ബൈബിളോ പാരമ്പര്യമോ?—ആത്മാർത്ഥതയുള്ള കത്തോലിക്കർക്ക് ഒരു വിഷമപ്രശ്നം
അടുത്ത വർഷങ്ങളിലായി കത്തോലിക്കാ രാജ്യങ്ങളിൽ ബൈബിൾ അധികമധികം ലഭ്യമായിത്തീർന്നിരിക്കുന്നു. ഉദാഹരണത്തിന് സ്പെയിനിൽ കാസ്റ്റീലിയൻ ഭാഷയിൽ കഴിഞ്ഞ 500 വർഷങ്ങൾകൊണ്ട് പ്രസിദ്ധീകരിച്ചിരുന്നതിനേക്കാൾ കൂടുതൽ തിരുവെഴുത്തു ഭാഷാന്തരങ്ങൾ കഴിഞ്ഞ 50 വർഷങ്ങൾ കൊണ്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ഫ്രഞ്ച് കത്തോലിക്കർക്ക് അവരുടെ പക്കൽ ആദിമ ഭാഷകളിൽ നിന്നും പരിഭാഷപ്പെടുത്തിയ സഭാംഗീകാരമുള്ള നിരവധി ബൈബിളുകൾ ഇന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന കത്തോലിക്കാ പണ്ഡിതരും ബൈബിളിന്റെ ചില പുതിയ പരിഭാഷകൾ ഉത്പാദിപ്പിച്ചിട്ടുണ്ട്.
അതുകൊണ്ട് ഇന്നു ബൈബിൾ വായിക്കാനാഗ്രഹിക്കുന്ന ഏതൊരു കത്തോലിക്കനും അതിനു കഴിയും. പക്ഷേ ഉചിതമായി അംഗീകരിക്കപ്പെട്ട വിശദീകരണക്കുറിപ്പുകളോടു കൂടിയ ഭാഷാന്തരമേ അയാൾ വായിക്കാവൂ. കത്തോലിക്കാ സഭ ഈ നിബന്ധന വയ്ക്കുന്നതെന്തുകൊണ്ട്? കാരണം ദിവ്യവെളിപ്പാടിന്റെ മറ്റൊരു ഉറവിടം ഉണ്ടെന്ന് അത് അവകാശപ്പെടുന്നു—പാരമ്പര്യം—ആ അടിക്കുറിപ്പുകൾ അതുകൊണ്ട് ഒന്നിനെ മറ്റെതിനോട് പൊരുത്തപ്പെടുത്താൻ അത്യാവശ്യം ആണ് എന്ന് കരുതപ്പെടുന്നു. ഈ രണ്ട് ഉറവിടങ്ങളിൽ—ബൈബിളോ പാരമ്പര്യമോ ഏതാണ് അധികം പ്രധാനമായി സഭ പരിഗണിക്കുന്നത്?
അനുവാദമുള്ളതും എന്നാൽ അനിവാര്യമല്ലാത്തതും
വിശുദ്ധ തിരുവെഴുത്തുകളെക്കുറിച്ചുള്ള ഒരു കത്തോലിക്കാ കമൻറ്ററി എന്ന പുസ്തകം പിൻവരുന്ന ചോദ്യം ചോദിക്കുന്നു: “ബൈബിൾ പാരായണം രക്ഷയ്ക്ക് അത്യാവശ്യമാണോ? അതിനുള്ള ഉത്തരം എന്ന നിലയിൽ അതിങ്ങനെ പറയുന്നു: “വിശ്വാസികളെല്ലാവരും—ഓരോ പുരുഷനും സ്ത്രീയും കുട്ടിയും—വ്യക്തിപരമായി ബൈബിൾ വായിക്കണം എന്ന ദിവ്യമോ അപ്പോസ്തോലികമോ ആയ യാതൊരു സാർവ്വലൗകീക അനുശാസനവും ഇല്ല.”
