ലോകത്തെ വീക്ഷിക്കൽ
കഠിനമായ ഭക്ഷ്യ ദൗർലഭ്യം
കഴിഞ്ഞവർഷം അവസാനത്തോടെ ചൈനയിലുടനീളം ഉണ്ടായ വെള്ളപ്പൊക്കവും വരൾച്ചയും ആ രാജ്യത്തെ രണ്ടു കോടി ജനങ്ങളെങ്കിലും കഠിനമായ ഭക്ഷ്യ ദൗർലഭ്യത്തെ അഭിമുഖീകരിക്കുന്നതിലേക്ക് നയിച്ചിരിക്കുന്നു എന്ന് ബെയ്ജിംഗിൽനിന്നുള്ള ചൈന ഡെയിലി റിപ്പോർട്ടു ചെയ്യുന്നു. ആഭ്യന്തര കാര്യ മന്ത്രാലയത്തോട് ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ അഭിപ്രായപ്രകാരം അസാധാരണമാം വണ്ണം കഠിനമായ പ്രകൃതി ക്ഷോഭങ്ങൾമൂലമുണ്ടായ കൃഷി നാശം നാട്ടുമ്പുറങ്ങളിലുള്ള മറെറാരു 8 കോടി ജനങ്ങളെയും കൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. ഒൻപതു മാസത്തിനുള്ളിൽ കൃഷിക്ക് ഉപയോഗിച്ചിരുന്ന 11.4 കോടി ഏക്കർ സ്ഥലമെങ്കിലും കഠിനമായ വരൾച്ചയുടെയും അതിശൈത്യത്തിന്റെയും യാംഗ്സി നദിയിലെ വ്യാപകമായ വെള്ളപ്പൊക്കത്തിന്റെയും ഫലമായി നശിച്ചിരിക്കുന്നു.
ജോലിയില്ലായ്മയിൽ നിന്നുള്ള സമ്മർദ്ദം
വിരസതയിൽനിന്നും ജോലിയില്ലായ്മയിൽ നിന്നും അനുഭവപ്പെടുന്ന സമ്മർദ്ദം രോഗത്തിലേക്കും കാര്യക്ഷമതയില്ലായ്മയിലേക്കും വ്യക്തിപരമായ പ്രശ്നങ്ങളിലേക്കും നയിക്കുന്നു എന്ന് ഒരു പ്രൈവററ് ആരോഗ്യ ഇൻഷുറൻസ് കമ്പനിയായ BUPA തറപ്പിച്ചു പറയുന്നു. വളരെ ജോലി ഭാരമുള്ള ജോലിക്കാർ ജോലി ഭാരം പങ്കുവയ്ക്കാൻ തയ്യാറാകുന്നില്ല എന്നും വേണ്ടത്ര ജോലിയില്ലാത്ത തൊഴിലാളികൾ കൂടുതൽ ജോലി ചോദിച്ചു വാങ്ങാൻ തയ്യാറാകുന്നില്ല എന്നും അത് അവകാശപ്പെടുന്നു. രോഗവും ജോലിക്കു ഹാജരാകാതിരിക്കുന്നതും ഓരോ വർഷത്തിലും 36 കോടി പ്രവൃത്തി ദിവസങ്ങൾ നഷ്ടമാക്കുന്നു എന്ന് ലണ്ടനിൽ നിന്നുള്ള ദി ടൈംസ് കുറിക്കൊള്ളുന്നു. ചില കമ്പനികൾ അവരുടെ ശമ്പള ബില്ലിന്റെ 7 മുതൽ 10 വരെ ശതമാനം രോഗികളായ ജോലിക്കാർക്കുവേണ്ടി ചെലവഴിക്കേണ്ടിവരുന്നു.
