ബൈബിളിൽ പറഞ്ഞിരിക്കുന്ന ഈസോപ്പുചെടി
പല ബൈബിൾപരിഭാഷകളും “ഈസോപ്പുചെടി” എന്നു തർജമ ചെയ്തിരിക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങൾക്കു (എബ്രായയിൽ ഏസോവ്, ഗ്രീക്കിൽ ഹുസ്സോപൊസ്) പല തരം ചെടികളെ കുറിക്കാനാകും. ഏസോവ് എന്ന എബ്രായപേര് കുറിക്കുന്നത്, ഇവിടെ കാണിച്ചിരിക്കുന്ന മാർജോരം (ഒറിഗാനം മേരു; ഒറിഗാനം സിറിയാക്കം) എന്ന ചെടിയെയാണെന്നു പല പണ്ഡിതന്മാരും കരുതുന്നു. മധ്യപൂർവദേശത്ത് സാധാരണയായി കാണുന്ന ഈ ചെടി പുതിന വർഗത്തിൽപ്പെട്ടതാണ്. അനുകൂലകാലാവസ്ഥയിൽ ഇത് 0.5 മീ. (1.5 അടി) മുതൽ 0.9 മീ. (3 അടി) വരെ ഉയരത്തിൽ വളരും. ബൈബിളിൽ പലപ്പോഴും ഈസോപ്പുചെടിയെ ശുദ്ധിയുമായി ബന്ധപ്പെടുത്തിയാണു പറഞ്ഞിട്ടുള്ളത്. (പുറ 12:21, 22; ലേവ 14:2-7; സംഖ 19:6, 9, 18; സങ്ക 51:7) ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ രണ്ടിടത്ത് മാത്രമേ ‘ഈസോപ്പുചെടിയെക്കുറിച്ച്’ പറഞ്ഞിട്ടുള്ളൂ. അതിൽ ഒന്ന് എബ്ര 9:19-ലാണ്. അവിടെ പഴയ ഉടമ്പടി പ്രാബല്യത്തിൽ വന്നതിനെക്കുറിച്ച് പറയുമ്പോഴാണ് ഈ ചെടിയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. അതുകൊണ്ട് എബ്ര 9:19-ലേത് എബ്രായതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന ‘ഈസോപ്പുചെടിതന്നെ’ ആയിരിക്കാം. ഇനി, യോഹ 19:29-ൽ പുളിച്ച വീഞ്ഞിൽ മുക്കിയ നീർപ്പഞ്ഞി “ഈസോപ്പുതണ്ടിൽ വെച്ച്” യേശുവിന്റെ വായോട് അടുപ്പിച്ചതായി പറഞ്ഞിരിക്കുന്നു. ഇവിടെ പറഞ്ഞിരിക്കുന്ന ഹുസ്സോപൊസ് എന്ന ഗ്രീക്കുപദം ഏതു ചെടിയെയാണു കുറിക്കുന്നത് എന്നതിനെക്കുറിച്ച് പണ്ഡിതന്മാർക്കിടയിൽ പല അഭിപ്രായങ്ങളുണ്ട്. യേശുവിന്റെ വായോട് അടുപ്പിക്കാൻ മാത്രം നീളം മാർജോരത്തിന്റെ തണ്ടിന് ഇല്ലാത്തതുകൊണ്ട് അതിനെക്കാൾ നീണ്ട തണ്ടുള്ള മറ്റൊരു ചെടിയെക്കുറിച്ചായിരിക്കാം ഇവിടെ പറഞ്ഞിരിക്കുന്നതെന്നു ചിലർ കരുതുന്നു. ഒരുപക്ഷേ ഇതു മണിച്ചോളത്തിന്റെ (സോർഗം വൾഗേർ) വർഗത്തിൽപ്പെട്ട ഡ്യൂറ ചെടിയായിരിക്കാം എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ മാർജോരം ചെടിയെക്കുറിച്ചുതന്നെയാണ് ഇവിടെയും പറഞ്ഞിരിക്കുന്നതെന്നു ചിന്തിക്കുന്നവരുമുണ്ട്. മത്തായിയും മർക്കോസും പറഞ്ഞിരിക്കുന്ന “ഈറ്റത്തണ്ടിൽ,” മാർജോരത്തിന്റെ ഒരു കെട്ട് പിടിപ്പിച്ചിരുന്നിരിക്കാം എന്നാണ് അവർ പറയുന്നത്.—മത്ത 27:48; മർ 15:36.
ബന്ധപ്പെട്ട തിരുവെഴുത്ത്:
പുറ 12:22; ലേവ 14:6; സംഖ 19:6; സങ്ക 51:7; യോഹ 19:29; എബ്ര 9:19