പോളണ്ടിൽ യഹോവയുടെ സാക്ഷികൾ സമ്മേളിക്കുന്നു
● നാലു നഗരങ്ങളിലായി നാലു സമ്മേളനങ്ങൾ
● പതിനാറ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക പ്രതിനിധികൾ
● മൊത്തം ഹാജർ 94,134
● സ്നാനമേറ്റ മൊത്തം എണ്ണം—3,140
അവർ പതിനായിരങ്ങളായി വന്നു ചേർന്നു. കാറുകളിലും വാടകയ്ക്കെടുത്ത ബസ്സുകളിലും പ്രത്യേക തീവണ്ടികളിലും വിമാനങ്ങളിലുമായി അവർ 1985 ഓഗസ്റ്റിൽ വാർസൊയിലേക്കും പൊസ്നാനിലേക്കും കാറ്റോ വിസിലേക്കും റോക്ലോയിലേക്കും ഒഴുകി. അവർ അവിടെ എത്തിയത് യഹോവയുടെ സാക്ഷികളുടെ “നിർമ്മലതാപാലകർ” സമ്മേളനത്തിൽ സംബന്ധിക്കാനായിരുന്നു.
ഈ ആതിഥ്യ നഗരങ്ങളിലുള്ള പോളണ്ടുകാരായ സാക്ഷികൾ വന്നു ചേരുന്നവരെ സ്വാഗതം ചെയ്യാൻ തയ്യാറായി നിന്നിരുന്നു. പശ്ചിമ യൂറോപ്പിൽനിന്നും ഏഷ്യയിൽനിന്നും വടക്കേ അമേരിക്കയിൽനിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും പ്രതിനിധികൾ വന്നുചേർന്ന വാർസൊയിലെ അന്തർദ്ദേശീയ വിമാനത്താവളത്തിൽ ഇത് വിശേഷാൽ പ്രകടമായിരുന്നു. വിരിഞ്ഞപുഞ്ചിരിയോടും ഹസ്തദാനങ്ങളോടും ആശ്ലേഷങ്ങളോടും ചുംബനങ്ങളോടും കൂടെ അവർ തങ്ങളുടെ സന്ദർശകരെ സ്വാഗതം ചെയ്തു. ആശയ വിനിമയത്തിൽ സഹായിക്കുന്നതിന് ഭാഷാന്തരക്കാരുണ്ടായിരുന്നു, എന്നാല ഉത്സാഹവും ഊഷ്മളതയും നിറഞ്ഞ ആശംസകൾ എല്ലാ ഭാഷാതടസ്സങ്ങളെയും മറികടന്നു. ചിലപ്പോൾ സ്ത്രീകളുടെ കയ്യിൽ പുച്ചെണ്ടു നൽകുകയും കുട്ടികൾ ഓടിനടന്ന് പോളിഷ് ഭാഷയിൽ സന്തോഷത്തോടെ “ഹല്ലോ!” പറയുകയും ചെയ്തിരുന്നു.
എന്നിരുന്നാലും അത്തരം സന്തോഷകരമായ ആശംസകൾ ആഴ്ചകളോളം കഠിന വേല ചെയ്തതിന്റെ പരമകാഷ്ഠമാത്രമായിരുന്നു. പോളണ്ടിലെ അധികാരികൾ സമ്മേളനം നടത്താൻ ദയാപുരസരം അനുവദിച്ചശേഷം അവ ഒരുക്കുന്നതിന് വമ്പിച്ച പ്രയത്നം തുടങ്ങി.
കൺവെൻഷനുമുമ്പുള്ള ജോലികൾ
ആയിരക്കണക്കിന് സന്ദർശകർക്ക് താമസ സൗകര്യങ്ങൾ കണ്ടെത്തേണ്ടിയിരുന്നു. വാർസൊയിൽ മാത്രം 11,000 മുറിയപേക്ഷകൾ കൈകാര്യം ചെയ്യേണ്ടിയിരുന്നു. സമ്മേളനങ്ങൾ നടത്തുന്നതിന് സ്റ്റേഡിയം കണ്ടെത്തേണ്ടതുണ്ടായിരുന്നു. വാർസൊയിലും റോക്ലോയിലും ഓഗസ്റ്റ് 16-18 തീയതികളിലേക്കും പൊസ്നാനിലും കറ്റോവിസിലും (കോർസോ) ഓഗസ്റ്റ് 23-25 തീയതികളിലേക്കും അവ കണ്ടെത്തപ്പെട്ടു. എന്നിരുന്നാലും സ്റ്റേഡിയം കണ്ടെത്തൽ വേലയുടെ ഒരു ഭാഗം മാത്രമായിരുന്നു. സ്റ്റേഡിയം ഉപയോഗയോഗ്യമാക്കിത്തീർക്കുന്നതിലെ സാക്ഷികളുടെ അദ്ധ്വാനം സംബന്ധിച്ച് നിരവധി വർത്തമാന പ്പത്രങ്ങൾ റിപ്പോർട്ടു ചെയ്തു. ഒരു റിപ്പോർട്ട് ഇപ്രകാരം പറഞ്ഞു.
