യുവജനങ്ങൾ ചോദിക്കുന്നു...
ഞാൻ ആത്മവിദ്യ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
“ഞാൻ എന്റെ വല്യപ്പച്ചനുമായി വളരെ അടുപ്പത്തിലായിരുന്നു,” ആ കൊച്ചു പെൺകുട്ടി പറഞ്ഞു, “വല്യപ്പച്ചന്റെ മരണം എനിക്ക് ഒരു കനത്ത ആഘാതമായി. വല്യപ്പച്ചനുമായി വീണ്ടും ബന്ധം പുലർത്തുക സാദ്ധ്യമാണോ എന്നറിയാൻ ഞാൻ ആഗ്രഹിച്ചു.” അങ്ങനെ അവൾ ആത്മവിദ്യചാരത്തിൽ ഏർപ്പെട്ടു തുടങ്ങി.
“ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കിലെ കുട്ടികളും യുവജനങ്ങളുമായി കുറഞ്ഞത് 2,00,000 പേരെങ്കിലും ഏതെങ്കിലും രൂപത്തിലുള്ള ആത്മവിദ്യാചാരത്തിന്റെ അനുഭവമുള്ളവരാണ്” എന്ന് ഒരു സമീപകാല റിപ്പോർട്ട് അവകാശപ്പെട്ടു. ജപ്പാനിലെ സ്കൂളുകളിൽ യുവ മന്ത്രവാദികളുടെ ഒരു കൂട്ടം തന്നെയുണ്ട്. ചിലർ മാനസ്സ സന്ദേശത്തിലും മററു ചിലർ മോഹന നിദ്രയിലും ഇനിയും ചിലർ ബാധ ഒഴിപ്പിക്കലിലും വൈദഗ്ദ്ധ്യം അവകാശപ്പെടുന്നവരാണ്. നൈജീറിയയിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ മന്ത്രവാദം നടത്തുന്നതായി കേൾക്കുന്നത് ഇന്ന് അസാധാരണമല്ല. സങ്കടകരമെന്നു പറയട്ടെ ക്രിസ്തീയ മാതാപിതാക്കളാൽ വളർത്തപ്പെട്ട ചില യുവജനങ്ങൾപോലും ഒരു പക്ഷേ അറിയാതെ പ്രകൃതാതീത പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടുപോയിട്ടുണ്ട്.
ആത്മവിദ്യക്ക് യുവജനങ്ങളെ ഇത്രയേറെ ആകർഷിക്കാൻ കഴിയുന്നതെന്തുകൊണ്ടാണ്? അതിൽ ഉൾപ്പെടുന്നത് അത്രമേൽ അപകടകരമായിരിക്കുന്നതും എന്തുകൊണ്ടാണ്?
അവർ എന്തുകൊണ്ട് ഉൾപ്പെടുന്നു
ആത്മവിദ്യയിൽ പ്രകൃത്യാതീത പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു, ജ്യോതിഷം, ഭാവി കഥനം, മന്ത്രവാദം, മാജിക് എന്നിവയിലൂടെ ആത്മ മണ്ഡലത്തിൽ നടത്തുന്ന അന്വേഷണം തന്നെ. അത്തരം കാര്യങ്ങളിലേക്ക് ചുഴിഞ്ഞുനോക്കാൻ ഇത്രയധികം യുവജനങ്ങൾക്ക് താല്പര്യമുള്ളതെന്തുകൊണ്ടാണ്? തന്റെ മരിച്ചുപോയ പിതാവുമായി ബന്ധപ്പെടുന്നതിന് ഡിർക്കിന് ആഴമായ ഒരു ആഗ്രഹമുണ്ടായിരുന്നു. അതു ചെയ്യുന്നതിന് തന്റെ മാനസിക പ്രാപ്തികൾ വികസിപ്പിച്ചാൽ സാധിക്കുമെന്ന് ബോദ്ധ്യമായതിനാൽ അവൻ ധ്യാനം ഒരു ദിനചര്യയാക്കിത്തുടങ്ങി. ധ്യാനത്തിലൂടെ സ്പർശിക്കാതെ തന്നെ വസ്തുക്കളെ ചലിപ്പിക്കാൻ അവൻ ശ്രമിച്ചു. അത്തരം ധ്യാനം അവനെ ആത്മമണ്ഡലത്തിന്റെ കവാടത്തിങ്കൽ എത്തിച്ചു എന്ന് ഡിർക്ക് പറഞ്ഞു.
