മത്തായി
പഠനക്കുറിപ്പുകൾ—അധ്യായം 28
ശബത്ത്: അക്ഷ. “ശബത്തുകൾ.” ഈ വാക്യത്തിൽ സാബ്ബടോൺ എന്ന ഗ്രീക്കുപദത്തിന്റെ ബഹുവചനരൂപം രണ്ടു പ്രാവശ്യം കാണുന്നുണ്ട്. അതിൽ ആദ്യത്തേത്, ആഴ്ചയുടെ ഏഴാം ദിവസമായ ശബത്ത് ദിവസത്തെ മാത്രം കുറിക്കുന്നതുകൊണ്ട് ‘ശബത്ത് ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തേത്, ഏഴു ദിവസങ്ങളുടെ കാലഘട്ടത്തെ കുറിക്കുന്നതുകൊണ്ട് ആഴ്ചയുടെ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആ ശബത്ത് ദിവസം (നീസാൻ 15) സൂര്യാസ്തമയത്തോടെ അവസാനിച്ചു. മത്തായിയുടെ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നതു ‘ശബത്തിനു ശേഷമുള്ള’ സന്ധ്യയെക്കുറിച്ചാണെന്നു ചിലർ കരുതുന്നെങ്കിലും, സ്ത്രീകൾ കല്ലറ കാണാൻ ചെന്നത് നീസാൻ 16-ാം തീയതി “അതിരാവിലെ” “സൂര്യൻ ഉദിച്ചപ്പോൾത്തന്നെ” ആണെന്നു മറ്റു സുവിശേഷവിവരണങ്ങൾ വ്യക്തമാക്കുന്നു.—മർ 16:1, 2; ലൂക്ക 24:1; യോഹ 20:1; പദാവലിയും അനു. ബി12-ഉം കാണുക.
ആഴ്ചയുടെ ഒന്നാം ദിവസം: അതായത്, നീസാൻ 16. ശബത്തിന്റെ തൊട്ടടുത്ത ദിവസമാണു ജൂതന്മാർ ആഴ്ചയുടെ ഒന്നാം ദിവസമായി കണക്കാക്കിയിരുന്നത്.
യഹോവയുടെ ദൂതൻ: മത്ത 1:20–ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
ശിഷ്യന്മാരോട് ഇങ്ങനെ പറയുക: “യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു”: ക്രിസ്തുശിഷ്യരിൽ ഈ സ്ത്രീകളോടായിരുന്നു യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ആദ്യം അറിയിച്ചത്. ഇതെക്കുറിച്ച് മറ്റു ശിഷ്യരെ അറിയിക്കാൻ നിയോഗിച്ചതും ഇവരെത്തന്നെയായിരുന്നു. (മത്ത 28:2, 5, 7) ജൂതപാരമ്പര്യമനുസരിച്ച് കോടതിയിൽ സാക്ഷിമൊഴി കൊടുക്കാൻ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇതിനു തിരുവെഴുത്തടിസ്ഥാനമില്ലായിരുന്നു. അതേസമയം സന്തോഷകരമായ ഈ നിയമനം സ്ത്രീകൾക്കു നൽകിക്കൊണ്ട് യഹോവയുടെ ദൂതൻ സ്ത്രീകളെ ആദരിച്ചു.
വണങ്ങി: അഥവാ “കുമ്പിട്ട് നമസ്കരിച്ചു; സാഷ്ടാംഗം പ്രണമിച്ചു; ആദരവ് കാണിച്ചു.”—മത്ത 8:2; 14:33; 15:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
എന്റെ സഹോദരന്മാർ: തന്റെ ശിഷ്യന്മാരുമായുള്ള ആത്മീയബന്ധം നിമിത്തമാണു യേശു അവരെ ‘സഹോദരന്മാർ’ എന്നു വിളിച്ചത്.—മത്ത 28:16 കാണുക; മത്ത 25:40; യോഹ 20:17; എബ്ര 2:10-12 എന്നിവ താരതമ്യം ചെയ്യുക.
മൂപ്പന്മാർ: മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.
ഇത്: അതായത്, അവർ ഉറങ്ങിപ്പോയെന്ന നുണ. കാവൽ നിൽക്കുന്നതിനിടയിൽ ഉറങ്ങിപ്പോയാൽ റോമൻ പടയാളികൾക്കു വധശിക്ഷവരെ ലഭിക്കാമായിരുന്നു.
ഗവർണറുടെ: ഇവിടെ പറഞ്ഞിരിക്കുന്ന ഗവർണർ പൊന്തിയൊസ് പീലാത്തൊസാണ്.
