“ഞാൻ എന്നെങ്കിലും വീണ്ടും നടക്കുമോ?”
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിമൂന്ന് സെപ്റ്റംബറിലെ ആ തിങ്കളാഴ്ച രാവിലെ പതിവുപോലെ ഞാൻ എന്റെ സൂട്ട് കെയ്സ് എടുത്തുകൊണ്ടുവരാൻ പോയി. പിടിയിൽ പിടിക്കുവാൻ ശ്രമിച്ചു. ‘ഇത് തീർച്ചയായും വിചിത്രമായിരിക്കുന്നു,’ എന്നു ഞാൻ വിചാരിച്ചു—അത് എന്റെ വിരലുകൾക്കിടയിലൂടെ വഴുതിപ്പോയി! എന്റെ കൈയ്ക്ക് യാതൊരു ബലവുമില്ലായിരുന്നു. ആദ്യമേ ഞാൻ വിചാരിച്ചു ഒരു പക്ഷേ രാത്രിയിൽ ഞാൻ കൈവച്ചു കിടന്നുറങ്ങിയതായിരിക്കും, അല്പം കഴിഞ്ഞ് അതു വീണ്ടും ശരിയായിക്കൊള്ളും. എന്നാൽ സംഗതി അതല്ലായിരുന്നു. ദിവസത്തിന്റെ ശേഷിച്ച ഭാഗം പ്രശ്നം കൂടുതൽ വഷളായിക്കൊണ്ടിരുന്നു.
അടുത്ത പ്രഭാതമായപ്പോഴേക്കും, എന്റെ രണ്ടു കാലുകളുടെയും ബലം നഷ്ടപ്പെട്ടു. കിടക്കയിൽനിന്ന് പുറത്തുവരാൻ കഴിഞ്ഞ ഏകമാർഗ്ഗം എന്റെ ഭാര്യ ബാർബറായുടെ സഹായമായിരുന്നു. ഈ സമയമായപ്പേഴേക്കും, ഞാൻ ഒരു ഡോക്ടറേ കാണേണ്ടിയിരിക്കുന്നുവെന്നു അറിഞ്ഞു.
ന്യൂഫൌണ്ട്ലാൻഡിലെ ബോട്ട്വുഡിൽ ഉള്ള ഒരു ചെറിയ പ്രാദേശിക ആശുപത്രിയിൽ ഞങ്ങൾ എത്തി, അവിടെ മൂന്നു ഡോക്ടർമാർ എന്നെ പരിശോധിച്ചു. പരിശോധനക്കുശേഷം, എനിക്കു പോളി ന്യൂറ്റൈറീസ്, ഗില്യൻ—ബാരി സിൻഡ്രോം, അല്ലെങ്കിൽ ജി ബി എസ്സ് എന്നും അറിയപ്പെടുന്ന ഒരു തളർച്ചരോഗം ഉണ്ടെന്നു അവർ വിചാരിക്കുന്നുവെന്നു പറഞ്ഞു. ഉറപ്പു വരുത്തുന്നതിനു വേണ്ടി, ന്യൂഫൌണ്ട്ലാൻഡിലെ വലിയ ഒരു പട്ടണമായ ഗ്രാൻഡ് ഫോൾഡിലെ വേറൊരു ആശുപത്രിയിൽ പോകുന്നതിന് എനിക്കുവേണ്ടി അവർ ക്രമീകരണം ചെയ്തു. അവിടെ ഒരു സിരാവിജ്ഞാന വിദഗ്ദ്ധൻ എന്നെ പരിശോധിച്ചു. ലഘുവായ പരീക്ഷണങ്ങൾ ഉപയോഗിച്ച്, അദ്ദേഹം നേരത്തേയുള്ള രോഗനിർണ്ണയം സ്ഥിരീകരിച്ചു—പോളിന്യൂറ്റൈറീസ്! (കൂടെ ചേർന്നിരിക്കുന്ന “ജി ബി എസ്സ് എന്താകുന്നു?” എന്ന ബോക്സ് കാണുക) ക്ഷീണം കൂടിക്കൂടി വരുമെന്നു ഞാൻ പ്രതീക്ഷിച്ചുകൊള്ളുവാൻ ഡോക്ടർ എന്നോടു പറഞ്ഞു. അതു വിശ്വസിക്കാൻ പ്രയാസമില്ലായിരുന്നു. അപ്പോൾ തന്നെ എന്റെ സോക്സ് ഇടുന്നതിനു മാത്രം പത്തു മിനിട്ടിലധികം എനിക്കു മല്ലിടേണ്ടിവന്നു!
