ബൈബിളിന്റെ വീക്ഷണം
ദൈവത്തിന് ഒരാരംഭം ഉണ്ടോ?
സന്ദേഹവാദിയായ ഒരു ഫ്രാൻസുകാരൻ തന്റെ വീട്ടുവാതിൽക്കൽ നിവർന്നുനിന്നുകൊണ്ട് യഹോവയുടെ സാക്ഷികളിൽപെട്ട ഒരാളിന്റെ ദൃഷ്ടിയിലേക്ക് നേരേ നോക്കി ഇപ്രകാരം പറഞ്ഞു: “ദൈവം എവിടെനിന്നുണ്ടായി എന്ന് നിങ്ങൾക്ക് എന്നോട് പറയാമെങ്കിൽ ഞാൻ നിങ്ങളെ ശ്രദ്ധിക്കാം.” ക്ഷോഭിക്കാതെ സാക്ഷി ഉത്തരം നൽകി: “സൂക്ഷ്മശാലികളായ ചില യുക്തിവാദികൾ 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് തത്വജ്ഞാനിയായ വോൾട്ടയറിന്റേതുപോലുള്ള അതേ നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. വോൾട്ടയർ ഇപ്രകാരം പറഞ്ഞു: ‘ദൈവം സ്ഥിതി ചെയ്യുന്നില്ലെങ്കിൽ, അവനെ കണ്ടുപിടിക്കേണ്ടത് ആവശ്യമായിരിക്കും.’ വളരെ ബുദ്ധിമാനായ വോൾട്ടയർ അത്തരം ഒരു പ്രസ്താവന ചെയ്തതെന്തുകൊണ്ടാണെന്ന് താങ്കൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?”
താൻ ചിന്തിച്ചിട്ടില്ലെന്ന് ആ മനുഷ്യൻ സമ്മതിച്ചുപറയുകയും അകത്തു വരാൻ സാക്ഷിയോട് ആവശ്യപ്പെടുകയും ചെയ്തു. സാക്ഷി തന്റെ വാദഗതി പിൻവരുന്ന രീതിയിൽ വികസിപ്പിച്ചു.
നമുക്ക് യുക്തിവാദികളായിരിക്കാം
വോൾട്ടയറെപ്പോലെ, അനേകരും ഈ അഖിലാണ്ഡത്തിനും ജീവനും ഒരു കാരണമുണ്ടെന്നുള്ള ആശയക്കാരാണ്. നാം കാണുന്ന വസ്തുക്കൾ ഉല്പാദിപ്പിക്കുന്നതിന് ഈ കാരണത്തിന് വേണ്ടത്ര ശക്തിയും ചില പ്രത്യേക ഗുണങ്ങളും ഉണ്ടായിരിക്കേണ്ടതുണ്ട്—ഊർജ്ജം, സംവിധാനപ്രാപ്തി, ശില്പ വൈദഗ്ദ്ധ്യം, സ്നേഹം, ജ്ഞാനം തുടങ്ങിയവ. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അഖിലാണ്ഡത്തിൽ കാണപ്പെടുന്ന വസ്തുക്കൾ, പ്രത്യേകിച്ച് നമ്മുടെ ഭൂഗ്രഹത്തിൽ കാണുന്നവ ഈ ഗുണവിശേഷങ്ങൾ പ്രതിഫലിപ്പിക്കുന്നു. എന്നാൽ ഇവ വസ്തുക്കളുടെ ലക്ഷണങ്ങളല്ല, മറിച്ച് വ്യക്തികളുടെ സവിശേഷതകളാണ്. അതുകൊണ്ട്, നാം ഒരു അത്യുന്നതന്റെ—ദൈവത്തിന്റെ—വിശ്വാസത്തിൽ ചെന്നെത്തുന്നു.
“അത് ന്യായമാണ്” എന്ന് സന്ദേഹവാദിയായ ഫ്രാൻസുകാരൻ സമ്മതിച്ചുപറഞ്ഞു. “എന്നാൽ ദൈവം ഉണ്ടായത് എവിടെനിന്നാണ്?”
