ഒരു സംഗീതവിദഗ്ദ്ധൻ യഥാർത്ഥ ഐക്യം തെരഞ്ഞെടുക്കുന്നു
“ഉണരുക!” ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിലെ ഒരു സുപ്രസിദ്ധ സംഗീതവിദഗ്ദ്ധനെ ഇൻറർവ്യൂ ചെയ്യുന്നു.
ഹാൻസ്, നിങ്ങൾ ഒരു സംഗീതവിദഗ്ദ്ധൻ ആയിത്തീർന്നതെന്തുകൊണ്ട്?
ഒരു കുട്ടിയായിരുന്നപ്പോൾത്തന്നെ സംഗീതം എന്നെ ആകർഷിച്ചു. 1950-കളുടെ അവസാനത്തിൽ, ദി ഷാഡോസ്, ദി വെഞ്ചേഴ്സ് എന്നിങ്ങനെയുള്ള ഉപകരണസംഘങ്ങളുടെ ഗിത്താർസംഗീതത്തിൽ ഞാൻ പുളകിതനായി. ഞാൻ 11-ാം വയസ്സിൽ ഗിത്താർ പഠിക്കാൻ തുടങ്ങി.
പിന്നീട് ഞാൻ ക്ലാസിക്കൽ ഗിത്താർസംഗീതത്തിൽ തൽപരനാകുകയും എനിക്ക് 18 വയസ്സുണ്ടായിരുന്നപ്പോൾ അതു പഠിക്കാൻ തുടങ്ങുകയുംചെയ്തു. 1971-ൽ ഞാൻ ഫൈനൽപരീക്ഷകളിൽ ചേർന്നു. അത് എന്നെ ഒരു സംഗീതാദ്ധ്യാപകനെന്ന നിലയിൽ യോഗ്യതയുള്ളവനാക്കി. മൂന്നു വർഷക്കാലം ഞാൻ കുട്ടികളെ പഠിപ്പിച്ചു, ഒരു സംഗീതവിദ്യാലയത്തിലും പഠിപ്പിച്ചു. അപ്പോൾ മാത്രമാണ് ഞാൻ തൊഴിൽപരമായി “ലളിതസംഗീതം” വായിച്ചുതുടങ്ങിയത്.
ഞാൻ ഗിത്താറിൽ വായിച്ച “വേർഡി” എന്ന ഉപകരണസംഗീതം ഒററ രാത്രികൊണ്ട് ഹിററായത് ഏറെയും യാദൃച്ഛികമായിട്ടായിരുന്നു.
സംഗീതം നിങ്ങളുടെ ജീവിതത്തിൽ എന്തു പങ്കു വഹിക്കുന്നു?
എനിക്ക് ഇപ്പോഴും സംഗീതം വായിക്കുന്നതും ശ്രദ്ധിക്കുന്നതും ഇഷ്ടമാണ്—ഞാൻ അതുകൊണ്ടാണ് ഉപജീവനംതേടുന്നത്. എന്നാൽ നിങ്ങൾക്ക് നന്നായി അറിയാവുന്നതുപോലെ, ഇപ്പോൾ തികച്ചും വ്യത്യസ്തമായ ചിലത് എന്റെ ജീവിതത്തിൽ പ്രഥമസ്ഥാനത്തുണ്ട്.
അത് എങ്ങനെ സംഭവിച്ചു?
വോൾ എന്നു പേരുള്ള ഒരു പുതിയ തമ്പേർവിദഗ്ദ്ധൻ 1977-ൽ ഞങ്ങളുടെ സംഘത്തിൽ ചേർന്നു. അയാൾ യഹോവയുടെ സാക്ഷികളിൽ പെട്ട ഒരാളാണെന്ന് ഞങ്ങൾ മനസ്സിലാക്കിയ ഉടനേ, മതം ഒരു വ്യക്തിപരമായ കാര്യമായതുകൊണ്ട് അയാളുടെ വിശ്വാസത്തിൽ ഉൾപ്പെടാതിരിക്കാൻ ഞങ്ങൾ യോജിപ്പിലെത്തി.