ന്യൂഫൌണ്ട്ലാൻണ്ടിലെ ഏറ്റവും വലിയ ആശുപത്രിയായ സെൻറ് ജോൺസിൽ ചികിത്സക്കു പോകുവാൻ ഞാൻ സമ്മതിച്ചു. അവിടെക്ക് 300 മൈൽ (480കി.മി) ബാർബറാ ഞങ്ങളെ കാറിൽ ഡ്രൈവ് ചെയ്തു കൊണ്ടുപോയി. യാത്രയിൽ ഒരു സ്ഥലത്തു വച്ച് കാർ റേഡിയോയുടെ സ്റ്റേഷൻ മാറ്റുന്നതിന് അവർ എന്നോട് പറഞ്ഞതു ഞാൻ ഓർമ്മിക്കുന്നുണ്ട്, എന്നാൽ അതു ചെയ്യുന്നതിനുപോലുമുള്ള ശക്തി എനിക്കില്ലായിരുന്നു! ഈ സമയമായപ്പോഴേക്കും നടക്കുവാൻ എനിക്കു കഴിവില്ലായിരുന്നു. എന്നെ അലട്ടിയ ചോദ്യങ്ങൾ ഇവയായിരുന്നു. ‘ഞാൻ എന്നെങ്കിലും വീണ്ടും നടക്കുമോ? ജീവിതത്തിൽ ശേഷിച്ചഭാഗം എന്നെ സംരക്ഷിക്കുന്ന ചുമതലയാൽ എന്റെ ഭാര്യ ഭാരപ്പെടുമോ?
ഞങ്ങൾ ആശുപത്രിയിൽ എത്തിചേർന്നപ്പോൾ, ഞാൻ ഒരു കടുത്ത ചുമടായിരുന്നു. അത് ഇച്ഛാഭംഗം വരുത്തുന്നതും—ചിലപ്പോൾ അല്പം പേടിപ്പിക്കുന്നതുമായിരുന്നു. ഇവിടെയും മുഖ്യ സിരാവിജ്ഞാനവിദഗ്ദ്ധൻ പറഞ്ഞു: “ഇതു തീർച്ചയാകുന്നു. നിങ്ങൾക്ക്പോളിന്യൂറ്റൈറീസ് അഥവാ ജി ബി എസ്സ് ഉണ്ട്.”
ആ രാത്രി ഞാൻ തന്നെത്താൻ ആഹാരം കഴിക്കുവാൻ തീരുമാനിച്ചു. എന്നാൽ നിങ്ങൾ എന്നെ കാണേണ്ടിയിരിക്കുന്നു! ഭക്ഷണം എന്റെ തലക്കുമീതെയും ചെവിക്കു പുറകിൽപോലും! എന്റെ കൈകളോ കൈതണ്ടുകളോ എനിക്കു സമീകരിക്കുവാൻ കഴിഞ്ഞില്ല. ഇപ്പോഴും എനിക്കു സംസാരിക്കാമായിരുന്നു, എന്നാൽ അടുത്ത പ്രഭാതമായപ്പോൾ ഞാൻ പരിപൂർണ്ണമായി തളർന്നു. ആ സമയം ഞാൻ യഥാർത്ഥമായ യാതൊരു വേദനയിലുമല്ലായിരുന്നു. എന്നാൽ സൂചികുത്തുകളുടെ ഒരു തോന്നൽ ഉണ്ടായിരുന്നു.