“വായന കുറഞ്ഞത് അര മണിക്കൂറെങ്കിലും നീണ്ടാൽ” ഇഹലോക പാപമോചനം പോലും അനുവദിച്ചുകൊണ്ട് കത്തോലിക്കാ സഭ അതിന്റെ അംഗങ്ങളെ ഇന്ന് വിശുദ്ധ തിരുവെഴുത്തുകൾ വായിക്കാൻ അനുവദിക്കുന്നുണ്ടെങ്കിലും അത്തരം ബൈബിൾ വായനയെ അത്യന്താപേക്ഷിതമായ ഒന്നായി അതു കാണുന്നില്ല.a എന്തുകൊണ്ടില്ല എന്ന് വിശദീകരിച്ചുകൊണ്ട് ഫ്രഞ്ച് കാത്തലിക്ക് ഡിക്ഷ്ണയർ ഡി ലാ ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “സകല വിശ്വാസ പഠിപ്പിക്കലുകളും മനുഷ്യവർഗ്ഗത്തിലേക്ക് എത്തിക്കുന്ന ഏറ്റവും മൗലികമായ സരണി പാരമ്പര്യം ആണ്. പുതിയ നിയമ തിരുവെഴുത്തുകളുടെ ഉപയോഗം വന്നത് പിന്നീടാണ്. വിശ്വാസത്തിന്റെ സമ്പൂർണ്ണ നിക്ഷേപം അതിൽ അടങ്ങിയിട്ടില്ല. അതിന്റെ ഉപയോഗം അനിവാര്യവും അല്ല.”
ബൈബിളിൻ മീതെ പാരമ്പര്യം വയ്ക്കപ്പെട്ടിരിക്കുന്നു
ബൈബിൾ അതുകൊണ്ട് കത്തോലിക്കരുടെ നിയമിത വായനാ പാഠം അല്ല. അവർ അഥവാ അതു വായിക്കുന്നെങ്കിൽ തന്നെ അതിനു പാരമ്പര്യത്തിനു പിറകിൽ രണ്ടാം സ്ഥാനമേ നൽകാവൂ. ലിഖിതവചനം ലഭിക്കുന്നതിന് മുമ്പ് ആദിമ ക്രിസ്ത്യാനികൾ വായ്മൊഴിയിലൂടെ കൈവന്ന പാരമ്പര്യത്തിൽ വിശ്വാസം അർപ്പിച്ചിരുന്നുവെന്നും അതനുസരിച്ച്, സഭ സംരക്ഷിച്ചുപോന്ന പാരമ്പര്യത്തിന്റെ വെളിച്ചത്തിൽ മാത്രമേ തിരുവെഴുത്തുക്കൾ മനസ്സിലാക്കാവൂ എന്നും കത്തോലിക്കാസഭ വാദിക്കുന്നു.
ഫ്രഞ്ച് ഭാഷ സംസാരിക്കുന്ന കത്തോലിക്കരെ ബൈബിൾ വായനയിൽ സഹായിക്കുന്നതിന് രൂപം നൽകിയ ഒരു പുസ്തകം ഈ വീക്ഷണഗതിയെ സ്ഥിരീകരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “ദിവ്യവെളിപ്പാട്, തിരുവെഴുത്തകളിൽ പ്രമുഖമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് പോലും ജീവിക്കുന്ന സഭയാകുന്ന ഒരു വിശ്വസ്തസമുദായത്തോട് വിധേയത്വം ഉള്ളതാണ്; ബൈബിൾ പാരമ്പര്യം, സഭ എന്നിവ തമ്മിലുള്ള ബന്ധം സംബ്ബന്ധിച്ച് മർമ്മപ്രധാനമായ പ്രശ്നം ഇതുയർത്തുന്നു. . . . ഈ [തിരുവെഴുത്തിലെ] കൂടുതലായ വെളിച്ചം ഒരിക്കൽ നൽകപ്പെട്ടാൽ അതു പാരമ്പര്യ നിധിയോട് ചേരുകയും അതിനെ പൂർത്തികരിക്കുകയും ചെയ്യുന്നു. . . . തിരുവെഴുത്തുകൾ അതുകൊണ്ട് സമ്പൂർണ്ണമായും പാരമ്പര്യത്തെ ആശ്രയിച്ചിരിക്കുന്നു.”—ഇനിഷ്യേഷൻ ബിബ്ളിക്ക്, പേജ് 963, 971. ഗ്രന്ഥകർത്താവിന്റെ ഇറ്റാലിക്സ്.