ആരംഭമേയില്ല
നമ്മുടെ കണ്ണുകൾക്ക് ദൃശ്യമായിരിക്കുന്ന നിരവധി വസ്തുക്കളും വിവിധതരത്തിലുള്ള ജീവജാലങ്ങളും ഈ അഖിലാണ്ഡത്തിലുണ്ട്. ഇവയെല്ലാം എവിടെനിന്നാണ് ഉത്ഭവിച്ചത്? ചില ശാസ്ത്രജ്ഞൻമാർ—എല്ലാവരുമില്ലെങ്കിലും—പറയുന്നതനുസരിച്ച് ഈ ജീവികൾ യാദൃച്ഛിക പ്രതിഭാസത്താൽ ഉളവായവയാണ്. എന്നാൽ ശാസ്ത്രജ്ഞൻമാരുടെ വിശ്ലേഷ സിദ്ധാന്തങ്ങൾ എല്ലായ്പ്പോഴും എതോ ഒന്നിന്റെ ആസ്തിക്യം പണ്ടേ അംഗീകരിച്ചിട്ടുണ്ട്—ആളുകൾ അതിന് പല പേരുകൾ ഇട്ടേക്കാം. ശാസ്ത്രജ്ഞൻമാർ പറയുന്നതനുസരിച്ച് വസ്തു ഒരു ഊർജ്ജരൂപമാണ്, അത് ശരിയുമാണ്. അതിന്റെ അടിസ്ഥാനത്തിൽ, ഈ ഭൗതിക മണ്ഡലം ആകസ്മികമായി ഉണ്ടായതായിരിക്കാമെന്ന് അവർ വിചാരിക്കുന്നു. പക്ഷേ ആ സംഭവ പരമ്പരയ്ക്ക് തുടക്കം കുറിച്ചതെങ്ങനെയെന്ന് അവർ വിശദീകരിക്കുന്നില്ല. എല്ലാകാലത്തും സ്ഥിതിചെയ്യുന്ന ഏതോ ഒരു മൂലകാരണത്തെക്കുറിച്ച് വിശദീകരിക്കാനും അവർ അപ്രാപ്തരാണ്.
നിരീശ്വരവാദികൾ ഒരു വസ്തുവിന്റെ ആസ്തിക്യം അംഗീകരിക്കുമ്പോൾ ദൈവവിശ്വാസികൾ ഒരു വ്യക്തിയുടെ ആസ്തിക്യം അംഗീകരിക്കുന്നു. സകല പ്രകൃതിനിയമങ്ങളുടെയും ഗണിത ശാസ്ത്രകൃത്യതയുടെയും ഘടനയുടെയും ഭൂമിയിലും മുഴുഅഖിലാണ്ഡത്തിലും ദർശിക്കുന്ന ജ്ഞാനത്തിന്റെയും വീക്ഷണത്തിൽ മൂലകാരണം ഒരു വസ്തുവല്ല മറിച്ച് ഒരു വ്യക്തിയാണെന്നും, ഒരു അദൃശ്യ ശക്തിയല്ല പിന്നെയോ ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവാണെന്നുമുള്ള നിഗമനത്തിലെത്തുന്നത് കൂടുതൽ ന്യായയുക്തമാണെന്ന് യഹോവയുടെ സാക്ഷികൾ കാണുന്നു. ‘ആദിയിൽ എന്തോ ഒന്ന്’ എന്ന നിരീശ്വര പക്ഷവാദത്തേക്കാൾ “ആദിയിൽ ദൈവം” എന്ന ബൈബിളിന്റെ പ്രാരംഭവാക്കുകൾ അവർ കൂടുതൽ ഇഷ്ടപ്പെടുന്നു.—ഉല്പത്തി 1:1.
“നിങ്ങൾ ബൈബിൾ ഉദ്ധരിക്കാൻ ചായ്വ് കാണിക്കുമെന്ന് എനിക്കറിയാമായിരുന്നു” എന്ന് ചോദ്യകർത്താവായ ആ ഫ്രാൻസുകാരൻ പറഞ്ഞു.
യഹോവയുടെ സാക്ഷികൾ ദൃശ്യമായ യാഥാർത്ഥ്യങ്ങളോടുള്ള ചേർച്ചയിൽ, അടിസ്ഥാന വസ്തുതകളിൽ യുക്തിവാദികളായിരിക്കാൻ ബൈബിളിന്റെ വീക്ഷണം കൈക്കൊള്ളുന്നുവെന്നത് സത്യമാണ്. നമുക്ക് ചുരുക്കം ചിലത് പരിശോധിക്കാം.