ഞങ്ങൾ ഒരു പര്യടനത്തിനു പോയി. ധാർമ്മികനിഷ്ഠകളും പുകയിലയുടെ ഉപയോഗവും മതപെരുന്നാളുകളും സംബന്ധിച്ച അയാളുടെ വീക്ഷണങ്ങൾ ഞങ്ങളുടേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ഇത് മിക്കവാറും എല്ലാ ദിവസവും സജീവ ചർച്ചകളിലേക്കു നയിച്ചു. വോൾ തന്റെ ഉത്തരങ്ങൾക്ക് ബൈബിൾ ഉപയോഗിച്ചു, ഇത് എന്റെ താൽപര്യം വർദ്ധിക്കാനിടയാക്കി.
മുമ്പ് നിങ്ങൾ മതത്തെക്കുറിച്ച് എന്തു വിചാരിച്ചിരുന്നു?
എങ്ങനെയോ ഞാൻ എല്ലായ്പ്പോഴും ദൈവത്തിൽ വിശ്വസിച്ചിരുന്നു, എന്നാൽ ഞാൻ ഒരിക്കലും സ്വമേധയാ പള്ളിയിൽ പോയിരുന്നില്ല. ദൈവശാസ്ത്രം പഠിച്ചാലേ ബൈബിൾ മനസ്സിലാക്കാൻ കഴിയൂ എന്നാണ് ഞാൻ വിചാരിച്ചത്. എന്നിരുന്നാലും, എനിക്ക് വിശ്വാസത്തിനുള്ള ഒരു ഉറച്ച അടിസ്ഥാനം നൽകാൻ എന്റെ സഭക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല. അതിലെ വൈദികർ എന്നെ നിരാശപ്പെടുത്തി.
നേരേ മറിച്ച്, എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വോളിന് യഥാർത്ഥത്തിൽ കഴിഞ്ഞു. ദൃഷ്ടാന്തമായി, കയീന് അവന്റെ ഭാര്യയെ എവിടെ കിട്ടി എന്നതു സംബന്ധിച്ച മുൻചർച്ചകൾ ഒരിക്കലും വിജയകരമായി പര്യവസാനിച്ചിരുന്നില്ല. കയീൻ തന്റെ സഹോദരിമാരിൽ ഒരാളെ വിവാഹംചെയ്തുവെന്ന വിശദീകരണം എന്നെ തൃപ്തിപ്പെടുത്തി.—ഉൽപത്തി 4:17; 5:4.
വോൾ എനിക്ക് ഒരു ബൈബിൾ തന്നു. ഉടൻതന്നെ ഞാൻ അതു വായിച്ചുതുടങ്ങി. അയാൾ എനിക്കുവേണ്ടി കൊണ്ടുവന്ന ബൈബിൾ സാഹിത്യവും ഞാൻ വായിച്ചു. പിന്നീട് ഞാൻ ചോദ്യങ്ങൾകൊണ്ട് അയാളെ ബുദ്ധിമുട്ടിപ്പിച്ചുതുടങ്ങി. ഞാൻ പഠിച്ചുകൊണ്ടിരുന്ന അത്ഭുതകരമായ കാര്യങ്ങൾ എന്റെ ഭാര്യയായ ബിർജിററിനോടു ഞാൻ പറഞ്ഞു. ഞങ്ങളുടെ നിരന്തര ബൈബിൾ പഠനത്തിൽ അവൾ പങ്കെടുത്തപ്പോൾ എനിക്കെന്തു സന്തോഷമായിരുന്നു. അത് 1977 അവസാനത്തിലായിരുന്നു.
ബൈബിൾ പഠനം വളരെ പ്രതിഫലദായകമായിരുന്നു, പിന്നീട്?
ഉവ്വ്, തീർച്ചയായും. അത് ഞാൻ മിക്കപ്പോഴും സുഹൃത്തുക്കളുമായി ചർച്ചചെയ്തിരുന്ന ഒരു പ്രധാനപ്പെട്ട ചോദ്യത്തിനുള്ള ഉത്തരംസംബന്ധിച്ച് എന്റെ കണ്ണു തുറന്നു. ഞങ്ങൾ ഒരിക്കലും തൃപ്തികരമായ ഒരു ഉത്തരത്തിലെത്തിയിരുന്നില്ല. ഞങ്ങളിലോരോരുത്തരും സ്വന്തം ജീവിതതത്വശാസ്ത്രം വികസിപ്പിച്ചെടുത്തിരുന്നു.