ചിലന്തി സിൽക്ക്
വളരെ വേഗം പറന്നു വരുന്ന ഈച്ചകൾ വന്നടിക്കുമ്പോൾ ചിലന്തിയുടെ വല പൊട്ടിപ്പോകാതെ വലിയുക മാത്രം ചെയ്യുന്നതു കണ്ട് നിങ്ങൾ അതിശയിച്ചിട്ടുണ്ടോ? ഭാരം കുറഞ്ഞതും എന്നാൽ പൊട്ടിപ്പോകാത്തതുമായ വസ്തുക്കൾക്കുവേണ്ടി അന്വേഷണം നടത്തിയിട്ടുള്ള എൻജിനീയർമാർക്ക് പണ്ടുകാലം മുതലേ ചിലന്തിവലയെപ്പററി അസൂയ തോന്നിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചിലന്തി നൂലിന്റെ ഈ അസാധാരണ ഗുണത്തിന് ഉത്തരവാദിയായിരിക്കുന്ന ജീൻ വേർതിരിച്ചെടുക്കാനുള്ള ഒരു മാർഗ്ഗം ചില ബ്രിട്ടീഷ് ജീവശാസ്ത്ര വിദഗ്ദ്ധർ കണ്ടുപിടിച്ചിരിക്കുന്നു. ഈ ജീനുകൾ ചില അണുജീവികളിൽ കുത്തിവയ്ക്കുന്നതിനാൽ ആവശ്യാനുസരണം ഇത്തരം നൂല് ഉല്പാദിപ്പിക്കാൻ കഴിയുമെന്ന് ലണ്ടനിൽ നിന്നുള്ള ദി ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പോലീസ്സിനും പട്ടാളക്കാർക്കുംവേണ്ടി വെടിയുണ്ടയേൽക്കാത്ത ജാക്കററുകൾ നിർമ്മിക്കുന്നതിനും മററു വ്യാപാരപരമായ ഉപയോഗങ്ങൾക്കും ഇതു ഉപയോഗിക്കാൻ കഴിയുമെന്ന് അവർ അവകാശപ്പെടുന്നു.
കുട്ടികളായ പട്ടാളക്കാർ
ലോകത്തിലെ സൈന്യങ്ങളിൽ 2,00,000 യുവജനങ്ങൾ, അവരിൽ ചിലർ വെറും 12 വയസ്സുമാത്രം പ്രായമുള്ളവർ ഉണ്ടെന്ന് ദി ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു. ഈ കണ്ടുപിടുത്തം യു. എൻ. മനുഷ്യാവകാശ കമ്മീഷന്റെ ഒരു സബ് കമ്മീഷന്റെ റിപ്പോർട്ടിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചില യുവജനങ്ങൾ ഗവൺമെൻറുകളാൽ നിർബ്ബന്ധിച്ച് സൈന്യത്തിൽ ചേർക്കപ്പെട്ടവരാണ്. അതേസമയം മററുള്ളവരാകട്ടെ ജോലിയും ഭക്ഷണവും ലഭിക്കുന്നതിനും കുട്ടികൾ യുദ്ധത്തിൽ വധിക്കപ്പെടുകയാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കുന്നതിനും വേണ്ടി മാതാപിതാക്കൾതന്നെ പ്രേരിപ്പിച്ച് സൈന്യത്തിൽ ചേർത്തവരാണ്. അപ്രകാരം പല രാജ്യങ്ങളും സൈന്യത്തിൽ ചേർക്കുന്നതിനുള്ള ഏററം കുറഞ്ഞപ്രായം 15 ആയിരിക്കണമെന്നുള്ള അന്താരാഷ്ട്ര നിബന്ധന ലംഘിച്ചിരിക്കുന്നു.
ന്യൂക്ലിയർ യുദ്ധത്തിനുള്ള സാദ്ധ്യത വർദ്ധിക്കുന്നുവോ?
