മത്തായി
പഠനക്കുറിപ്പുകൾ—അധ്യായം 16
അവരോടു പറഞ്ഞു: പ്രധാനപ്പെട്ട ചില പുരാതന കൈയെഴുത്തുപ്രതികൾ 2-ാം വാക്യത്തിന്റെ ശേഷിച്ച ഭാഗവും 3-ാം വാക്യം മുഴുവനായും വിട്ടുകളഞ്ഞിരിക്കുന്നു. ഈ വാക്കുകളുടെ ആധികാരികതയെപ്പറ്റി ചില അനിശ്ചിതത്വങ്ങൾ നിലവിലുണ്ടെങ്കിലും, ആദ്യകാലത്തെയും പിൽക്കാലത്തെയും ധാരാളം കൈയെഴുത്തുപ്രതികളിൽ ആ വാക്കുകൾ കാണുന്നതുകൊണ്ട് പല പണ്ഡിതന്മാരും അവ ഉൾപ്പെടുത്തുന്നതിനെ അനുകൂലിക്കുന്നു.
വ്യഭിചാരികൾ: ഇത് ആത്മീയവ്യഭിചാരത്തെ, അതായത് ദൈവത്തോടുള്ള അവിശ്വസ്തതയെ ആണ് കുറിക്കുന്നത്.—മർ 8:38-ന്റെ പഠനക്കുറിപ്പു കാണുക.
യോനയുടെ അടയാളം: മത്ത 12:39-ന്റെ പഠനക്കുറിപ്പു കാണുക.
അക്കരയ്ക്ക്: അതായത്, ഗലീലക്കടലിന്റെ മറുകരയിലേക്ക്; തെളിവനുസരിച്ച് തടാകത്തിന്റെ വടക്കുകിഴക്കേ തീരത്തുള്ള ബേത്ത്സയിദയിലേക്ക്.
പുളിച്ച മാവ്: പലപ്പോഴും വഷളത്തത്തെയും പാപത്തെയും കുറിക്കാൻ ബൈബിളിൽ ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നു. ഇവിടെ തെറ്റായ ഉപദേശങ്ങളെ അർഥമാക്കുന്നു.—മത്ത 16:12; 1കൊ 5:6-8; മത്ത 13:33-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
കൊട്ട: യേശു അത്ഭുതകരമായി ആളുകൾക്കു ഭക്ഷണം കൊടുത്ത രണ്ടു സാഹചര്യങ്ങളെക്കുറിച്ച് പറയുന്നിടത്തും, (മത്ത 14:20; 15:37; 16:10 എന്നിവയുടെ പഠനക്കുറിപ്പുകളും മർ 6:43; 8:8, 19, 20 എന്നീ വാക്യങ്ങളിലെ സമാന്തരവിവരണവും കാണുക.) മിച്ചം വന്ന ഭക്ഷണം ‘കൊട്ടകളിൽ’ ശേഖരിച്ചെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ഈ കൊട്ടകൾ തമ്മിലുള്ള വലുപ്പവ്യത്യാസം മൂലഭാഷയിൽ സുവിശേഷയെഴുത്തുകാർ ഒരേപോലെ എടുത്തുകാണിച്ചിട്ടുണ്ട്. യേശു 5,000-ത്തോളം പേരെ പോഷിപ്പിച്ചതിനെക്കുറിച്ച് പറയുന്നിടത്ത് കോഫിനൊസ് (“കൊട്ട”) എന്ന ഗ്രീക്കുപദവും 4,000 പേരെ പോഷിപ്പിച്ചതിനെക്കുറിച്ച് പറയുന്നിടത്ത് സ്ഫുറീസ് (“വലിയ കൊട്ട”) എന്ന ഗ്രീക്കുപദവും ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത് ഒന്നുകിൽ ഈ സംഭവങ്ങൾ നടന്ന സമയത്ത് ഇതിന്റെ എഴുത്തുകാർ അവിടെ ഉണ്ടായിരുന്നെന്നോ അല്ലെങ്കിൽ അവർക്കു ദൃക്സാക്ഷികളിൽനിന്ന് വിശ്വസനീയമായ വിവരങ്ങൾ കിട്ടിയെന്നോ ആണ്.
