രക്തം വില്പന—വൻ ബിസിനസ്സാണ്
ചുവന്ന സ്വർണ്ണം! ആ പരിഹാസപ്പേര് സൂചിപ്പിക്കുന്നതുപോലെ ഇത് വളരെ വിലപിടിപ്പുള്ള ഒരു വസ്തുവാണ്. അത് വിലതീരാത്ത ഒരു ദ്രാവകമാണ്. സ്വർണ്ണത്തോടു മാത്രമല്ല, എണ്ണയോടും കൽക്കരിയോടും താരതമ്യംചെയ്യപ്പെട്ടിട്ടുള്ള അതിപ്രധാനമായ ഒരു പ്രകൃതിവിഭവം. എന്നിരുന്നാലും ചുവന്ന സ്വർണ്ണം പാറകളിൽനിന്ന് തുരപ്പൻയന്ത്രങ്ങളോ സ്ഫോടകവസ്തുക്കളോ ഉപയോഗിച്ച് ഖനനം ചെയ്തെടുക്കുകയല്ല. അതിലും കൗശലപൂർവകമായ വിധങ്ങളിൽ അത് മനുഷ്യരുടെ ധമനികളിൽനിന്നാണ് ഖനനംചെയ്യപ്പെടുന്നത്.
“ദയവായി, എന്റെ കൊച്ചു പെൺകുട്ടിക്ക് രക്തം അത്യാവശ്യമാണ്,” ന്യൂയോർക്കിലെ തെരക്കേറിയ ഒരു തെരുവിനു മുകളിൽ കാണപ്പെടുന്ന കൂററൻ പരസ്യപ്പലക യാചിക്കുന്നു. മററ് പരസ്യങ്ങൾ ഇങ്ങനെ പ്രോൽസാഹിപ്പിക്കുന്നു: “നിങ്ങൾ ഒരു രക്ഷ ദാതാവാണെങ്കിൽ ഈ ലോകത്തിന് നിങ്ങളെ കൂടാതെ ജീവിക്കാനാവില്ല.” “നിങ്ങളുടെ രക്തം പ്രധാനമാണ്. ഒരു കൈ തന്ന് സഹായിക്കുക.”
മററുള്ളവരെ സഹായിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ സന്ദേശം മനസ്സിലാകുന്നു. ലോകത്തിലെല്ലായിടത്തും അവർ കൂട്ടംകൂട്ടമായി ലൈൻ നിൽക്കുന്നു. അവരിൽ മിക്കവരും, അതുപോലെതന്നെ രക്തം ശേഖരിക്കുന്നവരും അത് മററാളുകൾക്ക് പകർന്നുകൊടുക്കുന്നവരും കഷ്ടം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹിക്കുന്നു എന്നതിനും അങ്ങനെ ചെയ്യുന്നതായി വിശ്വസിക്കുന്നുവെന്നതിനും യാതൊരു സംശയവുമില്ല.
എന്നാൽ രക്തം ദാനംചെയ്യപ്പെട്ട ശേഷം അത് രോഗിക്ക് പകർന്നുകൊടുക്കുന്നതിനുമുമ്പായി അത് നമ്മിൽ മിക്കവരും തിരിച്ചറിയുന്നതിനെക്കാൾ അധികം കൈകളിലൂടെ കടന്നുപോകുകയും അധികം പ്രക്രിയകൾക്ക് വിധേയമാകുകയും ചെയ്യുന്നു. സ്വർണ്ണം പോലെതന്നെ രക്തവും ദ്രവ്യാഗ്രഹത്തെ പ്രോൽസാഹിപ്പിക്കുന്നു. അത് ലാഭത്തിന് വിൽക്കപ്പെടുകയും അതിലും കൂടിയ ലാഭത്തിന് വീണ്ടും വിൽക്കപ്പെടുകയും ചെയ്തേക്കാം. രക്തം ശേഖരിക്കാനുള്ള അവകാശത്തിനുവേണ്ടി ചിലർ പോരാടുന്നു, ക്രമാതീതമായ വിലക്ക് അത് വിൽക്കപ്പെടുന്നു, അവർ അതിൽനിന്ന് പണം വാരിക്കൂട്ടുന്നു, അനുവാദമില്ലാതെ ഒരു രാജ്യത്തുനിന്ന് മറെറാരു രാജ്യത്തേക്ക് ഒളിച്ചുകടത്തുകപോലും ചെയ്യുന്നു. ലോകത്തിലെല്ലായിടത്തും രക്തംവില്പന ഒരു വൻ ബിസിനസ്സാണ്.
