ചെറുപ്പക്കാർ ചോദിക്കുന്നു . . .
എനിക്ക് എങ്ങനെ ഒരു തകർന്ന ഹൃദയം ഒഴിവാക്കാൻ കഴിയും?
മനോരോഗ വിദഗ്ദ്ധനായ എറിക് ഫ്രോം ഇപ്രകാരം പ്രസ്താവിച്ചതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു: “പ്രേമം പോലെ ഇത്ര വലിയ പ്രതീക്ഷകളോടെയും പ്രത്യാശകളോടെയും ആരംഭിക്കുന്നതും ഇത്ര കൂടെക്കൂടെ പരാജയപ്പെടുന്നതുമായ ഒരു മാനുഷ സംരംഭം വേറെയില്ല.”
എന്നിരുന്നാലും ഒരു പ്രേമം പരാജയമടയുമ്പോൾ അതിന്റെ ഫലം മിക്കപ്പോഴും വേദനയും ഹൃദയത്തകർച്ചയുമാണ്. ഒരു ഹൃദയത്തകർച്ച ഒഴിവാക്കുന്നതിനുള്ള ഏകമാർഗ്ഗം ആദ്യംതന്നെ പ്രേമബന്ധങ്ങളിൽ ചെന്നുചാടുന്നത് ഒഴിവാക്കുക മാത്രമാണ് എന്നതാണ് ജീവിതത്തിലെ സങ്കടകരമായ വസ്തുത. ക്രിസ്ത്യാനികളെ സംബന്ധിച്ചടത്തോളം ഡെയിററിംഗ് ഗൗരവമുള്ള ഒരു സംഗതിയാണ്, അത് യോജിച്ച ഒരു വിവാഹ ഇണയെ തെരഞ്ഞെടുക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് എന്നത് സത്യം തന്നെ. എന്നിരുന്നാലും ഡെയിററിംഗിന്റെ പ്രകൃതം തന്നെ അതിനെ ഒരു പരീക്ഷണ പ്രക്രിയയാക്കിമാററുന്നു. അതുകൊണ്ട് ഏററം നല്ല ഉദ്ദേശ്യത്തോടെ രണ്ടുപേർ ഡെയിററിംഗ് ആരംഭിക്കുന്നതും പിന്നീട് വിവാഹ ഇണകളെന്നനിലയിൽ തങ്ങൾക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് അവർ കണ്ടെത്തുന്നതും അസാധാരണമല്ല.
ഇളംപ്രായത്തിലെ പ്രേമത്തിന്റെ അപകടങ്ങൾ
പ്രേമത്തിലെ ഏററം വലിയ അപകടം ഒരു പക്ഷേ കൗമാരപ്രായത്തിലെ ഡെയിററിംഗ് ആയിരിക്കാം. അത് വികാരം ഏററം ശക്തമായിത്തീരുന്ന “പ്രഫുല്ല യൗവനം”ആണ്. (1 കൊരിന്ത്യർ 7:36) ഡോക്ടർ ആരി കീവ് ഇപ്രകാരം നിരീക്ഷിക്കുന്നു: “മിക്ക ചെറുപ്പക്കാരെ സംബന്ധിച്ചടത്തോളവും വിപരീത ലിംഗവർഗ്ഗത്തിൽപ്പെട്ടവരുമായുള്ള ബന്ധങ്ങൾ . . . മിക്കപ്പോഴും അവരെ കുഴപ്പിക്കുന്ന ലൈംഗിക പ്രേരണകളുടെ സമൃദ്ധിയാൽ രൂക്ഷമാക്കപ്പെടുന്നു.” അതുകൊണ്ട് ചെറുപ്പക്കാർ വളരെ എളുപ്പത്തിൽ ‘പ്രേമത്തിൽ’ ചെന്നുചാടുന്നത് അതിശയമല്ല. ബാർബറാ എന്നു പേരായ യുവതി ഇങ്ങനെ അനുസ്മരിക്കുന്നു: “ഞാൻ ഈ മനുഷ്യനെ കണ്ടുമുട്ടി. ഞങ്ങൾ ഏതാണ്ട് ഒരു വർഷത്തോളം അന്യോന്യം കത്തുകൾ കൈമാറിയിരിക്കണം. പിന്നീട് അയാളുടെ കത്തുകളിലൊന്നിൽ എന്നെ സ്നേഹിക്കുന്നുവെന്ന് അയാൾ പറഞ്ഞു. ഞാൻ എന്നോടുതന്നെ പറഞ്ഞു, ‘ഞാൻ അയാളെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളു. എന്നെ സ്നേഹിക്കുന്നുവെന്ന് അയാൾക്കെങ്ങനെ പറയാൻ കഴിയും?’”