കൊട്ട: അക്ഷ. “വലിയ കൊട്ട.” അഥവാ “ഭക്ഷണക്കൊട്ട.”—മത്ത 15:37; 16:9 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
കൈസര്യഫിലിപ്പി: യോർദാൻ നദിയുടെ ഉത്ഭവസ്ഥാനത്തിന് അടുത്ത്, സമുദ്രനിരപ്പിൽനിന്ന് 350 മീ. (1,150 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണം. ഗലീലക്കടലിന് 40 കി.മീ. (25 മൈ.) വടക്ക്, ഹെർമോൻ പർവതത്തിന്റെ തെക്കുപടിഞ്ഞാറായി അതിന്റെ അടിവാരത്തോടു ചേർന്നാണ് ഈ പട്ടണത്തിന്റെ സ്ഥാനം. മഹാനായ ഹെരോദിന്റെ മകനും ജില്ലാഭരണാധികാരിയും ആയ ഫിലിപ്പോസ്, റോമൻ ചക്രവർത്തിയുടെ ബഹുമാനാർഥം ഈ പട്ടണത്തിനു കൈസര്യ എന്നു പേരിട്ടു. എന്നാൽ ഇതേ പേരിൽ ഒരു തുറമുഖപട്ടണം ഉണ്ടായിരുന്നതുകൊണ്ട് ഇതിനെ തിരിച്ചറിയാൻ കൈസര്യഫിലിപ്പി എന്നാണു വിളിച്ചിരുന്നത്. “ഫിലിപ്പോസിന്റെ കൈസര്യ” എന്നാണ് അതിന് അർഥം.—അനു. ബി10 കാണുക.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
സ്നാപകയോഹന്നാൻ: മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
ശിമോൻ പത്രോസ്: മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.
ജീവനുള്ള ദൈവം: മറ്റു ജനതകളിൽപ്പെട്ടവരുടെ ജീവനില്ലാത്ത ദൈവങ്ങളോടുള്ള താരതമ്യത്തിൽ യഹോവ ജീവനുള്ളവനും സജീവമായി പ്രവർത്തിക്കുന്നവനും ആണെന്ന വസ്തുതയ്ക്ക് അടിവരയിടുന്ന പ്രയോഗം. (പ്രവൃ 14:15) കൈസര്യഫിലിപ്പി പ്രദേശത്തുള്ളവർ ജീവനില്ലാത്ത ഇത്തരം ദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. (മത്ത 16:13) ഇതേ പദപ്രയോഗം എബ്രായതിരുവെഴുത്തുകളിലും കാണാം.—ആവ 5:26; യിര 10:10.
ക്രിസ്തു: യേശുതന്നെയാണു “ക്രിസ്തു” (ഗ്രീക്കിൽ, ക്രിസ്തോസ് ) എന്നു പത്രോസ് പറഞ്ഞു. “മിശിഹ” (മാഷിയാക് എന്ന എബ്രായപദത്തിൽനിന്നുള്ളത്.) എന്നതിനു തത്തുല്യമായ ഒരു സ്ഥാനപ്പേരാണ് ഇത്. രണ്ടിന്റെയും അർഥം “അഭിഷിക്തൻ” എന്നാണ്. ഗ്രീക്കിൽ ഇവിടെ “ക്രിസ്തു” എന്നതിനു മുമ്പ് ഒരു നിശ്ചായക ഉപപദം (definite article) ഉപയോഗിച്ചിട്ടുണ്ട് (ഹോ ക്രിസ്തോസ്). ഇത് മിശിഹ എന്ന നിലയിലുള്ള യേശുവിന്റെ സ്ഥാനത്തിന് ഊന്നൽ നൽകാനായിരിക്കാം.—മത്ത 1:1; 2:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യോനയുടെ മകൻ: അഥവാ, “ബർ-യോന.” മിക്ക എബ്രായപേരുകളിലും, ബേൻ എന്ന എബ്രായപദമോ ബർ എന്ന അരമായപദമോ ചേർത്ത് (രണ്ടിന്റെയും അർഥം “മകൻ” എന്നാണ്.) പിതാവിന്റെ പേരും എഴുതിയിരുന്നു. യേശുവിന്റെ കാലത്ത് സംസാരിച്ചിരുന്ന എബ്രായഭാഷയിലെ അരമായസ്വാധീനത്തിന്റെ തെളിവാണ് അരമായയിൽനിന്ന് കടംകൊണ്ട ബർ എന്ന വാക്കു ചേർത്ത, ബർത്തൊലൊമായി, ബർത്തിമായി, ബർന്നബാസ്, ബർ-യേശു എന്നിവപോലുള്ള പേരുകൾ.