തളർച്ച ഇപ്പോൾ എന്റെ ഉദരത്തിലേക്കു വ്യാപിക്കയും, ശ്വസനത്തെ ബാധിക്കയും ചെയ്തു. ഓരോ രണ്ടുമണികൂറിലും എന്റെ ശ്വസനത്തെ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. അപ്പോൾ വേദന ആരംഭിച്ചു—അതിവേദന. എന്റെ മുട്ടുകളും തോളുകളും കടുത്ത പല്ലുവേദനപോലെ കമ്പനം കൊണ്ടു, സഹിക്കുന്നതിന് ഏറ്റവും കാഠിന്യമുള്ള ഘട്ടം ഇതായി ഞാൻ കണ്ടെത്തി. ഇത് പല ആഴ്ചകളോളം നീണ്ടു നിന്നു. ആവശ്യമായ എന്തെങ്കിലും ശ്രദ്ധക്കുവേണ്ടി ബെല്ലടിക്കുവാൻ എനിക്കു കഴിയാഞ്ഞതിനാൽ, നേഴ്സുമാർ വരുന്നതിനും എന്നെ മാറ്റുന്നതിനും വേണ്ടി ഞാൻ അലറി വിളിക്കേണ്ടിയിരുന്നു. നേഴ്സുമാർ ഹോട്ട്കം പ്രസസ്സ് ഉപയോഗിച്ച് ചൂട് വയ്ക്കും, അത് ഏകദേശം 20 മിനിട്ട് നേരത്തേക്കു വേദന ശമിപ്പിക്കും. വേദന സഹിക്കുന്നതു പ്രയാസം കുറഞ്ഞകാര്യമല്ല, എന്നാൽ ഞരമ്പുകൾ പൂർവ്വസ്ഥിതി പ്രാപിക്കാൻ തുടങ്ങിയിരിക്കുന്നു എന്നത് ഒരു നല്ല അടയാളമാണെന്നു വിശദീകരിച്ചുകൊണ്ട് ഡോക്ടർമാർ എന്നെ പ്രോത്സാഹിപ്പിച്ചു.
“ഇതുവരെ അയാൾ നൈരാശ്യനായില്ലേ?”
ഓരോ ദിവസവും ബാർബറാ വരികയും ബൈബിളിൽ നിന്നും ബൈബിൾ പ്രസിദ്ധീകരണങ്ങളിൽ നിന്നും എനിക്കു വായിച്ചുതന്നതിനാൽ ആത്മീയമായി ബലപ്പെടുത്തിയിരുന്നതും ആയിരുന്നു. സഹായങ്ങളിൽ വച്ച് ഏറ്റവും നല്ലത്. അവൾ എന്നെ ഊട്ടുകയും എനിക്കാവശ്യമായിരുന്ന ചില ഫിസിയോതെറാപ്പി ചികിത്സകൾ നൽകുകയും ചെയ്തു.
ചില സമയങ്ങളിൽ നേഴ്സുമാർ ബാർബറായെ വിളിച്ചു രഹസ്യമായി ചോദിച്ചു. “ഇതു വരെ അയാൾ നൈരാശ്യനായില്ലേ?” ഈ രോഗത്തിന് ഒരു ഭയങ്കര വൈകാരിക ക്ഷതം ഉണ്ടെന്നു അവർക്കറിയാമായിരുന്നു. ‘പക്ഷേ എന്റെ രോഗം എന്റെ ജീവിത പ്രതീക്ഷയെ ബാധിക്കയും ഞാൻ വളരെ ആസ്വദിച്ച എന്റെ സഞ്ചാര ശുശ്രൂഷ വിട്ടുകളയേണ്ടതായും വന്നേക്കുമോയെന്നു’ ഞാൻ ചിന്തിച്ച് നിരുത്സാഹിതനായിത്തീരുകതന്നെ ചെയ്തേക്കാമെന്ന് ഭയപ്പെടുകപോലും ചെയ്ത നിമിഷങ്ങൾ ഉണ്ടായിരുന്നു എന്നത് സത്യംതന്നെ. എന്നാൽ ബാർബറായിൽനിന്നും യഹോവയുടെ സാക്ഷികളുടെ പ്രാദേശികസഭയിലെ അംഗങ്ങളുടെ സന്ദർശനങ്ങളിൽ നിന്നും ലഭിച്ച പ്രോത്സാഹനം കൊണ്ടാണ് ഞാൻ ശുഭാപ്തിയോടെ ചിന്തിക്കുന്നതിനു തുടർന്നുപോരാടി.
സഹിക്കുന്നതിന് എന്നെ സഹായിച്ച മറ്റൊരു സംഗതി ഒരു ഊഷ്മള കുളി ആയിരുന്നു. അവർ എന്നെ ഒരു പ്രത്യേക കസേരയിൽ വച്ചിട്ട് കുളിമുറിയിലേക്ക് ഉരുട്ടിക്കൊണ്ടുപോകുകയും ഭംഗിയായ ചൂടുവെള്ളമുള്ള ഒരു കുളത്തിലാക്കുകയും ചെയ്തു! സന്ധികളിലുള്ള വേദന ശമിപ്പിലക്കുന്നതിനു ഇതു വളരെ സഹായകരമായിരുന്നു. എനിക്കു പ്രതിവർത്തനമൊന്നുമില്ലായിരുന്നുവെങ്കിലും ഊഷ്മളത്വം എന്റെ തൊലിയിൽ അറിയാമായിരുന്നു എന്നു നിങ്ങൾക്കു കാണാം. ശാരീരിക സുഖത്തേ സംബന്ധിച്ചിടത്തോളം, ഇതായിരുന്നു എന്റെ ദിവസത്തെ സവിശേഷത!