ഐക്യനാടുകളിൽ ഒരു കാലത്ത് രക്തദാതാക്കൾക്ക് അതിനുള്ള വില രൊക്കമായി നൽകിയിരുന്നു. എന്നാൽ ദരിദ്രരെയും രോഗികളെയും രക്ഷ ദാനത്തിന് ഏതാനും ഡോളർ കൊടുത്ത് വശീകരിച്ചാൽ ആ അമേരിക്കൻ പദ്ധതി സുരക്ഷിതമായിരിക്കുകയില്ല എന്ന് 1971-ൽ ബ്രിട്ടീഷ് എഴുത്തുകാരനായ റിച്ചാർഡ് ററിററ്മസ് ആരോപിച്ചു. മററുള്ളവരെ സഹായിക്കാൻവേണ്ടി രക്തം നൽകുന്നതിൽനിന്ന് ലാഭമുണ്ടാക്കുന്നത് അധാർമ്മികമാണെന്നും അദ്ദേഹം വാദിച്ചു. രക്ഷ ദാതാക്കൾക്ക് പണം കൊടുക്കുന്ന രീതി ഐക്യനാടുകളിൽ അവസാനിപ്പിക്കാൻ ഈ എതിർപ്പ് ഇടയാക്കി. (ചില രാജ്യങ്ങളിൽ ഇന്നും ആ വ്യവസ്ഥ തുടരുന്നുണ്ട്) എന്നാൽ അത് രക്തക്കമ്പോളത്തിലെ ലാഭത്തിന് കുറവൊന്നും വരുത്തിയില്ല. എന്തുകൊണ്ട്?
രക്തക്കച്ചവടം ലാഭകരമായി തുടർന്ന വിധം
ആയിരത്തിത്തൊള്ളായിരത്തി നാല്പതുകളിൽ ശാസ്ത്രജ്ഞൻമാർ രക്തത്തെ അതിന്റെ ഘടകങ്ങളായി വേർതിരിക്കാൻ തുടങ്ങി. ആംശികമാക്കൽ എന്നറിയപ്പെടുന്ന ആ പ്രക്രിയ രക്തത്തെ കൂടുതൽ ലാഭകരമായ ബിസിനസ്സാക്കി മാററുന്നു. എങ്ങനെ? കൊള്ളാം, ഇത് പരിചിന്തിക്കുക: ഒരു പഴയ കാർ അഴിച്ചെടുത്ത് ഭാഗംഭാഗമായി വിൽക്കുകയാണെങ്കിൽ അത് ഒന്നായി വിൽക്കുന്നതിനെക്കാൾ അഞ്ച് മടങ്ങുവരെ വില ലഭിച്ചേക്കാം. അതുപോലെ രക്തം അതിന്റെ ഘടകങ്ങളായി തിരിച്ച് വെവ്വേറെ വിൽക്കുമ്പോൾ അതിന് കൂടുതൽ വില കിട്ടുന്നു. രക്തത്തിന്റെ വ്യാപ്തത്തിൽ ഏതാണ്ട് പകുതിയോളം വരുന്ന പ്ലാസ്മ വിശേഷാൽ ലാഭം നേടിത്തരുന്ന ഒരു ഘടകമാണ്. പ്ലാസ്മായിൽ അരുണാണുക്കളോ ശ്വേതാണുക്കളോ പ്ലെയിററ്ലറേറാ ഒന്നും അടങ്ങിയിട്ടില്ലാത്തതിനാൽ അത് ഉണക്കി സൂക്ഷിക്കാൻ കഴിയുന്നു. മാത്രവുമല്ല ഒരു രക്ഷ ദാതാവ് സാധാരണ ഒരു വർഷം അഞ്ച് പ്രാവശ്യം മാത്രം രക്തം ദാനംചെയ്യാനേ അനുവദിക്കപ്പെടുന്നുള്ളു. എന്നാൽ പ്ലാസ്മാ പെരേസിസ് എന്ന പ്രക്രിയയിലൂടെ അയാൾക്ക് ആഴ്ചയിൽ രണ്ടു പ്രാവശ്യം വരെ പ്ലാസ്മാ ദാനംചെയ്യാൻ കഴിയും. ഈ പ്രക്രിയയിൽ രക്തം ചോർത്തിയെടുത്ത് അതിൽനിന്ന് പ്ലാസ്മാ വേർതിരിക്കുന്നു, പിന്നീട് അതിലെ അണുഘടകങ്ങൾ ദാതാവിന്റെ ശരീരത്തിൽ തിരികെ കുത്തിവെക്കുന്നു.
