മെപ്സ്—അതിന് ചെയ്യാൻ കഴിയുന്നതും കഴിയാത്തതും ആയ കാര്യങ്ങൾ
“നിങ്ങൾക്ക് മെപ്സുള്ളത് ഒരു മഹാകാര്യംതന്നെ, നിശ്ചയം,” എന്നു ബ്രൂക്ലിൻ ഹെഡ്ക്വാർട്ടേഴ്സിലെ പ്രസിദ്ധീകരണ വിഭാഗത്തിലെ ഒരംഗം ലേഖകനായ മറ്റൊരംഗത്തോട് പറഞ്ഞു. അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “ഇനിയിപ്പോൾ എഴുതുന്നതും നിങ്ങൾക്ക് എളുപ്പമായിട്ടുണ്ടാവുമല്ലോ.”
ബഹുഭാഷകളിൽ ഫോട്ടോറ്റൈപ്സെറ്റിംഗ് നടത്തുന്നതിനുള്ള ഇലട്രോണിക് സംവിധാനം എന്നതിന്റെ ചുരുക്കപ്പേരായി വിളിക്കുന്ന മെപ്സ് (MEPS) ഏതെങ്കിലും വിധത്തിൽ എഴുത്ത് എളുപ്പമാക്കിത്തീർത്തേക്കും എന്നു ആ പറഞ്ഞ ആൾ ആത്മാർത്ഥമായി വിശ്വസിച്ചു. തെല്ലു കുതുകത്തോടെ എന്നാൽ ഒട്ടൊരു വിശേഷാശ്ചര്യത്തോടെ ആളുകളാണ് മറിച്ച് യന്ത്രമല്ല എഴുത്തുപണിനടത്തുന്നത് എന്ന് അദ്ദേഹം അയാൾക്ക് ഉറപ്പ് വരുത്തി.
ആകട്ടെ, അപ്പോൾ മെപ്സിന് എന്തെല്ലാം ചെയ്യാൻ കഴിയും? അതിന് എഴുതുന്നതിൽ സഹായിക്കാനാകുമോ? എങ്കിൽ എങ്ങനെ? ലിഖിത വിവരങ്ങൾ ഒരു ഭാഷയിൽ നിന്ന് മറ്റൊരു ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ അതിന് കഴിയുമോ?
മെപ്സ് എഴുത്തിന്
അച്ചടിയന്ത്രങ്ങളിൽ, പ്രാഥമികമായി ഓഫ്സെറ്റ് പ്രസ്സുകളിൽ, അച്ചടിക്കുന്നതിനുള്ള വിവരങ്ങൾ തയ്യാറാക്കുന്ന ഒരു കംപ്യൂട്ടർ സംവിധാനമാണ് മെപ്സ്. ഏകദേശം മൂന്നു ഘന അടി വരുന്ന ഒരു ഫ്രെയ്മിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന മെപ്സ് കംപ്യൂട്ടർ ആണ് ഈ സംവിധാനത്തിന്റെ കാതലായ ഭാഗം. ഏഴുതിയ പാഠത്തെ പേജുകളിലായി രൂപപ്പെടുത്തിയെടുക്കുന്നത് മെപ്സ് ഗ്രാഫിക്ക് ടേർമിനൽ എന്ന ഭാഗം മുഖേനയാണ്. തുടർന്ന് മെപ്സ് ഫോട്ടോടൈപ്സെറ്റർ പേജുകളെ പ്രസ്സുകളിൽ അച്ചടിക്കാനുള്ള പ്ലേറ്റുകൾ നിർമ്മിക്കുന്ന മാതൃകയിലേക്ക് മാറ്റുന്നു. ന്യൂയോർക്കിന്റെ ഉത്തരഭാഗത്തുള്ള തങ്ങളുടെ വാച്ച്റ്റവർ ഫാമിലെ പ്ലാൻറുകളിൽ വച്ച് യഹോവയുടെ സാക്ഷികൾ സ്വയം രൂപകൽപന ചെയ്തു നിർമ്മിച്ചതാണ് മെപ്സ് കംപ്യൂട്ടർ, ഗ്രാഫിക്സ് റ്റേർമിനൽ, ഫോട്ടോ ടൈപ്സെറ്റർ എന്നിവയെല്ലാം.