നിങ്ങൾ ജനിക്കുന്നു, നിങ്ങൾ ജോലിചെയ്യുന്നു, നിങ്ങൾ എന്തെങ്കിലും നേടുന്നു, അനന്തരം നിങ്ങൾ മരിക്കുന്നു എന്ന വസ്തുതയാണ് എന്റെ സ്വന്തം മനസ്സിൽ മുന്തിനിന്നിരുന്നത്. എന്നാൽ അതു മാത്രമാണോ? ജീവിതത്തിന് എന്ത് ഉദ്ദേശ്യമാണുള്ളത്? ദൃഷ്ടാന്തമായി, ചില യുവജനങ്ങൾ ജീവിതം തികക്കുന്നതിനുമുമ്പ് വളരെ നേരത്തെതന്നെ രോഗബാധിതരായിത്തീരുന്നു. തീർച്ചയായും, അനേകർ മരണശേഷം എന്തോ തുടരുന്നുവെന്ന അസ്പഷ്ടമായ പ്രത്യാശയാൽ തങ്ങളേത്തന്നെ പുലർത്തുന്നു. എന്നാൽ അത് വിരക്തമായ ആശ്വാസമാണ്. ഇതിനു പുറമേ, അതിശക്തികൾ തമ്മിലും വ്യക്തികളുടെ ഇടയിലും നിലവിലുള്ള ശത്രുതകൾക്കു പരിഹാരംവരുത്തുന്നതിന് മനുഷ്യർക്ക് മാർഗ്ഗമില്ലെന്നും ഞാൻ നിരീക്ഷിച്ചു.
നമ്മുടെ പ്രയോജനത്തിനുവേണ്ടി എഴുതപ്പെട്ട ദൈവവചനത്തിൽനിന്ന് ഒരു വ്യക്തിക്ക് എത്രമാത്രം പഠിക്കാൻ കഴിയുമെന്നു കണ്ടുപിടിച്ചതിൽ ഞാൻ ആഴമായി ഉത്തേജിതനായി. അത് അവ്യക്തമായ ഒരു പ്രത്യാശയല്ല, പിന്നെയോ ദൃഢവും നല്ല അടിസ്ഥാനമുള്ളതുമായ ഒരു പ്രത്യാശയാണ് നൽകിയത്. ബൈബിൾപഠനം ലോകപ്രശ്നങ്ങൾ സംബന്ധിച്ച് നിരാശനാകാതിരിക്കാനും എന്നെ സഹായിച്ചു. യഥാർത്ഥത്തിൽ, അവയെ നേരിടേണ്ടതെങ്ങനെയെന്ന് അത് എനിക്കു കാണിച്ചുതന്നു.
വോൾ വളരെയകലെ താമസിച്ചിരുന്നതുകൊണ്ട് അടുത്തു താമസിച്ചിരുന്ന ഗേഹാഡ്, ബാർബരാ എന്നീ ദമ്പതികൾ എന്നെ സന്ദർശിക്കാൻ അദ്ദേഹം ക്രമീകരിച്ചു. അദ്ദേഹം എന്നെപ്പോലെ ഒരു സംഗീതവിദഗ്ദ്ധനായിരുന്നു. ഞാൻ ഒരു സ്ററുഡിയോയിൽ ജോലിചെയ്തുകൊണ്ടിരുന്നപ്പോൾ ചിലപ്പോഴൊക്കെ ഞാൻ ഗേഹാഡിനെ കാണുമായിരുന്നു. എന്നാൽ അദ്ദേഹത്തിന് വന്ന മാററത്തിൽ ഞാൻ അതിശയിച്ചുപോയി.
നിങ്ങൾ അർത്ഥമാക്കുന്നത് ഏതു മാററങ്ങളെയാണ്?
