ബൈബിളിന്റെ വീക്ഷണം
യഥാർത്ഥത്തിൽ ഒരു പിശാചുണ്ടോ?
നിങ്ങൾ ഒരു കുട്ടിയായിരുന്നപ്പോൾ, നിങ്ങൾക്ക് ഇരുട്ടിനെ പേടിയായിരുന്നോ? ഒരുപക്ഷേ, നിങ്ങളുടെ ജനാലക്കു പുറത്ത് ഒരു ഭീകരരൂപി നിങ്ങളെ നിങ്ങളുടെ മാതാപിതാക്കളിൽനിന്നു തട്ടിപ്പറിക്കാൻ പതിയിരിക്കുന്നതായി നിങ്ങൾ സങ്കൽപ്പിച്ചു. ഇപ്പോൾ യഥാർത്ഥ വസ്തുതകൾ വായിച്ചറിയാനും കൂടുതൽ യുക്തിപൂർവം ചിന്തിക്കാനും കഴിവുള്ള മുതിർന്ന ഒരാളെന്ന നിലയിൽ, നിങ്ങളുടെ കുട്ടിക്കാല ഭയങ്ങൾ മൗഢ്യമായിരുന്നുവെന്നു തോന്നുന്നു. “അതുകൊണ്ട്, ഒരു പടികൂടെ മുമ്പോട്ടുപോയി പിശാചിനെ അതേ വിഭാഗത്തിൽ—ഒരു കുട്ടിയുടെ സാങ്കൽപ്പിക ഭീകരരൂപിയെക്കാൾ യഥാർത്ഥമല്ലാത്തതായി കരുതാൻ പാടില്ലേ?”യെന്ന് ചില വിമർശകർ ചോദിക്കുന്നു.
യഥാർത്ഥ പിശാചില്ലേ? ഇതുതന്നെയാണ് ഒരു മതപരമായ ലഘുലേഖ നിങ്ങൾക്ക് ഉറപ്പുനൽകുന്നത്: “തിൻമയുടെ ഇത്തരമൊരു ബീഭൽസജീവിയെക്കുറിച്ചു ബൈബിളിൽ പരാമർശമില്ല,” “പിശാചെന്നും സാത്താനെന്നുമുള്ള പദങ്ങൾ . . . മാനുഷ്യപ്രകൃതിയിൽ അന്തർഭവിച്ചിരിക്കുന്ന പാപത്തിന്റെയും ദുഷ്ടതയുടെയും തത്വമാണ്.” അല്ലെങ്കിൽ ഐക്യനാടുകളിലെ ഒരു സണ്ടേസ്ക്കൂൾ അദ്ധ്യാപകൻ പ്രസ്താവിക്കുന്നതുപോലെ, “മനുഷ്യർ മാത്രമാണ് പിശാചുക്കൾ.” അവ വളരെ ലളിതമാണെന്ന്, ഒരുപക്ഷേ തീരെ ലളിതമെന്നു തോന്നുന്നുവോ?
മാനുഷപെരുമാററത്തെ വിശദീകരിക്കൽ
മനുഷ്യരായ നമ്മൾ മാത്രമാണ് പിശാചുക്കളെങ്കിൽ, നമ്മിൽ എല്ലാവരുംതന്നെ നമ്മുടെ കുടുംബത്തിന്റെ ക്ഷേമത്തിൽ താത്പര്യം പ്രകടമാക്കുന്നതെന്തിന്? ദൃഷ്ടാന്തത്തിന്, വ്യക്തികളെന്ന നിലയിൽ മിക്കവരും തങ്ങളുടെ കുടുംബങ്ങൾക്ക് ആഹാരം പ്രദാനംചെയ്യുന്നു; അവർ അറിഞ്ഞുകൊണ്ട് വിഷം കഴിക്കുന്നില്ല, അവർ ജീവനെ ഭീഷണിപ്പെടുത്തുന്ന അപകടങ്ങൾ ഒഴിവാക്കുന്നു. അതുസംബന്ധിച്ചു പൈശാചികമായി യാതൊന്നുമില്ല! എന്നിരുന്നാലും, ഇതേ ആളുകൾ ജനതകളെന്ന നിലയിൽ സംഘടിതമായി പ്രവർത്തിക്കുമ്പോൾ അവരുടെ ക്ഷേമം സംബന്ധിച്ച അവരുടെ വീക്ഷണത്തെ എന്തോ തടസ്സപ്പെടുത്തുന്നു. ജനതകളെന്ന നിലയിൽ അവർ തങ്ങളുടെ വിശക്കുന്ന ജനസമൂഹങ്ങളെ പോററുന്നതിനു പകരം മിച്ച ഭക്ഷ്യം അഴുകിപ്പോകാൻ അനുവദിക്കുന്നു. അവർ ഭൂമിയുടെ പരിസരത്തെ മലിനപ്പെടുത്തുന്നു. അവർ പരസ്പര സംഹാരത്തിനായി ആയുധമേന്തുന്നു—ന്യൂക്ലിയർയുദ്ധം. വിചിത്രം, ആത്മവിനാശകപെരുമാററം!
മനുഷ്യപെരുമാററത്തിലെ ഈ വൈകല്യത്തിന് കാരണമായിരിക്കുന്നത് ഏതു സ്വാധീനമാണ്? ജനക്കൂട്ടമനഃസ്ഥിതിയോ? ചുരുക്കം ചില വിവേകശൂന്യരായ നേതാക്കളോ? തീർച്ചയായും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു. ബൈബിൾ മാത്രമാണ് വിശ്വാസമില്ലാത്ത ഒരു ലോകവ്യാപക “വ്യവസ്ഥിതി”യിലെ “മനസ്സുകളെ കുരുടാക്കിയിരിക്കുന്ന” ഒരുവനെ തിരിച്ചറിയിക്കുന്നത്. അവൻ ആരാണ്? “മുഴു നിവസിതഭൂമിയെയും വഴിതെററിക്കുന്ന പിശാചും സാത്താനുമെന്നു വിളിക്കപ്പെടുന്ന”വൻ. ബൈബിൾ അവനെ ഈ ലോകവ്യവസ്ഥിതിയുടെ “ദൈവ”മെന്ന് വിളിക്കത്തക്കവണ്ണം അവൻ സംഘടിത മാനവരാശിയെ അത്ര വിജയപ്രദമായി കൈകാര്യംചെയ്യുന്നു.—2 കൊരിന്ത്യർ 4:4; വെളിപ്പാട് 12:9.
ഈ “ദൈവം” നിങ്ങളുടെ ജനാലക്കു പുറത്ത് ഒളിച്ചിരിക്കുന്ന ഉമ്മാക്കിയല്ല. എന്നാൽ അവൻ ശക്തനായ ഒരു രാഷ്ട്രീയതന്ത്രജ്ഞനും ഒരു അദൃശ്യ ആത്മജീവിയുമാണ്. അവന് യേശുവിന്റെ കൂറിനുവേണ്ടിയുള്ള ഒരു വിജയിക്കാഞ്ഞ ശ്രമത്തിൽ ലോകത്തിലെ സകല രാജ്യങ്ങളും യേശുവിനു വാഗ്ദാനം ചെയ്യാൻ കഴിഞ്ഞു. (ലൂക്കോസ് 4:6, 7) പ്രത്യക്ഷത്തിൽ, സാത്താൻ അത് യേശുവിന് വാഗ്ദാനംചെയ്യുന്നതിനു മുമ്പ് മററുള്ളവർക്ക് അങ്ങനെയുള്ള അധികാരം കൊടുത്തിരുന്നു, എന്തുകൊണ്ടെന്നാൽ മത്സരികളായ ദൂതൻമാർ കീഴുദ്യോഗസ്ഥൻമാരെന്ന നിലയിൽ ലോകസാമ്രാജ്യങ്ങളുടെമേൽ അധികാരം സ്വീകരിച്ചിരുന്നുവെന്ന് ദാനിയേൽ എന്ന ബൈബിൾ പുസ്തകം വെളിപ്പെടുത്തുന്നു—“പാർസിപ്രഭു”, “യവനപ്രഭു” എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളോടെതന്നെ.—ദാനിയേൽ 10:20, 21.
അങ്ങനെ സാത്താൻ ഒരു വമ്പിച്ച സ്ഥാപനം പടുത്തുയർത്തിയിരിക്കുകയാണ്—“[ദൃശ്യ]ലോകത്തിന്റെ ഭരണാധിപൻ” ആയും “[അദൃശ്യ] ഭൂതങ്ങളുടെ ഭരണാധിപനാ”യുംതന്നെ. (യോഹന്നാൻ 14:30; 16:11; മത്തായി 12:24) പിശാച് ലോകവ്യാപകമായ ഒരു സ്ഥാപനത്തിന്റെ തലവനാണെന്നുള്ള ഉൾക്കാഴ്ച ധാരാളം കാര്യങ്ങൾ വിശദീകരിച്ചുതരുന്നു.
അവൻ ഒരു സ്ഥാപനത്തിന്റെ തലവനായിരിക്കുന്നതിന്റെ കാരണം
സംഘടിത കുററകൃത്യങ്ങളുടെ ഒരു മേധാവി തന്റെ കീഴിലുള്ള എല്ലാവർക്കും വ്യക്തിപരമായി തന്നേക്കുറിച്ചു വെളിപ്പെടുത്താതെ, മയക്കുമരുന്നുകൾ, വ്യഭിചാരം, മോഷണം, ചൂതാട്ടം, കള്ളക്കടത്ത് മുതലായ അനേകം നിയമവിരുദ്ധപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ചേക്കാം. അങ്ങനെ, സാത്താൻ തനിക്കു സ്വയമായി നിയന്ത്രിക്കാൻകഴിയുന്നതിനെക്കാൾ കൂടുതൽ പേരെ നിയന്ത്രിക്കാൻ ഒരു സ്ഥാപനത്തെ ഉപയോഗിക്കുന്നു. അവന്റെ തന്ത്രമെന്താണ്? വ്യക്തികളെ ഉപദ്രവിക്കുന്നതിനു പുറമേ, അവനും ഭൂതങ്ങളും കന്നുകാലിക്കൂട്ടങ്ങളോടെന്നപോലെ മനുഷ്യസമൂഹങ്ങളോടു പെരുമാറുന്നു. ഓരോരുത്തരെയും വ്യക്തിപരമായി നിയന്ത്രിക്കേണ്ടതില്ല. കൂട്ടത്തിന്റെ തലപ്പത്ത് ചിലരെ നയിക്കുകമാത്രം ചെയ്യുക, ഭൂരിപക്ഷവും അനുഗമിച്ചുകൊള്ളും. പിന്നീട് അലഞ്ഞുതിരിയുന്നവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
അതെ, സാത്താൻ യഥാർത്ഥമാണ്, എന്നാൽ അവന്റെ യഥാർത്ഥ താദാത്മ്യത്തിന് നാം കാർട്ടൂണുകളിൽ കാണുന്ന ഹാസ്യചിത്രത്തോടോ ദൈവശാസ്ത്രജ്ഞൻമാരുടെ അവ്യക്തമായ സിദ്ധാന്തങ്ങളോടോ സാദൃശമൊന്നുമില്ല. അവ്യക്തമോ? അതെ, സാത്താൻ, ഒരു ചിത്രം എന്ന പുസ്തകം പ്രസ്താവിക്കുന്നതുപോലെ, 19-ാം നൂററാണ്ടിൽ “സാത്താനിലുള്ള വിശ്വാസം കൂടുതൽ അവ്യക്തമായിത്തീർന്നു, ദൈവശാസ്ത്രജ്ഞൻമാർ “ആളത്വമുള്ള ഒരു ആത്മവ്യക്തിയല്ലാത്ത എന്തോ ആയി സാത്താനെ വിശദീകരിക്കാൻ ശ്രമിച്ചു.”
ആരാണ് പിശാചിനെക്കുറിച്ചുള്ള സത്യം പറയുന്നത്?
ബൈബിൾ പിശാചിനെക്കുറിച്ച് പറയുന്നതിനെ സംശയിക്കുന്നതിനുള്ള ആധുനികമതങ്ങളുടെ സന്നദ്ധത ദൈവത്തെക്കുറിച്ചുതന്നെ നിശ്ചയമില്ലാതായിത്തീർന്നിരിക്കുന്ന ഒരു ഭൗതികാസക്തസമുദായത്തെയാണ് പ്രീണിപ്പിക്കുന്നത്. “ഇന്ന് പിശാച് അപ്രത്യക്ഷപ്പെട്ടിരിക്കുകയാണ് . . . .ദൈവംതന്നെ പുറത്തേക്കു വലിഞ്ഞിരിക്കുകയാണ്” എന്ന് പിശാചിന്റെ യാഥാർത്ഥ്യം എന്ന തന്റെ പുസ്തകത്തിൽ രൂത്ത് ആൻഷർ പറയുന്നു.
