയാണ്. ലൂക്ക 16:1-ൽ അതിനെ ‘പരാതിപ്പെടുക’ എന്ന അർഥത്തിലാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
യഹോവയുടെ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ആവ 8:3-ന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
എന്ന് എഴുതിയിരിക്കുന്നു: പിശാചിന്റെ പ്രലോഭനങ്ങൾക്കു മറുപടി പറയാൻ എബ്രായതിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചപ്പോൾ യേശു മൂന്നു പ്രാവശ്യം ഈ പ്രയോഗം ഉപയോഗിച്ചു.—മത്ത 4:7, 10.
വിശുദ്ധനഗരം: യരുശലേമിനെ കുറിക്കുന്നു. യഹോവയുടെ ആലയം അവിടെയായിരുന്നതുകൊണ്ടാണ് ഈ നഗരത്തെ മിക്കപ്പോഴും വിശുദ്ധനഗരം എന്നു വിളിച്ചിരിക്കുന്നത്.—നെഹ 11:1; യശ 52:1.
ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗം: അഥവാ ‘ദേവാലയത്തിന്റെ മുകളിലെ കൈമതിൽ.’ അക്ഷ. “ദേവാലയത്തിന്റെ ചിറക്.” ‘ദേവാലയം’ എന്നതിന്റെ ഗ്രീക്കുപദത്തിനു ദേവാലയത്തിന്റെ വിശുദ്ധമന്ദിരത്തെയോ ദേവാലയസമുച്ചയത്തെ മുഴുവനായോ സൂചിപ്പിക്കാനാകും. അതുകൊണ്ടുതന്നെ ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്, ദേവാലയസമുച്ചയത്തിനു ചുറ്റുമുള്ള മതിലിന്റെ മുകൾഭാഗത്തെയാകാം.
യഹോവ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ആവ 6:16-ന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ലോകം: ഗ്രീക്കിൽ കോസ്മൊസ്. ഇവിടെ നീതികെട്ട മനുഷ്യസമൂഹത്തെ കുറിക്കുന്നു.
രാജ്യങ്ങൾ: മനുഷ്യഗവൺമെന്റുകളിൽ ചിലതിനെയോ അവയെ എല്ലാത്തിനെയുമോ അർഥമാക്കുന്നു.
കാണിച്ചുകൊടുത്തു: യാഥാർഥ്യമെന്നു തോന്നിക്കുന്ന ഒരു ദർശനത്തിലൂടെയാകാം ഭൂതങ്ങളുടെ അധിപൻ യേശുവിന് എല്ലാം കാണിച്ചുകൊടുത്തത്.
എന്നെയൊന്ന് ആരാധിച്ചാൽ: “ആരാധിക്കുക” എന്നു പരിഭാഷപ്പെടുത്താവുന്ന ഗ്രീക്കുക്രിയാപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ക്ഷണനേരത്തേക്കുള്ള പ്രവൃത്തിയെ കുറിക്കുന്ന അനിർദിഷ്ടകാലത്തിലാണ് (aorist tense). അതു കാണിക്കുന്നത് “എന്നെയൊന്ന് ആരാധിച്ചാൽ” എന്നു യേശുവിനോടു പറഞ്ഞപ്പോൾ പിശാച് ഉദ്ദേശിച്ചത്, തന്നെ യേശു പതിവായി അല്ലെങ്കിൽ തുടർച്ചയായി ആരാധിക്കണമെന്നല്ല മറിച്ച് ഒറ്റ തവണ മാത്രം ‘ആരാധിക്കണമെന്നാണ്.’
സാത്താൻ: സാഠാൻ എന്ന എബ്രായപദത്തിൽനിന്ന് വന്നിരിക്കുന്ന ഇതിന്റെ അർഥം “എതിർത്തുനിൽക്കുന്നയാൾ” എന്നാണ്.
യഹോവ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ആവ 6:13; 10:20 എന്നിവയുടെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
യോഹന്നാനെ തടവിലാക്കിയെന്നു കേട്ടപ്പോൾ: 11-ാം വാക്യത്തിനും ഈ വാക്യത്തിനും ഇടയ്ക്ക് ഏതാണ്ട് ഒരു വർഷമെങ്കിലും കടന്നുപോയിട്ടുണ്ട്. യോഹ 1:29 മുതൽ 4:3 വരെയുള്ള ഭാഗത്തെ സംഭവങ്ങൾ നടക്കുന്നത് ഈ കാലഘട്ടത്തിലാണ്. കൂടാതെ യോഹന്നാന്റെ വിവരണത്തിൽ, യേശു യഹൂദ്യയിൽനിന്ന് ഗലീലയിലേക്കു പോയതു ശമര്യ വഴിയാണെന്നും അവിടെ സുഖാറിന് അടുത്തുള്ള കിണറ്റിങ്കൽവെച്ച് ഒരു ശമര്യക്കാരിയെ കണ്ടെന്നും ഉള്ള കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.—യോഹ 4:4-43; അനു. എ7-ലെ “യേശുവിന്റെ ശുശ്രൂഷയുടെ ആരംഭം” എന്ന ചാർട്ടും ഭൂപടം 2-ഉം കാണുക.
