ചെറുപ്പക്കാർ ചോദിക്കുന്നു . . .
ഞാൻ എന്റെ മാതാപിതാക്കളെ അനുസരിക്കേണ്ടതെന്തുകൊണ്ട്?
ആറ് സഞ്ചാരപഥങ്ങളുള്ള തിരക്കേറിയ ഒരു ഹൈവേയിലേക്ക് ആരും കടക്കാതിരിക്കുന്നതിനുവേണ്ടി തീർത്തിരിക്കുന്ന ഒരു മതിലിന്റെ വലിയൊരു ദ്വാരത്തിൻമുമ്പിൽ ജോണും തന്റെ രണ്ടു കൂട്ടുകാരികളും നിന്നു. ചീറിപ്പായുന്ന കാറുകൾ പോയിക്കഴിയുമ്പോൾ എത്രയും വേഗം വീട്ടിലെത്തുന്നതിനുവേണ്ടി ഹൈവേ കുറുകെ കടക്കാനുള്ള ഒരുക്കത്തിലാണ് ഈ രണ്ടു പെൺകുട്ടികൾ.
“വരൂ ജോണേ, നീ ഞങ്ങളുടെ കൂടെ പോരുന്നില്ലേ?” പെൺകുട്ടികൾ ചോദിച്ചു. ജോൺ അവരുടെ പിന്നാലെ തിരിച്ചു. “അപ്പോൾ ഒരിക്കലും റോഡ് കുറുകെ കടക്കരുതെന്നും നടപ്പാതയിലൂടെ മാത്രമേ പോകാവൂ എന്നും എന്റെ മമ്മിയും ഡാഡിയും എന്നോടു പറഞ്ഞിട്ടുള്ള കാര്യം എനിക്ക് ഓർമ്മ വന്നു.”
ജോണിന്റെ മടി നിരീക്ഷിച്ചുകൊണ്ട് അതിൽ ഒരു പെൺകുട്ടി അവനെ കളിയാക്കി: “നീ ഒരു ഭീരുവാണ്!” ആ വാക്കുകൾ ആഴത്തിൽ പതിഞ്ഞു. ജോൺ ഒരു ഭീരു അല്ലായിരുന്നെങ്കിലും രണ്ടു പെൺകുട്ടികൾ തന്റെ ബലഹീനതയെക്കുറിച്ചു പറയുന്നത് ജോണിന് ഇഷ്ടപ്പെട്ടില്ല.
നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ ജോണിന്റെ സ്ഥാനത്തായിരുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യുമായിരുന്നു?’ അവൻ കൂട്ടുകാരുടെ വെല്ലുവിളി സ്വീകരിക്കുന്നില്ലെങ്കിൽ അവൻ അവരുടെ മുമ്പിൽ അവമാനിതനാകും. അടുത്തില്ലാത്ത മാതാപിതാക്കളുടെ ആജ്ഞ മാത്രമേ തടസ്സമായിരുന്നുള്ളു.
സമാനമായി, നിങ്ങൾ അനുസരിക്കാൻ പ്രതീക്ഷിക്കുന്ന ചില മാർഗ്ഗരേഖകൾ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്ക് നൽകിയിട്ടുണ്ടെന്നുള്ളതിനു സംശയമില്ല. അത്തരം ചട്ടങ്ങൾ ശുചിത്വം, ഗൃഹപാഠം, നേരത്തെ വീട്ടിലെത്തുന്നതു സംബന്ധിച്ചുള്ള നിശാനിയമങ്ങൾ, വിനോദരൂപങ്ങൾ എന്നിവയെക്കുറിച്ചുമാത്രമല്ല, പിന്നെയോ നടത്തയേയും ധാർമ്മികനിഷ്ഠകളെയുംകുറിച്ചുമായിരിക്കാം. എന്നാൽ ചിലപ്പോൾ ചെറുപ്പക്കാർക്ക് മാതാപിതാക്കളുടെ ചട്ടങ്ങളെ അവഗണിക്കാനുള്ള പ്രലോഭനമുണ്ടാകുന്നു. എന്നാൽ ചിന്തിക്കുക . . .
മാതാപിതാക്കൾ ചട്ടങ്ങൾ വെക്കുന്നതെന്തുകൊണ്ട്?
“എന്റെ മകനേ [അല്ലെങ്കിൽ മകളേ], എന്റെ കൽപ്പനകളനുസരിച്ച് തുടർന്നു ജീവിക്കുക” എന്ന് ജ്ഞാനിയായ ഒരു പിതാവെഴുതി. (സദൃശവാക്യങ്ങൾ 7:1, 2) അതെ, മാതാപിതാക്കളുടെ ചട്ടങ്ങൾ അഥവാ “കൽപ്പനകൾ” നിങ്ങളുടെ നൻമക്കുവേണ്ടിയാണ്. അവ നിങ്ങളുടെ മാതാപിതാക്കളുടെ യഥാർത്ഥസ്നേഹത്തിന്റെയും താൽപ്പര്യത്തിന്റെയും ഒരു പ്രകടനമാണ്. വാസ്തവത്തിൽ, ദൃഢമായ മാർഗ്ഗരേഖകളുടെയും ചട്ടങ്ങളുടെയും അഭാവം അരക്ഷിതത്വം ജനിപ്പിക്കുന്നു.
ഉദാഹരണത്തിന്, ഒരു യുവാവ് ഇപ്രകാരം എഴുതി: “എന്റെ ബന്ധുക്കൾ . . . എന്നെ എങ്ങനെയും രക്ഷപെടാൻ അനുവദിക്കുന്നു. തങ്ങൾക്കിഷ്ടമുള്ള എന്തും ചെയ്യാൻ മാതാപിതാക്കളനുവദിക്കുകയാണെങ്കിൽ ധാരാളം കുട്ടികൾക്ക് അത് ഇഷ്ടമായിരിക്കുമെന്ന് ഞാൻ പന്തയം വെക്കാം. ശരി, അതു തമാശയല്ല. അത് എന്നെ കുററബോധമുള്ളവനും വഷളനുമാക്കിത്തീർക്കുന്നു. ഈ ദിവസങ്ങളിൽ ഞാൻ എന്തോ അബദ്ധം ചെയ്യുമെന്നുള്ള ഭയത്തിലാണ്. അതിനെക്കുറിച്ചുള്ള ചിന്ത എന്നെ ഭയപ്പെടുത്തുന്നു.” ഈ യുവാവിന് ഭയപ്പെടാൻ നല്ല കാരണമുണ്ട്. ചില സന്ദർഭങ്ങളിൽ ആവശ്യമുള്ള ചട്ടങ്ങൾ വെക്കുന്നതിലെ മാതാപിതാക്കളുടെ പരാജയം വിപത്തിലേക്കു നയിച്ചിട്ടുണ്ട്.
ഉദാഹരണത്തിന്, ഒരു യുവാവ് തന്റെ പിതാവിന്റെ കാറ് മൂന്നു പ്രാവശ്യം തകർത്തു. അപകടങ്ങളെക്കുറിച്ച് കേട്ടപ്പോൾ “നിങ്ങളുടെ മകന് കാറോടിക്കാനറിയില്ല എന്ന് സ്പഷ്ടമാണ്. പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ വീണ്ടും വീണ്ടും അവന്റെ കൈയിൽ കാറ് കൊടുക്കുന്നത്?” എന്ന് പിതാവിന്റെ ജോലികളുടെ മേൽനോട്ടംവഹിക്കുന്നയാൾ പറയുകയുണ്ടായി. കാറോടിക്കുന്നതിൽനിന്ന് തടഞ്ഞുകൊണ്ട് മകന്റെ വികാരങ്ങളെ മുറിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് മറുപടി പറഞ്ഞു. അതുകൊണ്ട് അയാൾ തന്റെ കാറിന്റെ താക്കോലുകൾ മകന്റെ കൈയിൽ വീണ്ടും കൊടുത്തു—അത് അവസാനത്തേതായിരുന്നു.
പുത്രൻ കാർ കൊണ്ടുപോയ ശേഷം 20 മിനിററു കഴിഞ്ഞപ്പോൾ പിതാവിന് പോലീസിന്റെ ഒരു ഫോൺകോൾ ലഭിച്ചു. വന്ന് അംഗഭംഗം ഭവിച്ച തന്റെ മകന്റെ ശരീരം തിരിച്ചറിയാൻ വേണ്ടിയായിരുന്നു അത്. പോലീസ് പറഞ്ഞതനുസരിച്ച് മകൻ മണിക്കൂറിൽ 100-ൽ പരം മൈൽ സ്പീഡിൽ കാറോടിച്ച് ഒരു ടെലഫോൺ പോസ്ററ് തകർത്തു! “ഞാൻ അവനെ തടയണമായിരുന്നു. ഞാൻ കർശനം പാലിച്ചിരുന്നെങ്കിൽ അവൻ ഇന്ന് ജീവിച്ചിരുന്നേനെ” എന്ന് പിതാവ് വിലപിച്ചുപറഞ്ഞു.