പ്ലാസ്മാ ദാതാക്കൾക്ക് പണംകൊടുക്കാൻ ഐക്യനാടുകളിൽ ഇപ്പോഴും അനുവദിച്ചിട്ടുണ്ട്. മാത്രവുമല്ല, ആ രാജ്യം ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതിന്റെ നാലു മടങ്ങു പ്ലാസ്മാ ഓരോ വർഷവും നൽകാൻ ദാതാക്കളെ അനുവദിച്ചിരിക്കുന്നു! അപ്പോൾ പിന്നെ ലോകത്തിൽ മൊത്തം ശേഖരിക്കപ്പെടുന്ന പ്ലാസ്മയുടെ 60 ശതമാനം ഐക്യനാടുകൾ ശേഖരിക്കുന്നത് അതിശയമല്ല. ആ പ്ലാസ്മായിക്കുതന്നെ 450 ദശലക്ഷം ഡോളർ വില വരും. എന്നാൽ കമ്പോളത്തിൽ അതിന് അതിലും വളരെ കൂടിയ വില ലഭിക്കുന്നു. കാരണം പ്ലാസ്മാതന്നെ അതിന്റെ വ്യത്യസ്ത ഘടകങ്ങളായി വേർതിരിക്കപ്പെടാൻ കഴിയും. ലോകവ്യാപകമായി പ്ലാസ്മാ വാർഷികമായി 200 കോടി ഡോളറിന്റെ ഒരു വ്യവസായമാണ്!
മൈനിച്ചി ഷിംബൂൺ എന്ന പത്രം പറയുന്നതനുസരിച്ച്, ലോകത്തിൽ മൊത്തം നിർമ്മിക്കപ്പെടുന്ന പ്ലാസ്മായിൽ മൂന്നിലൊന്നിന്റെ ഉപഭോക്താവ് ജപ്പാനാണ്. അതിന്റെ 96 ശതമാനവും ആ രാജ്യം ഇറക്കുമതി ചെയ്യുന്നതാണ്, ഭൂരിഭാഗവും ഐക്യനാടുകളിൽനിന്ന്. ആ രാജ്യത്തിൽതന്നെയുള്ള വിമർശകർ അതിനെ “ലോകത്തിന്റെ വാമ്പയർ” (രക്തജതുക) എന്ന് വിളിച്ചിട്ടുണ്ട്. രക്തവ്യാപാരത്തിൽനിന്ന് ലാഭമുണ്ടാക്കുന്നത് ന്യായരഹിതമാണെന്ന് പറഞ്ഞുകൊണ്ട് ജപ്പാനിലെ ആരോഗ്യക്ഷേമ മന്ത്രാലയം അതു തടയാൻ ശ്രമിച്ചിട്ടുണ്ട്. വാസ്തവത്തിൽ ജപ്പാനിലെ വൈദ്യശാസ്ത്ര സ്ഥാപനങ്ങൾ പ്ലാസ്മയിലെ ആൽബുമിൻ എന്ന ഘടകത്തിൽനിന്നുതന്നെ ഓരോ വർഷവും 20 കോടി ഡോളറിന്റെ ലാഭമുണ്ടാക്കുന്നതായി മന്ത്രാലയം ആരോപിച്ചിരിക്കുന്നു.