പക്ഷെ ഐ. ബി. എം പേഴ്സണൽ കംപ്യൂട്ടർ ടേർമിനലുകളും മെപ്സ് കംപ്യൂട്ടറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഈ ഐ. ബി. എം ടേർമിനലുകളിലാണ് (പ്രവേശിപ്പിക്കപ്പെടുന്ന വിവരങ്ങൾ മെപ്സിലേക്ക് ഇത് അയക്കുന്നു.) ബ്രൂക്ലിൻ, ന്യൂയോർക്കിലുള്ള യഹോവയുടെ സാക്ഷികളുടെ ലേഖനങ്ങൾ തയ്യാറാക്കുന്ന ഓഫീസുകളിൽ പാഠങ്ങൾ പ്രാഥമീകമായി പ്രവേശിപ്പിക്കുന്നത്. ഈ സജ്ജീകരണത്തിന്റെ ഉപയോഗം എഴുത്ത് എളുപ്പമാക്കിത്തീർക്കുന്നുണ്ടോ?
ഇല്ല, കാരണം എഴുത്ത് എന്നത് ഒരു യന്ത്രത്തെക്കൊണ്ടാകാത്തതും ഒരു വ്യക്തിയെക്കൊണ്ട് മാത്രം ചെയ്യാൻ കഴിയുന്നതുമായ ഒരു സൃഷ്ടിപരമായ യത്നമാണ്! യന്ത്രമോ—ഈ കേസിൽ ഐ. ബി. എം. ടേർമിനൽ—അടിസ്ഥാനപരമായി ഒരു ടൈപ്റ്റൈറ്റിന്റെ ധർമ്മമേ ചെയ്യുന്നുള്ളൂ. സത്യത്തിൽ, അതിന്റെ കീബോർഡ് (അക്ഷരക്കട്ടകളുടെ നിര) സാരംശത്തിൽ ഒരു ടൈപ്റ്റൈറർ കീബോർഡ് തന്നെയാണ്. ഇതിൽ പക്ഷെ അടിക്കുന്ന പാഠം ഒരു പേപ്പറിൽ പതിയുന്നതിനു പകരം ഒരു സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് മുഖ്യവ്യത്യാസം. എന്നാൽ, അതിന്റെ അച്ചടിച്ച രൂപം ഉടൻ കിട്ടണമെങ്കിൽ അടുത്തുള്ള വേഗതയേറിയ പ്രിൻറർ പ്രവർത്തിപ്പിച്ച് പ്രവേശിപ്പിക്കുന്ന സർവ്വവിവരവും ക്രമായി ഷീറ്റുകളിൽ അച്ചടിച്ചെടുക്കുകയുമാകാം.
അതുകൊണ്ട് അച്ചടിക്കേണ്ട വാക്കുകൾ നേരിട്ട് ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ മെപ്സിന്റെ പ്രയോജനം അത്ര വലുതല്ല. എങ്കിലും ഒരു കംപ്യൂട്ടർ ടേർമിനലിന് ഒരു എഴുത്തുകാരനെ സുപ്രധാനങ്ങളായ അനവധി വിധങ്ങളിൽ സഹായിക്കാൻ കഴിയും. എപ്രകാരം? കൊള്ളാം, അത് ഒരു ടൈപ്റ്റൈറ്റിനേക്കാൾ അത്യധികം ബഹുമുഖമായ പ്രവർത്തനശേഷിയുള്ള ഒന്നാണ് എന്നതുകൊണ്ട്തന്നെ. ടൈപ്പിംഗിലുള്ള പിഴവുകൾ എളുപ്പത്തിലും വേഗത്തിലും തിരുത്താം. വാക്കുകൾ, വാചകങ്ങൾ, ഖണ്ഡികകൾ എന്നിവ, കീ ബട്ടണുകൾ ലഘുവായി അമർത്തികൊണ്ട് ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് അനായാസം സ്ഥാനചലനം ചെയ്യാം ഇത് ഒരു എഴുത്തുകാരനെ, തന്റെ ആശയങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന് ഉടൻ കണ്ടറിയുന്നതിന് സഹായിക്കുന്നു.
