നക്ഷത്രങ്ങൾ യഥാർത്ഥത്തിൽ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?
“ധാരാളമാളുകൾ സാധാരണയായി വിമൂഢകാര്യങ്ങൾ—ഞാൻ എപ്പോൾ ലക്ഷക്കണക്കിനു രൂപാ സമ്പാദിക്കും, അല്ലെങ്കിൽ ഞാൻ എപ്പോൾ ഒരു പ്രത്യേക വിശിഷ്ടവ്യക്തിയെ കണ്ടെത്തും എന്ന് അറിയാൻ ആഗ്രഹിക്കുന്നു”വെന്ന് ഒരു അംശകാല ജൗതിഷികൻ പറയുന്നു. തീർച്ചയായും, മിക്കയാളുകളും ജ്യോതിഷത്തെ സമീപിക്കുന്നത് തങ്ങളുടെ ഭാവിയെക്കുറിച്ച് അറിയാനുള്ള ഒരു മാർഗ്ഗമെന്ന നിലയിലാണ്. അനേകം ജ്യോതിഷക്കാർ അവരുടെ ഇംഗിതത്തിനു സേവചെയ്തുകൊണ്ട് അവരോടു കടപ്പാടു പ്രകടമാക്കാൻ ആകാംക്ഷയുള്ളവരാണ്—തീർച്ചയായും ഒരു ഫീസ് വാങ്ങിക്കൊണ്ടുതന്നെ.
എന്നിരുന്നാലും, കാലാനുസൃത അറിവുള്ളവരെന്നു സ്വയം പരിഗണിക്കുന്ന ജ്യോതിഷക്കാർ അങ്ങനെയുള്ള ഒരു വീക്ഷണത്തെ പുച്ഛിക്കുന്നു. “ഞാൻ അതല്ല ചെയ്യുന്നത്,” അംശകാലതൊഴിൽക്കാരൻ തുടരുന്നു. “ഞാൻ ആളുകളെ അവരെക്കുറിച്ചുതന്നെ അറിയാൻ സഹായിക്കുന്ന ശ്രമത്തിലാണ്.” അപ്പോൾ ഏതു വിധത്തിലാണ് ജ്യോതിഷം തങ്ങളെക്കുറിച്ചുതന്നെ അറിയാൻ ആളുകളെ സഹായിക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്നത്?
മാനുഷപ്രവർത്തനങ്ങൾ സൂര്യചന്ദ്രനക്ഷത്രങ്ങളാൽ സ്വാധീനിക്കപ്പെടുന്നുവെന്ന് എല്ലാവർക്കുമറിയാം. സൂര്യൻ ഋതുക്കളെയും വളർച്ചയുടെ പരിവൃത്തിയെയും നിർണ്ണയിക്കുന്നു. വേലിയേററങ്ങളുടെയും ഇറക്കങ്ങളുടെയും പിന്നിലെ മുഖ്യശക്തി ചന്ദ്രനാണ്. നക്ഷത്രങ്ങൾ പണ്ടേ സമുദ്രയാനത്തിൽ വഴികാട്ടികളായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തിലെ മററു പ്രവർത്തനങ്ങളിലും ഈ ആകാശഗോളങ്ങൾ ഒരു സ്വാധീനമുള്ള പങ്കുവഹിക്കുന്നുണ്ടെന്നു മനസ്സിലാക്കാമോ?
ജ്യോതിഷത്തിന്റെ ഉത്തരം ഉവ്വ് എന്നാണ്. ജ്യോതിഷത്തിന്റെ അടിസ്ഥാന ഉപദേശം നമ്മുടെ ജനനസമയത്തെ നിഗൂഢ നക്ഷത്രമണ്ഡലത്തിനിടയിലെ സൂര്യചന്ദ്രഗ്രഹാദികളുടെ സ്ഥാനം നമ്മുടെ സ്വഭാവത്തിലും നമ്മുടെ ജീവിതത്തിലും ഒരു നിർണ്ണായക പങ്കുവഹിക്കുന്നുവെന്നുള്ളതാണ്. അങ്ങനെ, ഒരു വ്യക്തിയുടെ ജനനസ്ഥലവും സമയവുമറിഞ്ഞാൽ ഒരു ജൗതിഷികന് നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും നില കാണിച്ചുകൊണ്ട് ഒരു ചാർട്ട് അഥവാ ജാതകം കുറിക്കാനും ഒരു പ്രത്യേകസമയത്തെ ആ വ്യക്തിയുടെ പ്രവർത്തനങ്ങളെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങളെ വ്യാഖ്യാനിക്കാനും കഴിയും. ഈ അവകാശവാദത്തിന്റെ അടിസ്ഥാനമെന്താണ്? അത് എത്ര അവികലമാണ്?
ഒരു പരീക്ഷണമെന്ന നിലയിൽ, ഫ്രഞ്ച്മനഃശാസ്ത്രജ്ഞനായ മൈക്കൾ ഗ്വാക്കലിൻ തൂക്കിക്കൊല്ലപ്പെട്ട ഒരു കൊലപാതകിയുടെ ജനനസ്ഥലവും ജനനത്തീയതിയും അപഗ്രഥനത്തിനുവേണ്ടി ഒരു ജ്യോതിഷക്കാരന് അയച്ചുകൊടുത്തു. പിന്നീട് അയാൾ സൗജന്യ ജാതകാപഗ്രഥനം വാഗ്ദാനംചെയ്തുകൊണ്ടു ചെയ്ത പരസ്യത്തിനു മറുപടിയിട്ട 150 പേർക്ക് അതിന്റെ ഫലം അയച്ചുകൊടുത്തു. ഫലമെന്തായിരുന്നു? അവരിൽ 90 ശതമാനവും തങ്ങൾക്കു കിട്ടിയ അപഗ്രഥനം തങ്ങളുടെ വ്യക്തിത്വത്തിന്റെ ഒരു കൃത്യമായ വർണ്ണനയായിരുന്നുവെന്നു പറഞ്ഞതായും തങ്ങളുടെ സുഹൃത്തുക്കളും കുടുംബങ്ങളുംപോലും യോജിച്ചതായി 80 ശതമാനം പറഞ്ഞതായും അയാൾ കണ്ടെത്തി.
വസ്തുനിഷ്ഠമായ ന്യായവാദം സംബന്ധിച്ചാണ് ഇത്രയും! ജ്യോതിഷസംബന്ധമായ കഥനങ്ങൾ എന്തിനെ അടിസ്ഥാനപ്പെടുത്തിയായാലും സാധാരണയായി യോജിക്കുന്ന എന്തെങ്കിലും കാണാൻ ചായ്വുള്ള ഒരാൾക്ക് എല്ലായ്പ്പോഴും അതു കണ്ടെത്താൻ കഴിയുന്ന വിധം അവ്യക്തഭാഷയിലാണ് അവ എഴുതപ്പെടുന്നതെന്നുള്ളതാണ് സംഗതിയുടെ യാഥാർത്ഥ്യം.
ഉറവ
ഇതെല്ലാം നമ്മെ ആത്യന്തികമായ വിവാദപ്രശ്നത്തിലേക്കു വരുത്തുന്നു: നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതിൽ നക്ഷത്രങ്ങൾ ഒരു പങ്കു വഹിക്കുന്നതായി സങ്കൽപ്പിച്ചാൽ ആ സ്വാധീനം ഏതു വിധത്തിലാണ് നമ്മുടെമേൽ പ്രയോഗിക്കപ്പെടുന്നത്? സയൻസിന് അറിയപ്പെടുന്ന ശക്തികളിൽ ഏതാണ് അല്ലെങ്കിൽ ഏതെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നത്? നക്ഷത്രങ്ങളും ഗ്രഹങ്ങളും വളരെ ദൂരത്തിലാകയാൽ “[ഒരു] നവജാതശിശുവിൻമേലുള്ള ഫലം സംബന്ധിച്ചിടത്തോളം ശുശ്രൂഷിക്കുന്ന ഭിഷഗ്വരന്റെ ആകർഷണ വലിയും മുറിയിലെ ലൈററുകളുടെ വൈദ്യുതകാന്ത വികിരണവും ഏതു ഗ്രഹങ്ങളുടേതിലും വലുതാണ്” എന്ന് ഒരു ശാസ്ത്രജ്ഞൻ പ്രസ്താവിച്ചു. ഗുരുത്വാകർഷണപരമായോ വൈദ്യുതകാന്തപരമായോ അല്ലെങ്കിൽ സയൻസിനറിയപ്പെടുന്ന മറേറതെങ്കിലും ശക്തികളാലോ നക്ഷത്രങ്ങൾ നമ്മെ സ്വാധീനിക്കുന്നില്ലെങ്കിൽ, അപ്പോൾ സ്വാധീനത്തിന്റെ ഉറവ് എന്താണ്?
