യോഹന്നാൻ
പഠനക്കുറിപ്പുകൾ—അധ്യായം 10
ജീവൻ: അഥവാ “ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്. ഇവിടെ അതു യേശുവിന്റെ ജീവനെ കുറിക്കുന്നു. നല്ല ഇടയനായ യേശു തന്റെ ആടുകളുടെ പ്രയോജനത്തിനായി ആ ജീവൻ മനസ്സോടെ കൊടുക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.—പദാവലിയിൽ “ദേഹി” കാണുക.
ജീവൻ: അഥവാ “ദേഹി.”—യോഹ 10:11-ന്റെ പഠനക്കുറിപ്പു കാണുക.
അകത്ത് കൊണ്ടുവരേണ്ടതാണ്: അഥവാ “വഴികാട്ടേണ്ടതാണ്.” ഇവിടെ കാണുന്ന ആഗൊ എന്ന ഗ്രീക്കുക്രിയയെ സന്ദർഭമനുസരിച്ച് “(അകത്ത്) കൊണ്ടുവരുക” എന്നോ “വഴികാട്ടുക” എന്നോ പരിഭാഷപ്പെടുത്താം. എന്നാൽ എ.ഡി. 200-ന് അടുത്ത് തയ്യാറാക്കിയതെന്നു കരുതപ്പെടുന്ന ഒരു ഗ്രീക്കു കൈയെഴുത്തുപ്രതിയിൽ ഇവിടെ കാണുന്നത് ആ പദത്തോടു ബന്ധമുള്ള സിനാഗൊ എന്ന ഗ്രീക്കുപദമാണ്. പൊതുവേ ഈ പദത്തെ “ഒരുമിച്ചുകൂട്ടുക” എന്നാണു പരിഭാഷപ്പെടുത്താറുള്ളത്. നല്ല ഇടയനായ യേശു ഈ തൊഴുത്തിൽപ്പെട്ട ആടുകളെയും (ലൂക്ക 12:32-ൽ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നും വിളിച്ചിരിക്കുന്നു.) തന്റെ വേറെ ആടുകളെയും ഒരുമിച്ചുകൂട്ടുകയും വഴികാട്ടുകയും സംരക്ഷിക്കുകയും തീറ്റിപ്പോറ്റുകയും ചെയ്യുന്നു. അവ ‘ഒറ്റ ഇടയന്റെ’ കീഴിലുള്ള ‘ഒറ്റ ആട്ടിൻകൂട്ടം’ ആയിത്തീരുമായിരുന്നു. ഈ വാങ്മയചിത്രം യേശുവിന്റെ അനുഗാമികൾക്കിടയിലെ ഐക്യത്തെക്കുറിച്ചാണു മുൻകൂട്ടിപ്പറയുന്നത്.
കേട്ടനുസരിക്കുക: “കേട്ടനുസരിക്കുക” എന്നതിന്റെ അർഥം, കേട്ട്, മനസ്സിലാക്കി, അതനുസരിച്ച് പ്രവർത്തിക്കുക എന്നാണ്.
ജീവൻ: അഥവാ “ദേഹി.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്. ഇവിടെ അതു യേശുവിന്റെ ജീവനെ കുറിക്കുന്നു. അത് ഒരു ബലിയായി കൊടുക്കാൻ യേശു മനസ്സോടെ തയ്യാറായി.—പദാവലിയിൽ “ദേഹി” കാണുക.
