ക്ലിപ്സ്പ്രിംഗറുകൾ—ഒരു അർപ്പിത ഇണകൾ
ആഫ്രിക്കയിലെ കടമാൻ കുടുംബത്തിലെ അംഗങ്ങളായ, ദക്ഷിണാഫ്രിക്കയിലെ ക്ലിപ്സ്പ്രിംഗറുകളെ കാണുക.
“ക്ലിപ്സ്പ്രിംഗറിന്റെ പെരുമാററത്തിന്റെ അത്യന്തം പ്രിയങ്കരങ്ങളായ വശങ്ങളിലൊന്ന് പല വർഷങ്ങളിൽ, ഒരുപക്ഷേ അവയിലൊന്ന് മരിക്കുന്നതുവരെ, നിലനിൽക്കുന്ന സുശക്തവും ദീർഘിച്ചതുമായ ജോടി-ബന്ധത്തിന്റെ രൂപവൽക്കരണമാണ്” എന്ന് ആഫ്രിക്കൻ വൈൽഡ്ലൈഫ് മാസികയിൽ പീററർ നോർട്ടൻ റിപ്പോർട്ടുചെയ്യുന്നു. “മിക്കവാറും എല്ലാ സമയത്തും ഇണകൾ അടുത്തുനിൽക്കുന്നു—അവയുടെ സമയത്തിന്റെ 97 ശതമാനം അന്യോന്യം 15 മീററർ ദൂരത്തിനുള്ളിലും 77 ശതമാനം അഞ്ച് മീറററിനുള്ളിലും ചെലവഴിക്കുന്നുവെന്ന് എനിക്കുള്ള വിവരങ്ങൾ പ്രകടമാക്കുന്നു. വിശ്രമിക്കുമ്പോഴോ ഭയപ്പെടുമ്പോഴോ അവ മിക്കവാറും എല്ലായ്പ്പോഴും മുട്ടിനിൽക്കുന്നു.”
ഒരു ക്ലിപ്സ്പ്രിംഗർ ജോടി സാധാരണയായി ഒന്നു മേഞ്ഞുകൊണ്ടിരിക്കുമ്പോൾ മറേറത് ഒരു കാവൽഭടനെപ്പോലെ അടുത്തുള്ള പാറയിൽ കയറി കാവൽനിൽക്കുന്നു. പിന്നീട് അവ പരസ്പരം സ്ഥാനം മാറുന്നു. നോർട്ടൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “ആൺമൃഗം പെൺമൃഗത്തെക്കാൾ വളരെ കൂടുതൽ സമയം ഇരപിടിയൻമാരെ നോക്കി ചെലവഴിക്കുന്നു. പെൺമൃഗം ഗർഭത്തിലുള്ള കുഞ്ഞിനെ പോഷിപ്പിക്കുന്നതിനോ കുഞ്ഞിന് പാൽ പ്രദാനംചെയ്യുന്നതിനോ കൂടുതൽ തീററി തിന്നേണ്ടയാവശ്യമുണ്ട്.”
മററ് കടമാനുകളോടുള്ള താരതമ്യത്തിൽ ക്ലിപ്സ്പ്രിംഗറുകളുടെ കുളമ്പുകൾ അനുപമവും മിനുസമുള്ള കുത്തനെയുള്ള പാറകളിൽ കയറാൻ അവയെ പ്രാപ്തമാക്കുന്നവയുമാണ്. സുരക്ഷിതമായ പാറക്കെട്ടുകൾ നിറഞ്ഞ പർവതചെരുവുകളിൽനിന്ന് കാഹളസമാനമായ ഒരു ചൂളമടികൊണ്ട് അത് ഇരപിടിയൻമാരെക്കുറിച്ചു മുന്നറിയിപ്പുകൊടുക്കുന്നു. ആപത്തറിയിപ്പ് മിക്കപ്പോഴും ഒരു യുഗ്മഗാനമാണ്, ആൺമൃഗത്തിന്റെ ചൂളമടിക്കുശേഷം ഒരു നിമിഷത്തിന്റെ അംശം കഴിയുമ്പോൾ പെൺമൃഗത്തിന്റെ ചൂളമടി വരുന്നു. അവ തീർച്ചയായും അന്യോന്യം ജാഗ്രത പാലിക്കുന്നു. യഥാർത്ഥത്തിൽ അർപ്പിതരായ ഇണകൾ. (g89 9⁄8)