തിൻമയും കഷ്ടപ്പാടും—അവ എങ്ങനെ അവസാനിക്കും?
കഠിനാനുഭവങ്ങൾ മിക്കപ്പോഴും കഠിനപ്പെടുത്തുന്നു. എന്നാൽ മാനുഷ ദുരിതത്തിന് ഒരു ന്യായമായ കാരണമുണ്ടെങ്കിലോ? അതു മനസ്സിൽ പിടിച്ചുകൊണ്ട്, നമുക്ക് ഇയ്യോബിനെക്കുറിച്ചുള്ള വിവരണം തുടരാം. ഉഗ്രമായ വാദപ്രതിവാദത്തിന്റെ മൂന്ന് തവണകൾക്കുശേഷം എലീഹു എന്നുപേരുള്ള ഒരു യുവാവ് തുറന്നു സംസാരിക്കുന്നു. അവൻ ഇയ്യോബിനോടു പറയുന്നു: “‘എന്റെ നീതി ദൈവത്തിന്റേതിലും അധികമാണ്’ എന്നു നീ പറഞ്ഞിരിക്കുന്നു.” അതെ, ഇയ്യോബ് സ്വകീയ ചിന്തയും സ്വയനീതീകരണവുമുള്ളവനായിരുന്നു. “നോക്കൂ! ഇതിൽ നീ ശരിയുടെ പക്ഷത്തായിരുന്നില്ല, ഞാൻ നിന്നോട് ഉത്തരം പറയുകയാണ്; എന്തെന്നാൽ ദൈവം മരണമുള്ള മനുഷ്യനെക്കാൾ വളരെ ഉപരിയാണ്” എന്ന് എലീഹൂ പറയുന്നു.—ഇയ്യോബ് 35:2; 33:8-12.
താൻ നല്ലവനാണെന്നുള്ളതിന് ദൈവം സമൃദ്ധമായ തെളിവു നൽകിയിട്ടുണ്ട്. (പ്രവൃത്തികൾ 14:17; റോമർ 1:20) അതുകൊണ്ട് തിൻമയുടെ അസ്തിത്വം ദൈവത്തിന്റെ നൻമയെ ചോദ്യം ചെയ്യാനുള്ള ഏതെങ്കിലും കാരണമാണോ? എലീഹു ഉത്തരം നൽകുന്നു: “സത്യദൈവം അശേഷം ദുഷ്ടമായി പ്രവർത്തിക്കുകയില്ല, സർവ്വശക്തൻ അന്യായമായി പ്രവർത്തിക്കുകയില്ല!”—ഇയ്യോബ് 34:10.
ദൈവം—തിൻമക്കെതിരെ അശക്തനോ?
അപ്പോൾ, ഇയ്യോബിനുവേണ്ടിയോ മറ്റാർക്കെങ്കിലും വേണ്ടിയോ ഇടപെടാൻ ദൈവം കേവലം അശക്തനായിരുന്നോ? മറിച്ചാണു സത്യം! ഭയജനകമായ ഒരു ചുഴലിക്കാറ്റിൽനിന്ന് ഇപ്പോൾ ദൈവം തനിക്കുവേണ്ടി സംസാരിക്കുന്നു, തന്റെ സർവ്വശക്തിത്വത്തെ ശക്തിമത്തായി സ്ഥിരീകരിച്ചുകൊണ്ടുതന്നെ: “ഞാൻ ഭൂമിയെ സ്ഥാപിച്ചപ്പോൾ നീ എവിടെയായിരുന്നു?” എന്ന് അവൻ ഇയ്യോബിനോട് ചോദിക്കുന്നു. എന്തിന്, അശേഷം പരിമിതനായിരിക്കാതെ, അവൻ തന്നേക്കുറിച്ചുതന്നെ സമുദ്രങ്ങളെ നിയന്ത്രിക്കാനും ആകാശങ്ങളെയും അതിലെ ജീവികളെയും ഭരിക്കാനും കഴിവുള്ളവനെന്ന് പറയുന്നു.—ഇയ്യോബ് 38:4, 8-10, 33; 39:9; 40:15; 41:1
ഇയ്യോബ് കഷ്ടപ്പെടാൻ താൻ അനുവദിച്ചതെന്തുകൊണ്ടെന്ന് ദൈവം അവനോടു വിശദീകരിക്കുന്നില്ലെന്നുള്ളതു സത്യംതന്നെ. എന്നാൽ “ഒരു കുറ്റാരോപകൻ സർവ്വശക്തനോട് ഏതെങ്കിലും വാദം നടത്തണമോ?” എന്ന് ദൈവം ചോദിക്കുന്നു. “യഥാർത്ഥത്തിൽ നീ എന്റെ നീതിയെ അസാധുവാക്കുമോ? നീ നീതിമാനായിരിക്കേണ്ടതിന് നീ എന്നെ ദുഷ്ടനെന്നു പ്രഖ്യാപിക്കുമോ?” (ഇയ്യോബ് 40:2, 8) അപ്പോൾ ലോകത്തിന്റെ കഷ്ടങ്ങൾക്ക് ദൈവത്തെ കുറ്റപ്പെടുത്തുന്നത് അല്ലെങ്കിൽ അവനുവേണ്ടി തത്വശാസ്ത്രപരമായ പ്രതിവാദങ്ങൾ ചമയ്ക്കുന്നത് എത്ര ധിക്കാരപരമാണ്! ഇപ്പോൾ ഇയ്യോബ് ചെയ്യാൻ പ്രേരിതനായതുപോലെ, അങ്ങനെയുള്ളവർ തങ്ങളുടെ വിരുദ്ധ സിദ്ധാന്തങ്ങൾ സംബന്ധിച്ച് “പിൻവാങ്ങുന്നത്” നന്നായിരിക്കും.”—ഇയ്യോബ് 42:6.
തീരുമാനമുണ്ടാക്കേണ്ട വിവാദ പ്രശ്നങ്ങൾ
മനുഷ്യന്റെ സൃഷ്ടിപ്പിനുശേഷം താമസിയാതെ ഉന്നയിക്കപ്പെട്ട നിരവധി ബൃഹത്തായ വിവാദപ്രശ്നങ്ങൾ തന്റെ കഷ്ടപ്പാടുകളിൽ ഉൾപ്പെട്ടിരുന്നുവെന്ന് ഇയ്യോബ് തിരിച്ചറിഞ്ഞില്ല. ആ സമയത്ത് സാത്താൻ (“എതിരാളി”) എന്നു വിളിക്കപ്പെട്ട മത്സരിയായ ഒരു ആത്മസൃഷ്ടി മനുഷ്യനെ പാപത്തിലേക്കു നയിച്ചിരുന്നു. “നൻമയെയും തിൻമയെയും കുറിച്ചുള്ള അറിവിന്റെ വൃക്ഷ”ത്തിൽനിന്ന് തിന്നുന്നതൊഴിവാക്കാൻ ദൈവം ആദാമിനോടും ഹവ്വായോടും കല്പിച്ചിരുന്നു. അവർക്ക് നൻമയോ തിൻമയോ എന്തെന്നു നിശ്ചയിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ അവർ ആദരിക്കണമായിരുന്നു. എന്നിരുന്നാലും എതിരാളി ഹവ്വായുടെ മനസ്സിൽ സംശയം വിതച്ചുകൊണ്ടു പറഞ്ഞു: “തോട്ടത്തിലെ എല്ലാ വൃക്ഷത്തിൽനിന്നും തിന്നരുതെന്ന് ദൈവം പറഞ്ഞുവെന്നത് യഥാർത്ഥത്തിൽ അങ്ങനെതന്നെയോ?” അടുത്തതായി ദൈവം പറഞ്ഞതിനു വിപരീതമായി അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തീർച്ചയായും മരിക്കയില്ല. എന്തെന്നാൽ നിങ്ങൾ അതിൽനിന്ന് തിന്നുന്ന ദിവസംതന്നെ നിങ്ങളുടെ കണ്ണുകൾ തുറക്കേണ്ടതാണെന്നും നിങ്ങൾ ദൈവത്തെപ്പോലെയായിരിക്കേണ്ടതാണെന്നും ദൈവം അറിയുന്നു.”—ഉല്പത്തി 2:17; 3:1-5.
സാത്താന്റെ ദൂഷണ വാക്കുകൾ ഗംഭീരങ്ങളായ വിവാദപ്രശ്നങ്ങൾ ഉന്നയിച്ചു: വിലക്കപ്പെട്ട ഫലം തിന്നുന്നതിന് മരണശിക്ഷ വിധിച്ചതിൽ ദൈവം ഒരു നുണയനായിരുന്നോ? എങ്കിൽ, തന്റെ സൃഷ്ടികളിൽ നിന്ന് സ്വാതന്ത്ര്യത്തെ കവർന്നുകളയാനും തന്റെ പ്രമാണങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിക്കാനും അവന് എന്ത് അവകാശമുണ്ട്? അവൻ തന്റെ സൃഷ്ടികളിൽനിന്ന് നൻമ പിൻവലിക്കുന്ന ഒരു സ്വാർത്ഥ ദൈവമല്ലേ? ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യം അഭികാമ്യമായിരിക്കുകയില്ലേ?
മത്സരികളെ വകവരുത്തുന്നത് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലധികം ഗുണമൊന്നും ചെയ്യുമായിരുന്നില്ല. ഒരു മതിയായ കാലഘട്ടത്തിൽ ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യത്തിന് കടിഞ്ഞാണില്ലാതിരിക്കാൻ അനുവദിച്ചെങ്കിൽ മാത്രമേ സാത്താന്റെ സ്വാതന്ത്ര്യ വാഗ്ദാനം വിപത്തിലേക്കുള്ള ഒരു ക്ഷണമാണെന്ന് എന്നെന്നേക്കുമായി തെളിയിക്കാൻ കഴിയുമായിരുന്നുള്ളു. അതെ, “മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൻ കീഴിൽ കിടക്കുകയാകുന്നു,” ദൈവത്തിന്റെ അധികാരത്തിൻ കീഴിലല്ല, പിന്നെയോ പിശാചായ സാത്താന്റെ അധികാരത്തിൻ കീഴിൽ. (1 യോഹന്നാൻ 5:19) രോഗം, അനീതി, സാമ്പത്തിക അടിമത്തം, ഹൃദയവേദന—ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യത്തെ തെരഞ്ഞെടുത്തുകൊണ്ട് മനുഷ്യൻ സാത്താന്യ ഭരണത്തിൻകീഴിൽ വന്നതിന്റെ ഫലം ഇതെല്ലാമാണ്! സാങ്കേതിക ശാസ്ത്ര പുരോഗതിയെല്ലാമുണ്ടായിട്ടും ലോകാവസ്ഥകൾ തുടർന്ന് വഷളാകുകയാണ്—മിക്കപ്പോഴും ആധുനിക സാങ്കേതിക ശാസ്ത്രം നിമിത്തംതന്നെ.
എന്നിരുന്നാലും, ഈ അവർണ്ണനീയ ദുരിതമെല്ലാം സംബന്ധിച്ച ദൈവത്തിന്റെ അനുവാദം അവനെ നീതികെട്ടവനാക്കുന്നില്ല. മറിച്ച്, മനുഷ്യന്റെ അനീതി ‘ദൈവത്തിന്റെ നീതിയെ മുൻപന്തിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.’ (റോമർ 3:5) എങ്ങനെ?
കഷ്ടപ്പാട് നീക്കപ്പെടുന്നു—എന്നേക്കും!
“സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുമിച്ചു ഞരങ്ങുകയും ഒരുമിച്ചു വേദനപ്പെടുകയും ചെയ്യുന്നു”വെന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (റോമർ 8:22) അതെ, മനുഷ്യസ്വാതന്ത്ര്യത്തിന്റെ വിപൽക്കരമായ 6,000 വർഷങ്ങൾ യിരെമ്യാവ് 10:23-ലെ വാക്കുകൾ സത്യമെന്ന് പ്രകടമാക്കിയിരിക്കുന്നു: “തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.” എന്നിരുന്നാലും, പെട്ടെന്നുതന്നെ ദൈവം നീതിപൂർവ്വം ഇടപെടുകയും മനുഷ്യവർഗ്ഗത്തിന്റെ കാര്യങ്ങൾ നടത്തിത്തുടങ്ങുകയും ചെയ്യും.
