ലൂക്കോസ്
പഠനക്കുറിപ്പുകൾ—അധ്യായം 7
സൈനികോദ്യോഗസ്ഥൻ: അഥവാ “ശതാധിപൻ.” റോമൻ സൈന്യത്തിലെ 100 പടയാളികളുടെ അധിപനായിരുന്നു ശതാധിപൻ.
പിന്നെ: അക്ഷ. “അതു കഴിഞ്ഞ് ഉടനെ.” ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ “പിറ്റേ ദിവസം” എന്നാണു കാണുന്നത്. എന്നാൽ മിക്ക കൈയെഴുത്തുപ്രതികളും അതിനെ പിന്താങ്ങുന്നില്ല.
നയിൻ: ഗലീലപ്രദേശത്തെ ഈ നഗരത്തിന്റെ സ്ഥാനം കഫർന്നഹൂമിന് ഏകദേശം 35 കി.മീ. തെക്കുപടിഞ്ഞാറായിരുന്നു. തെളിവനുസരിച്ച് യേശു ഇപ്പോൾ നയിനിലേക്കു വന്നതു കഫർന്നഹൂം നഗരത്തിൽനിന്നാണ്. (ലൂക്ക 7:1-10) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ നയിനെക്കുറിച്ച് ഇവിടെ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇന്നു നസറെത്തിന് ഏതാണ്ട് 10 കി.മീ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നെയിൻ എന്ന ഗ്രാമമാണു പുരാതനകാലത്തെ നയിൻ എന്നു കരുതപ്പെടുന്നു. മോരെ കുന്നിന്റെ വടക്കുപടിഞ്ഞാറേ വശത്താണ് അതിന്റെ സ്ഥാനം. ഇന്നത്തെ ആ ഗ്രാമം വളരെ ചെറുതാണെങ്കിലും ആ പ്രദേശത്ത് കണ്ടെത്തിയ നാശാവശിഷ്ടങ്ങൾ സൂചിപ്പിക്കുന്നത്, കഴിഞ്ഞുപോയ നൂറ്റാണ്ടുകളിൽ അതിനു കുറെക്കൂടെ വലുപ്പമുണ്ടായിരുന്നു എന്നാണ്. ജസ്രീൽ താഴ്വരയ്ക്ക് അഭിമുഖമായി സ്ഥിതി ചെയ്തിരുന്ന നയിൻ പ്രകൃതിഭംഗിയുള്ള ഒരു സ്ഥലമായിരുന്നു. നയിനിൽവെച്ചാണ് യേശു ആദ്യമായി ഒരാളെ പുനരുത്ഥാനപ്പെടുത്തിയത്. രേഖകളനുസരിച്ച് മറ്റു രണ്ടു പേരെക്കൂടി യേശു പുനരുത്ഥാനപ്പെടുത്തി, ഒന്നു കഫർന്നഹൂമിൽവെച്ചും മറ്റൊന്നു ബഥാന്യയിൽവെച്ചും. (ലൂക്ക 8:49-56; യോഹ 11:1-44) ഏതാണ്ട് 900 വർഷം മുമ്പ് നയിന് അടുത്തുള്ള ശൂനേം പട്ടണത്തിൽവെച്ച് എലീശ പ്രവാചകൻ ഒരു ശൂനേംകാരിയുടെ മകനെ പുനരുത്ഥാനപ്പെടുത്തിയിരുന്നു.—2രാജ 4:8-37.