മററു ചില യുവജനങ്ങൾ ഭാവിയെ ഭയപ്പെടുന്നു. പരീക്ഷയിലെ തങ്ങളുടെ വിജയം സംബന്ധിച്ചൊ വിവാഹത്തിനുള്ള ഭാവി പ്രതീക്ഷ സംബന്ധിച്ചോ മാർഗ്ഗനിർദ്ദേശം ലഭിക്കാൻ അവർ ആഗ്രഹിക്കുന്നു. ആത്മമണ്ഡലത്തിന് തങ്ങളെ സഹായിക്കാൻ കഴിയുമെന്ന് അവർ കണക്കു കൂട്ടുകയും ചെയ്യുന്നു. ചിലർ സാത്താനെ തന്നെ ആരാധിക്കുന്നത് വിശേഷാൽ അസ്വസ്ഥ ജനകമാണ്! ഭീഭത്സമായ ഈ മതം എന്തുകൊണ്ടാണ് ആകർഷകമായിരിക്കുന്നത്? “ഞാൻ അതിൽ ചേർന്നിരിക്കുന്നത് ശക്തി ലഭിക്കാൻവേണ്ടിയാണ്,” സാത്താന്യ മതം ആചരിക്കുന്ന ഒരു കനേഡിയൻ യുവാവ് പറഞ്ഞു. “അത് എനിക്ക് മററുള്ളവരെ ദ്രോഹിക്കുന്നതിനുള്ള ശക്തി നൽകുന്നു.”
എന്നാൽ യുവ ജനങ്ങൾ ആത്മവിദ്യയിൽ ഉൾപ്പെടുന്നതിന്റെ മുഖ്യ കാരണം വെറും കൗതുകമാണെന്നാണ് മിക്ക ഗവേഷകരും വിശ്വസിക്കുന്നത്. ആത്മവിദ്യാചാരത്തിൽ ഉൾപ്പെട്ടുപോയ ഒരു പെൺകുട്ടി ഇപ്രകാരം ഏററു പറഞ്ഞു, “എനിക്ക് അതിയായ കൗതുകം തോന്നി.” മറെറാരുവൾ ഇങ്ങനെയാണ് പറഞ്ഞത്: “ആദ്യം എനിക്ക് വല്ലാത്ത സംശയമായിരുന്നു, എന്നാൽ ‘അത് യഥാർത്ഥത്തിൽ എങ്ങനെയിരിക്കുന്നു എന്ന് അറിയുകയെങ്കിലും ചെയ്യാമല്ലൊ’ എന്ന് ഞാൻ വിചാരിച്ചു.” അതുകൊണ്ട് ഒരു ആത്മവിദ്യാ മീററിംഗിൽ സംബന്ധിക്കാൻ ഒരു സുഹൃത്തിൽ നിന്ന് ലഭിച്ച ക്ഷണം അവൾ സ്വീകരിച്ചു.
കൗതുകത്താൽ പ്രേരിതരായി ചില യുവജനങ്ങൾ വീജാ ബോർഡ് പരീക്ഷിച്ചുനോക്കുകയോ അല്ലെങ്കിൽ അതിനു പകരം കമഴ്ത്തിവെച്ച ഒരു ഗ്ലാസ്സിന്റെ ചലനങ്ങൾ പഠിക്കുകയോ ചെയ്യുന്നു. അവിടെനിന്ന് സ്ഫടിക ഗോളങ്ങളോ ററാറററ് കാർഡുകളോ ദോലകങ്ങളോ ചായ ഇലകളോ ജാതക പുസ്തകങ്ങളോ ഉപയോഗിച്ചുകൊണ്ട് ആത്മവിദ്യയിൽ കൂടുതൽ ആഴത്തിൽ ഉൾപ്പെടുന്നതിലേക്ക് ഒരു ചെറിയ ചാട്ടമെ ആവശ്യമായിരിക്കുന്നുള്ളു. ചിലർ ഭാവി കഥനം തൊഴിലാക്കിയിരിക്കുന്നവരോട് അല്ലെങ്കിൽ മന്ത്രവാദി വൈദ്യൻമാരോട് ആലോചന ചോദിക്കാനും ആരംഭിക്കുന്നു. എന്നാൽ ഇത്തരം തൊഴിൽക്കാർ മിക്കവരും വെറും തട്ടിപ്പുകാരാണെന്ന് തെളിയുന്നു. ഉദാഹരണമായി സ്കൂളിലെ തന്റെ ഗ്രെയിഡ് മെച്ചപ്പെടുത്തുന്നതിനുവേണ്ടി അലക്സാണ്ടർ ഒരു മന്ത്രവാദി വൈദ്യനുമായി ബന്ധപ്പെട്ടു. അവന്റെ ഗ്രെയിഡ് മെച്ചപ്പെട്ടില്ല എന്നു മാത്രമല്ല അവന് പണനഷ്ടവും നേരിട്ടു. അവന്റെ പണം തട്ടിപ്പുകാരൻ വൈദ്യനും അയാളെ ശുപാർശചെയ്ത സുഹൃത്തും കൂടെ പങ്കിട്ടെടുത്തു.
എന്നാൽ ആത്മവിദ്യയിൽ ഏർപ്പെടുന്ന മിക്ക യുവജനങ്ങൾക്കും അതിന്റെ ഫലമായി സാമ്പത്തിക നഷ്ടത്തേക്കാൾ കൂടിയ ദ്രോഹമാണ് സഹിക്കേണ്ടിവരിക.
‘അവിശ്വസനീയമായ പീഡനം’
പേഴ്സണാലിററി എന്ന ദക്ഷിണാഫ്രിക്കൻ മാസിക ഇപ്രകാരം നിരീക്ഷിച്ചു: പ്രകൃത്യാതീത ശക്തികളുമായി ഇടപെടാനിടയായതിൽ ഖേദിക്കുന്നവർക്കിടയിൽ സാധാരണയായി കേൾക്കുന്ന ഒരു പ്രയോഗമാണ്, “ഓ ഞാൻ ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ.” “ഓ ഞാൻ ഇത്രയേറെ വിവരക്കേട് കാണിക്കാതിരുന്നെങ്കിൽ . . . ശബ്ദങ്ങളും പേടിപ്പിക്കുന്ന സ്വപ്നങ്ങളും ഭീഷണികളും സഹിതം ഞാൻ അവിശ്വസനീയമായ പീഡനം സഹിച്ചിരിക്കുന്നു. ഞാൻ അതിൽനിന്ന് വിട്ടുപോരാൻ ശ്രമിച്ചപ്പോൾ മററു സാത്താൻസേവക്കാരാൽ ഞാൻ മാനസ്സികമായും ശാരീരികമായും ദണ്ഡിപ്പിക്കപ്പെട്ടു” എന്നത് സാധാരണയായി കേൾക്കുന്ന ഒരു പ്രലപനമാണ്.