എന്നാൽ നിയമങ്ങൾ നിങ്ങളെ അപകടങ്ങളിൽനിന്ന് രക്ഷിക്കുന്നതിനേക്കാളധികം ഗുണകരമാണ്. ഗൃഹജോലികളും ഗൃഹപാഠങ്ങളും ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുന്നതിനാൽ നിങ്ങളുടെ മാതാപിതാക്കൾ കഠിനാദ്ധ്വാനം ചെയ്യാൻ നിങ്ങളെ പഠിപ്പിക്കുകയാണ്. ഇത് എത്ര പ്രധാനമാണ്? അതെ, 456 കുട്ടികളുടെ ഒരു പഠനം ചെറുപ്പത്തിൽ ജോലി ചെയ്യുന്നതിനുള്ള പ്രാപ്തി വികസിപ്പിച്ചവരുടെയും വികസിപ്പിക്കാഞ്ഞവരുടെയും ജീവിതത്തിലെ വ്യത്യാസം താരതമ്യം ചെയ്തു. ഈ കുട്ടികൾ സ്കൂളിലും വീട്ടുജോലികളിലും ക്രമമായും നന്നായും പങ്കുപററിയോ എന്നതുപോലുള്ള കാര്യങ്ങൾ ഗവേഷകർ കണക്കിലെടുത്തു. ഏതാണ്ട് 30 വർഷങ്ങൾക്കുശേഷം ഈ ചെറുപ്പക്കാരിൽ മിക്കവരെയും വീണ്ടും സമീപിച്ചു.
ജോലികാര്യങ്ങളിൽ അധികം ശുഷ്കാന്തി കാണിച്ച കുട്ടികൾ വിവിധ ആളുകളുമായി സൗഹൃദബന്ധം ആസ്വദിക്കുന്നതിൽ മറെറ കൂട്ടരെക്കാൾ ഇരുമടങ്ങ് മുമ്പിൽ കാണപ്പെട്ടു. അവർക്ക് തങ്ങളുടെ ലൗകിക ജോലികളിൽ മററുള്ളവരേക്കാൾ കൂടുതൽ ശമ്പളം ലഭിക്കാനുള്ളള അഞ്ചിരട്ടി സാദ്ധ്യതയുണ്ടായിരുന്നു. നേരേമറിച്ച് ചെറുപ്പത്തിൽ ജോലികാര്യങ്ങളിൽ വളരെ മോശമായിരുന്നവർക്ക് വൈകാരികമായി വൈകല്യമുണ്ടായിരിക്കാനുള്ള 10 മടങ്ങ് സാധ്യതയും 47 വയസ്സാകുന്നതോടെ മരിക്കാനുള്ള 6 മടങ്ങ് സാധ്യതയുമുണ്ടായിരുന്നു! അതുകൊണ്ട് ഗൃഹപാഠത്തോടും ഗൃഹജോലികളോടുമുള്ള ബന്ധത്തിൽ നിങ്ങളുടെ മാതാപിതാക്കൾ വെക്കുന്ന ചട്ടങ്ങൾ അനുസരിക്കുന്നത് നിങ്ങളുടെ പിൽക്കാല ജീവിതത്തിൽ പ്രയോജനപ്രദമായിരുന്നേക്കാം.
അനുസരിക്കാൻ പ്രയാസമുള്ളപ്പോൾ
ചിലപ്പോൾ ഒരു ചട്ടം ലംഘിക്കുന്നതിലേക്ക് നയിക്കുന്നത് അശ്രദ്ധയായിരിക്കാം. നിങ്ങൾ ചട്ടങ്ങൾ സംബന്ധിച്ച് പലപ്പോഴും സ്വയം ഓർമ്മിപ്പിക്കേണ്ടതുണ്ടായിരിക്കാം. കൂടാതെ, ദാക്ഷിണ്യം കാട്ടുന്ന മററു മാതാപിതാക്കളെ നിരീക്ഷിക്കുന്നത് ‘എനിക്കിതെന്തുകൊണ്ടായിക്കൂടാ?’ എന്ന് ചിന്തിക്കാനിടയാക്കിയേക്കാം. നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളുടെ ക്ഷേമം വിലയിരുത്തേണ്ടതുണ്ടെന്ന് ഓർക്കുക. മററു മാതാപിതാക്കൾ കൂടുതൽ ദാക്ഷിണ്യം കാണിക്കുന്നെങ്കിൽ അവരും അവരുടെ കുട്ടികളും അന്തിമമായി ഗുരുതരമായ പ്രശ്നങ്ങളുടെ ഒരു വിള കൊയ്യും. എന്തുകൊണ്ടെന്നാൽ “ഒരു മനുഷ്യൻ വിതക്കുന്നതുതന്നെ അവൻ കൊയ്യുകയും ചെയ്യും.” (ഗലാത്യർ 6:7, 8) അതേ സംഗതി കൊയ്യാൻ നിങ്ങൾ എന്തിനാഗ്രഹിക്കണം?
ചിലപ്പോൾ ന്യായമല്ലെന്ന് നിങ്ങൾക്ക് തോന്നുന്ന ഒരു ചട്ടം നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചേക്കാം. അപ്പോൾ അതു ലംഘിക്കുകയെന്നതാണ് പ്രവണത. ഉചിതമായ സമയത്ത്, ആ ചട്ടം ന്യായമല്ലെന്ന് നിങ്ങൾക്കു തോന്നുന്നതെന്തുകൊണ്ടെന്ന് വിശദീകരിച്ചുകൊണ്ട് നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ മാതാപിതാക്കളുമായി എന്തുകൊണ്ട് ചർച്ച ചെയ്തുകൂടാ? രണ്ടു കൂട്ടർക്കും സ്വീകാര്യമായ ഒരു അനുരഞ്ജകചട്ടം മനസ്സിലുണ്ടായിരിക്കുന്നത് സഹായകമാണെന്ന് നിങ്ങൾ കണ്ടേക്കാം. എന്നാൽ മററു ചില സന്ദർഭങ്ങളിൽ അനുസരണക്കേടിനുള്ള കാരണം പകയായിരിക്കാം.
പതിനേഴു വയസ്സുള്ള ഒരു പെൺകുട്ടി അന്യോന്യം വഴക്കടിക്കുന്നതിൽ വ്യാപരിച്ചിരുന്ന തന്റെ മാതാപിതാക്കളുടെ ഉദാസീനതനിമിത്തം താൻ വൈകാരികമായി നഷ്ടമനുഭവിക്കുന്നതായി വിചാരിച്ചു. തന്റെ മാതാപിതാക്കളോട് കുപിതയായിട്ട് അവർ ഊന്നൽ നൽകിയിരുന്ന ബൈബിൾ തത്വങ്ങൾ ലംഘിക്കാൻ അവൾ തീരുമാനിച്ചു. അവൾ ട്രെയിനിൽ യാത്രചെയ്തപ്പോൾ കണ്ടുമുട്ടിയ ഒരു മനുഷ്യനുമായി ദുർവൃത്തിയിലേർപ്പെട്ടു. “ഞാൻ എന്റെ മാതാപിതാക്കളോട് ഒന്നു കടപ്പെട്ടിരിക്കുന്നതായി എനിക്കുതോന്നി” എന്ന് അവൾ പിന്നീട് പറഞ്ഞു. എന്നാൽ പകയോടുകൂടിയ പ്രവർത്തനത്താൽ അവൾക്കുതന്നെ യഥാർത്ഥത്തിൽ നഷ്ടം ഭവിച്ചു. അവളുടെ കോപം ഒരു തഴമ്പിച്ച മനസ്സാക്ഷിയിലേക്കു നയിച്ചു. അതിനുശേഷം അവൾ സ്കൂൾ ക്ലാസ്സുകൾ മുടക്കാൻതുടങ്ങുകയും മയക്കുമരുന്നുദുരുപയോഗത്തിലും വിൽപ്പനയിലും ഉൾപ്പെടുകയും ചെയ്തു.
നീതിമാനായ ഇയ്യോബിന് ഇങ്ങനെ മുന്നറിയിപ്പു ലഭിച്ചു: “കോപം നിന്നെ പകനിറഞ്ഞ [പ്രവർത്തനങ്ങളിലേക്ക്] വശീകരിക്കാതിരിക്കാൻ സൂക്ഷിക്കുക . . . നീ ഹാനികരമായതിലേക്ക് തിരിയാതിരിക്കാൻ സൂക്ഷിച്ചുകൊൾക.” (ഇയ്യോബ് 36:18-21) നിങ്ങൾക്ക് പക തോന്നുമ്പോൾ നിന്ന് ചിന്തിക്കുക: ‘എന്റെ അനുസരണക്കേട് എന്ത് കൈവരുത്തും? ഞാൻ എന്റെ മാതാപിതാക്കൾക്ക് തിരിച്ചടി നൽകുന്നതിനുവേണ്ടി ചട്ടങ്ങൾ ലംഘിച്ചാലും എന്റെ ദേഷ്യം ശമിച്ചതിനുദീർഘകാലശേഷവും, ജീവിതകാലം മുഴുവൻ അതിന്റെ ഫലങ്ങൾ ഞാൻ അനുഭവിക്കേണ്ടിവരികയില്ലേ?’ പകയോടെ പ്രവർത്തിക്കാതെ ശാന്തമായിരിക്കാനും സാഹസം പ്രവർത്തിക്കാതിരിക്കുന്നതിനുമുള്ള സമയമാണിത്.
ഒടുവിൽ, ചെറുപ്പക്കാർ തങ്ങളുടെ സ്വാതന്ത്ര്യം അവകാശപ്പെടുന്ന ഒരു സമയമാണ് കൗമാരം. ‘നിങ്ങൾ എന്നെ ഒരു കുട്ടിയെപ്പോലെയാണ് കരുതുന്നത്. എന്റെ ഗൃഹപാഠം, മുറി, നിശാനിയമം, ചമയം, സുഹൃത്തുക്കൾ, ഉറക്കസമയം, എന്നീ കാര്യങ്ങളിൽ ഉത്തരവാദിത്തമെടുക്കാൻ എന്നെ എന്തുകൊണ്ട് അനുവദിച്ചുകൂടാ?’ മിക്ക ചെറുപ്പക്കാരും തങ്ങളുടെ സ്വന്തം ചട്ടങ്ങൾ വെക്കുന്നതിൽ പ്രാപ്തരാണെന്ന് വിചാരിക്കുന്നു. എന്നാൽ ആരംഭത്തിൽ പറഞ്ഞ ജോൺ ഇത് പഠിച്ചു . . .
അനുസരണത്തിന്റെ മൂല്യം
“നിങ്ങൾ എന്നെ ‘ഭീരു’ എന്നു വിളിച്ചാൽ എനിക്ക് ഒരു പ്രശ്നവുമില്ല” എന്ന് ജോൺ ആ രണ്ടു പെൺകുട്ടികളോടു പറഞ്ഞു. “എനിക്ക് എന്റെ അമ്മയുടെ വാക്കനുസരിക്കേണ്ടതുണ്ട്.” പെൺകുട്ടികൾ വഴി കുറുകെ കടന്നപ്പോൾ അവൻ അനുസരണപൂർവം നടപ്പാത ഉപയോഗിച്ചു. കുറുകെ കടക്കവേ അവൻ ടയാറുകളുടെ കറകറശബ്ദം കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ രണ്ടു പെൺകുട്ടികളെയും ഇടിച്ചുതെറിപ്പിക്കുന്നതാണ് അവൻ കണ്ടത്. ഒരാൾ മറുവശത്തെ വഴിയിൽവീണ് വീണ്ടും വണ്ടിയിടിച്ചു മരിച്ചു. അവളുടെ സഹോദരിയുടെ കാൽ അരഞ്ഞുപോയി. പിന്നീട് അത് മുറിച്ചുകളഞ്ഞു.