കൂടുതൽ കൂടുതൽ രാജ്യങ്ങൾ ന്യൂക്ലിയർ ആയുധങ്ങൾ വികസിപ്പിച്ചെടുക്കുമ്പോൾ അവ പ്രാദേശിക യുദ്ധങ്ങളിൽ ഉപയോഗിക്കപ്പെടുന്നതിനുള്ള സാദ്ധ്യത വർദ്ധിക്കുകയാണ്. “ന്യൂക്ലിയർ ആയുധങ്ങളിൻമേലുള്ള വൻശക്തികളുടെ [യു. എസ്സ്., യു. എസ്സ്. എസ്സ്. ആർ., ഫ്രാൻസ്, ബ്രിട്ടൻ, ചൈന] കുത്തക അവസാനിക്കുകയാണ്,” എന്ന് ന്യൂസ് വീക്ക് റിപ്പോർട്ടു ചെയ്യുന്നു. “വേറെ നാലു രാജ്യങ്ങൾ [ഇൻഡ്യ, യിസ്രായേൽ, പാക്കിസ്ഥാൻ, സൗത്ത് ആഫ്രിക്ക] റിപ്പോർട്ടുകളനുസരിച്ച് ന്യൂക്ലിയർ ആയുധങ്ങളും അവ വിക്ഷേപിക്കാനുള്ള മാർഗ്ഗങ്ങളും വികസിപ്പിച്ചെടുത്തിരിക്കുന്നു—മററുള്ളവയും വളരെ പിന്നിലല്ല.” ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ ഇപ്രകാരം പറഞ്ഞു: “ഇതിലും കൂടുതൽ രാജ്യങ്ങൾ ന്യൂക്ലിയർ ആയുധങ്ങൾ വികസിപ്പിച്ചെടുക്കാൻ ശ്രമം നടത്തിയ ഒരു സമയം ഇതിന് മുമ്പ് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല.” മറെറാരാൾ ഇപ്രകാരം കൂട്ടിച്ചേർത്തു: “ചെറിയ, അത്രതന്നെ വ്യവസായവൽക്കരിക്കപ്പെടാത്ത രാജ്യങ്ങൾ ചെയ്യുന്ന കാര്യങ്ങൾ നിമിത്തം ന്യൂക്ലിയർ യുദ്ധത്തിന്റെ അപകടം വർദ്ധിച്ചു വരികയാണ്.”
ഏററവും കൂടുതൽ വനം
“ലോകത്തിൽ ഏററവുമധികം വനമുള്ള രാജ്യമേതാണ്?” ഏഷ്യാ വീക്ക് ചോദിക്കുന്നു. “കാനഡ? നോർവേ? ബ്രസ്സീൽ? അല്ല, അതു ജപ്പാനാണ്.” “മൊത്തം വിസ്തീർണ്ണത്തിന്റെ അനുപാതം വച്ചു നോക്കിയാൽ വലുതോ ഇടത്തരമോ ആയ യാതൊരു രാജ്യവും അതിന്റെ അടുത്തെത്തുകയില്ല.” ജപ്പാന്റെ 67 ശതമാനം—1,45,841 ചതുരശ്ര മൈൽ—വനഭൂമിയാണ്, മുഖ്യമായും പർവ്വത പാർശ്വങ്ങളിൽ വളരുന്ന നിത്യഹരിത വൃക്ഷങ്ങൾ. ആകെയുള്ള 3.89 കോടി ജനങ്ങൾക്കുള്ള വീടുകൾക്കും അപ്പാർട്ടുമെൻറു മന്ദിരങ്ങൾക്കുമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത് 2.5% മാത്രമാണ്. ഫാക്ടറികളും മററു വ്യാവസായിക പ്രദേശങ്ങളും വെറും 0.4% മാത്രം.
ജർമ്മനിയിലെ ആത്മഹത്യകൾ
ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിലെ ആത്മഹത്യാനിരക്ക് കുത്തനെ ഉയർന്നിരിക്കുന്നു. ആത്മഹത്യ തടയുന്നതിനുള്ള ജർമ്മൻ സൊസൈററി റീജൻസ് ബർഗിൽ നടന്ന അതിന്റെ വാർഷിക യോഗത്തിൽ മദ്യാസക്തിയും മയക്കുമരുന്നുകളും തൊഴിലില്ലായ്മയും ആത്മഹത്യക്കുള്ള മുഖ്യകാരണങ്ങളായി ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ആത്മഹത്യ ചെയ്യാനുള്ള ചായ്വ് പാരമ്പര്യത്തിന്റെ ഫലമായിരിക്കാമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ വിദഗ്ദ്ധർ കണ്ടെത്തിയതായി ഷ്വെയിൻഫർട്ടർ ററായ്ഗ്ബ്ലാററ് എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ആ രാജ്യത്ത് ഓരോ വർഷവും 13,000 ആത്മഹത്യകളും 50 ലക്ഷം ആത്മഹത്യാശ്രമങ്ങളും നടക്കുന്നു.
