മദ്യവും നിങ്ങളും
‘ജോ, നിങ്ങൾ വളരെയധികം കഴിച്ചിരിക്കുന്നു എന്ന് ഞാൻ വിചാരിക്കുന്നു,’ എന്ന് ആതിഥേയ പറയുന്നു.
‘ആര് ഞാനോ? എനിക്കു ഇതു കൈകാര്യം ചെയ്യാൻ കഴിയും!’ എന്ന് കുഴഞ്ഞ വാക്കുകളിൽ ജോ പ്രതിവചിക്കുന്നു.
‘അതു ശരിയായിരിക്കാം, എന്നാൽ നിങ്ങൾ വീട്ടിലേക്കു വാഹനമോടിച്ചു പോകുന്നതിനു മുമ്പ് ഒരു കപ്പു കാപ്പി കുടിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു!
നല്ല ഉപദേശമോ? തീർച്ചയായും അല്ല! യഥാർത്ഥത്തിൽ അയാൾ അമിതമായി കുടിച്ചിട്ടുണ്ടെങ്കിൽ വാഹനമോടിച്ചു പോവുന്നതിന് ജോയെ ഒരു കപ്പു കാപ്പി സുരക്ഷിതനാക്കുകയില്ല; അല്പം ശുദ്ധവായുവിന്റെ ശ്വസനമോ തണുത്ത വെള്ളത്തിലെ ഒരു കുളിയോ സംരക്ഷിക്കയില്ല. അത്തരം കാര്യങ്ങൾ ജോയെ കൂടുതൽ ഉണർവ്വുള്ളവനാക്കിയേക്കാം. എന്നാൽ അയാളെ സമചിത്തനാക്കുന്ന ഒരു കാര്യമേയുള്ളു—സമയം. ഇത് മെച്ചമായി മനസ്സിലാക്കുന്നതിന് നിങ്ങളുടെ ശരീരം ലഹരിപാനീയത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നിരീക്ഷിക്കുന്നത് സഹായകമാണ്
മദ്യം പ്രവർത്തിക്കുന്ന വിധം
നിങ്ങൾ ഒരു ലഹരിപാനീയം കഴിക്കുമ്പോൾ ആ ലഹരിക്ക് നിങ്ങളുടെ രക്തധാരയിൽ ചേരാൻ വലിയ “ആകാംക്ത” ഉണ്ട്.a മറ്റു ആഹാര സാധനങ്ങൾപോലെ ഇത് ദഹിക്കേണ്ടതില്ല. പെട്ടെന്നുതന്നെ ഏകദേശം 20 ശതമാനം നിങ്ങളുടെ ആമാശയ ഭിത്തികളിൽ കൂടി രക്തധാരയിൽ ചേരുന്നു. അവശേഷിച്ചത് നിങ്ങളുടെ ചെറുകുടലിൽ എത്തുമ്പോൾ ആഗിരണം ചെയ്യപ്പെടുന്നു.
മദ്യം നിങ്ങളുടെ രക്തത്തിൽ എത്രമാത്രം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതു നിങ്ങളെ സ്വാധീനിക്കുന്നത് അതു എത്രമാത്രം വേഗത്തിൽ സ്വീകരിക്കപ്പെടുന്നു എന്നതു വിവിധ ഘടകങ്ങളെ ആശ്രയിച്ചും ഇരിക്കുന്നു:
(1) സേവിച്ച മദ്യത്തിന്റെ അളവ്: ഒരു മാതൃകാകുടിയിൽ നിങ്ങൾ എന്തുമാത്രം സേവിക്കും? ഒരു പാത്രം ബിയറിൽ ഒരു അളവ് വിസ്ക്കിയേക്കാൾ കുറഞ്ഞ ലഹരിയാണോ അടങ്ങിയിട്ടുള്ളത്? അതിശയകരമെന്നു തോന്നിയേക്കാം, ഒരു മാതൃകാ വിളമ്പിലെ ബിയർ, വീഞ്ഞ്, 80 പ്രൂഫ് വിസ്ക്കി എന്നിവയിലെല്ലാം ഒരേ അളവ് ലഹരിയാണ് അടങ്ങിയിരിക്കുന്നത്—അര ഔൺസിനെക്കാൾ (15 സി. സി.) അല്പം അധികം.b
ദി നാഷനൽ ഇൻസ്റ്റീറ്റ്യൂട്ട് ഓൺ ആൽക്കഹോൾ അബ്യൂസ് ആൻറ് ആൽക്കഹോളിസം പ്രസിദ്ധീകരിച്ച മദ്യത്തിന്റെ മന:ശാസ്ത്രപരമായ ഫലങ്ങൾ ഇപ്രകാരം അതിന്റെ റിപ്പോർട്ട് ഉപസംഹരിക്കുന്നു: “ഒരു വ്യക്തിയുടെ മനസ്സിനെയും ശരീരത്തെയും കുടി ബാധിക്കുന്നതിനോടുള്ള ബന്ധത്തിൽ അവൻ അഥവാ അവൾ വീഞ്ഞോ ബിയറോ ‘കട്ടികൂടിയ മദ്യ”മോ തിരഞ്ഞെടുക്കുന്നുവെന്നതു യഥാർത്ഥത്തിൽ വളരെയധികം കാരണമാകുന്നില്ല—ഏറ്റവും പ്രാധാന്യമർഹിക്കുന്നതു സേവിച്ച മദ്യത്തിന്റെ യഥാർത്ഥ അളവാണ്.”