നീട്ടിയ മുടിയോടുകൂടിയ ഒരു പോപ്സംഗീതവിദഗ്ദ്ധനെന്ന നിലയിലാണ് ഞാൻ ഗേഹാഡിനെ ഓർത്തിരുന്നത്. അദ്ദേഹത്തിന് മന്ത്രവാദിനിയുടെ ഒരു മുഖഭാവമാണുണ്ടായിരുന്നത്. ചിലപ്പോഴൊക്കെ അയാൾ മയക്കുമരുന്നും ഉപയോഗിച്ചിരുന്നു. മററു പ്രകാരത്തിലും അഴിഞ്ഞ ജീവിതമാണ് അയാൾ നയിച്ചിരുന്നത്. ഇപ്പോൾ അയാൾക്ക് മിക്കവാറും തിരിച്ചറിയാൻ കഴിയാത്തവിധം മാററം വന്നിരുന്നു. അദ്ദേഹം ശാന്തനും സമനിലയുള്ളവനുമായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ ആകാരം നിർമ്മലവും ക്രമീകൃതവുമായിരുന്നു. ഇത് എന്നിൽ വളരെയധികം മതിപ്പുളവാക്കി.
ഉടനേതന്നെ, ഞങ്ങൾ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ട് ആഴ്ചയിൽ മൂന്നോ നാലോ മണിക്കൂർ ബൈബിൾ പഠിച്ചുതുടങ്ങി. ഞാൻ പുകവലിക്കാഞ്ഞതുകൊണ്ടും മയക്കുമരുന്നുപയോഗിക്കാഞ്ഞതുകൊണ്ടും ദുർമ്മാർഗ്ഗജീവിതം നയിക്കാഞ്ഞതുകൊണ്ടും ഞാൻ ജീവിതത്തിൽ വളരെയധികം മാററങ്ങൾ വരുത്തേണ്ടതില്ല എന്നു ഞാൻ വിചാരിച്ചു. എന്നാൽ ഞാൻ ദൈവത്തെ അറിഞ്ഞുതുടങ്ങിയപ്പോൾ ക്രിസ്ത്യാനികൾ ദൈവത്തിൽനിന്ന് അന്യപ്പെട്ടുപോയ ലോകത്തിന്റെ ഭാഗമല്ലെന്ന് എനിക്കു മനസ്സിലായി. ഇത് എന്റെ മനഃസാക്ഷിക്ക് മൂർച്ചകൂട്ടി.
യഹോവയുടെ സാക്ഷികളെ നിങ്ങൾക്കു വളരെ ഇഷ്ടപ്പെട്ടതെന്തുകൊണ്ടായിരുന്നു?
ഒരു രാജ്യഹാളിലേക്കുള്ള ഞങ്ങളുടെ ആദ്യത്തെ സന്ദർശനം ഞാൻ ഇപ്പോഴും ഓർക്കുന്നു. അവിടെ വന്നിരുന്ന ആളുകൾ എനിക്കു പരിചയമുണ്ടായിരുന്നവരിൽനിന്ന് വളരെ വ്യത്യസ്തരായിരുന്നു. അവർ അന്യോന്യം സ്വാഗതംചെയ്യുകയും സ്നേഹവും സൗഹൃദവും പ്രസരിപ്പിക്കുകയുംചെയ്തു—ഐക്യവും.
മ്യൂണിച്ചിൽ 1978-ൽ നടന്ന “വിജയപ്രദ വിശ്വാസ” സർവദേശീയ സമ്മേളനത്തിൽ എനിക്ക് ഇതിനെക്കുറിച്ച് പൂർവാധികം ബോദ്ധ്യമുണ്ടായി. ഇവിടെയും ഹാജരായിരുന്നവർ മര്യാദയുള്ളവരായിരുന്നു, പരിപാടി അവധാനപൂർവം ശ്രദ്ധിക്കുകയുംചെയ്തിരുന്നു. കൺവെൻഷനുശേഷം ഉടനെതന്നെ എനിക്ക് “സാധാരണക്കാരായ” ബവേറിയക്കാരുടെ ഒരു സദസ്സിൽ സംഗീതത്തിനുവേണ്ടി പോകണമായിരുന്നു. അന്നു സന്ധ്യക്ക് ഹാജരായിരുന്നവരിൽ ചിലർ മദ്യലഹരിയുടെ സ്വാധീനത്തിൽ പിച്ചാത്തികൊണ്ടുള്ള ഒരു വഴക്ക് നടത്തി.
