യുവജനങ്ങൾ ചോദിക്കുന്നു. . .
അമ്മയും അച്ഛനും നിരക്ഷരരാണ്—ഞാൻ അവരെ എങ്ങനെ ആദരിക്കും?
വൈദ്യുതബൾബ് കണ്ടുപിടിച്ചയാൾ എന്ന നിലയിൽ തോമസ് എഡിസൺ ലോകമെമ്പാടും ആദരിക്കപ്പെടുന്നു. വ്യാവസായിക നിർമ്മാണത്തിന് വൻ ഉല്പാദന തന്ത്രങ്ങൾ അവതരിപ്പിച്ചയാൾ എന്ന നിലയിൽ ഹെൻട്രി ഫോർഡും, അതുപോലെ ലോകമെങ്ങും അറിയപ്പെടുന്നു. പക്ഷേ ഹെൻട്രി ഫോർഡിനും തോമസ് എഡിസണും ഔപചാരികവിദ്യാഭ്യാസം അല്പമേ ഉണ്ടായിരുന്നുള്ളു എന്ന് നിങ്ങൾ അറിഞ്ഞിരുന്നോ?
അപ്പോസ്തലൻമാരായ പത്രോസും യോഹന്നാനും ആദിമ ക്രിസ്തീയസഭയുടെ നെടുനായകൻമാരായിരുന്നു. അവർ സത്യത്തിന്റെ ധീരവാഗ്മികളായിരുന്നു. പക്ഷെ, ലൗകികവിദ്യാഭ്യാസത്തിന്റെ കാര്യം വന്നപ്പോൾ അവർ “നിരക്ഷരരും സാധാരണക്കാരുമായ മനുഷ്യർ” എന്ന് പറയപ്പെട്ടു.—പ്രവൃത്തികൾ 4:13.
തുച്ഛമായ ലൗകിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്നിട്ടുപോലും മഹത്കാര്യങ്ങൾ നിവർത്തിച്ച പുരുഷൻമാർ ചരിത്രത്തിലുടനീളം ഉണ്ടായിരുന്നിട്ടുണ്ട്. ആ കാരണം പറഞ്ഞ് ന്യായബോധമുള്ള ഒരാൾക്കും അവരെ താഴ്ത്തിമതിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട്, വ്യക്തമായി മമനുഷ്യന്റെ വിലക്കും അന്തസ്സിനും ലൗകികവിദ്യാഭ്യാസത്തെക്കാളധികം കാര്യങ്ങൾ നിദാനമായുണ്ട്.
ഇതുകൊണ്ട് ഔപചാരിക വിദ്യാഭ്യാസം അപ്രധാനമാണെന്നോ നിരക്ഷരത, എഴുതാനും വായിക്കാനുമുള്ള അപ്രാപ്തി, ഒരു പരിമിതിയല്ല എന്നോ പറഞ്ഞുസ്ഥാപിക്കുകയല്ല. മിക്ക നാടുകളിലും സെക്കണ്ടറി സ്കൂൾവിദ്യാഭ്യാസം ഇല്ലാത്ത ഒരു വ്യക്തിക്ക് ഒരു ജോലി കിട്ടാൻ വലിയ പ്രയാസമാണ്. പുസ്തകങ്ങളിലും മാസികകളിലും അടക്കംചെയ്തിരിക്കുന്ന അറിവിന്റെ വിപുലശേഖരം തുറന്ന് പ്രയോജനമനുഭവിക്കുന്നതിന് വായിക്കാൻ കഴിവില്ലാത്ത ഒരുവന് സാധിക്കുകയില്ല. എഴുതാൻ കഴിവില്ലാത്ത ഒരാൾ അയാളുടെ പേരിൽ ഒപ്പിടാനോ ഒരു ഫോം പൂരിപ്പിക്കാനോ ആവശ്യപ്പെടുമ്പോൾ അന്ധാളിച്ചുപോകുന്നു.