ഭാവിയിൽ വാച്ച്റ്റവർ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളുടെ ഡേയ്റ്റാ ബേയ്സ് (ആധാരവിവര ശേഖരം) എന്നു വിളിക്കുന്ന ഒരു വലിയ കംപ്യൂട്ടർ ഫയൽ മെപ്സിൽ ലഭ്യമായിരിക്കും. ബൈബിൾ, ബൈബിൾ ഗ്രാഹ്യത്തിനുള്ള സഹായി, തുടങ്ങിയ പുസ്തകങ്ങളിലെയും, ഒരുപക്ഷെ ഒരു നൂറു വർഷമോ അതിലേറെയോ പുറകോട്ട് ചെല്ലുന്ന സൊസൈറ്റിയുടെ മാസികകളിലെയും വിവരങ്ങൾ തന്റെ സ്ക്രീനിൽ കൊണ്ടുവരാൻ ഒരു എഴുത്തുകാരന് ഇത് സാദ്ധ്യമാക്കിത്തീർക്കും. എഴുത്തുകാർക്ക് ഇതും ഒരു ഉപയോഗപ്രദമായ ആയുധമായി ഉരുത്തിരിയും എന്നതിന് സംശയമില്ല.
നിങ്ങളപ്പോൾ ഇങ്ങനെ അതിശയിച്ചേക്കാനിടയുണ്ട്: ഒരു എഴുത്തുകാരന് മെപ്സ് കേവലം ഒരു അത്യന്താധുനിക ടൈപ്റ്റൈറർ പോലെ മാത്രമേ ഉതകുന്നുള്ളു എങ്കിൽ എന്തിനാണ് ഈ കംപ്യൂട്ടർ സംവിധാനം വികസിപ്പിച്ചെടുക്കാൻ ഇത്രമാത്രം സമയവും, അദ്ധ്വാനവും, പണം ചെലവഴിക്കുന്നത്?
പ്രസ്സിലേക്ക് പാഠങ്ങൾ തയ്യാർ ചെയ്യൽ
അതിന്റെ അടിസ്ഥാന കാരണം അച്ചുലോഹം ഉരുക്കി അക്ഷരങ്ങൾ നിരത്തുന്നതിൽ നിന്നും അതിനോട് ബന്ധപ്പെട്ട അച്ചടിയിൽ നിന്നും ഫോട്ടോ ടൈപ്സെറ്റിംഗിലേക്കും ഓഫ്സെറ്റ് അച്ചടിയിലേക്കുമുള്ള വ്യവസായലോകത്തിന്റെ മാറ്റം ആണ്. ഉരുകിയ ലോഹം കൊണ്ടുള്ള അച്ചുനിരത്തലിൽ ലിനോടൈപ് മെഷീൻ എന്നു പൊതുവെ പേർ വിളിക്കുന്ന യന്ത്രം മുഖേന ഉരുകിയ ഈയം ലോഹ അക്ഷരങ്ങളായി മാറ്റപ്പെടുന്നു. അനന്തരം എഴുതിയ പാഠവും ചിത്രപ്രതിരൂപങ്ങളും ഈയത്തകിടുകളിൽ എഴുന്നു നിൽക്കും വിധം രൂപപ്പെടുത്തുകയും അവയെ അച്ചടിക്കുവേണ്ടി യന്ത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഓഫ്സെറ്റ് അച്ചടി സമ്പ്രദായത്തിൽ ഓരോ താളിലെ പാഠവും ചിത്രരൂപങ്ങളും ഒരു ഫിലിമിൽ പുനരുത്പാദിപ്പിക്കുകയും ഛായഗ്രഹണ സംവിധാനത്തിലൂടെ ഓഫ്സെറ്റ് ഫലകങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നു.
