ജീവന്റെ ദാനമോ അതോ മരണത്തിന്റെ ചുംബനമോ?
“എത്രപേർ മരിക്കണം? എത്ര മരണമാണ് നിങ്ങൾക്കാവശ്യം? ഇതു സംഭവിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കാനാവശ്യമായ മരണത്തിന്റെ ഏകദേശരൂപം ഞങ്ങൾക്കു തരൂ.”
രക്തബാങ്കുവ്യവസായത്തിന്റെ പ്രതിനിധികളുമായി യോഗം ചേരുകയിൽ മേൽപ്പറഞ്ഞ വാക്കുകൾ വിളിച്ചുപറഞ്ഞുകൊണ്ട് CDCയുടെ (യു.എസ്. രോഗനിയന്ത്രണകേന്ദ്രം) ഒരു ഉദ്യോഗസ്ഥനായ ഡോൺ ഫ്രാൻസീസ് തന്റെ മുഷ്ടികൊണ്ട് മേശയിൽ ഇടിച്ചു. രാഷ്ട്രത്തിലെ രക്ഷ വിതരണത്തിലൂടെ എയ്ഡസ് രോഗം പരക്കുന്നുണ്ട് എന്ന് രക്തബാങ്കുകാരെ ബോദ്ധ്യപ്പെടുത്താൻ CDC ശ്രമിക്കുകയായിരുന്നു.
രക്തബാങ്കുകൾക്ക് അത് ബോദ്ധ്യമായില്ല. തെളിവ് ശക്തമല്ല—ഏതാനും ചില കേസുകൾ മാത്രം—അതുകൊണ്ട് രക്തപരിശോധന കൂടുതൽ കർക്കശമാക്കേണ്ടതില്ല എന്ന് അവർ തീരുമാനിച്ചു. അത് 1983 ജനുവരി 4-ാംതീയതിയായിരുന്നു. ആറു മാസത്തിനുശേഷം രക്തബാങ്കുകളുടെ അമേരിക്കൻ സംഘടനാ പ്രസിഡണ്ട് തറപ്പിച്ചുപറഞ്ഞു: “പൊതുജനങ്ങൾക്ക് ഇതിൽനിന്ന് യാതൊരു അപകടവുമില്ല.”
എന്നാൽ പല വിദഗ്ദ്ധരുടെയും വീക്ഷണത്തിൽ ചില നടപടികൾ ആവശ്യമാക്കിത്തീർക്കുന്ന തെളിവുകൾ അപ്പോൾത്തന്നെ ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം ഇപ്പോൾ അന്നത്തെ “ഏതാനും കേസുകൾ” ഭയാനകമാംവണ്ണം പെരുകിയിരിക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപത്തഞ്ചിനു മുമ്പുതന്നെ ഒരുപക്ഷേ 24,000 ആളുകൾക്ക് എയ്ഡ്സിനു കാരണമാക്കുന്ന HIVയാൽ (ഹ്യൂമൻ ഇമ്മ്യോണോ ഡഫിഷ്യൻസി വൈറസ്സ്) മലിനമാക്കപ്പെട്ട രക്തം നൽകിയിരുന്നു.
എയ്ഡ്സ് വൈറസ് പരത്തുന്നതിന് ഭയാനകമാംവണ്ണം കാര്യക്ഷമമായ ഒരു മാർഗ്ഗമാണ് മലിനമായ രക്തം. ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ (ഡിസംബർ 14, 1989) പറയുന്നതനുസരിച്ച് ഒററ യൂണിററ് രക്തത്തിൽ 17.5 ലക്ഷം പേർക്ക് രോഗബാധയുണ്ടാക്കാൻ ആവശ്യമായ അത്രയും വൈറസ്സുകൾ ഉണ്ടായിരുന്നേക്കാം! ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ് ജൂൺമാസമായപ്പോഴേക്ക് ഐക്യനാടുകളിൽ മാത്രം രക്തപ്പകർച്ചകളിൽനിന്നും രക്തഘടകങ്ങളിൽനിന്നും ശരീരകലകളുടെ പറിച്ചുനടീലിൽനിന്നും 3,506 പേർക്ക് എയ്ഡ്സ് ബാധയുണ്ടായതായി CDC എവേക്ക്!മാസികയോടു പറഞ്ഞു.