“പാരമ്പര്യം തിരുവെഴുത്തിനെക്കാൾ പൂർവ്വകാലത്തുള്ളതും അതിനെ ആവരണം ചെയ്യുന്നതും അതോടൊത്തുപോകുന്നതും അതിനപ്പുറം ചെല്ലുന്നതുമാണ്”b എന്ന് ഒരു ആത്മാർത്ഥ കത്തോലിക്കൻ വിശുദ്ധതിരുവെഴുത്തുകളുടെ ഒരു കത്തോലിക്കാ പ്രൊഫസ്സർ എഴുതിയ പുസ്തകത്തിൽ വായിക്കുമ്പോൾ അയാൾക്ക് ബൈബിളിൽ എന്ത് വിശ്വാസമാണുണ്ടാവുക? അല്ലെങ്കിൽ അയാൾ ഒരു കത്തോലിക്കാ നിഘണ്ടു എഴുത്ത് ഇങ്ങനെ വായിക്കുന്നെങ്കിൽ അയാൾ എന്തു വിചാരിക്കും: “സഭ . . . എല്ലാതിരുവെഴുത്തും ദൈവവചനം ആണെന്നു ഉറപ്പിക്കുന്നു, പക്ഷേ അതെ സമയം തന്നെ തിരുവെഴുത്തിലധികമായും അതിന് മേലായും ഒരു അലിഖിത ദൈവവചനം ഉണ്ടെന്ന് അത് കരുതിപ്പോരുന്നു?
ബൈബിൾ വായനക്കാരായ കത്തോലിക്കർക്ക് ഒരു വിഷമപ്രശ്നം
നൂറ്റാണ്ടുകളായി ഒരു ശരാശരി കത്തോലിക്കൻ സഭാ ഉപദേശങ്ങളെ ചോദ്യം ചെയ്യാതെ സ്വീകരിച്ചുപോന്നു. കാരണം സഭാ ഉപദേശങ്ങളുടെ സത്യതയെ അളന്നുനോക്കാനുള്ള ഒരു മാനദണ്ഡം സാമാന്യ ജനത്തിനില്ലായിരുന്നു. കാറ്റക്കിസം ക്ലാസ്സുകളിലെ മനഃപാഠ പഠനത്തിലൂടെയാണ് മിക്ക കത്തോലിക്കരും അവരുടെ വിശ്വാസത്തെക്കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത്. ത്രിത്വം അല്ലെങ്കിൽ മറിയയുടെ അത്ഭുത ഗർഭധാരണം എന്നിവപോലുള്ള ദുർഗ്രഹങ്ങളായ ഉപദേശങ്ങൾ വിശദീകരിക്കാൻ കാറ്റക്കിസ്റ്റിനോടോ അവരുടെ പാതിരിയോടോ ആവശ്യപ്പെട്ടാൽ ഉത്തരം എന്ന നിലയിൽ കേൾക്കാൻ സർവ്വ സാദ്ധ്യതയുമുള്ള വാക്കുകൾ ഇവയാണ്: “അത് ഒരു വിശുദ്ധമർമ്മം ആണ്.”
