കൈസര്യ
1. റോമൻ പ്രദർശനശാല
2. കൊട്ടാരം
3. കുതിരപ്പന്തയശാല
4. ക്ഷേത്രം
5. തുറമുഖം
കൈസര്യ നഗരത്തിന്റെ നാശാവശിഷ്ടങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. അന്നത്തെ ചില പ്രധാനകെട്ടിടങ്ങളുടെ ത്രിമാനരൂപം ഇതിൽ പുനഃസൃഷ്ടിച്ചിട്ടുമുണ്ട്. അവയുടെ ഏകദേശരൂപം എങ്ങനെയായിരുന്നെന്നു മനസ്സിലാക്കാൻ അതു സഹായിക്കും. ബി.സി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത് മഹാനായ ഹെരോദാണു കൈസര്യ നഗരവും അവിടത്തെ തുറമുഖവും പണിതത്. അഗസ്റ്റസ് സീസറിന്റെ ബഹുമാനാർഥം ഹെരോദ് അതിനു കൈസര്യ എന്ന പേര് നൽകുകയായിരുന്നു. യരുശലേമിന് ഏതാണ്ട് 87 കി.മീ. വടക്കുപടിഞ്ഞാറായി, മെഡിറ്ററേനിയൻ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഈ നഗരം അന്നത്തെ സമുദ്രഗതാഗതം നിയന്ത്രിച്ചിരുന്ന ഒരു പ്രധാനകേന്ദ്രമായി മാറി. ആ നഗരത്തിൽ ഒരു റോമൻ പ്രദർശനശാലയും (1) കടലിലേക്ക് ഇറക്കിപ്പണിത ഒരു കൊട്ടാരവും (2) 30,000-ത്തോളം കാണികൾക്ക് ഇരിക്കാവുന്ന, കുതിരപ്പന്തയം നടക്കുന്ന ഒരു സ്റ്റേഡിയവും (3) ഒരു ക്ഷേത്രവും (4) ആരെയും അതിശയിപ്പിക്കുന്ന നിർമാണവൈദഗ്ധ്യമുള്ള മനുഷ്യനിർമിതമായ ഒരു തുറമുഖവും (5) ഉണ്ടായിരുന്നു. നഗരത്തിലേക്കു ശുദ്ധജലം എത്തിക്കാനുള്ള ഒരു നീർപ്പാത്തിയും നഗരത്തിലെ മലിനജലം പുറന്തള്ളാനുള്ള ഒരു ഭൂഗർഭസംവിധാനവും കൈസര്യക്കുണ്ടായിരുന്നു. പൗലോസ് അപ്പോസ്തലനും മറ്റു ക്രിസ്ത്യാനികളും കപ്പൽമാർഗം കൈസര്യയിൽ വന്നുപോയിരുന്നതായി രേഖയുണ്ട്. (പ്രവൃ 9:30; 18:21, 22; 21:7, 8, 16) പൗലോസ് കൈസര്യ നഗരത്തിൽ രണ്ടു വർഷം തടവിൽ കഴിഞ്ഞിട്ടുമുണ്ട്. (പ്രവൃ 24:27) ഇനി, സുവിശേഷകനായ ഫിലിപ്പോസ് ഒരു പ്രസംഗപര്യടനത്തിന്റെ ഒടുവിൽ കൈസര്യയിൽ എത്തിയതായും നമ്മൾ വായിക്കുന്നു. സാധ്യതയനുസരിച്ച് അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി. (പ്രവൃ 8:40; 21:8) പരിച്ഛേദനയേറ്റിട്ടില്ലാത്ത ജനതകളിൽനിന്ന് ആദ്യം ക്രിസ്ത്യാനിയായിത്തീർന്ന കൊർന്നേല്യൊസ് ഈ നഗരത്തിലായിരുന്നു താമസം. (പ്രവൃ 10:1, 24, 34, 35, 45-48) ഇനി, ലൂക്കോസ് തന്റെ സുവിശേഷം എഴുതിയതും കൈസര്യയിൽവെച്ചായിരിക്കാം.
കടപ്പാട്:
Caesarea National Park, Israel’s Nature and Parks Authority
ബന്ധപ്പെട്ട തിരുവെഴുത്ത്: