മത്തായി
പഠനക്കുറിപ്പുകൾ—അധ്യായം 23
മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു: അഥവാ “തങ്ങളെത്തന്നെ മോശയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു.” മോശയുടെ അധികാരം തങ്ങൾക്കുണ്ടെന്നു ധിക്കാരത്തോടെ അവകാശപ്പെട്ടുകൊണ്ട് അവർ ദൈവനിയമത്തിനു വ്യാഖ്യാനങ്ങൾ നൽകി.
ഭാരമുള്ള ചുമടുകൾ: സാധ്യതയനുസരിച്ച് ഇത് അർഥമാക്കുന്നത്, ജനങ്ങൾക്കു പാലിക്കാൻ ബുദ്ധിമുട്ടായിരുന്ന നിയമങ്ങളെയും വാമൊഴിയായി കൈമാറിവന്ന പാരമ്പര്യങ്ങളെയും ആണ്.
ചെറുവിരൽകൊണ്ടുപോലും അതൊന്ന് അനക്കാൻ: മതനേതാക്കന്മാർ ആളുകളുടെ മേൽ കെട്ടിവെച്ചതു താങ്ങാനാകാത്ത ചുമടുകളാണ്. എന്നാൽ ചെറിയ ഒരു ചട്ടംപോലും എടുത്തുമാറ്റാനോ അങ്ങനെ ആളുകൾക്കു കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കാനോ അവർ മനസ്സുകാണിക്കാതിരുന്നതിനെയായിരിക്കാം ഇത് അർഥമാക്കിയത്.
അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന വേദവാക്യച്ചെപ്പുകൾ: ദൈവം മോശയിലൂടെ കൊടുത്ത നിയമത്തിലെ നാലു ഭാഗങ്ങൾ (പുറ 13:1-16; ആവ 6:4-9; 11:13-21) അടങ്ങിയ ചെറിയ തുകൽച്ചെപ്പുകളായിരുന്നു ഇവ. ജൂതപുരുഷന്മാർ തങ്ങളുടെ നെറ്റിയിലും ഇടത്തേ കൈയിലും അവ അണിഞ്ഞിരുന്നു. പുറ 13:9, 16; ആവ 6:8; 11:18 എന്നീ വാക്യങ്ങളിൽ കാണുന്ന, ദൈവം ഇസ്രായേല്യർക്കു കൊടുത്ത നിർദേശങ്ങളെ അക്ഷരാർഥത്തിൽ എടുത്തതുകൊണ്ടാണ് ഇങ്ങനെ ഒരു ആചാരം ഉടലെടുത്തത്. മതനേതാക്കന്മാർ ഈ വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടി മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ ശ്രമിച്ചതാണു യേശു അവരെ കുറ്റപ്പെടുത്താനുളള ഒരു കാരണം. ഇനി, ആ ചെപ്പുകൾക്ക് ഏലസ്സോ രക്ഷയോ പോലെ അവരെ സംരക്ഷിക്കാനുള്ള മന്ത്രശക്തിയുണ്ടെന്ന തെറ്റിദ്ധാരണയും അവർക്കുണ്ടായിരുന്നു.
വസ്ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുകയും: ഇസ്രായേല്യരുടെ വസ്ത്രത്തിൽ തൊങ്ങലുകൾ ഉണ്ടായിരിക്കണമെന്നു സംഖ 15:38-40 വരെയുള്ള വാക്യങ്ങളിൽ കല്പനയുണ്ടായിരുന്നു. എന്നാൽ ശാസ്ത്രിമാരും പരീശന്മാരും മറ്റുള്ളവരെ കാണിക്കാൻവേണ്ടി തങ്ങളുടെ വസ്ത്രത്തിലെ തൊങ്ങലുകൾക്കു മറ്റുള്ളവരുടേതിലും നീളം കൂട്ടി.
