യോഹന്നാൻ
പഠനക്കുറിപ്പുകൾ—അധ്യായം 21
മക്കളേ: അഥവാ “കുഞ്ഞുങ്ങളേ.” ഇവിടെ അഭിസംബോധനാരൂപത്തിൽ കാണുന്ന പൈദിയോൻ എന്ന ഗ്രീക്കുപദത്തിന് (“കുട്ടി” എന്നതിന്റെ ഗ്രീക്കുപദമായ പെയ്സ് എന്നതിന്റെ അൽപ്പതാവാചി രൂപം.) ഒരു പിതാവിനു മക്കളോടു തോന്നുന്ന തരം ഇഷ്ടത്തെ സൂചിപ്പിക്കാനാകും. ഈ വാക്യത്തിൽ ആ പദം സൗഹൃദത്തെയും സ്നേഹത്തെയും ആണ് കുറിക്കുന്നത്.
കഴിക്കാൻ വല്ലതുമുണ്ടോ: അഥവാ “മീനുണ്ടോ?” പ്രൊസ്ഫാഗിയൊൻ എന്ന ഗ്രീക്കുപദം ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. പൊതുവേ ഈ പദം മറ്റു ഗ്രീക്കുഗ്രന്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് അപ്പത്തിന്റെകൂടെ കഴിക്കാവുന്ന എന്തിനെയെങ്കിലും സൂചിപ്പിക്കാനാണ്. ഈ വാക്യത്തിലെ ചോദ്യം ഒരു കൂട്ടം മീൻപിടുത്തക്കാരോടായതുകൊണ്ട് ഇവിടെ ആ പദംകൊണ്ട് ഉദ്ദേശിച്ചതു മീനുകളെയാണെന്നു വ്യക്തം.
യേശു സ്നേഹിച്ച ശിഷ്യൻ: അതായത്, യേശുവിനു പ്രത്യേകസ്നേഹമുണ്ടായിരുന്ന ശിഷ്യൻ. യേശു “സ്നേഹിച്ച” അഥവാ “യേശുവിനു പ്രിയപ്പെട്ട” ഒരു ശിഷ്യനെക്കുറിച്ച് ഈ സുവിശേഷത്തിൽ അഞ്ചിടത്ത് പറയുന്നുണ്ട്. (യോഹ 13:23; 19:26; 20:2; 21:7, 20) അതിൽ നാലാമത്തേതാണ് ഇത്. ഈ ശിഷ്യൻ സെബെദിയുടെ മകനും യാക്കോബിന്റെ സഹോദരനും ആയ യോഹന്നാൻ അപ്പോസ്തലനാണെന്നു പൊതുവേ കരുതപ്പെടുന്നു.—മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 21:2; ഇതു യോഹന്നാനാണെന്നു പറയാനുള്ള കാരണങ്ങൾ അറിയാൻ, യോഹ 13:23; 21:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
നഗ്നനായിരുന്ന: അഥവാ “അൽപ്പവസ്ത്രധാരിയായിരുന്ന.” ഇവിടെ കാണുന്ന ഗുംനോസ് എന്ന ഗ്രീക്കുപദത്തിന്, “അൽപ്പവസ്ത്രധാരി; അടിവസ്ത്രം മാത്രം ധരിച്ചവൻ” എന്നെല്ലാം അർഥം വരാം.—യാക്ക 2:15; മത്ത 25:36-ന്റെ പഠനക്കുറിപ്പു കാണുക.
300 അടി: ഏകദേശം 90 മീ. അക്ഷ. ”ഏകദേശം 200 മുഴം.“ ഇവിടെ കാണുന്ന പേഖൂസ് എന്ന ഗ്രീക്കുപദം (മത്ത 6:27; ലൂക്ക 12:25; വെളി 21:17 എന്നിവിടങ്ങളിൽ “മുഴം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) നീളത്തിന്റെ ചെറിയൊരു അളവിനെ കുറിക്കുന്നു. ഏതാണ്ട് കൈമുട്ടുമുതൽ നടുവിരലിന്റെ അറ്റംവരെയുള്ള നീളത്തിനു തുല്യമായിരുന്നു അത്. ഏകദേശം 44.5 സെ.മീ. (17.5 ഇഞ്ച്) ആണ് ഇസ്രായേല്യർ സാധാരണ ഒരു മുഴമായി കണക്കാക്കിയിരുന്നത്.—പദാവലിയിൽ “മുഴം” എന്നതും അനു. ബി14-ഉം കാണുക.
യേശു ശിമോൻ പത്രോസിനോട്: പത്രോസ് യേശുവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞിട്ട് അധികമാകുന്നതിനു മുമ്പാണു യേശുവും പത്രോസും തമ്മിലുള്ള ഈ സംഭാഷണം നടക്കുന്നത്. പത്രോസിനു തന്നോടുള്ള ഇഷ്ടം അളക്കാൻ യേശു മൂന്നു ചോദ്യങ്ങൾ ചോദിച്ചെന്നും ഒടുവിൽ “പത്രോസിന് ആകെ സങ്കടമായി” എന്നും നമ്മൾ വായിക്കുന്നു. (യോഹ 21:17) യോഹ 21:15-17-ലെ ഈ വിവരണത്തിൽ വ്യത്യസ്തമായ രണ്ടു ഗ്രീക്ക് ക്രിയാപദങ്ങൾ കാണാം: ഒന്ന്, സ്നേഹിക്കുക എന്ന് അർഥംവരുന്ന അഗപാഓ; രണ്ട്, ഇഷ്ടപ്പെടുക എന്ന് അർഥംവരുന്ന ഫിലീയോ. ‘നീ എന്നെ സ്നേഹിക്കുന്നുണ്ടോ’ എന്നു രണ്ടു പ്രാവശ്യം യേശു പത്രോസിനോടു ചോദിച്ചു. തനിക്കു യേശുവിനെ വളരെ ‘ഇഷ്ടമാണെന്ന്’ രണ്ടു തവണയും പത്രോസ് ആത്മാർഥമായിത്തന്നെ മറുപടിയും കൊടുത്തു. ഒടുവിൽ യേശു, “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ” എന്നു ചോദിച്ചു. ഉണ്ടെന്ന് ഇത്തവണയും പത്രോസ് ഉറപ്പു കൊടുത്തു. പത്രോസ് ഓരോ തവണ തന്റെ സ്നേഹത്തിന് ഉറപ്പു കൊടുത്തപ്പോഴും യേശു ഒരു കാര്യം ഊന്നിപ്പറഞ്ഞു: തന്നോടു സ്നേഹവും ഇഷ്ടവും ഉണ്ടെങ്കിൽ പത്രോസ് തന്റെ ശിഷ്യന്മാരായ കുഞ്ഞാടുകളെ ആത്മീയമായി തീറ്റുകയും ‘മേയ്ക്കുകയും’ വേണം. (യോഹ 21:16, 17; 1പത്ര 5:1-3) തന്നോടു പത്രോസിനു സ്നേഹമുണ്ടെന്ന് ഉറപ്പേകാൻ മൂന്ന് അവസരം കൊടുത്തശേഷമാണു തന്റെ ആടുകളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം യേശു അദ്ദേഹത്തെ ഏൽപ്പിച്ചത്. താൻ യേശുവിനെ മൂന്നു വട്ടം തള്ളിപ്പറഞ്ഞതു യേശു ക്ഷമിച്ചോ എന്നു ചെറിയൊരു സംശയമെങ്കിലും പത്രോസിന് ഉണ്ടായിരുന്നെങ്കിൽ അത് ഈ സംഭാഷണത്തോടെ തീർന്നുകാണും.