ഉരുകിയ അച്ചുലോഹം കൊണ്ടുള്ള അച്ചു നിരത്തലും അച്ചടിയും ഉപേക്ഷിക്കപ്പെട്ടതോടെ കാലഹരണപ്പെട്ടു പോയ അച്ചടിയുടെ പ്രാരംഭനടപടികൾ ഒഴിവാക്കുന്നതിനുവേണ്ടിയാണ് മെപ്സ് വികസിപ്പിച്ചെടുത്തത്. ഇന്ന് വ്യവസായരംഗത്ത് നിലവിലുള്ള ഫോട്ടോ ടൈപ്സെറ്റിംഗ് സജ്ജീകരണങ്ങൾ നമ്മുടെ ബഹുഭാഷാ ആവശ്യങ്ങൾക്ക് തുലോം പര്യപ്തമല്ലാത്തതുകൊണ്ടാണ് ഇതിന്റെ ആവിഷ്ക്കാരം അത്യാവശ്യമായിത്തീർന്നത്. കൂടാതെ ഇത് ആശ്ചര്യകരമാം വിധം കാര്യക്ഷമതയുള്ള ഒരു ഉപകരണമായി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരുദാഹരണത്തിന് ഒരു ഉണരുക! ലേഖനം എഴുതി, എഡിറ്റ് ചെയ്തു അംഗീകരിച്ച് അച്ചടിക്കാൻ യോഗ്യമെന്ന് വിധികൽപ്പിച്ചു കഴിയുമ്പോൾ എന്തു സംഭവിക്കും എന്നു പരിഗണിക്കുക.
നേരത്തെ സൂചിപ്പിച്ചതുപോലെ ഐ. ബി. എം. പേഴ്സണൽ കംപ്യൂട്ടർ വഴി പ്രവേശിപ്പിക്കപ്പെട്ട ലേഖനം മെപ്സ് കംപ്യൂട്ടറിൽ അച്ചടിയോഗ്യമായ നിലയിൽ സൂക്ഷിക്കപ്പെടുന്നു. ഈ ലേഖനത്തെ ഇപ്പോൾ മെപ്സ് ഗ്രാഫിക്സ് ടേർമിനലിലേക്ക് വിളിച്ചു വരുത്തി ടേർമിനൽ സ്ക്രീനിൽ വച്ചുതന്നെ പേജുകളായി ക്രമീകരിക്കാവുന്നതാണ്. അച്ചിന്റെ മുഖപ്പുകളേതും തെരഞ്ഞെടുത്ത് ഇഷ്ടമുള്ള വലിപ്പത്തിൽ ലിഖിത പാഠത്തിന്റെ ഏതു ഭാഗത്തുവേണമെങ്കിലും മാറ്റിപ്രതിഷ്ഠിക്കാം. തുടർന്ന്, എല്ലാം തയ്യാറായിക്കഴിഞ്ഞാൽ ലിഖിത പാഠം അക്ഷരങ്ങൾ ഉൾക്കൊള്ളാൻ വേണ്ടിയുള്ള ദീർഘചതുരാകൃതിയിലെ പെട്ടികളിലേക്ക് അഥവാ ചിത്രങ്ങൾക്കു ചുറ്റുമായി ലിഖിതഭാഗത്തിനുവേണ്ടിയുള്ള കളങ്ങളിലേക്ക് “പകരുന്നു.”
ഇപ്പോൾ നിങ്ങളിങ്ങനെ ആശ്ചര്യപ്പെട്ടേക്കാം: മെപ്സിന്റെ പ്രദർശന സ്ക്രീനിൽ നിന്ന് ഈ തയ്യാറാക്കിയ വിവരങ്ങൾ എങ്ങനെയാണ് ഓഫ്സെറ്റ് പ്രസ്സുകൾക്കുവേണ്ടി അച്ചടി ഫലകങ്ങൾ ഉത്പാദിപ്പിക്കാനുപകരിക്കുന്ന ഒരു പരുവത്തിലേക്ക് മാറ്റുന്നത്? ഇത് സാദ്ധ്യമാക്കിത്തീർക്കുന്നത് മെപ്സ് ഫോട്ടോ ടൈപ്സെറ്റർ ആണ്. ഗ്രാഫിക് ടേർമിനലുകളിൽ ക്രമീകരിച്ച പേജുകളുടെ ദൃശ്യപ്രതിരൂപങ്ങളെ അതേ രൂപത്തിൽ തന്നെ ഈ യന്ത്രം ഫോട്ടോഗ്രാഫിക് പേപ്പറിൽ പുനരുത്പാദിപ്പിക്കും. ഫോട്ടോ ഗ്രാഫിക് പേപ്പർ പ്രോസസ്സ് ചെയ്തു കഴിഞ്ഞ് അത് ഫിലിം ഉണ്ടാക്കുന്നതിന് ഛായാഗ്രഹണം ചെയ്യപ്പെടുന്നു. തുടർന്ന് ഈ ഫിലിമിൽ നിന്ന് അച്ചടിക്കുള്ള പ്ലേറ്റുകൾ ഉത്പാദിപ്പിക്കുന്നു.
മെപ്സിന് പരിഭാഷ ചെയ്യാനാകുമോ?
നൂറ്റമ്പതിലധികം ഭാഷകളിൽ ക്രമായി പ്രസിദ്ധീകരണം നടത്തുന്നതുകൊണ്ട്, യഹോവയുടെ സാക്ഷികൾക്ക് അത്യാവശ്യമായി വേണ്ട ഒരു ബഹുഭാഷാ സംവിധാനമാണ് മെപ്സ് എന്നിപ്പോൾ ഓർമ്മിക്കുക. ഇവയത്രയുമോ ഇതിലേറെ ഇതര ഭാഷകളോ കൈകാര്യം ചെയ്യാനുള്ള അതിന്റെ പ്രാപ്തി നിമിത്തം മെപ്സ് അനന്യമാണ്. വാസ്തവത്തിൽ, ഇപ്പോൾതന്നെ 200-നോടടുത്ത ഭാഷകൾ കൈകാര്യം ചെയ്യുന്നതിന് അത് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അർത്ഥം എന്താണ്? എഴുതപ്പെട്ട ഒരു പാഠം ഇംഗ്ലീഷ് ഭാഷയിൽ നിന്നു സ്പാനിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ മെപ്സിനു കഴിയുന്നതെങ്ങനെയാണ്?
വ്യക്തമാകേണ്ട ഒരു കാര്യം, മെപ്സിന് വ്യത്യസ്ഥങ്ങളായ നിരവധി ഭാഷകൾ പ്രോസസ്സ് ചെയ്യാൻ കഴിയുമെങ്കിലും ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക് പരിഭാഷ ചെയ്യാൻ അതിന് സാധിക്കുകയില്ല! എന്നതാണ്. യഥാർത്ഥ പരിഭാഷ നടത്താൻ ആളുകളാണ് ഉപയോഗിക്കപ്പെടുന്നത്. വാസ്തവമായി ഫലപ്രദരായ പരിഭാഷകരെന്ന നിലയിൽ മനുഷ്യരുടെ സ്ഥാനം ഏറ്റെടുക്കാൻ യന്ത്രങ്ങൾ അപ്രാപ്തരാണ്. ഭാഷകളുടെ ഒരു വലിയ വൈവിദ്ധ്യം തന്നെ പ്രദർശിപ്പിക്കാൻ ആകും വിധത്തിലാണ് മെപ്സിന്റെ ഗ്രാഫിക്സ് ടേർമിനൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇത് എങ്ങനെയാണ് ചെയ്തിരിക്കുന്നത്? കീബോർഡിലുള്ള അക്ഷരക്കട്ടകളെ ഭാഷാപരിവർത്തനം ചെയ്യാൻ കഴിയും, അതായത്, കംപ്യൂട്ടറിന് നിർദ്ദേശം ലഭിച്ചിട്ടുള്ളതായ അഥവാ അതിൽ പ്രോഗ്രാം ചെയ്തിട്ടുള്ളതായ ഏതു ഭാഷയും കൈകാര്യം ചെയ്യുന്നതിനുവേണ്ടി അവയെ ഇലക്ട്രോണിക് പരിവർത്തനത്തിനു വിധേയമാക്കാൻ കഴിയും.