എങ്കിലും ഒരാളുടെ മാതാപിതാക്കൾ നിരക്ഷരരാണെങ്കിൽ എന്ത്? ആഫ്രിക്കയിലും വികസ്വര ലോകത്തിന്റെ ഇതരഭാഗങ്ങളിലും അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് വായിക്കാനോ എഴുതാനോ കഴിയാത്ത മാതാപിതാക്കൾ ഉണ്ടായിരിക്കുന്നത് അസാധാരണമല്ല. വ്യവസായവൽകൃതദേശങ്ങളിൽപോലും ചില ചെറുപ്പക്കാർക്ക് അവരുടെ മാതാപിതാക്കൾ ആസ്വദിച്ചിട്ടില്ലാത്ത വിദ്യാഭ്യാസപരമായ മികവുകളുണ്ട്. എങ്ങനെയായിരുന്നാലും നിങ്ങളുടെ കാര്യത്തിൽ ഇതു സത്യമാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കളെപ്പററി നിങ്ങൾക്കെന്തു തോന്നുന്നു? അവരുടെ വിദ്യാഭ്യാസമില്ലായ്മ നിങ്ങൾക്ക് അസ്വസ്ഥതക്ക് കാരണമാണോ? അല്ലെങ്കിൽ, അതിലും മോശമായി, അവർ അജ്ഞരും ബഹുമാനത്തിന് അർഹതയില്ലാത്തവരുമാണെന്ന് ചിലപ്പോഴൊക്കെ നിങ്ങൾക്ക് തോന്നുന്നുവോ?
ബഹുമാനം ഉചിതമായിരിക്കുന്നതെന്തുകൊണ്ട്
അത്തരം നിഷേധാത്മകചിന്തകൾ നിങ്ങളെ ചിലപ്പോഴൊക്കെ മഥിക്കുന്നുവെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളെ നിങ്ങൾ ബഹുമാനിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നുവെന്ന വസ്തുതയെക്കുറിച്ച് വിചിന്തനംചെയ്യുന്നത് നിങ്ങളെ സഹായിച്ചേക്കും. എഫേസ്യർ 5:2, 3 ഇങ്ങനെ കല്പിക്കുന്നു: “‘നിന്റെ അപ്പനെയും നിന്റെ അമ്മയെയും ബഹുമാനിക്കുക’; ഇതത്രേ വാഗ്ദത്തത്തോടുകൂടിയ ആദ്യ കല്പന: ‘നിനക്കു നൻമ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘനാൾ നിലനിൽക്കുന്നതിനുംതന്നെ.’” ബഹുമാനം കാണിക്കുക എന്നതിനെ ഒരു നിഘണ്ടു നിർവചിക്കുന്നത് ‘ആദരവോടുകൂടെ പെരുമാറുക’ എന്നാണ്. നിങ്ങളുടെ മാതാപിതാക്കളോടു ആദരവു കാണിക്കുന്നതിലാണ് നിങ്ങളുടെ ജീവിതപ്രത്യാശകൾ ബന്ധപ്പെട്ടിരിക്കുന്നത് എന്നത് കുറിക്കൊള്ളുക. അവരോടുള്ള അനാദരവ് ദൈവത്തോടുള്ള അനാദരവിനു സമമാണ്.
ഏതായാലും നിങ്ങൾക്ക് ജീവൻ പകർന്നുതന്നതിന്റെ പേരിൽ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളോട് കടപ്പെട്ടവരാണ്. അവരുടെ കഴിവിന്റെ പരമാവധി അവർ നിങ്ങൾക്ക് ഭക്ഷണവും വസ്ത്രവും അഭയവും നൽകുന്നു, വരാനിരിക്കുന്ന വർഷങ്ങളിൽ അവർ അങ്ങനെ ചെയ്യുന്നതിൽ തുടരുകയുംചെയ്യും—മിക്ക വികസ്വര രാജ്യങ്ങളിലും ദുഷ്ക്കരമായ ഒരു കർത്തവ്യം. നിങ്ങളുടെ മാതാവിന്റെയോ പിതാവിന്റെയോ സമയം, കരുണാർദ്രമായ പരിചരണം, സ്നേഹപൂർവകമായ മാർഗ്ഗദർശനം എന്നിവക്ക് യാതൊരു വിലച്ചീട്ടും എഴുതി ഒട്ടിക്കാൻ സാദ്ധ്യമല്ല. അവർക്ക് വിദ്യാഭ്യാസപരമായ ചില മേൻമകൾ കുറവുണ്ട് എന്ന കാരണത്താൽ അവരെ താഴ്ത്തി മതിക്കേണ്ടതുണ്ടോ? അഭ്യസ്തവിദ്യരാകട്ടെ, നിരക്ഷരരാകട്ടെ, അവർ നിങ്ങളുടെ മാതാപിതാക്കളാണ്.