ജർമ്മനിയിലെ ഒരു സർവേയിൽ ഉൾപ്പെട്ട അദ്ധ്യാപകരിൽ 24 ശതമാനം പേരും ആത്മവിദ്യക്ക് വിദ്യാർത്ഥികളുടെമേലുള്ള അസ്വസ്ഥജനകമായ സ്വാധീനം കുറിക്കൊണ്ടിട്ടുണ്ടായിരുന്നു. ചില വിദ്യാർത്ഥികൾ ഒഴിഞ്ഞുമാറുന്ന പ്രകൃതക്കാരായിരുന്നു, അവർക്ക് പഠനത്തിൽ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു, അവർ ഭയത്തിൽ കഴിഞ്ഞുകൂടി. അവർക്ക് മ്ലാനത അനുഭവപ്പെട്ടു, അവർ തങ്ങൾക്കുതന്നെയോ മററുള്ളവർക്കോ ദ്രോഹം ചെയ്യാനുള്ള ഒരു ചായ്വ് വളർത്തിയെടുക്കുകയും ചെയ്തു. ഡിർക്കിനു രാത്രിയിൽ പലപ്പോഴും ഉറങ്ങാൻ കഴിഞ്ഞില്ല. അവൻ ഇപ്രകാരം അനുസ്മരിക്കുന്നു: “ഭൂതങ്ങളാൽ ബാധിക്കപ്പെട്ടേക്കുമെന്നുള്ള ഭയം എന്നെ പിടികൂടിയതിനാൽ ഞാൻ എന്റെ കണ്ണുകൾ അടയ്ക്കാൻ ധൈര്യപ്പെട്ടില്ല. എന്തെങ്കിലും ശബ്ദം കേട്ടപ്പോഴൊക്കെ ഞാൻ ഞെട്ടിത്തരിച്ചു.” അതുപോലെ മൈക്കിൾ എന്നുപേരായ ഒരു യുവാവും തനിക്ക് നിർദ്ദേശിക്കപ്പെട്ട ചില ഔഷധങ്ങൾ കഴിച്ചശേഷം “ഭൂതങ്ങളുടെ ശല്യം നിമിത്തം നിദ്രാവിഹീന രാത്രികൾ” കഴിച്ചുകൂട്ടി. മററ് ചില റിപ്പോർട്ടുകൾ ആത്മവിദ്യാചാരത്തിൽ ഏർപ്പെട്ടവരിൽ ഉണ്ടായ ഭയാനകമായ വ്യക്തിത്വ മാററങ്ങൾ വിവരിക്കുന്നു. താൻ മേലാൽ കറുത്ത വസ്ത്രമെ അണിയുകയുള്ളു എന്നും ഒരു ശവപ്പെട്ടിയിലെ ഉറങ്ങുകയുള്ളു എന്നും അറിയിച്ചുകൊണ്ട് ഒരു പെൺകുട്ടി തന്റെ മാതാവിനെ ഞെട്ടിച്ചു! (തന്റെ മുറി അതേനിറത്തിൽ ചായം പൂശാനും അവൾ ആഗ്രഹിച്ചു.)
ആത്മമണ്ഡലത്തിലെ യഥാർത്ഥ നിവാസികൾ
“മരിച്ചവർക്ക് . . . യാതൊന്നിനെക്കുറിച്ചും അറിവില്ല” എന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (സഭാപ്രസംഗി 9:5) അതുകൊണ്ട് ആത്മമണ്ഡലത്തിൽ വസിക്കുന്നത് നമ്മുടെ പ്രിയപ്പെട്ട മരിച്ചുപോയവരുടെ ദേഹികളല്ല. അപ്പോൾ പിന്നെ അത്തരം ഭയാനകങ്ങളായ അനുഭവങ്ങളുണ്ടാകാൻ കാരണമെന്താണ്? ദുഷ്ട ഭൂതങ്ങൾ! ബൈബിൾ പറയുന്നതനുസരിച്ച് അവർ മത്സരികളായ ദൂതൻമാരാണ്, പിശാചായ സാത്താന്റെ അനുയായികൾ തന്നെ. (1 പത്രോസ് 3:19, 20; വെളിപ്പാട് 12:9) മനുഷ്യർക്കിടയിൽ കുഴപ്പങ്ങളും കുററകൃത്യങ്ങളും ഇളക്കിവിടുന്നതിന്റെ ചരിത്രമാണ് അവർക്കുള്ളത്.