കാണാൻ: സാധ്യതയനുസരിച്ച്, യേശുവിനെ കാണാൻ 500-ലധികം പേർ ഗലീലയിൽ കൂടിവന്നു.—1കൊ 15:6.
ചിലർ സംശയിച്ചു: സംശയിച്ചത് അപ്പോസ്തലന്മാരിൽപ്പെട്ട ആരുമല്ല എന്ന സൂചനയാണ് 1കൊ 15:6 നൽകുന്നത്. സാധ്യതയനുസരിച്ച് അത് ഗലീലയിലെ ശിഷ്യന്മാരായിരുന്നു. യേശു അവർക്ക് അതുവരെ പ്രത്യക്ഷപ്പെട്ടിരുന്നില്ല.
എല്ലാ ജനതകളിലെയും ആളുകൾ: ഇതിന്റെ അക്ഷരാർഥപരിഭാഷ “എല്ലാ ജനതകളും” എന്നാണ്. എന്നാൽ സന്ദർഭം സൂചിപ്പിക്കുന്നത് ഇത് എല്ലാ ജനതകളിലെയും ആളുകളെയാണ് കുറിക്കുന്നതെന്നാണ്. കാരണം അവരെ സ്നാനപ്പെടുത്തുക എന്ന പദപ്രയോഗത്തിലെ “അവർ” എന്ന സർവനാമം ഗ്രീക്കിൽ പുല്ലിംഗരൂപത്തിലുള്ളതാണ്. അതു ‘ജനതകളെയല്ല’ ആളുകളെയാണ് അർഥമാക്കുന്നത്. “ജനതകൾ” എന്ന പദമാകട്ടെ ഗ്രീക്കിൽ നപുംസകരൂപത്തിലുള്ളതും. ‘എല്ലാ ജനതകളിലെയും ആളുകളുടെ’ അടുക്കൽ എത്തുക എന്ന ഈ കല്പന പുതിയ ഒന്നായിരുന്നു. യേശുവിന്റെ ശുശ്രൂഷക്കാലത്തിനു മുമ്പ്, യഹോവയെ സേവിക്കാനായി വരുന്ന മറ്റു ജനതകളിൽപ്പെട്ടവരെ ഇസ്രായേലിലേക്കു സ്വാഗതം ചെയ്തിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. (1രാജ 8:41-43) എന്നാൽ ഈ കല്പനയിലൂടെ പ്രസംഗപ്രവർത്തനം കൂടുതൽ വിപുലമാക്കാനുള്ള ഒരു നിയോഗം യേശു ശിഷ്യന്മാർക്കു നൽകി. ഇനിമുതൽ ജനനംകൊണ്ട് ജൂതന്മാരല്ലാത്തവരുടെ അടുത്തേക്കും അവർ പോകണമായിരുന്നു. ഈ ശിഷ്യരാക്കൽവേല ലോകവ്യാപകമായി നടക്കേണ്ടതാണെന്നാണു യേശു ഇതിലൂടെ സൂചിപ്പിച്ചത്.—മത്ത 10:1, 5-7; വെളി 7:9; മത്ത 24:14-ന്റെ പഠനക്കുറിപ്പു കാണുക.
ശിഷ്യരാക്കുക: മതീറ്റ്യുവോ എന്ന ഗ്രീക്കുക്രിയയെ “പഠിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്താനാകും. ആളുകളെ വിദ്യാർഥികളോ ശിഷ്യന്മാരോ ആക്കുക എന്ന ലക്ഷ്യത്തോടെ പഠിപ്പിക്കുന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. (ഇതേ പദം, “പഠിപ്പിക്കുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മത്ത 13:52 താരതമ്യം ചെയ്യുക.) “ശിഷ്യരാക്കുക” എന്ന കല്പനയിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണെന്നു “സ്നാനപ്പെടുത്തുക,” “പഠിപ്പിക്കുക” എന്നീ ക്രിയകൾ വ്യക്തമാക്കുന്നു.
