ചെറുപ്പക്കാർ ചോദിക്കുന്നു . . .
ചതിവ്—എന്തുകൊണ്ടായികൂടാ?
“യഥാർത്ഥ ലോകത്ത് ജീവിക്കാൻ ഞാൻ തയ്യാറെടുക്കുകയാണ്. ബിസിനസ്സിൽ സൻമാർഗ്ഗനിഷ്ഠയുടെ ആവശ്യം ഇല്ല. ചതിവ് കാണിക്കുന്നത് . . . ഒരു നല്ല പരിശീലനം തന്നെ. ഞാൻ പുറത്തിറങ്ങുമ്പോൾ എന്നെ ഏൽപ്പിക്കുന്ന കാര്യങ്ങൾ മെച്ചമായി കൈകാര്യം ചെയ്യാൻ എനിക്കു സാധിക്കും.” മറ്റാരോ എഴുതിയ പരീക്ഷാപേപ്പർ സ്വന്തം പേരിൽ സമർപ്പിച്ച ജെറമി എന്ന യുവാവ് തന്റെ നടപടിയെ ന്യായീകരിച്ചത് ഇങ്ങനെയാണ്.
പതിനഞ്ചു വയസ്സായ കാരനും ചതിവു കാണിക്കുന്നതിന് അവളുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു. അവൾ പറഞ്ഞു: “‘ഓ, ഇത് ഒരിക്കൽ കൂടി മാത്രം’ അല്ലെങ്കിൽ ‘എല്ലാവരും ഇതു ചെയ്യുന്നുണ്ട്. ആ സ്ഥിതിക്ക് എനിക്ക് എന്തുകൊണ്ടായികൂടാ?’” കാരൻ അവളുടെ പരീക്ഷക്ക് കാര്യമായ തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. അവളുടെ അദ്ധ്യാപിക അവൾ ചെയ്തത് കണ്ടുപിടിക്കാനിടയായതുകൊണ്ട് ചതിവ് അവളെ സഹായിച്ചുമില്ല.
തന്റെ അയൽക്കാരൻ ചെയ്യുന്ന ജോലിയിലേക്കോ മടിയിൽ തുറന്നു വച്ച പുസ്തകത്തിലേക്കോ ഒളിഞ്ഞു നോക്കുന്നതോ അല്ലെങ്കിൽ ഉന്നത സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതോ—ചതിവു ചെയ്യുന്നതിനുള്ള സാദ്ധ്യതകൾ ഇതുപോലെ നിരവധിയും വിവിധവുമാണ്. ഉപായങ്ങൾ എന്തുതന്നെയായാലും കാരനെയും ജെറമിയെയും പോലുള്ള അനേകർ ഉണ്ട്. ഉദാഹരണത്തിന് ഐക്യനാടുകളിൽ പകുതിയിലധികം വിദ്യാർത്ഥികളും തങ്ങളുടെ സ്കൂൾ വർഷങ്ങളിൽ ചതിപറ്റിയിട്ടുള്ളവരോ ചതിക്കുന്നവരോ ആണ്. ചതിവ് പക്ഷേ മിക്കവാറും എല്ലായിടത്തും ഉള്ള ഒരു പ്രശ്നം ആണ്. നിങ്ങൾ സ്കൂളിൽ പോകുന്നവരാണെങ്കിൽ ഇതു നിങ്ങളെയും അലട്ടുന്ന പ്രശ്നമായിരിക്കും. പക്ഷേ ചതിവ് ഇത്ര വ്യാപകമായിരിക്കുന്നതെന്തുകൊണ്ട്? സ്കൂളിൽ മികച്ച ഗ്രേഡ് കിട്ടാനുള്ള മാർഗ്ഗമാണിതെങ്കിൽപോലും അതുകൊണ്ട് യഥാർത്ഥത്തിൽ മൂല്യമുണ്ടോ?
അവർ ചതിവു കാണിക്കുന്നതെന്തുകൊണ്ട്?