ഒരു സ്പാനിഷ് പരിഭാഷകൻ തന്റെ ടൈപ്റ്റൈറർ ഉപയോഗിച്ചുകൊണ്ട് ഒരുപാഠം ഇംഗ്ലീഷിൽ നിന്ന് സ്പാനിഷ് ഭാഷയിലേക്ക് ഭാഷാന്തരം ചെയ്യുമ്പോൾ എന്തു സംഭവിക്കുന്നു എന്ന് പരിശോധിച്ചുകൊണ്ട് നമുക്ക് ഇത് ദൃഷ്ടാന്തീകരിക്കാം. പരിഭാഷകന്റെ മുമ്പാകെ ഇംഗ്ലീഷ് പാഠം ഉണ്ട്. ഇംഗ്ലീഷിലെ എഴുത്തുകാരന്റെ മനസ്സിൽ രൂപംകൊണ്ട ആശയങ്ങൾ ഒരു സ്പാനിഷ് വായനക്കാരന് ഗ്രഹിക്കാൻ തക്ക വിധത്തിൽ അദ്ദേഹം തന്റെ ഭാഷാജ്ഞാനം ഉപയോഗിച്ചുകൊണ്ട് ചിന്താശകലങ്ങൾ ഭാഷാന്തരം ചെയ്യുന്നു. പക്ഷെ പരിഭാഷകന് ഒരു ഇംഗ്ലീഷ് ടൈപ്റ്റൈറിൽ സ്പാനീഷ് പാഠം അടിക്കാൻ സാധിക്കുകയില്ല. എന്തുകൊണ്ടില്ല? കാരണം ഒരു ഇംഗ്ലീഷ് ടൈപ്റ്റൈറിൽ കാണാത്ത തരത്തിലുള്ള അക്ഷരങ്ങൾ സ്പാനിഷ് ഭാഷയിലുണ്ട്. അദ്ദേഹത്തിന് അതുകൊണ്ട് സ്പാനിഷ് ടൈപ്റ്റൈറർ ആവശ്യമുണ്ട്. അതുതന്നെയാണ് മെപ്സ് ഗ്രാഫിക്സ് ടേർമിനൽ പ്രദാനം ചെയ്യുന്നതും. സ്പാനിഷ് കീബോർഡ് ലഭിക്കുന്നതിന് ഒരു ലളിതമായി ആജ്ഞ വിരൽ സ്പർശനത്തിലൂടെ നൽകുന്നു. അത് കീബോഡ് സ്പാനീഷ് ഭാഷയുടേതാക്കിമാറ്റുന്നു.
എന്നാൽ, മുമ്പ് കുറിക്കൊണ്ടതുപോലെ, മെപ്സ് ഗ്രാഫിക് ടേർമിനലിന് കൈകാര്യം ചെയ്യാനാകുന്നത് കേവലം ഇംഗ്ലീഷ്, സ്പാനിഷ് മാത്രമല്ല പിന്നെയോ ഏതാണ്ട് 200ഓളം ഭാഷകളാണ്! കൂടാതെ നിങ്ങൾക്കറിവുള്ളതുപോലെ അർമീനിയൻ, കൊറിയൻ, റഷ്യൻ, അറബി തുടങ്ങിയ അനേക ഭാഷകൾ തികച്ചും ഒന്നോടൊന്നു ഭിന്നമായ അക്ഷരമാല അല്ലെങ്കിൽ ലിപി ആണ് ഉപയോഗിക്കുന്നത്. നിയതമായ അക്ഷരമാലാക്രമം ഇല്ലാത്ത ചൈനീസ്, ജാപ്പനീസ് എന്നിവപോലുള്ള ഭാഷകളും ഉണ്ട്. അവക്ക് വേണ്ടിയും മെപ്സ് തയ്യാർ ചെയ്തുവരികയാണ്. ചില ഭാഷകൾ ഇടത്തുനിന്നു വലത്തേക്ക് വായിക്കുമ്പോൾ മറ്റുചിലത് വലത്തുനിന്ന് ഇടത്തേക്ക് വായിക്കുന്നു. ഈ ഭാഷകൾക്കെല്ലാം വേണ്ടി കരുതുക ഒട്ടും നിസ്സാരമായ ജോലിയല്ല ഇനിയും വളരെയധികം ചെയ്തുതീർക്കാനുണ്ടുതാനും!
