ബൈബിളിന്റെ വീക്ഷണം
വിഭാഗീയ ആരാധന ദൈവത്തിന് സ്വീകാര്യമാണോ?
“വിഭാഗം” എന്ന പദം കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് എന്ത് കടന്നുവരുന്നു? തെരുക്കോണുകളിൽ വിചിത്രവേഷം ധരിച്ച് പാടുകയും ആടുകയും ചെയ്തുകൊണ്ടിരിക്കുന്ന ആളുകളുടെ സംഘങ്ങളെയോ? ഗ്രഹണാതീതനായ ഏതെങ്കിലും ഗുരുവിന്റെ മുമ്പിൽ കുമ്പിടുന്ന ഭക്തജനപ്രവാഹത്തെയോ? തട്ടിക്കൊണ്ടുപോയതൊ ദുരുപയോഗം ചെയ്തതോ ആയ കുട്ടികളെ സംബന്ധിച്ച ഭയപ്പെടുത്തുന്ന കഥകളാണോ? അല്ലെങ്കിൽ, ഒരുപക്ഷേ തുടർച്ചയായ കൊലപാതകങ്ങളെയോ കൂട്ടമായ ആത്മഹത്യകളെയോ സംബന്ധിച്ച ദാരുണമായ വിവരണങ്ങളോ?
സങ്കടകരമെന്ന് പറയട്ടെ, ഈ വിധത്തിലുള്ള റിപ്പോർട്ടുകൾ മിക്കപ്പോഴും, ഒരുപക്ഷേ ഒട്ടുമിക്കപ്പോഴും, പ്രത്യക്ഷപ്പെടുകതന്നെ ചെയ്യുന്നു. മിക്ക ആളുകൾക്കും, “വിഭാഗം” എന്ന വാക്ക്, വിചിത്രം, പാരമ്പര്യവിരുദ്ധം, ഒരുപക്ഷേ ഭീഷണം, എന്നതിന്റെ പര്യായമായിത്തീർന്നിരിക്കുന്നു എന്നതാണ് ഫലം. അവരെ സംബന്ധിച്ച്, വ്യവസ്ഥാപിത മുഖ്യധാരാസഭകളെന്ന് വിളിക്കപ്പെടുന്ന എല്ലാ മതസംഘങ്ങളും വിഭാഗങ്ങളാണ്. അത്തരത്തിലുള്ള ഒരു വീക്ഷണം വിലയുള്ളതാണോ? അധികം പ്രധാനമായി ബൈബിളിന്റെ വീക്ഷണം അതാണോ?
ഒരു മതവിഭാഗം എന്നാൽ എന്താണ്?
രസാവഹമായി, ഒന്നാം നൂററാണ്ടിലെ അനേകം യഹൂദൻമാരും യേശുക്രിസ്തുവിന്റെ, പ്രത്യേകിച്ച് അപ്പോസ്തലനായ പൗലോസിന്റെ അനുഗാമികളെക്കുറിച്ച്, അത്തരം ഒരു വീക്ഷണഗതിതന്നെ സ്വീകരിച്ചു. പൗലോസിന്റെ, യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവാർത്തയുടെ തീക്ഷ്ണമായ പ്രസംഗം നിമിത്തം യഹൂദ പ്രാമാണികർ അവനെ “ഒരു വിനാശകൻ എന്നും മുഴു നിവസിത ഭൂമിയിലുമുള്ള യഹൂദൻമാരുടെയിടയിൽ കലഹം ഇളക്കിവിടുന്നവൻ എന്നും നസ്രായമത വിഭാഗത്തിന്റെ നേതാവ്” എന്നും കുററപ്പെടുത്തി. (പ്രവൃത്തികൾ 24:5) “മതവിഭാഗം” എന്ന് ഇവിടെ ഭാഷാന്തരം ചെയ്തിരിക്കുന്നതിന്റെ ഗ്രീക്ക്പദമായ ഹെയ്റെസിസ്-ന്റെ അർത്ഥം “ഒരു തിരഞ്ഞെടുപ്പ്,” അതായത് “സാധാരണയായി അംഗീകരിക്കപ്പെട്ടിട്ടുള്ളതിന് വിപരീതമായ ഒരു അഭിപ്രായത്തിന്റെ തിരഞ്ഞെടുപ്പ്” എന്നാണ്. അപ്രകാരം ഒരു “മതവിഭാഗം” പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നതിൽനിന്ന് വ്യത്യസ്തമായ ഒരു ഗതിയൊ വിശ്വാസമൊ പിൻതുടരാൻ തീരുമാനിക്കുന്ന ആളുകളുടെ ഒരു കൂട്ടമൊ സംഘമൊ ആണ്.