ഡോക്ടർമാർ ഞങ്ങളോടു പറഞ്ഞത് മനസ്സിൽ പിടിച്ചതും എന്നെ സഹായിച്ചു. അതായത്, ചില മാസങ്ങളോ ഒരു വർഷംപോലും എടുത്തേക്കാമെങ്കിലും, എന്റെ സംഗതിയിൽ പരിപൂർണ്ണ സൗഖ്യമാകലിനു നല്ല സാദ്ധ്യതയുണ്ട് എനിക്കു മുന്നോട്ടുപോകുവാൻ സഹായിച്ച ഒരു കാര്യം അതായിരുന്നു.
ചില ആഴ്ചകൾക്കു ശേഷം, ചികിത്സയുടെ ഒരു ഭാഗമായി, എന്നെ ഒരു കസേരയിൽ ഇരുത്തുകയും നിവർന്നിരിക്കുന്നതിനാവശ്യപ്പെടുകയും ചെയ്തു. വേദന അതികഠോരമായിരുന്നു! ആദ്യമേ എനിക്കു സഹിക്കാൻ കഴിഞ്ഞത് ചുരുക്കം മിനിട്ടുകൾ മാത്രമായിരുന്നു. ഈ രോഗം ബാധിച്ച മറ്റൊരാൾ കുറിക്കുകൊള്ളുന്ന വിധത്തിൽ സംസാരിച്ചു, അവൾ പറഞ്ഞത്: “വേദന നിങ്ങളുടെ എല്ലു മുട്ടുമ്പോഴുള്ളതുപോലെയാണ്, അതു കുറയുന്നില്ല.”
ദിവസങ്ങൾ കഴിഞ്ഞതനുസരിച്ച്, ഞാൻ കുടുതൽ സമയം നിവർന്നിരിക്കുവാൻ ശ്രമിച്ചു. കൂടാതെ, ജി ബി എസ്സ് ബാധിച്ച മറ്റേ രണ്ടു രോഗികളേയും എനിക്കു സന്ദർശിക്കുവാൻ തക്കവണ്ണം എന്റെ ഭാര്യ എന്നെ ഒരു വീൽ ചെയറിൽ ആശുപത്രിക്കു ചുറ്റും കൊണ്ടുപോയി. സാധാരണ ഗതിയിൽ അരദശലക്ഷത്തിൽ ഒരാൾക്കാണ് ഈ രോഗം പിടിപെടുന്നതെന്നു ഞാൻ കേട്ടിരുന്നെങ്കിലും, ആശ്ചര്യംതന്നെ, ജി ബി എസ്സ് മറ്റേ രണ്ടു രോഗികളേയും ബാധിച്ചത് എന്നെ അഡ്മിറ്റു ചെയ്തതിനുശേഷമാണ്.
“ഇപ്പോൾ, നിങ്ങൾക്കുതന്നേ എത്ര ദൂരം പോകാൻ കഴിയും?”
ഏകദേശം മൂന്നാഴ്ചത്തെ പരിപൂർണ്ണ തളർച്ചക്കുശേഷം, ഒരു പ്രഭാതത്തിൽ ഉണരുകയും എന്റെ പെരുവിരൽ അല്പമായി ചലിപ്പിക്കുവാൻ കഴിയുമെന്നു കണ്ടെത്തുകയും ചെയ്യുന്നത് എന്തോരു സന്തോഷമായിരുന്നു! നേരത്തേയുള്ള സൗഖ്യമാക്കൽ സാദ്ധ്യമായേക്കുമെന്നു ഡോക്ടർമാർ മുമ്പേ തന്ന പ്രോത്സാഹനത്തിന് ഇത് ആക്കം കൂട്ടി. സാവധാനത്തിൽ, എന്റെ ശേഷിച്ച വിരലുകൾക്കും ചലനം സാദ്ധ്യമായി.