യോഹന്നാൻ: ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ പത്രോസ് അപ്പോസ്തലന്റെ അപ്പനെ യോഹന്നാൻ എന്നാണു വിളിച്ചിരിക്കുന്നത്. എന്നാൽ മറ്റു ചില പുരാതന കൈയെഴുത്തുപ്രതികളിൽ ഇവിടെ അദ്ദേഹത്തെ യോന എന്നു വിളിച്ചിരിക്കുന്നതായി കാണാം. മത്ത 16:17-ൽ യേശു പത്രോസിനെ ‘യോനയുടെ മകനായ ശിമോൻ’ എന്നാണു വിളിച്ചത്. (മത്ത 16:17-ന്റെ പഠനക്കുറിപ്പു കാണുക.) യോഹന്നാൻ എന്നതിന്റെ എബ്രായപേര് ഗ്രീക്കിൽ രണ്ടു രീതിയിൽ എഴുതാം. അതിൽനിന്നായിരിക്കാം യോഹന്നാൻ, യോന എന്നീ രണ്ടു പേരുകൾ വന്നതെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?: ഗ്രീക്കുവ്യാകരണമനുസരിച്ച്, “ഇവയെക്കാൾ” എന്ന പദപ്രയോഗത്തിന് ഒന്നിലധികം അർഥം വരാം. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ യേശു ചോദിച്ചതിന്റെ അർഥം, “ഈ ശിഷ്യന്മാരെ സ്നേഹിക്കുന്നതിനെക്കാൾ നീ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നോ “ഈ ശിഷ്യന്മാർ എന്നെ സ്നേഹിക്കുന്നതിനെക്കാളും നീ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നോ ആണ്. എന്നാൽ “നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്ന യേശുവിന്റെ ചോദ്യം, അവർ പിടിച്ച മീനുകളെയോ അവരുടെ മത്സ്യബന്ധനബിസിനെസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളെയോ ഉദ്ദേശിച്ചായിരിക്കാനാണു കൂടുതൽ സാധ്യത. ചുരുക്കത്തിൽ ആ വാക്യത്തിന്റെ ആശയം ഇതായിരിക്കാം: ‘നീ ഭൗതികവസ്തുക്കളെക്കാളും സ്ഥാനമാനങ്ങളെക്കാളും എന്നെ സ്നേഹിക്കുന്നുണ്ടോ? എങ്കിൽ എന്റെ കുഞ്ഞാടുകളെ തീറ്റുക.’ പത്രോസിന്റെ ഭൂതകാലം കണക്കിലെടുക്കുമ്പോൾ ഈ ചോദ്യത്തിനു പ്രത്യേകപ്രസക്തിയുണ്ട്. കാരണം, പത്രോസ് യേശുവിന്റെ ആദ്യശിഷ്യന്മാരിൽ ഒരാളായിരുന്നെങ്കിലും (യോഹ 1:35-42) അദ്ദേഹം പെട്ടെന്നൊന്നും യേശുവിനെ മുഴുവൻ സമയവും അനുഗമിച്ചില്ല. പകരം അദ്ദേഹം മീൻപിടുത്തത്തിലേക്കുതന്നെ തിരിച്ചുപോയി. ആ വലിയ ബിസിനെസ്സിൽ ഉൾപ്പെട്ടിരുന്ന പത്രോസിനെ കുറച്ച് മാസങ്ങൾക്കു ശേഷം യേശു ‘മനുഷ്യരെ പിടിക്കുന്നവനാകാൻ’ വിളിച്ചു. (മത്ത 4:18-20; ലൂക്ക 5:1-11) എന്നാൽ യേശുവിന്റെ മരണശേഷം അധികം വൈകാതെ പത്രോസ് വീണ്ടും, താൻ മീൻ പിടിക്കാൻ പോകുകയാണെന്നു പറഞ്ഞു. മറ്റ് അപ്പോസ്തലന്മാരും പത്രോസിന്റെ കൂടെ കൂടി. (യോഹ 21:2, 3) അതുകൊണ്ട് പത്രോസിനോടുള്ള യേശുവിന്റെ ഈ വാക്കുകൾ നിർണായകമായ ഒരു തീരുമാനം എടുക്കാനുള്ള ആഹ്വാനമായിരുന്നിരിക്കാം. താൻ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നത് അവിടെ കൂട്ടിയിട്ടിരുന്ന മീനുകൾക്ക് അഥവാ മത്സ്യബന്ധനബിസിനെസ്സിന് ആയിരിക്കുമോ അതോ യേശുവിന്റെ അനുഗാമികളായ കുഞ്ഞാടുകൾക്ക് ആത്മീയഭക്ഷണം കൊടുക്കുന്നതിനായിരിക്കുമോ എന്നു പത്രോസ് തീരുമാനിക്കേണ്ടിയിരുന്നു.—യോഹ 21:4-8.
സ്നേഹിക്കുന്നുണ്ടോ . . . ഇഷ്ടമാണെന്ന്: യോഹ 21:15-ന്റെ പഠനക്കുറിപ്പു കാണുക.