സെബുലൂൻ-നഫ്താലി ജില്ലകൾ: സെബുലൂന്റെയും നഫ്താലിയുടെയും ജില്ലകൾ പലസ്തീനിന്റെ വടക്കേ അറ്റത്ത്, ഗലീലക്കടലിന്റെ പടിഞ്ഞാറും വടക്കും ആയി വ്യാപിച്ചുകിടന്നിരുന്നു. ഗലീല ജില്ലയും ഇതിന്റെ ഭാഗമായിരുന്നു. (യോശ 19:10-16, 32-39) ഗലീലക്കടലിന്റെ പടിഞ്ഞാറേ തീരം മുഴുവനും നഫ്താലിയുടെ പ്രദേശത്തിന്റെ ഭാഗമായിരുന്നു.
കഫർന്നഹൂം: “നഹൂമിന്റെ ഗ്രാമം” അഥവാ “ആശ്വാസത്തിന്റെ ഗ്രാമം” എന്ന് അർഥമുള്ള എബ്രായപേരിൽനിന്ന് വന്നിരിക്കുന്നത്. (നഹൂ 1:1, അടിക്കുറിപ്പ്) യേശുവിന്റെ ഭൗമികശുശ്രൂഷയിൽ വളരെയധികം പ്രാധാന്യമുണ്ടായിരുന്ന ഒരു നഗരം. ഗലീലക്കടലിന്റെ വടക്കുപടിഞ്ഞാറേ തീരത്ത് സ്ഥിതിചെയ്തിരുന്ന ഈ നഗരത്തെ മത്ത 9:1-ൽ യേശുവിന്റെ ‘സ്വന്തം നഗരം’ എന്നാണു വിളിച്ചിരിക്കുന്നത്.
യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറേണ്ടതിന്: മത്ത 1:22-ന്റെ പഠനക്കുറിപ്പു കാണുക.
കടലിലേക്കുള്ള വഴി: ഗലീലക്കടലിന്റെ തീരപ്രദേശത്തുകൂടെ പോയിരുന്ന ഒരു പുരാതനപാതയായിരിക്കാം ഇത്. സാധ്യതയനുസരിച്ച് മെഡിറ്ററേനിയൻ കടൽവരെ ഇതു നീണ്ടുകിടന്നിരുന്നു.
ജനതകളുടെ ഗലീല: ചുറ്റുമുള്ള ജനതകളോടു ചേർന്നുകിടന്നിരുന്ന, ഇസ്രായേലിന്റെ അതിർത്തിപ്രദേശമായിരുന്നതുകൊണ്ടാകാം ഗലീലയെ യശയ്യ ഇങ്ങനെ വിശേഷിപ്പിച്ചത്. അതിന്റെ സ്ഥാനവും അതിലൂടെയുള്ള റോഡുകളും നിമിത്തം ഗലീല ചുറ്റുമുള്ള ജനതകളുമായി കൂടുതൽ സമ്പർക്കത്തിലായി. അതുകൊണ്ടുതന്നെ ഇസ്രായേല്യരല്ലാത്തവർ അവിടെ കടന്നുകയറി താമസമാക്കാൻ സാധ്യത കൂടുതലായിരുന്നു. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും ജൂതന്മാരല്ലാത്ത ധാരാളം പേർ അവിടെ താമസമാക്കിയതുകൊണ്ട് ഈ വിശേഷണം കൂടുതൽ അനുയോജ്യമായിത്തീർന്നു.
വലിയൊരു വെളിച്ചം: മിശിഹയെക്കുറിച്ചുള്ള യശയ്യയുടെ പ്രവചനത്തിന്റെ നിവൃത്തിയായി യേശു തന്റെ പരസ്യശുശ്രൂഷയുടെ നല്ലൊരു ഭാഗവും നിർവഹിച്ചതു സെബുലൂൻ-നഫ്താലി ജില്ലകളിലെ ഗലീലയിലാണ്. (മത്ത 4:13, 15) യഹൂദ്യയിലുണ്ടായിരുന്ന ജൂതന്മാർ ഗലീലയിലെ സഹജൂതന്മാരെ ആത്മീയ അന്ധകാരത്തിൽ കഴിയുന്നവരായി കണ്ട് പുച്ഛത്തോടെയാണു വീക്ഷിച്ചിരുന്നതെങ്കിലും യേശു അവർക്കു തന്റെ ശുശ്രൂഷയിലൂടെ ആത്മീയവെളിച്ചം പകർന്നുകൊടുത്തു.—യോഹ 7:52.