ഉദാഹരണത്തിന് ഭൂതബാധിതനായ ഒരു മനുഷ്യനെ “ഭൂതങ്ങൾ നിലത്തു തള്ളിയിട്ട് പിടപ്പിച്ച”തിനെപ്പററി ലൂക്കോസ് 9:42 നമ്മോട് പറയുന്നു. എന്തൊരു കൊടുംക്രൂരത! അതുപോലെ ഭൂതബാധിതനായ ഒരു മനുഷ്യൻ ബാധ ഒഴിപ്പിക്കാൻ ചെന്ന ഏഴുപേരെ ആക്രമിച്ചു പരുക്കേൽപ്പിച്ചതായി പ്രവൃത്തികൾ 19:16 വർണ്ണിക്കുന്നു. ഭൂതങ്ങൾ തങ്ങളുടെ ദുഷ്ടമായ വഴികൾക്ക് ഒട്ടുംതന്നെ മാററം വരുത്തിയിട്ടില്ലെന്നാണ് ആധുനികകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
അതീന്ദ്രിയ ജ്ഞാനം, ജ്യോതിഷം, ററാരററ്കാർഡുകൾ അല്ലെങ്കിൽ മറേറതെങ്കിലും രൂപത്തിലുള്ള ആത്മവിദ്യയിൽ വിനോദിക്കാൻ തുടങ്ങുന്ന ഒരു യുവാവോ യുവതിയോ അതു വഴി ഭയാനകങ്ങളായ അനുഭവങ്ങൾക്ക് വാതിൽ തുറന്നുകൊടുക്കുകയായിരുന്നേക്കാം. പേഴ്സണാലിററി എന്ന മാസിക ഇപ്രകാരം പറഞ്ഞു: “(ആത്മവിദ്യയുമായി ബന്ധപ്പെട്ടിട്ടുള്ളവരിൽ) ഞങ്ങൾ കണ്ടു സംസാരിച്ചവരുടെയെല്ലാം അനുഭവങ്ങളിൽ കാണുന്ന പൊതു ഘടകം മാന്യതയുടെ നേർത്ത മൂടുപടമണിഞ്ഞ മാർഗ്ഗങ്ങളിലൂടെ അവരെല്ലാവരും സാത്താന്യ നീർച്ചുഴിയിലേക്ക് കൂടുതൽ കൂടുതൽ ആഴത്തിൽ വലിച്ചു താഴ്ത്തപ്പെട്ടു എന്നതാണ്. അതെ, ആത്മവിദ്യ സാത്താനും അവന്റെ ഭൂതങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള ചവിട്ടുപടിയല്ലാതെ മറെറാന്നുമല്ല!
‘മൂർച്ചയുള്ള കത്തിയിൽ തേൻതുള്ളികൾ’
അതുകൊണ്ട് ഇസ്രായേല്യർക്കുള്ള ദൈവനിയമം ഇപ്രകാരം പറഞ്ഞുകൊണ്ട് എല്ലാ രൂപത്തിലുമുള്ള ആത്മവിദ്യയെയും നിരോധിച്ചു: “പ്രശ്നക്കാരൻ, മന്ത്രവാദി, ലക്ഷണം നോക്കുന്നവൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, ആത്മമദ്ധ്യവർത്തിയോട് ആലോചന ചോദിക്കുന്നവൻ ഭാവി കഥനം നടത്തുന്നവൻ, മരിച്ചവരോട് അന്വേഷണം നടത്തുന്നവൻ . . . എന്നിങ്ങനെയുള്ളവർ നിങ്ങളുടെ ദേശത്ത് ഉണ്ടായിരിക്കരുത്.”—ആവർത്തനം 18:10. (NW)
ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ ഭൂതാരാധനയോട് ബന്ധപ്പെട്ട സകല വസ്തുക്കളും നശിപ്പിച്ചുകളഞ്ഞുകൊണ്ട് തങ്ങളെത്തന്നെ നിർമ്മലീകരിച്ചു. (പ്രവൃത്തികൾ 19:19) അതുപോലെ ഇന്ന് യഹോവയുടെ സൗഹൃദം ആഗ്രഹിക്കുന്ന യുവജനങ്ങൾ ആത്മവിദ്യയോടു ബന്ധപ്പെട്ട സകല കാര്യങ്ങളിൽനിന്നും അകന്നു മാറും. അതിൽ സിനിമകളും പുസ്തകങ്ങളും കോമിക്ക് പുസ്തകങ്ങളും ഭൂതാരാധനയോട് ബന്ധപ്പെട്ട പരസ്യങ്ങളുമെല്ലാം ഉൾപ്പെടും. ഒരുവൻ തെരഞ്ഞെടുക്കുന്ന സംഗീതവും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഉദാഹരണമായി ഉച്ചസ്ഥായിയിലുള്ള ലോഹശബ്ദങ്ങളോടു കൂടിയ സംഗീതം പലപ്പോഴും സാത്താൻസേവയോട് ബന്ധപ്പെട്ടിരുന്നിട്ടുണ്ട്.
