മലിനീകരണം—ആരാണ് കാരണക്കാർ?
“ഈ ദ്വീപ് പരീക്ഷണത്തിനായി ഗവൺമെൻറു വകയാണ്. ഭൂമി ആന്ത്രാക്സ് അണുക്കൾ നിറഞ്ഞതും അപകടകരവുമാണ്. ഇവിടെയിറങ്ങുന്നതു നിരോധിച്ചിരിക്കുന്നു.”a ഗ്രിനാഡ് ദ്വീപിനെതിരെ സ്കോട്ടിഷ് തീരത്തു സ്ഥാപിച്ചിരിക്കുന്ന ഈ അടയാളം സന്ദർശകരെ അകററി നിർത്തുന്നു. രണ്ടാം ലോകയുദ്ധകാലത്ത് അണുജീവികളാലുള്ള ആയുധങ്ങളുടെ ഒരു പരീക്ഷണ വിസ്ഫോടനം മുതൽ കഴിഞ്ഞ 48 വർഷമായി ഈ മനോഹര ദ്വീപ് ആന്ത്രാക്സ് രോഗാണുക്കളാൽ നിറയപ്പെട്ടിരിക്കുന്നു.
ഗ്രിനാഡ് ദ്വീപ് മലിനീകരണത്തിന്റെ ഒരു മൗലിക ഉദാഹരണമാണ്. എന്നാൽ ഉപരിതല മലിനീകരണത്തിന്റെ ഇത്ര രൂക്ഷമല്ലാത്ത രൂപങ്ങൾ വ്യാപകമായ പ്രശ്നമാണ്. അത് വളരുകയുമാണ്.
ഉപരിതല മലിനീകരണം വർദ്ധിക്കുന്നു
ഉപരിതല മലിനീകരണത്തിന്റെ ഒരു കാരണം ചപ്പുചവറുകളാണ്. ഉദാഹരണത്തിന്, ലണ്ടനിലെ ദി ടൈംസ് പറയുന്നതനുസരിച്ച് നാലംഗങ്ങളുള്ള ഒരു ശരാശരി ബ്രിട്ടീഷ് കുടുംബം ഓരോ വർഷവും 112 പൗണ്ട് ലോഹവും 90 പൗണ്ട് പ്ലാസ്ററിക്കും എറിഞ്ഞു കളയുന്നു; “അവയിൽ അധികവും തെരുവുകൾ, റോഡരികുകൾ, ബീച്ചുകൾ, വിശ്രമസ്ഥലങ്ങൾ എന്നിവ വൃത്തികേടാക്കുന്നു.”
ഫ്രാൻസിലെ മാഴ്സെയിൽസിനു പുറത്തുള്ള എൻട്രെസ്സെൻ ചവറുകൂന ഒരു സമയത്ത് 200 അടി ഉയർന്നു ഏതാണ്ട് 1,45,000 കടൽപ്പാത്തകളെ ആകർഷിച്ചു എന്ന് ഫ്രഞ്ച് മാസിക ജിയോ റിപ്പോർട്ടു ചെയ്തു. ചുററിനുമുള്ള ഒരു കമ്പിവേലി, കടലാസ് പ്ലാസ്ററിക് അവശിഷ്ടങ്ങളെ കാററു പറത്തിക്കൊണ്ടുപോകുന്നത് തടയാൻ പര്യാപ്തമായില്ല. അതുകൊണ്ട് ചവറുപ്രശ്നം ഉൾക്കൊള്ളുന്നതിനുള്ള ശ്രമത്തിൽ അടുത്തു കിടന്ന 74 ഏക്കർ കൃഷിഭൂമി പ്രാദേശികാധികൃതർ വിലക്കു വാങ്ങി.
യൂറോപ്യൻ ഈയർ ഓഫ് എൻവയൺമെൻറ് സംഘടിപ്പിക്കുമ്പോൾ—പരിസര വർഷം 1988 മാർച്ചിൽ അവസാനിച്ചു—മലിനീകരണം കൊണ്ടുള്ള കുഴപ്പങ്ങളുടെ ലിസ്ററ് “അനന്ത”മാണെന്ന് EEC കമ്മീഷണർ സ്ററാൻലി ക്ലിൺടൺ ഡേവിസ് മനസ്സിലാക്കിയതു അത്ഭുതകരമല്ല.b തൽഫലമായി ഓരോ വർഷവും കമ്മ്യൂണിററിയുടെ 2,20,00,00,000 ടൺ ചപ്പുചവറിൽ 80 ശതമാനവും റിസൈക്കിൾ ചെയ്യാനുള്ള ലക്ഷ്യത്തോടെ ഉപയോഗരഹിത വസ്തുക്കൾ വീണ്ടും ഉപയോഗപ്പെടുത്താനുള്ള ഒരു യത്നം ആസൂത്രണം ചെയ്യപ്പെട്ടു.
