ചെറുപ്പക്കാർ ചോദിക്കുന്നു . . .
ഞാൻ ശാരീരിക പുഷ്ഠിക്കുവേണ്ടി ശ്രമിക്കണമോ?
“എടാ എലുമ്പാ!” അത്തരം ഒരു കളിയാക്കൽ നിങ്ങൾ നിങ്ങളെത്തന്നെ ഒരു കണ്ണാടിയിൽ ദർശിച്ചപ്പോൾ കണ്ട കാഴ്ച ഉറപ്പാക്കുക മാത്രമേ ചെയ്യുന്നുള്ളു—നിങ്ങളുടെ തരപ്പടിക്കാരിൽ ചിലരുടെ ശരീരത്തെപ്പോലെ നിങ്ങളുടെ ശരീരം അത്രകണ്ട് ‘പുഷ്ഠിപ്പെട്ടിട്ടില്ലായിരിക്കാം.’ അല്ലെങ്കിൽ നിങ്ങളുടെ ശരീരം അല്പം തടിച്ചതായിരിക്കുന്നതിനാൽ നിങ്ങൾ അത്തരം കളിയാക്കലിൽ പിറുപിറുത്തേക്കാം. ഈ രണ്ട് സാഹചര്യങ്ങളിലും നിങ്ങൾ ശാരീരിക പുഷ്ഠിവരുത്തുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചേക്കാം.
ഇക്കാലത്ത് നിരവധി പുരുഷൻമാർ—വർദ്ധിച്ച അളവിൽ സ്ത്രീകളും—ശാരീരിക പുഷ്ഠിക്കുവേണ്ടി ശ്രമിക്കുന്നുണ്ട്. നല്ല ഒരു ശരീരം ഉണ്ടായിരിക്കാനാഗ്രഹിക്കുന്നത് ഒരു അസാധാരണ സംഗതിയല്ല; അതിൽ യാതൊരു തെറ്റുമില്ല. നാം എല്ലാവരും കാമ്യമായ ഒരു ആകാരമുണ്ടായിരിക്കുന്നത് ഇഷ്ടപ്പെടുന്നു. മാതാപിതാക്കൾ എന്ന മാസിക ഇപ്രകാരം ചൂണ്ടിക്കാണിക്കുന്നു: “ഒരു ചെറുപ്പക്കാരന് തന്റെ ശരീരത്തെക്കുറിച്ചുള്ള ആന്തരിക ധാരണ അപ്രധാനമല്ല. ശരീരഘടന സ്വാഭിമാനത്തിന്റെ ഒരു ഭാഗമാണ്. അതിന് ഒരുവന്റെ ആത്മവിശ്വാസത്തെയും അവൻ ജീവിതത്തിൽ ചെയ്യുന്നതിനെയും ചെയ്യാതിരിക്കുന്നതിനെയും ബാധിക്കുന്നതിനു കഴിയും.” എന്നാൽ അതിന് നിങ്ങൾക്കുള്ള ഉത്തരം ശരീരത്തെ പുഷ്ഠിപ്പെടുത്തലാണോ?
ആദ്യം പരിചിന്തിക്കേണ്ട സംഗതികൾ
“നിങ്ങൾ നിങ്ങളുടെ ശരീരഘടനയെക്കുറിച്ച് ആഗ്രഹിക്കുന്നതല്ലായിരിക്കാം എല്ലായ്പ്പോഴും നിങ്ങൾക്ക് ലഭിക്കുന്നത്” എന്ന് യെയിൽ സർവ്വകലാശാലയുടെ ബാലപഠന കേന്ദ്രത്തിലെ ഡോ. ജയിംസ് പി. കോമർ പറയുന്നു. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, നാം പലപ്പോഴും നമ്മൾ ആയിരിക്കുന്നതിനെക്കാൾ പൊക്കം കൂടിയവരോ പൊക്കം കുറഞ്ഞവരോ ഭാരം കൂടിയവരോ ഭാരം കുറഞ്ഞവരോ ആണെന്ന് ചിന്തിക്കാൻ ചായ്വ് കാട്ടുന്നു.
അങ്ങനെയെങ്കിൽ, നിങ്ങൾക്ക് നിങ്ങളുടെ ശരീരത്തെക്കുറിച്ച് തെറ്റായ ഒരു ധാരണയുണ്ടായിരിക്കാവുന്നതല്ലേ? വാസ്തവം അതാണെങ്കിൽ നിങ്ങൾക്ക് എന്നെങ്കിലും ശാരീരിക പുഷ്ഠിപ്പെടുത്തലിന്റെ ആവശ്യമുണ്ടോ? ഇതു സംബന്ധിച്ച് നിങ്ങളുടെ നല്ല സുഹുത്തുക്കളായിരിക്കുന്ന നിങ്ങളുടെ മാതാപിതാക്കളോട് അല്ലെങ്കിൽ നിങ്ങളുടെ കുടുംബ ഡോക്ടറോടുപോലും തുറന്നു പറയുന്നതിനും അവരുടെ അഭിപ്രായം തേടുന്നതിനും കഴിയുകയില്ലേ? നിങ്ങളെത്തന്നെ വളരാൻ അനുവദിക്കുക! ചിലർ മറ്റുള്ളവരെക്കാൾ താമസിച്ചാണ് സ്വാഭാവികമായി വളർന്ന് പുഷ്ഠിപ്രാപിക്കുന്നത്. മാത്രമല്ല, നിങ്ങളുടെ യഥാർത്ഥ കൂട്ടുകാർ നിങ്ങൾ ആയിരിക്കുന്നതുപോലെ നിങ്ങളെ ഇഷ്ടപ്പെടുന്നവരാണ്.
നിങ്ങളുടെ ബാഹ്യഘടന പ്രധാനമാണെങ്കിലും അത് സകലതും ആയിരിക്കുന്നില്ല. പല പുത്രൻമാരുള്ള ഒരു കുടുംബത്തിലേക്ക് ദൈവം അവരിലൊരാളെ ഒരു രാജാവെന്നനിലയിൽ അഭിഷേകം ചെയ്യുന്നതിനുവേണ്ടി പുരാതന യിസ്രായേലിലെ ഒരു പ്രവാചകനെ അയച്ചു. അവൻ ആകർഷകമായ ശരീരരൂപമുള്ള ഒരു പുത്രനെ കണ്ടപ്പോൾ താൻ ശരിയായ വ്യക്തിയെ കണ്ടെത്തിയിരിക്കുന്നു എന്ന് വിചാരിച്ചു. “എന്നാൽ യഹോവ ശമുവേലിനോട് ഇപ്രകാരം പറഞ്ഞു: ‘അവന്റെ ആകാരം നോക്കരുത് . . . എന്തുകൊണ്ടെന്നാൽ മനുഷ്യൻ കണ്ണിന് കാണുന്നത് നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.’” (1 ശമുവേൽ 16:7) ഒരു രാഷ്ട്രത്തെ നന്നായി ഭരിക്കുന്നതിന് നല്ല ഒരു ശരീരത്തെക്കാൾ കൂടുതൽ ആവശ്യമാണ്, അല്ലേ?
“എന്നാൽ ഞാൻ മറ്റുള്ളവരേപ്പോലെ കാണപ്പെടുന്നതിനും ആ വിധത്തിൽ മറ്റുള്ളവരാൽ സ്വീകാര്യനായിത്തീരുന്നതിനും മറ്റുള്ളവരാൽ പരിഹസിക്കപ്പെടാതിരിക്കുന്നതിനും മാത്രമേ ആഗ്രഹിക്കുന്നുള്ളു” എന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ ശാരീരിക പുഷ്ഠിപ്പെടുത്തൽ നിങ്ങളുടെ പ്രശ്നം പരിഹരിക്കുമോ? ഒരു വിദ്യാർത്ഥിയായിരിക്കുന്ന ബിൽ ഇപ്രകാരം പറയുന്നു: “ഞാൻ പോകുന്ന സ്കൂളിൽ, 80 ശതമാനം കുട്ടികളും ഭാരം ഉയർത്തൽ വ്യായാമം ചെയ്യുന്നുണ്ട്. അതിൽ കാര്യമില്ല, എന്തുകൊണ്ടെന്നാൽ നിലവാരങ്ങൾ ഉയരുകമാത്രമാണ് ചെയ്യുന്നത്. എന്നാൽ ആരും ഭാരം ഉയർത്തൽ വ്യായാമം നടത്തുന്നില്ലെങ്കിൽ കുറഞ്ഞ നെഞ്ച് വിരിവ് ഉണ്ടായിരുന്ന ആളുകൾക്ക് ഇപ്പോൾ ഉള്ള അസന്തുഷ്ടിയെ ഉണ്ടായിരിക്കുമായിരുന്നുള്ളു. ഇത് അസന്തുഷ്ടി വർദ്ധിപ്പിക്കുന്നു.”
ഇതിന്റെയർത്ഥം ശാരീരിക പുഷ്ഠി ഒരു മത്സരമായിത്തീരുമ്പോൾ അതിൽ എല്ലാവരിലും മികച്ചുനിൽക്കുന്ന ആരെങ്കിലും ഉണ്ടായിരിക്കും. അപ്പോൾ നിങ്ങൾ ഭാരം ഉയർത്തൽ വ്യായാമം നടത്തി ശരീരം മെച്ചപ്പെടുത്തുന്നതിന് കൂടുതൽ സമയം ചെലവഴിച്ചേക്കാം. എന്നിരുന്നാലും അത് നിങ്ങളെ നിങ്ങളുടെ തരപ്പടിക്കാരുടെ പിന്നിലാക്കുകയും അത് മോഹഭംഗത്തിൽ കലാശിക്കുകയും ചെയ്തേക്കാം. “എന്നാൽ കുറഞ്ഞപക്ഷം എനിക്ക് നല്ല ആരോഗ്യമുണ്ടായിരിക്കണം. ആരോഗ്യം നല്ല ഒരു സംഗതിയാണ്.” എന്ന് നിങ്ങൾ പറഞ്ഞേക്കാം.
“അല്പ പ്രയോജനമുള്ളത്”
ഒരു ക്രിസ്തീയ യുവാവ് ശാരീരിക പുഷ്ഠിയിൽ അല്പം മൂല്യം കണ്ടേക്കാം. വെയ്റ്റ് പൊക്കുന്നതുൾപ്പെടെയുള്ള ശരീരാഭ്യാസം ആരോഗ്യപ്രദമായ ഒരു ശരീരത്തിന് സംഭാവന ചെയ്യുന്നു. അക്കാരണത്താൽ ബൈബിൾ പോലും “ശരീരാഭ്യാസം [ഒരു കായികാഭ്യാസിയെന്ന നിലയിലുള്ള പരിശീലനം, അല്ലെങ്കിൽ അഭ്യാസം] പ്രയോജനമുള്ളത്” എന്ന് സമ്മതിച്ചു പറയുന്നു. (1 തിമൊഥെയോസ് 4:8) ചില വൈദ്യശാസ്ത്ര പഠനങ്ങൾ അത് സമ്മതിക്കുന്നു. മൈക്കും അത് സമ്മതിച്ചു പറയുന്നു.
മൈക്ക് ഒരു യുവാവെന്ന നിലയിൽ ശാരീരികമായി “കൂടുതൽ ബലിഷ്ഠനും ശ്രേഷ്ഠനും” ആയിത്തീരാൻ ചില ശാരീരിക പുഷ്ഠിക്കുവേണ്ടിയുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടതായി സമ്മതിച്ചു പറഞ്ഞു. എന്നാൽ 36 വയസ്സായപ്പോൾ അവൻ മറ്റൊരു ലക്ഷ്യത്തിൽ വെയ്റ്റെടുക്കാൻ തുടങ്ങി. ആറുവർഷം എഴുത്തുജോലി ചെയ്തു കഴിഞ്ഞപ്പോൾ തനിക്ക് 25 പൗണ്ട് (11 കിലോ) ഭാരം കൂടി. അപ്പോൾ വെയ്റ്റെടുക്കുന്നത് അമിതഭാരവും പിരിമുറുക്കവും കുറയ്ക്കുന്നതിനുള്ള നല്ലോരു മാർഗ്ഗമായി അവൻ കണ്ടെത്തി. “ഇപ്പോൾ മാനസികമായും ശാരീരികമായും എനിക്ക് ആരോഗ്യം തോന്നുന്നു. ഞാൻ എന്റെ നഷ്ടപ്പെട്ട ആരോഗ്യത്തിൽ അധികവും വീണ്ടെടുത്തതായും അമിതഭാരം വെട്ടിക്കുറച്ചതായും എനിക്ക് തോന്നുന്നു” എന്ന് അവൻ പറയുന്നു. എന്നിട്ടും അവൻ ഉണരുക!യോട് ഇപ്രകാരം പറഞ്ഞു. “അതേ സമയം, അത് നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കുകയും വേണം” അവൻ അപ്രകാരം പറഞ്ഞതെന്തുകൊണ്ട്?