തന്റെ സ്വന്തം ജീവിതാനുഭവം എത്ര പരിമിതമാണെന്ന് ഈ ദുരന്തം ജോണിനെ പഠിപ്പിച്ചു. ഈ രണ്ടു കുട്ടികൾ ഉൾപ്പെടെ മററനേകം ചെറുപ്പക്കാർ അപകടം കൂടാതെ വഴി കുറുകെ കടക്കുന്നത് അവൻ കണ്ടിട്ടുണ്ട്. എന്നാൽ അവന്റെ അമ്മയുടെ കൂട്ടികാരിയുടെ കുട്ടി ഏതാണ്ട് അഞ്ചു വർഷം മുമ്പ് ഇതേ വഴി കുറുകെ കടക്കാൻ ശ്രമിക്കവേ കൊല്ലപ്പെട്ടത് അമ്മ നന്നായി ഓർക്കുന്നുണ്ടായിരുന്നു. അവരുടെ വിപുലമായ ജീവിതാനുഭവം നിമിത്തം അവർ തന്റെ പുത്രനെ സംരക്ഷിക്കാൻ ചട്ടങ്ങൾ വെച്ചു.
ജോണിന്റെ അമ്മ തെൽമ പിന്നീട് ആ പെൺകുട്ടികളുടെ അമ്മയെ ആശ്വസിപ്പിക്കാൻ ചെന്നു. ദുഃഖാർത്തയായ അമ്മ ഇപ്രകാരം വിശദീകരിച്ചു: “നടപ്പാതയിലൂടെ പോകാൻ ഞാൻ എപ്പോഴും എന്റെ പെൺകുട്ടികളോട് പറഞ്ഞിട്ടുണ്ട്, പക്ഷേ അവർ കേൾക്കുകയില്ല. ഏതു വഴിയെയും പോകാൻ അവർ തീരുമാനിച്ചു. അവരും നിന്റെ മകനെപ്പോലെ അനുസരണമുള്ളവരായിരുന്നെങ്കിലെന്ന് ഞാൻ തീർച്ചയായും ആശിച്ചുപോകുകയാണ്.” അതെ, ജോണിന്റെ അനുസരണം അവന്റെ ജീവനെ രക്ഷിച്ചിരിക്കാം.
തീർച്ചയായും മാതാപിതാക്കളുടെ ഓരോ ചട്ടവും ലംഘിക്കുമ്പോഴെല്ലാം അത് ഒരു ജീവൻമരണപ്രശ്നമായിരിക്കുന്നില്ല. അൽപ്പം സാമർത്ഥ്യത്താൽ ചിലപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കൾ വെക്കുന്ന മിക്കവാറും ഓരോ ചട്ടവും മറികടക്കാൻ കഴിയും. എന്നാൽ നിസ്സാരകാര്യങ്ങളിലെ അനുസരണക്കേട് മാററം വരുത്താൻ പ്രയാസമായവിധം ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നേക്കാം. ഒരുവന്റെ ഹൃദയം തെററു ചെയ്യുന്നതിൽ കഠിനപ്പെട്ടുപോയേക്കാം.—സഭാപ്രസംഗി 8:11.
ജോണിന്റെ അനുസരണം അവന്റെ മാതാപിതാക്കൾ നിരീക്ഷിക്കുന്നുണ്ടോയെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. എന്തുകൊണ്ടെന്നാൽ ദൈവം അത്തരം അനുസരണം കൽപ്പിച്ചിട്ടുണ്ടെന്ന് അവനറിയാമായിരുന്നു. അവനെ പ്രസാദിപ്പിക്കുന്നതിനും അങ്ങനെ ഒരു നല്ല മനസ്സാക്ഷി പുലർത്തുന്നതിനും അവൻ ആഗ്രഹിച്ചു. (എഫേസ്യർ 6:1) അങ്ങനെയുള്ള അനുസരണം ഹൃദയത്തിൽനിന്നു വരണം. ഒരു ജ്ഞാനിയായ പിതാവ് തന്റെ കുട്ടിയെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “നിന്റെ ഹൃദയം എന്റെ വചനങ്ങളെ മുറുകെ പിടിക്കട്ടെ. എന്റെ കല്പനകൾ അനുസരിച്ച് തുടർന്ന് ജീവിക്കുക.”—സദൃശവാക്യങ്ങൾ 4:4. (g88 1/8)
[20-ാം പേജിലെ ചിത്രം]
നിങ്ങൾ നിങ്ങളുടെ മാതാപിതാക്കൻമാരുടെ ചട്ടങ്ങളെ എങ്ങനെ വീക്ഷിക്കണം?