എങ്കിലും ഓർക്കുക! മെപ്സിന് ഈ ഭാഷകളെ എല്ലാം കൈകാര്യം ചെയ്യാനാകുമെങ്കിലും ഈ ഭാഷകളത്രയും അറിവുള്ള ഒരു വ്യക്തി പരിഭാഷ ചെയ്യേണ്ടതുണ്ട്. അങ്ങനെ പരിഭാഷപ്പെടുത്തിയ പാഠം മെപ്സിലേക്ക് പ്രവേശിപ്പിക്കുകയും വേണം.
ചില ചെറിയ ബ്രാഞ്ച് ഓഫീസുകളിലും ഒറ്റപ്പെട്ട പരിഭാഷകർക്കും മെപ്സിന്റെ നേരിട്ടുള്ള ആവശ്യം ഇല്ല. മിക്ക കേസുകളിലും പ്രവേശിപ്പിക്കുന്ന വിവരങ്ങൾ ഒരു വഴങ്ങുന്ന ഫലകത്തിൽ സൂക്ഷിക്കുന്ന ഐ. ബി. എം പേഴ്സണൽ കംപ്യൂട്ടർ മാത്രമെ അവർ ഉപയോഗിക്കുകയുള്ളു. ഈ ഫലകം മെപ്സുള്ള ബ്രാഞ്ചിലേക്ക് അയച്ചുകൊടുക്കുകയും അവിടെ വച്ച് ഫലകത്തിന് സംഭരിച്ചിട്ടുള്ള വിവരങ്ങൾ കംപോസ് ചെയ്തു അച്ചടിക്ക് തയ്യാറാക്കുകയും ചെയ്യുന്നു.
ഭരണസംബന്ധമായ ഉപകരണങ്ങൾ
അച്ചടിക്കാനുള്ള മാസികകൾ പുസ്തകങ്ങൾ ഇതര സാഹിത്യങ്ങൾ എന്നിവ തയ്യാറാക്കുന്നതിന് പുറമെ മെപ്സ് സജ്ജീകരണത്തെ നിരവധി ബ്രാഞ്ചുകളിൽ ഭരണപരമായ ജോലിക്കും ഉപയോഗിക്കുന്നു. ഉദാഹരണത്തിന് കൈവശം ഉള്ള സാഹിത്യത്തിന്റെ കൃത്യമായ സ്റ്റോക്ക് വിവരം സൂക്ഷിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. ഈ സംവിധാനം സാഹിത്യം ഓർഡർ ചെയ്ത സഭയിലേക്കയക്കാനുള്ള ഇൻവോയ്സ് തയ്യാറാക്കുന്നു, അനന്തരം ഓരോ ഭാഷയിലും ശേഷിപ്പുള്ള ഇനവിവരം കാണിക്കുന്നതിന് തക്കവണ്ണം ബ്രാഞ്ച് സ്റ്റോക്കിന്റെ കണക്ക് താനെ കുറയുന്നു. ഇതിനും പുറമെ ചില ബ്രാഞ്ചുകളിൽ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും എല്ലാ വരിക്കാരുടെയും മേൽവിലാസങ്ങൾ സൂക്ഷിക്കാനും അച്ചടിക്കാനും മെപ്സ് ഉപയോഗിക്കുന്നു.