സമർപ്പണോത്സവം: ഈ ഉത്സവത്തിന്റെ എബ്രായപേര് ഹനൂക്കാഹ് (ചനൂക്കാഹ്) എന്നാണ്. “ഉദ്ഘാടനം; സമർപ്പണം” എന്നൊക്കെയാണ് ആ പേരിന്റെ അർഥം. എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവമായിരുന്നു ഇത്. മകരസംക്രാന്തിയോട് അടുത്ത്, കിസ്ലേവ് മാസം 25-ാം തീയതി (ഈ വാക്യത്തിലെ തണുപ്പുകാലം എന്നതിന്റെ പഠനക്കുറിപ്പും അനു. ബി15-ഉം കാണുക.) തുടങ്ങുന്ന ഈ ഉത്സവം ബി.സി. 165-ൽ യരുശലേമിലെ ദേവാലയം പുനഃസമർപ്പണം നടത്തിയതിന്റെ ഓർമയ്ക്കു കൊണ്ടാടുന്നതായിരുന്നു. ഒരിക്കൽ, സിറിയൻ രാജാവായ അന്തിയോക്കസ് നാലാമൻ എപ്പിഫാനസ്, ജൂതന്മാരുടെ ദൈവമായ യഹോവയെ നിന്ദിക്കാനായി യഹോവയുടെ ആലയം അശുദ്ധമാക്കി. ഉദാഹരണത്തിന്, യഹോവയുടെ ആലയത്തിൽ ദിവസവും ദഹനയാഗം അർപ്പിച്ചിരുന്ന മഹായാഗപീഠത്തിനു മുകളിൽ അദ്ദേഹം മറ്റൊരു യാഗപീഠം പണിതു. ബി.സി. 168 കിസ്ലേവ് മാസം 25-ാം തീയതി യഹോവയുടെ ആലയം തീർത്തും അശുദ്ധമാക്കാൻ അന്തിയോക്കസ് ആ യാഗപീഠത്തിൽ പന്നിയെ ബലി അർപ്പിക്കുകയും അതിന്റെ ഇറച്ചി വേവിച്ച വെള്ളം ദേവാലയം മുഴുവനും തളിക്കുകയും ചെയ്തു. ദേവാലയകവാടങ്ങൾ ചുട്ടുകരിക്കുകയും പുരോഹിതന്മാർക്കുള്ള മുറികൾ ഇടിച്ചുതകർക്കുകയും ചെയ്ത അദ്ദേഹം സ്വർണയാഗപീഠവും കാഴ്ചയപ്പത്തിന്റെ മേശയും സ്വർണംകൊണ്ടുള്ള തണ്ടുവിളക്കും എടുത്തുകൊണ്ടുപോകുകയും ചെയ്തു. എന്നിട്ട് യഹോവയുടെ ആലയം ഒളിമ്പസിലെ സീയൂസ് ദേവനു സമർപ്പിച്ചു. എന്നാൽ രണ്ടു വർഷത്തിനു ശേഷം ജൂഡസ് മക്കബീസ് ആ നഗരവും ദേവാലയവും തിരിച്ചുപിടിച്ചു. തുടർന്ന് ആലയത്തിന്റെ ശുദ്ധീകരണവും നടത്തി. ഒടുവിൽ, അന്തിയോക്കസ് രാജാവ് സീയൂസ് ദേവനു മ്ലേച്ഛമായ ആ ബലി അർപ്പിച്ചിട്ട് മൂന്നു കൊല്ലം തികഞ്ഞ അതേ ദിവസം, അതായത് ബി.സി. 165 കിസ്ലേവ് 25-ന് ആലയത്തിന്റെ പുനഃസമർപ്പണം നടന്നു. യഹോവയ്ക്കു ദിവസേന അർപ്പിക്കേണ്ടിയിരുന്ന ദഹനയാഗങ്ങൾ അങ്ങനെ അവിടെ വീണ്ടും അർപ്പിക്കാൻതുടങ്ങി. ജൂഡസ് മക്കബീസിനു വിജയം നൽകിയതും ദേവാലയത്തിലെ കാര്യങ്ങളെല്ലാം പഴയപടിയാക്കാൻ അദ്ദേഹത്തെ നയിച്ചതും യഹോവയാണെന്നു ദൈവപ്രചോദിതമായ തിരുവെഴുത്തുകളിൽ ഒരിടത്തും നേരിട്ട് പറഞ്ഞിട്ടില്ല. എന്നാൽ തന്റെ ആരാധനയുമായി ബന്ധപ്പെട്ട് താൻ മനസ്സിൽക്കണ്ട ചില കാര്യങ്ങൾ നടപ്പിലാക്കാൻ യഹോവ മുമ്പ് മറ്റു ജനതകളിൽപ്പെട്ടവരെപ്പോലും ഉപയോഗിച്ചിട്ടുണ്ടെന്ന് ഓർക്കുക. പേർഷ്യയിലെ കോരെശ് അതിന് ഉദാഹരണമാണ്. (യശ 