ചപ്പുചവറിനാലുള്ള മലിനീകരണം പശ്ചിമ യൂറോപ്പിൽ മാത്രമല്ല ഉള്ളത്. അതിപ്പോൾ ആഗോളവ്യാപകമാണ്. ന്യൂ സയൻറിസ്ററ് മാസിക പറയുന്നത് വിദൂരമായ അൻറാർട്ടിക്ക ഭൂഖണ്ഡം പോലും ശുചിയാക്കേണ്ടത് അനിവാര്യമാണെന്നാണ്. ഗവേഷകനായ ആസ്ത്രേലിയൻ ശാസ്ത്രജ്ഞൻ അവരുടെ താവളത്തിനടുത്ത് ചിതറി കിടന്ന 40 ടണ്ണിലധികം ഉപയോഗശൂന്യമായ യന്ത്രങ്ങളും കെട്ടിട നിർമ്മാണ സാമഗ്രികളും ശേഖരിച്ചു. അമേരിക്കൻ ഗവേഷകർ അൻറാർട്ടിക്കയിലെ മക്മർഡോ സ്റേറഷനിൽ, 80 അടി വെള്ളത്തിൽ മുങ്ങിക്കിടന്ന ഒരു 77,000 പൗണ്ട് ട്രാക്ററർ ഉൾപ്പെടെ 30 വർഷമായി കുമിഞ്ഞുകൂടിയ ചണ്ടി ശുചിയാക്കുന്നതായി ദി ന്യൂയോർക്ക് ടൈംസ് (1989 ഡിസംബർ 19) റിപ്പോർട്ടു ചെയ്യുന്നു.
ഉവ്വ്, കരയിൽ മാലിന്യങ്ങളും അഴുക്കും വർദ്ധിച്ചിരിക്കുന്നു. എന്നാൽ ഭൂമിയിലെ ജലാശയങ്ങളെ സംബന്ധിച്ചെന്ത്?
മലിന ജലം—ജീവനു കൊള്ളാത്തത്
“കാൽ നൂററാണ്ടിലധികമായി ആദ്യമായി ബ്രിട്ടനിലെ നദികൾ കൂടുതൽ മലിനമായിക്കൊണ്ടിരിക്കുന്നു.” ദി ഒബ്സേർവർ പറഞ്ഞു: “കററീഗാട്ട് [സ്വീഡനും ഡെൻമാർക്കിനും ഇടക്കുള്ള കടൽ] മരിച്ചുകൊണ്ടിരിക്കുന്നു. അതിലെ വർദ്ധിച്ച മാലിന്യവും പ്രാണവായുവിന്റെ അഭാവവും നിമിത്തം വളരെ വേഗം അത് മത്സ്യങ്ങൾക്കു ജീവിക്കാൻ വയ്യാത്തതായിക്കൊണ്ടിരിക്കുന്നു,” എന്ന് ലണ്ടനിലെ ദി ടൈംസ് റിപ്പോർട്ടു ചെയ്തു. “പോളണ്ടിലെ നദികൾ വളരെ വേഗം തുറന്ന ഓടകളായിത്തീരുന്നു. മെച്ചപ്പെടാൻ വഴി കാണുന്നില്ല.”—ദി ഗാർഡിയൻ.
