ശരീരം ജീവിതം ആസ്വദിക്കാൻ അത്ഭുതകരമായി നിർമ്മിക്കപ്പെട്ടത്!
മനുഷ്യശരീരം അത്ഭുതകരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്നും അത് യഥാർത്ഥത്തിൽ രൂപകൽപ്പനയുടെയും എഞ്ചിനിയറിംഗിന്റെയും ഒരു അത്ഭുതമാണെന്നും ശാസ്ത്രജ്ഞൻമാർ സമ്മതിക്കുന്നു. നമ്മുടെ ശരീരഭാഗങ്ങളെല്ലാം സാധാരണഗതിയിൽ പ്രവർത്തിക്കുമ്പോൾ തികച്ചും വിസ്മയാവഹങ്ങളായ കാര്യങ്ങൾ നമുക്ക് ചെയ്യാനും ആസ്വദിക്കാനും കഴിയും.
ദൃഷ്ടാന്തമായി, നിങ്ങളുടെ കൈകളെ നോക്കുക. അവ കളിയിലും ജോലിയിലും വളരെയധികം കാര്യങ്ങൾ നിർവഹിക്കാൻ വിശിഷ്ടമായി രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്പോൾത്തന്നെ, നിങ്ങൾ വായിക്കുന്ന ഈ മാസിക നിങ്ങളുടെ കൈകൾ പിടിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, മാസികയെ നിങ്ങളുടെ കണ്ണുകളിൽനിന്ന് ശരിയായ അകലത്തിൽ നിർത്തുന്നതിന് നിങ്ങളുടെ കൈകൾ ശരിയായ കോണത്തിൽ മടങ്ങിയിരിക്കുന്നു. അത് നിങ്ങളുടെ കൈകളിൽനിന്ന് വഴുതിപ്പോകാതെ തടയാൻ നിങ്ങളുടെ വിരലുകൾ ആവശ്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നിങ്ങൾ പേജ് മറിക്കുമ്പോൾ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതുതന്നെ ചെയ്യാൻ ആ വിരലുകൾ തലച്ചോറിനാൽ നിയന്ത്രിക്കപ്പെടുന്നു. കൈകൾ ഇല്ലായിരുന്നെങ്കിൽ എന്തു അസൗകര്യമായിരിക്കുമായിരുന്നു!
ഈ പേജുകൾ വായിക്കുന്നതിൽ നിങ്ങളുടെ കണ്ണുകളും ഉൾപ്പെട്ടിരിക്കുന്നു. പേജിൽനിന്ന് വാക്കുകളുടെയും ചിത്രങ്ങളുടെയും പ്രതിബിംബങ്ങൾ നിങ്ങളുടെ കണ്ണിലും അനന്തരം നിങ്ങളുടെ തലച്ചോറിലും പതിയുന്നതിന് നാഡികളുടെ അത്ഭുതകരമായ ഒരു വ്യൂഹവും മററു ശരീരഭാഗങ്ങളും പ്രവർത്തനനിരതമാകേണ്ടതുണ്ട്. കണ്ണു നിർമ്മിക്കുന്ന വൈദ്യുത ചോദനകൾ തലച്ചോറിലേക്കെത്തിക്കപ്പെടുന്നു, അവിടെ അവ പേജിലെ പ്രതിബിംബങ്ങളോട് ഒക്കുന്ന ദർശന ധാരണകളുളവാക്കുന്നതിന് ഉപയോഗിക്കപ്പെടുന്നു. നമ്മുടെ കാഴ്ചശക്തി എത്ര പ്രധാനമാണ്, അത് നഷ്ടപ്പെടുന്നത് എന്തോരു ദുരന്തമാണ്!