കുഞ്ഞാടുകൾ: ഇവിടെയും 17-ാം വാക്യത്തിലും ‘കുഞ്ഞാടുകൾ’ (അക്ഷ. “ചെമ്മരിയാട്ടിൻകുട്ടികൾ”) എന്നു പരിഭാഷ ചെയ്തിരിക്കുന്ന പ്രോബറ്റ്യൊൻ എന്ന ഗ്രീക്കുപദം “ചെമ്മരിയാട്” എന്നതിനുള്ള ഗ്രീക്കുപദത്തിന്റെ അൽപ്പതാവാചി രൂപമാണ്. ഇഷ്ടത്തെയും അടുപ്പത്തെയും ഒക്കെ സൂചിപ്പിക്കാനാണു ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും അൽപ്പതാവാചി രൂപം ഉപയോഗിച്ചിരിക്കുന്നത്.—പദാവലിയിൽ “അൽപ്പതാവാചി” കാണുക.
മൂന്നാമത്: പത്രോസ് മൂന്നു വട്ടം തന്റെ കർത്താവിനെ തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തന്നോടുള്ള സ്നേഹത്തിന് ഉറപ്പേകാൻ യേശു പത്രോസിനു മൂന്ന് അവസരം കൊടുക്കുന്നു. യേശുവിനോടു സ്നേഹമുണ്ടെന്നു പത്രോസ് ഉറപ്പിച്ചുപറഞ്ഞപ്പോൾ, വിശുദ്ധസേവനത്തിനു മറ്റെല്ലാത്തിനെക്കാളും പ്രാധാന്യം കൊടുത്തുകൊണ്ട് ആ സ്നേഹവും ഇഷ്ടവും തെളിയിക്കാൻ യേശു പറയുന്നു. ഉത്തരവാദിത്വപ്പെട്ട മറ്റു സഹോദരന്മാരോടൊപ്പം പത്രോസ് ക്രിസ്തുവിന്റെ വിശ്വസ്താനുഗാമികളായ ആട്ടിൻപറ്റത്തിന് ആത്മീയഭക്ഷണം കൊടുക്കുകയും അവരെ ബലപ്പെടുത്തുകയും മേയ്ക്കുകയും ചെയ്യണമായിരുന്നു. യേശുവിന്റെ ആ അനുഗാമികൾ അഭിഷിക്തരായിരുന്നെങ്കിലും ആത്മീയഭക്ഷണം വേണ്ടവരായിരുന്നു അവരും.—ലൂക്ക 22:32.
യേശു സ്നേഹിക്കുന്ന ശിഷ്യൻ: അതായത്, യേശുവിനു പ്രത്യേകസ്നേഹമുണ്ടായിരുന്ന ശിഷ്യൻ. യേശു “സ്നേഹിച്ച” അഥവാ “യേശുവിനു പ്രിയപ്പെട്ട” ഒരു ശിഷ്യനെക്കുറിച്ച് ഈ സുവിശേഷത്തിൽ അഞ്ചിടത്ത് പറയുന്നുണ്ട്. (യോഹ 13:23; 19:26; 20:2; 21:7, 20) അതിൽ അവസാനത്തേതാണ് ഇത്. ഈ ശിഷ്യൻ സെബെദിയുടെ മകനും യാക്കോബിന്റെ സഹോദരനും ആയ യോഹന്നാൻ അപ്പോസ്തലനാണെന്നു പൊതുവേ കരുതപ്പെടുന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 21:2) “യേശു സ്നേഹിക്കുന്ന ശിഷ്യൻ”തന്നെയാണ് ‘ഈ കാര്യങ്ങൾ (അതായത് യോഹന്നാന്റെ സുവിശേഷം) എഴുതിയത്’ എന്നു യോഹ 21:20-24 സൂചിപ്പിക്കുന്നു.—യോഹ തലക്കെട്ട്; 1:6; 13:23 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യേശുവിന്റെ മാറിലേക്കു ചാഞ്ഞ് . . . ഈ ശിഷ്യൻ: യോഹ 13:23-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ വരുന്നതുവരെ: യേശു ഇങ്ങനെ പറഞ്ഞപ്പോൾ, യോഹന്നാൻ അപ്പോസ്തലൻ തങ്ങളെക്കാൾ കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നൊരു ധാരണ മറ്റ് അപ്പോസ്തലന്മാർക്കു ലഭിച്ചുകാണും. വാസ്തവത്തിൽ ഈ സംഭവത്തിനു ശേഷം യോഹന്നാൻ ഏതാണ്ട് 70 വർഷംകൂടെ ജീവിക്കുകയും വിശ്വസ്തമായി ദൈവത്തെ സേവിക്കുകയും