ബൈബിളിന്റെ വീക്ഷണം
“മരിക്കുന്നതിനുള്ള അവകാശം”—ആരുടെ തീരുമാനം?
‘ഒരു, സസ്യംപോലെ എന്നെ നിലനിർത്താതിരിക്കുക!’ എന്ന് 88 വയസ്സുള്ള ക്ലാരാ ആശുപത്രിയിലെ തന്റെ കിടക്കയിൽ നിന്ന് വിളിച്ചു പറഞ്ഞു. ഒറ്റ ആഴ്ചയിൽ മൂന്നു പ്രാവശ്യം ബോധം വീണ്ടെടുത്തശേഷം, അവൾ കേവലം സമാധാനപൂർവ്വം തന്റെ ജീവൻ ഒടുക്കാൻ ആഗ്രഹിച്ചു. രക്ഷപെടാൻ സാദ്ധ്യമല്ലാത്ത അനേകം രോഗികളും ഇപ്രകാരം ആഗ്രഹിക്കുന്നു; അവർ മരണത്തിനായി അപേക്ഷിക്കുന്നു. ഡോക്ടർമാർക്കും ന്യായാധിപൻമാർക്കും ഇത് ഒരു വിവാദപരമായ പ്രശ്നമാണ്—ബന്ധുക്കൾക്ക് ഒരു വേദനാജനകമായ തിരഞ്ഞെടുപ്പും. എന്നാൽ ആരുടെ തീരുമാനമാണിത്?
വിഷമസ്ഥിതി എന്തുകൊണ്ട്?
മരണത്തെക്കുറിച്ചുള്ള അഭിജ്ഞത എന്ന പുസ്തകമനുസരിച്ച് ചിലപ്പോൾ, “വൈദ്യശാസ്ത്ര വിജ്ഞാനത്തിന്റെ വന്യമായ അഭിവൃദ്ധിമൂലം ആശുപത്രി ഭിത്തികൾക്കുള്ളിൽ ജീവൻ വിവേക രഹിതമായി നീട്ടിവെക്കുന്നുണ്ട്.” അനിതര സാധാരണമായ ചികിത്സാക്രമങ്ങളാൽ ആസന്നമരണാവസ്ഥ നീട്ടിവെപ്പിക്കാൻ കഴിയുമ്പോൾ മാന്യമായി മരിക്കുന്നതിനുള്ള അവകാശത്തെ സംബന്ധിച്ച് ചോദ്യങ്ങൾ ഉദിക്കുന്നു. ഏതു തരത്തിലുള്ള മരണം—തീവ്രവേദനയോടുകൂടിയതോ സമാധാനത്തോടെയുള്ളതോ—ആയിരിക്കണമെന്നതു സംബന്ധിച്ച് രോഗിക്ക് എന്തെങ്കിലും ഇഷ്ടം ഉണ്ടായിരിക്കയില്ലേ? ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ വിശദീകരിക്കുന്നതനുസരിച്ച്: “ഒരു യന്ത്രത്താൽ കൃത്രിമായി ജീവൻ നിലനിർത്തുന്ന രോഗിയാൽ വിപുലമായി ചർച്ച ചെയ്യപ്പെട്ട ഒരു ധാർമ്മിക വിഷമസ്ഥിതി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അപ്പോഴത്തെ പ്രശ്നം യന്ത്രം നിർത്തണമോ വേണ്ടയോ എന്നതായിരിക്കാം.” യു. എസ്-ലെ ഒരു വലിയ മെഡിക്കൽ സെൻറ്റിലെ ഒരു സർജിയൻ ഇപ്രകാരം ചോദിച്ചു: “കൃത്രിമ ശ്വസനോപകരണം നിർത്തുന്നത് കൊലപാതകമാണോ? കൃത്രിമശ്വസനോപകരണം പ്രവർത്തിച്ചു തുടങ്ങാതിരിക്കുന്നതിന്, ഒരിക്കൽ ആരംഭിച്ചു കഴിഞ്ഞശേഷം നിർത്തുന്നതിനോടുള്ള താരതമ്യത്തിൽ എന്തെങ്കിലും ധാർമ്മികമോ സദാചാരപരമോ ആയ വ്യത്യാസമുണ്ടോ?”