എന്നാൽ അതൊക്കെ വെറും സംഖ്യകളാണ്. ഉൾപ്പെട്ടിരിക്കുന്ന വ്യക്തിപരമായ ദുരന്തങ്ങളുടെ ആഴമളക്കാൻ അവ പര്യാപ്തമല്ല. ഉദാഹരണത്തിന്, 71 വയസ്സുകാരി ഫ്രാൻസെസ് ബ്രോക്കൾട്ടിന്റെ ദുരന്തം പരിചിന്തിക്കുക. തനിക്ക് രക്തപ്പകർച്ച വേണ്ട എന്ന് അവർ നിർബന്ധമായും ഡോക്ടർമാരോട് പറഞ്ഞു. എന്നിട്ടും അവർക്ക് രക്തപ്പകർച്ച നൽകപ്പെട്ടു. അവരുടെ കുടുംബാംഗങ്ങൾ നിസ്സഹായരായി നോക്കിനിൽക്കെ അവർ വേദനകൊണ്ട് പിടഞ്ഞു മരിച്ചു.
അല്ലെങ്കിൽ ആർത്തവരക്തവാർച്ചമൂലം വിളർച്ച ബാധിച്ചതിനാൽ രണ്ടു യൂണിററ് രക്തം നൽകപ്പെട്ട 17 വയസ്സുകാരി പെൺകുട്ടിയുടെ ദുരന്തം പരിചിന്തിക്കുക. അവൾക്ക് 19 വയസ്സായി അവൾ ഗർഭിണിയായിരിക്കെ, തനിക്ക് ആ രക്തപ്പകർച്ചയിലൂടെ എയ്ഡ്സ് വൈറസ് ലഭിച്ചിട്ടുള്ളതായി അവൾ തിരിച്ചറിഞ്ഞു. ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അവൾ എയ്ഡ്സ് ബാധിച്ചു കിടപ്പിലായി. താൻ പെട്ടെന്നുതന്നെ മരിക്കുമെന്നു മനസ്സിലാക്കിയതുകൂടാതെ തന്റെ കുഞ്ഞിനുംകൂടെ എയ്ഡ്സ് ബാധിച്ചിട്ടുണ്ടോയെന്ന സംശയവും അവൾക്കുണ്ടായിരുന്നു. ലോകത്തിലെല്ലാം ശിശുക്കൾമുതൽ പ്രായമായവർവരെയുള്ളവർക്കിടയിലെ ഇത്തരം ദുരന്തങ്ങളുടെ പട്ടിക നീണ്ടുനീണ്ടു പോകുന്നു.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയേഴിൽ ഓട്ടോലോഗസ് ആൻഡ് ഡയറക്ടഡ് ബഡ്ള് പ്രോഗ്രാംസ് എന്ന പുസ്തകം ഇപ്രകാരം വിലപിച്ചു: “അപകടസാദ്ധ്യതയുള്ള കൂട്ടത്തെ നിർവചിച്ച ഉടനെതന്നെ വിചാരിക്കാൻകഴിയാത്തത് സംഭവിച്ചു: ഈ മാരകമായ രോഗം [AIDS] സ്വമേധയാ രക്തദാനം നടത്തുന്നവരിലൂടെ പരക്കാൻകഴിയുമെന്നും അങ്ങനെ പരക്കുന്നുണ്ട് എന്നുമുള്ളതിന്റെ വ്യക്തമായ തെളിവു ലഭിച്ചു. ജീവന്റെ അമൂല്യ വരദാനം മരണത്തിന്റെ ഉപകരണമായിത്തീരുന്നുവെന്നത് വൈദ്യശാസ്ത്രത്തിലെ ഏററം കയ്പേറിയ വിരോധാഭാസമായിരുന്നു.”
പ്ലാസ്മയിൽനിന്നു നിർമ്മിച്ച ഔഷധങ്ങൾ പോലും ഈ രോഗം ലോകവിസ്തൃതമായി പടരാനിടയാക്കി. തങ്ങളുടെ രോഗത്തിന് ചികിത്സയായി പ്ലാസ്മാ അടിസ്ഥാനഘടകമായി ഉപയോഗിച്ചു നിർമ്മിച്ച രക്തം കട്ടപിടിക്കുന്നതിനുള്ള ഔഷധം മിക്ക ഹീമോഫിലിയാക്സും ഉപയോഗിക്കുന്നു, അവരിൽ മിക്കവരും അതിന്റെ ഫലമായി മരണമടഞ്ഞു. ഐക്യനാടുകളിൽ എയ്ഡ്സ് വൈറസിനെ ഒഴിവാക്കാൻവേണ്ടി ആ മരുന്നു ചൂടാക്കുന്ന പ്രക്രിയ ആരംഭിക്കുന്നതിനു മുമ്പായി അത്തരം രോഗികളിൽ 60 മുതൽ 90 ശതമാനം വരെ പേർക്ക് എയ്ഡ്സ് ബാധയുണ്ടായി.
ഇപ്പോഴും, ഇന്നുവരെ, രക്തം എയ്ഡ്സിൽനിന്ന് സുരക്ഷിതമല്ല. രക്തപ്പകർച്ചയിൽനിന്നുള്ള ഏക അപകടം എയ്ഡ്സ് മാത്രമല്ല. മററ് അനേക അപകടങ്ങൾകൂടെയുണ്ട്.
എയ്ഡ്സിനെക്കാൾ ഭയങ്കരമായ അപകടങ്ങൾ
“വൈദ്യശാസ്ത്രരംഗത്ത് നാം ഉപയോഗിക്കുന്ന ഏററം അപകടകരമായ വസ്തുവാണത്,” രക്തത്തെപ്പററി ഡോ. ചാൾസ് ഹഗ്ഗിൻസ് പറയുന്നു. അദ്ദേഹത്തിന് അതുസംബന്ധിച്ച് അറിവുണ്ടായിരിക്കേണ്ടതാണ്; അദ്ദേഹം മാസച്ചൂസെററ്സ് ആശുപത്രിയിലെ രക്തപ്പകർച്ചാക്രമീകരണത്തിന്റെ ഡയറക്ടറാണ്. രക്തപ്പകർച്ച എന്നു പറഞ്ഞാൽ പൊരുത്തപ്പെടുന്ന രക്തഗ്രൂപ്പുള്ള ആരെയെങ്കിലും കണ്ടുപിടിക്കുന്നതിന്റെ ഒരു പ്രശ്നം മാത്രമേയുള്ളു എന്നാണ് അനേകമാളുകൾ വിചാരിച്ചിരിക്കുന്നത്. എന്നാൽ സാധാരണ പൊരുത്തം നോക്കുന്ന ABO ഗ്രൂപ്പുകളും Rhഘടകവും കൂടാതെ അതു നോക്കാത്ത ഏതാണ്ട് 400 വ്യത്യാസങ്ങൾ രക്തത്തിലുണ്ടായിരുന്നേക്കാം. കാർഡിയോ വാസ്കുലർ സർജനായ ഡൻറൻ കൂളി കുറിക്കൊള്ളുന്ന പ്രകാരം “ഒരു രക്തപ്പകർച്ച ഒരു അവയവം മാററിവെക്കലാണ്. . . എല്ലാ രക്തപ്പകർച്ചകളിലും ചില പൊരുത്തക്കേടുകളുണ്ടെന്ന് ഞാൻ കരുതുന്നു.”