ഈ കൗതുകകരമായ ചോദ്യം സയൻസും പാരാനോർമലും എന്ന പുസ്തകത്തിൽ ഒരു ജ്യോതിശാസ്ത്രപ്രൊഫസ്സറായ ജോർജ്ജ് ആബൽ കൈകാര്യംചെയ്യുന്നുണ്ട്. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ശക്തി സംബന്ധിച്ച് ജ്യോതിഷക്കാർ നടത്തുന്ന അവകാശവാദങ്ങളെല്ലാം പരിശോധിച്ച ശേഷം ആബൽ ഇങ്ങനെ എഴുതുന്നു:
“ഗ്രഹങ്ങൾ നമ്മുടെ മേൽ ഒരു സ്വാധീനം ചെലുത്തുന്നുണ്ടെങ്കിൽ അത് ഒരു അറിയപ്പെടാത്ത ശക്തിയും വളരെ വിചിത്രഗുണങ്ങളോടുകൂടിയ ശക്തിയും മുഖേന ആയിരിക്കേണ്ടതുണ്ട്: അത് എല്ലാമല്ല ചില ആകാശഗോളങ്ങൾ പുറപ്പെടുവിക്കുന്നതായിരിക്കണം, അത് ഭൂമിയിലെ എല്ലാ വസ്തുക്കളെയുമല്ല, ചിലതിനെയായിരിക്കണം ബാധിക്കുന്നത്, അതിനെ ഉളവാക്കുന്ന ഗ്രഹങ്ങളുടെ ദൂരത്തെയോ ദ്രവ്യത്തെയോ മററു സ്വഭാവങ്ങളെയോ ആശ്രയിച്ചായിരിക്കാവുന്നതല്ല അതിന്റെ ശക്തി. മററു വാക്കുകളിൽ പറഞ്ഞാൽ, യഥാർത്ഥ പ്രപഞ്ചത്തിൽ ബാധകമാകുന്നതായി കണ്ടുപിടിക്കപ്പെട്ടിട്ടുള്ള മററ് ഏത് ശക്തിയിലും പ്രകൃതിനിയമത്തിലും കാണപ്പെടുന്ന സാർവലൗകികതയും ക്രമവും യോജിപ്പും അതിനുണ്ടായിരിക്കയില്ല.”
അങ്ങനെയുള്ള ഒരു ശക്തിയെക്കുറിച്ചു സയൻസിനറിവില്ല. ജ്യോതിഷം പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് “യഥാർത്ഥ പ്രപഞ്ച”ത്തിനു പുറത്തുള്ള ഒരു ശക്തിയാലോ ശക്തികളാലോ ആയിരിക്കണം പ്രവർത്തിക്കുന്നത്. എന്നാൽ ജ്യോതിഷത്തിന് പുരാതനബാബിലോനിലാണ് വേരുള്ളതെന്നോർക്കുമ്പോൾ, അതിന്റെ സ്വാധീനത്തിന്റെ ഉത്ഭവം “യഥാർത്ഥപ്രപഞ്ച”ത്തിൽനിന്നല്ല പിന്നെയോ പ്രകൃതാതീതമായതിൽ നിന്നായിരിക്കുന്നത് ആശ്ചര്യമായിരിക്കരുത്. ബാബിലോനിൽ നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൈവങ്ങളായി ആരാധിക്കപ്പെട്ടിരുന്നു.
