മത്തായി
പഠനക്കുറിപ്പുകൾ—അധ്യായം 8
ഒരു കുഷ്ഠരോഗി: ഗുരുതരമായ ഒരു ചർമരോഗം ബാധിച്ചയാൾ. ഇന്നു കുഷ്ഠം എന്ന പേരിൽ അറിയപ്പെടുന്ന രോഗത്തെ മാത്രമല്ല ബൈബിളിൽ കുഷ്ഠം എന്നു വിളിച്ചിരിക്കുന്നത്. ആർക്കെങ്കിലും കുഷ്ഠമാണെന്നു തെളിഞ്ഞാൽ അതു സുഖമാകുന്നതുവരെ സമൂഹം അദ്ദേഹത്തിനു ഭ്രഷ്ട് കല്പിച്ചിരുന്നു.—ലേവ 13:2, അടിക്കുറിപ്പ്, 45, 46; പദാവലിയിൽ “കുഷ്ഠം; കുഷ്ഠരോഗി” കാണുക.
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനെ ആദരിച്ചു.” പ്രവാചകന്മാരെയോ രാജാക്കന്മാരെയോ ദൈവത്തിന്റെ മറ്റു പ്രതിനിധികളെയോ കണ്ടപ്പോൾ ആളുകൾ അവരുടെ മുന്നിൽ കുമ്പിട്ടതായി എബ്രായതിരുവെഴുത്തുകളിലും പറഞ്ഞിട്ടുണ്ട്. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) ആളുകളെ സുഖപ്പെടുത്താൻ കഴിവുള്ള, ദൈവത്തിന്റെ ഒരു പ്രതിനിധിയോടാണു താൻ സംസാരിക്കുന്നതെന്നു സാധ്യതയനുസരിച്ച് ആ മനുഷ്യനു മനസ്സിലായിരുന്നു. യഹോവയുടെ നിയുക്തരാജാവിനു മുന്നിൽ ആദരസൂചകമായി കുമ്പിടുന്നത് ഉചിതമായിരുന്നു.—മത്ത 9:18; ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തെക്കുറിച്ച് കൂടുതൽ അറിയാൻ മത്ത 2:2-ന്റെ പഠനക്കുറിപ്പു കാണുക.
യേശു . . . അയാളെ തൊട്ടു: മറ്റുള്ളവർക്കു രോഗം പകരാതിരിക്കാൻ കുഷ്ഠരോഗികളെ മാറ്റിത്താമസിപ്പിക്കണമെന്നു മോശയിലൂടെ കൊടുത്ത നിയമത്തിലുണ്ടായിരുന്നു. (ലേവ 13:45, 46; സംഖ 5:1-4) എന്നാൽ ജൂതമതനേതാക്കന്മാർ കൂടുതലായ നിയമങ്ങൾ അടിച്ചേൽപ്പിച്ചു. ഉദാഹരണത്തിന്, ആളുകൾ ഒരു കുഷ്ഠരോഗിയിൽനിന്ന് കുറഞ്ഞതു നാലു മുഴം, അതായത് ഏകദേശം 1.8 മീ. (6 അടി) അകലം പാലിക്കണമായിരുന്നു. എന്നാൽ കാറ്റുള്ള ദിവസങ്ങളിൽ ദൂരപരിധി 100 മുഴം, അതായത് ഏകദേശം 45 മീ. (150 അടി) ആയിരുന്നു. ഇത്തരം നിയമങ്ങൾ കാരണം ആളുകൾ കുഷ്ഠരോഗികളോടു ദയയില്ലാതെ പെരുമാറാൻതുടങ്ങി. കുഷ്ഠരോഗികളിൽനിന്ന് ഒളിച്ചുകളഞ്ഞ ഒരു റബ്ബിയെയും കുഷ്ഠരോഗികളെ അകറ്റിനിറുത്താൻ അവരെ കല്ലുപെറുക്കി എറിഞ്ഞ മറ്റൊരു റബ്ബിയെയും അനുകൂലിച്ചാണു ജൂതപാരമ്പര്യരേഖകൾ സംസാരിക്കുന്നത്. എന്നാൽ അതിൽനിന്നും തികച്ചും വ്യത്യസ്തമായി യേശു ആ കുഷ്ഠരോഗിയുടെ ദുരവസ്ഥ കണ്ട് മനസ്സലിഞ്ഞിട്ട്, മറ്റു ജൂതന്മാർക്കു ചിന്തിക്കാൻപോലും കഴിയാത്ത ഒരു കാര്യം ചെയ്തു—ആ മനുഷ്യനെ തൊട്ടു. ഒറ്റ വാക്കുകൊണ്ട് സുഖപ്പെടുത്താമായിരുന്നെങ്കിലും യേശു അയാളെ തൊട്ടാണു സുഖപ്പെടുത്തിയത്.—മത്ത 8:5-12.
