ലോകസമാധാനം—എങ്ങനെ, എപ്പോൾ?
ലോകസമാധാനം മനുഷ്യവർഗ്ഗത്തിന്റെ അതിപ്രിയങ്കരങ്ങളായ സ്വപ്നങ്ങളിലൊന്നാണ്. എന്നാൽ മനുഷ്യഗവൺമെൻറുകൾക്ക് അതു നേടാൻ കഴിയുമെന്നുള്ള ചിന്ത ഒരു മിഥ്യയാണ്. ചരിത്രത്തിന്റെ പാഠങ്ങൾ ബൈബിൾ വാസ്തവികമായി സ്ഥിരീകരിക്കുന്നതിനോടു യോജിക്കുന്നു: “തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.”—യിരെമ്യാവ് 10:23.
അഖിലാണ്ഡത്തിന്റെ സർവ്വശക്തനാം സ്രഷ്ടാവായ യഹോവയാം ദൈവത്തിനു മാത്രമേ നിലനിൽക്കുന്ന സമാധാനം കൈവരുത്താൻ കഴികയുള്ളു. താൻ അതു ചെയ്യുമെന്നുള്ള വാഗ്ദത്തം അവൻ നൽകിയിട്ടുണ്ട്. എങ്ങനെ? മനുഷ്യശ്രമത്താലല്ല, പിന്നെയോ യേശു തന്റെ സകല പഠിപ്പിക്കലിന്റെയും വിഷയമാക്കിയ സ്വർഗ്ഗീയ ദൈവരാജ്യത്താൽ. (മത്തായി 6:9, 10) ആ രാജ്യത്തിന്റെ ഭരണാധികാരിയായ ക്രിസ്തുയേശു പ്രവചനത്തിൽ യഥാർത്ഥ “സമാധാനപ്രഭു” എന്നു വിളിക്കപ്പെട്ടിരിക്കുന്നു. (യെശയ്യാവ് 9:6) രാജ്യഭരണത്തിൻകീഴിൽ സർവ്വഭൂമിയിലും “സമാധാന സമൃദ്ധി” ഉണ്ടായിരിക്കുമെന്നാണ് ദൈവത്തിന്റെ വാഗ്ദത്തം.—സങ്കീർത്തനം 72:7.
എന്നിരുന്നാലും, ഇത് സാധിതമാകുന്നതിനു മുമ്പ്, യുദ്ധത്തിലേർപ്പെടുന്ന ഇപ്പോഴത്തെ വ്യവസ്ഥിതി നീക്കം ചെയ്യപ്പെടേണ്ടതാണെന്ന് ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നു. (1 യോഹന്നാൻ 2:15-17) അതിന്റെ നാശം ആസന്നമായിരിക്കുന്നുവെന്ന് ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നു.—മത്തായി 24:3-14, 22, 34; ലൂക്കോസ് 21:25-28; 2 തിമൊഥെയോസ് 3:1-5.
തന്നിമിത്തം, “ഭോഷ്കു പറയാൻ കഴിയാത്ത” ദൈവത്തിന്റെ മാറ്റമില്ലാത്ത ഉദ്ദേശ്യം ഇതാണ്. (തീത്തോസ് 1:2) അങ്ങനെ, മതനേതാക്കൻമാർ, വിശേഷിച്ച്, ക്രൈസ്തവലോകത്തിൽപെട്ടവർ ഈ ഉദ്ദേശ്യത്തിനു ചേർച്ചയായി പ്രാർത്ഥിക്കേണ്ടതല്ലേ? അവർ ആ ഉദ്ദേശ്യത്തിനു ചേർച്ചയായി പ്രവർത്തിക്കുകയും ചെയ്യേണ്ടതല്ലേ? എന്നിരുന്നാലും, അസ്സീസ്സിയിലെ മതപ്രതിനിധികളിലാരും ഈ വ്യവസ്ഥിതിയുടെ അടുത്തിരിക്കുന്ന അവസാനത്തെയും ദൈവരാജ്യത്തിന്റെ അടുത്തുവരുന്ന ഭരണത്തെയും കുറിച്ച് യാതൊന്നും പറഞ്ഞില്ല—ദൈവവചനത്തിന്റെയും യേശുവിന്റെയും അടിസ്ഥാനസന്ദേശം അതാണ്.
ആ മതങ്ങൾ ദൈവോദ്ദേശ്യങ്ങളെക്കുറിച്ചുള്ള സത്യം അവയുടെ അനുഗാമികളെ പഠിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് ഇത് ആശ്ചര്യമല്ല. പകരം, അവ സാത്താന്റെ കീഴിലെ ഈ ലോകത്തിന്റെ ഭാഗമാണ്, അവ അതിനെ നിലനിർത്തുന്നതിനുള്ള ശ്രമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. തൽഫലമായി, അവയുടെ ആളുകൾ ഭിന്നിപ്പിലാണ്, അവർ ദൈവരാജ്യത്തെക്കാളധികം ദേശീയത്വത്തിലാണ് കൂടുതൽ വിശ്വാസമർപ്പിക്കുന്നത്. ഇത് ഈ ലോകത്തിലെ പോരാട്ടങ്ങളിൽ അന്യോന്യം കൊല്ലുന്നതിലേക്ക് അവരെ നയിച്ചിരിക്കുന്നു. അങ്ങനെ, ഈ വാക്കുകൾ അത്തരം മതങ്ങൾക്കു ബാധകമാകുന്നു: “വ്യഭിചാരിണികളേ, ലോകത്തോടുള്ള സൗഹൃദം ദൈവത്തോടുള്ള ശത്രുത്വമാണെന്ന് നിങ്ങൾക്കറിയാൻ പാടില്ലേ? ആകയാൽ ലോകത്തിന്റെ സ്നേഹിതനാകാനാഗ്രഹിക്കുന്ന ഏവനും തന്നേത്തന്നെ ദൈവത്തിന്റെ ഒരു ശത്രുവാക്കിത്തീർക്കുകയാണ്.”—യാക്കോബ് 4:4.
അതുകൊണ്ടാണ് സമാധാനത്തിനുവേണ്ടിയുള്ള ഈ മതങ്ങളുടെ അഭ്യർത്ഥനകൾ അടഞ്ഞ കാതുകളിലേക്ക് വീഴുന്നത്. അവ യിരെമ്യാ പ്രവാചകന്റെ കാലത്തെ സാഹചര്യത്തെ ഓർമ്മയിൽ വരുത്തുന്നു. അന്ന് വ്യാജമത പ്രവാചകൻമാർ “സമാധാനമുണ്ട്! സമാധാനമുണ്ട്!” എന്ന് ഉദ്ഘോഷിച്ചു. എന്നാൽ യഥാർത്ഥത്തിൽ അവർക്ക് ‘സമാധാനമില്ലായിരുന്നു.’—യിരെമ്യാവ് 6:14.
ലോകവ്യാപക വിദ്യാഭ്യാസവേല
എന്നിരുന്നാലും, ദൈവത്തിന്റെ ഉദ്ദേശ്യം നിവൃത്തിയാകും. (യെശയ്യാവ് 55:11) അതുകൊണ്ട് ഇക്കാലത്ത് ഒരു ലോകവ്യാപക ബൈബിൾ പ്രബോധനവേല നടക്കുന്നുണ്ട്. ഇത് മത്തായി 24:14-ലെ പ്രവചനത്തിനു ചേർച്ചയായിട്ടാണ്: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിത ഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”
സത്യാരാധനയുടെ ഈ ഭൂവ്യാപക പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നവർ ദൈവത്തിന്റെ വ്യവസ്ഥകൾക്കു കീഴ്പ്പെടുന്നതിനാൽ അവർ തങ്ങളുടെ ഇടയിൽനിന്ന് ദേശീയത്വത്തിന്റെ വിഭാഗീയ സ്വാധീനങ്ങളെ നീക്കം ചെയ്തിരിക്കുന്നു. അവർ അന്യോന്യം സ്നേഹിക്കുന്നവരും ദൈവരാജ്യത്തിനുവേണ്ടി ജീവിക്കുന്നവരുമായ ഒരു പ്രശാന്ത ജനസമുദായമായിത്തീർന്നിരിക്കുന്നു. തൽഫലമായി, അവർ മീഖാ 4-ലെ പുളകപ്രദമായ പ്രവചനത്തെ നിവർത്തിക്കുകയാണ്, അതിങ്ങനെ പറയുന്നു:
“നാളുകളുടെ അന്തിമ ഭാഗത്ത് ഇതു സംഭവിക്കണം, അതായത് യഹോവയുടെ ആലയമുള്ള പർവ്വതം [അവന്റെ സത്യാരാധന] പർവ്വതങ്ങളുടെ [മറ്റു സകലതരം ആരാധനകളും] ശിഖരത്തിനു മീതെ ഉറപ്പായി സ്ഥാപിതമാകും, . . . അതിലേക്ക് ആളുകൾ ഒഴുകേണ്ടതാണ്. അനേകം ജനതകൾ തീർച്ചയായും പോയി: ‘ജനങ്ങളേ, വരുവിൻ, നമുക്ക് യഹോവയുടെ പർവ്വതത്തിലേക്കും യാക്കോബിന്റെ ദൈവത്തിന്റെ ആലയത്തിലേക്കും കയറിപ്പോകാം; അവൻ നമ്മെ തന്റെ വഴികളെക്കുറിച്ചു പഠിപ്പിക്കും, നാം അവന്റെ പാതകളിൽ നടക്കുകയും ചെയ്യും’ എന്നു പറയും. . . . അവർക്കു തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതുകത്രികകളായും അടിച്ചുതീർക്കേണ്ടിവരും. അവർ, ജനത ജനതക്കെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.”—മീഖാ 4:1-3.