യഹോവയുടെ സാക്ഷികൾക്ക് മറെറാരു വ്യത്യാസമുണ്ടായിരുന്നു. ലോകം പ്രശസ്തരുടെ കാര്യത്തിൽ വലിയ ബഹളം കൂട്ടുന്നു. മുമ്പ് ഞാൻ പോകുന്നിടത്തൊക്കെ “അത് റിക്കി കിംഗ് ആണ്” എന്ന വാർത്ത പെട്ടെന്ന് പരക്കുമായിരുന്നു! എന്നാൽ ഇവിടെ അതു വാസ്തവമായിരുന്നില്ല. സാന്ദർഭികമായി, എന്റെ യഥാർത്ഥ പേരിൽ എന്നെ സംബോധനചെയ്യുന്നത് എനിക്ക് വളരെ അർത്ഥവത്താണ്. എന്റെ പാസ്പോർട്ടിൽ രജിസ്ററർചെയ്തിരിക്കുന്ന എന്റെ സ്റേറജ്പേരാണ് ഞാൻ ഉപയോഗിക്കുന്നത്. എന്റെ തൊഴിലിനോടു ബന്ധപ്പെട്ട ബിസ്സിനസ്സ്മാത്രം അതുപയോഗിച്ചു എനിക്ക് നടത്താൻ കഴിയും.
കാലക്രമത്തിൽ, കൂടുതലായ മാററങ്ങൾ ആവശ്യമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സംഗീതം എന്റെ ജീവനായിരുന്നു. സകലവും അതിൽ ചുററിത്തിരിഞ്ഞിരുന്നു. എന്റെ ഭാര്യ ഈ ജീവിതശൈലിയോടു പൊരുത്തപ്പെട്ടിരുന്നു. എന്നാൽ ഇത്ര പൂർണ്ണമായി സംഗീതത്തിൽ ലയിച്ചിരിക്കാൻപാടില്ലെന്നും ജീവിതത്തിലെ അതിപ്രധാന സംഗതി അതല്ലെന്നും ഇപ്പോൾ ഞാൻ മനസ്സിലാക്കി. ഞങ്ങൾ കൂടുതലായി പുരോഗമിക്കുകയും 1979-ൽ യഹോവയുടെ സാക്ഷികളായി സ്നാപനമേൽക്കുകയും ചെയ്തു.
നിങ്ങളുടെ സ്വന്തം അനുഭവത്തിൽനിന്ന് സംഗീതത്തിന് ആളുകളുടെമേലുള്ള സ്വാധീനത്തെക്കുറിച്ച് ചിലതു ഞങ്ങളോടു പറയാമോ?
ഉവ്വ്, സംഗീതം വികാരങ്ങളെയും പ്രവണതകളെയും ആകർഷിക്കുന്നു. അതിന് അവയെ തീവ്രമാക്കാൻ കഴിയും. ചില തരം സംഗീതത്തിന് ആളുകളുടെമേൽ നവോൻമേഷപ്രദവും ആശ്വാസദായകവുമായ ഒരു ഫലമുണ്ട്, അത് അവരെ ഒരു ഇണക്കമുള്ള ഭാവത്തിലാക്കുന്നു. ഇത്തരം സംഗീതം ലയത്തിനും സുസ്വരതക്കും ഊന്നൽ കൊടുക്കുന്നു, തട്ടിനോ താളത്തിനോ അല്ല.
എന്നാൽ കടുത്ത റോക്ക് സംഗീതം ശ്രോതാക്കളിൽ സമരോൽസുകവും ഉഗ്രവുമായ ഭാവം ഉളവാക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്, അവർ സ്റേറജിനു മുമ്പിൽ ബഹളം കൂട്ടുകയുണ്ടായി. അങ്ങനെയുള്ള സംഗീതത്തിന്റെ തട്ടോടുകൂടിയ താളം ആളുകളുടെ വികാരങ്ങൾ ഇളക്കിവിടാൻ പ്രേരിപ്പിക്കുന്നു.
ശ്രദ്ധിക്കുന്നതിനുള്ള സംഗീതം തെരഞ്ഞെടുക്കുന്നതിൽ എന്തു പരിഗണിക്കണമെന്ന് നിങ്ങൾ വിചാരിക്കുന്നു?