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും: പിതാവിനെ അംഗീകരിക്കുന്നതു തികച്ചും ന്യായമാണ്. കാരണം പിതാവ്, അതായത് ദൈവമായ യഹോവ, നമ്മുടെ സ്രഷ്ടാവും ജീവദാതാവും ആണ്. (സങ്ക 36:7, 9; വെളി 4:11) ഇനി, ദൈവോദ്ദേശ്യത്തിൽ പുത്രന്റെ സ്ഥാനം അംഗീകരിക്കാതെ ഒരു മനുഷ്യനും രക്ഷ നേടാനാകില്ലെന്നും ബൈബിൾ പറയുന്നുണ്ട്. (യോഹ 14:6; പ്രവൃ 4:12) പരിശുദ്ധാത്മാവിന്റെ ധർമം അംഗീകരിക്കുന്നതും വളരെ പ്രധാനമാണ്. കാരണം ജീവൻ നൽകുക (ഇയ്യ 33:4), തന്റെ സന്ദേശം രേഖപ്പെടുത്താൻ മനുഷ്യരെ പ്രചോദിപ്പിക്കുക (2പത്ര 1:21), തന്റെ ഇഷ്ടം ചെയ്യാൻ അവരെ ശക്തീകരിക്കുക (റോമ 15:19) എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യാൻ ദൈവം തന്റെ പ്രവർത്തനനിരതമായ ഈ ശക്തിയെ ഉപയോഗിക്കുന്നു. ഈ വാക്യം ത്രിത്വോപദേശത്തെ പിന്താങ്ങുന്നതായി ചിലർ വിശ്വസിക്കുന്നെങ്കിലും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും നിത്യത, ശക്തി, സ്ഥാനം എന്നീ കാര്യങ്ങളിൽ തുല്യതയുണ്ടെന്നു ബൈബിളിൽ ഒരിടത്തും പറയുന്നില്ല. ഒരേ വാക്യത്തിൽ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും കുറിച്ച് ഇങ്ങനെ ഒരുമിച്ച് പറഞ്ഞിരിക്കുന്നു എന്നതുകൊണ്ടു മാത്രം ദൈവത്വം, നിത്യത എന്നിവയുടെ കാര്യത്തിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുപോലെയാണെന്നു വരുന്നില്ല. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തുല്യതയുണ്ടെന്നും അതിന് അർഥമില്ല.—മർ 13:32; കൊലോ 1:15; 1തിമ 5:21.
പരിശുദ്ധാത്മാവ്: അഥവാ “പ്രവർത്തനനിരതമായ പരിശുദ്ധശക്തി.” “ആത്മാവ്” എന്ന പദം (ഗ്രീക്കിൽ നപുംസകം.) വ്യക്തിത്വമില്ലാത്ത, പ്രവർത്തനനിരതമായ ഒരു ശക്തിയെ കുറിക്കുന്നു. അതു ദൈവത്തിൽനിന്ന് ഉത്ഭവിക്കുന്നതാണ്.—പദാവലിയിൽ “ആത്മാവ്”; “പരിശുദ്ധാത്മാവ്” എന്നിവ കാണുക.
നാമത്തിൽ: “നാമം” എന്നതിന്റെ ഗ്രീക്കുപദം (ഓനൊമ) ഒരു വ്യക്തിയുടെ പേരിനെ മാത്രമല്ല കുറിക്കുന്നത്. ഇവിടെ അത്, പിതാവിന്റെയും പുത്രന്റെയും അധികാരവും സ്ഥാനവും അതോടൊപ്പം പരിശുദ്ധാത്മാവിന്റെ ധർമവും അംഗീകരിക്കുന്നതിനെ അർഥമാക്കുന്നു. അത് അംഗീകരിക്കുന്നതോടെ ഒരു വ്യക്തി ദൈവവുമായി പുതിയൊരു ബന്ധത്തിലേക്കു വരുന്നു.—മത്ത 10:41-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
അവരെ പഠിപ്പിക്കുക: “പഠിപ്പിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിൽ, അറിവ് പകർന്നുകൊടുക്കുന്നതും അതു വിശദീകരിക്കുന്നതും ന്യായവാദത്തിലൂടെ കാര്യങ്ങൾ വ്യക്തമാക്കുന്നതും തെളിവുകൾ നിരത്തുന്നതും ഉൾപ്പെട്ടിരിക്കുന്നു. (മത്ത 3:1; 4:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യേശു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുന്നതു തുടർച്ചയായ ഒരു പ്രക്രിയയാണ്. യേശു പഠിപ്പിച്ചതെല്ലാം പഠിപ്പിക്കാനും യേശുവിന്റെ ഉപദേശങ്ങൾ അനുസരിക്കാനും യേശുവിന്റെ മാതൃക അനുകരിക്കാനും അവരെ പഠിപ്പിക്കുന്നത് അതിൽ ഉൾപ്പെടുന്നു.—യോഹ 13:17; എഫ 4:21; 1പത്ര 2:21.
വ്യവസ്ഥിതി: അഥവാ “യുഗം.”—പദാവലിയിൽ “വ്യവസ്ഥിതി(കൾ)” കാണുക.
അവസാനകാലം: മത്ത 24:3-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.