ഞാൻ ആശുപത്രിയിലായിരുന്നതിനു ഏകദേശം ഒരു മാസം കഴിഞ്ഞ് നേഴ്സുമാർ എന്നെ ഒരു വീൽചെയറിൽ ഇരുത്തി, അല്പം നീക്കിവിട്ടശേഷം പറഞ്ഞു: “ഇപ്പോൾ, നിങ്ങൾക്കു തന്നേ എത്ര ദൂരം പോകാൻ കഴിയും?” അപ്പോഴും എനിക്കു അത്ര ബലമില്ലായിരുന്നു, എന്നാൽ എന്റെ കൈത്തലംകൊണ്ട് ചക്രം കറക്കുവാൻ ശ്രമിച്ചു. കൂടെക്കൂടെ വിശ്രമിക്കുന്നതിനായി എനിക്കു നിർത്തേണ്ടിയിരുന്നു. എങ്കിലും വളരെ ശ്രമത്തോടെ—എന്റെ മുഖത്തുകൂടെ വിയർപ്പൊലിപ്പിച്ചുകൊണ്ട്—ഇടനാഴിയുടെ മുഴുദൂരവും പോകുവാൻ എനിക്കു കഴിഞ്ഞു! കാര്യനിർവ്വഹണത്തിന്റെ ഒരു നല്ല സംതൃപ്തി തോന്നി.
എഴുന്നേറ്റു നിൽക്കുവാനുള്ള എന്റെ ആദ്യ ശ്രമം യഥാർത്ഥത്തിൽ ഭീതിജനകമായിരുന്നു! വേദന വർണ്ണനക്കതീതമായി അത്ര അത്യുഗ്രമായിരുന്നു. എന്റെ കാലുകൾ എന്റെ ഉടലിൽകൂടെ തുളഞ്ഞുപോന്നേക്കുമോ എന്ന് ഒരു നിമിഷം എനിക്കു തോന്നിപ്പോയി. എന്നാൽ ഓരോ ദിവസവും കഴിഞ്ഞ ദിവസത്തേതിൽ നിന്നു അല്പം കൂടെ ചെയ്യുവാൻ ഞാൻ ശ്രമിച്ചു. ഞാൻ പുരോഗമിച്ചപ്പോൾ, ഞാൻ കൂടുതൽ കൂടുതൽ സ്വാശ്രയനായിത്തീരത്തക്കവണ്ണം ഒടുവിലായി എനിക്കു ഒരു വോക്കർ—നടക്കുന്നതിനു സഹായിക്കുന്നഉപകരണം—നൽകപ്പെട്ടു. ക്ഷമയുള്ളവനായിരിക്കാൻ ഞാൻ പഠിച്ചു.
പിന്നെ അല്പം കഴിഞ്ഞ്, ചില സുഹൃത്തുക്കളോടുകൂടെ ഒരു വാരാന്ത്യം ചെലവഴിച്ചുകൊണ്ട്, വീണ്ടും ഭവനത്തിലെ ജീവിതത്തിന് ഒരു പരീക്ഷണാശ്രമത്തിനു എന്നെ അനുവദിച്ചു. ബാർബറായിക്കു അവിടെ എന്നെ നന്നായി പരിചരിക്കുന്നതിനു കഴിഞ്ഞു. നിശ്ചയമായും പൂർണ്ണമായി മറ്റുള്ള ആളുകളെ ആശ്രയിക്കുന്നവനായിരിക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല, എന്നാൽ അതേപ്പറ്റി എനിക്കൊന്നും ചെയ്യാൻ കഴിവില്ലായിരുന്നു. അതുകൊണ്ട് ആവശ്യമുള്ളപ്പോൾ മറ്റുള്ളവരിൽ നിന്നുള്ള സ്നേഹപരിചരണം എളിമയോടെ സ്വീകരിക്കുന്നതിനുള്ള പാഠം ഞാൻ പഠിച്ചു.
ഞാൻ ആരോഗ്യം വീണ്ടെടുക്കുകയും എന്റെ ശരീരം തന്നെത്താനെ കേടുപോക്കുന്നതെങ്ങനെയെന്നു കാണുകയും ചെയ്തപ്പോൾ, ഇപ്രകാരം പറയുന്ന തിരുവെഴുത്തിനെക്കുറിച്ചു ഞാൻ മിക്കപ്പോഴും ചിന്തിച്ചു, “ഒരു ഭയജനകമാം വിധം ഞാൻ അത്ഭുതകരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു.” (സങ്കീർത്തനം 139:14) മനുഷ്യശരീരത്തെ വിലമതിക്കാൻ അരിഷ്ടതയിൽകൂടി ഞാൻ പഠിച്ചു. ഇപ്പോൾ ഓരോ പ്രഭാതത്തിലും ഉണരുകയും ‘ഇന്ന് എനിക്കു ചെയ്യുവാൻ കഴിയുന്നത് ഇന്നലെ എനിക്കു ചെയ്യുവാൻ കഴിയില്ലായിരുന്നു’ എന്നു ചിന്തിക്കയും ചെയ്യുന്നത് എത്ര ആവേശജനകമായിരുന്നു?