ജ്യോതിഷത്തിനു പിന്നിലെ ശക്തി
“മുഴു ലോകവും ദുഷ്ടനായവന്റെ അധികാരത്തിൻകീഴിൽ കിടക്കുന്നു”വെന്ന് ബൈബിൾ പ്രകടമാക്കുന്നു. ഈ ദുഷ്ടനായവൻ ഭൂമിയിലെ ആളുകളെയും സംഭവങ്ങളെയും കൈകാര്യംചെയ്യാൻ പ്രാപ്തനായ അദൃശ്യനെങ്കിലും ശക്തനായ ഒരു ആത്മജീവിയായ പിശാചായ സാത്താൻതന്നെയാണ്. (1 യോഹാന്നാൻ 5:19) ചില പ്രവചനങ്ങൾ നിവൃത്തിയാകുന്നതായി തോന്നിക്കാൻ കാര്യങ്ങളെ കൈകാര്യംചെയ്തുകൊണ്ട് സാത്താനും ഭൂതങ്ങളും ആളുകളുടെ ഭാവനയെ വിജയകരമായി കീഴടക്കുകയും ജ്യോതിഷത്തെ ഒരു മതവിശ്വാസമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും, സങ്കൽപ്പമനുസരിച്ച് ഏതു തരം പ്രവചനങ്ങളാണ് നിവർത്തിച്ചിട്ടുള്ളതെന്നത് ഗണനാർഹമാണ്. അവ മിക്കപ്പോഴും മരണത്തെയും കൊലപാതകങ്ങളെയും നിഗ്രഹങ്ങളെയും വിപത്തുകളെയും സംബന്ധിക്കുന്നവയല്ലയോ—സ്വഭാവപരമായി സാത്താന്യവും ഭൂതസംബന്ധവുമായി കുടിലവും മാരകവുംതന്നെ. ജ്യോതിഷം സാത്താൻ തന്റെ ഉദ്ദേശ്യത്തിനുതകാൻ ആളുകളെ നിയന്ത്രിക്കാനും സ്വാധീനിക്കാനും ഉപയോഗിക്കുന്ന “പിശാചിന്റെ തന്ത്രങ്ങളിൽ” ഒന്നാണെന്നുള്ളതാണ് ലളിതമായ സത്യം.—എഫേസ്യർ 6:11.
ആ ഉദ്ദേശ്യം എന്താണ്? “ഈ ലോകത്തിന്റെ ദൈവം ക്രിസ്തുവിൻ മഹത്വത്തിന്റെ സുവിശേഷപ്രകാശം കാണുന്നതിൽനിന്ന് അവിശ്വാസികളെ തടയാൻ അവരുടെ മനസ്സുകളെ കുരുടാക്കിയിരിക്കുന്നു”വെന്ന് ബൈബിൾ ഉത്തരം നൽകുന്നു. (2 കൊരിന്ത്യർ 4:4, റിവൈസഡ സററാൻഡേർഡ വേർഷൻ) ആ ലക്ഷ്യത്തിൽ ജ്യോതിഷം അതിന്റെ യജമാനനെ നന്നായി സേവിച്ചിരിക്കുന്നു. ആസ്ട്രേലിയൻ ജ്യോതിർഭൗതികശാസ്ത്രജ്ഞനായ വിൻസ് ഫോർഡ് ഇങ്ങനെ പ്രസ്താവിച്ചു: “ജ്യോതിഷം ഒരു തരം മതമായിത്തീർന്നിരിക്കുന്നു, എന്നാൽ അത് ഒട്ടും തെളിയിക്കാവുന്നതല്ല . . . അതിൽ വിശ്വസിക്കുന്നവർ പഴയ പാവം നക്ഷത്രങ്ങളെ കുററം പറയുന്നതല്ലാതെ തങ്ങളുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം സ്വീകരിക്കുന്നില്ലെന്നുള്ളതിൽ എനിക്ക് സങ്കടമുണ്ട് എന്നു മാത്രമേ എനിക്കു പറയാൻ കഴിയൂ.”
ക്രി.മു. എട്ടാം നൂററാണ്ടിൽ പ്രവാചകനായ യെശയ്യാവ് ജ്യോതിഷക്കാരോട് ഹാസ്യമായ ഒരു വെല്ലുവിളി പുറപ്പെടുവിക്കാൻ നിശ്വസ്തനാക്കപ്പെട്ടു: “ഇപ്പോൾ ആകാശങ്ങളുടെ ആരാധകർ, നക്ഷത്രങ്ങൾ നോക്കുന്നവർ, നിങ്ങളുടെമേൽ വരാനിരിക്കുന്ന കാര്യങ്ങൾസംബന്ധിച്ച് അമാവാസികളിൽ നിങ്ങൾക്ക് അറിവുനൽകുന്നവർ എഴുന്നേററ് നിങ്ങളെ ഇപ്പോൾ രക്ഷിക്കട്ടെ.”—യെശയ്യാവ് 47:13.
