ലൂക്കോസ്
പഠനക്കുറിപ്പുകൾ—അധ്യായം 10
ഇതിനു ശേഷം: ലൂക്ക 10:1 മുതൽ 18:14 വരെ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ നടന്നത് എ.ഡി. 32-ലെ ശരത്കാലത്തെ (സെപ്റ്റംബർ/ഒക്ടോബർ) കൂടാരോത്സവത്തിനു ശേഷമായിരിക്കാം. (അനു. എ7 കാണുക.) മറ്റു സുവിശേഷങ്ങളിൽ സമാനമായ ചില കാര്യങ്ങൾ കാണുന്നുണ്ടെങ്കിലും അവ ഈ കാലഘട്ടത്തിൽ നടന്നതല്ലെന്നു തോന്നുന്നു. അവ ഒരുപക്ഷേ യേശുവിന്റെ ഭൗമികശുശ്രൂഷയുടെ ആദ്യകാലത്ത് നടന്നതായിരിക്കാം. ലൂക്ക 10:1 മുതൽ 18:14 വരെ കാണുന്നത് സാധ്യതയനുസരിച്ച് യേശു ദേശത്തിന്റെ തെക്കൻപ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിയ കാലത്തെ വിവരങ്ങളാണ്. യരുശലേമിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യഹൂദ്യ, പെരിയ എന്നീ ജില്ലകളിലും ആയിരുന്നു ആ സമയത്ത് യേശുവിന്റെ പ്രവർത്തനം. ഭൗമികശുശ്രൂഷയുടെ അവസാനത്തെ ആറു മാസം യേശു പ്രധാനമായും ആ പ്രദേശങ്ങളിലാണു പ്രസംഗപ്രവർത്തനം നടത്തിയത്.
വേറെ 70 പേരെ: 12 അപ്പോസ്തലന്മാർക്ക് നേരത്തേതന്നെ പരിശീലനം കൊടുത്ത് പ്രസംഗിക്കാൻ അയച്ചതുകൊണ്ട് സാധ്യതയനുസരിച്ച് ഇവിടെ പറഞ്ഞിരിക്കുന്നതു വേറെ 70 ശിഷ്യന്മാരെക്കുറിച്ചാണ്.—ലൂക്ക 9:1-6.
70: ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ “72” എന്നു കാണുന്നതുകൊണ്ട് പല ബൈബിൾഭാഷാന്തരങ്ങളിലും അതേ സംഖ്യ കാണാം. എന്നാൽ ആധികാരികമായ മറ്റ് അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ “70” എന്നാണു കാണുന്നത്. എ.ഡി. നാലാം നൂറ്റാണ്ടിലെ കോഡക്സ് സൈനാറ്റിക്കസും എ.ഡി. അഞ്ചാം നൂറ്റാണ്ടിലെ കോഡക്സ് അലക്സാൻഡ്രിനസ്, കോഡക്സ് എഫ്രയീമി സൈറി റെസ്ക്രിപ്റ്റസ് എന്നിവയും അതിന് ഉദാഹരണങ്ങളാണ്. കൈയെഴുത്തുപ്രതികളിൽ കാണുന്ന ഈ വ്യത്യാസത്തിനു ബൈബിൾ പണ്ഡിതന്മാർ പല വിശദീകരണങ്ങളും നൽകുന്നുണ്ടെങ്കിലും നിസ്സാരമായ ഈ വ്യത്യാസം തിരുവെഴുത്തുഭാഗത്തിന്റെ ആകമാനസന്ദേശത്തെ ബാധിക്കുന്നില്ല. അനേകംവരുന്ന പുരാതന കൈയെഴുത്തുപ്രതികളും പരിഭാഷകളും അടിസ്ഥാനപരമായ കാര്യങ്ങളിലെല്ലാം യോജിപ്പിലാണ്. ശിഷ്യന്മാരുടെ ആ വലിയ കൂട്ടത്തെ യേശു പ്രസംഗിക്കാൻ അയച്ചത് ഈരണ്ടായിട്ടാണ് അഥവാ ജോടിയായിട്ടാണ് എന്ന വസ്തുതയെ അവയെല്ലാം ശരിവെക്കുന്നു.
