നിങ്ങളുടെ സ്വന്തം മഴവിൽ ഉണ്ടാക്കുക
നിങ്ങൾ എന്നെങ്കിലും നിങ്ങളുടെ സ്വന്തം മഴവിൽ ഉണ്ടാക്കിയിട്ടുണ്ടോ? നിങ്ങൾ എന്നെങ്കിലും വെയിലുള്ള ഒരു ദിവസം വെള്ളം വായുവിൽ ചിതറിക്കുകയും പെട്ടെന്ന് ചെറിയ തോതിലുള്ള നിങ്ങളുടെ മഴവിൽ കണ്ടതിൽ പുളകിതനാകുകയും ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ, നിങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ “നോക്കൂ! ഒരു മഴവിൽ!” എന്ന് ഉദ്ഘോഷിച്ചുകൊണ്ട് നിങ്ങളെ തടഞ്ഞുവെന്നതിനു സംശയമില്ല. നിറങ്ങളുടെ ആ മനോഹരമായ വിൽ ഒരിക്കലും നമ്മെ വിസ്മയിപ്പിക്കുന്നതിൽനിന്നു വിരമിക്കുന്നില്ല. എന്നാൽ കൃത്യമായി ഒരു മഴവിൽ എന്താണ്? അത് എങ്ങനെ രൂപംകൊള്ളുന്നു?
നിങ്ങൾ ഒരു മഴവിൽ കാണണമെങ്കിൽ മൂന്നു മുൻവ്യവസ്ഥകൾ പാലിക്കപ്പെട്ടിരിക്കണം—സൂര്യൻ നിങ്ങളുടെ പിമ്പിൽ ചക്രവാളത്തിനു മീതെ 40 ഡിഗ്രിയിൽ കൂടുതൽ ഉയരത്തിലല്ലാതിരിക്കുകയും നിങ്ങളുടെ മുമ്പിൽ ഒരു മഴചാററൽ ഉണ്ടായിരിക്കയും വേണം. അവസ്ഥകൾ ഉത്തമമായിരിക്കുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ രണ്ട് മഴവില്ലുകൾ കാണും—ശക്തിയേറിയ നിറങ്ങളോടെ അകത്തൊന്നും മാഞ്ഞുപോയതുപോലെ കാണപ്പെട്ടേക്കാവുന്നതായി പുറത്തൊന്നും. നിങ്ങൾ എത്ര നിറങ്ങൾ കാണും? സാങ്കേതികമായി, ഏഴു നിറങ്ങൾ ഉണ്ട്—വയലററ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്—എന്നാൽ ചില വിദഗ്ദ്ധർ ഇൻഡിഗോ തള്ളിക്കളയുന്നു. മിക്കവരും കുറെ കലർപ്പുനിമിത്തം നാലോ അഞ്ചോ നിറങ്ങൾ മാത്രമേ ഗ്രഹിക്കുന്നുള്ളു.
നിറങ്ങൾ ഉണ്ടാക്കുന്നതെന്താണ്? മഴത്തുള്ളികൾ ചെറിയ പ്രിസങ്ങളെയും കണ്ണാടിയെയും പോലെ വർത്തിച്ചുകൊണ്ട് സൂര്യപ്രകാശത്തെ നിറങ്ങളായി പിരിക്കുകയും കണ്ണിലേക്ക് നിറമുള്ള പ്രകാശം കടത്തിവിടുകയും ചെയ്യുന്നു. ഓരോ മഴവില്ലും ഓരോ നിരീക്ഷകനും അസാധാരണമാണ്. അതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ നിരീക്ഷകന്റെ സ്ഥാനം മഴത്തുള്ളികൾക്കും സൂര്യകിരണങ്ങൾക്കുമിടയിലെ കോണത്തിൽ വ്യത്യാസമുളവാക്കും. കൂടാതെ, ഓരോ വ്യക്തിയും വ്യത്യസ്ത മഴത്തുള്ളികളുടെ കൂട്ടത്തെയാണ് കാണുന്നത്. അതുകൊണ്ട് നിങ്ങൾ ഒരു മഴവില്ലിന്റെ ഭംഗിയെ പുകഴ്ത്തുമ്പോൾ നിങ്ങൾ അസാധാരണമായ ഒന്നാണ് കാണുന്നത്—നിങ്ങളുടെ പ്രത്യേക മഴവിൽ തന്നെ. (g89 1⁄8)