ഇല്ലായ്മയിൽ നിന്ന് ഒന്നും ഉണ്ടാകയില്ല. ഇല്ലായ്മയിൽ നിന്ന് എന്തെങ്കിലും ഉല്പാദിപ്പിക്കാൻ യാതൊരു ശാസ്ത്രജ്ഞനും ഇതുവരെ കഴിഞ്ഞിട്ടില്ല. മനുഷ്യർക്ക് നിലവിലിരിക്കുന്ന വസ്തുക്കൾകൊണ്ട് എന്തെങ്കിലും നിർമ്മിക്കുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ മാത്രമേ കഴിയൂ. അതുപോലെതന്നെ, രൂപസംവിധാനം ചെയ്ത ഒരു വസ്തു തനിയെ ഉണ്ടായതാണെന്ന് ബോധജ്ഞാനമുള്ള ആരും അഭിപ്രായപ്പെടുകയില്ല. പ്രസ്പഷ്ടമായ ഒരു സത്യമെന്ന നിലയിൽ ബൈബിൾ ഇപ്രകാരം പറയുന്നു: “ഏതൊരു വീടും ആരെങ്കിലും നിർമ്മിച്ചതാണ്.” അതിനുശേഷം അത് യുക്തിയുക്തമായ അനുമാനത്തിലെത്തിക്കൊണ്ട് തുടർന്നുപറയുന്നു: “എന്നാൽ സകലവും നിർമ്മിച്ചവൻ ദൈവമാകുന്നു.” (എബ്രായർ 3:4) ഒരു വീട് പണിയാൻ ഒരു ശില്പ വിദഗ്ദ്ധനോ ഒരു നിർമ്മാതാവോ ആവശ്യമാണെന്ന് സമ്മതിക്കുകയും അതേസമയം സങ്കീർണ്ണമായ ഒരു ആറ്റം അല്ലെങ്കിൽ ഒരു ജീവാണു അല്ലെങ്കിൽ ഒരു കോശം ഇല്ലായ്മയിൽനിന്ന് ഉത്ഭൂതമായെന്ന് അവകാശപ്പെടുകയും ചെയ്യുന്നെങ്കിൽ അത് ബൈബിളിന്റെ വീക്ഷണത്തിൽ അർത്ഥശൂന്യമാണ്. ബൈബിൾ ന്യായയുക്തമായി ഇപ്രകാരം ചോദിക്കുന്നു: “ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: ‘അവൻ എന്നെ ഉണ്ടാക്കിയിട്ടില്ല’ എന്ന് പറയുമോ?—യെശയ്യാവ് 29:16.
ജീവൻ ജീവനിൽനിന്നുണ്ടാകുന്നു. ജീവൻ അചേതന വസ്തുക്കളിൽനിന്ന് താനേ ഉണ്ടായതാണെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ, നാം ഇതിനോടകം ഫാക്ടറികൾ രാസദ്രവങ്ങളിൽനിന്ന് വൻതോതിൽ ജീവകോശങ്ങൾ നിർമ്മിച്ചുകാണേണ്ടതായിരുന്നു. ജീവൻ താനേ ഉണ്ടായതാണെങ്കിൽ മനുഷ്യന് ആ പ്രക്രിയ ആവർത്തിക്കുന്നതിനും വികസിപ്പിക്കുന്നതിനും കഴിയാത്തതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അറിയപ്പെടുന്ന സചേതനവസ്തുക്കളെല്ലാം മുന്നമേ ആസ്തിക്യത്തിലുണ്ടായിരുന്ന ഏതെങ്കിലും സചേതന വസ്തുക്കളിൽനിന്നാണുണ്ടാകുന്നതെന്ന് വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നു. പുരാതന മൂലകാരണം ഒരു ജീവനുള്ള വ്യക്തിയായിരിക്കണമെന്ന് ബൈബിൾ തിരിച്ചറിയിക്കുന്നു. അത് ഇപ്രകാരം പറയുന്നു: “അനിശ്ചിത കാലം മുതൽ അനിശ്ചിത കാലം വരെ നീ ദൈവമാകുന്നു.” “നിന്റെ പക്കലാണ് ജീവന്റെ ഉറവുള്ളത്.”—സങ്കീർത്തനം 90:2; 36:9.