എനിക്കു മനസ്സാണ്: യേശു ആ അപേക്ഷ സ്വീകരിക്കുക മാത്രമല്ല അതു സാധിച്ചുകൊടുക്കാൻ തനിക്കു ശക്തമായ ആഗ്രഹമുണ്ടെന്നു പ്രകടിപ്പിക്കുകയും ചെയ്തു. വെറുമൊരു കടമനിർവഹണം പോലെയല്ല യേശു അയാളെ സുഖപ്പെടുത്തിയതെന്ന് ഈ വാക്കുകൾ തെളിയിച്ചു.
ഇത് ആരോടും പറയരുത്: മർ 1:44-ന്റെ പഠനക്കുറിപ്പു കാണുക.
ഇതു പുരോഹിതനെ കാണിക്കുക: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് ഒരു കുഷ്ഠരോഗി സുഖപ്പെട്ടോ എന്നു സ്ഥിരീകരിക്കേണ്ടതു പുരോഹിതനായിരുന്നു. അതിനായി, രോഗം ഭേദമായ ഒരു കുഷ്ഠരോഗി ആലയത്തിലേക്കു ചെല്ലണമായിരുന്നു. കാഴ്ചയായി അർപ്പിക്കാൻ ശുദ്ധിയുള്ള രണ്ടു പക്ഷികൾ, ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പുചെടി എന്നിവയും ഒപ്പം കൊണ്ടുപോകണമായിരുന്നു.—ലേവ 14:2-32.
കഫർന്നഹൂം: മത്ത 4:13-ന്റെ പഠനക്കുറിപ്പു കാണുക.
സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” അതായത്, റോമൻ സൈന്യത്തിലെ 100 പടയാളികളുടെ അധിപൻ.
എന്റെ ജോലിക്കാരൻ: ഇവിടെ “ജോലിക്കാരൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “കുട്ടി; യുവാവ്” എന്നൊക്കെയാണ്. ഈ പദത്തിന്, യജമാനൻ ഇഷ്ടത്തോടെ കണ്ടിരുന്ന ഒരു അടിമയെ, സാധ്യതയനുസരിച്ച് യജമാനനു വ്യക്തിപരമായ സേവനം ചെയ്തുകൊടുത്തിരുന്നയാളിനെ, കുറിക്കാനാകും.
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകം ആളുകൾ: ജൂതന്മാരല്ലാത്തവരും ദൈവരാജ്യത്തിൽ പങ്കുകാരാകും എന്നതിന്റെ ഒരു സൂചന.
വിരുന്നിന് ഇരിക്കും: അഥവാ “മേശയ്ക്കൽ ചാരിക്കിടക്കും.” ബൈബിൾക്കാലങ്ങളിൽ, വിരുന്നുകൾക്കോ വലിയ സദ്യകൾക്കോ വേണ്ടി ഭക്ഷണമേശയ്ക്കു ചുറ്റും കിടക്കകൾ ക്രമീകരിക്കുന്ന രീതിയുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നവർ, സാധാരണയായി ആ കിടക്കയിലെ കുഷ്യനിലേക്ക് ഇടങ്കൈയുടെ മുട്ട് ഊന്നി ചാരിയിരിക്കും. മുഖം മേശയുടെ നേരെയായിരിക്കും. എന്നിട്ട് വലതുകൈകൊണ്ട് ആഹാരം കഴിക്കും. ആരുടെയെങ്കിലും ഒപ്പം മേശയ്ക്കൽ ചാരിക്കിടക്കുന്നത് അയാളുമായുള്ള ഉറ്റസൗഹൃദത്തിന്റെ സൂചനയായിരുന്നു. അക്കാലത്ത് ജൂതന്മാർ ജൂതന്മാരല്ലാത്തവരുടെകൂടെ ഇങ്ങനെ ഒരേ മേശയ്ക്കൽ ഇരുന്ന് ഭക്ഷണം കഴിക്കില്ലായിരുന്നു.