മനുഷ്യമസ്തിഷ്കത്തിന് ഏതാണ്ട് മൂന്നു റാത്തൽ തൂക്കമേയുള്ളു, നിങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങത്തക്കവണ്ണം ചെറുതുമാണ്. എന്നാൽ അത് ഒരത്ഭുതമാണ്, പ്രപഞ്ചത്തിലെ അത്യന്തം സങ്കീർണ്ണമായ സൃഷ്ടികളിലൊന്നുതന്നെ. അത് ചിന്തിക്കാനും കാണാനും തൊടാനും സംസാരിക്കാനും നമ്മുടെ ചലനങ്ങളെ സമന്വയിപ്പിക്കാനും നമ്മെ പ്രാപ്തരാക്കുന്നു. സങ്കീർണ്ണമായ ഈ തലച്ചോറിന്റെ സഹായത്താൽ നമുക്ക് മനോഹരങ്ങളായ സൂര്യാസ്തമയങ്ങളും രുചികരങ്ങളായ ഭക്ഷ്യങ്ങളും നമ്മുടെ മുഖത്തു തട്ടുന്ന ഒരു വേനൽക്കാല മാരുതനും ഭയജനകമായ പർവതങ്ങളുടെ മഹനീയദൃശ്യങ്ങളും ഒരു ശിശുവിന്റെ പുഞ്ചിരിയും ഒരു പുഷ്പത്തിന്റെ സൗരഭ്യവും നാം സ്നേഹിക്കുന്ന ഒരാളുടെ സ്പർശനവും നമുക്കാസ്വദിക്കാൻ കഴിയും—ഏറെയും നമ്മുടെ ഭാഗത്തെ ബോധപൂർവകമായ യാതൊരു ശ്രമവുംകൂടാതെതന്നെ. ഈ ഭയാദരവു ജനിപ്പിക്കുന്ന തലച്ചോറില്ലായിരുന്നെങ്കിൽ നാം യാതൊന്നും ആസ്വദിക്കുമായിരുന്നില്ല.
സങ്കീർത്തനക്കാരന്റെ വാക്കുകൾ എത്ര ഉചിതമാണ്: “ഒരു ഭയജനകമായ വിധത്തിൽ അത്ഭുതകരമായി ഞാൻ നിർമ്മിക്കപ്പെട്ടിരിക്കുന്നു”!—സങ്കീർത്തനം 139:14.
എന്നിരുന്നാലും, ഈ നല്ല ഉപകരണങ്ങളെല്ലാമുണ്ടെങ്കിലും ഒടുവിൽ ശരീരം തകരുന്ന ഒരു സമയം വരുന്നു. നാം രോഗികളായിത്തീരുകയും വാർദ്ധക്യംപ്രാപിക്കുകയും ചെയ്യുന്നു. അനന്തരം നാം മരിക്കുന്നു. നമുക്കു നല്ല ആരോഗ്യമുള്ളപ്പോൾ പോലും നമ്മുടെ ജീവിതാസ്വാദനം കുറഞ്ഞുപോകത്തക്കവണ്ണം ലോകത്തിൽ വളരെയധികം തിൻമയുണ്ട്. ഈ അഹിതകരമായ അവസ്ഥകൾ എല്ലായ്പ്പോഴും നിലനിൽക്കുമോ? അതോ നമ്മുടെ ശരീരങ്ങൾ യഥാർത്ഥത്തിൽ രോഗത്തിന്റെയും വാർദ്ധക്യത്തിന്റെയും മരണത്തിന്റെയും കെടുതികൾ കൂടാതെ എന്നേക്കും നിലനിൽക്കാൻവേണ്ടിയാണോ രൂപകൽപ്പനചെയ്യപ്പെട്ടിരിക്കുന്നത്?
ഉണരുക! ഈ കാര്യങ്ങൾ ചർച്ച ചെയ്യും. കൈ, കണ്ണ്, തലച്ചോർ എന്നിങ്ങനെ നമ്മുടെ ശരീരത്തിന്റെ അത്ഭുതകരമായ ചുരുക്കം ചില ഭാഗങ്ങളെക്കുറിച്ച് നാം ചർച്ചചെയ്യുന്നതായിരിക്കും. (g88 6/8)