ബൈബിൾവീക്ഷണത്തെ സംശയിച്ചുകൊണ്ട് ആധുനിക മത“വിദഗ്ദ്ധൻമാർ” ചരിത്രത്തെ വ്യക്തമായ കാഴച്പ്പാടിൽ നിർത്തുന്ന ഒരു യാഥാർത്ഥ്യത്തെ വിഗണിച്ചിരിക്കുന്നു. റുമേനിയൻ നാടകകൃത്ത് യൂജീൻ അയനെസ്ക്കോ ഒരു ജർമ്മൻ പത്രത്തോട് സമ്മതിച്ചുപറഞ്ഞതുപോലെ: “നാം ഭൂത ഘടകത്തെ വിട്ടുകളയുകയാണെങ്കിൽ, ചരിത്രം ഗ്രാഹ്യത്തിനതീതമായിരിക്കും.”—വെൽററ ആം സോൺററാഗ, സെപ്ററംബർ 2, 1979.
ഇന്നത്തെ ലോകപ്രതിസന്ധിയിൽ പിശാചിന്റെ റോളിനെ സംബന്ധിച്ച സത്യത്തെ മുറുകെപ്പിടിക്കാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ? തീർച്ചയായും ഉണ്ട്! 1928-ൽ നടന്ന ഒരു കൺവെൻഷനിൽ ഏകകണ്ഠമായി അംഗീകരിക്കപ്പെട്ട “സാത്താനെതിരായും യഹോവക്കനുകൂലമായുമുള്ള പ്രഖ്യാപന”ത്തെക്കുറിച്ചു പരിചിന്തിക്കുക. മമനുഷ്യന്റെ ശത്രുവായ സാത്താനെതിരായി ഒരു യുദ്ധമുറവിളിപോലെ വരാനിരിക്കുന്ന അർമ്മഗെദ്ദോൻ മഹായുദ്ധം സാത്താനെയും അവന്റെ ദുഷ്ടസ്ഥാപനത്തെയും പെട്ടെന്നുതന്നെ അവസാനിപ്പിക്കുമെന്ന് ഘോഷിക്കാൻ യഹോവയുടെ സാക്ഷികൾ പ്രതിജ്ഞാബദ്ധരായി.
സത്യത്തിൽ, പിശാച് നമ്മിലോരോരുത്തരുടെയും ഒരു യഥാർത്ഥ ശത്രുവാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, യഹോവയാം ദൈവം നമ്മെ ഒററക്ക് വിട്ടിട്ടില്ലെന്നു വ്യക്തമാണ്. എന്തുകൊണ്ടു കൂടുതൽ പഠിച്ചുകൂടാ? “നാം സാത്താനാൽ പിടികൂടപ്പെടാതിരിക്കാൻ” നമ്മുടെ ശത്രുവിനെക്കുറിച്ച് അറിയുന്നത് പ്രയോജനകരമാണ്, “എന്തെന്നാൽ നാം അവന്റെ തന്ത്രങ്ങൾ അറിയാത്തവരല്ല.”—2 കൊരിന്ത്യർ 2:11. (g90 1⁄8)
[23-ാം പേജിലെ ആകർഷകവാക്യം]
“ഇന്ന് പിശാച് അപ്രത്യക്ഷമായിരിക്കുകയാണ് . . . ദൈവംതന്നെ പുറത്തേക്കു വലിഞ്ഞിരിക്കുകയാണ്.”
[22-ാം പേജിലെ ചിത്രം]
യഥാർത്ഥപിശാചിന് മതപരമായ ചിത്രങ്ങളോടോ ദൈവശാസ്ത്രജ്ഞൻമാരുടെ അവ്യക്തമായ സിദ്ധാന്തങ്ങളോടോ സാദൃശമൊന്നുമില്ല
[കടപ്പാട്]
Gustave Doré