പക്ഷേ രണ്ടാം വത്തിക്കാൻ കൗൺസിൽ കാര്യങ്ങൾക്കു മാറ്റം വരുത്തി. റോമൻ കത്തോലിക്കാസഭ ഒരു ആഗിയോർണാമെന്റോയ്ക്ക് അഥവാ നവീകരണത്തിന് വിധേയമായി. അത് കത്തോലിക്കർക്കിടയിൽ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തവിധം ഹൃദയപരിശോധനകൾക്ക് വഴിതുറന്നു. ബൈബിളിന്റെ “യുക്തവും കൃത്യവും ആയ കൂടുതൽ പരിഭാഷകൾ” പ്രസിദ്ധീകരിക്കുന്നതിന് വത്തിക്കാൻ II പച്ചക്കൊടി വീശുകയും “തങ്ങളെ എൽപ്പിച്ചിരിക്കുന്ന വിശ്വസ്തർക്ക് ദിവ്യപുസ്തകങ്ങളുടെ യുക്തമായ പ്രബോധനം നൽകുന്നതിന്” കത്തോലിക്കാ ബിഷപ്പുമാർക്ക് നിർദ്ദേശം കൊടുക്കപ്പെടുകയും ചെയ്തു.” അങ്ങനെ കത്തോലിക്കരായ സാമാന്യജനത്തിന് ഇന്ന് ബൈബിൾ സംമ്പാദിക്കുന്നതിനും അത് വായിക്കുന്നതിനും തങ്ങൾ പഠിപ്പിക്കപ്പെട്ടിരുന്ന കാര്യങ്ങളോട് തങ്ങൾ വായ്ച്ചറിഞ്ഞ കാര്യങ്ങൾ താരതമ്യം ചെയ്തു നോക്കുന്നതിനും കഴിയും.
പക്ഷേ, ഈ സമൂല പരിവർത്തനം പ്രശ്നങ്ങൾ സൃഷ്ടിക്കാതെയല്ല സംഭവിച്ചിട്ടുള്ളത്. അനേക കത്തോലിക്കർ തങ്ങളുടെ ജീവിതത്തിൽ ആദ്യമായി ബൈബിളിൽ ഒരിടത്തും സഭയുടെ പഠിപ്പിക്കൽ കാണാനില്ല എന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. അത്തരം പഠിപ്പിക്കലുകളിൽ മറിയയോടുള്ള ഭക്തി, “വിശുദ്ധൻമാരോടു”ള്ള പ്രാർത്ഥന, ഭൗതീകാവശിഷ്ടപൂജ, ഐഹിക പാപമോചനം, ശുദ്ധീകരണസ്ഥലം, ലിംബോ എന്നിവ ഉൾപ്പെടുന്നു.
ഇവയിൽ ഒടുക്കത്തെതിനെക്കുറിച്ച എ കാത്തലിക് ഡിക്ഷ്ണറി സമ്മതിച്ചു പറയുന്നതിപ്രകാരമാണ്: “ഒരു പാപവും ചെയ്യാത്ത ആളുകൾ നരകത്തിൽ ദണ്ഡനം അനുഭവിക്കണം എന്ന വിശ്വാസത്തോട് സ്വാഭാവികമായ ഒരു വെറുപ്പ് നിലവിൽ ഉണ്ടായിരുന്നു. ഈ വിഷമപ്രശ്നം, അതിൽനിന്നും രക്ഷപ്പെടാനുള്ള വഴിയെന്ന നിലയിൽ നിരവധി സിദ്ധാന്തങ്ങൾ ആവിഷ്ക്കരിക്കുന്നതിന് ദൈവശാസ്ത്രജ്ഞൻമാരെ വഴിനയിച്ചു.” ലിംബോ അതിലൊന്നാണ്.c
എന്നിരിക്കിലും ബൈബിൾ പറയുന്നത് മരിച്ചവർ പുനരുത്ഥാനവും കാത്ത് ശവക്കുഴിയിൽ നിദ്രകൊള്ളുന്നുവെന്നാണ്. (സഭാപ്രസംഗി 9:5, 10; യോഹന്നാൻ 5:28, 29). അമർത്ത്യദേഹി എന്നൊന്ന് ഇല്ലാത്തതുകൊണ്ട് നരക ദണ്ഡനവും ഉണ്ടാകാൻ കഴിയുകയില്ല. അതുകൊണ്ട് ദൈവ ശാസ്ത്രപരമായ പ്രതിസന്ധിയിൽ നിന്ന് രക്ഷപെടുന്നതിന് ലിംബോയുടെ സിദ്ധാന്തം കണ്ടുപിടിക്കേണ്ട യാതൊരു ആവശ്യവുമില്ല! ബൈബിൾ വായനക്കാരായ കത്തോലികർ അകപ്പെട്ടിരിക്കുന്ന വിഷമപ്രശ്നങ്ങളുടെ കേവലം ഒരുദാഹരണം മാത്രമാണിത്. അവർ വിശ്വസിക്കേണ്ടതെന്താണ്, മനുഷ്യൻ കണ്ടുപിടിച പാരമ്പര്യമോ അതോ ബൈബിളോ?