അവൻ വിവരിക്കുന്നു: “അല്പം ഉള്ളത് നല്ലതാണ്. ഞാൻ അത് ആഴ്ചയിൽ രണ്ട് പ്രാവശ്യം 45 മിനിറ്റ് ചെയ്യും. എന്തു പറഞ്ഞാലും അനുദിന ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട മറ്റ് അനവധി കാര്യങ്ങൾ ചെയ്യുന്നതിനുണ്ട്.” ഇതിൽ സമനിലയുണ്ടായിരിക്കണം. നേരത്തെ ഉദ്ധരിച്ച ബിൽ തന്റെ സ്കൂളിലെ സ്നേഹിതൻമാരെക്കുറിച്ച് ഇപ്രകാരം പറയുന്നു: “കൂടുതൽ ആസ്വാദ്യകരവും പ്രയോജനകരവുമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതിനു പകരം എല്ലാവരും ഒത്തൊരുമിച്ച് പ്രതിദിനം ഒരു മണിക്കൂർ പരിശീലനത്തിൽ ചെലവിടുന്നു.” അതുകൊണ്ട് നിരുപദ്രവകരമെന്ന് കരുതി തുടങ്ങിയ കാര്യങ്ങൾ നിയന്ത്രണം വിട്ടുപോകാനിടയുണ്ട്.
അപകടങ്ങളും അപകടസാദ്ധ്യതകളും
അതെ, അവിടെ അപകടങ്ങളും അപകടസാദ്ധ്യതകളുമുണ്ട്. വെയ്റ്റ് എടുക്കുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ ചെയ്ഞ്ചിംഗ് ടൈംസ് ഇപ്രകാരം പറഞ്ഞു: “ഭാരം എടുക്കുന്നതിലെ അപകടസാദ്ധ്യതകളിൽ മുൻപന്തിയിൽ വരുന്നത് കുനിയുമ്പോൾ മുതുകിലുണ്ടാകുന്ന ആയാസമാണ്. കൂടാതെ മുട്ടിന്റെ തരുണാസ്ഥിയിലെ വലിവും സാധാരണയാണ്.” ഇതിനു പുറമേ, ഉപപേശിവീക്കത്തിന്റെയും നാഡിവീക്കത്തിന്റെയും സാദ്ധ്യതകളുണ്ട്, പ്രത്യേകിച്ച് ഒരത്തിന്റെ. ചെയ്ഞ്ചിംഗ് ടൈംസിലെ ലേഖനമനുസരിച്ച് “കൗമാര പ്രായത്തിന്റെ അവസാനത്തിലോ ഇരുപതുകളുടെ ആരംഭത്തിലോ ഉള്ളവരാണെങ്കിൽപോലും വലിയ ഭാരമെടുത്ത് പരിശീലിക്കുന്നവരുടെയിടയിൽ ഈ അപകട സാദ്ധ്യതകൾ സാധാരണമാണ്.
കൂടാതെ, അമിതമായ അഭ്യാസത്തിൽനിന്ന് ഉണ്ടാകുന്ന പ്രക്ഷീണമാക്കപ്പെട്ടതോ അസാധാരണമോ ആയ ആർത്തവ പ്രക്രിയ പെൺകുട്ടികൾ കണക്കിലെടുക്കേണ്ടതുണ്ട്. സ്വാഭാവികമായി മിക്ക പെൺകുട്ടികൾക്കും തങ്ങളെ കായശക്തിയേറിയവരാക്കാൻ പ്രേരിപ്പിക്കാത്ത ഒരു ശാരീരിക പ്രകൃതിയാണുള്ളത്. അതുകൊണ്ട് അവർ കായശക്തിയേറിയ ഒരു ശരീരം വികസിപ്പിക്കുന്നതിനുവേണ്ടി വെയ്റ്റ് പൊക്കുന്നെങ്കിൽ അവർ മിക്ക പുരുഷൻമാരെക്കാൾ കൂടുതൽ കാലം അത് ചെയ്യേണ്ടിവരും.
കൂടാതെ, സ്ത്രീകളുടെ ശരീരത്തിൽ പുരുഷൻമാരെക്കാൾ കൂടുതൽ കൊഴുപ്പുണ്ട്. അതുകൊണ്ട് ചില പെൺകുട്ടികൾ മെല്ലിച്ചതും കായശക്തിയേറിയതുമായ ഒരു ശരീരപ്രകൃതി വികസിപ്പിച്ചെടുക്കുന്നതിനുവേണ്ടി ശരീരത്തിലെ സ്വാഭാവിക കൊഴുപ്പ് കുറയ്ക്കാൻ ആഹാരക്രമത്തിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് അതിരുകടന്ന് പോയിട്ടുണ്ട്. എന്നാൽ വേണ്ടത്ര ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ അത് നല്ല പോഷണത്തിന് വലിയോരു ഭീഷണിയായിത്തീരാം. ശാരീരിക പുഷ്ഠിക്കുവേണ്ടിയുള്ള ശ്രമത്തിൽ ഏർപ്പെട്ടു പ്രശസ്തയായ ഒരു സ്ത്രീയുടെ ആകാരത്തെക്കുറിച്ച് അഭിപ്രായം പറയുകയിൽ ന്യൂസ് വീക്ക് ഇപ്രകാരം പറഞ്ഞു: “അവൾക്ക് എല്ലാ മസിലുകളും ഉണ്ടായിരുന്നിട്ടും അവൾ മെലിഞ്ഞും ക്ഷീണിച്ചും തികച്ചും രോഗിയായും കാണപ്പെടുന്നു.”
തന്നെത്തന്നെ വിഗ്രഹമാക്കൽ
ശാരീരിക പുഷ്ഠിക്കുവേണ്ടി ശ്രമിച്ച ചിലർ അതിനെ “ഒരു ഭ്രാന്തുപിടിച്ച കളി” എന്ന് വിളിക്കുന്നു. “അത് നിങ്ങളുടെ ശരീരം എത്രയും വലുതാക്കിക്കൊണ്ട് അതിരുകടക്കാനുള്ള ഒരു ശ്രമാണ്” എന്ന് ശാരീരിക പുഷ്ഠിക്കുവേണ്ടിശ്രമിച്ച ഒരുവൻ പറയുന്നു. ടൈം മാസികയിലെ ഒരു ഉപന്യാസത്തിൽ ലാൻസ് മോറോ ഇപ്രകാരം പറഞ്ഞു: “സ്ത്രീകളായിരുന്നാലും പുരുഷൻമാരായിരുന്നാലും ശാരീരിക പുഷ്ഠിക്കുവേണ്ടിയുള്ള ശ്രമത്തിൽ നിഷ്ഠയോടെ ഏർപ്പെടുന്നവർ അതിൽ ഭ്രാന്തരാകാൻ പ്രേരിതരായിത്തീരുന്നു. ഒരു ഘട്ടം കഴിഞ്ഞാൽ, അത്, ഒരു തരത്തിലുള്ള മതഭ്രാന്തായിരിക്കുന്ന സ്വാത്മപ്രേമത്തിനുവേണ്ടി വളരെയധികം സ്വാത്മപീഡ ആവശ്യപ്പെടുന്നു.”
സ്വാത്മപ്രേമം എന്നത് തന്നെയും തന്റെ ശരീരരൂപത്തെയും വിഗ്രഹമാക്കലാണ്. ശരീരനിർമ്മാണത്തിനും അനായാസേന അതു തന്നെയായിത്തീരാൻ കഴിയും—സ്വാത്മാരാധന. പക്ഷേ ബൈബിൾ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നു: “[ഏതുതരത്തിലുമുള്ള] വിഗ്രഹാരാധന വിട്ടോടുക.”—1 കൊരിന്ത്യർ 10:14; 1 യോഹന്നാൻ 2:15-17.
നിങ്ങൾ എന്ത് ചെയ്യും?
അങ്ങനെയെങ്കിൽ, ഇതു സംബന്ധിച്ച് ഗൗരവപൂർവ്വം പരിചിന്തിക്കുക. നിങ്ങൾ അന്തിമായി ചെയ്യുന്നത് നിങ്ങളുടെ സ്വന്തം തീരുമാനമായിരിക്കണം. അത് നിങ്ങളുടെ മാതാപിതാക്കളുടെ അറിവോടും അംഗീകാരത്തോടും കൂടെയായിരിക്കണം. (എഫേസ്യർ 6:1-3) പ്രത്യേകിച്ച് നിങ്ങളുടെ ആന്തരങ്ങൾ പരിശോധിച്ചുകൊണ്ട് വിശ്വസ്തതയുടെ പ്രാധാന്യം തള്ളിക്കളയാതിരിക്കുക. “ശാരീരിക പുഷ്ഠിക്കുവേണ്ടിയുള്ള ശ്രമത്തിന്റെ ഒരു നിർവ്വചനം ഇതാണ്: “മത്സര പ്രദർശനത്തിനുവേണ്ടി ശരീരഘടന വികസിപ്പിക്കൽ.” ഒരുപക്ഷേ ഇതാണോ നിങ്ങളുടെ ഉള്ളിലെ താല്പര്യം?—റോമർ 12:1, 2.