ആയിരത്തിതൊള്ളായിരത്തിഎൺപത്തിയാറ് നവംബർ മലിനീകരണത്തിന്റെ ഒരു അത്യാഹിതം തന്നെ കണ്ടു. “പശ്ചിമ യൂറോപ്പിന്റെ ഉത്തമവരദാനമായ ജലമാർഗ്ഗത്തിന്റെ ദുഷിപ്പിക്കൽ” എന്നു ലണ്ടനിലെ ഡെയിലി ടെലഗ്രാഫ് അത് ചിത്രീകരിച്ചു. സ്വിററ്സർലണ്ടിലെ ബെയ്സലിലുള്ള ഒരു രാസവ്യവസായ ശാലയിലുണ്ടായ ഒരു വലിയ അഗ്നിബാധയെ നേരിട്ട അഗ്നിശമന വിഭാഗം തീ നാളങ്ങൾ അണച്ചു. അവർ 10 മുതൽ 30 വരെ ടൺ രാസവസ്തുക്കളും അണുനാശിനികളും “ജലവ്യവസായത്തിന്റെ ചെർണോവിൽ” കൈവരുത്തിക്കൊണ്ട് അറിയാതെ റൈൻ നദിയിലേക്ക് ഒഴുക്കിവിട്ടു. ഈ സംഭവം വാർത്തയായി. എന്നാൽ വിഷം കലർന്ന പാഴ്വസ്തുക്കൾ ക്രമമായി കുറഞ്ഞ അളവിൽ റൈൻനദിയിൽ അടിഞ്ഞുകൂടുന്നത് സാധാരണയായി റിപ്പോർട്ടു ചെയ്യപ്പെടുന്നില്ല.
ജലമലിനീകരണം ജലാശയത്തിനു ചുററുമുള്ള പ്രദേശത്തു മാത്രം ഒതുങ്ങി നിൽക്കുന്നില്ല. മൈലുകളകലെപ്പോലും അതിന്റെ ഫലങ്ങൾ മാരകമായിരിക്കാം. നോർത്ത് സീയിലേക്കൊഴുകുന്ന യൂറോപ്പിലെ നദികൾ പെയിൻറ്, ടൂത്ത്പേസ്ററ്, വൈററ്നറുകൾ, വിഷമുള്ള പാഴ്വസ്തുക്കൾ, വളം എന്നിവ വലിയ അളവിൽ വഹിക്കുന്നു. അതിനാൽ ഇപ്പോൾ നോർത്ത് സീയിലെ ഫ്ളാററ് ഫിഷ് ഭക്ഷ്യയോഗ്യമല്ലെന്ന് ഡച്ച് മത്സ്യഗവേഷണ സ്ഥാപനം മുദ്രയടിക്കുന്നു. ആഴം കുറഞ്ഞ ഭാഗത്തുള്ള ഈ മത്സ്യങ്ങളിൽ 40 ശതമാനത്തിനു ത്വക്രോഗങ്ങളോ കാൻസർ മുഴകളോ ഉള്ളതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ഈ അഴുക്കിന് ആരെയാണു കുററപ്പെടുത്തേണ്ടത്? മിക്കവരും വ്യവസായത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. അവരുടെ ലാഭക്കൊതി പരിസരത്തോടുള്ള പരിഗണനയെക്കാളുപരിയാണ്. എന്നാൽ കൃഷിക്കാരും സ്വന്തം നിലത്തിനടുത്തുള്ള അരുവികളും നദികളും മലിനപ്പെടുത്തുന്നതിൽ കുററക്കാരാണ്. അവർ നൈട്രേററ് വളങ്ങൾ അമിതമായി ഉപയോഗിക്കുന്നത് വൈക്കോൽ സംഭരണികളിൽ നിന്നു മാരകരാസവസ്തുക്കൾ ഒലിച്ചിറങ്ങാൻ ഇടയാക്കുന്നു.
പാഴ്വസ്തുക്കൾ വലിച്ചെറിയാനുള്ള സ്ഥലമായി വ്യക്തികളും നദികളെ ഉപയോഗപ്പെടുത്തുന്നു. ഇംഗ്ലണ്ടിന്റെ പശ്ചിമോത്തരദേശങ്ങളിൽ നിന്നൊഴുകി വരുന്ന മിഴ്സെ നദി യൂറോപ്പിൽ ഏററവും അഴുക്കു നിറഞ്ഞതാണെന്നു പറയപ്പെടുന്നു. “മൂഢനോ കാര്യം ഗ്രഹിക്കാത്തവനോ മാത്രമേ മിഴ്സെയിൽ നീന്തൽ നടത്തു” എന്ന് ലിവർ പൂളിലെ ഡെയ്ലി പോസ്ററ് അഭിപ്രായപ്പെട്ടു. “ഏതെങ്കിലും നിർഭാഗ്യവാൻ നദിയിൽ വീണാൽ രോഗബാധിതനായി ആശുപത്രിയിലെത്തിയേക്കാം.”
സമുദ്രമലിനീകരണത്തിന്റെ പ്രധാന ഘടകം അസംസ്കൃത മലിന വസ്തുക്കളാണ്. “വീട്ടിലെ പതിവു കുളിയിൽ ഒരു കപ്പ് അസംസ്കൃത മലിനപദാർത്ഥം” ഉണ്ടായിരിക്കുന്നതിനു തുല്യമായ അളവിൽ അഴുക്ക് ഇംഗ്ലണ്ടിലെ ഒരു ഹോളിഡേ ബീച്ചിന്റെ കടലിൽ ഉള്ളതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. ഇത് EEC പരിധിയുടെ നാലു മടങ്ങാണ്.
ഇതാ വീണ്ടും മറെറാരപകടം; ഇത് ആകാശത്തുനിന്നു വീഴുന്നു.
ആസിഡ് മഴ—ഒരു ഉപദ്രവ ഭീഷണി
ഒരു സമയത്ത് ഇംഗ്ലണ്ടിലെ ആളുകൾ വായു ശ്വസിക്കുന്നതിനാൽ—അഥവാ പുകമഞ്ഞ് ശ്വസിക്കുന്നതിനാൽ മരണമടഞ്ഞിരുന്നു. ഇന്ന് അത്തരം മലിനീകരണത്താലുള്ള മരണം വിരളമാണ്. 1952-ൽ ഏകദേശം 4,000 പേർ ലണ്ടനിൽ പുകമഞ്ഞിനാൽ കൊല്ലപ്പെട്ടു. എന്നാൽ ഇന്ന് അതൊരു ഭീഷണിയല്ല. പുകമഞ്ഞു പുറത്തു വിട്ടിരുന്നതും കൽക്കരി കത്തിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതുമായ ചില സ്റേറഷനുകൾ ഉൾനാടുകളിലേക്ക് മാററപ്പെട്ടു; ഉയർന്ന ചിമ്മിനികൾ സജ്ജീകരിച്ചു. ചിലതിന് വളരെ മാരകമായ വാതകങ്ങളുടെ ഉയർന്ന ശതമാനം നീക്കം ചെയ്യാൻ അരിപ്പകൾ സ്ഥാപിച്ചു.
എന്നാൽ ഇതൊന്നും അന്തരീക്ഷ മലിനീകരണം അവസാനിപ്പിച്ചിട്ടില്ല. തൊട്ടടുത്ത പ്രദേശത്തു നിന്നു അപകടം അകററാൻ ഉയരം കൂടിയ ചിമ്മിനികൾ സഹായിച്ചേക്കാം. എന്നാൽ കാററ് മാലിന്യങ്ങളെ വിദൂരത്തിൽ എത്തിക്കുന്നു—മിക്കപ്പോഴും മററു രാജ്യങ്ങൾ വരെ. തൽഫലമായി ബ്രിട്ടീഷ് മലിനീകരണത്തിൽ നിന്ന് സ്കാൻഡിനേവിയ ബുദ്ധിമുട്ടുന്നു. അനേകർ ബ്രിട്ടനെ “യൂറോപ്പിന്റെ വൃത്തികെട്ട പടുവൃദ്ധൻ” എന്ന് പറയുന്നു. ഇതേ വിധം ഐക്യനാടുകളിലെ മിഡ്വെസ്റേറൺ വ്യവസായം കാനഡയിൽ ആസിഡ് മഴ ഉണ്ടാകാൻ ഇടയാക്കുന്നു.