“യഹോവയുടെ സാക്ഷികൾ അഞ്ച് ആഴ്ചക്കാലം [കറ്റോവിസ് പ്രദേശത്തെ കൊർഡൊയിലുള്ള] സ്ലാസ്ക്കി സ്റ്റേഡിയത്തിൽ കേടുപോക്കലിനും ഒരുക്കലിനുമായി കഠിനവേല ചെയ്തു. സ്റ്റേഡിയത്തിൽ നിന്നും പരിസരത്തുനിന്നുമായി ഏതാനും ടൺ അവശിഷ്ടങ്ങൾ ട്രക്കിൽ നീക്കം ചെയ്തു. അതിന്റെ ഇരട്ടിയോളം അവിടെ തീയിട്ട് ചുട്ടുകളയുകയും ചെയ്തു. വളർന്നുനിന്ന പുല്ല് വെട്ടിനീക്കുകയും പുൽത്തകിടി ചെത്തി വെടിപ്പാക്കുകയും ചെയ്തു. ഒരു ചവറു കൂനയായിത്തീർന്നിരുന്ന വിശ്രമസ്ഥാനം വീണ്ടും ക്രമത്തിലാക്കപ്പെട്ടിരിക്കുന്നു. മൊത്തം 35 കിലോമീറ്റർ നീളം വരുന്ന ഗ്രാൻറ് സ്റ്റാർഡ് ഇരിപ്പിടങ്ങളുടെ കേടുപോക്കുകയും കഴുകി വൃത്തിയാക്കുകയും ചെയ്തിരിക്കുന്നു. 78,000 ഇരിപ്പിടങ്ങൾ പെയിൻറ് ചെയ്തിരിക്കുന്നു. . . . ഏഴു കക്കൂസുകളും പൂർണ്ണമായി നശിച്ചിരുന്നു. ജനലിന്റെ കണ്ണാടിച്ചില്ലുകൾ തകർക്കപ്പെട്ടിരുന്നു. വാതിലുകൾ പൊളിഞ്ഞുപോയിരുന്നു. കതകുകൾ വളഞ്ഞു തിരിഞ്ഞിരുന്നു. അഴുക്കു ചാലുകൾ അടഞ്ഞു പോയിരുന്നു. . . . സെപ്റ്റംബറിൽ പോളണ്ടും ബെൽജിയവും തമ്മിൽ ഒരു ഫുട്ട്ബോൾ കളി നടത്താൻ പദ്ധതിയിട്ടിരുന്നതുകൊണ്ട് യഹോവയുടെ സാക്ഷികൾ, സ്ലാസ്ക്കി സ്റ്റേഡിയം മാനേജ്മെൻറിന് സ്വർഗ്ഗത്തിന്നിന്ന് ലഭിച്ച ഒരു സമ്മാനമാണെന്ന് പറയാൻ കഴിയും.”
വാസ്തവത്തിൽ സ്വമേധയാ സേവകരായ 10,500 സാക്ഷികൾ മുകളിൽ പറഞ്ഞ വേലയിൽ ഏർപ്പെട്ടു. അവർ അഴിവേലികളും വേലികളും പെയിൻറു ചെയ്തു. നശിച്ചുകിടന്ന കൂളിമുറികള വൃത്തിയാക്കി പെയിൻറു ചെയ്തു. 132 കക്കൂസുകൾ പണിയുകയും ചെയ്തു. സ്ത്രീകൾക്കു പോലും ക്യൂനിൽപ്പില്ലായിരുന്നു! കാറ്റോവിസ് സമ്മേളനത്തിലെ ഈ വേല സംബന്ധിച്ച് മറ്റൊരു വാർത്താറിപ്പോർട്ട് ഇപ്രകാരം പറഞ്ഞു: “നിർവ്വഹിക്കപ്പെട്ട സേവനത്തിന്റെ മൊത്തം മൂല്യം 12 ദശലക്ഷം സ്പോട്ടിസ് (80,000 യു.എസ്. ഡോളർ) ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. മറ്റു മൂന്നു സ്റ്റേഡിയത്തിലും അതുപോലെതന്നെ കേടുപോക്കൽ നടന്നു.