‘ഒരു ഉയർന്ന ശക്തിയുമായി നിങ്ങൾക്കു ബന്ധങ്ങൾ ഉണ്ട്’
താരതമ്യേന വേഗത്തിലുള്ള എന്റെ സുഖം പ്രാപിക്കലിൽ ഡോക്ടർമാർ വളരെ അതിശയിച്ചു. മിക്ക ആളുകൾക്കും ആരോഗ്യം വീണ്ടെടുക്കുന്നതിന് വളരെ കൂടുതൽ സമയം എടുക്കും. ഒരു നേഴ്സ് എന്നോടു പറഞ്ഞു: “നിങ്ങളുടെ വേഗത്തിലുള്ള സുഖം പ്രാപിക്കലിനു സംഭാവന ചെയ്തത്, നിങ്ങളുടെ സഭയുടെ സ്നേഹപുരസരമായ പിന്തുണയാണെന്നു ഞാൻ വിചാരിക്കുന്നു,” അത് എന്നെ മൂല്യവത്തായ ഒരു പാഠം പഠിപ്പിച്ചു: സുഖമില്ലാത്തവരെയും അല്ലെങ്കിൽ എതെങ്കിലും വിധത്തിൽ ദുരിതം അനുഭവിക്കുന്നവരെയും സന്ദർശിക്കയും പ്രോത്സാഹിപ്പിക്കയും ചെയ്യേണ്ടതിന്റെ ആവശ്യം. എന്റെ ഭാര്യ ഞങ്ങളുടെ സന്ദർശകരുടെ ഒരു രേഖ സൂക്ഷിച്ചു. എന്തിന്, ഞാൻ സുഖം പ്രാപിച്ചുകൊണ്ടിരുന്ന അവസരത്തിൽ 300-ൽ അധികം പേർ ഞങ്ങളെ കാണുവാൻ വന്നു!
എന്റെ ആശുപത്രിയിലാക്കലിന്റെ അഞ്ചാം വാരാവസാനം വന്നു, ഞാൻ ഉൽക്കണ്ഠയോടെ എന്റെ ഡോക്ടരുടെ റിപ്പോർട്ടു കാത്തിരിക്കയായിരുന്നു. ഒടുവിൽ അദ്ദേഹം എന്നെ കാണാൻ വരിയും എനിക്കു വീട്ടിൽ പോകാമെന്നു പറയുകയും ചെയ്തു. ചില നിശ്ചിത സമയങ്ങളിൽ ഫിസിയോ തെറാപ്പിക്കും പരിശോധനക്കും മറ്റുമായി ഞാൻ തിരിച്ചു ചെല്ലേണ്ടിയിരുന്നു. ഡിസ്ച്ചാർജ്ജ് ചെയ്തു പത്തു ദിവസം കഴിഞ്ഞ് ഞാൻ വോക്കർ—നടക്കുന്നതിനുള്ള ഉപകരണം—ആശുപത്രിയിൽ കൊണ്ടുചെന്നു, ഞാൻ സ്വന്തമായി നടക്കുവാൻ തീരുമാനിച്ചുവെന്നു വിശദീകരിച്ചു. ഡോക്ടരുടെ പരിചരണത്തിനു ഞാൻ അദ്ദേഹത്തിനു നന്ദിപറഞ്ഞു, എന്നാൽ അദ്ദേഹം പറഞ്ഞു, “എനിക്കു നന്ദി പറയണ്ടാ, ഞങ്ങളുടേതിൽ ഉയർന്ന ഒരു ശക്തിയുമായി നിങ്ങൾക്കു ബന്ധങ്ങൾ ഉണ്ട്!”