യഹൂദ മതനേതാക്കൻമാർ പൗലോസും അവന്റെ സഹ ക്രിസ്ത്യാനികളും പ്രസംഗിച്ച ദൂത് വിപരീതവും തകിടംമറിക്കുന്നതും ആണെന്ന് കണ്ടെത്തി. അങ്ങനെ അവർ അവരെ ഒരു മതവിഭാഗം എന്ന് മുദ്രയടിച്ചു. എന്നാൽ അവർ ശരിയായിരുന്നോ? തീർച്ചയായും അല്ല, എന്തുകൊണ്ടെന്നാൽ ആ വഴിക്കുള്ള ന്യായവാദം വിലയുള്ളതായി നാം അംഗീകരിക്കുകയാണെങ്കിൽ അപ്പോൾ നസ്രായനായ യേശുവും അപ്പോസ്തലനായ പൗലോസും പ്രസംഗിച്ചവിധത്തിലുള്ള ക്രിസ്ത്യാനിത്വം ഒരു മതവിഭാഗം ആയിരുന്നു എന്ന് നാം പറയേണ്ടിവരും!
അതിന് തികച്ചും വിപരീതമായി, ബൈബിൾ “പരീശൻമാരുടെ വിഭാഗത്തെ”ക്കുറിച്ചും “സദൂക്യരുടെ വിഭാഗത്തെ”ക്കുറിച്ചും പറയുന്നു. (പ്രവൃത്തികൾ 15:5; 5:17) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ ബൈബിൾ പഠിപ്പിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു ഗതിയൊ വിശ്വാസമൊ പിൻപററാൻ തീരുമാനിച്ചു. യേശു ഇപ്രകാരം പറഞ്ഞുകൊണ്ട് അവരുടെ തെററ് ചൂണ്ടിക്കാട്ടി: “നിങ്ങൾ നിങ്ങളുടെ പാരമ്പര്യം നിലനിർത്തുന്നതിനുവേണ്ടി ദൈവത്തിന്റെ കൽപ്പനയെ കൗശലപൂർവം ദുർബ്ബലപ്പെടുത്തുന്നു. . . . അങ്ങനെ നിങ്ങൾ നിങ്ങളുടെ പാരമ്പര്യത്താൽ ദൈവവചനത്തെ വിലയില്ലാത്തതാക്കുന്നു.” (മർക്കോസ് 7:9, 13) അവർ വ്യവസ്ഥാപിതമായ മുഖ്യധാരാ മതം ആചരിക്കുന്നതായി പരിഗണിച്ചെങ്കിലും, അവർ ആ നാളുകളിലെ മതവിഭാഗങ്ങളായിരുന്നു.
ആ സ്വയനീതിക്കാരായ മതനേതാക്കൻമാർ കാർക്കശ്യത്തോടെ ശരി സംബന്ധിച്ച് തങ്ങളുടെ സ്വന്തം ആശയങ്ങളിൽ കടിച്ചുതൂങ്ങിക്കിടന്നതിനാൽ, അവർ യേശുവിനെ തള്ളിക്കളഞ്ഞു. അതിന്റെ ഫലമായി യേശു അവരോട് ഇപ്രകാരം പറഞ്ഞു: “അതുകൊണ്ടാണ് ദൈവരാജ്യം നിങ്ങളിൽ നിന്ന് എടുത്ത് അതിന്റെ ഫലം ഉൽപ്പാദിപ്പിക്കുന്ന ഒരു ജനതക്ക് കൊടുക്കും എന്ന് ഞാൻ നിങ്ങളോട് പറയുന്നത്.”—മത്തായി 21:43.
ഇന്നത്തെ മതവിഭാഗങ്ങൾ ഏവയാണ്?
ഇന്ന്, “മതവിഭാഗം” എന്ന പദം മത സംബന്ധമായ എഴുത്തുകാരും നിരൂപകരും മററുള്ളവരും തങ്ങളുടെ സ്വന്തം മതവിശ്വാസത്തെ എതിർക്കുന്ന ആർക്കുനേരെയും ചെളിവാരി എറിയുന്നതിന് യഥേഷ്ടം ഉപയോഗിക്കുന്നു. എന്നാൽ അത് വിധിക്കുന്നതിനുള്ള ഒരു ശരിയായ അടിസ്ഥാനമാണൊ? പകരം, യേശു നൽകിയ മാർഗ്ഗനിർദ്ദേശം പിൻപററുന്നതും അവരുടെ “ഫലങ്ങൾ” പരിശോധിക്കുന്നതുമല്ലയോ ഏററവും നല്ലത്? അവൻ ഇപ്രകാരം പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.”—മത്തായി 7:16.
ഈ മാനദണ്ഡമനുസരിച്ച്, നാം വായിക്കുന്ന അനേകം കൂട്ടങ്ങളെയും പ്രസ്ഥാനങ്ങളെയും നിശ്ചയമായും വിഭാഗങ്ങൾ എന്ന് വിളിക്കാം. “ആത്മാവിന്റെ ഫലങ്ങൾ” ഉൽപ്പാദിപ്പിക്കുന്നതിനു പകരം അവർ “വ്യഭിചാരം, അശുദ്ധി, അഴിഞ്ഞ നടത്ത, വിഗ്രഹാരാധന, ആത്മവിദ്യാചാരം” മുതലായവ ഉൾപ്പെടുന്ന “ജഡത്തിന്റെ പ്രവൃത്തികൾ” ധാരാളമായി പ്രകടമാക്കിയിരിക്കുന്നു. (ഗലാത്യർ 5:19-24) ഇവയിൽ അനേകത്തെയും സ്വീകൃതമതങ്ങൾ എന്ന് ഉചിതമായി പറയാൻ കഴിയും, എന്തുകൊണ്ടെന്നാൽ അവ ചില കരിസ്മാററിക്ക് നേതാക്കൻമാരെ വിഗ്രഹങ്ങളാക്കുകയും ദൈവവചനമായ ബൈബിളിന്റെ ഉപദേശങ്ങൾക്കു പകരം അവരുടെ ഉപദേശങ്ങൾ പിൻപററുകയും ചെയ്യുന്നു.