ജ്യോതിഷത്തിൽ വിശ്വസിക്കുന്നവൻ ‘നടക്കേണ്ടതു നടക്കും,’ കാരണം അത് ‘നക്തത്രഫലമാണ്’ എന്നുള്ള വിധിവിശ്വാസപരമായ വീക്ഷണത്തിനു വഴങ്ങുന്നു. അത് ദൈവത്തിന്റെ ഇഷ്ടത്തെ അല്ലെങ്കിൽ ആ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിന്റെ ഉത്തരവാദിത്തത്തെ നിരസിക്കുന്നതിനു തുല്യമാണ്.
അതുകൊണ്ട് നമ്മുടെ ജീവിതത്തെ നയിക്കാൻ അടയാളങ്ങൾക്കും ശകുനങ്ങൾക്കും വേണ്ടി നക്ഷത്രങ്ങളിലേക്കു നോക്കുന്നതിനുപകരം, നക്ഷത്രങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? അതെ, നക്ഷത്രങ്ങൾക്ക് നമ്മോട് എന്ത് അറിയിക്കാൻ കഴിയും? അടുത്ത ലേഖനം ഒരു ഉത്തരംനൽകുന്നു. (g89 11⁄22)
[6-ാം പേജിലെ ചതുരം]
ജ്യോതിഷം ശാസ്ത്രീയമാണോ?
കുറേക്കൂടെ അടുത്ത കാലങ്ങളിലെ ശാസ്ത്രീയകണ്ടുപിടുത്തങ്ങൾ ജ്യോതിഷത്തിന് അജയ്യമായ വെല്ലുവിളികൾ ഉയർത്തിയിരിക്കുന്നു. ഈ വസ്തുതകൾ പരിചിന്തിക്കുക:
◼ ഒരു നക്ഷത്രമണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്നതായി കാണപ്പെടുന്ന നക്ഷത്രങ്ങൾ യഥാർത്ഥത്തിൽ ഒരു കൂട്ടത്തിൽ നിൽക്കുന്നതല്ലെന്ന് ഇപ്പോൾ അറിയപ്പെടുന്നു. അവയിൽ ചിലത് ശൂന്യാകാശത്തിൽ അഗാധത്തിൽ സ്ഥിതിചെയ്യുന്നു, മററു ചിലത് ആപേക്ഷികമായി അടുത്താണ്. അതുകൊണ്ട് വിവിധ നക്ഷത്രങ്ങളുടെ രാശിചക്രസംബന്ധമായ ഗുണങ്ങൾ ശുദ്ധമേ സാങ്കല്പികങ്ങളാണ്.
◼ യുറാനസ്, നെപ്ട്യൂൺ, പ്ലൂട്ടോ എന്നീ ഗ്രഹങ്ങൾ ആദിമ ജൗതിഷികർക്ക് അറിയപ്പെട്ടിരുന്നില്ല, എന്തുകൊണ്ടെന്നാൽ അവ ദൂരദർശിനിയുടെ കണ്ടുപിടിത്തംവരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല. ആ സ്ഥിതിക്ക് നൂററാണ്ടുകൾക്കു മുമ്പ് രേഖപ്പെടുത്തിയ ജ്യോതിഷചാർട്ടുകൾ അവയുടെ “സ്വാധീനങ്ങൾക്ക്” എന്താണ് ന്യായം പറയുന്നത്?
◼ പാരമ്പര്യശാസ്ത്രം പറയുന്നത് നമ്മുടെ വ്യക്തിത്വസ്വഭാവങ്ങൾ രൂപവൽക്കരിക്കപ്പെടുന്നത് ജനനത്തിങ്കലല്ല, പിന്നെയോ ഗർഭധാരണസമയത്താണ് എന്നാണ്. അപ്പോൾ പിതാവിൽനിന്നുള്ള ദശലക്ഷക്കണക്കിന് ബീജകോശങ്ങളിലൊന്ന് മാതാവിന്റെ അണ്ഡകോശവുമായി സംയോജിക്കുന്നു. എന്നിരുന്നാലും, ജ്യോതിഷം ഒരുവന്റെ ജാതകം നിശ്ചയിക്കുന്നത് ഒൻപതുമാസം കഴിഞ്ഞുള്ള ജനനസമയത്തെ അടിസ്ഥാനമാക്കിയാണ്.