“ജീവനുള്ള,” “മരിച്ച” എന്നിങ്ങനെയുള്ള പദങ്ങൾക്ക് ഐക്യരൂപ്യമുള്ള നിർവ്വചനമില്ലാത്തതിനാലും “സുഖപ്പെടാത്തത്,” “രക്ഷപെടാൻ പറ്റാത്തരോഗാവസ്ഥ,” “മരിക്കുന്നത്” എന്നിങ്ങനെയുള്ള ഉപ പാദ്യങ്ങൾക്ക് ഉറപ്പ് ഇല്ലാത്തതിനാലും വിഷമാവസ്ഥ വർദ്ധിക്കുന്നു. “അനിതരസാധാരണം” എന്നത് സ്ഥലം, കാലം, സ്പെഷ്യലിസ്റ്റിന്റെ സാമർത്ഥ്യം എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. രോഗികളുടെയും ബന്ധുക്കളുടെയും വൈദ്യശാസ്ത്ര ഉദ്യോഗസ്ഥൻമാരുടെയും താല്പര്യങ്ങൾക്കിടയിൽ ഭിന്നതകൾ ഉയർന്നു വന്നേക്കാം. കൂടാതെ, വൈദ്യശാസ്ത്ര സദാചാരം സംബന്ധിച്ച് നൈജീറിയയിലെ ലാഗോസ് യൂണിവേഴ്സിറ്റി കോളജ് ഓഫ് മെഡിസിൻ 1982-ൽ നടത്തിയ ഒരു വർക്ക് ഷോപ്പിൽ വെച്ച് ഡോ. ഒലഡാപോ അഷിറു, “മരണത്തിന്റെ അഭിജ്ഞത വസ്തുനിഷ്ഠമായി പഠിക്കുന്നതു പ്രയാസകര”മാണെന്ന് സമ്മതിച്ചു.
ഈ പ്രശ്നങ്ങൾ ധാർമ്മികവും സദാചാരപരവും മതപരവുമായ വിശ്വാസങ്ങൾ പാലിക്കുന്നതിനു കടപ്പാടുണ്ടെന്ന് വിചാരിക്കുന്ന ഡോക്ടർമാരുടെ മനഃസാക്ഷിക്ക് വെല്ലുവിളിയാണ്. ഡോ. അഷിറു ഇപ്രകാരം ഉപസംഹരിപ്പിച്ചു: “ഓരോ സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ഒരു പരിഗണനാർഹമായ അളവിൽ ശ്രദ്ധയും ബഹുമാനവും വൈദ്യശാസ്ത്ര ന്യായബോധവും നിയന്ത്രണവും അതുപോലെ ദൃഢതയും ആവശ്യമാണ്.”
ബൈബിൾ പറയുന്നതെന്ത്?
ജീവൻ നമ്മുടെ സ്രഷ്ടാവിൽനിന്നുള്ള ഒരു പാവനമായ ദാനമാണ്. (സങ്കീർത്തനം 36:9) അതു കാത്തുസൂക്ഷിക്കപ്പെടണം. ജീവൻ സംബന്ധിച്ച ദൈവീക വീക്ഷണത്തോടുള്ള ബഹുമാനത്താലും ലൗകിക നിയമങ്ങളോടുള്ള പരിഗണനമൂലവും ഒരു നല്ല മനഃസാക്ഷി കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയും ഒരു ക്രിസ്ത്യാനി മനഃപൂർവ്വം ആരുടെയും മരണത്തിനിടയാക്കുകയില്ല.—പുറപ്പാട് 20:13; റോമർ 13:1, 5.