എന്നാൽ മുഖ്യധാരാമതങ്ങൾ എന്ന് വിളിക്കപ്പെടുന്നവയെ സംബന്ധിച്ചെന്ത്? കൊള്ളാം, അവ ധാർമ്മികനിഷ്ഠകളുടെ കാര്യത്തിൽ ബൈബിളിന്റെ ഉന്നതനിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നുവോ, അല്ലെങ്കിൽ അവ സംബന്ധിച്ച് അവക്ക് സ്വന്തമായ ആശയങ്ങൾ ഉണ്ടോ? (1 കൊരിന്ത്യർ 6:9, 10) യഥാർത്ഥ ശിഷ്യത്വത്തിന്റെ ഒരു അടയാളമെന്ന് യേശു പറഞ്ഞതുപോലെ അവർ തമ്മിൽ തമ്മിൽ സ്നേഹിക്കുന്നുണ്ടോ, അല്ലെങ്കിൽ അവർ യുദ്ധസമയങ്ങളിൽ അന്യോന്യം കൊല്ലുന്നതിന് ദേശീയത്വത്താലും രാഷ്ട്രീയത്താലും സ്വാധീനിക്കപ്പെടുകയാണോ? (യോഹന്നാൻ 13:35) യേശു ചെയ്തതുപോലെ ദൈവത്തിന്റെ നിശ്വസ്ത വചനമെന്ന നിലയിൽ അവർ ബൈബിളിന് പ്രഥമസ്ഥാനം കൊടുക്കുന്നുണ്ടോ, അതോ അവർ അതിനെ കെട്ടുകഥയായി മുദ്രയടിക്കുകയും അതിനു പകരം മാനുഷ തത്വജ്ഞാനങ്ങളെയും ദൈവം വെറുക്കുന്ന പരിണാമവാദ സിദ്ധാന്തത്തെയും അംഗീകരിക്കുകയാണോ? (യോഹന്നാൻ 17:17) മുഖ്യധാരാമതങ്ങൾ എന്ന് വിളിക്കപ്പെടുന്നവക്ക് “ആദരണീയത” ഉണ്ടെങ്കിലും അവ യഥാർത്ഥക്രിസ്ത്യാനിത്വമായിട്ട് കപടവേഷം ധരിച്ചിരിക്കുന്ന വ്യാജ മതവിഭാഗങ്ങൾ അല്ലാതെ മറെറാന്നുമല്ല എന്ന് വ്യക്തമാണ്.
നിങ്ങൾ ചെയ്യേണ്ടത്
യഥാർത്ഥ ക്രിസ്ത്യാനിത്വം ഒരു മതവിഭാഗമല്ല, അത് വിഭാഗങ്ങളായി നിൽക്കുന്നതുമല്ല. നിങ്ങൾ ഒരു മതത്തിന്റെ ഭാഗമാണെങ്കിൽ നിങ്ങളുടെ മതം പഠിപ്പിക്കുന്നതെന്തെന്നും അതിലെ അംഗങ്ങൾ എന്തു ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്നു എന്നും നിങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നത് അപ്പോൾ ഉചിതമാണ്. ഇവ പൂർണ്ണമായും ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയുള്ളതും അതിനോട് യോജിപ്പിലുമാണോ? അതോ നിങ്ങളുടെ സഭയെ ഒരു മതവിഭാഗമാക്കിത്തീർത്തുകൊണ്ട് അത് ബൈബിളിന്റെ ഉപദേശത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ഗതി തിരഞ്ഞെടുത്തിരിക്കുമോ? നിശ്ചയപ്പെടുത്തുന്നതിനുള്ള ഏക മാർഗ്ഗം ബൈബിളിന്റെ ഉൽസുകമായ പഠനം മാത്രമാണ്. (g88 1/8)
[23-ാം പേജിലെ ആകർഷകവാക്യം]
അപ്പോസ്തലനായ പൗലോസിനെ “നസ്രായമത വിഭാഗത്തിന്റെ ഒരു നേതാവ്” എന്ന കുററം ചുമത്തി
[23-ാം പേജിലെ ആകർഷകവാക്യം]
നിങ്ങളുടെ സഭ ബൈബിളിനെ ദൈവവചനമെന്ന നിലയിൽ പിന്താങ്ങുന്നുണ്ടോ അതോ അതിനെ കെട്ടുകഥയും പഴങ്കഥയുമായി മുദ്രയടിക്കുകയാണോ?