ചില റെക്കോഡുകൾ ആത്മാചാരത്തെയും പിശാചാരാധനയെയും പ്രോൽസാഹിപ്പിക്കുന്നുവെന്ന് മനസ്സിലാക്കിയപ്പോൾ അവ ഞാൻ ചവററുകൊട്ടയിൽ തള്ളിയിട്ടുണ്ട്. അത്തരം റക്കോഡുകളുടെ കവറുകളിൽനിന്ന് അല്ലെങ്കിൽ അവയുടെ വാചകങ്ങളിൽനിന്ന് നിങ്ങൾക്ക് സാധാരണഗതിയിൽ അവയെ തിരിച്ചറിയാൻ കഴിയും.
ഗാനത്തിന്റെ വാചകങ്ങളുടെ സ്വാധീനത്തെ താഴ്ത്തി മതിക്കുന്നത് ഒരു തെററാണ്. എല്ലാ അഭിരുചിക്കാർക്കും പററിയ എന്തെങ്കിലും ചേർക്കാൻ രചയിതാക്കൾ ശ്രദ്ധിക്കുന്നതായി തോന്നുന്നു. യുവസംഗീതസംഘങ്ങൾ മിക്കപ്പോഴും വ്യക്തിപരമായ അവരുടെ സ്വന്തം പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തി ഗാനങ്ങൾ രചിക്കുന്നു. ഇവ യുവാക്കളെ ശക്തമായി ആകർഷിക്കുന്നു, മിക്കപ്പോഴും അവർക്ക് വാക്കുകൾ കാണാപ്പാഠമാണ്. വാചകങ്ങൾ മയക്കുമരുന്നുദുരുപയോഗത്തിന്റെയും അമിതമദ്യപാനത്തിന്റെയും അല്ലെങ്കിൽ ദുർമ്മാർഗ്ഗത്തിന്റെയും “സ്വാതന്ത്ര്യം” രുചിക്കാൻ അവരെ പ്രോൽസാഹിപ്പിച്ചേക്കാം. “സ്വാതന്ത്ര്യ”ത്തിന്റെ പൂർണ്ണമായ ആസ്വാദനം അതിന്റെ സ്വന്തം പ്രശ്നങ്ങൾ കൈവരുത്തിയിരിക്കുന്നുവെന്നതു സ്പഷ്ടമായതുകൊണ്ട് ഈ അനുവാദാത്മക പ്രവണതക്ക് അതിന്റെ ശക്തിയിൽ കുറെ ഇന്ന് നഷ്ടമായിട്ടുണ്ട്.
വിനോദത്തിനും ഡാൻസിംഗിനുംവേണ്ടിയുള്ള സംഗീതത്തിന് തെററായ മോഹങ്ങളും ഉണർത്താൻ കഴിയും. സംഗീതവിദഗ്ദ്ധൻ സന്തോഷത്തെയും ആർദ്രതയെയുംകുറിച്ച് പാടുന്നു. അവ തങ്ങളുടെ പങ്കാളിയിൽ ഇല്ലെന്ന് അനേകം ശ്രോതാക്കൾക്ക് തോന്നിയേക്കാം. കലാകാരൻ മിക്കപ്പോഴും താൻ പാടുന്നതുമായി താദാത്മ്യത്തിലാകുന്നു. എനിക്കറിയാവുന്ന ചില കലാകാരൻമാർ ഈ കാരണത്താൽ യഥാർത്ഥത്തിൽ സ്ത്രീകളുടെ ഇഷ്ടരാണ്.
മനഃസങ്കൽപ്പങ്ങളുടെ ഈ ലോകത്തിൽ ഒരുവൻ മുങ്ങിക്കഴിഞ്ഞാൽ അത് അയാൾ കലാപ്രകടനക്കാരനെ വിഗ്രഹമാക്കുന്നതിലേക്കു നയിച്ചേക്കാം. ഒരു വ്യക്തി ഒരു സ്മരണികയെന്ന നിലയിൽ ഒരു ഓട്ടോഗ്രാഫ് ചോദിച്ചുകൊണ്ട് തീർത്തും നിരുപദ്രവകരമായി അതിനു തുടക്കമിട്ടേക്കാം. എന്നാൽ ചിലർ കലാകാരനെ തങ്ങളുടെ ആദർശപുരുഷനായി വീക്ഷിക്കാനിടയായേക്കാം, അയാളെ ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനാൽ അവർ അയാളെ വിഗ്രഹമാക്കുന്നു. അവർ താരത്തിന്റെ ചിത്രം ചുവരിൽ തൂക്കിയേക്കാം, അയാളെപ്പോലെ വസ്ത്രധാരണം നടത്താനും ചമയാനും തുടങ്ങുകയും ചെയ്തേക്കാം. അങ്ങനെ അവർ സ്വന്തം വ്യക്തിത്വം വെച്ചൊഴിയുന്നു. ആരാധന ദൈവത്തിനുമാത്രമുള്ളതാണെന്ന് ക്രിസ്ത്യാനികൾ മനസ്സിൽപിടിക്കേണ്ടതുണ്ട്.