കൗമാരപ്രായക്കാർ വികാരങ്ങൾ നിയന്ത്രിക്കുകയും പരസ്പര പൊരുത്തത്തിന്റെ അടിസ്ഥാനത്തിൽ ഒരു ബന്ധം അന്വേഷിക്കുകയും ചെയ്യുമ്പോഴും അവർ പരസ്പര പൊരുത്തത്തിൽ തുടരാനുള്ള സാധ്യത കുറവാണ്! എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ കൗമാരപ്രായക്കാരന്റെ വ്യക്തിത്വം അപ്പോഴും അസ്ഥിരമായ ഒരവസ്ഥയിലാണ്. നിങ്ങൾ ആരാണെന്നും നിങ്ങൾ യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നതെന്നും നിങ്ങളുടെ ജീവിതംകൊണ്ട് എന്തു ചെയ്യാൻ പോകുന്നുവെന്നും നിങ്ങൾ അപ്പോഴും മനസ്സിലാക്കിവരുന്നതേയുള്ളു. ഇന്ന് വളരെ പ്രധാനമെന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ നാളെ നിങ്ങൾക്ക് ഒട്ടുംതന്നെ പ്രധാനമല്ലായിരുന്നേക്കാം. അപ്രകാരം കൗമാരപ്രേമങ്ങൾ അപൂർവമായി മാത്രം വിവാഹത്തിൽ അവസാനിക്കുന്നതും മിക്കപ്പോഴും തകർന്നുപോകുന്നതുമായ ബന്ധങ്ങളാണ്.
അതുകൊണ്ട് ബൈബിൾ ജ്ഞാനപൂർവം “പ്രഫുല്ല യൗവനം കഴിഞ്ഞവർക്കു” മാത്രം വിവാഹം ശുപാർശ ചെയ്യുന്നു. (1 കൊരിന്ത്യർ 7:36) ഒരു വ്യക്തി വളരെ ചെറുപ്പമായിരിക്കുമ്പോൾ ഡെയിററിംഗ് നടത്തുന്നതിനെ തീർച്ചയായും ഇതു വിലക്കുന്നു. ഈ ബുദ്ധിയുപദേശം അനുസരിക്കുന്നത് എളുപ്പമല്ലായിരിക്കാം, എന്നാൽ വിവാഹം ചെയ്യാൻ പ്രായമാകുന്നതുവരെ നിങ്ങൾ ഡെയിററിംഗിൽ ഏർപ്പെടാതിരിക്കുന്നുവെങ്കിൽ അതു തീർച്ചയായും “നിന്റെ ഹൃദയത്തിൽനിന്ന് വ്യസനം അകററി നിന്റെ ശരീരത്തിൽനിന്ന് അപകടം അകററിക്കളയും.”—സഭാപ്രസംഗി 11:10.
എടുത്തുചാടുംമുമ്പേ നോക്കുക
എന്നിരുന്നാലും അൽപ്പംകൂടി പ്രായം ഉണ്ടായിരിക്കുന്നതുമാത്രം ഒരുവനെ ഹൃദയത്തകർച്ചയിൽനിന്ന് സംരക്ഷിക്കുന്നില്ല. മുതിർന്നവർപോലും ചിലപ്പോൾ പ്രേമസംബന്ധമായ അപകടങ്ങളിൽ ചെന്നുചാടുന്നതെങ്ങനെയെന്ന് കാരൾ ബോട്ടുവിൻ പ്രേമജീവിതങ്ങൾ എന്ന അവളുടെ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു: “അവർ ബന്ധങ്ങളിലേക്ക് വളരെ വേഗം എടുത്തുചാടുന്നു. . . . അവർ വളരെവേഗം ഉൾപ്പെടാൻ ആഗ്രഹിക്കുന്നു.” നിങ്ങൾക്ക് കാര്യമായി പരിചയമില്ലാത്ത ഒരാൾക്ക് നിങ്ങളുടെ ഹൃദയം നൽകുന്നത് അതു തകർക്കാനുള്ള ഒരു സുനിശ്ചിത മാർഗ്ഗമാണ്.
“നിങ്ങൾ മുഖവിലയ്ക്കുമാത്രം കാര്യങ്ങളെ കാണുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ ക്രിസ്ത്യാനികളോട് പറഞ്ഞു. (2 കൊരിന്ത്യർ 10:7) ശാരീരിക സൗന്ദര്യത്തിന്റെ പേരിൽ മാത്രം ഒരു വ്യക്തിയുമായി പ്രേമത്തിലായിക്കൊണ്ട് അതുപോലൊരു തെററിൽ ചെന്നുചാടരുത്. അവൻ അല്ലെങ്കിൽ അവൾ ഏതുതരം വ്യക്തിയാണെന്ന് ആദ്യം തന്നെ കണ്ടുപിടിക്കാൻ ശ്രമിക്കുക. സുരക്ഷിതമായ ഒരകലത്തിൽ നിന്നുകൊണ്ട് ആ വ്യക്തിയെ പരിചയപ്പെടാനുള്ള അവസരമില്ലെങ്കിൽ നിങ്ങൾക്ക് താൽപ്പര്യം തോന്നിയിരിക്കുന്ന ആ വ്യക്തിയെപ്പററി മററുള്ളവർക്ക് നല്ല അഭിപ്രായമാണോ ഉള്ളത് എന്ന് നിങ്ങൾക്ക് വിവേകപൂർവം നിശ്ചയപ്പെടുത്താനാവും.
കാര്യപ്രാപ്തിയുള്ള ഒരു ഭാര്യയുടെ പ്രവൃത്തികൾ അവൾ “പട്ടണവാതിൽക്കൽ പ്രശംസിക്കപ്പെടാൻ” ഇടയാക്കുമെന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 31:31) അതുപോലെ ഒരു നല്ല ക്രിസ്തീയ സ്ത്രീക്കോ പുരുഷനോ ഒരു നല്ല കീർത്തിയുണ്ടായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാൻ കഴിയും. അയാൾക്കോ അവൾക്കോ ഒരു സംശയാസ്പദമായ രേഖയാണുള്ളതെങ്കിലോ—ഒരുപക്ഷേ ഒന്നിനു പുറകേ ഒന്നായി ബന്ധങ്ങൾ സ്ഥാപിക്കുകയും കാര്യം ഗൗരവമാകുമ്പോൾ പിൻമാറുകയും ചെയ്യുന്നെങ്കിലോ—സൂക്തിക്കുക! അടുത്തതായി ചവുട്ടിമെതിക്കപ്പെടുന്നത് നിങ്ങളുടെ വികാരങ്ങളായിരുന്നേക്കാം.
സത്യം സംസാരിക്കുക
ഒരുവന് നല്ല കീർത്തി ഉണ്ടായിരിക്കുമ്പോഴും താൽപ്പര്യം ഇരുപക്ഷത്തും ഉള്ളപ്പോഴും പോലും നിങ്ങളുടെ വിവാഹത്തിനുള്ള ആസൂത്രണങ്ങൾ ആരംഭിക്കാൻ സമയമായിട്ടില്ല. ഈ വ്യക്തിയെ കുറച്ചുകൂടി അടുത്തു പരിശോധിച്ചാൽ അയാളിൽ വ്യക്തിത്വം സംബന്ധിച്ച ഗൗരവതരമായ തകരാറുകളോ ആത്മീയ ബലഹീനതകളോ വെളിപ്പെട്ടുവന്നേക്കാം. അപ്പോൾ പിന്നെ അയാൾ യഥാർത്ഥത്തിൽ എങ്ങനെയുള്ള ആളാണെന്ന് എപ്രകാരമാണ് മനസ്സിലാക്കുക? ഒരുമിച്ച് ഉല്ലാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ തെറെറാന്നുമില്ലെങ്കിലും പ്രേമാഭ്യർത്ഥനവേളകൾ അവയുടെ ഉദ്ദേശ്യം നന്നായി നിറവേററുന്നതിന് അവയിൽ ഗൗരവതരമായ സ്വകാര്യ സംഭാഷണവുംകൂടെ ഉണ്ടായിരിക്കണം.—സദൃശവാക്യങ്ങൾ 15:22 താരതമ്യം ചെയ്യുക.
നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്? നിങ്ങളുടെ താൽപ്പര്യങ്ങൾ? കുട്ടികളുണ്ടായിരിക്കുന്നതുസംബന്ധിച്ച് നിങ്ങളുടെ വീക്ഷണങ്ങൾ എന്തൊക്കെയാണ്? പണം ചെലവഴിക്കുന്നതുസംബന്ധിച്ചെന്ത്? ഈ വ്യക്തിയെ നഷ്ടമായേക്കും എന്ന ഭയം നിമിത്തം സത്യം വളച്ചൊടിക്കാതെ നിങ്ങൾ ‘തമ്മിൽ തമ്മിൽ സത്യം സംസാരിക്കുന്നത്’ വളരെ പ്രധാനമാണ്. (എഫേസ്യർ 4:25) ഉടനെ അല്ലെങ്കിൽ പിന്നീട് എന്നെങ്കിലും നിങ്ങളിലെ യഥാർത്ഥ വ്യക്തി പുറത്തുവരും. നിരാശയിൽ അവസാനിപ്പിക്കേണ്ടിവരുന്ന ഒരു ബന്ധം ആരംഭിക്കുന്നതിനേക്കാളും ഒരു കഷ്ടതരമായ വിവാഹത്തേക്കാളും നല്ലത് നിങ്ങൾ ഏതു തരം വ്യക്തിയാണെന്നും നിങ്ങൾ ജീവിതത്തിൽനിന്ന് എന്താഗ്രഹിക്കുന്നുവെന്നും മറെറയാളെ അറിയിക്കുന്നതാണ്.
എന്നാൽ ബന്ധം നിലനിർത്തുന്നതിനുവേണ്ടി മറെറയാൾ കപടഭാവം കാണിക്കുന്നുവെങ്കിലെന്ത്? ബൈബിൾ ഇപ്രകാരം മുന്നറിയിപ്പ് നൽകുന്നു: “അനുഭവപരിചയമില്ലാത്തവൻ ഏതു വാക്കും വിശ്വസിക്കുന്നു, എന്നാൽ സൂക്ഷ്മ ബുദ്ധിയോ തന്റെ കാലടികളെ സൂക്ഷിക്കുന്നു.” (സദൃശവാക്യങ്ങൾ 14:15) നിങ്ങൾ അതിരുകടന്ന് ആളുകളെ സംശയിക്കണമെന്നല്ല, എന്നാൽ ഒരു വ്യക്തിയുടെ പ്രവർത്തനം അയാളുടെ അഥവാ അവളുടെ വാക്കുകൾക്ക് ചേർച്ചയിലാണോ എന്ന് വ്യക്തിപരമായി തിട്ടപ്പെടുത്തുന്നത് തികച്ചും ന്യായം മാത്രമാണ്.