മനുഷ്യരല്ല: അഥവാ “മാംസവും രക്തവും അല്ല.” ജൂതന്മാർ സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു ശൈലി. തെളിവനുസരിച്ച് ഇവിടെ അതു ജഡികമായ അല്ലെങ്കിൽ മാനുഷികമായ ചിന്തകളെ കുറിക്കുന്നു.—ഗല 1:16, അടിക്കുറിപ്പ്.
നീ പത്രോസാണ്; ഈ പാറമേൽ: പുല്ലിംഗരൂപത്തിലുള്ള പെട്രോസ് എന്ന ഗ്രീക്കുപദത്തിന്റെ അർഥം “ഒരു പാറക്കഷണം; ഒരു കല്ല്” എന്നൊക്കെയാണ്. എന്നാൽ ഇവിടെ അത് ഒരു പേരായിട്ടാണ് (പത്രോസ്) ഉപയോഗിച്ചിരിക്കുന്നത്. യേശു ശിമോനു നൽകിയ പേരിന്റെ ഗ്രീക്കുരൂപമാണ് അത്. (യോഹ 1:42) പെട്ര എന്ന സ്ത്രീലിംഗരൂപം “പാറ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിനു മണ്ണിന് അടിയിലെ ശിലാപാളികളെയോ ചെങ്കുത്തായ ഒരു പാറയെയോ ഒരു പാറക്കെട്ടിനെയോ അർഥമാക്കാനാകും. ഇതേ ഗ്രീക്കുപദം മത്ത 7:24, 25; 27:60; ലൂക്ക 6:48; 8:6; റോമ 9:33; 1കൊ 10:4; 1പത്ര 2:8 എന്നീ വാക്യങ്ങളിലും കാണാം. യേശു തന്റെ സഭ പണിയാനിരിക്കുന്ന പാറ താനാണെന്ന ധാരണ, തെളിവനുസരിച്ച് പത്രോസിനുപോലുമില്ലായിരുന്നു. കാരണം നാളുകൾക്കു മുമ്പേ മുൻകൂട്ടിപ്പറഞ്ഞ ‘അടിസ്ഥാന മൂലക്കല്ലായി’ ദൈവം തിരഞ്ഞെടുത്തതു യേശുവിനെയാണെന്നു പത്രോസുതന്നെ 1പത്ര 2:4-8-ൽ എഴുതി. അതുപോലെ യേശുവാണ് ‘അടിസ്ഥാനവും’ ‘ആത്മീയപാറയും’ എന്നു പൗലോസ് അപ്പോസ്തലനും എഴുതി. (1കൊ 3:11; 10:4) അതുകൊണ്ട് യേശു ഇവിടെ രണ്ടു വാക്കുകളുടെ സാമ്യം പ്രയോജനപ്പെടുത്തി രസകരമായി ഒരു കാര്യം അവതരിപ്പിക്കുകയായിരുന്നിരിക്കണം. ഒരർഥത്തിൽ യേശു ഇതാണു പറഞ്ഞത്: ‘ഞാൻ പാറക്കഷണം (അഥവാ പത്രോസ്) എന്നു വിളിച്ച നിനക്ക്, ക്രിസ്തീയസഭയുടെ അടിസ്ഥാനമാകാൻപോകുന്ന “ഈ പാറ” (അഥവാ ക്രിസ്തു) ആരാണെന്നു തിരിച്ചറിയാൻ കഴിഞ്ഞിരിക്കുന്നു.’