ചെരിപ്പ്: ഇവിടെ ശിഷ്യന്മാർക്കു കിട്ടിയ നിർദേശം, ചെരിപ്പ് എടുക്കരുത് എന്നാണെന്നു ശ്രദ്ധിക്കുക. അതുകൊണ്ട് യേശു ഉദ്ദേശിച്ചത്, ഇട്ടിരിക്കുന്ന ചെരിപ്പല്ലാതെ മറ്റൊരു ജോടി എടുക്കരുത് എന്നായിരിക്കാം. യാത്രയ്ക്കിടെ ചെരിപ്പു തേഞ്ഞുതീരാനോ അതിന്റെ വള്ളി പൊട്ടാനോ സാധ്യതയുള്ളതുകൊണ്ട്, നീണ്ട യാത്ര പോകുമ്പോൾ ഒരു ജോടി ചെരിപ്പുംകൂടെ കൈയിൽ കരുതുന്നത് അന്നു സാധാരണമായിരുന്നു. മുമ്പൊരിക്കൽ ശിഷ്യന്മാർക്കു സമാനമായ നിർദേശങ്ങൾ കൊടുത്തപ്പോൾ അവർക്ക് അപ്പോഴുണ്ടായിരുന്ന ചെരിപ്പു “ധരിക്കാം” എന്നാണു യേശു അവരോടു പറഞ്ഞത്. അവിടെയും മറ്റൊരു ജോടി ചെരിപ്പിനെക്കുറിച്ച് സൂചനയില്ല. (മർ 6:8, 9) ഇനി, മത്ത 10:9, 10-ൽ യേശു അവരോടു ചെരിപ്പ് ‘എടുക്കരുത്’ എന്നു പറഞ്ഞതിന്റെ അർഥവും അവർ ഇട്ടിരിക്കുന്നതല്ലാതെ മറ്റൊരു ജോടി കൈയിൽ എടുക്കരുത് എന്നായിരുന്നു.
അഭിവാദനം ചെയ്യാൻവേണ്ടി: അഥവാ “അഭിവാദനത്തിന്റെ ഭാഗമായി ആലിംഗനം ചെയ്യാൻവേണ്ടി.” ചില സാഹചര്യങ്ങളിൽ, ഇവിടെ കാണുന്ന അസ്പാസൊമായ് (“അഭിവാദനം ചെയ്യുക”) എന്ന ഗ്രീക്കുപദത്തിൽ “നമസ്കാരം,” “ശുഭദിനം” എന്നൊക്കെ പറയുന്നതിലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെട്ടിരുന്നിരിക്കാം. കൂട്ടുകാർ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന നീണ്ട സംഭാഷണങ്ങളെയും ആലിംഗനങ്ങളെയും കുറിക്കാൻ ഈ പദത്തിനാകും. ‘അഭിവാദനം ചെയ്യരുത്’ എന്നു പറഞ്ഞപ്പോൾ, തന്റെ ശിഷ്യന്മാർ മറ്റുള്ളവരോടു പരുഷമായി പെരുമാറണമെന്നല്ല യേശു ഉദ്ദേശിച്ചത്. അവർ അനാവശ്യമായ ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കണമെന്നും അവരുടെ സമയം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഊന്നിപ്പറയുകയായിരുന്നു യേശു. ഒരിക്കൽ എലീശ പ്രവാചകൻ തന്റെ ദാസനായ ഗേഹസിക്ക് സമാനമായ ചില നിർദേശങ്ങൾ കൊടുത്തതായി കാണാം. (2രാജ 4:29) ഈ രണ്ടു സാഹചര്യങ്ങളിലും ദൗത്യം വളരെ അടിയന്തിരമായിരുന്നതുകൊണ്ട് സമയം ഒട്ടും പാഴാക്കരുതായിരുന്നു.
സമാധാനം പ്രിയപ്പെടുന്ന ഒരാൾ: അക്ഷ. “സമാധാനപുത്രൻ.” ലൂക്കോസ് ഇത് എഴുതിയതു ഗ്രീക്കിലാണെങ്കിലും ഈ പദപ്രയോഗം ഒരു എബ്രായശൈലിയിൽനിന്ന് വന്നതായിരിക്കാനാണു സാധ്യത. എബ്രായയിൽ അതിന്റെ അർഥം “സമാധാനസ്നേഹി,” “ശാന്തസ്വഭാവി” എന്നൊക്കെയാണ്. ഇവിടെ അതു കുറിക്കുന്നത്, ദൈവവുമായി അനുരഞ്ജനത്തിലാകാൻ ആഗ്രഹിക്കുന്ന ഒരാളെയോ “സമാധാനത്തിന്റെ സന്തോഷവാർത്ത” കേൾക്കുമ്പോൾ അതു സ്വീകരിച്ച് ദൈവവുമായി സമാധാനത്തിലാകുന്ന ഒരാളെയോ ആണ്.—പ്രവൃ 10:36.