നിങ്ങൾക്കുള്ള ഔപചാരികവിദ്യാഭ്യാസം എന്തുതന്നെയായിരുന്നാലും തങ്ങൾക്കുതന്നെ വലിയ ത്യാഗം വരുത്തിക്കൊണ്ട് നിങ്ങൾക്കത് ഒരുക്കിത്തന്നത് നിങ്ങളുടെ മാതാപിതാക്കളാണ്. അത് നിങ്ങളിൽ വിലമതിപ്പുണർത്തേണ്ടതല്ലേ?
മാതാപിതാക്കൾക്കുള്ള വിദ്യാഭ്യാസം
തീർച്ചയായും നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെക്കാളധികം വിദ്യാഭ്യാസം ലഭിച്ചവരായിരിക്കാനാണ് സാദ്ധ്യത. തന്റെ ജീവിതത്തിലുടനീളം പണിതുയർത്തുന്നതിന് ഔപചാരികവിദ്യാഭ്യാസം ഒരു വ്യക്തിക്ക് വിശാലമായ ഒരു അടിസ്ഥാനം പ്രദാനംചെയ്യുന്നു. പക്ഷേ നിങ്ങൾ ജീവിതത്തിലറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം അതു നിങ്ങളെ പഠിപ്പിക്കുകയില്ല.
ഘാനയിലെ ഒരു പൊതു ചൊല്ലിതാണ്: “ഒരു മുതിർന്നയാൾ ഒരിക്കൽ ഒരു കുട്ടിയായിരുന്നു. പക്ഷേ ഒരു കുട്ടി ഒരിക്കലും ഒരു മുതിർന്നയാൾ ആയിരുന്നിട്ടില്ല.” പുസ്തകങ്ങളിൽനിന്ന് കിട്ടാത്ത ചിലത് നിങ്ങളുടെ മാതാപിതാക്കൾക്കുണ്ട്: ജീവിതാനുഭവം. നിങ്ങളെന്നെങ്കിലും ഒരു ജോലി ചെയ്യുകയോ പണമടയ്ക്കുകയോ കൊച്ചുകുട്ടികളെ പരിപാലിക്കുകയോ ഒരു കുടുംബം പുലർത്തുകയോ ചെയ്തിട്ടുണ്ടോ? ഈ കാര്യങ്ങളിൽ നിങ്ങളുടെ മാതാപിതാക്കൾ വർഷങ്ങളിൽ നീണ്ട അനുഭവം സമാഹരിച്ചിരിക്കുന്നു.
എബ്രായർ 5:14-ൽ ബൈബിൾ തുടർന്നും കാണിക്കുന്നത് ഒരുവന്റെ ഗ്രഹണപ്രാപ്തികൾ കേവലം വായനയിലൂടെയും പഠനത്തിലൂടെയുമല്ല, പിന്നെയോ “ഉപയോഗത്തിലൂടെ”യാണ് “ശരിയും തെററും തിരിച്ചറിയാൻ പരിശീലിപ്പിക്കപ്പെടുന്ന”ത് എന്നാണ്. നിങ്ങളുടെ മാതാപിതാക്കൾ അപ്രകാരം നിങ്ങൾക്ക് ധാർമ്മികമാർഗ്ഗദർശനം നൽകുന്നതിനും നിങ്ങളിൽ മൂല്യങ്ങൾ സന്നിവേശിപ്പിക്കുന്നതിനും പര്യാപ്തമായ ഒരു സ്ഥാനത്താണ്. നിങ്ങളുടെ മാതാപിതാക്കൾ ദൈവഭയമുള്ളവരാണെങ്കിൽ വിശേഷിച്ചും ഇങ്ങനെതന്നെയായിരിക്കും.
