ചെറുപ്പക്കാർ ചോദിക്കുന്നു . . .
എനിക്ക് ദൈവത്തോടടുക്കാൻ എങ്ങനെ കഴിയും?
‘ഞാൻ മനുഷ്യനും ദൈവം ദിവ്യനുമാണ്. ഞാൻ മർത്ത്യനും ദൈവം നിത്യനുമാണ്. ഞാൻ ജഡവും ദൈവം ആത്മാവുമാണ്. ആസ്ഥിതിക്ക്, ഞാൻ ദൈവവുമായി ബന്ധപ്പെടാൻ പ്രതീക്ഷിക്കുന്നതെങ്ങനെ?’ ഇന്ന് ദൈവത്തെക്കുറിച്ച് ഈ വിധത്തിലാണ് മിക്ക ചെറുപ്പക്കാരും ചോദിക്കുന്നത്. ‘ഞാൻ ദൈവത്തോട് സംസാരിക്കുന്നതിനാണോ അതോ ദൈവം വെറുതെ ഒറ്റയ്ക്കിരിക്കുന്നതിനാണോ ആഗ്രഹിക്കുന്നത് എന്നുപോലും ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്’ എന്നു ചില യുവാക്കൾ പറയുന്നു. അതേ സമയം മറ്റുള്ളവരുടെ പരാതി ഇതാണ്: ‘ഞാൻ പ്രാർത്ഥിക്കുമ്പോൾ, എന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ട വിധം സംബന്ധിച്ച് എന്നോട് പറയുന്ന യാതൊരു ശബ്ദവും ഞാൻ കേൾക്കാറില്ല.‘
എന്നിരുന്നാലും, എല്ലാ ചെറുപ്പക്കാരും ഈ വിധത്തിൽ ചിന്തിക്കാറില്ല. അമേരിക്കയിലെ മതം 1984 എന്ന തന്റെ പ്രസിദ്ധീകരണത്തിൽ ജോർജ്ജ് ഗാലപ് ജൂനിയർ പറയുന്നു: “ദൈവത്തോട് ഒരടുത്ത ബന്ധം തോന്നുന്നതിൽ കൗമാരപ്രായക്കാർ തങ്ങളുടെ മുതിർന്നവരെക്കാൾ കൂടുതൽ ചായ്വുള്ളവരായി കാണപ്പെടുന്നു.” എന്നാൽ ഇൻറർവ്യൂ ചെയ്യപ്പെട്ട 95 ശതമാനം കൗമാരപ്രായക്കാരും തങ്ങൾ ഒരു ദൈവത്തിലോ ഒരു പ്രാപഞ്ചികശക്തിയിലോ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും, അത് അതിൽത്തന്നെ ദൈവവുമായി അവർക്ക് ഒരു ബന്ധം ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല.
ദൈവത്തോട് അടുത്തു ചെല്ലുന്നതിൽ വെറും ദൈവവിശ്വാസം ഉണ്ടായിരിക്കുന്നതിലധികം ഉൾപ്പെടുന്നു. അത് വിശ്വാസം പ്രവർത്തനത്തിൽ കൊണ്ടുവരുന്നത് അർത്ഥമാക്കുന്നു. അതിൽ ദൈവവുമായി ഒരു സൗഹൃദം നട്ടുവളർത്തുന്നത് ഉൾപ്പെടുന്നു. അതുകൊണ്ടാണ് വിശ്വസ്തനായ അബ്രാഹാം “യഹോവയുടെ സ്നേഹിതൻ” എന്ന് വിളിക്കപ്പെടാൻ ഇടയായത് എന്ന് ബൈബിൾ പറയുന്നത്. ഏതെങ്കിലും ബന്ധം നട്ടു വളർത്തുന്നതിന് പ്രയത്നം ആവശ്യമാണെന്നുള്ളത് സത്യംതന്നെ. എന്നാൽ ദൈവത്തിന്റെ സൗഹൃദം ശ്രമത്തിനു തക്ക മൂല്യവത്താണോ?—യാക്കോബ് 2:23.
അത് പ്രാധാന്യമുള്ളതായിരിക്കുന്നതിന്റെ കാരണം
“അവൻ മുഖാന്തരം നമുക്ക് ജീവനുണ്ട്, നാം ചരിക്കുകയും സ്ഥിതിചെയ്യുകയും ചെയ്യുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (പ്രവൃത്തികൾ 17:28) നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിങ്ങളുടെ ജീവൻ ദൈവത്തിലാണ് ആശ്രയിച്ചിരിക്കുന്നത്. നിങ്ങൾ ശ്വസിക്കുന്ന വായു, നിങ്ങൾ കഴിക്കുന്ന ഭക്ഷണം, നിങ്ങൾ കുടിക്കുന്ന വെള്ളം—ഇവ അവന്റെ കരുതലുകളിൽ ചുരുക്കം ചിലതുമാത്രമാണ്. അതുകൊണ്ട് നാം അവനോട് കടപ്പെട്ടിട്ടില്ലേ? ഇതുതന്നെ നാം ദൈവത്തോട് അടുത്തു ചെല്ലാൻ ആഗ്രഹിക്കേണ്ടതിന്റെ ഒരു കാരണമാണ്. (ഉല്പത്തി 1:27, 28; സങ്കീർത്തനം 104:14) അതേ സമയം നിങ്ങൾ അവനോട് അടുക്കേണ്ടതിന് മറ്റ് കാരണങ്ങളുമുണ്ട്.
“തന്റെ കാലടിയെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല” എന്ന് ബൈബിൾ പറയുന്നു. മനുഷ്യന് ശ്രമിക്കാൻ വയ്യന്നല്ല പിന്നെയോ ദൈവത്തിന്റെ മാർഗ്ഗദർശനം കൂടാതെ അവൻ അതിന് സജ്ജനല്ല എന്നുമാത്രം. (യിരെമ്യാവ് 10:23; സദൃശവാക്യങ്ങൾ 12:15) യുദ്ധം, അക്രമം, കുറ്റകൃത്യം, മലിനീകരണം എന്നിവ പോലെയുള്ള ഇന്നത്തെ പൊതുവായ മറ്റനവധി പ്രശ്നങ്ങൾ ഇത് സത്യമാണെന്ന് തെളിയിച്ചിരിക്കയാണ്. അതെ, ദൈവത്തോട് അടുപ്പമില്ലായ്മ മനുഷ്യവർഗ്ഗത്തെ ഗുരുതരമായി ദ്രോഹിച്ചിരിക്കയാണ്. എന്നാൽ ഒരു വ്യക്തിയെന്നനിലയിൽ നിങ്ങളെ സംബന്ധിച്ചെന്ത്?
ദൈവത്തിന്റെ സുഹൃത്തായിരിക്കുന്നത് വ്യക്തിപരമായ പ്രശ്നങ്ങൾ വിജയപൂർവ്വം തരണം ചെയ്യുന്നതിന് നിങ്ങളെ സഹായിക്കും. മനുഷ്യന് “അല്പായുസും കഷ്ടതകളുടെ അതിഭാരവും” ആണുള്ളത്. (ഇയ്യോബ് 14:1, ദ ബൈബിൾ ഇൻ ലിവിംഗ് ഇംഗ്ലീഷ്) എന്നിരുന്നാലും, ദൈവം തന്റെ വചനത്തിലൂടെ നൽകുന്ന മാർഗ്ഗനിർദ്ദേശം മുഖാന്തരം അവന് നിങ്ങളെ നിലനിൽക്കുന്ന നൻമയുടെ മാർഗ്ഗത്തിൽ നിയിക്കാൻ കഴിയും. “നിന്റെ പൂർണ്ണ ഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക. നിന്റെ സ്വന്തം ഗ്രാഹ്യത്തിൽ ഊന്നരുത്. നിന്റെ എല്ലാവഴികളിലും അവനെ പരിഗണിക്കുക, അവൻ തന്നെ നിന്റെ പാതകൾ നേരെയാക്കും” എന്ന് ബൈബിൾ ഉദ്ബോധിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 3:5, 6; സങ്കീർത്തനം 16:11.
ദൈവം നിങ്ങളുടെ ഭാവിക്ഷേമത്തിലും താല്പര്യമുള്ളവനാണ്. ദൈവത്തെ ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്കുവേണ്ടിയുള്ള അവന്റെ വാഗ്ദത്തം—സമാധാനവും നീതിയുമുള്ള അവസ്ഥകളിൽ ഭൂമിയിലെ നിത്യജീവൻ—അവനോട് കൂടുതൽ അടുത്തുചെല്ലുന്നത് വളരെ പ്രാധാന്യമുള്ളതാക്കുന്നു. (യോഹന്നാൻ 17:3; സങ്കീർത്തനം 37:9-11, 29; വെളിപ്പാട് 21:3, 4) അങ്ങനെയെങ്കിൽ, നിങ്ങൾക്ക് അവനെ സമീപിച്ചു തുടങ്ങാൻ എങ്ങനെ കഴിയും?
ദൈവത്തെ അറിയുക
നിങ്ങൾ ആരെയെങ്കിലും നിങ്ങളുടെ ഒരു നല്ല കൂട്ടുകാരനായി തെരഞ്ഞെടുക്കുന്നതിനുമുമ്പ്, ആദ്യംതന്നെ അവനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. നിങ്ങൾ ആകസ്മികമായി ഒരു കൂട്ടുകാരനെ—അയാളുടെ പേരോ അയാളുടെ വ്യക്തിത്വമോ അയാളുടെ താൽപര്യങ്ങളോ അയാളുടെ അഗാധമായ ചിന്തകളോ വിചാരങ്ങളോ പോലും അറിയാതെതന്നെ—തെരഞ്ഞെടുക്കുമോ? സാദ്ധ്യതയനുസരിച്ച് ഇല്ല. ഇതുപോലെ, ദൈവവുമായി അടുപ്പത്തിലാകാൻ നിങ്ങൾ ആദ്യംതന്നെ അവനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. (യോഹന്നാൻ 17:3) ബൈബിൾ പഠിച്ചുകൊണ്ട് തുടങ്ങുക. ഇത് ദൈവത്തെ ഒരു വ്യക്തിയെന്ന നിലയിൽ അറിയാൻ നിങ്ങളെ സഹായിക്കുന്നു. അവൻ എന്ത് ചിന്തിക്കുന്നുവെന്നോ നിങ്ങളിൽ നിന്ന് അവൻ എന്ത് ആവശ്യപ്പെടുന്നുവെന്നോ നിങ്ങൾ പഠിക്കും.
സാമാന്യം ലളിതവും വ്യക്തവുമായ ഭാഷയിലാണ് ബൈബിൾ എഴുതപ്പെട്ടിരിക്കുന്നതെങ്കിലും വ്യവസ്ഥാപിതമായ പഠനം ഒരളവുവരെ ആവശ്യമാണ്. മിക്കവർക്കും ബൈബിൾ വായിക്കപ്പെടാത്ത ഒരു മറുനാടൻ രേഖയായി നിലകൊള്ളുന്നുവെന്നത് ദുഃഖകരമാണ്. യുവജനങ്ങളുടെ ഒരു അഭിപ്രായ വോട്ടെടുപ്പനുസരിച്ച് “എട്ട് കൗമാരപ്രായക്കാരിൽ ഒരാൾ മാത്രമേ (12%) ദിനംതോറും ബൈബിൾ വായിക്കുന്നുള്ളു. 30% ഒരിക്കലും പുസ്തകം തുറക്കുന്നില്ല അല്ലെങ്കിൽ അവസാനമായി തുറന്നത് എന്നാണെന്ന് അവർക്ക് ഓർക്കാൻ കഴിയുന്നില്ല.” 52% എല്ലാ ദിവസവും പത്രം വായിക്കുന്നുണ്ടെന്ന് പറയുന്നത് രസാവഹമാണ്. എന്നാൽ “യഹോവയുടെ ഇഷ്ടം ഗ്രഹിച്ചുകൊണ്ടേയിരിക്കാൻ” അവന്റെ വചനത്തിന്റെ നിരന്തരമായ വായന അത്യന്താപേക്ഷിതമാണ്.—എഫേസ്യർ 5:17; യോശുവ 1:8.
എന്നിരുന്നാലും, ദൈവവുമായി അടുപ്പത്തിലാവുക എന്നു പറഞ്ഞാൽ കേവലം അവനെക്കുറിച്ച് ചില വസ്തുതകൾ അറിയുക എന്നതല്ല. ഇന്നത്തെ ഏതൊരു ബന്ധത്തിന്റെയും സംഗതിയിലെന്നപോലെ, ചില രീതിയിലുള്ള ആശയവിനിയമം ആവശ്യമാണ് യഹോവയെ സംബന്ധിച്ചിടത്തോളം അത് പ്രാർത്ഥനയാണ്
ആശയവിനിയമം നടത്തുക
ചില ചെറുപ്പക്കാർക്ക്, പ്രാർത്ഥനയിൽ ദൈവത്തോട് സംസാരിക്കുന്നത് വളരെ അകന്നതായി, വളരെ വിചിത്രമായി അല്ലെങ്കിൽ അയഥാർത്ഥമായി കാണപ്പെടുന്നു. എന്നിരുന്നാലും 17 വയസ്സുള്ള ലാവെൺ പറയുന്നതനുസരിച്ച് “നിങ്ങൾ ഒരാളോട് സംസാരിക്കുന്നില്ലെങ്കിൽ വാസ്തവത്തിൽ നിങ്ങൾക്ക് അയാളോട് വ്യക്തിപരമായ ഒരു ബന്ധം ഉണ്ടെന്ന് പറയുക പ്രയാസമാണ്.” അറിവ് പ്രധാനമാണ് എന്നത് സത്യംതന്നെ. എന്നാൽ നിങ്ങൾക്ക് ദൈവത്തെക്കുറിച്ച് എത്രമാത്രം അറിവുണ്ടായിരുന്നാലും, അവനോട് നിരന്തരം പ്രാർത്ഥിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ശ്രമങ്ങൾ വ്യർത്ഥമായിരിക്കും.
ലിൻഡാ ഒരു ക്രിസ്തീയ കുടുംബത്തിലാണ് വളർന്നുവന്നത്. എന്നിരുന്നാലും, തന്റെ കൗമാരപ്രായത്തെക്കുറിച്ച് അവൾ ഇപ്രകാരം പറയുന്നു: “ആ വർഷങ്ങളിലെല്ലാം ഞാൻ അപൂർവ്വമായേ ക്രിസ്തീയ യോഗങ്ങൾ ഉപേക്ഷിച്ചിരുന്നുള്ളു ഞാൻ ഒരു മാസംപോലും പ്രസംഗപ്രവർത്തനം ഉപേക്ഷിച്ചിട്ടില്ല എങ്കിൽതന്നെയും ഞാൻ യഥാർത്ഥത്തിൽ യഹോവയുമായി വ്യക്തിപരമായ ഒരു അടുത്ത ബന്ധം ഒരിക്കലും വികസിപ്പിച്ചിട്ടില്ല.” എന്നാൽ അവളുടെ ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ, പ്രശ്നങ്ങളും പിരിമുറുക്കങ്ങളും വർദ്ധിച്ചപ്പോൾ അവളെ എന്താണ് സഹായിച്ചത്? “ഞാൻ ഞങ്ങളുടെ പ്രശ്ന പരിഹാരത്തിനായി ദിവസങ്ങളോളം ഇടവിടാതെ പ്രാർത്ഥിച്ചു.” യഹോവ അവളുടെ പ്രശ്നങ്ങളിൽ അവളെ സഹായിക്കുമെന്ന് അവൾ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. അവൾ അവ വിജയപൂർവ്വം നേരിടുന്നതിന് പ്രാപ്തി നേടുകയും ചെയ്തു.
ലിൻഡായെപ്പോലെ, നിങ്ങൾ ക്രിസ്തീയ സൽപ്രവൃത്തികൾ ചെയ്യുന്നുണ്ടെന്നും അതേ സമയം ദൈവവുമായി അടുപ്പത്തിലാകാൻ കഴിയുന്നില്ലെന്നും നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നുന്നുണ്ടോ? ഇത് സംബന്ധിച്ച് അവനോട് പ്രാർത്ഥിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ? “യഹോവയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും അവൻ സമീപസ്ഥനാണ്” എന്ന് ബൈബിൾ വ്യക്തമായി പറയുന്നു. (സങ്കീർത്തനം 145:18) അതുകൊണ്ടാണ് “തുടർച്ചയായി പ്രാർത്ഥിക്കാൻ,” “പ്രാർത്ഥനയിൽ ഉറ്റിരിക്കാൻ,” “ഏതു സന്ദർഭത്തിലും പ്രാർത്ഥന തുടർന്നു നടത്താൻ” ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത് (മത്തായി 26:41; റോമർ 12:12; എഫേസ്യർ 6:18) നിങ്ങൾ നിങ്ങളുടെ മുഴു സമയവും—ഒരു ദിവസം 24 മണിക്കൂറും ഇത് അർത്ഥമാക്കുന്നില്ലെങ്കിലു, നിങ്ങൾ നിരന്തരം പ്രാർത്ഥിക്കേണ്ടതുണ്ടെന്ന് ഇത് അർത്ഥമാക്കുന്നു. എന്നാൽ നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ദൈവം കേൾക്കുന്നുണ്ടോ?
അവൻ കേൾക്കുന്നുണ്ട്—നിങ്ങൾ അവന്റെ വ്യവസ്ഥകൾ പാലിക്കുകയും ശരിയായ കാര്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നെങ്കിൽ. യേശുക്രിസ്തു അവന്റെ മാതൃകാപ്രാർത്ഥന ഒരു മോഡൽ ആയി ഉപയോഗിച്ചു. (ലൂക്കോസ് 11:1-4) എന്നാൽ ശിഷ്യനായ യാക്കോബ് അവന്റെ നാളിലെ ചില ക്രിസ്ത്യാനികളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ചോദിക്കുക തന്നെ ചെയ്യുന്നു, എന്നിട്ടും നിങ്ങൾക്ക് ലഭിക്കുന്നില്ല, എന്തുകൊണ്ടെന്നാൽ നിങ്ങൾ തെറ്റായ ഒരു ഉദ്ദേശ്യത്തിനുവേണ്ടിയാണ് ചോദിക്കുന്നത്.” (യാക്കോബ് 4:3) അതുകൊണ്ട് നിങ്ങളുടെ പ്രാർത്ഥനകൾ സ്വാർത്ഥപരമോ ദൈവേഷ്ടം അവഗണിക്കുന്നതോ ആണെങ്കിൽ ദൈവം അവ കേൾക്കുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതല്ല.
എന്നിരുന്നാലും, നിങ്ങൾ ദൈവത്തോട് സംസാരിക്കുന്നത് അവശ്യം പ്രാർത്ഥനയായിരിക്കണമെന്നില്ല. നിങ്ങളുടെ പ്രാർത്ഥനയിൽ ഭക്തിയും വിശ്വാസവും ആദരവും ദൈവത്തിലുള്ള ഒരു ആശ്രയബോധവും ഉണ്ടായിരിക്കണം. നമ്മെ മനസ്സിലാക്കുന്ന ഒരു പിതാവിനോടെന്നപോലെ, നിങ്ങൾ നിങ്ങളുടെ ഹൃദയത്തിലുള്ളത് അവനിലേക്ക് കോരിച്ചൊരിയുക. അതെ, “സകലത്തിലും പ്രാർത്ഥനയാലും . . . നിങ്ങളുടെ യാചനകൾ ദൈവത്തെ അറിയിക്കുക.” (ഫിലിപ്യർ 4:6) അതേസമയം, ദൈവത്തോട് അടുപ്പത്തിലായിരിക്കാൻ നിങ്ങൾക്ക് പരിജ്ഞാനത്തെയും പ്രാർത്ഥനയെയുംകാൾ അധികം ആവശ്യമാണ്. നിങ്ങൾ ബൈബിൾ തത്വങ്ങളുടെ ചേർച്ചയിൽ നിങ്ങളുടെ ജീവിതം ക്രമപ്പെടുത്താൻ ഒരു ശ്രമം നടത്തുകയും വേണം.
നിങ്ങളെത്തന്നെ അർപ്പിക്കുക
തങ്ങളുടെ വ്യക്തിപരമായ ലാക്കുകളിൽ എത്തിച്ചേരാൻ സ്ത്രീപുരുഷൻമാരും ചെറുപ്പക്കാരും വളരെ സമയം ചെലവഴിക്കുകയും വളരെ ശ്രമം ചെലുത്തുകയും പ്രയാസങ്ങൾ സഹിക്കുകപോലും ചെയ്യുന്നു. ഉദാഹരണത്തിന്, പ്രസിദ്ധ ഒളിമ്പിക് താരമായ പെഗി ഫെമ്ലിംഗ് ഒളിമ്പിക്സിനുവേണ്ടി പരിശീലിക്കുന്നതിനും അഭ്യസിക്കുന്നതിനുമായി 9 വയസ്സിനും 19 വയസ്സിനുമിടയ്ക്കു 20,000 ലധികം മണിക്കൂറുകൾ—ഓരോ ദിവസവും കുറഞ്ഞപക്ഷം ശരാശരി അഞ്ച് മണിക്കൂർ—ചെലവഴിച്ചു. അവളുടെ ലക്ഷ്യമെന്തായിരുന്നു? ഒരു ഒളിമ്പിക് സ്വർണ്ണമെഡൽ. ദൈവത്തോട് അടുക്കാൻ ശ്രമിക്കുന്നതിലും വേണ്ടത്ര ശ്രമം ആവശ്യമല്ലേ?
“പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുന്ന”തിനും “ഈ വ്യവസ്ഥിതിക്ക് അനുരൂപമാകുന്നത് നിർത്തുന്ന”തിനും അവന്റെ വചനം നമ്മോട് പറയുന്നു. (കൊലോസ്യർ 3:9; റോമർ 12:2) ഇതിന് നിങ്ങളുടെ പക്ഷത്ത് നിരന്തര ശ്രമം ആവശ്യമാണ്. എന്നാൽ അതു സംബന്ധിച്ച് നിങ്ങൾ എന്തെങ്കിലും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ ദൈവവുമായി ഒരിക്കലും അടുപ്പത്തിലാവുകയില്ല.
അതിനാൽ, ദൈവവുമായി അടുപ്പത്തിലാകാൻ നിങ്ങൾ അവനെക്കുറിച്ച് അറിയണം, പ്രാർത്ഥനയിലൂടെ അവനുമായി ആശയവിനിയമം ചെയ്യണം, അവന്റെ ഇഷ്ടം ചെയ്യുന്നതിൽ നിങ്ങൾ മുഴുകിയിരിക്കുകയും വേണം. അതെ, “ദൈവം യഥാർത്ഥത്തിൽ നമ്മിൽ ഓരോരുത്തനിൽനിന്നും ദൂരെയല്ലെങ്കിലും . . . അവനെ തപ്പിനോക്കി യഥാർത്ഥത്തിൽ കണ്ടെത്തുമോ എന്നുവെച്ച് അവനെ അന്വേഷി”ച്ചു തുടങ്ങുക.—പ്രവൃത്തി 17:27. (g85 2/8)
[16-ാം പേജിലെ ആകർഷകവാക്യം]
ദൈവവുമായി അടുപ്പത്തിലാകാൻ അവനിൽ വെറും വിശ്വാസമുണ്ടായിരിക്കുന്നതിലധികം ആവശ്യമാണ്
[17-ാം പേജിലെ ആകർഷകവാക്യം]
ദൈവവുമായി അടുപ്പത്തിലാകാൻ നിങ്ങൾ എന്തെങ്കിലും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ ഒരിക്കലും അവനുമായി അടുപ്പത്തിലാവുകയില്ല
[16-ാം പേജിലെ ചിത്രം]
അനേകരും തങ്ങളുടെ ലക്ഷ്യങ്ങളിലെത്താൻ കഠിന ശ്രമം ചെയ്യുന്നു. ദൈവവുമായി അടുപ്പത്തിലാകാൻ അതിൽ കുറഞ്ഞ എന്തെങ്കിലും ശ്രമം മതിയോ?