ഒരു സർജൻ പറഞ്ഞപ്രകാരം ഇത്ര സങ്കീർണ്ണമായ ഒരു വസ്തു ശരീരത്തിലേക്ക് കടത്തിവിടുന്നത് ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥയെ “കുഴഞ്ഞ അവസ്ഥയിലാക്കുന്നത്” അതിശയമല്ല. വാസ്തവത്തിൽ ഒരു രക്തപ്പകർച്ച രോഗപ്രതിരോധവ്യവസ്ഥയെ ഒരു വർഷത്തേക്കുവരെ തകരാറിലാക്കിയേക്കാം. ചിലരെ സംബന്ധിച്ചടത്തോളം ഇതാണ് രക്തപ്പകർച്ചയുടെ ഏററം ഭയാനകമായ വശം.
കൂടാതെ രക്തത്തിലൂടെ പകരുന്ന രോഗങ്ങളുണ്ട്. അവക്ക് ചാഗാസ് രോഗമെന്നും സൈറേറാ മെഗാലോ വൈറസ് എന്നും മററുമുള്ള വിചിത്രമായ പേരുകളുണ്ട്. അവയുടെ ഫലങ്ങൾ പനിയും വിറയലും മുതൽ മരണംവരെ ആകാം. ഒരു രക്തപ്പകർച്ചയിൽനിന്ന് ഒരു രോഗം ബാധിക്കുന്നതിന് പത്തിൽ ഒരു സാദ്ധ്യതയുണ്ട് എന്നാണ് കോർണൽ വൈദ്യശാസ്ത്രയൂണിവേഴ്സിററിയിലെ ഡോ. ജോസഫ് ഫെൽഷുഹ് പറയുന്നത്. അത് പത്തു തിരകളുള്ള ഒരു കൈത്തോക്കുകൊണ്ട് റഷ്യൻ റൂലെററ് കളിയിൽ ഏർപ്പെടുന്നതുപോലെയാണ്. ക്യാൻസർ ശസ്ത്രക്രിയയിൽ രക്തപ്പകർച്ച നടത്തുന്നത് വാസ്തവത്തിൽ വീണ്ടും ക്യാൻസർ ബാധയുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു എന്ന് സമീപകാലത്തെ പഠനങ്ങൾ തെളിയിച്ചിരിക്കുന്നു.
ഒരു ശസ്ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിക്കുന്നതിലെ ഏററം വലിയ തടസ്സം രക്തപ്പകർച്ച ആയിരിക്കാമെന്ന് ഒരു റെറലിവിഷൻ വാർത്താപരിപാടി അവകാശപ്പെട്ടത് അതിശയമല്ല. ഹെപ്പാററിററിസ് ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്നു. രക്തപ്പകർച്ചക്ക് വിധേയരാകുന്ന രോഗികളിൽ എയ്ഡ്സിനെക്കാൾ കൂടുതലാളുകളുടെ മരണത്തിന് അതിടയാക്കുന്നു. എന്നാൽ അത് അധികമൊന്നും അറിയപ്പെടാതെ പോകുന്നു. എത്രപേർ അങ്ങനെ മരിക്കുന്നുവെന്ന് ആർക്കും അറിഞ്ഞുകൂടാ. എന്നാൽ സാമ്പത്തികവിദഗ്ദ്ധനായ റോസ് എക്കോർട്ട് പറയുന്നത് അത് ഓരോ മാസവും ഒരു DC-10 വിമാനം നിറയെ യാത്രക്കാരുമായി തകർന്നുവീഴുന്നതിനു തുല്യമായിരുന്നേക്കാം എന്നാണ്.