വസ്തു ഒരു ഊർജ്ജരൂപമാണ്. വസ്തു ഊർജ്ജത്തിന്റെ ഒരു രൂപമാണെന്നുള്ള തെളിയിക്കപ്പെട്ട ശാസ്ത്രത്തോട് ബൈബിൾ പൂർണ്ണമായും യോജിപ്പിലാണ്. വസ്തുവിനെ ഊർജ്ജമാക്കി മാറ്റുന്ന വിധം മനുഷ്യൻ കണ്ടുപിടിച്ചിരിക്കയാണ്. അത് ആണവ നിലയങ്ങളിലും അണുബോംബുകളിലും പ്രകടമാണ്. ഈ ദൃശ്യമണ്ഡലത്തിൽ അടങ്ങിയിരിക്കുന്ന ഊർജ്ജത്തിന്റെ ഉറവ് ദൈവമാണെന്ന് ബൈബിൾ ചൂണ്ടിക്കാണിക്കുന്നു. നാം ഇങ്ങനെ വായിക്കുന്നു. “നിന്റെ കണ്ണ് മേലോട്ട് ഉയർത്തി [സൗരയൂഥത്തെയും നക്ഷത്രങ്ങളെയും താരാപംക്തികളെയും] നോക്കുവിൻ, ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകപോലും ചെയ്യുന്നു. . . . വീര്യവത്തായ ഊർജ്ജത്തിന്റെ ആധിക്യം നിമിത്തവും, അവൻ ശക്തിയിൽ ഊറ്റമേറിയവനായിരിക്കുന്നതിനാലും അവയിൽ ഒന്നും കുറഞ്ഞുകാണുകയില്ല.” (യെശയ്യാവ് 40:26) “അവൻ തന്റെ ശക്തിയാൽ ഭൂമിയെ ഉണ്ടാക്കിയവനാണ്.”—യിരെമ്യാവ് 10:12.
അഖിലാണ്ഡം ഉദ്ദേശ്യത്തിന്റെ തെളിവ് നൽകുന്നു. ക്രമില്ലായ്മയിൽനിന്ന് ക്രമം ഒരിക്കലും പരിണമിക്കുന്നില്ല. അതിനാൽ, മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വളരെ ആവശ്യമായിരിക്കുന്ന ഋതുക്കളും കാലചക്രവും ഉൾപ്പെടെ ഭൂമിയിൽ ദൃശ്യമായിരിക്കുന്ന ക്രമം യാദൃച്ഛികമായി ഉണ്ടായതാണെന്ന് വിശ്വസിക്കുന്നത് ന്യായയുക്തമാണോ? പകരം, ഈ കാര്യങ്ങൾ ഒരു രൂപസംവിധാനത്തിന്റെയും ഉദ്ദേശ്യത്തിന്റെയും തെളിവ് നൽകുന്നില്ലേ? ബൈബിൾ പ്രഖ്യാപിക്കുന്നു: “ആകാശത്തിന്റെ സ്രഷ്ടാവായ യഹോവ പറഞ്ഞത് ഇതാണ്, അവൻ ഭൂമിയുടെ രൂപസംവിധായകനും നിർമ്മാതാവുമായ സത്യദൈവം, അവൻ അതിനെ ഉറപ്പായി സ്ഥാപിച്ചു, അവൻ അതിനെ വ്യർത്ഥമായിട്ടല്ല സൃഷ്ടിച്ചത്. അതിനെ പാർപ്പിനത്രേ നിർമ്മിച്ചത്.”—യെശയ്യാവ് 45:18.
ഭൂമിയെ സംബന്ധിച്ച അത്ഭുതകരമായ ഒരുദ്ദേശ്യം
സന്ദേഹവാദിയായ ഫ്രാൻസുകാരൻ പ്രതിവചിച്ചു: “സൃഷ്ടിച്ചതാണെങ്കിലും അല്ലെങ്കിലും, ഭൂമി. തികച്ചും ജനവാസമില്ലാത്തതായിത്തീരുമെന്ന് തോന്നുന്നു.”
അദ്ദേഹത്തിന്റെ ഭയം ബാഹ്യദൃഷ്ട്യാ ന്യായീകരിക്കാവുന്നതാണ്. അതുകൊണ്ട് ഒന്നുകിൽ അന്തമില്ലാത്ത ഒരു ജീവദാതാവിനെ ന്യായമായി അംഗീകരിക്കുക അല്ലെങ്കിൽ നിരാശാതപ്തമായ നാസികമതം വെച്ചുപുലർത്തുക. ഇതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ്. അവന്റെ എഴുതപ്പെട്ട വചനം ഒരു ഭൗമിക പരദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ വെച്ചുനീട്ടുന്നു. (മത്തായി 6:10; സങ്കീർത്തനം 37:9, 11, 29) തീർച്ചയായും അത്തരം പ്രതീക്ഷ വെച്ചുപുലർത്തുന്നത് മൂല്യവത്താണ്. (g86 5/8)
[11-ാം പേജിലെ ചിത്രം]
“ദൈവം സ്ഥിതി ചെയ്യുന്നില്ലെങ്കിൽ, അവനെ കണ്ടുപിടിക്കേണ്ടത് ആവശ്യമായിരിക്കും.”—ഫ്രഞ്ച് തത്വചിന്തകനായ വോൾട്ടയർ