കത്തോലിക്കാ സഭയ്ക്ക് ഒരു പ്രതിസന്ധി
പക്ഷേ പ്രശ്നം അതിലേറെ ആഴമുള്ളതാണ്. വ്യക്തികളായ കത്തോലിക്കർ നേരിടുന്ന മേൽപ്പറഞ്ഞ വിഷമസന്ധിയിൽ നിന്ന് ഒരു പുരോഹിതൻ ഇങ്ങനെ പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറിയേക്കാം: ‘പ്രശ്നമൊന്നുമില്ല. ബൈബിൾ വെളിപ്പാട് പാരമ്പര്യത്താൽ പൂർണ്ണാലാക്കപ്പെട്ടിരിക്കുകയാണ്. സഭയുടെ പാരമ്പര്യം അംഗീകരിക്കുക.’ പക്ഷേ, കാര്യങ്ങൾ അത്ര സരളമല്ല.
പാരീസിലെ കത്തോലിക്കാ ഇൻസ്റ്റിറ്റ്യൂട്ടിലെ ജെസ്യൂട്ട് പ്രൊഫസ്സർ ആയ പോൾ ഹെൻട്രി ഇങ്ങനെ എഴുതി: “തിരുവെഴുത്ത് ജീവിതത്തിൽ നാം ആരാധനക്കും ധാർമ്മികനിഷ്ഠയ്ക്കും സഭയുടെ ദൈവശാസ്ത്രപരമായ ഉപദേശത്തിനും മാതൃകാപ്രമാണമാണ്. മാതൃകാപ്രമാണം എന്നതുകൊണ്ട് ദൈവം വെളിപ്പെടുത്തിയതോ തിരുവെഴുത്തിൽ എഴുതപ്പെട്ടിട്ടുണ്ട് എന്ന അർത്ഥത്തിലല്ല. പിന്നെയോ സഭ അപ്രമാദിത്തപൂർവ്വം ചെയ്യുന്നതോ പഠിപ്പിക്കുന്നതോ ആയ യാതൊന്നും തിരുവെഴുത്തിന് വിരുദ്ധം ആയിരിക്കാൻ സാദ്ധ്യമല്ല എന്ന അർത്ഥത്തിലാണ്.”
പാരമ്പര്യം വിശുദ്ധ തിരുവെഴുത്തുകളെ പൂർത്തികരിക്കുന്നു എന്ന അവകാശവാദം തികച്ചും മോശമാണ്. കത്തോലിക്കർക്ക് അവരുടെ ബൈബിളുകളിൽ 1 കൊരിന്ത്യർ 4:6-ൽ വായിക്കാൻ കഴിയുന്നതിനോട് അത് അതിൽതന്നെ പരസ്പരവിരുദ്ധമാണ്. പക്ഷെ—നരകാഗ്നി ശുദ്ധീകരണസ്ഥലം ലിംബോ—തുടങ്ങിയവ ബൈബിളിൽ കണ്ടെത്താതാവില്ലെന്നു മാത്രമല്ല തിരുവെഴുത്തിന് വിരുദ്ധവും ആണെന്ന വസ്തുത കത്തോലിക്കാസഭയെ വിഷമസന്ധിയുടെ മുനകളിൽ നിർത്തുന്നു—യെഹെസ്ക്കേൽ 18:4, 20; റോമർ 6:23.