45:1) ആ സ്ഥിതിക്ക്, തന്റെ ഇഷ്ടം നടപ്പാക്കാൻ തന്റെ സമർപ്പിതജനതയിലെ ഒരു അംഗത്തെത്തന്നെ യഹോവ ഉപയോഗിച്ചിരിക്കാം എന്നു നിഗമനം ചെയ്യുന്നതിൽ തെറ്റില്ല. മിശിഹയെക്കുറിച്ചും മിശിഹയുടെ ശുശ്രൂഷ, ബലി എന്നിവയെക്കുറിച്ചും ഉള്ള പ്രവചനങ്ങൾ നിറവേറണമെങ്കിൽ മിശിഹ വരുമ്പോൾ ദേവാലയവും അതിലെ ആരാധനയും നിലവിലുണ്ടായിരിക്കണം എന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ മിശിഹ തന്റെ ജീവൻ എല്ലാ മനുഷ്യർക്കുംവേണ്ടി മഹത്ത്വമേറിയ ഒരു ബലിയായി അർപ്പിക്കുന്ന സമയംവരെ ലേവ്യപുരോഹിതന്മാർ മൃഗബലികൾ അർപ്പിക്കേണ്ടതുമുണ്ടായിരുന്നു. (ദാനി 9:27; യോഹ 2:17; എബ്ര 9:11-14) സമർപ്പണോത്സവം ആചരിക്കാൻ ക്രിസ്തുവിന്റെ അനുഗാമികളോടു കല്പിച്ചിരുന്നില്ല. (കൊലോ 2:16, 17) എന്നാൽ ഈ ഉത്സവം ആചരിക്കുന്നതിനെ ക്രിസ്തുവോ ശിഷ്യന്മാരോ കുറ്റം വിധിച്ചതായും എവിടെയും കാണുന്നില്ല.
തണുപ്പുകാലം: എ.ഡി. 32-ലെ തണുപ്പുകാലമാണ് ഇത്. അതായത്, യേശുവിന്റെ ശുശ്രൂഷക്കാലത്തെ അവസാനത്തെ തണുപ്പുകാലം. സമർപ്പണോത്സവം നടക്കുന്നത് ഒൻപതാം മാസമായ കിസ്ലേവിലാണ് (നവംബർ/ഡിസംബർ). എ.ഡി. 32-ൽ, ഉത്സവത്തിന്റെ ആദ്യദിവസമായ കിസ്ലേവ് 25 വന്നതു ഡിസംബറിന്റെ മധ്യഭാഗത്തായിരുന്നു. (അനു. ബി15 കാണുക.) തണുപ്പുകാലത്താണ് ഈ ഉത്സവം നടക്കുന്നതെന്നു ജൂതന്മാർക്കു പൊതുവേ അറിയാവുന്ന കാര്യമാണ്. എന്നിട്ടും അതു തണുപ്പുകാലമാണെന്ന് എടുത്തുപറഞ്ഞിരിക്കുന്നത്, യേശു പഠിപ്പിക്കാനായി ‘ശലോമോന്റെ മണ്ഡപം’ തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമാക്കാനായിരിക്കാം. (യോഹ 10:23) അവിടെവെച്ച് പഠിപ്പിച്ചാൽ തണുപ്പുകാലത്തെ ശക്തമായ കിഴക്കൻ കാറ്റിൽനിന്ന് സംരക്ഷണം ലഭിക്കുമായിരുന്നു.—അനു. ബി11 കാണുക.
ഞങ്ങൾ: അഥവാ “ഞങ്ങളുടെ ദേഹികൾ.” കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദത്തിന്റെ അർഥം സന്ദർഭം നോക്കിയാണു തീരുമാനിക്കുന്നത്. ചിലപ്പോൾ അത് ഒരു വ്യക്തിയെ കുറിക്കുന്ന സർവനാമമായി ഉപയോഗിക്കാറുണ്ട്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം അത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണു മത്ത 12:18; 26:38; എബ്ര 10:38 എന്നീ വാക്യങ്ങൾ. അവിടെ “എന്റെ സൈക്കി (ദേഹി)” എന്നതു “ഞാൻ” എന്നോ “എന്റെ” എന്നോ പരിഭാഷപ്പെടുത്താവുന്നതാണ്.—പദാവലിയിൽ “ദേഹി” കാണുക.