നഗരകവാടം: നയിനെക്കുറിച്ച് പറയുമ്പോൾ മൂന്ന് ഇടങ്ങളിൽ പൊലിസ് (“നഗരം”) എന്ന ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്. ചുറ്റുമതിലുള്ള നഗരത്തെ കുറിക്കാനാണു പൊതുവേ ഈ പദം ഉപയോഗിക്കുന്നതെങ്കിലും നയിന് അങ്ങനെയൊരു മതിലുണ്ടായിരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ ഉറപ്പില്ല. അങ്ങനെയൊരു മതിൽ ഇല്ലായിരുന്നെങ്കിൽ “കവാടം” എന്നതുകൊണ്ട് ഉദ്ദേശിച്ചത് അക്ഷരാർഥത്തിലുള്ള ഒരു കവാടത്തെയല്ല, മറിച്ച് അവിടേക്കു പ്രവേശിക്കുന്ന ഒരു സ്ഥലത്തെ ആയിരിക്കാൻ സാധ്യതയുണ്ട്. ഇരുവശത്തും വീടുകളുള്ളതുകൊണ്ട് അതൊരു കവാടംപോലെ തോന്നിയിരിക്കാം. എന്നാൽ നയിനു ചുറ്റും ശരിക്കുമൊരു മതിലുണ്ടായിരുന്നെന്നു ചില പുരാവസ്തുശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. വാസ്തവം ഇതിൽ ഏതായാലും ശവശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര യേശുവും ശിഷ്യന്മാരും കണ്ടതു നയിന്റെ കിഴക്കേ ‘കവാടത്തിന്’ അടുത്തുവെച്ചായിരിക്കാം. കാരണം, ഇന്ന് നെയിൻ എന്ന് അറിയപ്പെടുന്ന ഗ്രാമത്തിന്റെ തെക്കുകിഴക്കൻ മലഞ്ചെരിവിലാണു ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നത്.
ഒരേ ഒരു: മൊണൊഗെനെസ് എന്ന ഗ്രീക്കുപദമാണ് ഇവിടെ കാണുന്നത്. മിക്കപ്പോഴും “ഏകജാതൻ” എന്നു പരിഭാഷപ്പെടുത്താറുള്ള ആ പദത്തെ “അത്തരത്തിലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തിലെയോ വർഗത്തിലെയോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവചിച്ചിരിക്കുന്നു. മാതാപിതാക്കളുമായി മകനുള്ള ബന്ധത്തെക്കുറിച്ച് പറയുന്നിടത്ത് മാത്രമല്ല മകളുടെ കാര്യത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഈ വാക്യത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. യായീറൊസിന്റെ “ഒരേ ഒരു” മകളെക്കുറിച്ച് പറയുന്നിടത്തും യേശു ഒരാളുടെ “ആകെയുള്ളൊരു” മകനെ സുഖപ്പെടുത്തിയതിനെക്കുറിച്ച് പറയുന്നിടത്തും ഇതേ ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്. (ലൂക്ക 8:41, 42; 9:38) യിഫ്താഹിന്റെ മകളെക്കുറിച്ച് പറയുന്നിടത്ത് ഗ്രീക്ക് സെപ്റ്റുവജിന്റിലും മൊണൊഗെനെസ് എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായിക്കുന്നു: “അതു യിഫ്താഹിന്റെ ഒരേ ഒരു മകളായിരുന്നു; ആ മകളല്ലാതെ യിഫ്താഹിനു വേറെ ആൺമക്കളോ പെൺമക്കളോ ഉണ്ടായിരുന്നില്ല.” (ന്യായ 11:34) അപ്പോസ്തലനായ യോഹന്നാൻ യേശുവിനെ കുറിക്കാൻ മൊണൊഗെനെസ് എന്ന പദം അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.—യേശുവിനെക്കുറിച്ച് പറയുന്നിടത്ത് ഈ പദം ഏത് അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് അറിയാൻ യോഹ 1:14; 3:16 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മനസ്സലിഞ്ഞ്: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്പ്ളങ്ഖ്നീസൊമായ് എന്ന ഗ്രീക്കുക്രിയയ്ക്കു “കുടൽ” (സ്പ്ളാങ്ഖനാ) എന്നതിനുള്ള പദവുമായി ബന്ധമുണ്ട്. ഇത്, ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുന്ന തീവ്രവികാരത്തെ കുറിക്കുന്നു. അനുകമ്പയെ കുറിക്കുന്ന ഗ്രീക്കുപദങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ് ഇത്.