നിങ്ങൾ സ്വന്തമായി ഒരു ഭവനത്തെ ഭരിക്കാൻ വേണ്ടത്ര മുതിർന്നുകഴിയുമ്പോൾപോലും നിങ്ങളുടെ മാതാപിതാക്കൾക്ക് നിങ്ങളുടെമേലുള്ള മികവ് കുറയുന്നില്ല എന്നത് രസാവഹമാണ്. സദൃശവാക്യങ്ങൾ 22:23 ഇങ്ങനെ പറയുന്നു: “നിനക്ക് ജൻമം നൽകിയ നിന്റെ പിതാവിനെ ശ്രദ്ധിക്കുക; നിന്റെ അമ്മ വൃദ്ധയായിത്തീർന്നുവെന്ന കാരണംകൊണ്ട് അവളെ നിന്ദിക്കാതിരിക്കുക.” ഈ ബുദ്ധിയുപദേശം കുട്ടികൾക്കല്ല മറിച്ച് വൃദ്ധമാതാപിതാക്കളുള്ള മുതിർന്നവർക്കാണ് നൽകപ്പെട്ടത്. അതെ, ഒരാൾ മുതിർന്നയാളാണെങ്കിൽപോലും അനുഭവങ്ങൾകൊണ്ട് അവർ ആർജ്ജിച്ച ജ്ഞാനത്തെ വിലമതിച്ചുകൊണ്ട് ഒരുവന്റെ മാതാപിതാക്കൾക്ക് ശ്രദ്ധ നൽകുന്നത് ജ്ഞാനമാണ്. മാതാപിതാക്കൾ നിരക്ഷരരായിരിക്കാം. പക്ഷേ അവരുടെ ആലോചനക്ക് മൂല്യമില്ല എന്ന് അതിനർത്ഥമില്ല.
നിരക്ഷരരെങ്കിലും വിജയപ്രദർ
നിരക്ഷരരായ മാതാപിതാക്കളാൽ വളർത്തപ്പെട്ട ചെറുപ്പക്കാരുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾ മേൽപ്പറഞ്ഞ കാര്യങ്ങളുടെ സത്യതക്ക് ഉദാഹരണമാണ്. ഒരു ഘാനാക്കാരൻ ചെറുപ്പക്കാരനായ ക്വാബെനാ നിരക്ഷരയായ തന്റെ അമ്മയെപ്പററി ഇങ്ങനെ പറയുന്നു: “അവർ ശിക്ഷണത്തിൽ നിഷ്ക്കർഷയുള്ളവരായിരുന്നു. എന്റെ നൻമക്കുവേണ്ടി അവർ എന്നിൽ സന്നിവേശിപ്പിച്ച മൂല്യങ്ങളോടുള്ള വിലമതിപ്പിൽനിന്ന് അവരെ കൂടുതൽ സ്നേഹിച്ചുകൊണ്ട് ഞാൻ വളർന്നു. എന്റെ മൂത്ത സഹോദരിമാർ വിജയികളായ ഭാര്യമാരാണ്. എന്റെ അമ്മക്ക് ഇതിനുള്ള ബഹുമതിയുടെ ഒരു വലിയ പങ്ക് കൊടുക്കാൻകഴിയും.”
അതേസമയം റെജിനാൾഡ് നിരക്ഷരനായ അവന്റെ മുത്തച്ഛനാലാണ് വളർത്തപ്പെട്ടത്. റെജിനാൾഡ് ഇങ്ങനെ അനുസ്മരിക്കുന്നു: “ജീവിതത്തിൽ വളരെ നേരത്തെതന്നെ ഗൗരവാവഹമായ ഉത്തരവാദിത്വങ്ങൾ ഏറെറടുക്കാൻ ഞാൻ പ്രാപ്തനാകുമാറ് പക്വവും പൊരുത്തമുള്ളവയുമായിരുന്നു അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ.”
