ലൂക്കോസ്
പഠനക്കുറിപ്പുകൾ—അധ്യായം 6
ദൈവഭവനം: മർ 2:26-ന്റെ പഠനക്കുറിപ്പു കാണുക.
കാഴ്ചയപ്പം: മത്ത 12:4-ന്റെ പഠനക്കുറിപ്പു കാണുക.
വലതുകൈ ശോഷിച്ച: യേശു ഈ മനുഷ്യനെ ശബത്തിൽ സുഖപ്പെടുത്തിയതിനെക്കുറിച്ച് മൂന്നു സുവിശേഷയെഴുത്തുകാർ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വലതുകൈയാണു ശോഷിച്ചിരുന്നത് അഥവാ തളർന്നുപോയിരുന്നത് എന്നു രേഖപ്പെടുത്തിയതു ലൂക്കോസ് മാത്രമാണ്. (മത്ത 12:10; മർ 3:1) മത്തായിയും മർക്കോസും പറയാത്ത വൈദ്യശാസ്ത്രപരമായ വിശദാംശങ്ങൾ പലപ്പോഴും ലൂക്കോസ് നൽകിയിട്ടുണ്ട്. സമാനമായ ഒരു ഉദാഹരണത്തിന്, ലൂക്ക 22:50, 51-നെ മത്ത 26:51-ഉം മർ 14:47-ഉം ആയി താരതമ്യം ചെയ്യുക.—“ലൂക്കോസ്—ആമുഖം കാണുക.”
അവരുടെ ചിന്ത മനസ്സിലായി: ശാസ്ത്രിമാരും പരീശന്മാരും ചിന്തിച്ച കാര്യം യേശുവിനു മനസ്സിലായതായി ലൂക്കോസ് രേഖപ്പെടുത്തുന്നു. എന്നാൽ മത്തായിയും മർക്കോസും ഈ വിശദാംശം ഉൾപ്പെടുത്തിയിട്ടില്ല.—മത്ത 12:10-13; മർ 3:1-3 എന്നീ വാക്യങ്ങളിലെ സമാന്തരവിവരണങ്ങൾ താരതമ്യം ചെയ്യുക.
ജീവൻ: അഥവാ “ദേഹി.”—പദാവലിയിൽ “ദേഹി” കാണുക.
അപ്പോസ്തലന്മാർ: മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.
തീക്ഷ്ണതയുള്ളവൻ: അപ്പോസ്തലനായ ശിമോനെ അപ്പോസ്തലനായ ശിമോൻ പത്രോസിൽനിന്ന് വേർതിരിച്ചുകാണിക്കുന്ന ഒരു വിശേഷണം. (ലൂക്ക 6:14) ഈ വാക്യത്തിലും പ്രവൃ 1:13-ലും കാണുന്ന സെലോറ്റേസ് എന്ന ഗ്രീക്കുപദത്തിനു “തീവ്രനിലപാടുകാരൻ; ഉത്സാഹി” എന്നൊക്കെയാണ് അർഥം. മത്ത 10:4; മർ 3:18 എന്നീ വാക്യങ്ങളിലെ സമാന്തരവിവരണത്തിൽ കാണുന്ന ‘കനാനേയൻ’ (ഒരു എബ്രായ അല്ലെങ്കിൽ അരമായ പദത്തിൽനിന്ന് ഉത്ഭവിച്ചത്.) എന്ന പദത്തിനും “തീവ്രനിലപാടുകാരൻ; ഉത്സാഹി” എന്നുതന്നെയാണ് അർഥം. മുമ്പ് ശിമോൻ, റോമാക്കാരെ എതിർത്തിരുന്ന തീവ്രനിലപാടുകാരായ ഒരു ജൂതവിഭാഗത്തിൽപ്പെട്ട ആളായിരിക്കാൻ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ തീക്ഷ്ണതയും ഉത്സാഹവും കാരണമായിരിക്കാം ഇങ്ങനെയൊരു പേര് കിട്ടിയത്.
ഒറ്റുകാരനായിത്തീർന്ന: അഥവാ “ഒറ്റുകാരനായി മാറിയ.” ഈ പദപ്രയോഗം ശ്രദ്ധേയമാണ്. കാരണം യൂദാസിന് ഒരു മാറ്റമുണ്ടായെന്നാണ് അതു സൂചിപ്പിക്കുന്നത്. യേശുവിന്റെ ശിഷ്യനായിത്തീർന്ന സമയത്തോ യേശു അപ്പോസ്തലനായി നിയമിച്ചപ്പോഴോ യൂദാസ് ഒറ്റുകാരനല്ലായിരുന്നു. യൂദാസ് ഒറ്റുകാരനായിത്തീരുമെന്നു മുൻകൂട്ടി വിധിച്ചുവെച്ചിരുന്നില്ല. മറിച്ച്, അപ്പോസ്തലനായിത്തീർന്നശേഷം എപ്പോഴോ അയാൾ സ്വന്തം ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് ഒരു ‘ഒറ്റുകാരനായിത്തീരുകയായിരുന്നു.’ യൂദാസിൽ ആ മാറ്റം വന്നുതുടങ്ങിയ നിമിഷംമുതൽ യേശുവിന് അത് അറിയാമായിരുന്നെന്നാണ് യോഹ 6:64 സൂചിപ്പിക്കുന്നത്.