തൊഴിൽപരവും ക്രിസ്തീയവുമായ കടപ്പാടുകളെ സംയോജിപ്പിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു?
ഒരു സംഘത്തോടുകൂടെ പര്യടനംനടത്തിക്കൊണ്ട് ഞാൻ ഉപജീവനംതേടേണ്ടിയിരുന്നെങ്കിൽ ഞാൻ ഒരു സംഗീതവിദഗ്ദ്ധനായി തുടരാൻ ആഗ്രഹിക്കുമായിരുന്നില്ല. മുമ്പ് ഞാൻ എല്ലാ വാരങ്ങളിലും സഞ്ചരിക്കേണ്ടിയിരുന്നപ്പോൾ ലോകത്തിൽനിന്നുള്ള സമ്മർദ്ദം കൂടുകയായിരുന്നുവെന്ന് ഞാൻ കണ്ടു. ഞാൻ ദുർബലനാകുകയുമായിരുന്നു. വാരംതോറുമുള്ള ക്രിസ്തീയ മീററിംഗുകളും എന്റെ സഹക്രിസ്ത്യാനികളുമായുള്ള സഹവാസവും എനിക്ക് അടിയന്തിരമായി എത്രയധികം ആവശ്യമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു! ഇപ്പോൾ എന്റെ സാഹചര്യം മാറിയ സ്ഥിതിക്ക് യഹോവയുടെ സാക്ഷികളുടെ പ്രാദേശികസഭയിലെ ഒരു മൂപ്പൻ എന്ന നിലയിൽ എനിക്കുള്ള കൂടുതലായ ഉത്തരവാദിത്തങ്ങൾ കൈകാര്യംചെയ്യാൻ എനിക്കു കഴിയുന്നുണ്ട്.
ഞാൻ ഇപ്പോൾ വീട്ടിലിരുന്ന് സംഗീതം രചിക്കുന്നു. പിന്നീട് ഒരു സ്ററുഡിയോയിൽ റക്കോഡിംഗ് നടത്തുന്നു. ചില സമയങ്ങളിൽ ഗംഭീരപ്രദർശനങ്ങളിൽ ഞാൻ സ്റേറജിൽ പരിപാടി നടത്തുന്നു. അതിന്റെ അർത്ഥം ഞാൻ വീട്ടിൽനിന്ന് ചുരുങ്ങിയ സമയത്തേക്കുമാത്രമേ മാറിനിൽക്കുന്നുള്ളുവെന്നാണ്. സ്വാഭാവികമായി, ക്രിസ്മസിനും പുതുവർഷപ്പിറവിക്കും കാർണിവെൽസമയത്തും ഞാൻ സ്റേറജിൽ പരിപാടി നടത്തുന്നില്ല, എന്നാൽ സംഗീതവിദഗ്ദ്ധൻമാർക്ക് ആ സമയങ്ങളിലാണ് ഏററവും കൂടുതൽ വരുമാനം ലഭിക്കുന്നത്. നിരന്തരം പരിപാടിനടത്തുന്നത്, മിക്കവാറും എല്ലാ സന്ധ്യകളിലും സംഗീതാലപനംനടത്തുന്നത്, എന്റെ വിലപ്പെട്ട വിശ്വാസത്തെ തകരാറിലാക്കും.