ശേഷം യൂറോപ്യൻ രാജ്യങ്ങൾ എല്ലാം ചേർന്ന് ഉപയോഗിക്കുന്നതിനെക്കാൾ കൂടുതൽ രക്തോല്പന്നങ്ങൾ ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി ഉപയോഗിക്കുന്നു; അത് ലോകത്തിലെ വേറെ ഏതൊരു രാജ്യത്തെയും ശരാശരി ഉപയോഗത്തെക്കാൾ കൂടുതലാണ്.
സൂം ബീസ്പിയെൽ ബ്ലൂട് (ഉദാഹരണമായി രക്തം) എന്ന പുസ്തകം രക്തോൽപ്പന്നങ്ങളെപ്പററി പറയുന്നു: “പകുതിയിലധികം ഇറക്കുമതി ചെയ്യപ്പെടുന്നതാണ്, മുഖ്യമായും യു. എസ്. ഏ. യിൽനിന്ന്, എന്നാൽ മൂന്നാം ലോകരാഷ്ട്രങ്ങളിൽനിന്നുമുണ്ട്. ഏതായാലും പ്ലാസ്മാ ദാനംചെയ്തുകൊണ്ട് തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ദരിദ്രരിൽനിന്ന്.” ഈ ദരിദ്രരിൽ ചിലർ തങ്ങളുടെ രക്തത്തിൽ വളരെയധികം ദാനംചെയ്യുന്നതിനാൽ രക്തക്കുറവുമൂലം മരിക്കുന്നു.
പ്ലാസ്മാ വ്യാപാരം നടത്തുന്ന പല കേന്ദ്രങ്ങളും തന്ത്രപൂർവം ദരിദ്രരായ ആളുകൾ പാർക്കുന്ന പ്രദേശങ്ങളിലോ ദരിദ്രരാഷ്ട്രങ്ങളുടെ അതിർത്തിയിലോ ആണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അവ ദരിദ്രരെയും പരിത്യക്തരെയും ആകർഷിക്കുന്നു. അവർ പണത്തിനുവേണ്ടി പ്ലാസ്മാ വിൽക്കാൻ അങ്ങേയററം മനസ്സുള്ളവരും കൊടുക്കാവുന്നതിലേറെ കൊടുക്കാനും തങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ അത് മറച്ചുവെക്കാൻ മതിയായ കാരണമുള്ളവരുമാണ്. അത്തരം പ്ലാസ്മാ വ്യാപാരം ലോകത്തിന് ചുററുമായി 25 രാജ്യങ്ങളിൽ നിലവിലുണ്ട്. ഒരു രാജ്യത്ത് അത് തടയപ്പെടുമ്പോൾത്തന്നെ മറെറാരിടത്ത് അത് തലപൊക്കുന്നു. ഉദ്യോഗസ്ഥൻമാരെ കൈക്കൂലി കൊടുത്തു സ്വാധീനിക്കുന്നതും കള്ളക്കടത്തും അസാധാരണമല്ല.
ലാഭരഹിത മണ്ഡലത്തിൽ ലാഭം
അടുത്ത കാലത്തായി ലാഭേച്ഛകൂടാതെ നടത്തപ്പെടുന്ന രക്തബാങ്കുകളും രൂക്ഷമായ വിമർശനത്തിന് വിധേയമായിരിക്കുന്നു. രക്തബാങ്കുകൾ ദാതാക്കളിൽനിന്ന് രക്തം ശേഖരിക്കുമ്പോൾ ഒരു യൂണിററ് രക്തത്തിന് 57.5 ഡോളർ വില നൽകുന്നതായും ആശുപത്രികൾ രക്തബാങ്കുകളിൽനിന്ന് അതു വാങ്ങുമ്പോൾ 88 ഡോളർ നൽകുന്നതായും രോഗികൾ രക്തപ്പകർച്ച സ്വീകരിക്കുമ്പോൾ അതിന് 375 മുതൽ 600 വരെ ഡോളർ വില കൊടുക്കേണ്ടി വരുന്നതായും മണിമാസികയുടെ ലേഖകനായ ആൻഡ്രിയാ റോക്ക് ആരോപിക്കുന്നു.
എന്നാൽ അതിനുശേഷം സാഹചര്യത്തിന് മാററം വന്നിട്ടുണ്ടോ? ദി ഫിലഡെൽഫിയാ ഇൻക്വയറർ എന്ന പ്രസിദ്ധീകരണത്തിന്റെ ലേഖകനായ ഗിൽബർട്ട് എം ഗോൾ 1989 സെപ്ററംബറിൽ യു. എസ്. രക്തബാങ്കുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഒരു ലേഖന പരമ്പരതന്നെ എഴുതി.a ചില രക്തബാങ്കുകൾ രക്തം ദാനംചെയ്യാൻ ആളുകളോടു യാചിക്കുന്നതായും അതിനുശേഷം അതിന്റെ പകുതിയിലധികവും നല്ല ഒരു ലാഭത്തിന് അത്തരം മററ് കേന്ദ്രങ്ങൾക്ക് വിൽക്കുന്നതായും ഒരു വർഷം ദീർഘിച്ച ഒരു പഠനത്തിനുശേഷം അദ്ദേഹം റിപ്പോർട്ടുചെയ്തു. ഈ വിധത്തിൽ രക്തബാങ്കുകൾ ഓരോ വർഷവും 5 ലക്ഷം ലിററർ രക്തം കൈകാര്യംചെയ്യുന്നതും ഏതാണ്ട് ഒരു സ്റേറാക്ക് എക്സ്ചേഞ്ച്പോലെ പ്രവർത്തിക്കുന്നതുമായ 5 കോടി ഡോളറിന്റെ വ്യാപാരം നടത്തുന്ന ഒരു ഭീകരപ്രസ്ഥാനമാണെന്ന് ഗോൾ കണക്കാക്കി.
എന്നാൽ ഒരു പ്രമുഖ വ്യത്യാസമുണ്ട്. ഈ രക്ഷ കൈമാററം സർക്കാർ നിയന്ത്രിതമല്ല. അതിന്റെ വൈപുല്യം അളക്കാനോ വിലകൾ നിയന്ത്രിക്കാനോ ആർക്കും കഴികയില്ല. അനേകം രക്തദാതാക്കൾക്ക് അതിനെപ്പററി യാതൊന്നും അറിയാനുംപാടില്ല. “ആളുകൾ കബളിപ്പിക്കപ്പെടുകയാണ്” എന്ന് ഒരു മുൻ രക്തബാങ്കുകാരൻ ദി ഫിലഡെൽഫിയാ ഇൻക്വെയറർ എന്ന പ്രസിദ്ധീകരണത്തോടു പറഞ്ഞു: “അവരുടെ രക്തം ഞങ്ങളുടെ പക്കൽ എത്തുന്ന കാര്യം ആരും അവരോടു പറയുന്നില്ല. അവർ അതേപ്പററി അറിഞ്ഞിരുന്നെങ്കിൽ അവർക്ക് അടക്കാനാവാത്ത കോപം ഉണ്ടായേനെ.” ഒരു റെഡ്ക്രോസ് ഉദ്യോഗസ്ഥൻ സംക്ഷിപ്തമായി ഇപ്രകാരം പറഞ്ഞു: “രക്തബാങ്കുകാർ അനേകവർഷങ്ങളായി അമേരിക്കൻ ജനതയെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു.”
ഐക്യനാടുകളിൽ മാത്രം ഓരോ വർഷവും രക്തബാങ്കുകൾ എതാണ്ട് 6.5 ദശലക്ഷം ലിററർ രക്തം ശേഖരിക്കുന്നു. അവർ ഏതാണ്ട് 30 ദശലക്ഷം യൂണിററ് രക്തോൽപ്പന്നങ്ങൾ 100 കോടി ഡോളറിന് വിൽക്കുന്നു. അത് ഭീമമായ ഒരു തുകയാണ്. രക്തബാങ്കുകാർ “ലാഭം” എന്ന പദം ഉപയോഗിക്കുന്നില്ല. “ചെലവിലധികമായുള്ള മിച്ചം” എന്ന പദപ്രയോഗമാണ് അവർ കൂടുതലിഷ്ടപ്പെടുന്നത്. ഉദാഹരണത്തിന് 1980നും 1987നുമിടക്ക് റെഡ്ക്രോസിന് 30 കോടി ഡോളർ “ചെലവിലധികമായുള്ള മിച്ചം” ലഭിച്ചു.