മരണത്തിന്റെ നിഴൽ: മരണം അടുത്ത് എത്തുമ്പോൾ ആലങ്കാരികമായി അതിന്റെ നിഴൽ ആളുകളുടെ മേൽ വീഴുന്നു എന്നായിരിക്കാം അർഥം. എന്നാൽ യേശു പകർന്ന വെളിച്ചം ആ നിഴൽ നീക്കി ആളുകളെ മരണത്തിന്റെ പിടിയിൽനിന്ന് മോചിപ്പിക്കുമായിരുന്നു.
സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു: മുഴുഭൂമിയെയും ഭരിക്കുന്ന ഒരു പുതിയ ഗവൺമെന്റിനെക്കുറിച്ചുള്ള ഈ സന്ദേശമായിരുന്നു യേശുവിന്റെ പ്രസംഗവിഷയം. (മത്ത 10:7; മർ 1:15) യേശുവിന്റെ സ്നാനത്തിന് ഏതാണ്ട് ആറു മാസം മുമ്പ് സ്നാപകയോഹന്നാൻ സമാനമായൊരു സന്ദേശം അറിയിച്ചുതുടങ്ങിയിരുന്നു. (മത്ത 3:1, 2) എന്നാൽ ദൈവരാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്നു യേശു പറഞ്ഞപ്പോൾ ആ വാക്കുകൾക്കു കൂടുതൽ അർഥം കൈവന്നു, കാരണം അഭിഷേകം ചെയ്യപ്പെട്ട നിയുക്തരാജാവെന്ന നിലയിൽ യേശു ഇപ്പോൾ അവിടെയുണ്ടായിരുന്നു. യേശുവിന്റെ മരണശേഷം ശിഷ്യന്മാർ ദൈവരാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്നു ഘോഷിച്ചതായി രേഖകളില്ല.
പ്രസംഗിക്കുക: അതായത്, പരസ്യമായി ഘോഷിക്കുക.—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
ഗലീലക്കടൽ: വടക്കൻ ഇസ്രായേലിലെ ഒരു ശുദ്ധജല തടാകം. (“കടൽ” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു “തടാകം” എന്നും അർഥം വരാം.) അതിനെ കിന്നേരെത്ത് കടൽ എന്നും (സംഖ 34:11) ഗന്നേസരെത്ത് തടാകം എന്നും (ലൂക്ക 5:1) തിബെര്യാസ് കടൽ എന്നും (യോഹ 6:1) വിളിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽനിന്നും ശരാശരി 210 മീ. (700 അടി) താഴെയാണ് ഇത്. തെക്കേ അറ്റംമുതൽ വടക്കേ അറ്റംവരെ അതിന്റെ നീളം 21 കി.മീ. ആണ്; വീതി 12 കി.മീ.; ഏറ്റവും കൂടിയ ആഴം ഏതാണ്ട് 48 മീ. (160 അടി)—അനു. എ7-ലെ “ഗലീലക്കടൽത്തീരത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി കാണുക.
പത്രോസ് എന്നു വിളിച്ചിരുന്ന ശിമോൻ: അദ്ദേഹത്തിന്റെ സ്വന്തം പേര് ശിമോൻ എന്നായിരുന്നു. യേശു പത്രോസിനു നൽകിയ കേഫാ (കേഫാസ്) എന്ന അരമായപേരിന്റെ ഗ്രീക്കുരൂപമാണ് പത്രോസ് (പെട്രൊസ്).—മർ 3:16; യോഹ 1:42; മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.
വല വീശുക: നിപുണനായ ഒരു മീൻപിടുത്തക്കാരനു വൃത്താകൃതിയിലുള്ള വല, ജലോപരിതലത്തിൽ നല്ലവണ്ണം പരന്നുവീഴുന്ന രീതിയിൽ എറിയാൻ സാധിക്കുമായിരുന്നു. വെള്ളത്തിൽ ഇറങ്ങിനിന്നോ ചെറിയ വള്ളത്തിൽനിന്നോ ഇതു ചെയ്തിരുന്നു. സാധാരണഗതിയിൽ ഈ വലയ്ക്ക് 6-8 മീ. (20-25 അടി) വ്യാസംവരും. വലയ്ക്കു ചുറ്റോടുചുറ്റും ഭാരമുള്ള എന്തെങ്കിലും ഘടിപ്പിച്ചിരുന്നതുകൊണ്ട് അതു പെട്ടെന്ന് വെള്ളത്തിൽ താഴുകയും മീനുകൾ അതിൽ അകപ്പെടുകയും ചെയ്യുമായിരുന്നു.