“ജീവൻ നിലനിർത്താനുള്ള തീവ്രമായ യത്നത്തിന് യഥാർത്ഥത്തിൽ ജീവിതം ദീർഘിപ്പിക്കുന്നതിനുപകരം മരണം നീട്ടിവെക്കൽ ആയിരിക്കാൻ കഴിയും” എന്ന് ഡോക്ടർമാർ സമ്മതിക്കുന്നു. അതുകൊണ്ട് ഏറ്റവും മെച്ചമായി തങ്ങൾക്കു കഴിയുന്നത് യന്ത്രോപകരണങ്ങളാൽ മരിക്കുന്ന പ്രക്രിയയെ വലിച്ചു നീട്ടുക എന്നുള്ളതാണെന്ന് ഡോക്ടർമാർ പറയുന്നെങ്കിൽ എന്ത്? മരണം വ്യക്തമായി ആസന്നമോ അല്ലെങ്കിൽ ഒഴിവാക്കാൻ സാദ്ധ്യമല്ലാത്തതോ ആണെങ്കിൽ മരണപ്രക്രിയയെ കൃത്രിമായി ദീർഘിപ്പിക്കുന്നതിന് ബൈബിൾ ആവശ്യപ്പെടുന്നില്ല. അത്തരം സാഹചര്യങ്ങളിൽ മരണം അതിന്റെ ഗതി സ്വീകരിക്കുന്നതിന് അനുവദിക്കുന്നത് ദൈവത്തിന്റെ ഒരു നിയമത്തിന്റെയും ലംഘനമല്ല.
ഒരു ക്രിസ്ത്യാനി ഈ ബൈബിൾ വിവരണങ്ങൾക്ക് പ്രതികരിക്കുന്നത് സഹായകമെന്നു കണ്ടെത്തുന്നു: ഇയ്യോബും ഹിസ്കിയാവും രക്ഷപ്പെടാൻ പറ്റാത്ത രോഗത്തിലായിരുന്നെന്നു തോന്നിയിരുന്നു, എന്നാൽ അവർ സുഖം പ്രാപിച്ചു. (ഇയ്യോബ് 7:5, 6; 42:16; 2 രാജാക്കൻമാർ 20:1-11) അതുകൊണ്ട് ആരെങ്കിലും മരിക്കുകയാണെന്നു നിഗമനം ചെയ്യുന്നതിന് വളരെ തിടുക്കം കാണിക്കരുത്. ബെൻഹദദിന്റെ കാര്യത്തിൽ ഫലം വ്യത്യസ്തമായിരുന്നു. (2 രാജാക്കൻമാർ 8:7-15) ശൗലിന്റെ ആയുധവാഹകൻ ‘മാന്യമായി മരിക്കുന്നതിന്’ അവനെ സഹായിക്കണമെന്നുള്ള രാജാവിന്റെ അഭ്യർത്ഥനയെ നിരസിച്ചു, ആ ‘കാരുണ്യ വധം’ നിർവ്വഹിച്ചു എന്നവകാശപ്പെട്ട മറ്റൊരു മനുഷ്യനെ ദാവീദ് രക്തപാതക കുറ്റത്തിന് വധശിക്ഷ നൽകി. (1 ശമുവേൽ 31:4; 2 ശമുവേൽ 1:6-16) അതുകൊണ്ട് മരണം ത്വരിതപ്പെടുത്തുന്നതിനെ ബൈബിൾ അംഗീകരിക്കുന്നില്ല.
ഈ ദൃഷ്ടാന്തങ്ങൾ ഇന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജാഗ്രത ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നു. ഓരോന്നിനും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്, ജീവിന്റെ വിലയെ സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണത്തോടുള്ള ശരിയായ പരിഗണനയോടെ പ്രാർത്ഥനാപൂർവ്വം തീരുമാനിക്കുകയും വേണം. ഇതിൽ, തന്റെ ജീവൻ സംബന്ധിച്ച് ഉൽക്കണ്ഠയുണ്ടായപ്പോൾ, “യഹോവയോട് അന്വേഷിക്കാൻ പോയ” റിബേക്കയുടെ ഒരു നല്ല ദൃഷ്ടാന്തം നമുക്കുണ്ട്.—ഉല്പത്തി 25:22.
ആര് തീരുമാനിക്കുന്നു?