വീട്ടിൽ ഞാൻ ആരോഗ്യം പ്രാപിക്കുന്നതിൽ തുടർന്നു കൊണ്ടിരിക്കുമ്പോഴും, എന്റെ കൈകൾക്കു അല്പബലമേ ഉണ്ടായിരുന്നുള്ളു. യഥാർത്ഥത്തിൽ, കിഴക്കേ കാനഡായിൽ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരശുശ്രൂഷകനായി എന്റെ സാധാരണ പ്രവർത്തനങ്ങൾ, പരിമിതമായി പുനരാരംഭിക്കാൻ ഫെബ്രുവരിവരെ കഴിഞ്ഞില്ല. സെപ്റ്റംബറിൽ ആ തിങ്കളാഴ്ച്ച എന്റെ വിരലുകൾക്കിടയിലൂടെ സൂട്ട്കെയ്സ് വഴുതി വീണതുമുതൽ അഞ്ചുമാസങ്ങൾ കഴിഞ്ഞിരുന്നു. ഞാൻ തളർന്നു പോയിരുന്നു—എന്നാൽ ഇപ്പോൾ എനിക്കു വീണ്ടും നടക്കാൻ കഴിയും!—വിൻസ്റ്റൻ പീകോക്കിനാൽ പറയപ്പെട്ട പ്രകാരം. (g86 1/8)
[16-ാം പേജിലെ ചതുരം]
ജി ബി എസ്സ് എന്താകുന്നു?
ഗില്യൻ—ബാരിസിൻഡ്രോം (ഇത് ആദ്യമെ കണ്ടുപിടിച്ച ഫ്രഞ്ച് സിരാവിജ്ഞാന വിദഗ്ദ്ധന്റെ പേരിനനുസരണമാണ്) ശാസ്ത്രജ്ഞൻമാർക്ക് ഒരു മർമ്മമാണ്. ശരിയായ കാരണം ഇപ്പോഴും അറിയപ്പെടുന്നില്ലെങ്കിലും. ചില ലഘു വൈറസ് സംക്രമണത്തെ പിന്തുടർന്നാണെന്നു തോന്നുന്നു. സാധാരണയായി രോഗികൾ ഒരു വിധം താനേ സുഖം പ്രാപിക്കയും ചെയ്യുന്നു. എങ്കിലും, ശ്വസന വ്യൂഹത്തിൽ തളർച്ച വ്യാപിച്ചാൽ മരണത്തിൽ കലാശിച്ചേക്കും. ജേർണൽ ഓഫ് ന്യൂറോ സർജിക്കൽ നേഴ്സിംഗ് പറയുന്ന പ്രകാരം, “ഈ രോഗികൾക്കുള്ള ഏക പ്രത്യാശ പരിപൂർണ്ണവും കൃത്യവുമായ പരിചരണമാണ്.”
ജി ബി എസ്സിൽ ഒരു രോഗബാധക്കുശേഷം, ഞരമ്പുകളുടെ ആവരണത്തെ—മൈലിൻ ഷീത്ത്—ആക്രമിക്കുന്നവയ്ക്കെതിരെ ശരീരം പ്രതിരോധഘടകങ്ങൾ ഉല്പാദിപിക്കുന്നു എന്നു വിചാരിക്കപ്പെടുന്നു. ആവരണമില്ലാത്ത ഞരമ്പുകൾക്കിപ്പോൾ മസിലുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഇലക്ട്രോണുകളെ പ്രവഹിപ്പിക്കാൻ കഴിവില്ല, ഇത് ക്രമത്തിൽ, ക്ഷീണവും തളർച്ചയും ഉണ്ടാക്കുന്നു. ഞരമ്പുകൾ തന്നെത്തന്നെ പുനരാവരണം ചെയ്യുന്നതനുസരിച്ച് രോഗശമനം ആരംഭിക്കുന്നു. ഇതിന് 18 മാസത്തോളം ദൈർഘ്യം വേണ്ടിവരും, ഈ രോഗികളിൽ മൂന്നിൽ ഒന്നിനു താഴെ ആളുകൾക്ക് കഠിന വേദനയുണ്ട്.
ലോറാ ബാരി, ദി കനേഡിയൻ നേഴ്സിൽ എഴുതിക്കൊണ്ട്, മിക്ക ജി ബി എസ്സ് രോഗികളും കടന്നുപോകുന്ന ഘട്ടങ്ങളെ നിരീക്ഷിച്ചു: “ഈ രോഗത്തിൽനിന്നും നിങ്ങൾ ദുരിതമനുഭവിക്കുന്നു എന്ന യാഥാർത്ഥ്യത്തെ നിഷേധിക്കുന്നതിൽ തുടരുന്നു. എന്നാൽ ആ സമയമെല്ലാം നിങ്ങൾ കൂടുതൽ കൂടുതൽ ക്ഷീണിച്ചുകൊണ്ടിരിക്കുന്നു. കോപം പിടികൂടുന്നു: ‘എന്തുകൊണ്ട് എനിക്ക്? . . . അവർക്കു തന്റെ രോഗത്ത നിയന്ത്രിക്കാൻ കഴിവില്ല എന്നു തിരിച്ചറിയുന്ന ഘട്ടത്തിൽ . . . മിക്കപ്പോഴും നൈരാശ്യത്തിലേക്കു നയിക്കും, അത് ഗില്യൻ—ബാരി സിൻഡ്രോം രോഗികളുടെ കാര്യത്തിൽ അത്യുഗ്രമായിരിക്കാൻ കഴിയും.”