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആനുകൂല്യം ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു അമ്മയുടെ പുത്രനായിരുന്നു ക്വാസി എന്ന മറെറാരു ഘാനാക്കാരൻ യുവാവ്. ഇത് അമ്മയെ മകന്റെ മുമ്പിൽ വല്ലാത്ത പരിമിതിയിലാക്കിയോ? ഇല്ല. ക്വാസി ഇങ്ങനെ ഓർമ്മിക്കുന്നു: “ഞാൻ എപ്പോഴും എന്റെ അമ്മയുടെ മാനസികശേഷിയെപ്രതി അവരെ മാനിച്ചിരുന്നു. അവർ ഒരു കച്ചവടക്കാരിയായിരുന്നു. സെക്കണ്ടറിസ്കൂളിലെ എന്റെ ആദ്യവർഷങ്ങളിൽ, എപ്പോഴെങ്കിലും അവർക്ക് ചില കണക്കുകൂട്ടലുകൾ നടത്തിക്കൊടുക്കണമായിരുന്നെങ്കിൽ എനിക്ക് പേനയും പേപ്പറും എടുക്കേണ്ടിവരുമായിരുന്നു. പക്ഷേ അവർ മനഃക്കണക്കു കൂട്ടി. മിക്കപ്പോഴും ശരിയായ ഉത്തരങ്ങൾ ആദ്യം കിട്ടിയിരുന്നത് അവർക്കായിരുന്നു!”
നിങ്ങളുടെ മാതാപിതാക്കൾക്ക് ഒരു സഹായമായിരിക്കുക!
അക്ഷരാഭ്യാസം നിങ്ങൾക്ക് ചില സൗകര്യങ്ങൾ പ്രദാനംചെയ്യുന്നു എന്നത് സത്യംതന്നെ. പക്ഷേ നിങ്ങളുടെ മാതാപിതാക്കൾ താണവരാണെന്നുള്ള നിലയിൽ അവരോട് ഇടപെടുന്നതിന് ഇതൊരു കാരണമല്ല. ഒരു യുവാവെന്ന നിലയിൽ യേശുക്രിസ്തുവിന് അനന്യ വിശിഷ്ടമായ ഒരു മേൻമയുണ്ടായിരുന്നു. അവൻ പൂർണ്ണനായിരുന്നു. പക്ഷേ ബൈബിൾരേഖ കാണിക്കുന്നത് “അവൻ അവർക്ക് തുടർന്നും കീഴ്പെട്ടിരുന്നു” എന്നാണ്.—ലൂക്കോസ് 2:51.
ഇതിന്റെ കാഴ്ചപ്പാടിൽ നിങ്ങളുടെ മാതാപിതാക്കളുടെ പ്രയോജനത്തിനുവേണ്ടി നിങ്ങളുടെ പ്രാഗത്ഭ്യങ്ങൾ എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്ന കാര്യത്തിന് നിങ്ങൾ ചിന്ത നൽകിയിട്ടുണ്ടോ? ഉദാഹരണത്തിന് അവർക്ക് വരുന്ന കത്തുകളും വർത്തമാനപ്പത്രവും ബൈബിളും ബൈബിൾസാഹിത്യങ്ങളും നിങ്ങൾ വായിച്ചുകൊടുക്കുന്നത് അവർ വിലമതിച്ചേക്കും. അല്ലെങ്കിൽ അവർക്കുവേണ്ടി ഫാറങ്ങൾ പൂരിപ്പിക്കുകയോ കത്തുകൾ എഴുതുകയോ ചെയ്യുന്നത് അവർക്ക് പ്രയോജനമായിരിക്കും.
യഹോവയാം ദൈവം തന്റെ ജനത്തെ സഹായിക്കുമ്പോൾ “അവൻ നിന്ദിക്കാതെ എല്ലാവർക്കും ഉദാരമായി നൽകുന്നു.” (യാക്കോബ് 1:5) മററുവാക്കുകളിൽ, അവന്റെ സഹായം നമുക്കാവശ്യമായി വന്നു എന്ന കാരണത്തെപ്രതി നാം വിഡ്ഢികളെന്നു തോന്നാൻ അവൻ ഒരിക്കലും ഇടയാക്കുന്നില്ല. അതുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളോട് വിനയാന്വിതവും കൃപാർദ്രവുമായ ഒരു വിധത്തിൽ ഇടപെടുക. അപ്പോൾ അവർ നിങ്ങളുടെ സഹായം സ്വീകരിക്കുന്നതിന് കൂടുതൽ സാദ്ധ്യതയുണ്ട്.