വീടുകൾ മാറിമാറി താമസിക്കരുത്: മുമ്പൊരിക്കൽ യേശു 12 അപ്പോസ്തലന്മാർക്കു സമാനമായ നിർദേശങ്ങൾ കൊടുത്തിരുന്നു. (മത്ത 10:11; മർ 6:10; ലൂക്ക 9:4) ഇപ്പോൾ യേശു, പ്രസംഗപ്രവർത്തനത്തിനായി പോകുന്ന 70 പേർക്കു നിർദേശങ്ങൾ കൊടുക്കുകയാണ്. അവർ ഒരു പട്ടണത്തിൽ ചെന്നാൽ അവർക്ക് ആതിഥ്യമരുളുന്ന വീട്ടിൽത്തന്നെ താമസിക്കണമെന്നും “വീടുകൾ മാറിമാറി താമസിക്കരുത്” എന്നും യേശു പറഞ്ഞു. ആ വീടിനെക്കാൾ സുഖസൗകര്യങ്ങളുള്ള, മികച്ച സത്കാരം കിട്ടുന്ന മറ്റൊരു വീടു തേടി അവർ പോകരുതായിരുന്നു. അതിലൂടെ, അത്തരം കാര്യങ്ങൾക്കു പ്രസംഗനിയോഗത്തോടുള്ള താരതമ്യത്തിൽ രണ്ടാം സ്ഥാനമേ ഉള്ളൂ എന്നു ശിഷ്യന്മാർക്കു തെളിയിക്കാനാകുമായിരുന്നു.
ന്യായവിധിയെക്കാൾ കടുത്തതായിരിക്കും: സാധ്യതയനുസരിച്ച്, യേശു ഇവിടെ ഒരുതരം അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ വാക്കുകൾ അക്ഷരാർഥത്തിൽ എടുക്കാൻ യേശു ഉദ്ദേശിച്ചിരിക്കില്ല. (മത്ത 5:18; ലൂക്ക 16:17; 21:33 എന്നതുപോലുള്ള ചില വാക്യങ്ങളിൽ യേശു ഉപയോഗിച്ച മിഴിവുറ്റ അതിശയോക്തിപ്രയോഗങ്ങൾ താരതമ്യം ചെയ്യുക.) “സൊദോമിനു ലഭിക്കുന്ന ന്യായവിധിയെ”ക്കുറിച്ച് പറഞ്ഞപ്പോൾ യേശു ഉദ്ദേശിച്ചത്, (മത്ത 10:15; 11:22, 24; ലൂക്ക 10:14) വരാനിരിക്കുന്ന ന്യായവിധിദിവസത്തിൽ സൊദോം നിവാസികൾ ഉണ്ടായിരിക്കും എന്നല്ല. (യൂദ 7 താരതമ്യം ചെയ്യുക.) കോരസീൻ, ബേത്ത്സയിദ, കഫർന്നഹൂം എന്നീ നഗരങ്ങളിലെ ആളുകൾ എത്രമാത്രം പ്രതികരണമില്ലാത്തവരും ശിക്ഷാർഹരും ആണെന്ന കാര്യം ഊന്നിപ്പറയാൻവേണ്ടി മാത്രമായിരിക്കാം യേശു ഇതു പറഞ്ഞത്. (ലൂക്ക 10:13-15) ഇനി, ദൈവത്തിന്റെ കോപത്തെയും ന്യായവിധിയെയും കുറിച്ച് പറയുന്ന പല സന്ദർഭങ്ങളിലും, സൊദോം എന്ന പുരാതനനഗരത്തിനു സംഭവിച്ചത് ഒരു പഴഞ്ചൊല്ലായി അവതരിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.—ആവ 29:23; യശ 1:9; വില 4:6.
സോരിലും സീദോനിലും: ഫൊയ്നിക്യ പ്രദേശത്ത് മെഡിറ്ററേനിയൻ തീരത്തോടു ചേർന്ന് സ്ഥിതി ചെയ്തിരുന്ന നഗരങ്ങളായിരുന്നു ഇവ. ജൂതന്മാരല്ലാത്തവരാണ് അവിടെ താമസിച്ചിരുന്നത്.—അനു. ബി10 കാണുക.
