ഈന്തപ്പന
ബൈബിൾക്കാലങ്ങളിൽ ഇസ്രായേലിലും സമീപപ്രദേശങ്ങളിലും ഈന്തപ്പന (ഫീനിക്സ് ഡാക്റ്റിലിഫെറ) ധാരാളം ഉണ്ടായിരുന്നു. ഗലീലക്കടലിന്റെ തീരങ്ങളിലും ചൂടുള്ള യോർദാൻ താഴ്വരയുടെ താഴ്ന്ന പ്രദേശങ്ങളിലും ഇവ തഴച്ചുവളർന്നിരുന്നതായി പറയപ്പെടുന്നു. യരീഹൊയിലും സമീപപ്രദേശങ്ങളിലും ഇവ കൂടുതലായി കണ്ടിരുന്നു. അതുകൊണ്ടുതന്നെ യരീഹൊ, ‘ഈന്തപ്പനകളുടെ നഗരം’ എന്നാണ് അറിയപ്പെട്ടിരുന്നത്. (ആവ 34:3; ന്യായ 1:16; 3:13; 2ദിന 28:15) ഒരു ഈന്തപ്പന 30 മീറ്റർവരെ (100 അടിവരെ) ഉയരത്തിൽ വളർന്നേക്കാം. ഈന്തപ്പനയോലയ്ക്ക് 3 മുതൽ 5 മീറ്റർവരെ (10 മുതൽ 16 അടിവരെ) നീളം വരും. കൂടാരോത്സവത്തിന്റെ സമയത്ത് ജൂതന്മാർ ഈന്തപ്പനയോലകൾ ശേഖരിച്ചിരുന്നു. (ലേവ 23:39-43; നെഹ 8:14, 15) യേശുവിനെ ‘ഇസ്രായേലിന്റെ രാജാവായി’ വാഴ്ത്തിയ ജനക്കൂട്ടത്തിന്റെ കൈയിൽ ഈന്തപ്പനയോലകൾ ഉണ്ടായിരുന്നതായി വിവരണം പറയുന്നു. അവർ യേശുവിന്റെ രാജസ്ഥാനത്തെ വാഴ്ത്തുന്നതിന്റെയും അതിനു കീഴ്പെടുന്നതിന്റെയും ഒരു പ്രതീകമായിരുന്നിരിക്കാം അത്. (യോഹ 12:12, 13) വെളി 7:9, 10-ൽ “മഹാപുരുഷാരത്തെക്കുറിച്ച്” പറയുമ്പോഴും അവരുടെ ‘കൈയിൽ ഈന്തപ്പനയുടെ ഓലയുള്ളതായി’ പറഞ്ഞിരിക്കുന്നു. രക്ഷ ദൈവത്തിൽനിന്നും കുഞ്ഞാടിൽനിന്നും വരുന്നെന്ന് അവർ അംഗീകരിക്കുന്നതിന്റെ തെളിവായിരുന്നു അത്.
ബന്ധപ്പെട്ട തിരുവെഴുത്ത്: