നമുക്കും നമ്മുടെ മക്കൾക്കും എന്തു ഭാവി?
ഒരു കുടുംബത്തിനു അതു സമ്പാദിക്കുന്നതിനെക്കാൾ കൂടുതൽ ചെലവിടാനും ഋണബാദ്ധ്യതയില്ലാതിരിക്കാനും കഴികയില്ല. ഒരു ജനതക്ക് അതു വാങ്ങുന്നതിനെക്കാൾ കൂടുതൽ കൊടുക്കാനും അതേസമയം അഭിവൃദ്ധിപ്പെടാനും കഴികയില്ല. നമ്മുടെ പരിസരത്തിന്റെ കമ്മിയും നമുക്കു നീട്ടിക്കൊണ്ടുപോകാൻ കഴികയില്ല. നമുക്കു നിർമ്മിക്കപ്പെടുന്നതിനെക്കാൾ കൂടുതൽ മണ്ണു പാഴാക്കാൻ കഴികയില്ല. ചെടികൾക്ക് ഉപയോഗിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ കാർബൺഡയോക്സൈഡ് സൃഷ്ടിക്കാൻ കഴികയില്ല. നാം വീണ്ടും വെച്ചുപിടിപ്പിക്കുന്നതിനെക്കാൾ കൂടുതൽ മരങ്ങൾ വെട്ടിക്കളയാവുന്നതല്ല. ഭൂമിക്ക് പുനഃപരിവൃത്തി സാധിക്കുന്നതിനെക്കാൾ കൂടുതൽ വായുവും വെള്ളവും മലിനീകരിക്കാൻ കഴികയില്ല. പരിസരസംബന്ധമായ കമ്മികൾ ദേശീയ കമ്മികളെപ്പോലെ ഒരു കണക്കുതീർക്കൽ ആവശ്യമാക്കിത്തീർക്കും. പണമായോ അന്താരാഷ്ട്ര സഹകരണമായോ നമ്മുടെയും നമ്മുടെ മക്കളുടെയും ജീവന്റെ രൂപത്തിലോ അവ അടച്ചുതീർക്കപ്പെടും.
ആധുനിക സാങ്കേതികശാസ്ത്രം ഭൂമിയുടെ നശിപ്പിക്കൽ സാദ്ധ്യമാക്കിയിരിക്കുകയാണ്. അതിനെ തടയാൻ അതുപയോഗിക്കാൻ കഴിയും. എന്തുകൊണ്ടു ചെയ്യപ്പെടുന്നില്ല? പണസ്നേഹം നിമിത്തം. അത് ശതകോടികളുടെ ചെലവു വരുത്തും. ഈ ലോകത്തിനു അതിന്റെ ഹ്രസ്വദൃഷ്ടിയോടുകൂടിയ ധനമോഹങ്ങൾക്കതീതമായി കാണാൻ കഴികയില്ല—അല്ലെങ്കിൽ അതിന്റെ സ്വാർത്ഥതയിൽ കാണുകയില്ല. പണമായി കൊടുക്കാൻ അതു വിസമ്മതിക്കുന്നതുകൊണ്ട് അത് മേൽമണ്ണിന്റെ നഷ്ടത്തിന്റെയോ വനനഷ്ടത്തിന്റെയോ ഭൂഗർഭജലനഷ്ടത്തിന്റെയോ ഉഷ്ണശാലാന്തരീക്ഷത്തിന്റെയോ വിഷമയമായ ജലത്തിന്റെയോ വർദ്ധിച്ചുവരുന്ന രോഗത്തിന്റെയോ മനുഷ്യജീവന്റെയോ രൂപത്തിൽ അതു അടച്ചുതീർക്കും. ഈ ലോകം അതിന്റെ പണത്തിൽ കടിച്ചുതൂങ്ങുന്നതിനാൽ അത് അതിന്റെ മക്കളുടെ ഭാവിയെ വിൽക്കുകയാണ്.