രക്തബാങ്കുകൾ ലാഭേച്ഛകൂടാതെ നടത്തപ്പെടുന്ന സ്ഥാപനങ്ങളാണെന്ന് അവ അവകാശപ്പെടുന്നു. വോൾസ്ട്രീററിലെ വലിയ കോർപ്പറേഷനുകളിലെപ്പോലെ തങ്ങളുടെ പണം ഓഹരി ഉടമകൾക്ക് ലഭിക്കുന്നില്ല. എന്നാൽ റെഡ്ക്രോസിന് ഓഹരിക്കാരുണ്ടായിരുന്നെങ്കിൽ ജനറൽ മോട്ടോഴ്സ് പോലെ അത് ഐക്യനാടുകളിലെ ഏററവുമധികം ലാഭമുണ്ടാക്കുന്ന കോർപ്പറേഷനുകളിലൊന്നായിരിക്കുമായിരുന്നു. രക്തബാങ്കുദ്യോഗസ്ഥൻമാർക്ക് കൊഴുത്ത ശമ്പളം ലഭിക്കുന്നുമുണ്ട്. ദി ഫിലഡെൽഫിയാ ഇൻക്വയറർ സർവേ നടത്തിയ 62 രക്തബാങ്കുകളിലെ ഉദ്യോഗസ്ഥൻമാരിൽ 25 ശതമാനം ഒരു വർഷം 1 ലക്ഷം ഡോളറിലധികം പ്രതിഫലം പററുന്നവരാണ്. ചിലർക്കാകട്ടെ അതിന്റെ ഇരട്ടി ലഭിക്കുന്നു.
തങ്ങൾ ശേഖരിക്കുന്ന രക്തം “വിൽക്കുന്നില്ല” എന്നും അത് തരംതിരിച്ച് സൂക്ഷിക്കുന്നതിന്റെ കൂലി ഈടാക്കുന്നതേയുള്ളുവെന്നും രക്തബാങ്കുകൾ അവകാശപ്പെടുന്നു. ഒരു രക്തബാങ്കുകാരൻ ആ അവകാശവാദത്തിനുള്ള മറുപടി നൽകുന്നു: “രക്തം വിൽക്കുന്നില്ല എന്ന് റെഡ്ക്രോസ് പറയുമ്പോൾ അത് എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു. പാലിനല്ല പാത്രത്തിനുമാത്രമേ ഞങ്ങൾ വില ഈടാക്കുന്നുള്ളു എന്ന് സൂപ്പർമാർക്കററുകാർ പറയുന്നതുപോലെയാണത്.”
ആഗോളവ്യാപാരം
പ്ലാസ്മാവ്യാപാരം പോലെതന്നെ രക്തവ്യാപാരവും ആഗോളവ്യാപകമാണ്. അതിനെതിരെയുള്ള വിമർശനവും അങ്ങനെതന്നെ. ഉദാഹരണമായി ദാനമായി ലഭിച്ച രക്തത്തിൽനിന്നുള്ള രക്തോല്പന്നങ്ങൾ ലാഭവിലക്കു വിൽക്കാൻ ജപ്പാനിലെ റെഡ്ക്രോസ്സ് ഒരു ശ്രമം നടത്തിയപ്പോൾ അത് ശക്തമായ വിമർശനത്തിനിടയാക്കി. തങ്ങൾ സാധാരണ വിലക്ക് രക്തം വാങ്ങിയതായി ഇൻഷ്വറൻസ് ഫോമിൽ കാണിച്ചുകൊണ്ട് ആശുപത്രികൾ കനത്ത ലാഭം കൊയ്തുകൂട്ടി.
