ഇന്നത്തെ യുവജനങ്ങൾ—ഒരു ആഗോള ചിത്രം
ജനപ്രീതികരങ്ങളായ സ്ററീരിയോ റൈറപ്പുകൾ യുവജനങ്ങളെ വേഷത്തെയും ററിവിയെയും ലൈംഗികതയെയുംകുറിച്ചു മാത്രം ചിന്തിക്കുന്ന അന്തസ്സാരവിഹീനരും മയക്കുമരുന്നുഭ്രാന്തരുമായ മത്സരികളായും സ്വാർത്ഥമതികളായും അലസരായും ചിത്രീകരിക്കുന്നു. എന്നിരുന്നാലും, യുവാക്കളെ സംബന്ധിച്ച ഈ നിഷേധാത്മകവീക്ഷണം ഭൂരിപക്ഷംപേർക്കും യാഥാർഥ്യത്തിൽനിന്ന് വളരെ അകന്നതാണെന്ന് തോന്നുന്നു.
സൈക്കോളജി ററുഡേയിൽ റിപ്പോർട്ടുചെയ്യപ്പെട്ട ഒരു സർവ്വേ ‘സർവ്വേചെയ്യപ്പെട്ടവരിൽ മുക്കാൽ പങ്കും നല്ല ക്രമീകരണമുള്ളവരായി കാണപ്പെട്ട’തായി കണ്ടെത്തി. ‘അവർ പൊതുവേ സന്തുഷ്ടരും ആത്മനിയന്ത്രണമുള്ളവരും മററുള്ളവരെക്കുറിച്ചു കരുതലുള്ളവരും അവരുടെ പ്രവർത്തനങ്ങളുടെ പരിണതഫലങ്ങളിൽ ശ്രദ്ധാലുക്കളുമായിരുന്നു.’ തങ്ങളുടെ മാതാപിതാക്കളിൽനിന്ന് അശേഷം അന്യപ്പെടാതെ മിക്ക യുവജനങ്ങളും “തങ്ങളുടെ കുടുംബങ്ങളോട് വളരെ ക്രിയാത്മകമായ മനോഭാവങ്ങൾ പുലർത്തുന്നതായി കാണപ്പെട്ടു.”
ഇന്നത്തെ യുവജനങ്ങളുടെ പ്രത്യാശകളിലും അഭിലാഷങ്ങളിലും ഭയങ്ങളിലും അനേകവും സുബോധപൂർവകവും ഗൗരവാവഹവുമായ ചിന്തയെ പ്രതിഫലിപ്പിക്കുന്നതായി മററ് സർവ്വേകൾ വെളിപ്പെടുത്തുന്നു. 1985-ൽ യൂനെസ്ക്കോ കൂരിയർ 41 രാജ്യങ്ങളിലെ യുവജനങ്ങളോട് ഇങ്ങനെ ചോദിച്ചു: “ഇന്നത്തെ യുവജനങ്ങൾക്കെല്ലാം ഏററവും താത്പര്യമുള്ള പ്രശ്നമെന്താണ്?” “യുദ്ധത്തിന്റെയും സമാധാനത്തിന്റെയും പ്രശ്നങ്ങൾ” (50 ശതമാനം), “തൊഴിലില്ലായ്മയും ജോലിയും” (30 ശതമാനം), “ഭാവി” (10 ശതമാനം) എന്നിങ്ങനെയുള്ള ചിന്താപൂർവകമായ ഉത്തരങ്ങൾ അവർക്കു ലഭിച്ചു.
ഊന്നൽ വ്യക്തിപരമായ അഭിലാഷങ്ങളിലേക്ക് മാറുമ്പോൾപോലും യുവജനങ്ങൾ വീണ്ടും അതിശയകരമാം വിധം പ്രായോഗികമായ സമീപനം കൈക്കൊള്ളുന്നു. “പതിനാലിനും ഇരുപത്തൊന്നിനുമിടക്കു പ്രായമുള്ള [യു. എസ്.] ചെറുപ്പക്കാരായ സ്ത്രീപുരുഷൻമാരുടെ ദേശീയപ്രാതിനിധ്യസ്വഭാവമുള്ള ഒരു കൂട്ടത്തിന്റെ” അഭിപ്രായവോട്ടെടുപ്പു നടത്തിയശേഷം സെവൻറീൻമാസിക അതിന്റെ ചെറുപ്പക്കാരായ വായനക്കാരോട് ഇങ്ങനെ പറഞ്ഞു: “മറെറല്ലാററിനെക്കാളുമധികമായി നിങ്ങൾ വിവാഹംചെയ്ത് ഒരു കുടുംബത്തെ വളർത്താൻ ആഗ്രഹിക്കുന്നു. നിങ്ങൾ ആഗ്രഹിക്കുന്ന രണ്ടാമത്തെ സംഗതി ഒരു ജോലിയോ ഒരു ജീവിതവൃത്തിയോ ആണ്. നിങ്ങൾ പണമുണ്ടാക്കാൻ ലക്ഷ്യമിടുന്നു. നിങ്ങൾ പണത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും വ്യാകുലരുമാണ്. എന്നാൽ ലോകത്തിലെ പ്രശ്നങ്ങൾ നിങ്ങളുടെ തലമുറക്ക് മെച്ചപ്പെടുത്താൻ കഴിയാത്തവിധം അത്ര ഗുരുതരമാണെന്ന് നിങ്ങളിൽ 60ൽപരം ശതമാനം വിശ്വസിക്കുന്നില്ല.”
അപ്പോൾ ലോകമാസകലമുള്ള യുവാക്കൾ പൊതുവേ അവരുടെ മൂത്തവർ തേടുന്ന കാര്യങ്ങൾതന്നെ ആഗ്രഹിക്കുന്നു: സന്തുഷ്ടിയും സുരക്ഷിതത്വവും അടുപ്പമുള്ള കുടുംബങ്ങളും. അവർ ജീവിക്കുന്ന ലോകത്തിൽ അവർ തത്പരരാണ്. അതിനെ മെച്ചപ്പെടുത്താൻ അവർ ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഈ ചിത്രത്തിന് ഒരു ഇരുണ്ട വശമുണ്ട്.
ദുഃഖിതരും സ്വവിനാശകാരികളുമായ യുവജനങ്ങൾ
മേൽപ്രസ്താവിച്ച പഠനം ഈ ദാരുണമായ കണ്ടുപിടുത്തം നടത്തി: “പരിശോധിക്കപ്പെട്ട യുവാക്കളുടെ നാലിലൊന്ന് തങ്ങൾ കൂടെക്കൂടെ ദുഃഖിതരും ഏകാന്തരുമാണെന്നും തങ്ങൾക്ക് വൈകാരികവ്യർത്ഥത അനുഭവപ്പെടുന്നുവെന്നും അതുപോലെതന്നെ ജീവിതപ്രശ്നങ്ങളിൽ ആകുലരാണെന്നും പറയുകയുണ്ടായി. തങ്ങൾക്ക് ആത്മഹത്യചെയ്യണമെന്നുള്ള ചിന്തയും ചായ്വുകളുമുണ്ടെന്നുപോലും ചുരുക്കംചിലർ സമ്മതിച്ചു.” ചില രാജ്യങ്ങളിൽ യുവാക്കൾ കേവലം ചിന്തിക്കുകമാത്രമല്ല ചെയ്യുന്നത്. ഐക്യനാടുകളിൽ പ്രായക്കൂടുതലുള്ള യുവാക്കളിലെ ആത്മഹത്യാനിരക്ക് കഴിഞ്ഞ 20 വർഷങ്ങളിൽ ഫലത്തിൽ ഇരട്ടിക്കുകയുണ്ടായി.a
വലിയ ഉത്ക്കണ്ഠക്കുള്ള മറെറാരു കാരണം യുവപ്രായത്തിലുള്ളവർ മാരിവാനാ, ഹെറോയിൻ, കോക്കേയിൻ, കോക്കേയിന്റെതന്നെ ഒരു രൂപമായ ക്രാക്ക് എന്നിങ്ങനെയുള്ള മയക്കുമരുന്നുകളുടെ യുവജന ഉപയോഗത്തിന്റെ ലോകവ്യാപകവർദ്ധനവാണ്. ഐക്യനാടുകളിലെ ഒരു 14വയസ്സുകാരി പെൺകുട്ടി മാരിവാനാവലിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അത് മേലാൽ സ്വീകാര്യമായ സംഗതിമാത്രമായിരിക്കുന്നില്ല. അത് മിക്കവാറും എല്ലാവരുടെയും ജീവിതഭാഗംതന്നെയാണ്.”
