സെരംഗെററയിലെ കുടുംബ ജീവിതം
ആഫ്രിക്കൻ സിംഹത്തെ പലപ്പോഴും മൃഗരാജൻ എന്ന് വിളിക്കുന്നു. അതു മനസ്സിലാക്കാവുന്നതേയുള്ളു. അവന്റെ സട ആകർഷകം തന്നെ. സ്വച്ഛമായൊരു അകൽച്ചയോടെ തീക്കല്ലുപോലുള്ള കണ്ണുകൊണ്ട് അവൻ നോക്കിക്കൊണ്ടിരിക്കുന്നു. രാജകീയ പ്രതാപത്തിന്റെ പ്രതീതി അവനെ വലയം ചെയ്യുന്നു. അവൻ പെട്ടെന്നെഴുന്നേററ് എട്ട് കിലോമീറററുകൾക്കപ്പുറം കേൾക്കാവുന്ന ചെകിടടപ്പിക്കുന്ന അലർച്ചയോടെ നടന്നു നീങ്ങുമ്പോൾ നിങ്ങളുടെ നട്ടെല്ല് പിടയും. തീർച്ചയായും മൃഗരാജൻ ഇവൻതന്നെ!
പക്ഷേ അവനെ അവന്റെ ഭവനത്തിൽ വച്ച് കാണുമ്പോൾ അവന്റെ രാജകീയ പ്രതിരൂപം മങ്ങിപ്പോയതുപോലെ തോന്നും. അവൻ വളരെ ഏറെ നേരം ഉറങ്ങുന്നു. ഒട്ടധികം നേരം വെറുതെ കുത്തിയിരുന്നും സമയം പോക്കുന്നു. കാരണവരുടെ മേൽ അള്ളിക്കയറി ശല്യം ചെയ്യുക പതിവാക്കിയിട്ടുള്ള കുട്ടികളിൽ നിന്ന് അകലെ മാറി അവൻ ചിലപ്പോഴെല്ലാം മരക്കൊമ്പുകളിൽ വലിഞ്ഞു കയറി ഇരിക്കും. വെയില് കാഞ്ഞുകൊണ്ട് വയറ് മുകളിലായി വളരെനേരം മലർന്ന് കിടക്കാൻ അവൻ താത്‌പര്യം കാണിക്കുന്നു. അവന്റെ ഒരു ദിവസത്തിൽ 20 മണിക്കൂറും ഇങ്ങനെ ചെലവഴിക്കുന്നു.
ശേഷിക്കുന്ന നാലു മണിക്കൂറോ? കൊള്ളാം, വേട്ടയാടുന്ന പെൺസിംഹങ്ങൾ തീൻ മേശയിൽ ഇറച്ചി കൊണ്ടുവയ്‌ക്കുമ്പോൾ അവൻ മുൻപന്തിയിലുണ്ടായിരിക്കും. എന്തൊക്കെയാണെങ്കിലും രാജാവ് അവനല്ലേ? അവനാണ് കുട്ടികളുടെ അപ്പൻ. തന്റെ അധികാരമേഖലയിൽ നുഴഞ്ഞുകയററം നടത്തുന്നവരെ തുരത്തിയോടിക്കുന്നതും അവൻതന്നെ. അതുകൊണ്ട് അവൻ പിതാവും പോരാളിയും ആലസ്യപ്രിയനും നിദ്രാലോലുപനായ ശിരസ്സും ആണ്. കൂടാതെ അൽപ്പകാലത്തേക്ക് ഒരു രാജാവും.