(2) ആഗിരണത്തിന്റെ നിരക്ക്: നിങ്ങളുടെ രക്തധാരയിൽ ലഹരി ആഗിരണം ചെയ്യുന്നതിന്റെ നിരക്കിനെ പല ഘടകങ്ങൾക്ക് ബാധിക്കാൻ കഴിയും. ഭക്ഷണം ഒരു ഘടകമാണ്. അതായത്, നിങ്ങളുടെ ആമാശയത്തിൽ ആഹാര പദാർത്ഥങ്ങൾ ഉണ്ടായിരുന്നാൽ മദ്യത്തെ നേർപ്പിക്കുന്നതിനും അതിന്റെ ആഗിരണത്തിന്റെ വേഗത കുറക്കുന്നതിനും ചായ്വ് കാണിക്കുന്നു. അതുകൊണ്ട് ഒരാൾ അത്താഴത്തിന്റെ കൂടെ ഒരു ഗ്ലാസ്സ് വീഞ്ഞു കുടിക്കുന്നത് അയാൾ അതേ അളവു മദ്യം ഒരു ഒഴിഞ്ഞ വയറിൽ കഴിക്കുന്നതിനേക്കാൾ കുറച്ചു ലഹരി മാനമേ അയാളുടെ രക്തത്തിൽ ഉയർത്തുകയുള്ളു. കുടികൾ തമ്മിലുള്ള ദൈർഘ്യത്തിനും ആഗിരണത്തെ ബാധിക്കാൻ കഴിയും. ഏതാനും മിനിട്ടുകൾക്കുള്ളിലുള്ള രണ്ടു കുടികൾ രണ്ടു മണിക്കൂറുകളിൽ അധികം ദൈർഘ്യത്തിലുള്ള രണ്ടു കുട്ടികളേക്കാൾ വളരെയധികം മത്തു പിടിപ്പിക്കുന്നതാണ്.
തൂക്കം മറ്റൊരു ഘടകമാണ്. എന്തുകൊണ്ടു? ആളിന് എത്രയധികം തൂക്കമുണ്ടോ അത്രയധികം മദ്യത്തെ നേർപ്പിക്കുന്ന ലായിനി അയാളുടെ ശരീരത്തിൽ ഉണ്ടായിരിക്കും എന്നുള്ളതാണ് ലളിതമായ കാരണം. ദൃഷ്ടാന്തത്തിന് ഡവലപ്പ്മെൻറ് ഓഫ് എ ട്രാഫിക്ക് സേഫറ്റി ആൻറ് ആൽക്കഹോൾ പ്രോഗ്രാം ഫോർ സീനിയർ അഡൽട്ട്സ് ഇപ്രകാരം വിശദീകരിക്കുന്നു:c “160 പൗണ്ട് [73 കി. ഗ്രാം] തൂക്കമുള്ള ഒരു ആളിന് അയാളുടെ ശരീരത്തിൽ മദ്യത്തെ നേർപ്പിക്കുന്നതിനു ഏകദേശം 110 പൗണ്ട് [50കി. ഗ്രാം] ജലം ഉണ്ട്. ഒരു മണിക്കൂറിനുള്ളിലെ മൂന്നു കുടികൾക്കുശേഷം അയാളുടെ ബി. എ. സി. [രക്തത്തിൽ ലഹരിയുടെ അളവ്] ഏകദേശം 0.07 ശതമാനം ആയിരിക്കും. 100 പൗണ്ട് [45കി. ഗ്രാം] തൂക്കമുള്ള ഒരാൾ അതേ സമയത്തിനുള്ളിൽ അതേ അളവു കുടിക്കുകയാണെങ്കിൽ അവന്റെ [അവളുടെ] ബി. എ. സി. 0.11 ശതമാനം ആയിരിക്കയും ഒരു കുടിയനായ ഡ്രൈവർ എന്ന നിലയിൽ [അവൻ⁄അവൾ] അറസ്റ്റു ചെയ്യപ്പെടാൻ സാദ്ധ്യതയുള്ള ആളായിത്തീരുകയും ചെയ്യുന്നു.”