ആസിഡ് മഴക്കിടയാക്കുന്ന വായു മലിനീകരണ പ്രശ്നത്തിനു ഉത്തരവാദിയായ പ്രമുഖ കുററവാളിയായി വർഷങ്ങളായി ശാസ്ത്രജ്ഞൻമാർ സൾഫർഡയോക്സൈഡിനെ ചൂണ്ടിക്കാട്ടുന്നു. ആസിഡ് മഴയെക്കുറിച്ച് കനേഡിയൻ-അമേരിക്കൻ താൽപ്പര്യങ്ങൾ സംബന്ധിച്ച യു. എസ്. പ്രസിഡണ്ടിന്റെ പ്രതിനിധിയായ ഡ്രു ലൂയിസ് 1985-ൽ അഭിപ്രായപ്പെട്ടു. “പുകവലിക്കുന്നത് ശ്വാസകോശകാൻസറിനു കാരണമാകയില്ലെന്നു പറയുന്നതുപോലെതന്നെയാണ് സൾഫേററുകൾ ആസിഡ് മഴക്കു കാരണമാകില്ല എന്ന് പറയുന്നത്.” അത് ജലബാഷ്പവുമായി സമ്പർക്കത്തിൽ വരുമ്പോൾ സൾഫർ ഡയോക്സൈഡ് സൾഫ്യൂരിക് ആസിഡ് ഉണ്ടാക്കുന്നു. അത് മഴയിൽ കലരുകയോ മേഘങ്ങളിലെ ചെറുതുള്ളികളിൽ ശേഖരിക്കപ്പെടുകയോ ചെയ്യുന്നു. ഇത് ഉയർന്ന വനപ്രദേശങ്ങളിൽ ആസിഡ് മഴ ഉണ്ടാക്കുന്നു.
ആസിഡ് മഴ പെയ്യുകയോ കൂടുതൽ ഉപദ്രവകരമായ ആസിഡ് മഞ്ഞ് ഉയരുകയോ ചെയ്യുമ്പോൾ അടിയിലെ മണ്ണ് ബാധിക്കപ്പെടുന്നു. 1927-ൽ നടത്തിയ ഒരു പഠനം ആവർത്തിച്ച സ്വീഡിഷ് ശാസ്ത്രജ്ഞർ 28 ഇഞ്ച് താഴെ വനത്തിലെ മണ്ണിലുള്ള അസിഡിററി പത്തു മടങ്ങ് വർദ്ധിച്ചിരിക്കുന്നതായി കണ്ടെത്തി. ഈ രാസവ്യതിയാനം കാൽസിയം, മഗ്നീഷ്യം എന്നിവപോലുള്ള സുപ്രധാന ധാതുക്കളെ സ്വീകരിക്കാനുള്ള ചെടികളുടെ കഴിവിനെ ഗുരുതരമായി ബാധിക്കുന്നു.
ഇതെല്ലാം മനുഷ്യനിൽ എന്തു ഫലമുളവാക്കുന്നു? ജന്തുജാലത്താൽ സജീവമായിരുന്ന തടാകങ്ങളും നദികളും ആസിഡ് കലർന്നതും നിർജ്ജീവവും ആകുമ്പോൾ മനുഷ്യൻ നഷ്ടം സഹിക്കുന്നു. കൂടാതെ ജലത്തിലെ വർദ്ധിച്ച അസിഡിററി, തടാകങ്ങളിലോ മണ്ണിലോ ആയാലും, അലൂമിനിയത്തെ വിലയിപ്പിക്കുമെന്ന് നോർവ്വീജിയൻ ശാസ്ത്രജ്ഞൻമാർ തങ്ങളുടെ പഠനങ്ങളിൽ നിന്ന് നിഗമനം ചെയ്യുന്നു. ഇത് തീർച്ചയായും ആരോഗ്യത്തിനു ഹാനികരമാണ്. വെള്ളത്തിലെ “വർദ്ധിച്ചുവരുന്ന അലൂമിനിയം പൂരിതങ്ങളും ഉയർന്ന മരണനിരക്കുകളും തമ്മിൽ വ്യക്തമായ ഒരു ബന്ധം” ശാസ്ത്രജ്ഞൻമാർ മനസ്സിലാക്കിയിട്ടുണ്ട്. അലൂമിനിയവും അൽഷിമേഴ്സ് രോഗവും പ്രായമുള്ളവർക്കുണ്ടാകുന്ന മററ് രോഗങ്ങളും തമ്മിൽ ഉണ്ടായിരിക്കാവുന്ന ബന്ധങ്ങൾ ഭയമുളവാക്കിക്കൊണ്ടിരിക്കുന്നു.
ബ്രിട്ടനിലെ മിഴ്സെ നദി, ഫ്രാൻസിലെ എൻട്രെസ്സൻ ചവറുകൂന എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽ കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള യത്നങ്ങൾ ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ളത് സത്യമാണ്. എന്നിരുന്നാലും ഈവിധ പ്രശ്നങ്ങൾ ഇല്ലാതാകുന്നില്ല. അതു ലോകമാസകലം വീണ്ടും പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഇനി മറെറാരുതരം മലിനീകരണമുണ്ട്—അദൃശ്യമായത്.