തങ്ങളുടെ ചെയ്തിയെ നീതീകരിക്കുന്നതിന് ചില വിദ്യാർത്ഥികൾ അവകാശപ്പെടുന്നത് സ്കൂൾ വിരസമാണെന്നും പഠിക്കുന്നതിനു പകരം തങ്ങളുടെ സമയം വാസ്തവത്തിൽ രസകരമായ കാര്യങ്ങളിൽ ചെലവിടുന്നതിന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നുമാണ്. മറ്റുള്ളവർ പറയുന്നത് അവർ ചതിവു കാണിക്കാൻ നിർബ്ബന്ധിതരായി തീരുന്നുവെന്നാണ്. ഒരു 15 വയസ്സുകാരനായ യുവാവ് വിശദീകരിച്ചതിങ്ങനെയാണ്: “ഓരോ റ്റിച്ചറും കരുതുന്നത് ഹോം വർക്കും പരീക്ഷയും നൽകുന്നത് അയാൾ മാത്രം ആണെന്നത്രേ . . . പക്ഷേ ഇന്നത്തെ നിലയിൽ പരീക്ഷകൾക്കെല്ലാം പഠിക്കുക മാനുഷീകമായി സാദ്ധ്യമല്ല.”
പക്ഷേ, സെനഗളിലെ ഒരു വോട്ടേടുപ്പു കാണിക്കുന്നതുപോലെ ഒഴികഴിവു പറയാനുള്ള ആവശ്യം എല്ലാവരും കാണുന്നില്ല. ചോദ്യം ചെയ്യപ്പെട്ട ചെറുപ്പക്കാരിൽ ചിലർ, മിക്കവരും ചതിവു ചെയ്യാനുള്ള കാരണങ്ങളിൽ പ്രമുഖമായത് ഉദാസീനതയാണെന്ന് ഏറ്റുപറഞ്ഞു. പാഠങ്ങൾ പഠിച്ചിരുന്നപ്പോഴൊന്നും തങ്ങൾ ചതിവ് കാണിച്ചിരുന്നില്ല എന്ന് ചിലർ പറഞ്ഞു. ഇതാണ് വാസ്തവസ്ഥിതി എങ്കിൽ ചതിക്കാനുള്ള പ്രലോഭനം നേരിടുന്ന ഏതൊരുവനും സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകത്തിലെ പിൻവരുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കേണ്ടതുണ്ട്. “മടിയുള്ള കൈകൾകൊണ്ടദ്ധ്വാനിക്കുന്നവൻ ദരിദ്രനായി തീരും.”—സദൃശവാക്യങ്ങൾ 10:4.
“ആളുകൾ ചതിവു ചെയ്യാനുള്ള ഒരു കാരണം വിജയം ആണ്.” ഈ വാക്കുകളോടെ ജേർണൽ ഓഫ് ബിസിനസ്സ് എഡ്യൂക്കേഷൻ വിദ്യാർത്ഥികൾ മിക്കപ്പോഴും പറയുന്ന മറ്റൊരു പ്രമുഖ ഘടകത്തെ പരാമർശിക്കുന്നു. ഉദാഹരണത്തിന്, താനും തന്റെ സുഹൃത്തുക്കളും നേരിടുന്ന പ്രശ്നത്തെപ്പറ്റി 17 വയസ്സുകാരിയായ ആലിസൺ വർണ്ണിക്കുന്നു: “വർഷങ്ങൾക്കു മുമ്പ് നല്ല നിലവാരങ്ങൾ ആഗ്രഹിച്ചിരുന്നു. ഇന്നു പക്ഷേ വിദ്യാർത്ഥികൾ കോളേജിലേക്ക് അപേക്ഷിക്കാനാഗ്രഹിക്കുന്നുവെങ്കിൽ അതൊരാവശ്യമായിതീർന്നിരിക്കുന്നു.” അവൾ തുടരുന്നു: വിദ്യാർത്ഥികൾ വിദ്യാഭ്യാസ സമ്മർദ്ദങ്ങളെ നേരിടേണ്ടി വന്നതോടെ ചതിവിന് വ്യാപകമായ പ്രചാരം കൈവന്നു.