പല്ലിറുമ്മുക: അഥവാ “പല്ലുകടിക്കുക.” ഈ പ്രയോഗത്തിനു സങ്കടത്തെയും നിരാശയെയും ദേഷ്യത്തെയും ഒക്കെ സൂചിപ്പിക്കാനാകും. അതു വാക്കുകളിലൂടെയും അക്രമാസക്തമായ പ്രവർത്തനങ്ങളിലൂടെയും പുറത്തുവരുകയും ചെയ്തേക്കാം.
വൈകുന്നേരമായപ്പോൾ: അതായത്, ശബത്തുദിവസം അവസാനിച്ചശേഷം.—മർ 1:21-32; ലൂക്ക 4:31-40.
ചുമന്നു: അഥവാ “ചുമന്നുകൊണ്ടുപോയി; നീക്കിക്കളഞ്ഞു.” യേശു അത്ഭുതകരമായി രോഗങ്ങൾ സുഖപ്പെടുത്തിയത്, യശ 53:4-ന്റെ നിവൃത്തിയാണെന്നു ദൈവപ്രചോദിതനായി മത്തായി ഇവിടെ രേഖപ്പെടുത്തി. പാപപരിഹാരദിവസം “അസസേലിനുവേണ്ടി”യുള്ള കോലാട് ഇസ്രായേല്യരുടെ പാപം വിജനഭൂമിയിലേക്കു വഹിച്ചുകൊണ്ടുപോയിരുന്നതുപോലെ യേശു നമ്മുടെ പാപങ്ങൾ പൂർണമായി ചുമന്നുകൊണ്ടുപോകുമ്പോൾ യശ 53:4-ന്റെ വലിയ നിവൃത്തിയുണ്ടാകും. (ലേവ 16:10, 20-22) അങ്ങനെ പാപം ചുമന്നുകൊണ്ടുപോകുന്നതിലൂടെ യേശു, തന്റെ ബലിയുടെ മൂല്യത്തിൽ വിശ്വാസം അർപ്പിക്കുന്ന എല്ലാവരുടെയും രോഗങ്ങളുടെ മൂലകാരണം നീക്കംചെയ്യും.
അങ്ങനെ . . . യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറി: മത്ത 1:22-ന്റെ പഠനക്കുറിപ്പു കാണുക.
അക്കരയ്ക്ക്: അതായത്, ഗലീലക്കടലിന്റെ കിഴക്കൻ തീരത്തേക്ക്.
മനുഷ്യപുത്രൻ: അഥവാ “മനുഷ്യന്റെ പുത്രൻ.” ഈ പദപ്രയോഗം സുവിശേഷങ്ങളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേഷിപ്പിച്ചതിലൂടെ, താൻ ഒരു സ്ത്രീയിൽനിന്ന് ജനിച്ച യഥാർഥമനുഷ്യനാണെന്നും അതുകൊണ്ടുതന്നെ ആദാമിനു പകരംവെക്കാൻ എന്തുകൊണ്ടും അനുയോജ്യനാണെന്നും യേശു വ്യക്തമാക്കുകയായിരുന്നിരിക്കാം. അങ്ങനെ മനുഷ്യകുലത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കാൻ യേശുവിനു കഴിയുമായിരുന്നു. (റോമ 5:12, 14, 15) ഈ പദപ്രയോഗം, യേശുതന്നെയാണു മിശിഹ അഥവാ ക്രിസ്തു എന്നും തിരിച്ചറിയിച്ചു.—ദാനി 7:13, 14. പദാവലി കാണുക.
മനുഷ്യപുത്രനോ തല ചായിക്കാൻ ഇടമില്ല: അതായത്, സ്വന്തമെന്നു പറയാൻ യേശുവിന് ഒരു വീടില്ലായിരുന്നു.