ഓസ്സോൺ—അദൃശ്യ ശത്രു
ഫോസ്സിൽ ഇന്ധനങ്ങൾ കത്തിക്കുന്നത്, വൈദ്യുതി നിലയങ്ങളിലോ വീടുകളിലോ ആയാലും, സൾഫർ ഡയോക്സൈഡിനു പുറമെ മററു മലിനീകരണ വസ്തുക്കളും ഉളവാക്കുന്നു. ഇവയിൽ നൈട്രജൻ ഓക്സൈഡുകളും കത്താത്ത ഹൈഡ്രോകാർബണുകളും ഉൾപ്പെടുന്നു.
വായു മലിനീകരണത്തിനുള്ള ഏററവും വലിയ കാരണം ഈ നൈട്രജൻ ഓക്സൈഡുകളാണെന്ന് ശാസ്ത്രീയ വൃത്തങ്ങൾ ഇപ്പോൾ അഭിപ്രായപ്പെടുന്നു. സൂര്യപ്രകാശത്തിന്റെ സ്വാധീനത്തിൽ അവ ഒരു മാരകവാതകം ഉളവാക്കുന്നു, ഓസ്സോൺ. “അമേരിക്കയിൽ സസ്യജാലങ്ങളെ ബാധിക്കുന്ന ഏററവും പ്രമുഖ വായുമാലിന്യം ഓസ്സോൺ ആണ്” എന്ന് യു. എസ്സ്. എൻവയൺമെൻറൽ പ്രൊട്ടക്ഷൻ ഏജൻസിയിലെ ഡേവിഡ് ററിൻജി പ്രസ്താവിച്ചു. 1986-ൽ ഇത് ഒരു വർഷം 1,000 ദശലക്ഷം ഡോളർ എന്ന നിരക്കിൽ തന്റെ രാജ്യത്തിനു നഷ്ടം വരുത്തുന്നതായി അദ്ദേഹം കണക്കാക്കി. യൂറോപ്പിന്റെ നഷ്ടം അന്നു ഒരു വർഷം 400 ദശലക്ഷം ഡോളർ എന്ന കണക്കിനായിരുന്നു.
അങ്ങനെ ആസിഡ് മഴ ജലമാർഗ്ഗങ്ങളെ നിർജ്ജീവമാക്കുമ്പോൾ, വാഹനങ്ങളിൽ നിന്ന് നിർഗ്ഗമിക്കുന്ന പുകയിൽ നിന്നുത്ഭവിക്കുന്ന ഓസ്സോൺ, വൃക്ഷങ്ങളുടെ നാശത്തിന് ആസിഡ് മഴയെക്കാൾ കൂടുതൽ കാരണമാകുന്നു എന്ന് അനേകർ കരുതുന്നു. ദി ഇക്കണോമിസ്ററ് ഇങ്ങനെ പറഞ്ഞു: “[ജർമ്മനിയിലെ] വൃക്ഷങ്ങൾ ആസിഡ് മഴയാലല്ല ഓസ്സോണിനാലാണ് മൂപ്പെത്താതെ നശിക്കുന്നത്. ഓസ്സോൺ, മരങ്ങളെ ബലഹീനമാക്കുന്നതിനാലാണ് അവ മഞ്ഞിനാലോ, ആസിഡ് പുകയാലോ രോഗത്താലോ നശിക്കുന്നത്.” യൂറോപ്പിൽ സംഭവിക്കുന്നത് മററു ഭൂഖണ്ഡങ്ങളിലും സംഭവിക്കുന്നതിന്റെ പ്രതിച്ഛായ മാത്രമാണ്. “ലോസ് ആഞ്ചലസ് പോലെ വിദൂരങ്ങളിൽ നിന്നു വരുന്ന വായുമലിനീകരണത്താൽ കാലിഫോർണിയായിലെ നാഷണൽ പാർക്കുകളിലുള്ള മരങ്ങൾ നശിക്കുന്നു,” എന്ന് ന്യൂ സയൻറിസ്ററ് റിപ്പോർട്ടു ചെയ്തു.
എന്നാൽ ഭൂമിയെ കളങ്കപ്പെടുത്തുന്ന ഇതിലും വഷളായ മറെറാരു തരം മലിനീകരണം ഉണ്ട്. നമ്മുടെ ഗ്രഹത്തിന്റെ വായുവും വെള്ളവും കരയും അക്ഷരാർത്ഥത്തിൽ മലിനമാക്കുന്നതിന് കാരണമാകുന്ന മൗലിക ഘടകം അതാണ്.
ധാർമ്മിക മാലിന്യം
ആളുകളുടെ ബാഹ്യഭാവം നിഷ്പ്രയാസം തെററിധരിപ്പിക്കപ്പെടാൻ കാരണമാക്കും. യേശുക്രിസ്തു ഇതു സുവ്യക്തമായി ചിത്രീകരിച്ചു. അന്നത്തെ മതനേതാക്കളെ സംബോധന ചെയ്തുകൊണ്ട് യേശു പറഞ്ഞു: “നിങ്ങൾക്കു ഹാ കഷ്ടം . . . എന്തുകൊണ്ടെന്നാൽ നിങ്ങൾ വെള്ളതേച്ച ശവക്കല്ലറകളോട് ഒക്കുന്നു. അത് പുറമെ ഭംഗിയായി കാണപ്പെടുന്നുവെങ്കിലും അകമെ സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു . . . ” (മത്തായി 23:27) ഉവ്വ്, ഒരു വ്യക്തി പുറമെ വൃത്തിയും ആകർഷണീയതയും ഉള്ളവനായി കാണപ്പെട്ടേക്കാം. എന്നാൽ അയാളുടെ നടത്തയും സംസാരവും സത്യമായും അധ:പതിച്ച അയാളുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തിയേക്കാം. അത്തരം ധാർമ്മിക മലിനീകരണം ഇന്ന് സർവ്വവ്യാപകമാണെന്ന് പറയുന്നത് ദുഃഖത്തോടെയാണ്.
മുമ്പെന്നത്തെക്കാളും വ്യാപകമായ മയക്കുമരുന്നു ദുരുപയോഗം ധാർമ്മികമാലിന്യത്തിൽ ഉൾപ്പെടുന്നു. പോപ്താരങ്ങൾ, സ്റേറജ് സ്ക്രീൻ താരങ്ങൾ എന്നിവരും ബഹുമാന്യരായി കാണപ്പെടുന്ന ബിസ്സിനസ്സുകാരും മയക്കുമരുന്നുകളിലുള്ള ആശ്രയം നിമിത്തം ദൂഷണവിധേയരായിരിക്കുന്നു. ധാർമ്മിക മാലിന്യത്തിൽ ലൈംഗിക അധാർമ്മികതയും ഉൾപ്പെടുന്നു. തകർന്ന കുടുംബങ്ങൾക്കും വിവാഹമോചനത്തിനും ഗർഭച്ഛിദ്രത്തിനും എയ്ഡ്സ് എന്ന ദുഷിച്ച മഹാമാരി ഉൾപ്പെടെയുള്ള ലൈംഗിക പകർച്ചവ്യാധികളുടെ വർദ്ധനവിനും ഇതു കാരണമാകും.
ഈ ധാർമ്മിക മലിനീകരണത്തിന്റെ മൂലം സ്വാർത്ഥതയാണ്. അത് തന്നെയാണ് മനുഷ്യകുലത്തെ ബാധിക്കുന്ന അനേകം അക്ഷരീയ മലിനീകരണങ്ങളുടെയും കാരണം. ബ്രസ്സീലിലെ സാവോപോളോ സംസ്ഥാനത്തെ എയ്ഡ്സ് ചികിൽസാ രംഗത്തുള്ള തെരേസാ ക്ലീമാൻ പ്രശ്നം ചൂണ്ടിക്കാട്ടി: “വലിയ രോഗസാദ്ധ്യതയുള്ള വിഭാഗങ്ങളുടെയിടയിൽ ഒരു പെരുമാററ അച്ചടക്കം [എയ്ഡ്സ്] തടയുന്നതിന് ആവശ്യമാണ്; ഇത് പ്രയാസവുമാണ്. ബഹുഭൂരിപക്ഷം ആളുകളും അവർക്കിഷ്ടമുള്ളതുമാത്രം ചെയ്തുകൊണ്ടിരിക്കാൻ നിർബന്ധമുള്ളവരാണ്. അവരുടെ പ്രവൃത്തികൾ മററുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് അവർ പരിഗണിക്കുന്നില്ല. തൽഫലമായി സാഹിത്യവും വിനോദവും മനുഷ്യ സംസ്ക്കാരത്തിന്റെ സകല വശങ്ങളും ധാർമ്മികമാലിന്യത്താൽ നിറയപ്പെട്ടിരിക്കുന്നു.
ചിന്തിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഭൗതികവും ധാർമ്മികവുമായ ശുചീകരണത്തിനുള്ള ഇക്കാലത്തെ യത്നങ്ങൾ ഒരു മൂടുപടം ഇടുന്നതിനേക്കാൾ അധികമൊന്നും ആയി തോന്നുന്നില്ല. ഭൗതികമായും ധാർമ്മികമായും ശുദ്ധിയായ ഒരു ഭൂമിയെ സംബന്ധിച്ച് എന്തെങ്കിലും ആശ്രയയോഗ്യമായ പ്രതീക്ഷയുണ്ടോ എന്ന് നിങ്ങൾ അതിശയിച്ചേക്കാം. ദുഃഖിതരാകേണ്ടതില്ല. മലിനീകരണത്തിന്റെ അവസാനം ദൃഷ്ടിപഥത്തിലാണെന്ന് ബൈബിൾ നമ്മോട് പറയുന്നു. (g90 5/8)
[അടിക്കുറിപ്പുകൾ]
a മൃഗങ്ങൾക്കുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് ആന്ത്രാക്സ്. അത് തൊലിയിൽ വ്രണങ്ങളും മുഴകളും ഉണ്ടാക്കുകയും മനുഷ്യനിൽ ശ്വാസകോശരോഗമുണ്ടാക്കുകയും ചെയ്യുന്നു.
b EEC എന്നാൽ യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിററി അഥവാ കോമൺ മാർക്കററ്.
[7-ാം പേജിലെ ചതുരം/ചിത്രം]
കാലപ്പഴക്കത്താലുള്ള കെടുതിയേക്കാൾ രൂക്ഷം
വർഷങ്ങളോളം രാസമൂലകങ്ങൾ ഏററതിനാൽ ഈ മുഖരൂപത്തിന്റെ കൊത്തുപണി ഒരു മരണമുഖംമൂടി പോലെയായി. കാലം വരുത്തുന്ന നാശത്തേക്കാളേറെയാണ് വായുമലിനീകരണത്തിന്റെ ദ്രവീകരണ ശേഷി. ഐക്യനാടുകളിലെ ഷീനെക്ററടിയിലുള്ള സിററിഹാൾ മുതൽ ഇററലിയിലെ വെനീസിലുള്ള പ്രസിദ്ധമായ എടുപ്പുകൾ വരെ ലോകമാസകലമുള്ള പഴയ കെട്ടിടങ്ങൾ ആസിഡ് മഴയാൽ ദ്രവീകരണത്തെ നേരിടുന്നു. റോമിലെ സ്മാരകങ്ങൾ തൊട്ടാൽ തകർന്നു വീഴുമെന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നു. ഗ്രീസിലെ കീർത്തിപ്പെട്ട പാർത്തിനോൺ കഴിഞ്ഞ 2,000 വർഷം സംഭവിച്ചതിലധികം നാശത്തെ തൊട്ടടുത്ത 30 വർഷം കൊണ്ട് സഹിച്ചു. അത്തരം കെടുതികൾക്കു പരിസ്ഥിതിഘടകങ്ങൾകൂടെ മിക്കപ്പോഴും കാരണമാകുന്നു. അവയിൽ ശീതോഷ്ണ സ്ഥിതി, കാററ്, ഈർപ്പം, കെട്ടിടങ്ങളുടെ ഭിത്തികളിൽ ജീവിക്കുന്ന ബാക്ററീരിയ എന്നിവ ഉൾപ്പെടുന്നു. നിർജ്ജീവ വസ്തുക്കളിൽ ഇത്രയേറെ ദുഷ്ഫലങ്ങൾ ഉളവാക്കുമ്പോൾ ജീവജാലങ്ങളിൽ മലിനീകരണത്തിന്റെ ഫലം എന്തായിരിക്കും?
[ചിത്രം]
ലണ്ടനിലെ ഒരു കത്തിഡ്രലിൻമേലുള്ള കൊത്തുരൂപം