മറ്റ് എന്തിനെക്കാളും വിലപ്പെട്ടതാണ് എന്റെ പിതാവ് എനിക്കു തന്നിരിക്കുന്നത്?: ഈ ഭാഗം പല ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും പല പരിഭാഷകളിലും അല്പസ്വല്പം വ്യത്യാസത്തോടെയാണു കാണുന്നത്. ചില കൈയെഴുത്തുപ്രതികളനുസരിച്ച് ഈ ഭാഗം ഇങ്ങനെ പരിഭാഷപ്പെടുത്താം: “അവയെ എനിക്കു തന്ന എന്റെ പിതാവ് എല്ലാവരെക്കാളും വലിയവനാണ്.” എന്നാൽ “മറ്റ് എന്തിനെക്കാളും വിലപ്പെട്ടതാണ് എന്റെ പിതാവ് എനിക്കു തന്നിരിക്കുന്നത്” എന്ന പരിഭാഷയെത്തന്നെയാണു മിക്ക പണ്ഡിതന്മാരും അനുകൂലിക്കുന്നത്.
ഒന്നാണ്: അഥവാ “ഐക്യത്തിലാണ്.” ചെമ്മരിയാടുതുല്യരായ ആളുകളെ സംരക്ഷിച്ച്, നിത്യജീവനിലേക്കു നയിക്കുന്നതിൽ താനും പിതാവും ഒറ്റക്കെട്ടാണെന്നു യേശുവിന്റെ ഈ വാക്കുകൾ സൂചിപ്പിച്ചു. ഈ ഇടയവേല പിതാവിന്റെയും പുത്രന്റെയും കൂട്ടായ ഒരു ഉദ്യമമാണ്. തങ്ങളുടെ ആടുകളെക്കുറിച്ച് രണ്ടു പേർക്കും ഒരുപോലെ ചിന്തയുണ്ട്. അവയെ തങ്ങളുടെ കൈയിൽനിന്ന് തട്ടിയെടുക്കാൻ അവർ ആരെയും അനുവദിക്കില്ല. (യോഹ 10:27-29; യഹ 34:23, 24 താരതമ്യം ചെയ്യുക.) പിതാവിനും പുത്രനും തമ്മിൽ പ്രവർത്തനത്തിലും ഉദ്ദേശ്യത്തിലും ഐക്യമുണ്ടെന്നു യോഹന്നാന്റെ സുവിശേഷത്തിൽ പലയിടത്തും പറയുന്നുണ്ട്. ഈ വാക്യത്തിൽ, “ഒന്നാണ്” എന്നു പരിഭാഷ ചെയ്തിരിക്കുന്ന ഗ്രീക്കുപദം പുല്ലിംഗത്തിലല്ല, (പുല്ലിംഗത്തിലാണെങ്കിൽ ആ പദം “ഒരു വ്യക്തിയെ” ആണ് കുറിക്കുന്നത്.) നപുംസകലിംഗത്തിലാണു (നപുംസകലിംഗത്തിലാണെങ്കിൽ ആ പദം “ഒരു കാര്യത്തെ” കുറിക്കുന്നു.) കാണുന്നത്. അതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: യേശുവും പിതാവും ‘ഒന്നാണെന്നു’ പറഞ്ഞിരിക്കുന്നത് അവർ രണ്ടും ഒറ്റ വ്യക്തിയാണെന്ന അർഥത്തിലല്ല, മറിച്ച് അവർ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നു എന്ന അർഥത്തിലാണ്. (യോഹ 5:19; 14:9, 23) ഈ വാക്യത്തിലെ യേശുവിന്റെ വാക്കുകളും യോഹന്നാൻ 17-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രാർഥനയിലെ വാക്കുകളും താരതമ്യപ്പെടുത്തിയാൽ ഒരു കാര്യം മനസ്സിലാക്കാം: യേശുവിന്റെ വാക്കുകളുടെ അർഥം, ദൈവത്വത്തിന്റെ കാര്യത്തിൽ അവർ തുല്യരാണെന്നല്ല പകരം ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും അവർ ഒന്നാണെന്നാണ്. (യോഹ 10:25-29; 17:2, 9-11) ‘നമ്മൾ ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കേണമേ’ എന്നു തന്റെ അനുഗാമികളെക്കുറിച്ച് പ്രാർഥിച്ച യേശുവിന്റെ വാക്കുകളും ഈ നിഗമനത്തെ ശരിവെക്കുന്നു. (യോഹ 17:11) ചുരുക്കത്തിൽ, 10-ാം അധ്യായത്തിലും 17-ാം അധ്യായത്തിലും ‘ഒന്നാണ്’ എന്നു പറഞ്ഞിരിക്കുന്നത് ഒരേ അർഥത്തിലാണ്.—“ഒന്നാണ്” എന്നതിന്റെ ഗ്രീക്കുപദം ഇതേ അർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന 1കൊ 3:8-ഉം യോഹ 17:11; 21 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.