ശവക്കുഴി: മത്ത 11:23-ന്റെ പഠനക്കുറിപ്പു കാണുക.
70: ലൂക്ക 10:1-ന്റെ പഠനക്കുറിപ്പു കാണുക.
സാത്താൻ മിന്നൽപോലെ ആകാശത്തുനിന്ന് വീണുകഴിഞ്ഞതായി ഞാൻ കാണുന്നു: സാധ്യതയനുസരിച്ച്, സാത്താനെ സ്വർഗത്തിൽനിന്ന് പുറത്താക്കുന്നത്, നടന്നുകഴിഞ്ഞ ഒരു സംഭവംപോലെ കണ്ടുകൊണ്ട് യേശു ഇവിടെ പ്രാവചനികമായി സംസാരിക്കുകയായിരുന്നു. സ്വർഗത്തിലെ യുദ്ധത്തെക്കുറിച്ച് വർണിക്കുന്ന വെളി 12:7-9-ൽ സാത്താൻ വീഴുന്നതു മിശിഹൈകരാജ്യം ജനിക്കുന്ന സമയത്താണെന്നു വ്യക്തമാക്കുന്നു. വെറും അപൂർണമനുഷ്യരായ തന്റെ 70 ശിഷ്യന്മാർക്ക് ഇപ്പോൾ ഭൂതങ്ങളെ പുറത്താക്കാനുള്ള കഴിവ് ദൈവം നൽകിയതുകൊണ്ട്, ഭാവിയിലെ ആ യുദ്ധത്തിൽ സാത്താനും ഭൂതങ്ങളും പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണെന്നു സൂചിപ്പിക്കുകയായിരുന്നു യേശു.—ലൂക്ക 10:17.
സർപ്പങ്ങളെയും തേളുകളെയും: ഇവിടെ യേശു ഈ ജീവികളെക്കുറിച്ച് പറഞ്ഞത് ഒരു ആലങ്കാരികാർഥത്തിലാണ്. ഹാനികരമായ കാര്യങ്ങളുടെ ഒരു പ്രതീകമായിരുന്നു അവ.—യഹ 2:6 താരതമ്യം ചെയ്യുക.
യഹോവ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ആവ 6:5-ന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ഹൃദയം . . .ദേഹി . . . ശക്തി . . . മനസ്സ്: ആ നിയമപണ്ഡിതൻ ഇവിടെ ഉദ്ധരിച്ച ആവ 6:5-ന്റെ മൂല എബ്രായപാഠത്തിൽ ഹൃദയം, ദേഹി, ശക്തി എന്നീ മൂന്നു പദങ്ങളേ കാണുന്നുള്ളൂ. എന്നാൽ ഗ്രീക്കിൽ എഴുതിയ ലൂക്കോസിന്റെ വിവരണത്തിൽ ആ മനുഷ്യൻ ഹൃദയം, ദേഹി, ശക്തി, മനസ്സ് എന്നീ നാലു കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നതായി കാണാം. ആ മനുഷ്യന്റെ മറുപടി ഒരു കാര്യം സൂചിപ്പിക്കുന്നു: മൂലപാഠത്തിലെ ആ മൂന്ന് എബ്രായപദങ്ങളിൽ ഈ നാലു ഗ്രീക്കുപദങ്ങളുടെയും ആശയം അടങ്ങിയിരുന്നെന്നു യേശുവിന്റെ കാലത്ത് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.—കൂടുതലായ വിശദീകരണത്തിനു മർ 12:30-ന്റെ പഠനക്കുറിപ്പു കാണുക.
നിന്റെ മുഴുദേഹിയോടും: അഥവാ “നിന്റെ മുഴുജീവനോടും.”—പദാവലിയിൽ “ദേഹി” കാണുക.