മീൻപിടുത്തക്കാർ: ഗലീലയിലെ ഒരു സാധാരണതൊഴിലായിരുന്നു മീൻപിടുത്തം. പത്രോസും സഹോദരനായ അന്ത്രയോസും ഒറ്റയ്ക്കൊറ്റയ്ക്കു മത്സ്യബന്ധനം നടത്തിയിരുന്നവരല്ല, മറിച്ച് മറ്റുള്ളവരോടു ചേർന്ന് മത്സ്യബന്ധനബിസിനെസ്സ് നടത്തിയിരുന്നവരായിരുന്നു. തെളിവനുസരിച്ച് സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും ഇതിൽ പങ്കാളികളായിരുന്നു.—മർ 1:16-21; ലൂക്ക 5:7, 10.
മനുഷ്യരെ പിടിക്കുന്നവർ: ശിമോനും അന്ത്രയോസും ചെയ്തിരുന്ന മീൻപിടുത്തം എന്ന തൊഴിലുമായി ബന്ധപ്പെടുത്തി പറഞ്ഞത്. ദൈവരാജ്യത്തിനുവേണ്ടി അവർ “മനുഷ്യരെ ജീവനോടെ പിടിക്കും” എന്ന് ഇതു സൂചിപ്പിച്ചു. (ലൂക്ക 5:10) എന്നാൽ ശിഷ്യരാക്കൽവേലയും മീൻപിടുത്തംപോലെതന്നെ സ്ഥിരോത്സാഹത്തോടെ, പലർ ചേർന്ന് ചെയ്യേണ്ട, ആയാസകരമായ ഒരു കാര്യമായിരിക്കുമെന്നും ചിലപ്പോഴൊക്കെ ആ പ്രവർത്തനത്തിനും വളരെ കുറച്ചു ഫലം മാത്രമേ ലഭിക്കൂ എന്നും ഉള്ള ഒരു സൂചനയും അതിൽ ഉണ്ടായിരുന്നിരിക്കാം.
യേശുവിനെ അനുഗമിച്ചു: പത്രോസും അന്ത്രയോസും യേശുവിന്റെ ശിഷ്യന്മാരായിട്ട് ഇപ്പോൾ ആറു മാസമോ ഒരു വർഷംപോലുമോ ആയിക്കാണും. (യോഹ 1:35-42) മത്സ്യബന്ധനബിസിനെസ്സ് ഉപേക്ഷിച്ച് തന്നെ മുഴുസമയം അനുഗമിക്കാൻ യേശു ഇപ്പോൾ അവരെ ക്ഷണിക്കുകയാണ്.—ലൂക്ക 5:1-11; മത്ത 4:22-ന്റെ പഠനക്കുറിപ്പു കാണുക.
സെബെദി: സാധ്യതയനുസരിച്ച്, യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയായ ശലോമയുടെ ഭർത്താവ്. അങ്ങനെയെങ്കിൽ യോഹന്നാനും യാക്കോബും യേശുവിന്റെ അടുത്ത ബന്ധുക്കളായിരുന്നു.
യാക്കോബും സഹോദരൻ യോഹന്നാനും: യാക്കോബിനെക്കുറിച്ച് പറയുന്നിടത്തെല്ലാം സഹോദരനായ യോഹന്നാന്റെ പേരും കാണാം. ഇതിൽ മിക്കയിടത്തും യാക്കോബിന്റെ പേരാണ് ആദ്യം. മൂത്തതു യാക്കോബായതുകൊണ്ടായിരിക്കാം ഇങ്ങനെ പറഞ്ഞിരിക്കുന്നത്.—മത്ത 4:21; 10:2; 17:1; മർ 1:29; 3:17; 5:37; 9:2; 10:35, 41; 13:3; 14:33; ലൂക്ക 5:10; 6:14; 8:51; 9:28, 54; പ്രവൃ 1:13.