1,60,000 അമേരിക്കൻ ചെറുപ്പക്കാരെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ സർവ്വേ കാണിച്ച പ്രകാരം ചെറുപ്പക്കാർ ഈ സമ്മർദ്ദങ്ങൾക്ക് വിധേയരായിതീർന്നിരിക്കുന്നു. അവരിൽ 60 ശതമാനം പേർ പരീക്ഷ പാസ്സാകുന്നതിനും വെറും 40 ശതമാനം പേർ വാസ്തവത്തിൽ ഗ്രഹിക്കുന്നതിനും ആണ് പഠിക്കുന്നത് എന്നു പറഞ്ഞു. കോളറാഡോ സർവ്വകലാശാലയിലെ വിദ്യാർത്ഥി സമൂഹത്തിന്റെ പ്രസിഡണ്ടായ റാൻഡി ഹെർബർട്ട്സന്റെ അഭിപ്രായത്തിൽ “കഴുത്തറപ്പൻ മത്സരം” ചതിവു കാണിക്കുന്നതു പോലുള്ള പരവശമായ നടപടികളിലേക്കും വിദ്യാർത്ഥികളെ തള്ളിവിടുന്നു.
ഉത്തമായ മാർഗ്ഗം?
നല്ല നിലവാരത്തിലെത്താനുള്ള സമ്മർദ്ദം കഠിനമാണെന്നുള്ളത് സമ്മതിച്ചു. അതുകൊണ്ട് ‘ചതിവു ചെയ്യുന്നത് എന്നെ വിജയിക്കാൻ സഹായിക്കുന്നെങ്കിൽ അതെന്തുകൊണ്ട് ആയികൂടാ?’ എന്ന് നിങ്ങൾ ന്യായവാദം ചെയ്തേക്കാം. അതിനു പല കാരണങ്ങൾ ഉണ്ട്. ഒന്ന്, അതിൽ അന്തർഭവിച്ചിരിക്കുന്ന അപകടങ്ങളാണ്. ഒരു വിദ്യാർത്ഥി ചതിവ് ചെയ്തുവെന്ന വസ്തുത അവന്റെ സ്ഥിരമായ രേഖയുടെ ഭാഗമായി തീരുമ്പോൾ പരിണതഫലങ്ങൾ തീർച്ചയായും ദൂരവ്യാപകമായിരിക്കും. ഒരു കോളേജ് അങ്കണത്തിലെ നിയമ നിർവ്വഹണ പരിപാടിയുടെ ഡയറക്ടർ വിശദമാക്കിയതുപോലെ: “വിദ്യാഭ്യാസ രംഗത്ത് സത്യസന്ധതയില്ലാത്ത എന്തെങ്കിലും ഒരു നടപടി ചെയ്യുന്ന വിദ്യാർത്ഥി തന്റെ ഭാവി വിദ്യാഭ്യാസ അവസരങ്ങളെയും തൊഴിലവസരങ്ങളെയും ഹനിക്കുന്നതിന്റെ ഗുരുതരമായ അപകടം വരുത്തിവക്കുന്നു.” ലിൻഡക്ക് ഈ അനുഭവം ഉണ്ടായി. അവളുടെ വിശദീകരണം പിൻവരുന്ന പ്രകാരം ആണ്: “ഞാൻ ജൂണിയറായിരുന്ന വർഷത്തിലെ വസന്തത്തിൽ ഞാൻ കോപ്പിയടിച്ചത് കണ്ടുപിടിക്കപ്പെട്ടു. എന്റെ ഇംഗ്ലീഷ് ടീച്ചർ അതുമറന്നു കളയാൻ ഞാൻ ചെയ്ത എല്ലാ ശ്രമവും വിഫലമായി.” കാര്യങ്ങൾ ഉരുത്തിരിഞ്ഞതനുസരിച്ച് അവൾ ചേരാനാഗ്രഹിച്ച മറ്റൊരു സ്കൂളിൽ പ്രവേശിക്കുന്നതിന് അവൾക്ക് കഴിഞ്ഞുമില്ല.
പക്ഷേ, അഥവാ നിങ്ങളുടെ ചെയ്തികണ്ടുപടിക്കപ്പെട്ടിട്ടില്ലെങ്കിലോ ശിക്ഷിക്കപ്പെടാനുള്ള അപകടം പരിമിതമാണെങ്കിൽപോലും ചതിവിന് ദൂരവ്യാപകമായ മറ്റ് അനന്തര ഫലങ്ങളുണ്ട്. ദൃഷ്ടാന്തത്തിന് മറ്റൊരു ബാലിക കണക്കു പരീക്ഷയിൽ കോപ്പിയടിച്ചു. അതവളെ സഹായിച്ചോ? അവൾ പറയുന്നു: “ഞാൻ ക്വിസ്സിൽ തോറ്റു. അതിൽ നിന്ന് ഞാനൊന്നും തന്നെ പഠിച്ചില്ല. അവളുടെ പരാജയം അവളുടെ കണ്ണുകളെ തുറന്നിരിക്കും. അഥവാ ചതിവ് ഫലിച്ചിരുന്നെങ്കിൽ തന്നെ അവളെന്തെങ്കിലും ഇതിലേറെ പഠിക്കുമായിരുന്നോ? ഇല്ല, ചതിവ് ചെയ്യുന്ന ആൾക്ക് ഒരു മണ്ഡലത്തിൽ എപ്പോഴും നഷ്ടം ഭവിക്കുന്നു. സ്കൂളിൽ ആയിരിക്കുമ്പോൾ കാര്യങ്ങൾ ഗ്രഹിക്കുന്നതിന്റെ പ്രയോജനം നഷ്ടമാകുന്നു. ഈ തരത്തിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ജീവിതത്തിന്റെ പിൽക്കാല വർഷങ്ങളിൽ ഗുരുതരമായ പ്രശ്നങ്ങൾ അനുഭവിക്കേണ്ടതായി വരും. ഒരാൾക്ക് തട്ടിപ്പിലൂടെ ഒരു ഡിപ്ലോമ ലഭിക്കുകയും ആ ഡിപ്ലോമ അയാൾക്കു ഒരു ജോലി നേടിക്കൊടുക്കുകയും ചെയ്യുമ്പോൾ തന്റെ കഴിവുകൾ പരീക്ഷണ വിധേയമായാൽ അയാൾ ആ ഘട്ടത്തിൽ എന്തു ചെയ്യും?
കൂടാതെ, സ്കൂളിൽ പിന്നിടുന്ന വർഷങ്ങൾ ഒരുവന്റെ ബുദ്ധിപരമായ പ്രാപ്തികളെ വികസിപ്പിക്കുന്നതിനു മാത്രമല്ല സൽഗുണങ്ങൾ രൂപപ്പെടുത്തുന്നതിനുകൂടെ ഉതകുന്നതാണ് എന്നത് തട്ടിപ്പുകാരൻ മറന്നുകളയുന്നു. ടീൻ ഏജേർസ് ദെംസെൽവ്സ് എന്ന പുസ്തകം പ്രശ്നത്തിന്റെ ഈ വശം ചെറുപ്പക്കാർ എന്തുകൊണ്ടു മറക്കുന്നു എന്നതിനു കാരണം നൽകുന്നു. അതു പറയുന്നു: “ചെറുപ്പക്കാർ . . . അടിസ്ഥാനപരമായി ഹ്രസ്വ ചിന്താഗതിക്കാരാണ് . . . കൗമാര മനസ്സ് ശിക്ഷയിൽനിന്ന് ഉടനെയുള്ള രക്ഷപെടലിനുവേണ്ടി ഭാവി സ്വഭാവഗുണങ്ങളെ മനസ്സോടെ ബലികഴിക്കുന്നു.”
“നിങ്ങളുടെ കാര്യം ഇങ്ങനെയല്ലായിരിക്കാം. പക്ഷേ തട്ടിപ്പു ചെയ്യുന്നവന്റെ സംഗതി ഇങ്ങനെ തന്നെയല്ലേ? സ്കൂളിൽ ആയിരിക്കുമ്പോൾ തന്നെ പ്രശ്നങ്ങളെ നേരിട്ടു വിജയിക്കാൻ പഠിക്കുന്നതല്ലേ ഉത്തമം? സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിലെ പിൻവരുന്ന വാക്യം കുറിക്കു കൊള്ളുന്ന ഒന്നാണ്. “ഉത്സാഹിയുടെ പദ്ധതികൾ നിശ്ചയമായും പ്രയോജനം കൈവരുത്തുന്നു. പക്ഷേ തിടുക്കം കാട്ടുന്നവനോ ബുദ്ധിമുട്ടിൽ അകപ്പെടുന്നു.”—സദൃശവാക്യം 21:5.