പാനീയത്തിന്റെ ലഹരി സാന്ദ്രതയും ആഗിരണനിരക്കിനെ ബാധിക്കുന്നു. അതായത് പാനീയത്തിന്റെ ലഹരി സാന്ദ്രത വർദ്ധിച്ചിരിക്കുമ്പോൾ ലഹരി കൂടുതൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടും.
അതുകൊണ്ട് മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സ്വാധീനങ്ങളെ ആശ്രയിച്ചു നിങ്ങളുടെ രക്തധാരയിലേക്കു ലഹരി ആഗിരണം ചെയ്യപ്പെടുന്നതു ഒരളവിൽ വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാൻ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ രക്തധാരയിലേക്ക് എത്രമാത്രം ലഹരി സ്വീകരിക്കുമെന്നത് തീരുമാനിക്കുന്ന മറ്റൊരു ഘടകമുണ്ട്.
(3) ജാരണ നിരക്ക്: നിങ്ങളുടെ രക്തധാരയിൽ ലഹരി പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ശരീരം അതിനെ നീക്കം ചെയ്യാൻ പ്രവർത്തിച്ചു തുടങ്ങുന്നു. ഒരു ചെറിയ ശതമാനം (2-നും 10-നും ഇടയ്ക്ക്) വ്യത്യാസം വരുത്താതെ നിശ്വാസത്തിൽ കൂടിയും വിയർപ്പിൽകൂടിയും മൂത്രത്തിൽ കൂടിയും വെളിയിൽ കളയുന്നു. ശേഷിച്ചതിനെ മൂഖ്യമായും മദ്യത്തിന്റെ രാസഘടനയെ ചൂടും ഊർജ്ജവുമായി വെളിയിൽ തള്ളത്തക്കവണ്ണം മാറ്റുന്ന കരളിൽ ജാരണം സംഭവിപ്പിക്കുന്നു, “ദഹിപ്പിക്കുന്നു.”
നിങ്ങളുടെ കരൾ മദ്യത്തെ എത്ര വേഗത്തിൽ ജാരണം ചെയ്യുന്നു? ജാരണത്തിന്റെ നിരക്ക് തൂക്കം, ആരോഗ്യം എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ച് ആളുകളിൽ അല്പസ്വല്പം വ്യത്യാസപ്പെട്ടിരിക്കാം. മാർഫെറ്റിയുടെയും വിൻറ്റിന്റെയും റിപ്പോർട്ടനുസരിച്ച്, “ഒരു പൊരു മാർഗ്ഗ നിർദ്ദേശമെന്ന നിലയിൽ 150 പൗണ്ട് [68 കി. ഗ്രാം] തൂക്കമുള്ള ഒരാൾക്ക് ഒരു കുടിയിലെ ലഹരിയെ ഒരു മണിക്കൂറിനുള്ളിൽ ജാരണം ചെയ്യാൻ (അഥവാ ‘ദഹിപ്പിക്കാൻ’) കഴിയും.“
നിങ്ങളുടെ കരൾ മദ്യത്തെ നിഷ്കാസനം ചെയ്യാൻ പെട്ടെന്നുതന്നെ ഉഷാറായി പ്രവർത്തിക്കുന്നുവെങ്കിൽ അവ നിങ്ങളുടെ രക്തധാരയിൽ സ്വീകരിക്കപ്പെടുന്നതെങ്ങനെ? അതു ലളിതമാണ്: ആഗിരണ നിരക്ക് ജാരണ നിരക്കിനെ കവച്ചു വെക്കുമ്പോൾ രക്തത്തിലെ ലഹരിമാനം ഉയരുന്നു. മദ്യത്തിന്റെ മന:ശാസ്ത്രപരമായ ഫലങ്ങൾ ഇപ്രകാരം ദൃഷ്ടാന്തീകരിക്കുന്നു: “അതു അധികമായും ഒരു ചോർച്ചയുള്ള ബോട്ടിൽനിന്നു വെള്ളം കളയുന്നതുപോലെ ആണ്: ലഹരിയെ ശരീരത്തിൽ നിന്നു ‘മുക്കികളയാൻ’ കഴിയുന്നതിനെക്കാളും വേഗത്തിൽ അതു രക്തത്തിലേക്കു ‘ചോരുന്നു’ എങ്കിൽ അതിന്റെ മാനം അഥവാ സാന്ദ്രത ഉയരുന്നു.” രക്തത്തിലെ ലഹരിമാനം ഉയരുന്നതിനനുസരിച്ച് വ്യക്തി വർദ്ധിച്ച അളവിൽ മത്തനായിത്തീരുന്നു.