സൗഖ്യമാകുന്നത് ഉറപ്പു വരുത്തുവാൻ, നേഴ്സുമാരുടെയും തുണനിൽക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും സഹായം ആവശ്യമായിരിക്കുന്നുവെന്നു നേഴ്സ് ബാരി ഉപസംഹരിക്കുന്നു. അവരുടെ സഹായത്തോടെ രോഗി അംഗീകാരത്തിന്റെ നിലയിലേക്കു പുരോഗമിച്ചേക്കാം, “പ്രത്യാശയോടെ, ഈ സമയമായപ്പോൾ രോഗം അതിന്റെ പരകോടിയിൽ എത്തികഴിയുകയും മുന്നേറ്റം നിറുത്തുകയും ചെയ്തിരിക്കും.
[19-ാം പേജിലെ ചതുരം]
രോഗിയെ ഓർക്കുക!
ആശുപത്രിയിലാക്കപ്പെട്ട സുഹൃത്തുക്കളെ സന്ദർശിക്കുന്നതിലുള്ള നിർദ്ദേശങ്ങൾ
● രോഗിയെ ക്ഷീണിപ്പിക്കുന്നതൊഴിവാക്കാൻ, ചുരുങ്ങിയ സമയത്തേക്കു താമസിക്ക
● ഒരു കൂട്ടത്തോടെ സന്ദർശിക്കയാണെങ്കിൽ, മുറിയിൽ സന്ദർശകരുടെ എണ്ണം രണ്ടായി ചുരുക്കുക; കൂടിയ എണ്ണങ്ങൾക്കു ക്ഷീണിപ്പിക്കുന്നതായിരിക്കാൻ കഴിയും
● താണസ്വരത്തിൽ സംസാരിക്ക; ഉച്ചത്തിലുള്ള സംസാരത്തിനു മറ്റു രോഗികളെ ശല്യപ്പെടുത്താൻ കഴിയും
● സംസാരിക്കുന്നതോ ക്രിയാത്മകവും കെട്ടുപണിചെയ്യുന്നതുമായി സൂക്ഷിക്കുക
● രോഗിയുടെ ആവശ്യങ്ങളെ വിവേചിക്കാൻ ശ്രമിക്ക. കുടുംബാംഗങ്ങൾക്കു കഴിയുന്നത്ര രോഗിയെ സന്ദർശിക്കാൻ സ്വതന്ത്രരായിരിക്കുന്നതിനു അവർക്കു വേണ്ടി കാര്യങ്ങൾ ചെയ്യുന്നതിനുള്ള മനസ്സൊരക്കം അറിയിക്ക.
● ആവശ്യമായ ഗതാഗത സൗകര്യം നൽകുന്നതിൽ നിങ്ങളെത്തന്നെ ലഭ്യമാക്ക
● നിങ്ങൾ എത്തുമ്പോൾ, രോഗി ഉറങ്ങുകയോ അല്ലെങ്കിൽ ചികിൽസ സ്വീകരിച്ചുകൊണ്ടിരിക്കുകയോ ആണെങ്കിൽ നിങ്ങൾ സന്ദർശിച്ചിരുന്നുവെന്നു സൂചിപ്പിക്കുന്നതിന് ചുരുങ്ങിയ ഒരു കുറിപ്പോ കാർഡോ വച്ചേക്കുക.
● മൃദുലമായ ഒരു ഹസ്തദാനം അല്ലെങ്കിൽ ഒരു കരസ്പർശനം രോഗിയെ ധൈര്യപ്പെടുത്തുന്നതായിരിക്കാൻ കഴിയും
[17-ാം പേജിലെ ചിത്രം]
ഞാൻ തളർന്നു പോയിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും നടക്കാൻ കഴിയും—എന്റെ സൂട്ട് കെയ്സ് പിടിക്കാനും കഴിയും!