വികസ്വരരാജ്യങ്ങളും ഈ പ്രശ്നത്തിൽനിന്ന് രക്ഷപ്പെട്ടിട്ടില്ല. അങ്ങനെയുള്ള അനേകം രാജ്യങ്ങളിൽ യുവജനങ്ങൾ കോക്കാ കുഴമ്പും സമാനമായ വസ്തുക്കളും വലിക്കുന്നത് സാധാരണമാണ്. യു.എൻ. സെക്രട്ടറി ജനറലായ ജാവ്യർ പേരെസ് ഡിക്വയർ നിയമവിരുദ്ധ കള്ളക്കടത്ത് ഉണ്ടെന്നും മയക്കുമരുന്നുകളുടെ ദുരുപയോഗം “മുൻയുഗങ്ങളിൽ ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ വീശിയടിച്ച പ്ലേഗുകളെപ്പോലെ ഇപ്പോഴത്തെയും വരാനിരിക്കുന്നതുമായ തലമുറകൾക്ക് വിനാശകരമായ ഭീഷണി ഉയർത്തുന്നു”വെന്നും പറയുകയുണ്ടായി.
മദ്യവും പുകയിലയും പോലെയുള്ള നിയമാനുസൃത മയക്കുമരുന്നുകളുടെ യുവജനങ്ങളുടെ ഇടയിലെ ഉപയോഗവും അനേകം വിദഗ്ദ്ധരെയും മാതാപിതാക്കളെയും വ്യാകുലപ്പെടുത്തുന്നു. യു.എൻ. ക്രോണിക്കിൾ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച് കഴിഞ്ഞ 30 മുതൽ 40 വരെ വർഷങ്ങളിൽ കുട്ടികളുടെയും യുവാക്കളുടെയും വർദ്ധിച്ച ശതമാനം മദ്യം കുടിക്കാൻ തുടങ്ങിയിരിക്കുന്നു. ഉപയോഗത്തിന്റെ ആവൃത്തിയും വർദ്ധിച്ചിരിക്കുന്നു; കുടി തുടങ്ങുന്ന പ്രായം കുറഞ്ഞിരിക്കുന്നു.”
യുവജനങ്ങളുടെ ഒരു ന്യൂനപക്ഷം മാത്രമേ വിഷാദമഗ്നരായിരിക്കുന്നുള്ളു അല്ലെങ്കിൽ സ്വവിനാശകരമായ പെരുമാററത്തിൽ ഏർപ്പെടുന്നുള്ളുവെന്നു സമ്മതിക്കുന്നു. എന്നിരുന്നാലും, ലോകവ്യാപകമായി, പ്രശ്നങ്ങളുള്ളവർ അനേകം ദശലക്ഷങ്ങൾ വരും. നാം അടുത്തതായി കാണാൻ പോകുന്നതുപോലെ, യുവജനങ്ങൾ നാം ജീവിക്കുന്ന കാലങ്ങൾക്ക് പ്രത്യേകമായുള്ള പിരിമുറുക്കങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വിധേയരാക്കപ്പെടുകയാണ്. (g90 9⁄8)
[അടിക്കുറിപ്പുകൾ]
a സമ്മർദ്ദം കൈകാര്യംചെയ്യാൻ നിങ്ങളുടെ യുവപ്രായക്കാരെ സഹായിക്കൽ എന്ന പുസ്തകം പറയുന്നതനുസരിച്ച് “മിക്കപ്പോഴും പ്രായമുള്ള ചെറുപ്പക്കാർ ആത്മഹത്യചെയ്യുന്നതിന് ഉപയോഗിക്കുന്ന രീതി കാർ തകർച്ചകളാണ്.” മോട്ടോർവാഹനാപകടങ്ങൾ സാധാരണയായി ആത്മഹത്യകളായി എണ്ണപ്പെടുന്നില്ലാത്തതിനാൽ യുവജന ആത്മഹത്യയുടെ സ്ഥിതിവിവരക്കണക്കുകൾ നൽകുന്ന എണ്ണം കുറവായിരിക്കാം.