ബൈബിൾ പറയുന്ന പ്രകാരം സത്യസന്ധനായിരിക്കുന്നത് നല്ല വ്യക്തിത്വത്തെ കൂടാതെ മറ്റു പ്രയോജനങ്ങളും കൈവരുത്തുന്നു എന്നാണ്. ഇവയിൽ നല്ല മനസ്സാക്ഷി, മനഃസമാധാനം എന്നിവയും വിശേഷിച്ച് അഖിലാണ്ഡത്തിന്റെ സ്രഷ്ടാവുമായി ഒരു നല്ല ബന്ധം രൂപപ്പെടുത്തുന്നതിനുള്ള അവസരവും ഉൾപ്പെടുന്നു. അവൻ സത്യത്തിന്റെ ദൈവമാണ്. തന്നെ ആരാധിക്കുന്നവർ ഇതേ ഗുണം വികസിപ്പിച്ചെടുക്കണം എന്നവൻ നിഷ്ക്കർഷിക്കുന്നു.—സങ്കീർത്തനം 31:5; യോഹന്നാൻ 4:24.
ചതിവോ—അതോ മോഷണമോ?
തട്ടിപ്പ് ചെയ്യുന്നത് അതു ചെയ്യാത്തവരുടെ മേലും ഹാനിവരുത്തുന്നു. കൗമാര പ്രായക്കാരനായ കെല്ലി പറയുന്നതുപോലെ: “മറ്റുള്ളവർ പരീക്ഷക്കാവശ്യമായ വിവരങ്ങൾ ഡസ്കിൻമേൽ എഴുതാതെ ശ്രമം ചെലുത്തി ഓർമ്മിക്കാനൊരുങ്ങിയിരുന്നു.” തട്ടിപ്പു ചെയ്യുന്നവരെ ചെയ്യാത്തവർ എങ്ങനെ വീക്ഷിക്കുന്നു? ന്യൂയോർക്ക് നഗരത്തിലുള്ള ഒരു സ്കൂളിലെ ഇംഗ്ലിഷ് അദ്ധ്യാപികയായ മിസ്സിസ്. ലെസർ ഇങ്ങനെ മറുപടി പറയുന്നു: “മറ്റു ചിലർ തട്ടിപ്പിലൂടെ തങ്ങളെ കവച്ചു വയ്ക്കുമ്പോൾ മിടുക്കരായ കുട്ടികൾക്ക് നീരസം ഉണ്ടാകുന്നു.” അതേ, നിങ്ങളുടെ കഠിനാദ്ധ്വാനത്തിനുശേഷം ഒരു ചതിയന് നിങ്ങളെക്കാൾ മെച്ചമായ ഗ്രേഡ് ലഭിക്കുകയും അയാൾ നിങ്ങൾക്കു മുമ്പേ ഒരു നല്ല ജോലിയിൽ പ്രവേശിക്കുകയും ചെയ്താൽ നിങ്ങൾക്കെന്തു തോന്നും?
കൂടാതെ നിങ്ങൾ ആദരിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെന്നതും സത്യമല്ലേ? നിങ്ങൾ തട്ടിപ്പുകാരനാണെന്നും നിങ്ങളുടെ ചതിവ് നിമിത്തം മറ്റുള്ളവർ ദ്രോഹിക്കപ്പെട്ടുവെന്നും നിങ്ങളുടെ സുഹൃത്തുക്കൾ കണ്ടെത്തിയാൽ അവർ നിങ്ങളെ ആദരിക്കുമോ? നിങ്ങളുടെ ആദരണീയത വീണ്ടെടുക്കുക അത്യന്തം ബുദ്ധിമുട്ടാണ് എന്നു നിങ്ങൾ കണ്ടെത്താനാണ് സർവ്വ സാദ്ധ്യതയും. തട്ടിപ്പു നടത്തുന്നതിനു മുമ്പ് ഈ നഷ്ട സാദ്ധ്യതകളെക്കുറിച്ച് അല്പം പരിചിന്തിക്കേണ്ടതല്ലേ?