വാസ്‌തവത്തിൽ ഈ കർത്തവ്യനിർവ്വഹണങ്ങളിൽ അവൻ ഏകനല്ല. സിംഹങ്ങൾ സമൂഹബോധം ഉള്ള ഏക മാർജ്ജാരവർഗ്ഗം ആണ്. സിംഹങ്ങളുടെ സാമൂഹ്യഗണത്തെ പ്രൈഡ് (ഇംഗ്ലീഷ്) എന്നു വിളിക്കുന്നു. ഇതിൽ സാധാരണയായി രണ്ടോ മൂന്നോ വലിയ ആൺസിംഹങ്ങളും ഇണ ചേരുന്ന പ്രായത്തിലുള്ള അഞ്ചോ പത്തോ പെൺസിംഹങ്ങളും അസംഖ്യം കുട്ടികളും ചെറുപ്പക്കാരും ഉണ്ടായിരിക്കും. പ്രൈഡുകൾക്ക് ഇതിലുമധികം വലുപ്പം ആകാം—40-ഓ അതിലധികമോ പോലും. ഓരോ പ്രൈഡിനും അനേകം കിലോമീറററുകൾ വ്യാസമുള്ള അതാതിന്റെ സ്വന്ത പ്രദേശമുണ്ട്. മുതിർന്ന ആൺ സിംഹങ്ങൾ നുഴഞ്ഞു കയററക്കാരെ തുരത്തുന്നു.
പെൺസിംഹങ്ങൾ ആണ് വേട്ടയാടൽ മുഴുവൻ ചെയ്യുന്നത്—സാധാരണയായി രാത്രികാലങ്ങളിൽ. അവയുടെ ശരീരഭാരം കുറവായതുകൊണ്ട് (125-150 കി. ഗ്രാം) ഭാരമേറിയ ആൺ സിംഹങ്ങളേക്കാൾ (200-250 കി. ഗ്രാം) അവയ്‌ക്ക് വേഗതയേറും. എന്നിട്ടുപോലും പെൺസിംഹങ്ങൾ അവയേക്കാൾ വേഗത്തിൽ ഓടുന്ന ഇരയെ ആണ് വേട്ടയാടുന്നത്. അതുകൊണ്ട് സഹകരിച്ച് വേട്ടയാടുന്നതാണ് അവർക്ക് സൗകര്യം. ചിലർ പതിയിരിക്കുമ്പോൾ മററ് ചിലർ ഇരകളെ വളഞ്ഞ് പതിയിരിക്കുന്നവരുടെ അടുത്തേക്ക് ഓടിക്കും.
സിംഹികൾ പ്രായേണ നല്ല മാതാക്കളാണ്. ആദ്യത്തെ രണ്ടോ മൂന്നോ മാസം ഒരു കുട്ടി പാൽ കുടിച്ചു വളരുന്നു. തുടർന്ന് താൻ വേട്ടയാടിക്കൊന്ന ഒരു മൃഗത്തിനരികത്തേക്ക് അവനെ കൊണ്ടുപോവുകയും അവനെ മാംസം പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. പക്ഷെ കുട്ടി തനിക്ക് എട്ട് മാസം തികയുന്ന വരേയ്‌ക്ക് പാലു കുടിയും ഒപ്പം തുടർന്നുകൊണ്ടുപോകും. അപ്പോഴേക്ക് അമ്മയുടെ പാൽ തീർന്നിരിക്കും. അവൾ മൂന്നോ അധിലധികമോ വർഷങ്ങൾ തന്റെ കുട്ടികളോടൊത്ത് വേട്ടയാടുന്നു.—അവർ അവളിൽ നിന്ന് എല്ലാം നോക്കിക്കണ്ട് പഠിക്കുന്നു.
കുടുംബാന്തരീക്ഷം എപ്പോഴും മൃദുലമാണ്. സിംഹികൾ സംഘം ചേർന്ന് അന്യോന്യം കുട്ടികൾക്ക് കാവൽ ഇരിക്കുന്നു. വിശക്കുന്ന ഒരു സിംഹക്കുട്ടി പാലുള്ള ഏതെങ്കിലും ഒരമ്മയിൽ നിന്ന് കുടിക്കുന്നു. കുട്ടികൾ ഏറിയ സമയം പരസ്‌പരം ഓടിച്ചാടുകയും മൽപ്പിടുത്തം നടത്തുകയും ചെയ്‌തു സമയം ചെലവഴിക്കുന്നു. ചിലപ്പോൾ ഒരു സിംഹിയും കളിയിൽ പങ്കു ചേരുന്നു. അവൾ തന്റെ വാൽ ചുഴററിക്കാണിക്കുമ്പോൾ കുട്ടികൾ അതുകണ്ട് അതിൽ കടിപിടി കൂട്ടും. മുതിർന്ന ആൺസിംഹങ്ങളും തങ്ങളുടെ പുറത്ത് അള്ളിക്കയറി സടയിൽ കടിച്ചുതൂങ്ങുന്ന കുട്ടികളുടെ കേളികളെ ഒരു പരിധിവരെ അനുവദിക്കും. ഒരു പ്രൈഡ് അതിന്റെ പ്രദേശത്തുതന്നെ കഴിഞ്ഞുകൂടുന്നു. പക്ഷെ അവർ എപ്പോഴും ഒന്നിച്ചായിരിക്കുകയില്ല. എങ്കിലും വീണ്ടും അവർ ഒന്നിച്ചുകൂടുമ്പോൾ അവർ പരസ്‌പരം മുഖം ഉരുമ്മി അഭിവാദനം ചെയ്യുന്നു.