കൊടുങ്കാറ്റ്: ഗലീലക്കടലിൽ ഇത്തരം കൊടുങ്കാറ്റുകൾ സർവസാധാരണമാണ്. സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 210 മീ. (690 അടി) താഴെയാണ് ഈ കടലിന്റെ ഉപരിതലം. കൂടാതെ, ചുറ്റുമുള്ള പീഠഭൂമികളുടെയും മലകളുടെയും മീതെയുള്ള വായുവിനെക്കാൾ ചൂടു കൂടുതലാണു കടലിനു മീതെയുള്ള വായുവിന്. ഈ സ്ഥിതിവിശേഷങ്ങൾ അന്തരീക്ഷത്തിൽ വ്യതിയാനങ്ങൾ സൃഷ്ടിക്കുകയും ശക്തമായ കാറ്റുകൾക്കു കാരണമാകുകയും ചെയ്യുന്നു. ഇതു ഗലീലക്കടലിൽ പൊടുന്നനെ വലിയ തിരമാലകൾ രൂപംകൊള്ളാൻ ഇടയാക്കുന്നു.
നിങ്ങൾക്ക് ഇത്ര വിശ്വാസമേ ഉള്ളോ?: അവർക്കു വിശ്വാസം തീരെ ഇല്ലെന്നല്ല, വിശ്വാസം കുറവാണെന്നാണു യേശു ഉദ്ദേശിച്ചത്.—മത്ത 14:31; 16:8; ലൂക്ക 12:28; മത്ത 6:30-ന്റെ പഠനക്കുറിപ്പു കാണുക.
ഗദരേനരുടെ നാട്: ഗലീലക്കടലിന്റെ അക്കരെയുള്ള (കിഴക്കുള്ള) ഒരു പ്രദേശം. കടൽത്തീരംമുതൽ, 10 കി.മീ. അകലെ ഗദരവരെ ഇതു വ്യാപിച്ചുകിടന്നിരിക്കാം. അതുകൊണ്ടായിരിക്കാം ഗദരയിൽനിന്ന് കണ്ടെടുത്ത നാണയങ്ങളിൽ മിക്കപ്പോഴും കപ്പലിന്റെ ചിത്രമുള്ളത്. എന്നാൽ സംഭവം നടന്ന സ്ഥലത്തെ മർക്കോസും ലൂക്കോസും ‘ഗരസേന്യരുടെ നാട് ’ എന്നാണു വിളിച്ചിരിക്കുന്നത്. (മർ 5:1-ന്റെ പഠനക്കുറിപ്പു കാണുക.) ഇതിൽ ഒരു പ്രദേശത്തിന്റെ കുറച്ച് ഭാഗം മറ്റേതിന്റെ അതിർത്തിക്കുള്ളിലേക്കു വ്യാപിച്ചുകിടന്നിരുന്നതാകാം ഇതിനു കാരണം.—അനു. എ7-ലെ, “ഗലീലക്കടൽത്തീരത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി-യും അനു. ബി10-ഉം കാണുക.
രണ്ടു പേർ: മർക്കോസിന്റെയും (5:2) ലൂക്കോസിന്റെയും (8:27) വിവരണങ്ങളിൽ ഭൂതബാധിതനായ ഒറ്റ വ്യക്തിയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ.—മർ 5:2-ന്റെ പഠനക്കുറിപ്പു കാണുക.
ശവക്കല്ലറകൾ: അഥവാ “സ്മാരകക്കല്ലറകൾ.” (പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.) തെളിവനുസരിച്ച് ഈ കല്ലറകൾ, പാറ തുരന്നുണ്ടാക്കിയ ഗുഹകളോ അറകളോ ആയിരുന്നിരിക്കാം. സാധാരണയായി നഗരങ്ങൾക്കു പുറത്തായിരുന്നു ഇവയുടെ സ്ഥാനം. ശ്മശാനങ്ങൾ തങ്ങളെ ആചാരപരമായി അശുദ്ധരാക്കും എന്നതുകൊണ്ട് ജൂതന്മാർ ഇത്തരം സ്ഥലങ്ങൾ ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ മാനസികനില തെറ്റിയവരും ഭൂതബാധിതരും മറ്റും ഇവിടങ്ങളിൽ സ്വൈരവിഹാരം നടത്തിയിരുന്നു.