അയാളോ അവളോ മുഖ്യസംഗതികളിൽ ഏതു നിലപാടുകാരാണ് എന്ന് ആദ്യം തന്നെ—പിന്നീട് ഇരുവരും വൈകാരികമായി ഉൾപ്പെട്ടശേഷമല്ല— കണ്ടുപിടിക്കണം. ഉദാഹരണത്തിന് ക്രിസ്തീയ ശുശ്രൂഷയിൽ തന്നെപ്പോലെതന്നെ ഉത്സാഹമുള്ള ഒരാളെയാണ് സ്ററീവ് വിവാഹഇണയായി അന്വേഷിച്ചിരുന്നത്. വളരെ ആകർഷകയായി തനിക്ക് തോന്നിയ ഒരു പെൺകുട്ടിയിൽ അയാൾ പെട്ടെന്നുതന്നെ തൽപ്പരനായിത്തീർന്നു. അയാൾ ഇപ്രകാരം അനുസ്മരിക്കുന്നു: “എന്നാൽ അവൾക്ക് ജീവിതത്തിൽ ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നുവെന്ന് ഞാൻ തിരിച്ചറിയാൻതുടങ്ങി, ഒരു ക്രിസ്ത്യാനിയെന്നനിലയിൽ അവൾ പ്രവർത്തനനിരതയുമായിരുന്നില്ല.” സ്ററീവ് ജ്ഞാനപൂർവം ആ ബന്ധം ഉപേക്ഷിച്ചു.
അസുഖകരമായ അടുപ്പം
ഹൃദയത്തകർച്ച ഒഴിവാക്കുന്നതിന്റെ മറെറാരു പ്രമുഖ വശത്തേക്ക് ഇത് വിരൽചൂണ്ടുന്നു. ജൂഡി അതുസംബന്ധിച്ച് ഇപ്രകാരം പറയുന്നു: “വൈകാരികമായി ഉൾപ്പെടുക എളുപ്പമാണെന്ന് ഞാൻ മുൻ അനുഭവങ്ങളിൽനിന്ന് പഠിച്ചിരിക്കുന്നു. ചിലപ്പോൾ നിങ്ങൾ ഒരു വ്യക്തിയുമായി വളരെ അടുപ്പത്തിലാകാൻ അനുവദിക്കുന്നു, നിങ്ങൾ അന്യോന്യം സ്നേഹിക്കുന്നില്ലെന്നു കണ്ടെത്തുമ്പോഴും നിങ്ങൾ വൈകാരികമായി വളരെയധികം ഉൾപ്പെട്ടിരിക്കുന്നു, മറെറയാളിന്റെ വികാരത്തെ മുറിപ്പെടുത്താൻ നിങ്ങൾക്ക് ഭയമാണ്.”
ബൈബിൾ കാലങ്ങളിലെ ശൂലേമ്യ പെൺകുട്ടി അനിയന്ത്രിതമായ പ്രേമവികാരങ്ങളുടെ ശക്തി വ്യക്തമായും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് ശക്തനായ ശലോമോൻ രാജാവ് തന്നോട് പ്രേമാഭ്യർത്ഥന നടത്തിയപ്പോൾ “പ്രേമത്തിനിഷ്ടമാകുന്നതുവരെ [തന്നിൽ] പ്രേമവികാരങ്ങൾ ഉണർത്തരുത്” എന്ന് അവൾ തന്റെ തോഴിമാരോട് പറഞ്ഞു. (ഉത്തമഗീതം 2:7) അതുപോലെ ആദ്യമായി ഒരാളുമായി പരിചയത്തിലാകുമ്പോൾ നിങ്ങളുടെ വികാരങ്ങളുടെമേൽ ശക്തമായ ഒരു പിടി ഉണ്ടായിരിക്കുന്നത് വിവേകമായിരിക്കും.
ഇതിൽ സമയത്തിനു മുമ്പേയുള്ളതും ഉചിതമല്ലാത്തതുമായ പ്രേമപ്രകടനങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടുന്നു. “ഒരു മനുഷ്യന് തന്റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീക്കനൽ കൊണ്ടുനടക്കാമോ?” എന്ന തത്വം ഇവിടെ ബാധകമാകുന്നു. (സദൃശവാക്യങ്ങൾ 6:27) ഒരു ബന്ധത്തിന്റെ ആരംഭദശയിൽത്തന്നെ ചുംബിക്കുന്നതും കരം ഗ്രസിക്കുന്നതും ഉപദ്രവകരമായിരുന്നേക്കാം. അത്തരം പ്രവർത്തനങ്ങൾ അധാർമ്മിക ലൈംഗിക വികാരങ്ങൾ ഉണർത്തുമെന്നുമാത്രമല്ല അത് സമനിലയേയും ന്യായബോധത്തെയും കീഴടക്കുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങൾ ഉണർത്തപ്പെട്ടിരിക്കുമ്പോൾ ഒരു വ്യക്തിയെപ്പററി നിങ്ങൾക്ക് സമനിലയോടുകൂടിയ ഒരു വിധി നടത്താൻ സാദ്ധ്യമല്ല. കൂടാതെ അതിരുകടന്ന സ്നേഹപ്രകടനങ്ങൾ ഈ ബന്ധം ഉപേക്ഷിക്കേണ്ടതായിവന്നാൽ ആ ഉപേക്ഷണത്തെ കൂടുതൽ വേദനാജനകമാക്കുകയേയുള്ളു.