ഒരു പുതിയ വ്യവസ്ഥിതിയെ സംബന്ധിച്ച ബൈബിൾപ്രത്യാശ കണ്ടെത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അത് സാദ്ധ്യമാകുന്നിടത്തോളം പേർക്ക് എത്തിച്ചുകൊടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഞാൻ രാജ്യസന്ദേശം വഹിച്ചുകൊണ്ട് അയൽപ്രദേശങ്ങളിൽ ക്രമമായി വീടുതോറും പോകുന്നുണ്ട്. എന്റെ സ്വന്തസമയത്തെ ക്രമീകരിക്കാൻ എനിക്കു കഴിയുന്നതുകൊണ്ട് ഞാൻ മിക്കപ്പോഴും താൽപ്പര്യക്കാരുമായി ഉച്ചസമയത്ത് ബൈബിളദ്ധ്യയനം നടത്തുന്നു. നാലംഗങ്ങളുള്ള ഒരു കുടുംബത്തെ ബൈബിൾസത്യം കാണാൻ സഹായിച്ചതിൽ എന്റെ ഭാര്യക്കും എനിക്കും ആഹ്ലാദമനുഭവപ്പെട്ടു.
നിങ്ങൾ ഭാവിയെ എങ്ങനെ വീക്ഷിക്കുന്നു?
ആയുധമത്സരത്തെയും വിശപ്പിനെയും പരിസരമലിനീകരണത്തെയും ലോകത്തിലെ മററു പ്രശ്നങ്ങളെയും കുറിച്ചു ഞാൻ ചിന്തിച്ചപ്പോഴൊക്കെയും ജീവിതത്തിന് എന്തെങ്കിലും ഉദ്ദേശ്യമുണ്ടോയെന്ന് ഞാൻ എന്നോടുതന്നെ ചോദിക്കുമായിരുന്നു—ഒരു മാററത്തിന്റെ യഥാർത്ഥപ്രത്യാശയില്ലെന്നു വിചാരിക്കുകയും ചെയ്തിരുന്നു. ദൈവത്തിന് എല്ലാററിന്റെയും നിയന്ത്രണമുണ്ടെന്നറിയാവുന്നതിനാൽ എനിക്കിപ്പോൾ കാര്യങ്ങൾ സംബന്ധിച്ച് ഒരു വ്യത്യസ്തവീക്ഷണമാണുള്ളത്. സങ്കീർത്തനം 37:37, 38 പ്രകടമാക്കുന്നതുപോലെ, ദൈവപക്ഷത്തുള്ളവരുടെ ഭാവി “സമാധാനപരമായിരിക്കും,” എന്നാൽ “ദുഷ്ട ജനങ്ങളുടെ ഭാവി തീർച്ചയായും ഛേദിക്കപ്പെടും.”
വെളിപ്പാട് 21:4ലെ വാക്കുകൾ ഇപ്പോഴും എന്നിൽ രോമഹർഷമുളവാക്കുന്നു: “അവൻ [ദൈവം] അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മരണം മേലാൽ ഉണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. മുൻകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.” ഇത് രോഗത്തിന്റെയും മരണത്തിന്റെയും, അതെ, തിൻമയായ സകല “മുൻകാര്യങ്ങ”ളുടെയും അന്തത്തെ അർത്ഥമാക്കും. അന്ന് ഭൂമി ഒരു സമാധാനപൂർണ്ണമായ പരദീസയായിത്തീരും.
ബൈബിളിന്റെ പഠനം എന്റെ ജീവിതത്തിന് യഥാർഥ ഐക്യം കൈവരുത്തിയതുപോലെ, ദൈവം സകല സൃഷ്ടിയെയും ഒരു സാർവത്രിക സമാധാനൈക്യത്തിലേക്കു വരുത്തും.”—ഹാൻസ് ലിംഗെൻ ഫെൽഡറുമായുള്ള ഒരു സംഭാഷണം.
[13-ാം പേജിലെ ചിത്രം]
ഒരു സംഗീതവിദഗ്ദ്ധനെന്ന നിലയിലുള്ള എന്റെ ജീവിതത്തിന് 1977ൽ മാററമുണ്ടാകാൻ തുടങ്ങി
[15-ാം പേജിലെ ചിത്രം]
ഹാൻസ് (ഗിത്താർ വായനക്കാരൻ, മദ്ധ്യത്തിൽ ഇടത്ത്) തന്റെ ഭാര്യയുടെ അടുത്തിരുന്ന് ക്രിസ്തീയ സഹവാസം ആസ്വദിക്കുന്നു