തട്ടിപ്പ് നിരുപദ്രവമാണെന്ന് ആ സ്ഥിതിക്ക് കരുതാതിരിക്കുക. നിങ്ങൾ ചതിച്ചാൽ മറ്റുള്ളവരും ചതിക്കും എന്നു കരുതുക. ഒരിക്കൽ വിവാഹിതനായി തീർന്ന് കുട്ടികളെ വളർത്തുന്നു എന്നു കരുതുക. ഒരു കുഞ്ഞിന് അസുഖമായതിനെ തുടർന്ന് അവനെ നിങ്ങൾ വൈദ്യന്റെ അടുത്തേക്കു കൊണ്ടുപോകുന്നു. അപ്പോൾ ആ വൈദ്യന് ഉചിതമായ യോഗ്യതകൾ ഇല്ലെന്നു നിങ്ങൾ അറിഞ്ഞാൽ—തന്റെ ഡിപ്ലോമ ലഭിക്കുന്നതിന് അയാൾ തട്ടിപ്പു നടത്തി എന്ന്—നിങ്ങൾക്കെന്തു തോന്നും? നിങ്ങൾ സ്വയം ചെയ്തിട്ടുള്ള കാര്യം ആ ഡോക്ടറും ചെയ്തിരിക്കെ നിങ്ങൾക്ക് അയാളെ വിമർശിക്കാൻ കഴിയുമോ?
മോഷണത്തിന്റെ അർത്ഥം നിങ്ങളുടേതല്ലാത്ത ഏതെങ്കിലും കവർന്നെടുക്കുക എന്നാണ്. തട്ടിപ്പു ചെയ്യുക എന്നത് ഒരു തരം മോഷണമാണ്. കാരണം അതു മൂലം തനിക്കർഹമല്ലാത്ത ഒരു ഗ്രേഡോ ഡിപ്ലോമയോ അല്ലെങ്കിൽ മറ്റുള്ളവർക്കു ലഭിക്കേണ്ടിയിരുന്ന ഒരു പദവി പോലുമോ കവർന്നെടുക്കുകയാണ് ചെയ്യുന്നത്. തന്നിമിത്തം ഒരു മോഷ്ടാവിന് ബൈബിൾ നൽകുന്ന ബുദ്ധിയുപദേശം ഒരു ചതിയനും ഒരുപോലെ ബാധകമാകുന്നു: “കള്ളൻ [അല്ലെങ്കിൽ, ചതിയൻ] ഇനിമേൽ കക്കാതെ തന്റെ കൈകൾകൊണ്ട് നല്ലവേല ചെയ്തു കഠിനമായി അദ്ധ്വാനിക്കട്ടെ.”—എഫേസ്യർ 4:28.
വിദ്യ അഭ്യസിക്കുന്നതിൽ കഠിനാദ്ധ്വാനം ചെയ്യുന്നവന് യഥാർത്ഥമായി തന്റെ ഗ്രേഡുകൾ നേടിയെടുത്തതിന്റെ സംതൃപ്തി ലഭിക്കുന്നു. സ്കൂളിലായിരുന്നപ്പോൾ പഠിച്ച കാര്യങ്ങളുടെ ഓരോ വിശദാംശവും തന്റെ പിൽക്കാല ജീവിതത്തിൽ അവന് ഉപയോഗിക്കേണ്ടി വരുന്നില്ലെങ്കിൽ തന്നെ തന്റെ ജീവിതത്തിന്റെ ശിഷ്ടകാലമത്രയും പ്രയോജനകരമായി ഉപയോഗിക്കാവുന്ന അറിവും പ്രാപ്തികളും ആർജിച്ചുകൊണ്ടായിരിക്കും അവൻ സ്കൂൾ വിടുന്നത്. കൂടാതെ അവന്റെ മനസ്സും വിശാലമായിത്തീരുന്നു. വ്യക്തിത്വത്തിന്റെ ശക്തിവൈശിഷ്ട്യം വികസിപ്പിക്കുന്നതിനുള്ള നല്ല പരിശീലനവും അവന് സിദ്ധിച്ചിരിക്കും.
ചതിയനോ താൻ ചതിച്ചത് തന്നെത്തന്നെയായിരുന്നുവെന്ന് അവൻ വേഗം തന്നെ തിരിച്ചറിയുന്നു. (g86 6/8)
[14-ാം പേജിലെ ചിത്രം]
ചതിയൻ തന്നെയും മറ്റുള്ളവരെയും ഉപദ്രവിക്കുന്നു