ഒരു പൊതുവായ ചോദ്യമിതാണ്: ‘എന്തായാലും അത് ആരുടെ ജീവനാണ്.’ സ്രഷ്ടാവ് ദാനം നൽകിയ ജീവന്റെ സൂക്ഷിപ്പുകാരൻ രോഗിയാകയാൽ പ്രാഥമികമായി തീരുമാനം അയാളുടേതാണ്. (പ്രവൃത്തികൾ 17:28) എന്നിരുന്നാലും, രോഗി കഴിവില്ലാത്തവനായിത്തീരുന്നെങ്കിൽ അയാളുടെ അടുത്ത ബന്ധുവോ ഒരു നിയമിത പ്രതിനിധിയോ പകരം തീരുമാനമെടുക്കുന്നവനായി സേവിച്ചേക്കാം. ഏതു സംഗതിയിലും പകരക്കാരൻ രോഗിയുടെ, തന്റെ സ്വന്തമല്ല, അവകാശങ്ങൾ മാനിക്കുകയും ഉറപ്പായി പറയുകയും വേണം. അതുപോലെ കൊച്ചുകുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്കുവേണ്ടി തീരുമാനമെടുക്കുന്നതിന് ദൈവദത്തമായ ഉത്തരവാദിത്വവും നിയമാനുസരണമായ അവകാശവും ഉണ്ട്.—സങ്കീർത്തനം 127:3.
നേരേ മറിച്ച്, കൊളംബിയാ ലോ റിവ്യു പ്രസ്താവിച്ചതുപോലെ: “ചികിത്സയ്ക്ക് തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള ഉചിതമായ വേദി കോടതി മുറി അല്ലെന്നുള്ളതിനു വ്യാപകമായ അംഗീകാരമുണ്ട്. . . . പകര തീരുമാനക്കാരന്റെ ഭാഗം നിർവ്വഹിക്കുന്നതിന് കോടതികൾ സജ്ജീകൃതമല്ല.” ഡോക്ടറെ സംബന്ധിച്ചിടത്തോളം രോഗിയിൽ അയാളുടെ സ്വന്തം മതം അടിച്ചേൽപ്പിക്കുന്നത് സദാചാര വിരുദ്ധമല്ലേ? അയാൾ രോഗിയുടെ മത ശാസനകൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കുക അല്ലെങ്കിൽ അയാളുടെ മതവിശ്വാസങ്ങൾ ഒരു ഗൗരവതരമായ മനഃസാക്ഷി സംഘർഷം ഉളവാക്കുന്നെങ്കിൽ ആ രോഗിയിൽ നിന്ന് വിട്ടു നിൽക്കുക. രോഗിയുടെ ഏറ്റവും നല്ല താല്പര്യങ്ങൾക്കനുസരണമായി അയാളോടു സഹകരിച്ചുകൊണ്ട് ഡോക്ടറും ശുശ്രൂഷകനും കുടുംബവും ഒരു തീരുമാനമെടുക്കുന്നതിന് കൂട്ടായുള്ള സമീപനമാണ് മിക്കപ്പോഴും ഏറ്റവും നല്ലത്.
തീരുമാനത്തിന്റെ ഫലം എന്തുതന്നെയായിരുന്നാലും “എനിക്ക് രോഗമാണെന്ന്” ആരും പറയുകയില്ലാത്ത സമയത്തെക്കുറിച്ചുള്ള സ്രഷ്ടാവിന്റെ വാഗ്ദാനത്തിൽ ക്രിസ്ത്യാനികൾക്ക് ആശ്രയിക്കാൻ കഴിയും. (യെശയ്യാവ് 33:24) രക്ഷപെടാൻ സാദ്ധ്യമല്ലാത്ത രോഗികൾക്ക് ദൈവരാജ്യത്തിൻ കീഴിൽ ആരോഗ്യത്തിന്റെയും ജീവന്റെയും ഒരു പരദീസയിലേക്കുള്ള ഒരു പുനരുത്ഥാനം സംബന്ധിച്ച ദൈവത്തിന്റെ അത്ഭുതകരമായ വാഗ്ദാനമുണ്ട്. (പ്രവൃത്തികൾ 24:15; വെളിപ്പാട് 21:1-4) യഹോവയാം ദൈവം യേശുക്രിസ്തു മുഖാന്തരം അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് നിത്യമായി ജീവിക്കുന്നതിനുള്ള അവകാശം പ്രദാനം ചെയ്യുന്നതിനുള്ള സമയം സമീപിച്ചിരിക്കുന്നു!—യോഹന്നാൻ 3:36. (g86 9/8)
[21-ാം പേജിലെ ചിത്രം]
എന്താണ് ദീർഘിപ്പിക്കപ്പെടുന്നത് ജീവിതമോ മരണമോ?