കുട്ടികളുടെ ഏററം വലിയ ഭയങ്ങൾ
പോളണ്ടിലെ വാർസോ യൂണിവേഴ്സിററിയിലെ സൈക്കോസൊമാററിക് മെഡിസിന്റെ പ്രൊഫസർ ഡോക്ടർ ബോഡാൻ വാസിലിയേ വ്സ്കി പറയുന്നത് കുട്ടികളുടെ ഏററം വലിയ ഭയം അവരുടെ മാതാപിതാക്കൾ മരിക്കുമെന്നതായിരിക്കെ അവരുടെ രണ്ടാമത്തെ വലിയ ഭയം ന്യൂക്ലിയർ യുദ്ധത്തെ സംബന്ധിച്ചതാണ് എന്നാണ്. ആസ്ത്രേലിയായിലെ ഒരു സന്ദർശന വേളയിൽ സംസാരിക്കവെ, ആറു വയസ്സുള്ള കുട്ടികൾ പോലും ന്യൂക്ലിയർ യുദ്ധത്തെ സംബന്ധിച്ചുള്ള ഭയത്തിൽ കഴിയുന്നതു കണ്ടതായി അദ്ദേഹം അവകാശപ്പെട്ടു. “തങ്ങൾക്കു പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഉള്ളപ്പോൾ അവർ മദ്യം കഴിക്കുന്നതിനും മയക്കുമരുന്നു ഉപയോഗിക്കുന്നതിനും ആത്മഹത്യ ചെയ്യുന്നതിനും അതു വഴി ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നതിനും ചായ്വ് കാണിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. മററ് സാധാരണ ലക്ഷണങ്ങളിൽ നാഡീ സംബന്ധമായ തകരാറുകളും ഭാവിയിലും വിദ്യാഭ്യാസ കാര്യങ്ങളിലും താല്പര്യമില്ലായ്മയും ഉൾപ്പെടുന്നു. (g89 2/8)
വീട്ടിനുള്ളിലെ മലിനീകരണം
ഊർജ്ജത്തിന്റെ സംഗതിയിൽ കാര്യക്ഷമമായ ഭവനങ്ങൾ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനിടയാക്കുന്നു. എന്തുകൊണ്ട്? അവ വീട്ടിനുള്ളിൽ മലിന വസ്തുക്കൾ കെട്ടി നിൽക്കാൻ ഇടയാക്കുന്നു എന്ന് കാനഡയിലെ ഒരു കെട്ടിടനിർമ്മാണ വിദഗ്ദ്ധനും പരിസ്ഥിതി ഗവേഷകനുമായ വ്യക്തി പറയുന്നു. “ശുചീകരണ വസ്തുക്കളും സുഗന്ധങ്ങളും അണുനാശിനികളും പോളിഷുകളും മെഴുക്, പശകൾ എന്നിവയും ത്വക്കു സംബന്ധമായ അസുഖങ്ങൾക്കിടയാക്കുന്നു”വെന്ന് അദ്ദേഹം അവകാശപ്പെടുന്നു എന്ന് ദി റെറാറൊന്റോ സ്ററാർ റിപ്പോർട്ടു ചെയ്യുന്നു. ഒൻറാരിയോയിലെ ലണ്ടനിൽ യൂണിവേഴ്സിററി ഹോസ്പിററലിലെ രോഗ പ്രതിരോധത്തിന്റെയും അലർജിയുടെയും ഡിപ്പാർട്ടുമെൻറ് മേധാവി ഡോക്ടർ വില്ല്യം ചോദിർക്കർ പറയുന്നത് 15% ആളുകൾ അവരുടെ വീട്ടിനുള്ളിലെ വസ്തുക്കളോട് അലർജി ഉള്ളവരാണ് എന്നാണ്. വീട്ടിനുള്ളിലെ വസ്തുക്കളാൽ ബാധിക്കപ്പെടുന്ന എററവും സാധാരണയായ പ്രശ്നം ആസ്ത്മയാണെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. വായു പ്രവാഹമില്ലാത്ത ഊർജ്ജക്ഷമമായ വീടുകളിലെ ചൂടുപിടുപ്പിക്കുന്നതിനും തണുപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഈ മലിനവസ്തുക്കൾ വീട്ടിനുള്ളിൽ ചുററിടയിക്കാനിടയാക്കുകയും പ്രശ്നം ഗുരുതരമാക്കുകയും ചെയ്യുന്നു.