പാരമ്പര്യത്തെ ബൈബിളുമായി തട്ടിച്ചു നോക്കുക
രണ്ടാം വത്തിക്കാൻ കൗൺസിലിൽ വച്ച് കത്തോലിക്കാസഭ “ദിവ്യതിരുവെഴുത്തുകളുടെ നിരന്തരവായനയി”ലേർപ്പെടുവാൻ “സകല ക്രിസ്തീയ വിശ്വാസികളെയും” ആഹ്വാനം ചെയ്തു. കൂടാതെ ഒരു കത്തോലിക്കാ നിഘണ്ടു പറയുന്നു: “തിരുവെഴുത്തിന് വിപരീതമായ യാതൊരുപദേശവും സഭയ്ക്ക് പഠിപ്പിക്കാനാവില്ലെന്ന് പൂർണ്ണ ഉറപ്പോടെ വിശ്വസിക്കുന്നതിൽ ഒരു കത്തോലിക്കന് എല്ലാ നീതീകരണവുമുണ്ട്.” ആത്മാർത്ഥതയുള്ള കത്തോലിക്കർ തങ്ങളുടെ സഭയുടെ ഈ പ്രോത്സാഹനത്തിന് ചെവികൊടുത്തുകൊണ്ട് ബൈബിൾ വായിക്കുന്നതിനും എതെങ്കിലും കത്തോലിക്കാ ഉപദേശം “തിരുവെഴുത്തുകൾക്ക് വിരുദ്ധമാണോ” എന്ന് സ്വയം കാണുന്നതിനും ഞങ്ങൾ ക്ഷണിക്കുന്നു.
കത്തോലിക്കർ ബൈബിൾ ഉപദേഷ്ടാക്കൻമാരായിത്തീരണം എന്ന് കാത്തലിക് വേൾഡ് ഫെഡറേഷൻ ഓഫ് ബിബ്ളിക്കൽ അപ്പോസ്റ്റലേറ്റിന്റെ മൂന്നാം പൊതുസമ്മേളനത്തിൽ ചെയ്ത ആഹ്വാനത്തിന് ചെവികൊടുക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് അധികം പ്രധാനമാണ്. ഈ ആഹ്വാനത്തെയും അതിന്റെ പരിണിത ഫലങ്ങളെയും കുറിച്ച് പിൻവരുന്ന ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും. (g86 6/8)
[അടിക്കുറിപ്പുകൾ]
a എൻചിറിഡിയോൻ ഇൻഡൾജെൻറ്റേറം, 1968, നമ്പർ 50.
b ലാ പരോൾ ഡി ഡ്യൂ, പേജ് 26.
c ലിംബോ എന്നതിനെ, “സ്നാനപ്പെടാത്ത കുട്ടികളുടെയും യേശുവിനു മുമ്പ് ജീവിച്ചിരുന്ന നീതിമാൻമാരുടെയും മരണത്തിനുശേഷമുള്ള വാസസ്ഥലം, നരകത്തിനു മേൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശം” എന്നു നിർവചിച്ചിരിക്കുന്നു.
[18-ാം പേജിലെ ആകർഷകവാക്യം]
“തിരുവെഴുത്തിലധികമായും മേലായും ഒരു അലിഖിത ദൈവവചനം”ഉണ്ടോ?
[19-ാം പേജിലെ ആകർഷകവാക്യം]
“സഭ അപ്രമാദിത്തപൂർവ്വം ചെയ്യുന്നതോ പഠിപ്പിക്കുന്നതോ ആയ യാതൊന്നും തിരുവെഴുത്തിനു വിരുദ്ധം ആയിരിക്കാൻ സാദ്ധ്യമല്ല” എന്നതു സത്യമാണോ?
[19-ാം പേജിലെ ചിത്രം]
രണ്ടാം വത്തിക്കാൻ കൗൺസിൽ കാര്യങ്ങൾക്കു മാറ്റം വരുത്തി
[കടപ്പാട്]
UPI/Bettmann Newsphotos