നിന്റെ അയൽക്കാരനെ: മത്ത 22:39-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു ശമര്യക്കാരൻ: ശമര്യക്കാരെ പൊതുവേ അവജ്ഞയോടെ കണ്ടിരുന്ന ജൂതന്മാർ അവരുമായുള്ള സമ്പർക്കം ഏതു വിധേനയും ഒഴിവാക്കിയിരുന്നു. (യോഹ 4:9) ചില ജൂതന്മാർ ‘ശമര്യക്കാരൻ’ എന്ന പദപ്രയോഗം പുച്ഛത്തിന്റെയും നിന്ദയുടെയും പര്യായമായിപ്പോലും ഉപയോഗിച്ചിരുന്നു. (യോഹ 8:48) “ശമര്യക്കാരുടെ അപ്പം തിന്നുന്നതു പന്നിയിറച്ചി തിന്നുന്നതുപോലെയാണ്” എന്ന് ഒരു റബ്ബി പറഞ്ഞതായി മിഷ്നായിൽ കാണുന്നുണ്ട്. (ശെബിത്ത് 8:10) ജൂതന്മാർ പൊതുവേ ശമര്യക്കാരുടെ സാക്ഷിമൊഴി വിശ്വസിക്കുകയോ അവരിൽനിന്ന് എന്തെങ്കിലും സഹായം സ്വീകരിക്കുകയോ ചെയ്യുമായിരുന്നില്ല. ജൂതന്മാരുടെ ഇത്തരം പുച്ഛമനോഭാവത്തെക്കുറിച്ച് അറിയാമായിരുന്ന യേശു ഈ ദൃഷ്ടാന്തകഥയിലൂടെ ശക്തമായ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തകഥ, നല്ല അയൽക്കാരന്റെ ദൃഷ്ടാന്തകഥ എന്നൊക്കെയാണ് ഇതു പൊതുവേ അറിയപ്പെടുന്നത്.
എണ്ണയും വീഞ്ഞും ഒഴിച്ച് മുറിവുകൾ വെച്ചുകെട്ടി: യേശുവിന്റെ ദൃഷ്ടാന്തകഥയിലെ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവം രേഖപ്പെടുത്തിയ വൈദ്യനായ ലൂക്കോസ്, മുറിവിനു നൽകുന്ന പരിചരണത്തെക്കുറിച്ചും വിവരിച്ചിട്ടുണ്ട്. അക്കാലത്ത് നിലവിലിരുന്ന ചികിത്സാരീതിയുമായി ഈ വിവരണം നന്നായി യോജിക്കുന്നുമുണ്ട്. കാരണം അന്നൊക്കെ മുറിവിനുള്ള വീട്ടുചികിത്സയായി എണ്ണയും വീഞ്ഞും ഉപയോഗിക്കുന്ന രീതിയുണ്ടായിരുന്നു. മുറിവിന്റെയും ചതവിന്റെയും വേദനയ്ക്കു ശമനം ലഭിക്കാനായിരിക്കാം ഒരുപക്ഷേ എണ്ണ ഉപയോഗിച്ചിരുന്നത്. (യശ 1:6 താരതമ്യം ചെയ്യുക.) വീഞ്ഞിന്, മുറിവ് പഴുക്കുന്നതു തടയാനും അണുബാധയ്ക്ക് ഒരു പരിധിവരെ തടയിടാനും കഴിയുമായിരുന്നു. മുറിവ് വ്രണമാകാതിരിക്കാനായി അതു വെച്ചുകെട്ടുന്നതിനെക്കുറിച്ചും ലൂക്കോസ് വിവരിച്ചിട്ടുണ്ട്.
ഒരു സത്രം: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എല്ലാവരെയും സ്വീകരിക്കുന്ന, അഥവാ കൈക്കൊള്ളുന്ന സ്ഥലം” എന്നാണ്. വഴിയാത്രക്കാർക്കും അവരുടെ മൃഗങ്ങൾക്കും തങ്ങാനുള്ള സൗകര്യവും യാത്രക്കാർക്കു വേണ്ട അവശ്യസാധനങ്ങളും സത്രങ്ങളിൽ ലഭിച്ചിരുന്നു. ഇനി, വഴിയാത്രക്കാർ അവിടെ ഏൽപ്പിച്ചിട്ടുപോകുന്നവർക്കു വേണ്ട പരിചരണവും സത്രക്കാരൻ നൽകുമായിരുന്നു, അതിനു പ്രത്യേകം പണം കൊടുക്കണമായിരുന്നെന്നു മാത്രം.
ദിനാറെ: പദാവലിയും അനു. ബി14-ഉം കാണുക.