◼ സൂര്യനും ചന്ദ്രനും ഗ്രഹങ്ങളും ഗതിചെയ്യുന്നതായി കാണപ്പെടുന്ന രാശിചക്രമെന്നു വിളിക്കപ്പെടുന്ന ആകാശഭാഗത്തെ ജ്യോതിഷക്കാർ 12 തുല്യഭാഗങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്, ഓരോന്നിനും അതിന്റെ അടയാളമായി ഒരു നക്ഷത്രമണ്ഡലവുമുണ്ട്. യഥാർത്ഥത്തിൽ, ആകാശത്തിന്റെ ആ ഭാഗത്ത് 14 നക്ഷത്രസമൂഹങ്ങളുണ്ട്. അവ വലിപ്പത്തിൽ തുല്യമല്ല, അവ കുറെയളവിൽ അന്യോന്യം കയറിക്കിടക്കുകയും ചെയ്യുന്നു. അതുകൊണ്ട് ജ്യോതിഷക്കാർ വരച്ചിരിക്കുന്ന ചാർട്ടുകൾക്ക് ആകാശത്തുള്ളവയുമായി യാതൊരു ഭൗതികസാമ്യവുമില്ല.
◼ ഭൂമിയിലെ ഒരു നിരീക്ഷകനാൽ കാണപ്പെടുന്ന പ്രകാരം നക്ഷത്രമണ്ഡലങ്ങൾക്കിടയിലൂടെയുള്ള സൂര്യന്റെ യാത്രയുടെ സമയം ജ്യോതിഷക്കാരുടെ ചാർട്ടുകളും പട്ടികകളും വരച്ച 2,000 വർഷം മുമ്പത്തേതിനെക്കാൾ ഏതാണ്ട് ഒരു മാസം പിന്നിലാണ് ഇന്ന്. അങ്ങനെ, ജൂൺ ഒടുവിലോ ജൂലൈ ആരംഭത്തിലോ ജനിച്ച ഒരാൾ കർക്കടകരാശിയിലാണെന്ന് ജ്യോതിഷം വിധിക്കും, കാരണം ചാർട്ടുകളനുസരിച്ച് സൂര്യൻ ആ രാശിയിലാണ്—ആൾ അത്യന്തം വികാരാധീനനും ഭാവമാററങ്ങൾക്കു വിധേയനും നിയന്ത്രിതപെരുമാററക്കാരനുമായിരിക്കും. എന്നിരുന്നാലും യഥാർത്ഥത്തിൽ സൂര്യൻ ജമിനി നക്ഷത്രരാശിയിലാണ്, അത് സങ്കൽപ്പമനുസരിച്ച് ആളെ “സംഭാഷണചതുരനും തമാശക്കാരനും വായാടിയു”മാക്കും.
[7-ാം പേജിലെ ചതുരം]
ജ്യോതിഷം, പൗരസ്ത്യവും പാശ്ചാത്യവും
പാശ്ചാത്യദേശങ്ങളിൽ ആചരിക്കപ്പെടുന്ന വിധത്തിലുള്ള ജ്യോതിഷം വർഷംമുഴുവൻ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന 12 നക്ഷത്രസമൂഹങ്ങളിലോരോന്നിനും പ്രത്യേക സ്വഭാവങ്ങളുള്ളതായി പറയുന്നു. ഗ്രീക്കുകാർ ഈ നക്ഷത്രസമൂഹങ്ങൾക്കു പേരിട്ടു, അവർ അവയെ ജീവികളായി അഭിവീക്തിച്ചു, മേഷമായ ഏരിയസ്, കാളയായ ററാറസ്, ഇരട്ടകളായ ജമിനി മുതലായവ.