സഭ: എക്ലേസിയ എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നിടം. ഈ പദം എക് (“വേർതിരിക്കുക”) എന്നും കലിയോ (“വിളിക്കുക”) എന്നും ഉള്ള രണ്ടു ഗ്രീക്കുപദങ്ങളിൽനിന്ന് വന്നതാണ്. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ പ്രവർത്തനത്തിനോ വേണ്ടി വിളിച്ചുചേർത്ത ഒരു കൂട്ടം ആളുകളെയാണ് ഇത് അർഥമാക്കുന്നത്. (പദാവലി കാണുക.) ഒരു ‘ആത്മീയഭവനമായി പണിയപ്പെടുന്ന’ “ജീവനുള്ള കല്ലുകളായ” അഭിഷിക്തക്രിസ്ത്യാനികൾ ചേർന്ന് ക്രിസ്തീയസഭ രൂപംകൊള്ളുന്നതിനെക്കുറിച്ചാണു യേശു ഇവിടെ മുൻകൂട്ടിപ്പറഞ്ഞത്. (1പത്ര 2:4, 5) “സഭ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു തത്തുല്യമായി സെപ്റ്റുവജിന്റിലും ഈ ഗ്രീക്കുപദം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. അവിടെ അതു മിക്കപ്പോഴും ദൈവജനത്തെ മുഴുവൻ, അതായത് ആ ജനതയെ ഒന്നാകെ, കുറിക്കുന്നു. (ആവ 23:3; 31:30) പ്രവൃ 7:38-ൽ, ഈജിപ്തിൽനിന്ന് വിളിച്ചുകൊണ്ടുവന്ന ഇസ്രായേല്യരെ “സഭ” എന്നാണു വിളിച്ചിരിക്കുന്നത്. സമാനമായി ‘ഇരുളിൽനിന്ന് വിളിക്കപ്പെട്ടവരും’ ‘ലോകത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും’ ആയ ക്രിസ്ത്യാനികൾ ചേർന്ന കൂട്ടത്തെ “ദൈവസഭ” എന്നും വിളിച്ചിരിക്കുന്നു.—1പത്ര 2:9; യോഹ 15:19; 1കൊ 1:2.
ശവക്കുഴി: ഗ്രീക്കിൽ ഹേഡിസ്. അതായത് മനുഷ്യവർഗത്തിന്റെ ശവക്കുഴി. (പദാവലി കാണുക.) മരിച്ചവർ ‘മരണകവാടങ്ങളുടെയും’ (സങ്ക 107:18) ‘ശവക്കുഴിയുടെ കവാടങ്ങളുടെയും’ (യശ 38:10) ഉള്ളിലാണെന്നു ബൈബിൾ പറയുന്നു. അവർ മരണത്തിന്റെ ശക്തിക്ക് അധീനരാണെന്നാണ് അതു സൂചിപ്പിക്കുന്നത്. എന്നാൽ ശവക്കുഴിയുടെ മേൽ ജയം നേടുന്നതിനെക്കുറിച്ച് യേശു വാഗ്ദാനം ചെയ്തിട്ടുണ്ട്. മരിച്ചവരെ സ്വതന്ത്രരാക്കാൻ പുനരുത്ഥാനസമയത്ത് ശവക്കുഴിയുടെ “കവാടങ്ങൾ” തുറക്കപ്പെടുമെന്നാണ് അതിന് അർഥം. ഈ വാഗ്ദാനം നിറവേറുമെന്നതിന് ഉറപ്പേകുന്നതായിരുന്നു യേശുവിന്റെതന്നെ പുനരുത്ഥാനം. (മത്ത 16:21) സഭ സ്ഥാപിതമായിരിക്കുന്നത് അതിലെ അംഗങ്ങളെ മരണത്തിൽനിന്ന് വിടുവിക്കാൻ കഴിവുള്ള യേശുവിന്മേലായതുകൊണ്ട് ശവക്കുഴിക്കു സഭയെ ജയിച്ചടക്കാനാകില്ല, അഥവാ അതിനെ എന്നേക്കുമായി തളച്ചിടാനാകില്ല.—പ്രവൃ 2:31; വെളി 1:18; 20:13, 14.