അയാളോടു കരുണ കാണിച്ചയാൾ: ആ നിയമപണ്ഡിതനു “ശമര്യക്കാരൻ” എന്ന പദം ഉച്ചരിക്കാൻപോലും മടിയായിരുന്നിരിക്കാം. എന്തായാലും അദ്ദേഹത്തിന്റെ മറുപടിയും ഏറ്റവും ഒടുവിൽ യേശു പറഞ്ഞ വാക്കുകളും ആ ദൃഷ്ടാന്തത്തിന്റെ പാഠം വ്യക്തമാക്കുന്നു: കരുണ കാണിക്കുന്നവനാണ് യഥാർഥ അയൽക്കാരൻ.
ഒരു ഗ്രാമത്തിൽ: സാധ്യതയനുസരിച്ച് ഇതു ബഥാന്യ ആണ്. ഒലിവുമലയുടെ തെക്കുകിഴക്കേ ചെരിവിൽ സ്ഥിതി ചെയ്തിരുന്ന ഈ ഗ്രാമം യരുശലേമിൽനിന്ന് ഏതാണ്ട് 3 കി.മീ. അകലെയായിരുന്നു. (യോഹ 11:18-ന്റെ പഠനക്കുറിപ്പു കാണുക.) അവിടെയായിരുന്നു മാർത്തയുടെയും മറിയയുടെയും ലാസറിന്റെയും വീട്. ഗലീലപ്രദേശത്തെ യേശുവിന്റെ താവളം കഫർന്നഹൂം ആയിരുന്നതുപോലെ (മർ 2:1) യഹൂദ്യപ്രദേശത്തെ താവളമായിരുന്നു ബഥാന്യ.
മാർത്ത: യേശുവിനെ വീട്ടിൽ സ്വീകരിക്കുന്നതിനെക്കുറിച്ച് പറയുന്നിടത്ത് മാർത്തയുടെ പേര് മാത്രമേ കാണുന്നുള്ളൂ. പൊതുവേ കാര്യങ്ങൾക്കു മുൻകൈയെടുത്തിരുന്നതു മാർത്തയായതുകൊണ്ട്, (ലൂക്ക 10:40; യോഹ 11:20) മാർത്ത മറിയയുടെ ചേച്ചിയായിരുന്നെന്ന് അനുമാനിക്കാം.—ലൂക്ക 10:39.
അധികമൊന്നും വേണ്ടാ. അല്ല, ഒന്നായാലും മതി: ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇതിന്റെ ഹ്രസ്വമായ രൂപമാണു കാണുന്നത്. “ഒന്നേ ആവശ്യമുള്ളൂ” എന്ന് അതു പരിഭാഷപ്പെടുത്താം. ഈ പരിഭാഷയാണു ചില ബൈബിൾഭാഷാന്തരങ്ങളിൽ കാണുന്നത്. എന്നാൽ “അധികമൊന്നും വേണ്ടാ. അല്ല, ഒന്നായാലും മതി” എന്ന പരിഭാഷയെ ധാരാളം കൈയെഴുത്തുപ്രതികൾ പിന്താങ്ങുന്നുണ്ട്. ഇതിൽ സ്വീകാര്യമായത് ഏതാണെങ്കിലും യേശു പറഞ്ഞതിന്റെ ആകമാനസന്ദേശം ഒന്നുതന്നെയാണ്: ആത്മീയകാര്യങ്ങൾ ഒന്നാമതു വെക്കുക. ആത്മീയകാര്യങ്ങൾക്കു മുൻഗണന നൽകിക്കൊണ്ട് “നല്ല പങ്കു” തിരഞ്ഞെടുത്ത മറിയയെ യേശു തുടർന്ന് അഭിനന്ദിക്കുന്നുമുണ്ട്.
നല്ല പങ്ക്: അഥവാ “ഏറ്റവും വിശിഷ്ടമായ പങ്ക്.” ഇവിടെ “പങ്ക്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മെറിസ് എന്ന ഗ്രീക്കുപദം, ആഹാരത്തിന്റെ പങ്കിനെയോ ഓഹരിയെയോ കുറിക്കാനും (ഉൽ 43:34; ആവ 18:8) ആത്മീയാർഥത്തിലുള്ള ഒരു ‘പങ്കിനെ’ കുറിക്കാനും (സങ്ക 16:5; 119:57) സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ, മറിയ തിരഞ്ഞെടുത്ത “നല്ല പങ്ക്” ദൈവപുത്രനിൽനിന്നുള്ള ആത്മീയപോഷണമായിരുന്നു.