നിരപ്പായ ഒരു സ്ഥലത്ത് നിന്നു: സന്ദർഭം സൂചിപ്പിക്കുന്നതനുസരിച്ച്, തന്റെ 12 അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കാൻ ഒരു രാത്രി മുഴുവൻ പ്രാർഥിച്ചശേഷം യേശു മലമുകളിൽനിന്ന് ഇറങ്ങിവരുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. (ലൂക്ക 6:12, 13) എന്നിട്ട് യേശു മലഞ്ചെരിവിൽ നിരപ്പായ ഒരു സ്ഥലം കണ്ടുപിടിക്കുന്നു. സാധ്യതയനുസരിച്ച്, യേശുവിന്റെ പ്രവർത്തനകേന്ദ്രമായിരുന്ന കഫർന്നഹൂമിന് അടുത്തായിരുന്നു ആ മല. അവിടെ ഒരു വലിയ ജനക്കൂട്ടം വന്നതായും യേശു അവരെയെല്ലാം സുഖപ്പെടുത്തുന്നതായും വിവരണം പറയുന്നു. “യേശു മലയിൽ കയറി . . . പഠിപ്പിക്കാൻതുടങ്ങി” എന്നാണ് മത്ത 5:1, 2-ലെ സമാന്തരവിവരണം പറയുന്നത്. ലൂക്കോസിന്റെ വിവരണത്തിലെ നിരപ്പായ ആ സ്ഥലത്തിന് കുറച്ച് മുകളിലുള്ള ഒരു സ്ഥലത്തെക്കുറിച്ചായിരിക്കാം മത്തായി പറഞ്ഞത്. മത്തായിയുടെയും ലൂക്കോസിന്റെയും വിവരണങ്ങൾ ചേർത്തുവായിച്ചാൽ നമുക്ക് ഈ നിഗമനത്തിലെത്താം: മലമുകളിൽനിന്ന് ഇറങ്ങിവന്ന യേശു മലഞ്ചെരിവിലെ നിരപ്പായ ഒരു സ്ഥലത്തെത്തി. എന്നിട്ട് അവിടെനിന്ന് കുറച്ച് മുകളിലേക്കു കയറി, ആളുകളോടു സംസാരിക്കാൻ തുടങ്ങി. ഇനി മത്ത 5:1-ലേത്, ലൂക്കോസ് വിശദമായി വർണിച്ച സംഭവത്തിന്റെ ഒരു സംഗ്രഹമായിരിക്കാനും സാധ്യതയുണ്ട്. ലൂക്കോസ് ഉൾപ്പെടുത്തിയ വിശദാംശങ്ങളൊന്നുമില്ലാതെ മത്തായി അതു ചുരുക്കിപ്പറഞ്ഞതായിരിക്കാം.
ശിഷ്യന്മാരെ: “ശിഷ്യൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മതീറ്റീസ് എന്ന ഗ്രീക്കുപദം ഒരു വിദ്യാർഥിയെ അഥവാ മറ്റൊരാളിൽനിന്ന് അറിവ് നേടുന്നയാളെ കുറിക്കുന്നു. അധ്യാപകനുമായി അഥവാ ഗുരുവുമായി ഒരാൾക്കുള്ള വ്യക്തിപരമായ അടുപ്പം സൂചിപ്പിക്കുന്ന വാക്കാണ് ഇത്. ശിഷ്യന്റെ ജീവിതത്തെ അപ്പാടെ സ്വാധീനിക്കുന്ന ഒരു ആത്മബന്ധത്തെയാണ് അതു കുറിക്കുന്നത്. യേശു പറയുന്നതു കേൾക്കാൻ ഒരു വലിയ ജനക്കൂട്ടം അവിടെ കൂടിവന്നിരുന്നെങ്കിലും സാധ്യതയനുസരിച്ച് തന്റെ തൊട്ടടുത്ത് ഇരുന്ന ശിഷ്യന്മാരെ മനസ്സിൽക്കണ്ടാണു യേശു പ്രധാനമായും സംസാരിച്ചത്.—മത്ത 5:1, 2; 7:28, 29.