മെപ്സിന്റെ ലോകവ്യാപക ഉപയോഗം
ആദ്യത്തെ മെപ്സ് കംപ്യൂട്ടർ പൂർത്തിയാക്കി പരീക്ഷണത്തിനു വിധേയമാക്കിയത് 1982-ൽ ആയിരുന്നു. മെപ്സ് കംപ്യൂട്ടർ അതിന്റെ നാലു ഗ്രാഫിക്സ് ടേർമിനലുകൾ സഹിതം ഐക്യനാടുകൾക്ക് വെളിയിലുള്ള ആദ്യരാജ്യമെന്ന നിലയിൽ ജർമ്മനി 1983 ഫെബ്രുവരിയിൽ കൈപ്പറ്റി. ആദ്യത്തെ മെപ്സ് ഫോട്ടോ ടൈപ്സെറ്റർ 1983 നവംബർ മാസത്തിലായിരുന്നു ഉത്പാദന ഉപയോഗത്തിന് വിധേയമാക്കിയത്.
ഇപ്പോൾ വാച്ച്റ്റവർ സൊസൈറ്റിയുടെ 25 ബ്രാഞ്ചുകൾക്ക് ഒന്നോ അതിലധികമോ മെപ്സ് കംപ്യൂട്ടറുകളും മൊത്തം 150 ഗ്രാഫിക്സ് ടേർമിനലുകളും ഉണ്ട്. ഇരുപത്തിനാല് ബ്രാഞ്ചുകൾക്ക് മെപ്സ് ഫോട്ടോ ടൈപ്സെറ്ററുകളും ഉണ്ട്. ഈ അത്യാന്താധുനിക മെപ്സ് സജ്ജീകരണങ്ങൾ അത്രയും വാൾക്കിൽന് അടുത്തുള്ള ഉത്തര ന്യൂയോർക്കിലെ യഹോവയുടെ സാക്ഷികളുടെ ഉത്പാദനശാലകളിലാണ് നിർമ്മിച്ചിട്ടുള്ളത്. മെപ്സ് 30 ലധികം രാജ്യങ്ങളിൽ ഉപയോഗത്തിൽ വരുത്തുന്നതിന് തക്കവണ്ണം ആസൂത്രണം ചെയ്തിരിക്കുകയാണ്. വാച്ച്റ്റവർ മാസിക 30 ഭാഷകളിലും ഉണരുക! മാസിക 14 ഭാഷകളിലും ഒരേ സമയം പ്രസിദ്ധീകരിക്കുന്നതിന് മെപ്സിന്റെ ഉപയോഗം സഹായിച്ചിട്ടുണ്ട്.
തീർച്ചയായും അനേക ഭാഷകളിലുള്ള പ്രസിദ്ധീകരണം മെപ്സ് എളുപ്പമാക്കിത്തീർത്തിരിക്കയാണ്. അത് എഴുത്ത് എളുപ്പമാക്കുകയോ പരിഭാഷ ചെയ്യുകയോ ചെയ്യുന്നില്ലെങ്കിലും, സത്യമായും അത് പ്രസിദ്ധീകരണ രംഗത്തെ ആവേശകരമായ ഒരു കുതിച്ചു ചാട്ടംതന്നെയാണ്. (g86 3/8)
[20-ാം പേജിലെ ചിത്രം]
വാച്ച്റ്റവർ സൊസൈറ്റിയുടെ ലേഖന കർത്താക്കളിൽ ഒരുവൻ തന്റെ കംപ്യൂട്ടറിൽ ജോലി ചെയ്യുന്നു.
[22-ാം പേജിലെ ചിത്രം]
ഇംഗ്ലീഷ് ഭാഷയിലെ ഗ്രാഫിക്സ് ടേർമിനൽ 24-ാം പേജ് കംപോസ് ചെയ്ത വിധം
[23-ാം പേജിലെ ചിത്രം]
ഹിന്ദി ഭാഷയിലെ ഗ്രാഫിക്സ് ടേർമിനലിൽ 24-ാം പേജ് കംപോസ് ചെയ്ത വിധം