സ്വർഗരാജ്യത്തിന്റെ താക്കോലുകൾ: ബൈബിളിൽ, ചിലർക്ക് അക്ഷരാർഥത്തിലുള്ളതോ ആലങ്കാരികാർഥത്തിലുള്ളതോ ആയ താക്കോലുകൾ ലഭിച്ചതായി പറഞ്ഞിട്ടുണ്ട്. അവർക്ക് ഒരളവിലുള്ള അധികാരം കൈവന്നു എന്നതിന്റെ സൂചനയായിരുന്നു അത്. (1ദിന 9:26, 27; യശ 22:20-22) അതുകൊണ്ടുതന്നെ “താക്കോൽ“ എന്ന പദം അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രതീകമായി മാറി. പത്രോസ് തനിക്കു കിട്ടിയ “താക്കോലുകൾ” ഉപയോഗിച്ച് ജൂതന്മാർക്കും (പ്രവൃ 2:22-41) ശമര്യക്കാർക്കും (പ്രവൃ 8:14-17) ജനതകളിൽപ്പെട്ടവർക്കും (പ്രവൃ 10:34-38) ദൈവാത്മാവ് ലഭിക്കാനുള്ള അവസരം തുറന്നുകൊടുത്തു. അതിലൂടെ അവർക്കു സ്വർഗരാജ്യത്തിൽ പ്രവേശിക്കാനാകുമായിരുന്നു.
കെട്ടിയാലും . . . അഴിച്ചാലും: അഥവാ “പൂട്ടിയാലും . . . തുറന്നാലും.” ചില പ്രവർത്തനങ്ങളെ അല്ലെങ്കിൽ സംഭവവികാസങ്ങളെ തടയുന്നതോ അനുവദിക്കുന്നതോ ആയ തീരുമാനങ്ങളെയാണു തെളിവനുസരിച്ച് ഇതു സൂചിപ്പിക്കുന്നത്.—മത്ത 18:18-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
അതിനു മുമ്പേ . . . കെട്ടിയിട്ടുണ്ടാകും . . . അതിനു മുമ്പേ . . . അഴിച്ചിട്ടുണ്ടാകും: അസാധാരണമായ രീതിയിൽ ഗ്രീക്കുക്രിയകൾ കൂട്ടിച്ചേർക്കുന്ന ഒരു വ്യാകരണഘടനയാണു മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്. അതു സൂചിപ്പിക്കുന്നത്, സ്വർഗത്തിൽ ഒരു തീരുമാനം എടുത്തശേഷമായിരിക്കും പത്രോസ് അതേ തീരുമാനം (“നീ . . . എന്തു കെട്ടിയാലും;” “നീ . . . എന്ത് അഴിച്ചാലും”) എടുക്കുക എന്നാണ്. അല്ലാതെ ആദ്യം തീരുമാനം എടുക്കുന്നതു പത്രോസ് ആയിരിക്കില്ല. മത്ത 18:18-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
ക്രിസ്തു: മത്ത 16:16-ന്റെ പഠനക്കുറിപ്പു കാണുക.
യേശു: ചുരുക്കം ചില പുരാതന കൈയെഴുത്തുപ്രതികളിൽ “യേശുക്രിസ്തു” എന്നാണു കാണുന്നത്.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. ഇവിടെ ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നതു ജൂതജനതയിൽപ്പെട്ട നേതാക്കന്മാരെയാണ്. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്. ഈ മൂന്നു കൂട്ടത്തിൽനിന്നുള്ളവരായിരുന്നു സൻഹെദ്രിനിലെ അംഗങ്ങൾ.—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.