പറഞ്ഞു: യേശുവിന്റെ ഗിരിപ്രഭാഷണം, മത്തായിയും (5-7 അധ്യായങ്ങൾ) ലൂക്കോസും (6:20-49) രേഖപ്പെടുത്തിയിട്ടുണ്ട്. ലൂക്കോസ് ഈ പ്രഭാഷണത്തിന്റെ ഒരു ചുരുക്കരൂപമാണു നൽകിയിരിക്കുന്നത്. എന്നാൽ മത്തായിയുടെ വിവരണം അതിന്റെ നാല് ഇരട്ടിയോളം വരും. ലൂക്കോസിന്റെ ഗിരിപ്രഭാഷണവിവരണത്തിലെ ഏതാനും വാക്യങ്ങൾ ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം മത്തായിയുടെ വിവരണത്തിലുണ്ട്. രണ്ടു വിവരണങ്ങളും തുടങ്ങുന്നതും അവസാനിക്കുന്നതും ഒരുപോലെയാണ്; രണ്ടിലും സമാനമായ പദപ്രയോഗങ്ങളും ധാരാളമുണ്ട്. ഇനി, രണ്ടു വിവരണങ്ങളുടെയും ഉള്ളടക്കവും വിഷയങ്ങൾ അവതരിപ്പിച്ചിരിക്കുന്ന ക്രമവും ഏതാണ്ട് ഒരുപോലെയാണ്. എന്നാൽ ചിലപ്പോഴൊക്കെ ഒരേ കാര്യം പറയുന്നിടത്ത് രണ്ടു പേരും തികച്ചും വ്യത്യസ്തമായ പദപ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുമുണ്ട്. എങ്കിലും ആ രണ്ടു വിവരണങ്ങളും തമ്മിൽ യോജിപ്പുള്ളതായി കാണാം. യേശു ഗിരിപ്രഭാഷണത്തിൽ പറഞ്ഞ ദൈർഘ്യമേറിയ പല ഭാഗങ്ങളും ലൂക്കോസ് തന്റെ വിവരണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും യേശു മറ്റു ചില സന്ദർഭങ്ങളിൽ ആവർത്തിച്ചിട്ടുള്ള കാര്യങ്ങളാണ് അവ എന്നതു ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, ഗിരിപ്രഭാഷണത്തിന്റെ ഭാഗമായി യേശു പ്രാർഥനയെക്കുറിച്ചും (മത്ത 6:9-13) വസ്തുവകകളെക്കുറിച്ചുള്ള ശരിയായ കാഴ്ചപ്പാടിനെക്കുറിച്ചും (മത്ത 6:25-34) പറഞ്ഞെങ്കിലും ലൂക്കോസ് അതു രേഖപ്പെടുത്തിയില്ല. സാധ്യതയനുസരിച്ച് ഏതാണ്ട് ഒന്നര വർഷത്തിനു ശേഷം യേശു ആ വാക്കുകൾ ആവർത്തിച്ചു; ലൂക്കോസ് അതു രേഖപ്പെടുത്തുകയും ചെയ്തു. (ലൂക്ക 11:2-4; 12:22-31) ഇനി, ലൂക്കോസ് പൊതുവേ എല്ലാ പശ്ചാത്തലത്തിൽനിന്നുമുള്ള ക്രിസ്ത്യാനികൾക്കുവേണ്ടിയാണ് സുവിശേഷം എഴുതിയത് എന്നും ഓർക്കുക. അതുകൊണ്ടുതന്നെ ഗിരിപ്രഭാഷണത്തിലെ, ജൂതന്മാർക്കു മാത്രം താത്പര്യമുള്ള ചില വിഷയങ്ങൾ ലൂക്കോസ് ഒഴിവാക്കിയതുമാകാം.—മത്ത 5:17-27; 6:1-18.
സന്തുഷ്ടർ: മത്ത 5:3-ന്റെ പഠനക്കുറിപ്പു കാണുക.
ആശ്വാസം . . . മുഴുവനായി കിട്ടിക്കഴിഞ്ഞു: ഇവിടെ കാണുന്ന അപേഖൊ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുഴുവനായി കിട്ടുക” എന്നാണ്. പൊതുവേ ബിസിനെസ്സുകാർ ഉപയോഗിക്കുന്ന രസീതുകളിൽ, “മുഴുവൻ തുകയും അടച്ചു” എന്ന അർഥത്തിലാണ് ഈ പ്രയോഗം കണ്ടിരുന്നത്. ധനികരുടെ കാര്യം കഷ്ടം എന്നു യേശു പറഞ്ഞത് അവർക്കു സുഖസൗകര്യങ്ങളെല്ലാമുള്ള നല്ലൊരു ജീവിതമുണ്ട് എന്നതുകൊണ്ടല്ല. വസ്തുവകകളെ സ്നേഹിക്കുന്നവർ ദൈവസേവനത്തെ അവഗണിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ അവർക്ക് യഥാർഥസന്തോഷം നഷ്ടമായേക്കാമെന്നും മുന്നറിയിപ്പു കൊടുക്കുകയായിരുന്നു യേശു. അവർക്കു കിട്ടുന്ന ആശ്വാസം അവരുടെ സുഖസൗകര്യങ്ങൾ മാത്രമായിരിക്കും. കിട്ടാവുന്നത്രയും സുഖസൗകര്യങ്ങൾ ജീവിതത്തിൽ കിട്ടിക്കഴിയുമ്പോൾ അവർക്ക് ഒരർഥത്തിൽ “മുഴുവൻ തുകയും” ലഭിച്ചതുപോലെയാണ്. കൂടുതലായൊന്നും ദൈവം അവർക്കു നൽകില്ല.—മത്ത 6:2-ന്റെ പഠനക്കുറിപ്പു കാണുക.