രണ്ടു ശിഷ്യന്മാർ: യോഹന്നാൻ സ്നാപകൻ “തന്റെ ശിഷ്യന്മാരെ” അയച്ചു എന്നു മാത്രമാണ് മത്ത 11:2, 3-ലെ സമാന്തരവിവരണം പറയുന്നത്. എന്നാൽ ലൂക്കോസ്, ശിഷ്യന്മാരുടെ എണ്ണവുംകൂടെ ഉൾപ്പെടുത്തിയിരിക്കുന്നു.
സ്നാനം: ഇവിടെ കാണുന്ന ബാപ്റ്റിഡ്സ്മ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “നിമജ്ജനം ചെയ്യുക; മുങ്ങുക” എന്നൊക്കെയാണ്.—മത്ത 3:11; മർ 1:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
അതിന്റെ മക്കളാൽ: അഥവാ “അതിന്റെ അന്തിമഫലത്താൽ.” ജ്ഞാനത്തിന് ആളത്വം കല്പിച്ചിരിക്കുന്ന ഈ ഭാഗത്ത് അതിനു മക്കളുള്ളതായി പറഞ്ഞിരിക്കുന്നു. മത്ത 11:19-ലെ സമാന്തരവിവരണത്തിൽ ജ്ഞാനത്തിനു ‘പ്രവൃത്തികൾ’ ഉള്ളതായും പറഞ്ഞിട്ടുണ്ട്. യേശുവിനും യോഹന്നാൻ സ്നാപകനും എതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് അവർ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. അവർ നിരത്തിയ അത്തരം തെളിവുകളെയാണു ജ്ഞാനത്തിന്റെ മക്കൾ അഥവാ പ്രവൃത്തികൾ എന്നു വിളിച്ചിരിക്കുന്നത്. ഒരർഥത്തിൽ യേശു ഇവിടെ ഇങ്ങനെ പറയുകയായിരുന്നു: ‘ഒരാളുടെ നീതിപ്രവൃത്തികളും നീതിയോടെയുള്ള പെരുമാറ്റവും ശ്രദ്ധിച്ചാൽ അയാൾക്ക് എതിരെയുള്ള ആരോപണം തെറ്റാണെന്നു നിങ്ങൾക്കു ബോധ്യമാകും.’
പരീശന്റെ വീട്ടിൽ ചെന്നു: പരീശന്മാർ യേശുവിനെ ഭക്ഷണത്തിനു ക്ഷണിച്ചതിനെക്കുറിച്ചും യേശു ആ ക്ഷണം സ്വീകരിച്ചതിനെക്കുറിച്ചും രേഖപ്പെടുത്തിയിരിക്കുന്നത്, നാലു സുവിശേഷയെഴുത്തുകാരിൽ ലൂക്കോസ് മാത്രമാണ്. ഈ വാക്യത്തിനു പുറമേ ലൂക്ക 11:37; 14:1 എന്നിവിടങ്ങളിലും യേശു പരീശന്മാരുടെ ക്ഷണം സ്വീകരിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്.