മുൻനിര: അഥവാ “ഏറ്റവും നല്ല ഇരിപ്പിടങ്ങൾ.” തെളിവനുസരിച്ച് സിനഗോഗിന്റെ അധ്യക്ഷന്മാരും വിശിഷ്ടാതിഥികളും സിനഗോഗിൽ ഏറ്റവും മുന്നിലായി, തിരുവെഴുത്തുചുരുളുകൾ വെച്ചിരുന്നതിന് അടുത്താണ് ഇരുന്നിരുന്നത്. സിനഗോഗിൽ കൂടിവന്നിരുന്ന എല്ലാവർക്കും അവരെ കാണാമായിരുന്നു. സാധ്യതയനുസരിച്ച് ആദരണീയമായ ആ ഇരിപ്പിടങ്ങൾ അത്തരം പ്രമുഖവ്യക്തികൾക്കുവേണ്ടി വേർതിരിച്ചിരുന്നു.
ചന്തസ്ഥലങ്ങൾ: അഥവാ “കൂടിവരാനുള്ള സ്ഥലങ്ങൾ.” ഗ്രീക്കിൽ അഗോറ. പുരാതനകാലത്ത് മധ്യപൂർവദേശത്തെയും ഗ്രീക്ക്, റോമൻ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളിലെയും നഗരങ്ങളിലും പട്ടണങ്ങളിലും, കച്ചവടകേന്ദ്രമായോ പൊതുജനങ്ങൾക്കു കൂടിവരാനുള്ള സ്ഥലമായോ ഉപയോഗിച്ചിരുന്ന തുറസ്സായ സ്ഥലങ്ങളെയാണ് അതു കുറിക്കുന്നത്.
റബ്ബി: അക്ഷരാർഥം “എന്റെ ശ്രേഷ്ഠൻ.” “ശ്രേഷ്ഠമായ” എന്ന് അർഥമുള്ള റവ് എന്ന എബ്രായപദത്തിൽനിന്ന് വന്നത്. സാധാരണയായി “ഗുരു” എന്ന അർഥത്തിലാണു “റബ്ബി” എന്ന പദം ഉപയോഗിച്ചിരുന്നതെങ്കിലും (യോഹ 1:38) അതു പിൽക്കാലത്ത് ആദരസൂചകമായ ഒരു സ്ഥാനപ്പേരായി മാറി. അഭ്യസ്തവിദ്യരായ ശാസ്ത്രിമാരെയും നിയമാധ്യാപകരെയും പോലുള്ള ചിലർക്ക്, ആളുകൾ തങ്ങളെ ഈ സ്ഥാനപ്പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്യണമെന്നു നിർബന്ധമുണ്ടായിരുന്നു.
പിതാവ്: മനുഷ്യരോടുള്ള ആദരവിനെ സൂചിപ്പിക്കാൻ ഔപചാരികമോ മതപരമോ ആയ സ്ഥാനപ്പേരായി ഈ പദം ഉപയോഗിക്കുന്നതിനെയാണു യേശു വിലക്കിയത്.
നേതാക്കന്മാർ: ഇവിടെ കാണുന്ന ഗ്രീക്കുപദം 8-ാം വാക്യത്തിലെ “ഗുരു” എന്നതിന്റെ ഒരു പര്യായപദമാണ്. വഴിനടത്തിപ്പും മാർഗനിർദേശവും കൊടുക്കുന്ന ആത്മീയനേതാക്കന്മാരെയാണ് ഇവിടെ അതു കുറിക്കുന്നത്. സാധ്യതയനുസരിച്ച് ഇതു മതപരമായ ഒരു സ്ഥാനപ്പേരായി ഉപയോഗിച്ചിരുന്നു.