വായ്പ: അതായത്, പലിശയില്ലാതെ വായ്പ കൊടുക്കാൻ. ദരിദ്രനായ ഒരു സഹജൂതനു വായ്പ കൊടുക്കുമ്പോൾ പലിശ വാങ്ങാൻ നിയമം ഇസ്രായേല്യരെ അനുവദിക്കുന്നില്ലായിരുന്നു. (പുറ 22:25) ദരിദ്രർക്കു കൈയയച്ച് വായ്പ കൊടുക്കാനും അതു പ്രോത്സാഹിപ്പിച്ചു.—ആവ 15:7, 8; മത്ത 25:27.
എപ്പോഴും ക്ഷമിക്കുക, അപ്പോൾ നിങ്ങളോടും ക്ഷമിക്കും: അഥവാ “മോചിപ്പിച്ചുകൊണ്ടിരിക്കുക, അപ്പോൾ നിങ്ങളെയും മോചിപ്പിക്കും.” “ക്ഷമിക്കുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “സ്വതന്ത്രനാക്കുക; പറഞ്ഞയയ്ക്കുക; മോചിപ്പിക്കുക” (ഉദാഹരണത്തിന്, ഒരു തടവുകാരനെ മോചിപ്പിക്കുന്നതുപോലെ.) എന്നെല്ലാമാണ്. ആ ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു വിധിക്കുക, കുറ്റപ്പെടുത്തുക എന്നീ പദങ്ങളുടെ വിപരീതാർഥത്തിലായതുകൊണ്ട് ഇവിടെ അത് അർഥമാക്കുന്നത്, ശിക്ഷ അർഹിക്കുന്ന ഒരാളെപ്പോലും കുറ്റവിമുക്തനാക്കുക, അയാളോടു ക്ഷമിക്കുക എന്നൊക്കെയാണ്.
കൊടുക്കുന്നത് ഒരു ശീലമാക്കുക: അഥവാ “കൊടുത്തുകൊണ്ടിരിക്കുക.” ഈ വാക്യത്തിൽ കാണുന്ന “കൊടുക്കുക” എന്ന പദത്തിന്റെ ഗ്രീക്കുക്രിയാരൂപം തുടർച്ചയായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു.
നിങ്ങളുടെ മടിയിലേക്ക്: ഇവിടുത്തെ ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “നിങ്ങളുടെ മാർവിടത്തിലേക്ക് (നെഞ്ചിലേക്ക്)” എന്നാണെങ്കിലും സാധ്യതയനുസരിച്ച് ഇവിടെ അതു കുറിക്കുന്നത്, അയഞ്ഞ പുറങ്കുപ്പായത്തിന്റെ പുറമേ അരപ്പട്ട ധരിക്കുമ്പോൾ അരപ്പട്ടയ്ക്കു മുകളിലേക്കു തൂങ്ങിക്കിടക്കുന്ന കുപ്പായഭാഗത്തെയാണ്. ആളുകൾ സാധനം വാങ്ങുമ്പോൾ ചില കച്ചവടക്കാർ അത് അവരുടെ വസ്ത്രത്തിന്റെ ഈ മടക്കിലേക്ക് ഇട്ടുകൊടുത്തിരുന്നു. ഈ രീതിയെയായിരിക്കാം “മടിയിലേക്ക് ഇട്ടുതരും” എന്ന പദപ്രയോഗം കുറിക്കുന്നത്.
വെള്ളപ്പൊക്കം: അപ്രതീക്ഷിതമായി, ശക്തമായ കാറ്റിന്റെ അകമ്പടിയോടെ വരുന്ന പേമാരികൾ ഇസ്രായേലിൽ സാധാരണമാണ്. (പ്രത്യേകിച്ച് തേബത്ത് മാസത്തിൽ, അതായത് ഡിസംബർ/ജനുവരി മാസങ്ങളിൽ.) അതിന്റെ ഫലമായി വിനാശകമായ, പൊടുന്നനെയുള്ള പ്രളയങ്ങളും ഉണ്ടാകാം.—അനു. ബി15 കാണുക.