നിങ്ങൾ ഭാരമെടുത്തുകൊണ്ട് അഭ്യസിക്കാൻ തീരുമാനിക്കുന്നെങ്കിൽ നിങ്ങൾ ചെലവിടുന്ന സമയത്തിലും ശ്രമത്തിലും സമനിലയുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം മറക്കാതിരിക്കുക. “ശരീരം കഠോരമായി കൈകാര്യം ചെയ്യുന്ന”തിനെ ബൈബിൾ ശുപാർശ ചെയ്യുന്നില്ല. (കൊലോസ്യർ 2:23) മാത്രമല്ല അമിതത്വം ക്ഷതമേൽപ്പിക്കുകയും ചെയ്യും.
ചില പ്രത്യേക തരത്തിലുള്ള ഭാരമെടുക്കൽ ഒരിക്കലും ഒറ്റയ്ക്കു ചെയ്യാവുന്നതല്ല! ചിലർ അതിലെ നിയമങ്ങൾ മൂഢമായി ലംഘിക്കുമ്പോൾ ഗുരുതരമായ ക്ഷതമോ മരണമോ സംഭവിച്ചേക്കാം, അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. അതുപോലെ നിങ്ങൾക്കോ നിങ്ങളുടെ മാതാപിതാക്കൾക്കോ നിങ്ങളുടെ ശാരീരികാവസ്ഥയെക്കുറിച്ച് എന്തെങ്കിലും ഉൽക്കണ്ഠയുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കാതെ ഭാരമെടുക്കുന്നതുൾപ്പെടെയുള്ള യാതൊരു ശാരീരികാഭ്യാസത്തിലും ഏർപ്പെടരുത്.
നിങ്ങളുടെ സഹവാസം ശ്രദ്ധിക്കുന്നതും മർമ്മപ്രധാനമാണ്. (1 കൊരിന്ത്യർ 15:33) നിങ്ങളുടെ ശരീരത്തിന്റെ ശീഘ്രമായ വികസനത്തിനുവേണ്ടി നിരുപദ്രവകരമെന്ന് പറയപ്പെടുന്ന ചില മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള സംഭാഷണത്തിൽ നിങ്ങളെത്തന്നെ ഉൾപ്പെടുത്താതിരിക്കുക. ‘നിങ്ങളെക്കുറിച്ചുതന്നെ വളരെയധികം ചിന്തിക്കാതെ’ നിങ്ങൾക്ക് “ശരീരഘടന’യിൽ പ്രശസ്തരായിത്തീരാനുള്ള അഭിവാഞ്ഛ നിയന്ത്രിക്കാൻ കഴിയും.—റോമർ 12:3.
ശാരീരിക പുഷ്ഠിക്കുവേണ്ടിയുള്ള ശ്രമത്തിലൂടെയോ അല്ലാതെയോ മനസ്സിന്റെ നിർമ്മാണത്തിനുവേണ്ടി സമയവും ശ്രമവും ചെലവിടുന്നതിന്റെ പ്രാധാന്യം സംബന്ധിച്ചെന്ത്? മനുഷ്യന്റെയും ദൈവത്തിന്റെയും പ്രീതിയുണ്ടായിരിക്കുന്ന നന്നായി പരിശീലിപ്പിക്കപ്പെട്ട ആരോഗ്യപ്രദമായ ഒരു മനസ്സും ഹൃദയവും വികസിപ്പിക്കുന്നതിനുവേണ്ടി എന്തുകൊണ്ട് അല്പം സമയം ചെലവഴിച്ചുകൂടാ? ചെറുപ്പക്കാർക്ക് കരുത്തുറ്റ അളവിൽ അഭ്യസിപ്പിക്കപ്പെടാൻ കാത്തിരിക്കുന്ന ഒരു മനസ്സുണ്ട്. എന്തൊക്കെയായാലും “മനസ്സാണ് ശരീരത്തെ പുഷ്ഠിപ്പെടുത്തുന്നത്” എന്ന് ഷേക്സ്പിയർ പറയുകയുണ്ടായി. (g86 12/22)
[23-ാം പേജിലെ ആകർഷകവാക്യം]
ചില പെൺകുട്ടികൾ മെല്ലിച്ചതും കായശക്തിയേറിയതുമായ ഒരു ശരീരാകൃതി വികസിപ്പിച്ചെടുക്കുന്നതിനുവേണ്ടി ആഹാരക്രമത്തിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് അതിരുകടന്ന് പോയിട്ടുണ്ട്