പാപിനിയായി അറിയപ്പെട്ടിരുന്ന ഒരു സ്ത്രീ: ബൈബിൾ പറയുന്നതനുസരിച്ച് എല്ലാ മനുഷ്യരും പാപികളാണ്. (2ദിന 6:36; റോമ 3:23; 5:12) അതുകൊണ്ട് ഇവിടെ ഈ പദം കുറിക്കുന്നത്, പാപപ്രവൃത്തികൾ ചെയ്യുന്നതിനു സമൂഹത്തിൽ പേരുകേട്ടവരെയായിരിക്കാം. ഇവർ ഒരുപക്ഷേ അധാർമികജീവിതം നയിച്ചിരുന്നവരോ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നവരോ ആയിരിക്കാം. (ലൂക്ക 19:7, 8) യേശുവിന്റെ പാദങ്ങളിൽ പാപിനിയായ ഒരു സ്ത്രീ, സാധ്യതയനുസരിച്ച് ഒരു വേശ്യ, തൈലം ഒഴിച്ചതിനെക്കുറിച്ച് ലൂക്കോസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. “(പാപിനിയായി) അറിയപ്പെട്ടിരുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗത്തിന്റെ അക്ഷരാർഥം “(പാപിനി) ആയിരുന്ന” എന്നാണ്. പക്ഷേ സാധ്യതയനുസരിച്ച് ഇവിടെ അത് അർഥമാക്കുന്നത്, ആ സ്ത്രീയുടെ എടുത്തുപറയത്തക്ക ഒരു സവിശേഷതയെയോ അവർ ഏതു തരക്കാരിയായിരുന്നു എന്നതിനെയോ ആണ്. ഇനി ആ സ്ത്രീ ഒരു പ്രത്യേകഗണത്തിൽപ്പെടുന്നവളായിരുന്നു എന്നും ആ പദപ്രയോഗത്തിന് അർഥമാക്കാനാകും.
രണ്ടു പേർ കടം വാങ്ങി: കടം കൊടുക്കുന്നവരും കടം വാങ്ങുന്നവരും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജൂതന്മാർക്കു നല്ല പരിചയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ യേശു ചിലപ്പോഴൊക്കെ അതുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ പറഞ്ഞു. (മത്ത 18:23-35; ലൂക്ക 16:1-8) കടം വാങ്ങിയ രണ്ടു പേരെക്കുറിച്ചുള്ള ഈ ദൃഷ്ടാന്തം രേഖപ്പെടുത്തിയിരിക്കുന്നതു ലൂക്കോസ് മാത്രമാണ്. അതിൽ ഒരാൾക്കു മറ്റേയാളെക്കാൾ പത്തിരട്ടി കടബാധ്യതയുണ്ടായിരുന്നു. യേശു ഈ ദൃഷ്ടാന്തം പറഞ്ഞത്, തന്റെ പാദങ്ങളിൽ സുഗന്ധതൈലം ഒഴിച്ച സ്ത്രീയോട് ആതിഥേയനായ ശിമോനുള്ള മനോഭാവം മനസ്സിലാക്കിയിട്ടാണ്. (ലൂക്ക 7:36-40) കൊടുത്തുതീർക്കാൻ പറ്റാത്തത്ര വലിയൊരു കടത്തോടാണു യേശു ഇവിടെ പാപത്തെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. “കുറച്ച് ക്ഷമിച്ചുകിട്ടിയവൻ കുറച്ച് സ്നേഹിക്കുന്നു” എന്ന തത്ത്വം യേശു ഈ ദൃഷ്ടാന്തത്തിലൂടെ ഊന്നിപ്പറയുന്നതായും കാണാം.—ലൂക്ക 7:47; മത്ത 6:12; 18:27; ലൂക്ക 11:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദിനാറെ: 3.85 ഗ്രാം തൂക്കമുള്ള ഒരു റോമൻ വെള്ളിനാണയം. അതിന്റെ ഒരു വശത്ത് സീസറിന്റെ രൂപമുണ്ടായിരുന്നു. മത്ത 20:2-ൽ കാണുന്നതുപോലെ യേശുവിന്റെ കാലത്ത്, 12 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രവൃത്തിദിവസത്തെ കൂലിയായി കൃഷിപ്പണിക്കാർക്കു സാധാരണ ലഭിച്ചിരുന്നത് ഒരു ദിനാറെയായിരുന്നു.—പദാവലിയിൽ “ദിനാറെ” എന്നതും അനു. ബി14-ഉം കാണുക.