ജൂഡി ഒടുവിൽ ഒരു ചെറുപ്പക്കാരനുമായി ഡെയിററിംഗ് ആരംഭിച്ചപ്പോൾ താൻ വിവാഹം കഴിക്കാനാഗ്രഹിച്ച ചെറുപ്പക്കാരൻ അയാൾ തന്നെയാണെന്ന് ഏതാണ്ട് ഉറപ്പാകുന്നതുവരെ സുരക്ഷിതമായ ഒരു അകലം നിലനിർത്തിക്കൊണ്ട് ആ ബന്ധം സാവകാശം വികാസം പ്രാപിപ്പിക്കുന്ന കാര്യത്തിൽ അവൾ ശ്രദ്ധിച്ചു. “അപ്പോൾ പിന്നീട് അയാളോടുള്ള എന്റെ വികാരങ്ങൾ വികാസം പ്രാപിക്കാനനുവദിക്കുന്നത് ഉചിതമാണെന്ന് ഞാനറിഞ്ഞു” എന്ന് അവൾ പറയുന്നു.
പ്രേമാഭ്യർത്ഥനയുടെ കാലഘട്ടത്തിൽ സന്തുഷ്ടിയും അസന്തുഷ്ടിയും ലഭിക്കുന്നതിനുള്ള സാദ്ധ്യതയുണ്ട്. നിങ്ങൾ അതെങ്ങനെ നിർവഹിക്കുന്നു എന്നതിന് അതിന്റെ അനന്തരഫലവുമായി അടുത്ത ബന്ധമുണ്ട്. ഒരു ബന്ധം ശുഭപര്യവസായിയായിരിക്കും എന്നതിന് ആർക്കും ഉറപ്പു പറയാനാവില്ല. എല്ലാ മുൻകരുതലുകളും സ്വീകരിച്ചശേഷവും ഹൃദയത്തകർച്ചകൾ സംഭവിക്കാം. എന്നിരുന്നാലും വിവാഹത്തിനു തയ്യാറുള്ളപ്പോൾ മാത്രം ഡെയിററിംഗിൽ ഏർപ്പെടുന്നതിനാലും നിങ്ങളുടെ വികാരങ്ങൾ നിയന്ത്രണത്തിൽ നിറുത്തുന്നതിനാലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിനാലും ഹൃദയത്തകർച്ച പരമാവധി കുറയ്ക്കുന്നതിനും ഒരു സന്തുഷ്ട വിവാഹത്തിനിടയാക്കുന്ന തരം പ്രേമാഭ്യർത്ഥനക്കുള്ള സാദ്ധ്യത പരമാവധി വർദ്ധിപ്പിക്കുന്നതിനും നിങ്ങൾക്ക് വളരെയധികം ചെയ്യാൻ കഴിയും. (g88 2/8)
[18-ാം പേജിലെ ചിത്രം]
കൗമാരപ്രേമങ്ങൾ അപൂർവമായി മാത്രം വിവാഹത്തിലേക്ക് നയിക്കുന്നു, എന്നാൽ മിക്കപ്പോഴും ഹൃദയവേദനയിലേക്ക്
[20-ാം പേജിലെ ചിത്രം]
വൈകാരികമായി ഉൾപ്പെടുന്നതിന് മുമ്പ് ഒരാളെ നന്നായി അടുത്തറിയുക