തായ്ലണ്ട് ദിനപ്പത്രമായ ദി നേഷൻ പറയുംപ്രകാരം ചില ഏഷ്യൻ രാജ്യങ്ങൾ പ്രതിഫലം കൊടുത്തുള്ള രക്തദാന പരിപാടി അവസാനിപ്പിച്ചുകൊണ്ട് വ്യാപാരം നിയന്ത്രിക്കേണ്ടിവന്നു. ഇൻഡ്യയിൽ 5 ലക്ഷം ആളുകളെങ്കിലും ജീവിതച്ചെലവു താങ്ങാൻവേണ്ടി സ്വന്തം രക്തം വിൽക്കുന്നു. ക്ഷീണിതരും ദരിദ്രരുമായ ചിലർ അനുവദനീയമായതിലധികം രക്തം കൊടുക്കാൻ കഴിയേണ്ടതിന് തങ്ങളുടെ ക്ഷീണം മറച്ചുവെക്കുന്നു. മററു ചിലരുടെ സംഗതിയിലാകട്ടെ രക്തബാങ്കുകാർതന്നെ മനഃപൂർവം പരിധിക്കപ്പുറം രക്തം ഊററിയെടുക്കുന്നു.
രക്തബാങ്കുകളുടെ കുററകരമായ പ്രവർത്തനം ഏററം ഭയങ്കരമായിരിക്കുന്നത് ബ്രസ്സീലിലാണെന്ന് രക്തം: ദാനമോ കച്ചവടസാധനമോ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ പിയെററ് ജെ. ഹേഗൻ അവകാശപ്പെടുന്നു. ബ്രസ്സീലിൽ നൂറുകണക്കിനു രക്തബാങ്കുകൾ മനഃസാക്ഷിയില്ലാത്തവരെ ആകർഷിക്കുന്നതും 70 ദശലക്ഷം ഡോളറിന്റെ ലാഭമുണ്ടാക്കുന്നവരുമായ ഒരു വ്യാപാരശൃംഖല പ്രവർത്തിപ്പിക്കുന്നു. ബ്ലൂട്ടേന്റെ (രക്തക്കൊയ്ത്ത്) എന്ന പുസ്തകം പറയുന്നതനുസരിച്ച് ദരിദ്രരും തൊഴിൽരഹിതരുമായ ആളുകൾ കൊളംബിയായിലെ ബൊഗോട്ടായിലുള്ള അസംഖ്യങ്ങളായ രക്തബാങ്കുകളിലേക്ക് ഒഴുകിയെത്തുന്നു. അവർ അവരുടെ രക്തത്തിൽ അര ലിററർ 350 മുതൽ 500 വരെ പെസോ പോലെ നിസ്സാരമായ ഒരു തുകക്കു വിൽക്കുന്നു. അത്രയും രക്തത്തിന് രോഗികൾ 4,000 മുതൽ 6,000 വരെ പെസോകൾ വില കൊടുക്കേണ്ടിവന്നേക്കാം!
മേല്പറഞ്ഞതിൽനിന്ന് ഒരു ആഗോളവസ്തുതയെങ്കിലും വ്യക്തമാണ്: രക്തം വിൽക്കുന്നത് ഒരു വൻ ബിസിനസ്സാണ്. ‘എന്നാൽ അതിൽ എന്തിരിക്കുന്നു? രക്തം ഒരു വൻ ബിസിനസ്സായിരിക്കരുതാത്തത് എന്തുകൊണ്ടാണ്?’ എന്ന് ചിലർ ചോദിച്ചേക്കാം.
കൊള്ളാം, പൊതുവിൽ വൻ ബിസിനസ്സുകളെസംബന്ധിച്ച് ആളുകളെ അസ്വസ്ഥരാക്കുന്നത് എന്താണ്? അത് അത്യാഗ്രഹമാണ്. ഉദാഹരണമായി, ആളുകൾക്ക് യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങാൻ വൻ ബിസിനസ്സുകാർ ആളുകളെ പറഞ്ഞു സമ്മതിപ്പിക്കുമ്പോഴും അല്ലെങ്കിൽ അതിലും മോശമായി, അപകടകരമെന്ന് അറിയാവുന്ന ചില ഉല്പന്നങ്ങൾ പൊതുജനങ്ങളുടെമേൽ കെട്ടിയേൽപ്പിക്കുന്നത് തുടരുമ്പോഴും അല്ലെങ്കിൽ ഉല്പന്നങ്ങൾ സുരക്ഷിതമാക്കാൻ വേണ്ടി പണം ചെലവിടാൻ വിസമ്മതിക്കുമ്പോഴും അത്യാഗ്രഹം പ്രകടമാകുന്നു.
രക്തവ്യാപാരവും അത്തരം അത്യാഗ്രഹത്താൽ ബാധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ലോകവ്യാപകമായി ദശലക്ഷക്കണക്കിനാളുകളുടെ ജീവൻ വലിയ അപകടത്തിലാണ്. അത്യാഗ്രഹം രക്തവ്യാപാരത്തെ ദുഷിപ്പിച്ചിട്ടുണ്ടോ? (g90 10⁄22)
[അടിക്കുറിപ്പുകൾ]
a ഗോളിന്റെ നിരൂപണം 1990 ഏപ്രിലിൽ പൊതുജനസേവനത്തിനുള്ള പുലിററ്സർ സമ്മാനം നേടി. അത് 1989ന്റെ ഒടുവിൽ രക്തവ്യവസായം സംബന്ധിച്ച് വമ്പിച്ച ഒരു കോൺഗ്രഷനൽ അന്വേഷണത്തിനും തിരികൊളുത്തി.
[6-ാം പേജിലെ ചതുരം/ചിത്രം]
മറുപിള്ള വ്യാപാരം
ഒരു ശിശു ഗർഭാശയത്തിലായിരിക്കുമ്പോൾ അതിനെ പോഷിപ്പിക്കുന്ന കോശപിണ്ഡമായ മറുപിള്ളക്ക് എന്തു സംഭവിക്കുന്നുവെന്ന് ശിശുവിന് ജൻമം നൽകിയ സ്ത്രീകളിൽ അധികമാരും ചിന്തിച്ചിട്ടുണ്ടാവില്ല. ഫിലഡെൽഫിയാ ഇൻക്വയറർ പറയുന്നതനുസരിച്ച് അനേകം ആശുപത്രികൾ അവ ശേഖരിച്ച് തണുപ്പിച്ച് സൂക്ഷിക്കുകയും വിൽക്കുകയും ചെയ്യുന്നു. 1987-ൽ മാത്രം ഐക്യനാടുകൾ 8 ലക്ഷം കിലോഗ്രാം മറുപിള്ള മററു രാജ്യങ്ങളിലേക്ക് കയററി അയച്ചു. ഫ്രാൻസിൽ പാരീസിനടുത്തുള്ള ഒരു വ്യാപാരസ്ഥാപനം പ്രതിദിനം 15 ടൺ മറുപിള്ള വാങ്ങുന്നു. മറുപിള്ള മാതൃരക്ത പ്ലാസ്മയുടെ ഒരു നല്ല ഉറവിടമാണ്. കമ്പനി അതിൽനിന്ന് പലയിനം ഔഷധങ്ങൾ നിർമ്മിച്ച് ഏതാണ്ട് നൂറോളം രാജ്യങ്ങളിൽ വിൽക്കുന്നു.
[4-ാം പേജിലെ ഗ്രാഫ്/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
രക്തത്തിന്റെ മുഖ്യ ഘടകങ്ങൾ
പ്ലാസ്മാ: രക്തത്തിന്റെ ഏതാണ്ട് 55 ശതമാനം. അതിൽ 92 ശതമാനവും ജലമാണ്; ബാക്കി ഗ്ലോബുലിനുകൾ, ഫിബ്രിനോജിൻസ്, ആൽബുമിൻ എന്നിവ പോലുള്ള സങ്കീർണ്ണമായ പ്രോട്ടീനുകളാണ്
പ്ലെയിററ്ലററ്സ്: രക്തത്തിന്റെ ഏതാണ്ട് 0.17 ശതമാനം
ശ്വേതാണുക്കൾ: ഏതാണ്ട് 0.1 ശതമാനം
അരുണാണുക്കൾ: ഏതാണ്ട് 45 ശതമാനം