ദൈവങ്ങളാണ്: അഥവാ “ദൈവത്തെപ്പോലുള്ളവരാണ്.” യേശു ഇവിടെ സങ്ക 82:6-ൽനിന്ന് ഉദ്ധരിക്കുകയായിരുന്നു. ആ വാക്യത്തിൽ എലോഹീം (ദൈവങ്ങൾ) എന്ന എബ്രായപദം മനുഷ്യരെ (അതായത്, ഇസ്രായേലിലെ മനുഷ്യന്യായാധിപന്മാരെ) കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ പ്രതിനിധികളും വക്താക്കളും എന്ന നിലയിലാണ് അവർ ‘ദൈവങ്ങളായിരുന്നത്.’ അഹരോന്റെയും ഫറവോന്റെയും കാര്യത്തിൽ, മോശ അവർക്ക് ഒരു ‘ദൈവത്തെപ്പോലെയായിരിക്കും’ എന്നു പറഞ്ഞതും ഇതേ അർഥത്തിലാണ്.—പുറ 4:16, അടിക്കുറിപ്പ്; 7:1, അടിക്കുറിപ്പ്.
നിങ്ങളുടെ നിയമത്തിൽ: ഇതു കുറിക്കുന്നതു മോശയ്ക്കു കൊടുത്ത നിയമത്തെ മാത്രമല്ല, എബ്രായതിരുവെഴുത്തുകളെ മൊത്തത്തിലാണ്. കാരണം ഇവിടെ കാണുന്ന ഉദ്ധരണി സങ്ക 82:6-ൽനിന്നുള്ളതാണ്. യോഹ 12:34; 15:25 എന്നീ വാക്യങ്ങളിൽ ‘നിയമം’ എന്നു പറഞ്ഞിരിക്കുന്നതും ഇതേ അർഥത്തിൽത്തന്നെയാണ്.
പിതാവ് എന്നോടും ഞാൻ പിതാവിനോടും യോജിപ്പിലാണ്: അക്ഷ. “പിതാവ് എന്നിലും ഞാൻ പിതാവിലും ആണ്.” “യോജിപ്പിലാണ്” എന്ന് ഈ വാക്യത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന എൻ എന്ന ഗ്രീക്കുപദം ഉറ്റ ബന്ധത്തെയാണു കുറിക്കുന്നത്. ഈ ഗ്രീക്കുപദം ഇത്തരത്തിൽ ഉപയോഗിച്ചിരിക്കുന്നത്, യോഹന്നാന്റെയും പൗലോസിന്റെയും രചനാരീതിയുടെ ഒരു പ്രത്യേകതയാണ്. (ഗല 1:22; 3:28; എഫ 2:13, 15; 6:1) 1യോഹ 3:24; 4:13, 15 എന്നീ വാക്യങ്ങളിൽ, ദൈവവുമായി ഒരു ക്രിസ്ത്യാനിക്കുള്ള ബന്ധത്തെ വർണിക്കാനാണ് ആ പദം ഉപയോഗിച്ചിരിക്കുന്നത്. ഇനി, ആ പദത്തെ “യോജിപ്പിലാണ്” എന്നു പരിഭാഷപ്പെടുത്തുന്നതിനെ യോഹ 17:20-23-ഉം പിന്താങ്ങുന്നു. ആ ഗ്രീക്കുപദം അവിടെ ആ അർഥത്തിൽ അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.