മനുഷ്യസ്വാതന്ത്ര്യത്തിന്റെ വിപൽക്കരമായ പരിണതഫലങ്ങൾ ഇങ്ങനെ സമ്പൂർണ്ണമായി തുറന്നു കാട്ടപ്പെട്ടിരിക്കുമ്പോൾ, കഷ്ടപ്പാടിനിടയാക്കിയിരിക്കുന്ന സകല കാര്യങ്ങളെയും ദൈവത്തിന് പിന്നീടു നീക്കം ചെയ്യാൻ കഴിയും: യുദ്ധങ്ങൾ, രോഗം, കുറ്റകൃത്യം, അക്രമം എന്നിവയെയും മരണത്തെപ്പോലും! (സങ്കീർത്തനം 46:8, 9; യെശയ്യാവ് 35:5, 6; സങ്കീർത്തനം 37:10, 11; യോഹന്നാൻ 5:28, 29; 1 കൊരിന്ത്യർ 15:26) അത് അപ്പോസ്തലനായ യോഹന്നാൻ ഒരു സ്വർഗ്ഗീയ ദർശനത്തിൽ കേട്ടതുപോലെതന്നെയാണ്: “ദൈവം . . . അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണമുണ്ടായിരിക്കയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കയില്ല. പൂർവ്വ കാര്യങ്ങൾ കടന്നുപോയിരിക്കുന്നു.”—വെളിപ്പാട് 21:3, 4;
ഇയ്യോബിന്റെ സ്വത്തും ആരോഗ്യവും തിരികെ കൊടുത്തുകൊണ്ടും ഒരു വലിയ കുടുംബം കൊടുത്ത് അനുഗ്രഹിച്ചുകൊണ്ടും ദൈവം അവന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിച്ചത് കൗതുകകരംതന്നെ. (ഇയ്യോബ് 42:10-17) അതുപോലെതന്നെ, ബൈബിൾ നമ്മോട് ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “വെളിപ്പെടുത്തപ്പെടാൻ പോകുന്ന മഹത്വത്തോടുള്ള താരതമ്യത്തിൽ ഏതൽക്കാലത്തെ കഷ്ടപ്പാടുകൾ ഏതുമില്ല . . . സൃഷ്ടിതന്നെയും ദ്രവത്വത്തിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രമാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്യും.” (റോമർ 8:18, 21) അങ്ങനെ ദുഷ്ടത യഥാർത്ഥമായി നമ്മുടെ ഓർമ്മകളിൽ നിന്ന് മായിക്കപ്പെടും!—യെശയ്യാവ് 65:17 താരതമ്യപ്പെടുത്തുക.
തിൻമയോടൊപ്പം ജീവിക്കൽ
ആ സ്വാതന്ത്ര്യം വരുന്നതുവരെ, വ്യക്തിപരമായ വിപത്തിൽനിന്ന് ദൈവം നമ്മെ സംരക്ഷിക്കാൻ പ്രതീക്ഷിക്കാതെ ഒരു ദുഷ്ടലോകത്തിൽ നാം ജീവിതം സഹിക്കണം. സങ്കീർത്തനം 91:10-12-ലെ ബൈബിൾ വാക്യം വളച്ചൊടിച്ചുകൊണ്ട് ആലയത്തിന്റെ മുകളിൽനിന്നു ചാടാൻ പിശാചായ സാത്താൻ യേശുക്രിസ്തുവിനെ പ്രലോഭിപ്പിച്ചപ്പോൾ അവൻ ഒരു വ്യാജ പ്രത്യാശ ഉയർത്തുകയായിരുന്നു, അതിങ്ങനെ പറയുന്നു: “നിനക്ക് അനർത്ഥം ഭവിക്കുകയില്ല . . . എന്തുകൊണ്ടെന്നാൽ നിന്നെ കാക്കാൻ അവൻ തന്റെ സ്വന്തം ദൂതൻമാർക്ക് നിന്നെക്കുറിച്ച് ഒരു കല്പന കൊടുക്കും.” എന്നിരുന്നാലും അത്ഭുതകരമായ ശാരീരിക സംരക്ഷണം ലഭിക്കുന്നതിന്റെ ഏതാശയത്തെയും യേശു തള്ളിക്കളഞ്ഞു. (മത്തായി 4:5-7) നമ്മുടെ ആത്മീയക്ഷേമത്തെ പരിരക്ഷിക്കുമെന്നു മാത്രമേ ദൈവം വാഗ്ദാനം ചെയ്യുന്നുള്ളു.