പേവിഷബാധ വർദ്ധിക്കുന്നു
ലോകത്തിൽ ഏഴു രാജ്യങ്ങൾ മാത്രമേ പേവിഷബാധയിൽ നിന്ന് സ്വതന്ത്രമായിരിക്കുന്നുള്ളു എന്ന് ലണ്ടനിൽ നിന്നുള്ള ദി ഇൻഡിപ്പെൻഡൻറ് റിപ്പോർട്ടു ചെയ്യുന്നു. അവയിൽ അഞ്ച് (ബ്രിട്ടൻ, ദി റിപ്പബ്ലിക് ഓഫ് അയർലൻഡ്, സ്വീഡൻ, ഐസ്ലൻഡ്, നോർവ്വേ) ഉത്തരാർദ്ധഗോളത്തിലും രണ്ട് എണ്ണം (ആസ്ത്രേലിയയും ന്യൂസിലാൻഡും) ദക്ഷിണാർദ്ധ ഗോളത്തിലുമാണ്. എന്നിരുന്നാലും ഈ അടുത്ത കാലത്തെ അതിന്റെ പൊട്ടിപ്പുറപ്പെടൽ സ്കാൻഡിനേവിയൻ അധികാരികൾ ആർട്ടിക് സർക്കിളിനു മുകളിലുള്ള പ്രദേശങ്ങൾ ഈ രോഗം പരക്കുന്നതിനെതിരെ പൂർണ്ണ ജാഗ്രത പാലിക്കാൻ നിർദ്ദേശം കൊടുക്കേണ്ടത് ആവശ്യമാക്കിത്തീർത്തു. പേവിഷബാധ ഇപ്പോൾതന്നെ ഗ്രീൻലാഡ്, സൈബീരിയ, അലാസ്ക എന്നിവ ഉൾപ്പെടെയുള്ള ആർട്ടിക് പ്രദേശങ്ങളിൽ വ്യാപകമാണ്. വീട്ടുമൃഗങ്ങളും റെയിൻ ഡീയറും അതിനാൽ ഇപ്പോഴും ബാധിക്കപ്പെട്ടിട്ടില്ലെങ്കിലും ചുവന്ന കുറുക്കൻ, ധ്രുവകുറുക്കൻ, നായ്, ചെന്നായ് എന്നിവ വർദ്ധിച്ചു വരുന്ന ഈ മാരക രോഗത്താൽ ബാധിക്കപ്പെട്ടിരിക്കുന്നു.
കൊള്ളക്കാരായ വെട്ടുക്കിളികൾ
ലോകത്തിൽ കഴിഞ്ഞ കാൽനൂററാണ്ടിലെ ഏററം മോശമായ വെട്ടുക്കിളിബാധ അതിന്റെ പാതയിലുള്ള വിളകളെല്ലാം നശിപ്പിച്ചുകൊണ്ട് വടക്കേ ആഫ്രിക്കയിലൂടെ നീങ്ങുന്നതായി ഇംഗ്ലണ്ടിൽ നിന്നുള്ള ഇക്കണോമിസ്ററ് റിപ്പോർട്ടു ചെയ്യുന്നു. മൂന്നു കൊല്ലം മുമ്പ് എത്യോപ്യയിലാരംഭിച്ച വെട്ടുകിളിബാധ ഇന്ന് 65 രാജ്യങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനെ നിയന്ത്രണത്തിൽ കൊണ്ടു വരുന്നതിന് ഇനിയും രണ്ടു വർഷങ്ങൾകൂടി വേണ്ടിവരുമെന്ന് യു. എൻ. ഭക്ഷ്യകാർഷിക സംഘടന കണക്കാക്കുന്നു. അതിന്റെ അത്യാർത്തി നിമിത്തം പ്രയാണം ചെയ്യുന്ന ഒരു വെട്ടുകിളിക്ക് ഓരോ ദിവസവും അതിന്റെ തൂക്കത്തോളം ഭക്ഷണം ആഹരിക്കാൻ കഴിയുന്നു. അപ്രകാരം മൂന്നിലൊന്നു ചതുരശ്രമൈൽ വരുന്നതും ഏതാണ്ട് 5 കോടി എണ്ണം ഉൾപ്പെടുന്നതുമായ ഒരു വെട്ടുകിളി കൂട്ടത്തിന് “ഒരു ദിവസം, അഞ്ഞൂറു പേരുള്ള ഒരു ഗ്രാമത്തിൽ ഒരു വർഷം കൊണ്ട് കഴിക്കുന്ന അത്രയും ഭക്ഷണം ആഹരിക്കാൻ കഴിയും” എന്ന് ദി ഇക്കണോമിസ്ററ് പറയുന്നു. (g89 2/22)