പ്രൈഡ് ദീർഘകാലം നിലനിൽക്കുന്ന ഒരു ചെറു സമുദായ ഘടകം ആണ്. അതിലെ പെൺസിംഹങ്ങൾ മിക്കവരും ജനിച്ചതും വളർത്തപ്പെടുന്നതും പ്രൈഡിനുള്ളിൽ ആയതുകൊണ്ട് അവർ അന്യോന്യം രക്തബന്ധുക്കളായിരിക്കും. ദശകങ്ങൾ പിന്നിടുന്നതോടെ സഹോദരികളും അമ്മമാരും അമ്മൂമ്മമാരും അർദ്ധസഹോദരികളും മററും ഉളവാകുന്നു. ചെറുപ്പക്കാരായ ആൺസിംഹങ്ങളെ പക്ഷെ, മൂന്ന് വയസ്സ് പ്രായമാകുന്നതോടെ മുതിർന്ന ആൺസിംഹങ്ങൾ ഓടിച്ചുവിടുന്നു.
പക്ഷെ അവരും ഒരു സംഘമായിത്തന്നെ ജീവിക്കുന്നു. അവർ രണ്ടോ മൂന്നോ അഞ്ചോ ആറോ ആയിരിക്കാം. ഒന്നുരണ്ട് വർഷങ്ങളെത്തുടർന്ന് അവർ പക്വതയും കായബലവും ആർജ്ജിക്കുന്നതോടെ അവർ മറെറാരു പ്രൈഡിനു നേരെ ചെന്ന് അതിലെ അന്തേവാസികളായ ആൺസിംഹങ്ങളെ ആട്ടിപ്പായിച്ച് പെൺസിംഹങ്ങളെ കൈവശമാക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ പുതിയ ആൺസിംഹങ്ങൾ കുട്ടികളെ കൊല്ലുന്നു. അതിന്റെ അർത്ഥം തുടർന്നുള്ള സന്തതികൾ ഈ നവാഗതരായ ആണുങ്ങളുടേത് ആയിരിക്കും എന്നാണ്. പെൺസിംഹങ്ങൾ ഇവരുമായി ഇണചേരാൻ ഒരുങ്ങുന്നു എന്നും ഇത് അർത്ഥമാക്കുന്നു. ഒരു പ്രൈഡിലെ ആൺസിംഹങ്ങളുടെ സംഖ്യ വളരെയാണെങ്കിൽ ഒരു അന്യസംഘം വന്ന് അവരെ കീഴടക്കാനുള്ള സാദ്ധ്യത കുറവാണ്.
ഈ വിധത്തിൽ ഒരു ആൺസിംഹത്തിന് തന്റെ പ്രൈഡിൽ മററ് ആണുങ്ങൾ കൂട്ടിനുണ്ടായിരിക്കുകയെന്നത് ഒരു ഉപകാരം ആണ്. പെൺസിംഹങ്ങൾ സാധാരണയായി അവരുടെ ആയുഷ്‌ക്കാലം മുഴുവൻ—ഏകദേശം 18 വർഷങ്ങൾ ഒരേ പ്രൈഡിൽത്തന്നെ കഴിഞ്ഞു കൂടുമ്പോൾ ആൺസിംഹങ്ങളെ ബലവാൻമാരായ ചെറുപ്പക്കാരുടെ സംഘം രണ്ടോ മൂന്നോ വർഷങ്ങളുടെ ഇടവേളകളിൽ ആട്ടിപ്പായിക്കുന്നു. അങ്ങനെ തുരത്തപ്പെട്ടവരുടെ ജീവിതം പിന്നെ ദുരിതം ആണ്. അവർ മേലാൽ അവരുടെ യൗവനത്തിൽ അല്ലാത്തതുകൊണ്ട് വേണ്ടത്ര ഭക്ഷണം തേടിപ്പിടിക്കുക അവർക്ക് അസാദ്ധ്യം ആണ്. അതുകൊണ്ടാണ് 3-ാം ഖണ്ഡികയുടെ ഒടുവിൽ അവൻ “അൽപ്പകാലത്തേക്ക്” രാജാവായിരിക്കുന്നുവെന്ന് പറഞ്ഞിരിക്കുന്നത്.
രക്തബന്ധമുള്ള സിംഹങ്ങൾ തമ്മിൽ സിംഹികളെച്ചൊല്ലി കലഹം അപൂർവ്വം ആണ്. ഒരു പ്രൈഡിലുള്ള പെൺസിംഹങ്ങൾ ഒരേ സമയം തന്നെ ഇണ ചേരാനൊരുങ്ങുന്നു. ഒരു ആണിനോട് ഒരു പെണ്ണ് അനുകൂല പ്രതികരണം കാട്ടിയാൽ അവൻ അവളെ സ്വന്തമാക്കും. മററ് ആണുങ്ങൾ അകന്ന് നിൽക്കും. എന്നാൽ എല്ലാ പെൺസിംഹങ്ങളും ഒരേ കാലം അനുകൂല പ്രതികരണം കാണിക്കുന്നതുകൊണ്ട് ഇണചേരാൻ സിംഹങ്ങൾക്കെല്ലാം വേണ്ടത്ര സിംഹികളെ കിട്ടുന്നു.
ഇതെല്ലാം കുട്ടികളുടെ പെരുപ്പത്തിനിടയാക്കുന്നു, അത് കുടുംബ കലഹങ്ങൾക്കും വഴിയൊരുക്കുന്നു. ഏതു മാതാപിതാക്കൾക്കും അറിവുള്ളതുപോലെ ഇത് വളരെ ക്ഷീണിപ്പിക്കുന്നതാണ്. അതുകൊണ്ട് സെരംഗെററിയിലെ കുടുംബങ്ങളെ കാണാൻ നാം നടത്തിയ സന്ദർശനം മതിയാക്കി മടങ്ങാം. കുട്ടികളെയെല്ലാം കിടത്തി ഉറക്കാൻ പെട്ട ക്ലേശത്തിനുശേഷം അമ്മയും അപ്പനും ഒന്നു വിശ്രമിക്കട്ടെ. അവിടെയും ഉറങ്ങാൻ കൂട്ടാക്കാതെ ഉച്ചതിരിഞ്ഞ് എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കാൻ വാശിപിടിക്കുന്ന ഒരുത്തൻ എപ്പോഴും ഉണ്ട്.
ഈ സന്തോഷഘട്ടത്തിൽ നിങ്ങൾക്ക് സെരംഗററിയിൽ നിന്ന് യാത്രാമംഗളം നേരുന്നു.
സിംഹത്തെപ്പോലുള്ള മൃഗങ്ങൾ ആഹാരത്തിനുവേണ്ടി മററ് മൃഗങ്ങളെ വേട്ടയാടാറുണ്ടെങ്കിലും പ്രാരംഭ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. (ഉല്‌പത്തി 1:30) വരാനിരിക്കുന്ന പുതിയ ലോകത്തിൽ “ചെന്നായും കുഞ്ഞാടും ഒന്നിച്ച് മേയും സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും” എന്ന് പ്രവാചകനായ യെശയ്യാവ് പറയുന്നു. അതെ, “ഒരു ചെറിയ കുട്ടി അവർക്ക് മേൽ നായകനാ”യിരിക്കുകപോലും ചെയ്യും.—യെശയ്യാവ് 11:6-9; 65:25. (g87 7/22)
[അടിക്കുറിപ്പുകൾ]
1 mi = 1.6 km.
1 lb = 0.5 kg.