അസ്സീസ്സിയിലെ സമ്മേളനത്താൽ ഈ പ്രവചനത്തിന് നിവൃത്തിയുണ്ടാകാവുന്നതല്ലെന്ന് വളരെ വ്യക്തമാണ്. സത്യാരാധനയുടെ പ്രതീകാത്മക പർവ്വതത്തിലേക്ക് ഒഴുകുന്നവർ യഹോവയുടെ സമാധാന പ്രിയമായ വഴികളിൽ പ്രബോധനം ലഭിക്കുന്നവരും അവന്റെ ഉദ്ദേശ്യങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി നടക്കുന്നവരുമായ ആളുകളാണ്. അവർ വിരുദ്ധങ്ങളായ ഉപദേശങ്ങളാലും ആചാരങ്ങളാലും ഭിന്നിച്ചിരിക്കുന്ന തങ്ങളുടെ പഴയ മതങ്ങളിൽ സ്ഥിതിചെയ്യുന്ന ആളുകളല്ല. പകരം, അവർ മീഖാ 2:12 മുൻകൂട്ടിപ്പറഞ്ഞപ്രകാരം കൂട്ടിച്ചേർക്കപ്പെടുന്നവരാണ്: “തൊഴുത്തിലെ ആട്ടിൻകൂട്ടത്തെപ്പോലെ ഞാൻ അവരെ ഐക്യത്തിൽ ആക്കിവെക്കും.”
ഈ വിദ്യാഭ്യാസവേലയുടെ ഫലം ഭൂമിയിലെല്ലാം മുപ്പതുലക്ഷത്തിലധികം പേർ “രാജ്യത്തിന്റെ സുവാർത്ത”യുടെ ഘോഷകരായിത്തീർന്നിരിക്കുന്നുവെന്നതാണ്. അവർ സമാധാനകാംക്ഷികളായ ആളുകളായിത്തീർന്നിരിക്കുന്നു. യാതൊരു സാഹചര്യത്തിലും അവർ തങ്ങളുടെ സഹമനുഷ്യന്റെ ജീവൻ ഹനിക്കുകയില്ല. മീഖാ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ, അവർ ഇപ്പോഴേ “തങ്ങളുടെ വാളുകളെ കൊഴുക്കളായി . . . ” അടിച്ചുതീർത്തിരിക്കുന്നു; “അവർ മേലാൽ യുദ്ധം അഭ്യസിക്കുകയുമില്ല.” താൽപ്പര്യക്കാരുടെ വേറെ അനേകം ദശലക്ഷങ്ങൾ ഭൂമിയിലെങ്ങും അവരാൽ പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
യഹോവയുടെ സാക്ഷികൾ ഐക്യമുള്ള പുതിയ ലോകത്തിന് നോക്കിപ്പാർത്തിരിക്കുകയാണ്. അന്ന് മീഖാ 4:4 സകല മനുഷ്യവർഗ്ഗത്തിലും നിവർത്തിക്കപ്പെടും: “അവർ ഓരോരുത്തരും തന്റെ മുന്തിരിവള്ളിയിൻ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും യഥാർത്ഥമായി ഇരിക്കും, അവരെ വിറപ്പിക്കുന്ന ആരും ഉണ്ടായിരിക്കയില്ല; എന്തെന്നാൽ [സ്വർഗ്ഗീയ] സൈന്യങ്ങളുടെ യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു.” അടുത്തതായി, 5-ാം വാക്യത്തിൽ, മീഖാ നിരവധി വ്യാജദൈവങ്ങളെ ആരാധിക്കുന്നവരും ഏകസത്യദൈവത്തെ ആരാധിക്കുന്നവരും തമ്മിലുള്ള വ്യത്യാസം വരച്ചു കാട്ടുന്നു: “സകല ജനങ്ങളും, അവരുടെ ഭാഗത്ത്, ഓരോന്നും അതിന്റെ ദൈവത്തിന്റെ നാമത്തിൽ നടക്കും; എന്നാൽ നാം, നമ്മുടെ ഭാഗത്ത്, നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അനിശ്ചിതകാലത്തോളം, എന്നേക്കും തന്നെ നടക്കും.” പ്രത്യക്ഷത്തിൽ, ദൈവനാമം അസ്സീസ്സിയിൽ ഒരിക്കലും പറയപ്പെട്ടില്ല. എന്നിരുന്നാലും, നിങ്ങൾ ബൈബിളിലെ ഈ ദൈവത്തെക്കുറിച്ചു പഠിക്കാൻ ഇഷ്ടപ്പെടുന്നില്ലേ? ഇതിൽ നിങ്ങളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾക്കു സന്തോഷമായിരിക്കും. (g87 6/8)
[12-ാം പേജിലെ ചിത്രം]
ആർ യഥാർത്ഥത്തിൽ തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു?