പ്രവൃത്തികൾ
പഠനക്കുറിപ്പുകൾ—അധ്യായം 26
ഞങ്ങളുടെ മതത്തിൽ . . . വിഭാഗം: അഥവാ “ഞങ്ങളുടെ ആരാധനാരീതിയിൽ . . . വിഭാഗം.”—പ്രവൃ 24:5-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവത്തെ സേവിക്കുന്നത്: ഇവിടെ കാണുന്ന ലാറ്റ്രിയോ എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “സേവിക്കുക” എന്നാണ്. തിരുവെഴുത്തുകളിൽ ഈ പദം, ദൈവത്തിനായി ചെയ്യുന്ന സേവനത്തെയോ ദൈവത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട സേവനങ്ങളെയോ കുറിക്കാനാണു പൊതുവേ ഉപയോഗിച്ചിരിക്കുന്നത്. (മത്ത 4:10; ലൂക്ക 4:8; പ്രവൃ 7:7, അടിക്കുറിപ്പ്; റോമ 1:9; ഫിലി 3:3; 2തിമ 1:3; എബ്ര 9:14; 12:28; വെളി 7:15; 22:3) വിശുദ്ധമന്ദിരത്തിലോ ദേവാലയത്തിലോ ആരാധന അർപ്പിക്കുന്നതും വിശുദ്ധസേവനം ചെയ്യുന്നതും ഇതിൽ ഉൾപ്പെടും (ലൂക്ക 2:37; എബ്ര 8:5; 9:9; 10:2; 13:10). അതുകൊണ്ടുതന്നെ ചില വാക്യങ്ങളിൽ ഈ പദത്തെ “ആരാധിക്കുക” എന്നും പരിഭാഷപ്പെടുത്താം. ചില സന്ദർഭങ്ങളിലെങ്കിലും വ്യാജാരാധനയോടു ബന്ധപ്പെട്ടും ഈ പദം ഉപയോഗിച്ചിരിക്കുന്നതായി കാണാം. അവിടങ്ങളിൽ ഇതു കുറിക്കുന്നത്, സ്രഷ്ടാവിനു പകരം സൃഷ്ടികൾക്കു സേവനം ചെയ്യുന്നതിനെയാണ്, അഥവാ അവയെ ആരാധിക്കുന്നതിനെയാണ്. (പ്രവൃ 7:42; റോമ 1:25) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായ പരിഭാഷകളിൽ (അനു. സി4-ൽ J13-17 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ കാണുന്നത് “യഹോവയെ സേവിക്കുന്നത് (ആരാധിക്കുന്നത്)” എന്നാണ്.
നസറെത്തുകാരൻ: മർ 10:47-ന്റെ പഠനക്കുറിപ്പു കാണുക.
ഞാൻ അനുകൂലിച്ചു: അക്ഷ. “അനുകൂലിച്ച് ഞാൻ എന്റെ കല്ല് ഇട്ടു.” ഇവിടെ പറഞ്ഞിരിക്കുന്നത്, വോട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്ന കല്ലിനെക്കുറിച്ചാണ്. ഈ വാക്യത്തിൽ കാണുന്ന പ്സീഫൊസ് എന്ന ഗ്രീക്കുപദം ചെറിയ കല്ലുകളെയാണു കുറിക്കുന്നത്. വെളി 2:17-ൽ ആ പദത്തെ ‘കല്ല്’ എന്നു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കോടതികളിൽ, ഒരാൾ നിരപരാധിയാണോ കുറ്റവാളിയാണോ എന്നു വിധി പ്രഖ്യാപിക്കാനും അക്കാര്യത്തിൽ ഒരാൾക്കുള്ള അഭിപ്രായം അറിയിക്കാനും ഇത്തരം കല്ലുകൾ ഉപയോഗിച്ചിരുന്നു. ഒരാൾ നിരപരാധിയാണെന്നു പ്രഖ്യാപിക്കാൻ വെള്ളക്കല്ലും കുറ്റക്കാരനാണെന്നു പ്രഖ്യാപിക്കാൻ കറുത്ത കല്ലും ആണ് ഉപയോഗിച്ചിരുന്നത്.
മുടിങ്കോലിൽ തൊഴിക്കുന്നത്: മൃഗങ്ങളെ തെളിക്കാൻ ഉപയോഗിക്കുന്ന, അറ്റം കൂർത്ത വടിയാണു മുടിങ്കോൽ. (ന്യായ 3:31) “മുടിങ്കോലിൽ തൊഴിക്കുക” എന്നതു ഗ്രീക്ക് സാഹിത്യകൃതികളിൽ കാണുന്ന ഒരു പഴഞ്ചൊല്ലാണ്. മുടിങ്കോലുകൊണ്ട് തെളിക്കുന്നത് ഇഷ്ടപ്പെടാതെ അതിൽ തൊഴിച്ച് മുറിവ് വരുത്തിവെക്കുന്ന അനുസരണമില്ലാത്ത ഒരു കാളയുടെ ചിത്രമാണ് അതു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്. ക്രിസ്ത്യാനിയാകുന്നതിനു മുമ്പ് ശൗൽ അതുപോലൊരു ആളായിരുന്നു. യേശുവിന്റെ അനുഗാമികൾക്കു ദൈവമായ യഹോവയുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് അവർക്കെതിരെ പോരാടുന്നതു പൗലോസിനുതന്നെ ഗുരുതരമായ ഹാനി വരുത്തിവെച്ചേനേ. (പ്രവൃ 5:38, 39 താരതമ്യം ചെയ്യുക; 1തിമ 1:13, 14) സഭ 12:11-ൽ മുടിങ്കോൽ എന്ന് അർഥംവരുന്ന “ഇടയന്റെ വടി” എന്ന പദപ്രയോഗം, ബുദ്ധിമാനായ ഒരാളുടെ വാക്കുകളെ കുറിക്കാൻ ആലങ്കാരികമായാണ് ഉപയോഗിച്ചിരിക്കുന്നത്. ഉപദേശം സ്വീകരിക്കാൻ ഒരാളെ പ്രചോദിപ്പിക്കുന്നതിന് അത്തരം വാക്കുകൾക്കാകും.
എബ്രായ ഭാഷയിൽ: യോഹ 5:2-ന്റെ പഠനക്കുറിപ്പു കാണുക.
മാനസാന്തരപ്പെടണം: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മനസ്സു മാറ്റണം” എന്നാണ്. ചിന്തയിലോ മനോഭാവത്തിലോ ഉദ്ദേശ്യത്തിലോ വരുത്തുന്ന മാറ്റത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ഈ വാക്യത്തിൽ ‘മാനസാന്തരം’ എന്നതിനെ ദൈവത്തിലേക്കു തിരിയുന്നതുമായി ബന്ധപ്പെടുത്തിയിരിക്കുന്നതുകൊണ്ട്, ഒരു വ്യക്തി വീണ്ടും ദൈവവുമായുള്ള ബന്ധത്തിലേക്കു വരുന്നതിനെയാണ് അതു കുറിക്കുന്നതെന്നു മനസ്സിലാക്കാം. മാനസാന്തരം ആത്മാർഥമാണെങ്കിൽ ഒരാൾ മാനസാന്തരത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, തന്റെ മനസ്സിലും മനോഭാവത്തിലും ശരിക്കും മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികൾ തെളിയിക്കും.—മത്ത 3:2, 8 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “പശ്ചാത്താപം” എന്നതും കാണുക.
ക്രിസ്ത്യാനി: പ്രവൃ 11:26-ന്റെ പഠനക്കുറിപ്പു കാണുക.
സീസർ: അഥവാ “ചക്രവർത്തി.” ആ സമയത്തെ റോമൻ ചക്രവർത്തി നീറോ ആയിരുന്നു. എ.ഡി. 54-ൽ ആരംഭിച്ച അദ്ദേഹത്തിന്റെ ഭരണം എ.ഡി. 68-ൽ അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചു. ആ സമയത്ത് ഏതാണ്ട് 31 വയസ്സുണ്ടായിരുന്ന അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രവൃത്തികൾ 25 മുതൽ 28 വരെയുള്ള അധ്യായങ്ങളിൽ “സീസർ” എന്നു പറഞ്ഞിരിക്കുന്നതു നീറോയെക്കുറിച്ചാണ്.—മത്ത 22:17; പ്രവൃ 17:7 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയും കാണുക.