അതുകൊണ്ട്, ദുരന്തം ഭവിക്കുമ്പോൾപോലും സത്യക്രിസ്ത്യാനികൾ “യഹോവക്കെതിരെപോലും കുപിത”രാകുന്നില്ല. (സദൃശവാക്യങ്ങൾ 19:3) എന്തെന്നാൽ ക്രിസ്ത്യാനികൾക്കും “കാലവും മുൻകൂട്ടിക്കാണാത്ത സംഭവവും നേരിടുന്നു.” (സഭാപ്രസംഗി 9:11) എന്നിരുന്നാലും, നാം ആശയറ്റവരല്ല. മേലാൽ തിൻമ ഉണ്ടായിരിക്കുകയില്ലാത്ത ഒരു നീതിയുള്ള പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ നമുക്കുണ്ട്. നമുക്ക് എല്ലായ്പ്പോഴും യഹോവയാം ദൈവത്തെ പ്രാർത്ഥനയിൽ സമീപിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ ഏതു പരിശോധനയും സഹിച്ചു നിൽക്കുന്നതിനാവശ്യമായ ജ്ഞാനം നമുക്കു നൽകുമെന്ന് അവൻ വാഗ്ദത്തം ചെയ്യുന്നു! (യാക്കോബ് 1:5) നാം സഹക്രിസ്ത്യാനികളുടെ പിന്തുണയും ആസ്വദിക്കുന്നു. (1 യോഹന്നാൻ 3:17, 18) പരിശോധനാവേളയിലെ നമ്മുടെ വിശ്വസ്തത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നുവെന്ന അറിവും നമുക്കുണ്ട്!—സദൃശവാക്യങ്ങൾ 27:11.
എന്നിരുന്നാലും, തിൻമ സഹിക്കുന്നത് ഒരിക്കലും എളുപ്പമല്ല. അതുകൊണ്ട്, കഷ്ടപ്പാടിൻ മദ്ധ്യേ ഒരുവനെ ആശ്വസിപ്പിക്കുമ്പോൾ, ‘കരയുന്നവരോടുകൂടെ കരയുന്നതും’ പ്രായോഗിക സഹായം കൊടുക്കുന്നതും നല്ലതാണ്. (റോമർ 12:15) തുടക്കത്തിൽ പറഞ്ഞ ആനാ അങ്ങനെ വിപത്തിൽനിന്ന് മോചിതയാകാൻ സഹായിക്കപ്പെട്ടു. അവൾ യഹോവയുടെ സാക്ഷികളിൽപെട്ട ഒരാളാണ്. അവൾക്ക് താൽക്കാലിക പാർപ്പിടം കൊടുത്തുകൊണ്ട് സഹായിക്കാൻ സഹക്രിസ്ത്യാനികൾ ഏറെ സന്നദ്ധരായിരുന്നുവെന്ന് അവൾ കണ്ടെത്തി. അവൾ ചിലപ്പോഴൊക്കെ വിഷാദമഗ്നയാകുന്നുവെങ്കിലും അവൾ ബൈബിൾ നൽകുന്ന പ്രത്യാശയിൽ അഭയം കണ്ടെത്തുന്നു. ”എന്റെ മക്കൾ പുനരുത്ഥാനത്തിൽ തിരികെ വരുമെന്ന് എനിക്കറിയാം,” ആനാ പ്രസ്താവിക്കുന്നു. നൻമയുടെ ദൈവത്തിലുള്ള അവളുടെ വിശ്വാസം അങ്ങനെ എന്നെത്തേതിലും ശക്തമാണ്.
നിങ്ങൾ കഷ്ടപ്പാടിന്റെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണെങ്കിൽ നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും സംബന്ധിച്ചു നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികളോട് ആവശ്യപ്പെടുക. നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകവും നിങ്ങൾക്ക് അവരിൽനിന്ന് വാങ്ങാൻ കഴിയും. അതിൽ “ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നതെന്തുകൊണ്ട്?” എന്നും “നിങ്ങൾ മർമ്മപ്രധാനമായ ഒരു വിവാദപ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്നു” എന്നുമുള്ള സഹായകങ്ങളായ അദ്ധ്യായങ്ങളുണ്ട്. ഇപ്പോൾ നല്ലയാളുകൾക്ക് തിൻമകൾ സംഭവിക്കുന്നുണ്ടെന്നുള്ളതു സത്യംതന്നെ, എന്നാൽ പെട്ടെന്നുതന്നെ അതെല്ലാം മാറിപ്പോകാനിരിക്കുകയാണ്. നിങ്ങളുടെ പരിസരത്തെ യഹോവയുടെ സാക്ഷികളുമായി സമ്പർക്കം പുലർത്തി കൂടുതൽ വിശദാംശങ്ങൾ മനസ്സിലാക്കുക, അല്ലെങ്കിൽ ഈ മാസികയുടെ പ്രസാധകർക്ക് എഴുതുക. (g87 10/8)
[9-ാം പേജിലെ ചിത്രങ്ങൾ]
ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിൽ തിൻമ മാഞ്ഞുപോകുന്ന ഒരു സ്മരണയായിരിക്കും