നേതാവ്: അപൂർണമനുഷ്യരിൽ ആർക്കും സത്യക്രിസ്ത്യാനികളുടെ ആത്മീയനേതാവായിരിക്കാൻ സാധിക്കാത്തതുകൊണ്ട് യേശു മാത്രമാണ് ഈ സ്ഥാനപ്പേരിനു യോഗ്യൻ.—ഈ വാക്യത്തിലെ, നേതാക്കന്മാർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
ക്രിസ്തു: “അഭിഷിക്തൻ” എന്ന് അർഥമുള്ള “ക്രിസ്തു” എന്ന സ്ഥാനപ്പേരിനു മുമ്പ് ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം (definite article) ഉപയോഗിച്ചിട്ടുണ്ട്. മുൻകൂട്ടിപ്പറഞ്ഞ മിശിഹ അഥവാ അഭിഷിക്തൻ യേശുവാണെന്ന് അതു സൂചിപ്പിക്കുന്നു. ഒരു പ്രത്യേകസ്ഥാനം വഹിക്കാൻ അഭിഷേകം ചെയ്യപ്പെട്ടവനായിരുന്നു യേശു.—മത്ത 1:1; 2:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ശുശ്രൂഷ ചെയ്യുന്നവൻ: അഥവാ “സേവകൻ; ജോലിക്കാരൻ.”—മത്ത 20:26-ന്റെ പഠനക്കുറിപ്പു കാണുക.
കപടഭക്തർ: മത്ത 6:2-ന്റെ പഠനക്കുറിപ്പു കാണുക.
നിങ്ങളുടെ കാര്യം കഷ്ടം!: തന്റെ നാളിലെ മതനേതാക്കന്മാരെക്കുറിച്ച് യേശു തുടർച്ചയായി ഏഴു തവണ ഇങ്ങനെ പറഞ്ഞതിൽ ആദ്യത്തേതാണ് ഇത്. അവർ കപടഭക്തരും അന്ധരായ വഴികാട്ടികളും ആണെന്നു യേശു പറഞ്ഞു.
സ്വർഗരാജ്യം അടച്ചുകളയുന്നു: അഥവാ “സ്വർഗരാജ്യത്തിലേക്കുള്ള വാതിൽ അടയ്ക്കുന്നു.” അതായത്, അവിടേക്കു പ്രവേശിക്കുന്നതിൽനിന്ന് ആളുകളെ തടയുന്നു.
ചില കൈയെഴുത്തുപ്രതികൾ ഇവിടെ ഇങ്ങനെ കൂട്ടിച്ചേർത്തിട്ടുണ്ട്: “കപടഭക്തരായ ശാസ്ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! കാരണം നിങ്ങൾ വിധവമാരുടെ വീടുകൾ വിഴുങ്ങുകയും ആളുകളെ കാണിക്കാൻവേണ്ടി നീണ്ട പ്രാർഥനകൾ നടത്തുകയും ചെയ്യുന്നു. ഇതിന്റെ പേരിൽ നിങ്ങൾക്കു കടുത്ത ശിക്ഷാവിധി കിട്ടും.” പക്ഷേ ഏറ്റവും പഴക്കമുള്ളതും പ്രധാനപ്പെട്ടതും ആയ കൈയെഴുത്തുപ്രതികളിൽ ഈ വാക്യം കാണുന്നില്ല. എന്നാൽ സമാനമായ വാക്കുകൾ മർ 12:40; ലൂക്ക 20:47 എന്നീ വാക്യങ്ങളിൽ കാണാം. അവ ദൈവപ്രചോദിതമായി രേഖപ്പെടുത്തിയ തിരുവെഴുത്തുകളുടെ ഭാഗമാണുതാനും.—അനു. എ3 കാണുക.
മതത്തിൽ ചേർക്കാൻ: അഥവാ “മതപരിവർത്തനം നടത്താൻ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന പ്രൊസീല്യൂടൊസ് എന്ന ഗ്രീക്കുപദം മറ്റു ജനതകളിൽനിന്ന് ജൂതമതം സ്വീകരിച്ചവരെ കുറിക്കുന്നു. ഇത്തരത്തിൽ ജൂതമതം സ്വീകരിക്കുന്ന പുരുഷന്മാർ പരിച്ഛേദനയേൽക്കുകയും ചെയ്യണമായിരുന്നു.
ഗീഹെന്നയ്ക്കു . . . അർഹനാക്കുന്നു: അക്ഷ. “ഗീഹെന്നയുടെ പുത്രനാക്കുന്നു.” അതായത്, ഒരാളെ നിത്യനാശത്തിന് അർഹനാക്കുന്നു.—പദാവലിയിൽ “ഗീഹെന്ന” കാണുക.
വിഡ്ഢികളേ, അന്ധന്മാരേ: അഥവാ “അന്ധന്മാരായ വിഡ്ഢികളേ.” ബൈബിളിൽ “വിഡ്ഢി” എന്ന പദം സാധാരണഗതിയിൽ അർഥമാക്കുന്നതു വിവേകത്തെ പുച്ഛിച്ചുതള്ളി ധാർമികതയ്ക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെയാണ്. അവരുടെ വഴികൾ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളോടു യോജിക്കുന്നില്ല.
പുതിന, ചതകുപ്പ, ജീരകം എന്നിവയുടെ പത്തിലൊന്ന്: ദൈവം മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് ഇസ്രായേല്യർ തങ്ങളുടെ വിളവിന്റെ പത്തിലൊന്ന് അഥവാ ദശാംശം കൊടുക്കണമായിരുന്നു. (ലേവ 27:30; ആവ 14:22) പുതിന, ചതകുപ്പ, ജീരകം പോലുള്ള സസ്യങ്ങളുടെ പത്തിലൊന്നു കൊടുക്കണമെന്നു നിയമത്തിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിരുന്നില്ലെങ്കിലും ജൂതപാരമ്പര്യമനുസരിച്ച് അവർ അതു ചെയ്തതിനെ യേശു എതിർത്തില്ല. എന്നാൽ, മോശയിലൂടെ കൊടുത്ത നിയമത്തിന്റെ അടിസ്ഥാനതത്ത്വങ്ങളായിരുന്ന നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിച്ചിട്ട് നിയമത്തിലെ ചെറിയചെറിയ കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തതിനാണു യേശു ശാസ്ത്രിമാരെയും പരീശന്മാരെയും ശാസിച്ചത്.
കൊതുകിനെ അരിച്ചെടുക്കുന്നു, പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു: ഇസ്രായേല്യർക്കു പരിചിതമായിരുന്ന അശുദ്ധജീവികളിൽ ഏറ്റവും ചെറിയ ഒന്നായിരുന്നു കൊതുക്, ഒട്ടകമാകട്ടെ ഏറ്റവും വലിയവയിൽ ഒന്നും. (ലേവ 11:4, 21-24) യേശു ഇവിടെ അതിശയോക്തിയും അല്പം വിരോധാഭാസവും കൂട്ടിക്കലർത്തി സംസാരിക്കുകയായിരുന്നു. ആചാരപരമായി അശുദ്ധരാകാതിരിക്കാൻ തങ്ങളുടെ പാനീയങ്ങളിൽനിന്ന് കൊതുകിനെ അരിച്ചുമാറ്റിയിരുന്ന മതനേതാക്കന്മാർ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങളെ പൂർണമായും അവഗണിച്ചു. അതാകട്ടെ ഒരു ഒട്ടകത്തെ വിഴുങ്ങുന്നതുപോലെയായിരുന്നു.
വെള്ള പൂശിയ ശവക്കല്ലറകൾ: ശവക്കല്ലറകൾക്കു വെള്ള പൂശുന്നത് ഇസ്രായേലിലെ ഒരു രീതിയായിരുന്നു. വഴിപോക്കരായ ആരെങ്കിലും അബദ്ധത്തിൽ ഒരു കല്ലറയിൽ തൊട്ട് ആചാരപരമായി അശുദ്ധരാകാതിരിക്കാൻ ഒരു മുന്നറിയിപ്പായിട്ടാണ് അങ്ങനെ ചെയ്തിരുന്നത്. (സംഖ 19:16) വർഷത്തിൽ ഒരിക്കൽ, പെസഹയ്ക്ക് ഒരു മാസം മുമ്പ് ആണ് ഇത്തരത്തിൽ വെള്ള പൂശിയിരുന്നത് എന്ന് ജൂതമിഷ്നാ (ഷെക്കാലിം 1:1) പറയുന്നു. യേശു ഈ പദപ്രയോഗം ഉപയോഗിച്ചതു കാപട്യത്തിന്റെ പ്രതീകമായിട്ടാണ്.
ധിക്കാരം: അഥവാ “നിയമലംഘനം.” മത്ത 24:12-ന്റെ പഠനക്കുറിപ്പു കാണുക.
കല്ലറകൾ: അഥവാ “സ്മാരകകല്ലറകൾ.”—പദാവലിയിൽ “സ്മാരകക്കല്ലറ” കാണുക.
നിങ്ങളുടെ പൂർവികരുടെ പാപത്തിന്റെ അളവുപാത്രം നിങ്ങൾ നിറച്ചുകൊള്ളൂ: അഥവാ “നിങ്ങളുടെ പൂർവികർ തുടങ്ങിവെച്ച കാര്യങ്ങൾ നിങ്ങൾ പൂർത്തിയാക്കൂ.” ഈ പ്രയോഗത്തിന്റെ അക്ഷരാർഥം, “മറ്റാരെങ്കിലും നിറയ്ക്കാൻ തുടങ്ങിയ അളവുപാത്രം നിങ്ങൾ മുഴുവനായി നിറയ്ക്കുക” എന്നാണ്. പൂർവികർ തുടങ്ങിവെച്ചതു പൂർത്തിയാക്കാൻ യേശു ഇവിടെ ജൂതനേതാക്കന്മാർക്ക് ഒരു കല്പന നൽകുകയായിരുന്നില്ല. മറിച്ച്, മുൻകാലത്ത് അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരെ കൊന്നുകളഞ്ഞതുപോലെ, തന്നെ അവർ കൊന്നുകളയുമെന്നു യേശു പരിഹാസധ്വനിയോടെ മുൻകൂട്ടിപ്പറയുകയായിരുന്നു.
സർപ്പങ്ങളേ, അണലിസന്തതികളേ: ‘പഴയ പാമ്പായ’ സാത്താൻ (വെളി 12:9) ഒരു ആത്മീയാർഥത്തിൽ സത്യാരാധനയെ എതിർക്കുന്നവരുടെ പിതാവാണ്. അതുകൊണ്ടുതന്നെ യേശു ഈ മതനേതാക്കന്മാരെ “സർപ്പങ്ങളേ, അണലിസന്തതികളേ” എന്നു വിളിച്ചതു തികച്ചും ഉചിതമാണ്. (യോഹ 8:44; 1യോഹ 3:12) അവരുടെ കുടിലതയുടെ സ്വാധീനവലയത്തിലായവർക്ക് അവർ ഗുരുതരമായ ആത്മീയഹാനി വരുത്തി. സ്നാപകയോഹന്നാനും “അണലിസന്തതികളേ” എന്ന പദപ്രയോഗം ഉപയോഗിച്ചു.—മത്ത 3:7.
ഗീഹെന്ന: മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
ഉപദേഷ്ടാക്കൾ: അഥവാ “പഠിപ്പുള്ളവർ.” ഗ്രമ്മറ്റ്യൂസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. മോശയിലൂടെ കൊടുത്ത നിയമത്തിൽ പാണ്ഡിത്യമുണ്ടായിരുന്ന ജൂതാധ്യാപകരെക്കുറിച്ച് പറയുമ്പോൾ ഈ പദം “ശാസ്ത്രി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ യേശു ഇവിടെ സംസാരിക്കുന്നതു മറ്റുള്ളവരെ പഠിപ്പിക്കാനായി പറഞ്ഞയയ്ക്കാനിരിക്കുന്ന തന്റെ ശിഷ്യന്മാരെക്കുറിച്ചാണ്.
സിനഗോഗുകൾ: പദാവലിയിൽ “സിനഗോഗ്” കാണുക.
നീതിമാനായ ഹാബേലിന്റെ രക്തംമുതൽ . . . സെഖര്യയുടെ രക്തംവരെ: കൊല ചെയ്യപ്പെട്ടതായി എബ്രായതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന യഹോവയുടെ സാക്ഷികളിൽ എല്ലാവരും യേശുവിന്റെ ആ പ്രസ്താവനയിൽ ഉൾപ്പെടും—അതായത് ആദ്യപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഹാബേൽ (ഉൽ 4:8) മുതൽ 2ദിന 24:20-ൽ (പരമ്പരാഗത ജൂതകാനോനിലെ അവസാനപുസ്തകം ദിനവൃത്താന്തമാണ്.) പറഞ്ഞിരിക്കുന്ന സെഖര്യ വരെയുള്ള എല്ലാവരും. അതുകൊണ്ട് ‘ഹാബേൽ മുതൽ സെഖര്യ വരെ’ എന്നു പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത് “ഏറ്റവും ആദ്യത്തെ ആൾമുതൽ ഏറ്റവും അവസാനത്തെ ആൾവരെ” എന്നാണ്.
വിശുദ്ധമന്ദിരത്തിനും യാഗപീഠത്തിനും ഇടയ്ക്കുവെച്ച്: സെഖര്യ കൊല്ലപ്പെട്ടത് “യഹോവയുടെ ഭവനത്തിന്റെ മുറ്റത്തുവെച്ച്” ആണെന്നു 2ദിന 24:21 പറയുന്നു. വിശുദ്ധമന്ദിരത്തിന്റെ പ്രവേശനകവാടത്തിനു പുറത്ത്, അതിനു മുന്നിലായി, അകത്തെ മുറ്റത്തായിരുന്നു ദഹനയാഗത്തിനുള്ള യാഗപീഠം. (അനു. ബി8 കാണുക.) സെഖര്യ കൊല്ലപ്പെട്ടതായി യേശു പറഞ്ഞ സ്ഥലം ഇതുമായി യോജിപ്പിലാണ്.
നിങ്ങൾ കൊന്നുകളഞ്ഞ: ഈ ജൂതമതനേതാക്കന്മാരല്ല സെഖര്യയെ കൊന്നതെങ്കിലും അവരുടെ പൂർവികർക്ക് ഉണ്ടായിരുന്ന അതേ ഹിംസാത്മകമനോഭാവം അവരും കാണിച്ചു. അതുകൊണ്ടാണ് സെഖര്യയെ കൊന്നതിനു യേശു അവരെ ഉത്തരവാദികളാക്കിയത്.—വെളി 18:24.
ബരെഖ്യയുടെ മകൻ: 2ദിന 24:20-ൽ ഈ സെഖര്യയെക്കുറിച്ച് “പുരോഹിതനായ യഹോയാദയുടെ മകൻ” എന്നാണു പറഞ്ഞിരിക്കുന്നത്. ഒന്നുകിൽ, ബൈബിളിൽ പറഞ്ഞിരിക്കുന്ന മറ്റു പലരുടെയും കാര്യത്തിലെന്നപോലെ യഹോയാദയ്ക്കും രണ്ടു പേര് ഉണ്ടായിരുന്നിരിക്കാം. (മത്ത 9:9-നെ മർ 2:14-ഉം ആയി താരതമ്യം ചെയ്യുക.) അല്ലെങ്കിൽ ബരെഖ്യ സെഖര്യയുടെ മുത്തച്ഛനോ പൂർവികരിൽ ഒരാളോ ആയിരുന്നിരിക്കാം.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
ഭവനത്തെ: അതായത്, ദേവാലയത്തെ.
ഇതാ: മത്ത 1:23-ന്റെ പഠനക്കുറിപ്പു കാണുക.
ഉപേക്ഷിച്ചിരിക്കുന്നു: ചില പുരാതന കൈയെഴുത്തുപ്രതികളിൽ “ആൾപ്പാർപ്പില്ലാത്ത നിലയിൽ” എന്നുകൂടി ചേർത്തിട്ടുണ്ട്.
യഹോവ: ഇതു സങ്ക 118:26-ൽനിന്നുള്ള ഉദ്ധരണിയാണ്. അതിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.