മുഖ്യപുരോഹിതന്മാർ: മത്ത 2:4-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “മുഖ്യപുരോഹിതൻ ” എന്നതും കാണുക.
ശാസ്ത്രിമാർ: മത്ത 2:4-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ശാസ്ത്രി” എന്നതും കാണുക.
സാത്താൻ: പത്രോസ് പിശാചായ സാത്താനാണെന്നല്ല, മറിച്ച് എതിർത്തുനിൽക്കുന്നവൻ അഥവാ ഒരു എതിരാളി ആണെന്നാണു യേശു ഉദ്ദേശിച്ചത്. കാരണം സാഠാൻ എന്ന എബ്രായപദത്തിന്റെ അർഥം എതിർത്തുനിൽക്കുന്നവൻ, എതിരാളി എന്നൊക്കെയാണ്. ഈ സന്ദർഭത്തിൽ ഇങ്ങനെ പ്രവർത്തിച്ചതിലൂടെ, സാത്താന്റെ സ്വാധീനത്തിനു വശംവദനാകാൻ പത്രോസ് തന്നെത്തന്നെ അനുവദിക്കുകയായിരുന്നു എന്നൊരു സൂചനയും യേശുവിന്റെ വാക്കുകളിൽ ഉണ്ടായിരുന്നിരിക്കാം.
വഴിയിലെ ഒരു തടസ്സം: മത്ത 18:7-ന്റെ പഠനക്കുറിപ്പു കാണുക.
സ്വയം ത്യജിച്ച്: അഥവാ “തന്റെ മേൽ തനിക്കുള്ള അവകാശമെല്ലാം ഉപേക്ഷിച്ച്.” തന്റെ ആഗ്രഹങ്ങളെല്ലാം പൂർണമായി വെടിയാനോ തന്റെ ഉടമസ്ഥാവകാശം ദൈവത്തിനു വിട്ടുകൊടുക്കാനോ ഉള്ള ഒരാളുടെ മനസ്സൊരുക്കത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ ഗ്രീക്കുപദപ്രയോഗം “തന്നോടുതന്നെ ഇല്ല എന്നു പറയണം” എന്നും പരിഭാഷപ്പെടുത്താം. അതു ശരിയാണുതാനും. കാരണം ഒരാളുടെ സ്വന്തം ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ സൗകര്യങ്ങളോ വേണ്ടെന്നുവെക്കുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. (2കൊ 5:14, 15) യേശുവിനെ അറിയാമെന്ന കാര്യം പത്രോസ് നിഷേധിച്ചതിനെക്കുറിച്ച് പറയുന്നിടത്തും ഇതേ ഗ്രീക്കുക്രിയയാണു മത്തായി ഉപയോഗിച്ചിരിക്കുന്നത്.—മത്ത 26:34, 35, 75.
ദണ്ഡനസ്തംഭം: അഥവാ “വധസ്തംഭം.” ഗ്രീക്കു സാഹിത്യഭാഷയിൽ സ്റ്റോറോസ് എന്ന പദം പ്രധാനമായും കുത്തനെയുള്ള ഒരു സ്തംഭത്തെ അഥവാ തൂണിനെ ആണ് കുറിക്കുന്നത്. യേശുവിന്റെ അനുഗാമിയായതിന്റെ പേരിൽ ഒരാൾക്കു നേരിടേണ്ടിവരുന്ന യാതനയെയും അപമാനത്തെയും പീഡനത്തെയും, എന്തിന് മരണത്തെപ്പോലും കുറിക്കാൻ ആലങ്കാരികാർഥത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—പദാവലി കാണുക.
ജീവൻ: അഥവാ “ദേഹി.”—പദാവലിയിൽ “ദേഹി” കാണുക.
ജീവൻ: മത്ത 16:25-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദേഹി” എന്നതും കാണുക.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.