ചെയ്തു. സാധ്യതയനുസരിച്ച് ഏറ്റവും അവസാനം മരിച്ച അപ്പോസ്തലനും ഇദ്ദേഹമാണ്. ഇനി, “ഞാൻ വരുന്നതുവരെ” എന്ന യേശുവിന്റെ വാക്കുകൾ കേട്ടപ്പോൾ, ‘മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതിനെക്കുറിച്ച്’ യേശു പറഞ്ഞതും ശിഷ്യന്മാർ ഓർത്തുകാണും. (മത്ത 16:28) ഒരർഥത്തിൽ യേശു ‘വരുന്നതുവരെ’ യോഹന്നാൻ ജീവിച്ചിരിക്കുകയും ചെയ്തു. അത് എങ്ങനെയാണ്? പത്മൊസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ട യോഹന്നാന്റെ ജീവിതാവസാനത്തോടടുത്ത് അദ്ദേഹത്തിന് ഒരു വെളിപാട് ലഭിച്ചു. യേശു ‘കർത്താവിന്റെ ദിവസത്തിൽ’ രാജാധികാരത്തോടെ വരുമ്പോൾ സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളുടെ പ്രതീകങ്ങളാണ് അദ്ദേഹം അതിൽ കണ്ടത്. അത്യത്ഭുതകരമായ ദർശനങ്ങളായിരുന്നു അവ. ഒടുവിൽ യേശു, “ഞാൻ വേഗം വരുകയാണ്” എന്നു പറഞ്ഞപ്പോൾ യോഹന്നാൻ ആവേശത്തോടെ “ആമേൻ! കർത്താവായ യേശുവേ, വരേണമേ” എന്നു പറഞ്ഞു. ആ ദർശനങ്ങൾ അദ്ദേഹത്തെ അത്രയേറെ സ്വാധീനിച്ചെന്നാണ് അതു തെളിയിക്കുന്നത്.—വെളി 1:1, 9, 10; 22:20.
യേശു ചെയ്ത മറ്റ് അനേകം കാര്യങ്ങളുമുണ്ട്: യേശുവിന്റെ ജീവിതത്തെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും ഉള്ള എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തിയാൽ ആ ചുരുളുകൾ (അന്ന് പുസ്തകങ്ങൾ ഈ രൂപത്തിലായിരുന്നു.) ഈ ലോകത്തുതന്നെ ഒതുങ്ങില്ലെന്നു പറഞ്ഞപ്പോൾ യോഹന്നാൻ അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നു. യോഹന്നാൻ ഇവിടെ ലോകം എന്നതിന് ഉപയോഗിച്ചിരിക്കുന്ന കോസ്മൊസ് എന്ന ഗ്രീക്കുപദത്തിനു മുഴുമാനവസമുദായത്തെയും (അന്നത്തെ ലോകത്തുണ്ടായിരുന്ന എല്ലാ ഗ്രന്ഥശാലകളും ഉൾപ്പെടെ.) കുറിക്കാനാകുമായിരുന്നു. അതേ പദം മറ്റു ഗ്രീക്കുഗ്രന്ഥങ്ങളിൽ മുഴുപ്രപഞ്ചത്തെ (മനുഷ്യമനസ്സിനു വിഭാവന ചെയ്യാവുന്ന ഏറ്റവും വലിയ മണ്ഡലം.) കുറിക്കാനും ചിലപ്പോഴൊക്കെ ഉപയോഗിച്ചിട്ടുണ്ട്. (പ്രവൃ 17:24-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.) എന്നാൽ യോഹന്നാൻ ഇവിടെ ഉദ്ദേശിച്ചത് ഇതാണ്: യേശുവിനെക്കുറിച്ച് ഇനിയും ഒരുപാട് എഴുതാനുണ്ടെങ്കിലും “യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു” സംശയലേശമെന്യേ തെളിയിക്കാൻ യോഹന്നാന്റെ ‘ചുരുളിലും’ ദൈവപ്രചോദിതമായ മറ്റു തിരുവെഴുത്തുഭാഗങ്ങളിലും ഉള്ള വിവരങ്ങൾതന്നെ ധാരാളം. (യോഹ 20:30, 31) യോഹന്നാന്റെ ഈ ലിഖിതരേഖ താരതമ്യേന ഹ്രസ്വമാണെങ്കിലും അതു ദൈവപുത്രന്റെ മനോഹരമായ ഒരു ചിത്രം വരച്ചുകാട്ടുന്നു.