ലഹരി രക്തധാരയിൽ പ്രവേശിക്കുന്നതിനു “ആകാംക്ഷയുള്ളതായിരിക്കെ അതു വെളിയിൽ പോകുന്നതിനു സമയം പിടിക്കുന്നു. ശരീരം അതിന്റെ നിശ്ചിതമായ ജാരണ നിരക്കിൽ മദ്യത്തെ “ദഹിപ്പിക്കും.” അതു ചെയ്യുന്നതുവരെ നിങ്ങൾ റോഡിൽ നിന്നു അകന്നിരിക്കയും വേണം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഒരു വാഹനത്തിന്റെ സുരക്ഷിതമായ നിയന്ത്രണത്തിന് ആവശ്യമായ അനേക തലങ്ങളിൽ മദ്യം നിങ്ങളെ ബാധിക്കും. (g86 3/8)
[അടിക്കുറിപ്പുകൾ]
a “മദ്യം” എന്നതിനു ഞങ്ങൾ എത്തിൽആൽക്കഹോൾ അഥവാ എത്തനോൾ ചേർന്ന പാനീയങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്. മീതൈൻ (മരം) ആൽക്കഹോൾ അഥവാ ഐസോപ്രോഫൈൻ (റബ്ബിംഗ്) ആൽക്കഹോൾ എന്നിങ്ങനെ മറ്റിനം മദ്യങ്ങളുമുണ്ട്, എന്നാൽ അവ വിഷലിപ്തമാണ്.
b മാതൃകാ വിളമ്പ് എന്നതിനാൽ നാലുമുതൽ അഞ്ചു വരെ ശതമാനം ആൽക്കഹോൾ അടങ്ങിയ 12 ഔൺസ് (355 സി.സി) ബിയർ; 12 ശതമാനം ആൽക്കഹോൾ അടങ്ങുന്ന അഞ്ച് ഔൺസ് (148 സി.സി) വീഞ്ഞ്; 40 ശതമാനം ആൽക്കഹോൾ അടങ്ങുന്ന ഒന്നര ഔൺസ് (44സി.സി) 80-പ്രൂഫ് വിസ്കി ആണ് ഞങ്ങൾ അർത്ഥമാക്കുന്നത്.
c ജയിംസ് എൽ. മാൽഫെറ്റി, എഡ്. ഡി., ഡാർ ലിൻ ജെ. വിൻറർ, പി. എച്ച്. ഡി. എന്നിവരാലുള്ള റിപ്പോർട്ട് കൊളംബിയാ യൂണിവേഴ്സിറ്റി അദ്ധ്യാപക കോളജിലെ സുരക്ഷിതത്വ ഗവേഷണവും വിദ്യാഭ്യാസ പദ്ധതിയും തയ്യാർ ചെയ്തതും യാത്രാ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള സ്ഥാപനമായ എ. എ. എ (അമേരിക്കൻ ഓട്ടോമൊബൈൽ സംഘടന) ഉത്തരവാദിത്വപ്പെട്ടതും ആയിരുന്നു.
[17-ാം പേജിലെ ചിത്രം]
അയൾ വളരെയധികം കുടിച്ചിട്ടുണ്ടെങ്കിൽ കാപ്പി അയാളെ വാഹനമോടിക്കാൻ സുരക്ഷിതനാക്കുമോ?