വായിക്കുന്നതിനും എഴുതുന്നതിനുമുള്ള പ്രാപ്തികൾ ക്രിസ്തീയസഭയിൽ വളരെ പ്രയോജനം ചെയ്യുന്നവയായതുകൊണ്ട് ലഭ്യമായ നിരവധി സാക്ഷരതാപരിപാടികളിൽനിന്ന് പ്രയോജനമനുഭവിക്കുന്നതിന് നിങ്ങളുടെ മാതാപിതാക്കൾക്ക് വിനയപുരസ്സരം പ്രോൽസാഹനം നൽകാൻ പോലും നിങ്ങൾക്കു കഴിയും. രസകരമായി, നിരക്ഷരത പ്രബലമായിരിക്കുന്ന ദേശങ്ങളിൽ യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ മിക്കപ്പോഴും അക്ഷരാഭ്യാസത്തിനുള്ള കേന്ദ്രമായി ഉപയോഗിക്കപ്പെടുന്നു. അവിടെ പ്രദാനം ചെയ്യപ്പെടുന്ന വിദ്യാഭ്യാസപരിപാടി പ്രയോജനപ്പെടുത്തുന്നതിന് അവർ പ്രേരിപ്പിക്കപ്പെടാൻ നിങ്ങളിൽനിന്നുള്ള പ്രോൽസാഹനത്തിന്റെ ഒരു ദയയോടുകൂടിയ വാക്കുമാത്രമായിരിക്കാം അവർക്കാകെയാവശ്യം.
ചില ആഫ്രിക്കൻ നാടുകളിൽ തങ്ങളുടെ മാതാപിതാക്കൾ മരിക്കുന്നതുവരെ കുട്ടികൾ കാത്തിരുന്നിട്ട് അവരുടെ ശവസംസ്കാരത്തിന് ഒരു വിലപിടിച്ച ശവപ്പെട്ടി ഒരുക്കിക്കൊണ്ട് അവർക്ക് “അന്തിമ ആദരാഞ്ജലികൾ” അർപ്പിക്കുന്നു. നിങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരിക്കെ, ഇപ്പോൾത്തന്നെ അവരോട് ആഴമായ ബഹുമാനം കാണിക്കുന്നത് ഇതിലും എത്രയോ ശ്രേഷ്ഠമായിരിക്കും! അവർ ചെറുപ്പമായിരുന്നപ്പോൾ അവർക്ക് ചില അവസരങ്ങൾ ലഭിക്കാതെപോയി എന്നതുകൊണ്ട് ഒരിക്കലും അസ്വസ്ഥരാകരുത്. അവരുടെ ലൗകികവിദ്യാഭ്യാസത്തിന്റെ പോരായ്മക്ക് പകരമായി അവർക്ക് വിശിഷ്ടഗുണങ്ങളുണ്ട്. എല്ലായ്പ്പോഴും വാക്കിലും പ്രവൃത്തിയിലും അവരോട് ബഹുമാനം കാണിക്കുക. നിങ്ങൾ അവരോട് വിയോജിക്കുമ്പോൾപോലും “അനുസരിക്കാൻ ഒരുക്ക”മുള്ളവരായിരിക്കുക. (യാക്കോബ് 3:17) വായിക്കാനും എഴുതാനുമുള്ള പ്രാപ്തിയെക്കാൾ വളരെയധികം അർത്ഥമാക്കുന്ന ഗുണങ്ങളായി നിങ്ങളുടെ മാതാപിതാക്കൾക്കുള്ള ഊഷ്മളത, സ്നേഹം, ജ്ഞാനം എന്നിവയെ അമൂല്യമായി മാനിക്കുക. (g89 12⁄22)
[21-ാം പേജിലെ ചിത്രം]
അക്ഷരാഭ്യാസം ഇല്ലാത്തപ്പോൾപോലും മാതാപിതാക്കൾക്ക് ബുദ്ധിയുപദേശത്തിന്റെ സമൃദ്ധ സ്രോതസ്സുകളായിരിക്കാൻ കഴിയും