തക്ക സമയത്ത് അത് ഉണരുമോ? ചരിത്രത്തിന്റെ ഉത്തരം ഉറപ്പുനൽകുന്നില്ല, എന്നാൽ ദൈവത്തിന്റേത് ഉറപ്പുനൽകുന്നു. താൻ മുന്നോട്ടുവന്ന് “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കു”മെന്ന് യഹോവയാം ദൈവംതന്നെ പറയുന്നു. (വെളിപ്പാട് 11:18) ഭൂമിയുടെ പരിസരത്തെയും അതിന്റെ മനോഹാരിതയെയും നശിപ്പിക്കുന്നവരെ അവൻ ഭൂമിയിൽനിന്നു നീക്കംചെയ്യും, എന്തുകൊണ്ടെന്നാൽ ജീവൻനിലനിർത്തുന്നതും മനോഹരവുമായിരിക്കാനാണ് അവൻ അതിനെ സൃഷ്ടിച്ചത്. “ആകാശങ്ങൾ എന്റെ സിംഹാസനമാകുന്നു, ഭൂമി എന്റെ പാദപീഠമാകുന്നു” വെന്നും “എന്റെ പാദസ്ഥാനത്തെതന്നെ ഞാൻ മഹത്വീകരിക്കും” എന്നും അവൻ പറയുന്നു.—യെശയ്യാവ് 66:1; 60:13.
നീതിയെ സ്നേഹിക്കുന്ന ആളുകൾ അധിവസിക്കാൻ വേണ്ടിയാണ് അവൻ അതിനെ സൃഷ്ടിച്ചത്—കഴിഞ്ഞ കാലത്തു ജീവിച്ചിരുന്ന ദശലക്ഷങ്ങളാലും ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങളാലും ഇനി ജനിക്കാനിരിക്കുന്ന ദശലക്ഷങ്ങളാലും അത് അധിവസിക്കപ്പെടും. ഇത് അവൻ തന്റെ വചനമായ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്കുതന്നെ അത് യെശയ്യാവ് 45:18-ലും യോഹന്നാൻ 5:28, 29-ലും വായിക്കാൻ കഴിയും.
അന്ന് അതിനെ സ്നേഹിക്കുന്നവരാൽ പരിപാലിക്കപ്പെടുന്നതുകൊണ്ട് ഭൂമി നമ്മുടെ സൃഷ്ടാവ് അതിനു ആദിയിൽ നൽകിയിരുന്ന മനോഹാരിതയിലേക്കു സമുദ്ധരിക്കപ്പെടും. അപ്പോൾ നീതിപ്രകൃതമുള്ള ആളുകൾക്ക് ശോഭനമായ ഒരു ഭാവി ഉണ്ടായിരിക്കും: “അല്പ്പകാലംകൂടെ കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടായിരിക്കുകയില്ല; നീ തീർച്ചയായും അവന്റെ സ്ഥലത്തിനു ശ്രദ്ധകൊടുക്കും, അവൻ ഇല്ലായിരിക്കും. എന്നാൽ സൗമ്യതയുള്ളവർതന്നെ ഭൂമിയെ കൈവശമാക്കും, അവർ തീർച്ചയായും സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും. നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും.”—സങ്കീർത്തനം 37:10, 11, 29.
ഒരിക്കലും മരിക്കയില്ലേ? ഒരിക്കലും മരിക്കയില്ല! “ദൈവംതന്നെ അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുനീക്കും, മരണം മേലാൽ ഉണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.” (വെളിപ്പാട് 21:3, 4) സത്യമായിരിക്കാൻപാടില്ലാത്തവണ്ണം മികച്ചതോ? അല്ല, ഈ ലോകം നിലനിൽക്കാൻ പാടില്ലാത്തവണ്ണം അത്ര വഷളാണ്.—ദാനിയേൽ 2:44.
എന്നാൽ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നിലനിൽക്കാൻ കഴിയും. യഹോവയാം ദൈവം തന്റെ പുത്രന്റെ ബലിയാൽ അതു സാദ്ധ്യമാക്കുന്നു. യഹോവയെയും അവന്റെ പുത്രനെയും കുറിച്ചുള്ള പഠനം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നിത്യജീവൻ കൈവരുത്തും—നീതി വസിക്കാനിരിക്കുന്ന ഒരു പുതിയ ലോകത്തിലെ ജീവൻതന്നെ. (യോഹന്നാൻ 3:16; 17:3; 2 പത്രോസ് 3:13) ഇതു നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും സന്തുഷ്ടഭാവിയായിരിക്കാൻ കഴിയും. അത് അങ്ങനെയായിരിക്കുന്നത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. (g87 7/22)