നിരീക്ഷകർക്ക് മതിപ്പുണ്ടായി
സാക്ഷികളുടെ നിരീക്ഷകർ അനേകം അഭിപ്രായങ്ങൾ പറഞ്ഞു. ഒരു ഭരണാധികാരി ഇപ്രകാരം പറഞ്ഞു: “ഉദ്യോഗസ്ഥൻമാരെപ്പോലെ കൃത്യതയോടെ നിങ്ങൾ എല്ലാം സംഘടിപ്പിച്ചിരിക്കുന്നു. അതിനുള്ള പരിശീലനം നിങ്ങൾക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്?” ഒരു സ്റ്റേഡിയം മാനേജർ ഇപ്രകാരം പറഞ്ഞു: “ഞാൻ 25 വർഷമായി ഇവിടെ ജോലിചെയ്യുന്നു, ഇത്ര ക്രമം ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ല.” മറ്റൊരു സ്റ്റേഡിയം മാനേജർ ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ആളുകൾ ഇത്ര സത്യസന്ധമായി ജോലിചെയ്യുന്നതെന്തുകൊണ്ടാണ്? അത്തരം ജോലിക്കാരെ ലഭിച്ചിരുന്നെങ്കിലെന്ന് ഞങ്ങൾ ആശിക്കുന്നു!” മറ്റൊരു സ്റ്റേഡിയത്തിൽ മാനേജർ ഇപ്രകാരം പറഞ്ഞു: “ആത്മാർത്ഥമായി പറഞ്ഞാൽ ഈ സ്റ്റേഡിയം ക്രമീകരിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല, എന്നാൽ നിങ്ങൾ അതു സാധിച്ചു.” മതിപ്പുതോന്നിയ ഒരു നിരീക്ഷകൻ ആശ്ചര്യത്തോടെ പറഞ്ഞു: “അസാധാരണമായ എന്തോ നിങ്ങളിൽനിന്ന് ഉത്ഭവിക്കുന്നുണ്ട്!”
വാർസോ സ്റ്റേഡിയത്തിലെ സമ്മേളനം കഴിഞ്ഞ് കാഴ്ചകൾ കാണുന്നതിന് പര്യടനം നടത്തിക്കൊണ്ടിരുന്ന യുവജനങ്ങളുടെ ഒരു സംഘത്തോട് ഒരു വഴികാട്ടി ഇപ്രകാരം പറഞ്ഞു: “ദീർഘകാലമായി ഈ സ്റ്റേഡിയം അഴുക്കുപിടിച്ച് ഉപേക്ഷിച്ചിട്ടിരിക്കുകയായിരുന്നു, ഈയിടെ യഹോവയുടെ സാക്ഷികൾ അവരുടെ മതപരമായ സമ്മേളനത്തിനായി അത് വാടകക്കെടുത്തു ഇപ്പോൾ, അവർ എന്താണ് ഇവിടെ ചെയ്യുന്നതെന്നു നോക്കൂ! സകലവും എപ്രകാരം മാറിയിരിക്കുന്നു! അവർ സ്വമേധയാ വേല ചെയ്യുന്നു. അതെ, അവർ സൗജന്യമായി വേലചെയ്യുന്നു!”
ലോകവ്യാപകമായി ഒരേ കാര്യപരിപാടി
കൺവെൻഷൻ കാര്യപരിപാടി മറ്റു ദേശങ്ങളിൽ അവതരിപ്പിച്ചതുതന്നെയായിരുന്നു, പോളണ്ടിലെ സമ്മേളനങ്ങൾ മൂന്നര ദിവസത്തിനുപകരം രണ്ടര ദിവസത്തേക്കായിരുന്നതുകൊണ്ട് കുറെ വെട്ടിച്ചുരുക്കിയിരുന്നുവെന്നുമാത്രം. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ നാല് അംഗങ്ങൾ—എ.ഡി. ഷ്റോഡർ, എം.ജി. ഹെൻഷൽ, റ്റി. ജാറസ്, ഡി. സിഡ്ലിക് എന്നിവർ—നാലു സമ്മേളനങ്ങളിൽ ഓരോന്നിലും സംസാരിച്ചു. അവരുടെ പ്രസംഗങ്ങൾ പോളിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തു. വിവിധ ദേശങ്ങളെ പ്രതിനിധീകരിച്ചു വന്ന പ്രതിനിധികൾ ആശംസകളും സന്ദേശങ്ങളും കൈമാറി, സദസ്സിന്റെ സന്തോഷത്തിനുവേണ്ടി അവ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്വീഡിഷ് ഭാഷകളിൽനിന്ന് പോളിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
ഡെൻമാർക്കിൽനിന്നുള്ള ഒരു പ്രതിനിധി പോളിഷ് പ്രസംഗകർ എത്ര പ്രാപ്തരായിരുന്നുവെന്ന് അഭിപ്രായപ്പെടുകയും ഇയ്യോബിന്റെ നാടകം എടുത്തു പറയുകയും ചെയ്തു: “ഭാഷ ഞങ്ങൾക്ക് മനസ്സിലായില്ലെങ്കിലും ഇയ്യോബിന്റെ നാടകം ഞങ്ങളിൽ ഒരു വലിയ മതിപ്പുളവാക്കി. അത് നന്നായി അവതരിപ്പിച്ചിരുന്നു. അഭിനയം ഞങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് ഞങ്ങൾക്ക് അത് ഗ്രഹിച്ചുപോകാൻ കഴിഞ്ഞു. മൂന്നു ‘സ്നേഹിതൻമാരു’മായുള്ള ചർച്ചയുടെ പല വിശദാംശങ്ങളും ഞങ്ങളെ ഭാരപ്പെടുത്തിയുമില്ല; ആ അന്തരീക്ഷത്തിലും അനുഭവങ്ങളിലും ഞങ്ങൾക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിഞ്ഞു. ഇയ്യോബ് വാസ്തവത്തിൽ രോഗബാധിതനായിരുന്നുവെന്ന്, അവൻ വലിയ വേദനയിലും കഷ്ടപ്പാടിലും ആയിരുന്നുവെന്ന് ഞങ്ങൾക്ക് കാണുവാനും കേൾക്കുവാനും കഴിഞ്ഞു, സുഹൃത്തുക്കളായി നടിച്ച ആ മൂന്നുപേർ എത്ര വഷളൻമാരായിരുന്നുവെന്നും ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞു. സ്റ്റേഡിയത്തിൽ അനേകർ പരസ്യമായി കരഞ്ഞുപോയി.
ഓരോ സമ്മേളനത്തിലും വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യഹോവയുടെ സാക്ഷികളുടെ ആശംസകൾ വായിക്കുകയും ഉഗ്രമായ കയ്യടിയോടെ അത് സ്വീകരിക്കുകയും ചെയ്തു.
താല്പര്യമുള്ള സ്ഥലങ്ങൾ
മറ്റു രാജ്യങ്ങളിൽ നിന്നുള്ള അനേകം പ്രതിനിധികൾ പോളണ്ടിൽ താല്പര്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് അവസരം പ്രയോജനപ്പെടുത്തി. ചിലർ വാർസൊയിൽ ഫ്രെഡറിക് ചോപിന്റെയും മേരീ ക്യൂറിയുടെയും ജൻമസ്ഥലങ്ങൾ സന്ദർശിച്ചു. മറ്റുള്ളവർ ഒഴിവുകാല വസതികളുടെ മനോഹരമായ വ്യാപാരസ്ഥാനങ്ങളും ഉള്ള ടൂറിസ്റ്റ് നഗരമായ സാക്കോപെയ്ൻ സന്ദർശിക്കുകയും പ്രകൃതിരമണീയമായ പർവ്വതങ്ങളിലേക്ക് ചെയർ ലിഫ്റ്റുകളിൽ സവാരിചെയ്യുകയും ചെയ്തു. ഇവിടേക്കും മറ്റുകാഴ്ച സ്ഥലങ്ങളിലേക്കും കാറിൽ യാത്ര ചെയ്യുമളവിൽ കൊയ്ത്തുകാലത്തെ മനോഹരമായ പോളിഷ് ഗ്രാമങ്ങൾ പ്രതിനിധികൾ കാണുകയുണ്ടായി, ചെറുപ്പക്കാരും മുതിർന്നവരും, സ്ത്രീകളും പുരുഷൻമാരും, അങ്ങനെ കുടുംബങ്ങൾ ഒത്തൊരുമിച്ച് ജോലി ചെയ്തിരുന്ന വയലുകൾതന്നെ.
ഓസ്വിച്ചിലെ മുൻ നാസി തടങ്കൽ പാളയം പ്രത്യേകം താല്പര്യമുള്ളതായിരുന്നു. ഓസ് വിച്ചിലെ ഒരു മുൻ അന്തേവാസിയായിരുന്ന ജോസഫ് ഒരു സംഘം സാക്ഷികളെ പാളയത്തിലൂടെ കൂട്ടിക്കൊണ്ടുപോയി. സാധാരണഗതിയിൽ അത് ഞെട്ടിക്കുന്നതും ഉൻമേഷം നശിപ്പിക്കുന്നതും ആയ ഒരു പര്യടനം ആണ്. അവിടെ തൂക്കുമരങ്ങളും പല തടവുകാരെയും ചേർത്തുനിർത്തി വെടിവെച്ചുകൊന്നിരുന്ന ഭിത്തിയും ശവശരീരങ്ങൾ ദഹിപ്പിക്കുന്ന അടുപ്പും അനേകം ഫോട്ടോകളും ഉണ്ട്—ഇതെല്ലാം സത്യമായിരുന്നോ എന്ന് നിങ്ങൾ എപ്പോഴും ചോദിച്ചുപോകും. നിങ്ങൾ സംശയിച്ചുപോകും എന്നല്ല, പിന്നെയോ, അതിന്റെ ഭീതി അത് മിക്കവാറും അവിശ്വസനീയമാക്കിത്തീർക്കുന്നു! തടവുകാരുടെ വിവിധ വകുപ്പുകളെ തിരിച്ചറിയിക്കുന്ന വ്യത്യസ്ത വർണ്ണങ്ങളിലുള്ള ത്രികോണങ്ങൾ ഉണ്ടായിരുന്നു.—മതപരമായ കാരണങ്ങൾക്ക് ഒരു വകുപ്പുമാത്രം, മാന്തളിർ വർണ്ണത്തിലുള്ള ത്രികോണം വഹിക്കുന്ന ബൈബിൾ വിദ്യാർത്ഥികൾ [യഹോവയുടെ സാക്ഷികൾ] തന്നെ.
എന്നാൽ ആ യാത്രയെ നയിച്ചിരുന്നത് ജോസഫ് ആയിരുന്നതുകൊണ്ട് അത് മിക്കവാറും ഉന്നമിപ്പിക്കുന്ന ഒരു അനുഭവമായിരുന്നു. അയാൾ തന്റെ കഥ പറഞ്ഞു. അയാൾ രാഷ്ട്രീയത്തിലായിരുന്നു, എന്നാൽ അയാളുടെ അപ്പനും അമ്മയും സാക്ഷികളായിത്തീർന്നു. അപ്പൻ മരിച്ച സമയത്ത് സാക്ഷികളുടേതായ ഒരു ശവസംസ്ക്കാരകർമ്മം നിർവ്വഹിക്കപ്പെട്ടപ്പോൾ വന്നുകൂടിയ ആൾകൂട്ടത്തിലും സാക്ഷികളുടെയിടയിൽ നിരീക്ഷിച്ച സ്നേഹത്തിലും ജോസഫിന് മതിപ്പുണ്ടായി. അയാൾ തന്റെ രാഷ്ട്രീയ പ്രവർത്തനം നിറുത്തി. എന്നാൽ ഒരു സാക്ഷിയായിത്തീർന്നില്ല. അതിനുശേഷം അധികം താമസിയാതെ ജോസഫും അമ്മയും അയാളുടെ സഹോദരിയും ഓസ്വിച്ചിലേക്ക് അയക്കപ്പെട്ടു.
അയാളുടെ അമ്മ അടുപ്പുകളിലേക്ക് അയക്കപ്പെട്ടു. സഹോദരി, ഒടുവിൽ തകർന്ന ആരോഗ്യത്തോടെ പുറത്തുവന്നു. അയാൾ ജർമ്മനിയിലെ ഒരു പാളയത്തിലേക്ക് അയക്കപ്പെട്ടു. അവിടെ അയാൾ ഒരു സാക്ഷിയെ കണ്ടുമുട്ടി, അദ്ദേഹം അയാളോട് സംസാരിക്കുകയും അയാൾ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുകയും ചെയ്തു. അയാൾ വാസ്തവത്തിൽ കുപ്രസിദ്ധമായ ഡെത്ത് മാർച്ചിൽ ഒരാളായിരുന്നു. (വീക്ഷാഗോപുരത്തിന്റെ [ഇംഗ്ലീഷ്] 1945 സെപ്റ്റംബർ 1-ലെ ലക്കത്തിൽ “നിർമ്മലത തടങ്കൽ പാളയത്തെ അതിജീവിക്കുന്നു” എന്ന ലേഖനത്തിൽ ഇത് സവിസ്തരം വിവരിച്ചിട്ടുണ്ട്.)
ഓസ്വിച്ചിലെ പര്യടനത്തിൽ ജോസഫ് താൻ കിടന്നമുറിയും അമ്മയെ സൂക്ഷിച്ചിരുന്ന മുറിയും അമ്മയെ ദഹിപ്പിച്ച അടുപ്പുകളും അവരെ കാണിച്ചുകൊടുത്തു. എന്നാൽ അയാളുടെ മനോഭാവം എല്ലാവർക്കും ഒരു മാതൃകയായിരുന്നു. യാതൊരു വിദ്വേഷവും ഇല്ല. അത് ദൈവത്തോടുള്ള നിർമ്മലത വിജയം വരിച്ച, അനേകം സാക്ഷികൾ യഹോവയോട് വിശ്വസ്തരായി മരിച്ച ഒരു സ്ഥലമായിരുന്നു. അയാളോടുകൂടെ പര്യടനം നടത്തുന്നത് ദുഷ്ക്കരമായ ഒരു പ്രദേശത്ത് ഉത്സാഹിയായ ഒരു സാക്ഷിയോടുകൂടെ ആയിരിക്കുന്ന പ്രതീതിയായിരുന്നു. സംഘത്തിലെ ഒരു സാക്ഷി ഒരു വില്പനക്കാരിൽനിന്ന് കുറെ പോസ്റ്റ് കാർഡുകൾ വാങ്ങി. “നിങ്ങൾ അവളോട് സാക്ഷീകരിച്ചോ?” എന്ന് ജോസഫ് ചോദിച്ചു. “ഇല്ല.” ഉടൻതന്നെ അവളോടു സാക്ഷീകരിക്കാനായി അയാൾ പോയി. തീർച്ചയായും, അസഹ്യമായ അത്തരം നിഷ്ഠൂരതകൾ നടന്ന ഓസ്വിച്ച് തടങ്കൽ പാളയത്തിൽ പര്യടനം നടത്തുന്നത് ഉൻമേഷം നശിപ്പിക്കുന്നതാകുമായിരുന്നു, എന്നാൽ ജോസഫിനോടുകൂടെ പര്യടനം നടത്തിയത് പ്രചോദനം നൽകുന്ന ഒരു അനുഭവമാക്കിത്തീർത്തു.
വിലമതിപ്പ് പ്രകടിപ്പിക്കപ്പെട്ടു
പോളണ്ടിൽ ഈ സമ്മേളനങ്ങൾ നടത്തിയത് യഹോവയുടെ സാക്ഷികൾ വിലമതിച്ചു. പോളിഷ് അധികാരികളും സ്റ്റേഡിയം മാനേജർമാരും സമ്മേളിതരോട് സഹകരണ മനോഭാവമുള്ളവരും സൗഹാർദ്ദതയുള്ളവരും ആയിരുന്നു. ഇത് ആ അവസരത്തിന്റെ വിജയവും സന്തോഷവും വർദ്ധിപ്പിച്ചു. കൂടാതെ ഓരോ സമ്മേളനനഗരത്തിലും പ്രമുഖ പത്രങ്ങൾ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു, റേഡിയോയിലും ടെലിവിഷനിലും പ്രക്ഷേപണവും ഉണ്ടായിരുന്നു.
എന്നിരുന്നാലും, പിരിഞ്ഞുപോയ പ്രതിനിധികൾക്ക് ഏറ്റവും അധികം മതിപ്പുണ്ടായത് പോളിഷ് സാക്ഷികളുടെ ആതിഥ്യമര്യാദയായിരുന്നു. അവരുടെ സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ആത്മാവ് സർവ്വത്ര വ്യാപിച്ചിരുന്നു. അവർ തങ്ങളുടെ ഉച്ചഭക്ഷണം സന്ദർശകപ്രതിനിധികളുമായി പങ്കുവെച്ചു. അവർ അവരെ തങ്ങളുടെ ഭവനങ്ങളിലേക്ക് ക്ഷണിച്ചു. അവർ ചില പ്രത്യേക പോളിഷ് ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടെ അവർക്കുവേണ്ടി ഭക്ഷണം പാചകപ്പെടുത്തി. മറ്റു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ അവരുടെ ഊഷ്മളമായ പുഞ്ചിരിയും ആശ്ലേഷവും ചുംബനവും ദീർഘകാലം സ്മരിക്കുന്നതാണ്.
കറ്റോവിസിലേയും വാർസൊയിലേയും സമ്മേളനങ്ങളിൽ ഉപസംഹാരപ്രസംഗത്തേതുർന്ന് ഉടനെ അവതരിപ്പിക്കപ്പെട്ട പിൻവരുന്ന വാക്കുകളിൽ പോളിഷ് സാക്ഷികളുടെ സ്നേഹപൂർവ്വമായ മനോഭാവം ഏറ്റവും നന്നായി ക്രോഡീകരിച്ച് അവതരിപ്പിക്കപ്പെട്ടിരുന്നു. അത് ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിലേക്ക് പരിഭാഷചെയ്യപ്പെടുകയും ഉത്സാഹപൂർവ്വമായ കയ്യടിയാൽ അംഗീകരിക്കപ്പെടുകയും ചെയ്തു.
ലോകത്തിലെ ചുരുങ്ങിയത് 16 രാജ്യങ്ങളിൽ നിന്നുള്ള പ്രിയ സഹോദരി സഹോദരൻമാരേ!
ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നതിന് നിങ്ങൾ വളരെയധികം പ്രയാസങ്ങളും ത്യാഗങ്ങളും സഹിച്ചു. യഥാർത്ഥ സ്നേഹിതൻമാർ മാത്രമേ ഇതു ചെയ്യുകയുള്ളു.
ഇവിടെ സംസാരിച്ച മിക്ക വചനങ്ങളും നിങ്ങളിൽ ഭൂരിപക്ഷത്തിനും മനസ്സിലായില്ല, എങ്കിലും ഈ സമ്മേളനത്തിന്റെ ആത്മാവ് നിങ്ങളിലേക്ക് പ്രവേശിച്ചുവെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
നാം നമ്മുടെ മഹാദൈവമായ യഹോവയുടെ ആരാധനയിലും അവനോടും അന്യോന്യവുമുള്ള നമ്മുടെ സ്നേഹത്തിലും ഏകീകൃതരാണ്.
നാമെല്ലാം ഒരേ ദൂത് പ്രസംഗിക്കുന്നു—രാജ്യത്തിന്റെ സുവാർത്തതന്നെ. ഞങ്ങൾ സഹോദരങ്ങളുടെ മുഴുസമൂഹത്തെയും സ്നേഹിക്കുന്നുവെന്നും യഹോവയാം ദൈവത്തോടുള്ള ഞങ്ങളുടെ നിർമ്മലത അവസാനംവരെ കാത്തുസൂക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്നും ദയവായി നമ്മുടെ സ്നേഹിതരോടു പറയുക.
തന്റെ ഉപസംഹാരപ്രസംഗത്തിൽ പ്രസംഗകൻ സൂചിപ്പിച്ചതുപോലെ നിങ്ങൾ നിങ്ങളുടെ പ്രദേശത്തുള്ള സഹോദരങ്ങൾക്ക് ഞങ്ങളുടെ സ്നേഹം പകർന്നുകൊടുക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
ലോകവ്യാപക സഹോദര വർഗ്ഗത്തിൽ നിർമ്മലതാപാലകരെന്ന നിലയിൽ നിങ്ങളോടൊത്ത് ഐക്യത്തിൽ നിൽക്കുന്നതിന് ഞങ്ങൾ സന്തോഷവും നന്ദിയുമുള്ളവരാണ്.
നിങ്ങൾക്കെല്ലാവർക്കും നന്ദി.
സെപ്റ്റംബർ 29-ാം തീയതി ഞായറാഴ്ച ഒരു പോളിഷ് ദേശീയ റേഡീയോ പ്രക്ഷേപണ പരിപാടിയിൽ “യഹോവയുടെ സൈന്യത്തെ കാണുക” എന്ന രാജ്യഗീതാലാപം ഉൾപ്പെടെ സമ്മേളനങ്ങളെക്കുറിച്ച് 30 മിനിട്ടു നേരത്തെ ഒരു കാര്യപരിപാടി അവതരിപ്പിക്കപ്പെട്ടു. സത്യമായും, പോളണ്ടിലെ ഈ സമ്മേളന പരമ്പര ഉല്പത്തി 18:14-ൽ ഉന്നയിച്ചിരിക്കുന്ന ചോദ്യത്തിന് മാറ്റൊലിക്കൊള്ളുന്ന മറ്റൊരു ഉത്തരം പ്രദാനം ചെയ്തു: “യഹോവക്ക് വളരെ അസാധാരണമായി എന്തെങ്കിലും ഉണ്ടോ?” (g86 1/22)
[13-ാം പേജിലെ ചതുരം]
വാർസൊ സമ്മേളനം, ഓഗസ്റ്റ് 16-18
കൂടിയ ഹാജർ, 27,271
സ്നാനമേറ്റവർ, 879
റോക്ലൊ സമ്മേളനം, ഓഗസ്റ്റ് 16-18
കൂടിയ ഹാജർ, 16,003
സ്നാനമേറ്റവർ, 545
പൊസ്നാൻ സമ്മേളനം, ഓഗസ്റ്റ് 23-25
കൂടിയ ഹാജർ, 19,305
സ്നാനമേറ്റവർ, 715
കറ്റൊവിസ് സമ്മേളനം, ഓഗസ്റ്റ് 23-25
കൂടിയ ഹാജർ, 31,555
സ്നാനമേറ്റവർ, 1,001
നാലു സമ്മേളനങ്ങളുടെ മൊത്തം
കൂടിയ ഹാജർ, 94,134
സ്നാനമേറ്റവർ, 3,140
[14-ാം പേജിലെ ചതുരം]
ഞങ്ങൾ മറക്കുകില്ലൊരിക്കലും
നിരവധി ദേശങ്ങളിലെ സോദരീസോദരരെ,
നിങ്ങളുടെ പോളണ്ട് സന്ദർശനം ഞങ്ങൾ മറക്കുകില്ലൊരിക്കലും.
സമൃദ്ധമായി കവിഞ്ഞൊഴുകും യഹോവയിൻ മേശ,
ഒരു സന്തുഷ്ട ജനമെന്ന പോൽ നാം ഒത്തുനില്ക്കും.
ഇതു ഞങ്ങൾ മറക്കുകില്ലൊരിക്കലും
ഭാഷ ഒരു പ്രശ്നം തന്നെ, സത്യം,
എങ്കിലും, “ഞങ്ങൾ സ്നേഹിക്കുന്നു നിങ്ങളെ,”
എന്നു പറവാൻ സ്നേഹം ഒരു മാർഗ്ഗം കണ്ടെത്തി.
ഇതു ഞങ്ങൾ മറക്കുകില്ലൊരിക്കലും
നൂതന വ്യവസ്ഥിതി ആഗതമാം ഒരു നാളിൽ,
പിന്തിരിഞ്ഞു നോക്കും നാം അശ്രുക്കളോടെ,
നാം സമ്മേളിച്ചതിൽ ആത്മാർത്ഥത സ്മരിച്ചുകൊണ്ടുതന്നെ.
പ്രിയ സോദരരേ, ഇതു ഞങ്ങൾ മറക്കുകില്ലൊരിക്കലും.
—പോളണ്ടിലെ ഒരു സാക്ഷി രചിച്ചത്.
[9-ാം പേജിലെ ചിത്രം]
വൊസ്നാനിൽ സ്റ്റേഡിയം വൃത്തിയാക്കുന്നു
[10, 11 പേജുകളിലെ ചിത്രങ്ങൾ]
1985-ലെ വാർസൊ സമ്മേളന സ്ഥാനത്തിന്റെ വിശാല വീക്ഷണം
വാർസൊ സമ്മേളനത്തിൽ സ്നാനം
[12-ാം പേജിലെ ചിത്രങ്ങൾ]
കൺവെൻഷനുവന്ന ചില ജാപ്പനീസ് പ്രതിനിധികളും മറ്റുള്ളവരും
ആൽബർട്ട് ഷ്റോഡർ, പോളണ്ടിലെ പൊസ്നാനിൽ, കെ എസ് വാർട്ടാ സ്റ്റേഡിയത്തിൽ 18,200 പേരെ അഭിസംബോധന ചെയ്യുന്നു