കൗതുകകരമായി, പുരാതന ചൈനയിലെയും ജപ്പാനിലെയും ജ്യോതിഷവും ഭൗമശാഖകൾ എന്നു വിളിക്കപ്പെടുന്നതിലെ 12 മൃഗങ്ങളോടു പൊരുത്തപ്പെടുന്ന 12 പ്രദേശങ്ങളായി രാശിചക്രത്തെ വിഭാഗിക്കുന്നു.—നായ്, കോഴിക്കുഞ്ഞ്, കുരങ്ങ്, കോലാട്, കുതിര, മുതലായവ. ഈ മൃഗങ്ങളിലോരോന്നും ഒരു പ്രത്യേക കാലഘട്ടത്തിൽ അതിന്റെ സ്വഭാവമനുസരിച്ച് സ്വാധീനംചെലുത്തുന്നതായി പറയപ്പെടുന്നു. അങ്ങനെ, ആകാശങ്ങളിലെ അനുരൂപഭാഗങ്ങൾക്ക് പൗരസ്ത്യ ജ്യോതിഷവും പാശ്ചാത്യജ്യോതിഷവും പിൻവരുന്ന രീതിയിൽ പേരിടുന്നു:
പാശ്ചാത്യ രാശിചക്രം പൗരസ്ത്യ രാശിചക്രം
ഏരിയസ്, മേഷം നായ്
ററാറസ്, കാള കോഴിക്കുഞ്ഞ്
ജമിനി, മിഥുനം കുരങ്ങ്
ക്യാൻസർ, ഞണ്ട് കോലാട്
ലിയോ, സിംഹം കുതിര
വിർഗോ, കന്യക പാമ്പ്
ലിബ്രാ, തുലാസ്സ് വ്യാളം
സ്കോർപ്പിയോ, തേൾ മുയൽ
സജിറേററിയസ്, വില്ലാളി കടുവ
കാപ്രിക്കോൺ, കോലാട് കാള
അക്വേറിയസ്, കുംഭം എലി
പിസെസ്, മത്സ്യം പന്നി
ഈ രണ്ടു പദ്ധതികളെ പരിശോധിക്കുമ്പോൾ നാം എന്താണ് കണ്ടെത്തുന്നത്? വിചിത്രമെന്നോണം, പൗരസ്ത്യദേശങ്ങളിലും പാശ്ചാത്യദേശങ്ങളിലും നക്ഷത്രസമൂഹങ്ങൾ തികച്ചും വ്യത്യസ്ത വിധങ്ങളിൽ പ്രവർത്തിക്കുന്നതായി തോന്നുന്നു. അങ്ങനെ, ദൃഷ്ടാന്തത്തിന്, സൂര്യൻ ഏരിയസിലായിരിക്കുമ്പോൾ ജനിച്ച ഒരു വ്യക്തി മർക്കടമുഷ്ടിക്കാരനായിരിക്കും. ററാറസിൽ ജനിച്ച ഒരാൾ നിർബന്ധബുദ്ധിക്കാരനായിരിക്കും. ഇവ അശേഷവും ഒരുവൻ നായോടും കോഴിക്കുഞ്ഞിനോടും ബന്ധിപ്പിക്കുന്ന ഗുണങ്ങളായിരിക്കുന്നില്ല. എന്നിരുന്നാലും, പൗരസ്ത്യ ജ്യോതിഷം അതാണ് മുൻകൂട്ടിപ്പറയുന്നത്. മററു ജോടികളെസംബന്ധിച്ചും ഇതുതന്നെ പറയാൻ കഴിയും. അങ്ങനെ, നിങ്ങൾ ഏതു പദ്ധതി തെരഞ്ഞെടുക്കുന്നുവെന്നതിനെ ആശ്രയിച്ച് ഒരേ നക്ഷത്രങ്ങൾക്ക് തികച്ചും വ്യത്യസ്തമായ സ്വഭാവങ്ങൾ ഉള്ളതായി പറയപ്പെടുന്നു, സങ്കൽപ്പമനുസരിച്ച് വ്യത്യസ്ത സ്വാധീനങ്ങൾ പ്രകടമാക്കുകയുംചെയ്യുന്നു. നക്ഷത്രങ്ങളാണോ അതോ ജ്യോതിഷക്കാരുടെ ഭാവനയാണോ സ്വാധീനം പ്രയോഗിക്കുന്നത്?
[8-ാം പേജിലെ ചിത്രം]
ഒരുപക്ഷേ ക്രി.മു. 410 ഏപ്രിൽ 29ലേതായ ലോകത്തിലെ ഏററവും പഴക്കമുള്ള ജാതകം, അത് ബാബിലോനിൽവെച്ചാണ് കുറിക്കപ്പെട്ടത്.