ഉടനെ . . . ഉപേക്ഷിച്ച്: ഇവിടെ “ഉടനെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന യൂത്തിയോസ് എന്ന ഗ്രീക്കുപദം 20-ാം വാക്യത്തിലും ഉപയോഗിച്ചിട്ടുണ്ട്. പത്രോസിനെയും അന്ത്രയോസിനെയും പോലെ, തന്നെ മുഴുസമയം അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തോടു യാക്കോബും യോഹന്നാനും പെട്ടെന്നുതന്നെ പ്രതികരിക്കുന്നു.
ഗലീലയിൽ മുഴുവൻ ചുറ്റിസഞ്ചരിച്ച്: പുതുതായി തിരഞ്ഞെടുത്ത നാലു ശിഷ്യന്മാരോടൊപ്പം (പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ) ഗലീലയിൽ യേശു നടത്തിയ ആദ്യപ്രസംഗപര്യടനത്തിന്റെ തുടക്കം.—മത്ത 4:18-22; അനു. എ7 കാണുക.
സിനഗോഗുകൾ: പദാവലിയിൽ “സിനഗോഗ്” കാണുക.
പഠിപ്പിക്കുകയും . . . പ്രസംഗിക്കുകയും: പഠിപ്പിക്കലും പ്രസംഗിക്കലും തമ്മിൽ വ്യത്യാസമുണ്ട്. പ്രസംഗിക്കുന്ന ആൾ ഒരു കാര്യം ഘോഷിക്കുക മാത്രം ചെയ്യുന്നു. എന്നാൽ പഠിപ്പിക്കുന്നയാൾ അതിലും കൂടുതൽ ചെയ്യുന്നുണ്ട്—അദ്ദേഹം അറിവ് പകർന്നുകൊടുക്കുന്നു, വിശദീകരിക്കുന്നു, ബോധ്യംവരുത്തുന്ന വാദങ്ങൾ ഉപയോഗിക്കുന്നു, തെളിവുകൾ നിരത്തുന്നു.—മത്ത 3:1; 28:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സന്തോഷവാർത്ത: യുഅംഗേലിഓൻ എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നിടം. ചില ബൈബിളുകൾ ഇതിനെ “സുവിശേഷം” എന്നു വിവർത്തനം ചെയ്തിട്ടുണ്ട്. ഇതിനോടു ബന്ധമുള്ള യുഅംഗലിസ്റ്റേസ് എന്ന ഗ്രീക്കു പദപ്രയോഗം പരിഭാഷ ചെയ്തിരിക്കുന്നത് ‘സുവിശേഷകൻ’ എന്നാണ്. ‘സന്തോഷവാർത്ത ഘോഷിക്കുന്നവൻ’ എന്നാണ് അതിന്റെ അർഥം.—പ്രവൃ 21:8; എഫ 4:11, അടിക്കുറിപ്പ്; 2തിമ 4:5, അടിക്കുറിപ്പ്.
സിറിയ: അതായത് സിറിയ എന്ന റോമൻ സംസ്ഥാനം; ജനതകളിൽപ്പെട്ടവരുടെ പ്രദേശമായിരുന്നു ഇത്. ദമസ്കൊസിനും മെഡിറ്ററേനിയൻ കടലിനും ഇടയിൽ, ഗലീലയ്ക്കു വടക്കായിരുന്നു ഇതിന്റെ സ്ഥാനം.
അപസ്മാരരോഗികൾ: ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ചന്ദ്രബാധയേറ്റ” എന്നാണ്. (പഴയ ചില പരിഭാഷകളിൽ “ചന്ദ്രരോഗികൾ.”) എന്നാൽ മത്തായി ഈ പദം ഉപയോഗിച്ചതു വൈദ്യശാസ്ത്രപരമായ അർഥത്തിലാണ്, അല്ലാതെ ഈ രോഗത്തിനു ചന്ദ്രനുമായി ബന്ധമുണ്ടെന്ന അന്ധവിശ്വാസത്തെ പിന്തുണയ്ക്കാനായിരുന്നില്ല. മത്തായിയും മർക്കൊസും ലൂക്കോസും വിവരിക്കുന്ന രോഗലക്ഷണങ്ങൾ അപസ്മാരത്തിന്റേതുതന്നെയാണ്.
ദക്കപ്പൊലി: പദാവലിയും അനു. ബി10-ഉം കാണുക.
യോർദാന് അക്കരെ: തെളിവനുസരിച്ച് ഇവിടെ യോർദാൻ നദിക്കു കിഴക്കുള്ള പ്രദേശത്തെ കുറിക്കുന്നു. പെരിയ (“മറുവശം; അപ്പുറം” എന്ന് അർഥം വരുന്ന പെരാൻ എന്ന ഗ്രീക്കുപദത്തിൽനിന്നുള്ളത്.) എന്നും ഇത് അറിയപ്പെടുന്നു.