ടിബററുകാർക്കിടയിൽ ഇങ്ങനെയൊരു പഴമൊഴിയുണ്ട്: “മൂർച്ചയുള്ള ഒരു കത്തിയിൽ വെച്ചുനീട്ടപ്പെടുന്ന തേൻ സ്വീകരിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക.” കത്തിയിൽ നിന്ന് തേൻ നക്കിക്കുടിക്കാനുള്ള ശ്രമത്തിൽ നിങ്ങൾക്ക് നിങ്ങളുടെ നാവ് നഷ്ടമായേക്കാം! അതുപോലെ പ്രകൃത്യാതീത സംഗതികൾ നിങ്ങളുടെ കൗതുകത്തെ എത്രയധികം ആകർഷിച്ചേക്കാമെങ്കിലും അതു മാരകമാണ്. അതുകൊണ്ട് ആത്മവിദ്യയോടു ബന്ധപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനോ അതു നിരീക്ഷിക്കുന്നതിനോ ഉള്ള ഏതൊരു ക്ഷണവും നിരസ്സിക്കുക. ഗ്ലാസ്സ് ചലിപ്പിക്കുന്ന കളി പോലെ നിരുപദ്രവമെന്ന് തോന്നിച്ചേക്കാവുന്ന ഒരു കാര്യംപോലും ഭൂതാരാധനയോട് നമ്മെ അപായകരമാം വിധം ബന്ധത്തിൽ കൊണ്ടു വന്നേക്കാം. നിങ്ങൾക്ക് കൗതുകം തോന്നിയേക്കാമെന്നത് സത്യം തന്നെ. എന്നാൽ ഭക്ഷ്യവിഷബാധയുണ്ടായാൽ എങ്ങനെയിരിക്കും എന്നറിയാൻവേണ്ടി മാത്രം നിങ്ങൾ ചീഞ്ഞ മാംസം ഭക്ഷിക്കുമോ?
(നേരത്തെ പേർ പറഞ്ഞ) ഡിർക്കിന് ആഭിചാരത്തിൽ നിന്ന് തന്നെത്തന്നെ മോചിപ്പിക്കാൻ കഴിഞ്ഞു. വാച്ച് ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ബൈബിൾ പഠിച്ചതിൽനിന്ന് മരിച്ചുപോയ തന്റെ പിതാവിനെ സംബന്ധിച്ചുള്ള സത്യാവസ്ഥയും പുനരുത്ഥാന പ്രത്യാശയും അവൻ മനസ്സിലാക്കി. (സങ്കീർത്തനം 146:4; യോഹന്നാൻ 5:28, 29)
ഈ സത്യം ആത്മമണ്ഡലവുമായി ബന്ധപ്പെടാനുള്ള ആഗ്രഹത്തിൽനിന്ന് അവനെ മോചിപ്പിച്ചു. (യോഹന്നാൻ 8:32 താരതമ്യം ചെയ്യുക.) ഡിർക്ക് ഇപ്പോൾ എവിടെയാണ്? അവൻ യഹോവയുടെ സാക്ഷികളുടെ നിരയിൽ ചേർന്നിരിക്കുന്നു. അവൻ ഇപ്പോൾ ഒരു മുഴുസമയ ശുശ്രൂഷകനെന്ന നിലയിൽ വാച്ച്ടവർ സൊസൈററിയുടെ അച്ചടിശാലകളിൽ ഒന്നിൽ ജോലി നോക്കുന്നു. അതെ, ബൈബിൾ നമ്മുടെ ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നു. അപകടകരമായ, മരണകരമായ ആഭിചാരത്തിലൂടെ നമ്മുടെ അനാരോഗ്യകരമായ കൗതുകത്തെ തൃപ്തിപ്പെടുത്തുന്നതിനേക്കാൾ ഒടുവിൽ പ്രയോജനകരമായിരിക്കുന്നത് അതാണ്. (g90 3/8)
[21-ാം പേജിലെ ചിത്രം]
ഈ വീജാബോർഡോ കമഴ്ത്തിവെച്ച ഗ്ലാസ്സോപോലെ പ്രത്യക്ഷത്തിൽ നിരുപദ്രവകരമെന്ന് തോന്നിക്കുന്ന ഒരു കളിയിലൂടെയായിരിക്കാം ആഭിചാരത്തിൽ ഉൾപ്പെടുന്നതിന്റെ തുടക്കം.