അങ്ങ് എന്തിനാണ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നത്?: അഥവാ “ഞങ്ങൾക്കും അങ്ങയ്ക്കും പൊതുവായിട്ട് എന്താണുള്ളത്?” ഈ ചോദ്യത്തിന്റെ പദാനുപദപരിഭാഷ, “ഞങ്ങൾക്കും അങ്ങയ്ക്കും എന്ത്” എന്നാണ്. ഈ സെമിറ്റിക്ക് ഭാഷാശൈലി എബ്രായതിരുവെഴുത്തുകളിൽ പലയിടത്തും കാണാം. (യോശ 22:24; ന്യായ 11:12; 2ശമു 16:10; 19:22; 1രാജ 17:18; 2രാജ 3:13; 2ദിന 35:21; ഹോശ 14:8) ഇതേ അർഥംവരുന്ന ഗ്രീക്കുപദപ്രയോഗം ഗ്രീക്കുതിരുവെഴുത്തുകളിലുമുണ്ട്. (മത്ത 8:29; മർ 1:24; 5:7; ലൂക്ക 4:34; 8:28; യോഹ 2:4) സന്ദർഭമനുസരിച്ച് ഈ ശൈലിയുടെ അർഥത്തിനു കുറച്ചൊക്കെ മാറ്റം വരാം. ഈ വാക്യത്തിൽ ഇത് എതിർപ്പിനെയും വിരോധത്തെയും ആണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഇതിനെ, “ഞങ്ങളെ ശല്യപ്പെടുത്തരുത്!” എന്നോ “ഞങ്ങളെ വെറുതേ വിടൂ!” എന്നോ പരിഭാഷപ്പെടുത്താമെന്നു ചിലർ അഭിപ്രായപ്പെടുന്നു. മറ്റു സന്ദർഭങ്ങളിൽ ഈ പദപ്രയോഗം, കാഴ്ചപ്പാടിലോ അഭിപ്രായത്തിലോ ഉള്ള വ്യത്യാസത്തെ സൂചിപ്പിക്കാനോ നിർദേശിച്ച ഒരു കാര്യം ചെയ്യാനുള്ള വിസമ്മതത്തെ സൂചിപ്പിക്കാനോ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ അത് അവശ്യം പുച്ഛമോ അഹങ്കാരമോ എതിർപ്പോ ധ്വനിപ്പിക്കണമെന്നില്ല.—യോഹ 2:4-ന്റെ പഠനക്കുറിപ്പു കാണുക.
ഞങ്ങളെ ഉപദ്രവിക്കാൻ: ഇതിനോടു ബന്ധപ്പെട്ട ഒരു ഗ്രീക്കുപദമാണു മത്ത 18:34-ൽ ‘ജയിലധികാരികൾ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ഉപദ്രവിക്കുക’ എന്ന പദം, ലൂക്ക 8:31-ലെ സമാന്തരവിവരണത്തിൽ കാണുന്ന ‘അഗാധത്തിൽ’ അടയ്ക്കുന്നതിനെ അഥവാ തളച്ചിടുന്നതിനെ ആയിരിക്കാം കുറിക്കുന്നത്.
പന്നിക്കൂട്ടം: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് പന്നി ഒരു അശുദ്ധമൃഗമായിരുന്നെങ്കിലും അവയെ ഈ പ്രദേശത്ത് വളർത്തിയിരുന്നു. “പന്നികളെ മേയ്ച്ചിരുന്നവർ” (മത്ത 8:33) ഈ നിയമം ലംഘിച്ച ജൂതന്മാരാണോ എന്നു പറഞ്ഞിട്ടില്ല. എന്നാൽ ഗ്രീക്കുകാർക്കും റോമാക്കാർക്കും പന്നിയിറച്ചി ഒരു വിശിഷ്ടവിഭവമായിരുന്നതുകൊണ്ട് ജൂതന്മാരല്ലാത്തവർ ധാരാളമായി താമസിച്ചിരുന്ന ദക്കപ്പൊലി പ്രദേശത്ത് പന്നിയിറച്ചി വിൽക്കുന്ന ഒരു ചന്തയുണ്ടായിരുന്നു.