അപകടസാദ്ധ്യതയും രക്തബാങ്കുകളും
തങ്ങളുടെ ഉല്പന്നം ഇത്രയധികം അപകടം നിറഞ്ഞതായിരിക്കുന്നതിനോട് രക്തബാങ്കുകൾ എങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളത്? നന്നായിട്ടല്ല എന്ന് വിമർശകർ ആരോപിക്കുന്നു. എയ്ഡ്സ്ഭീഷണിയോട് രക്തബാങ്കുകാർ “അനാവശ്യമാംവണ്ണം സാവധാനത്തിലാണ്” പ്രതികരിച്ചതെന്ന് എയ്ഡ്സ്വൈറസ് ബാധയെ സംബന്ധിച്ച പ്രസിഡൻഷ്യൽ കമ്മീഷന്റെ റിപ്പോർട്ട് കുററപ്പെടുത്തി. എയ്ഡ്സ് ബാധിക്കാൻ കൂടുതൽ സാദ്ധ്യതയുള്ളവർ രക്തം ദാനംചെയ്യുന്നത് നിരുത്സാഹപ്പെടുത്താൻ രക്തബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. രക്തംതന്നെ പരിശോധിക്കണമെന്നും അത് രോഗസാദ്ധ്യത കൂടുതലുള്ളവരിൽനിന്നാണോയെന്ന് തിട്ടപ്പെടുത്തണമെന്നും അവരോട് ആവശ്യപ്പെട്ടിരുന്നു. രക്തബാങ്കുകാർ അതിന് കാലതാമസം വരുത്തി. വെറും ഭ്രാന്ത് എന്നു പറഞ്ഞ് അവർ അപകടസാദ്ധ്യതയെ പുച്ഛിച്ചുതള്ളി. എന്തുകൊണ്ട്?
ചില രക്തബാങ്കുകൾ “മിക്കവാറും സാമ്പത്തിക കാരണങ്ങളാൽ മാത്രം കൂടുതലായ പരിശോധനകളെ എതിർക്കുന്നു” എന്ന് ആൻഡ് ദി ബാൻഡ് പ്ലെയ്ഡ് ഓൺ എന്ന തന്റെ പുസ്തകത്തിൽ റാൻഡിഷിൽററ്സ് ആരോപിക്കുന്നു. “റെഡ്ക്രോസ് പോലെ, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളാൽ മുഖ്യമായും കൈകാര്യംചെയ്യപ്പെടുന്നുവെങ്കിലും രക്തവ്യവസായം വാർഷികമായി നൂറു കോടി ഡോളർവരെ എത്തുന്ന വമ്പൻ ലാഭത്തെ പ്രതിനിധാനം ചെയ്യുന്നു. മുപ്പത്തഞ്ച് ലക്ഷം രക്തപ്പകർച്ചകൾക്കാവശ്യമായ രക്തം ശേഖരിച്ച് വിതരണംചെയ്യുന്ന ബിസിനസ്സാണ് ഭീഷണിപ്പെടുത്തപ്പെട്ടത്.”
മാത്രവുമല്ല, ലാഭത്തിനല്ലാതെ നടത്തപ്പെടുന്ന രക്തബാങ്കുകൾ സ്വമേധയായുള്ള രക്തദാനത്തിന് മുമ്പോട്ടുവരുന്നവരെ വളരെയധികം ആശ്രയിക്കേണ്ടിവരുന്നതിനാൽ കൂടുതൽ അപകടസാദ്ധ്യതയുള്ള ആളുകളെ, പ്രത്യേകിച്ച് സ്വവർഗ്ഗരതിക്കാരെ, ഒഴിച്ചുനിർത്തിക്കൊണ്ട് ആരെയും പിണക്കാൻ അവർ ആഗ്രഹിച്ചില്ല. രക്തം ദാനംചെയ്യുന്നതിൽനിന്ന് അത്തരക്കാരെ നിരോധിക്കുന്നത് അവരുടെ പൗരാവകാശങ്ങളുടെ ധ്വംസനമായിരിക്കുമെന്നും അത് മറെറാരു യുഗത്തിൽ തടങ്കൽപാളയങ്ങളിൽ പ്രകടമാക്കപ്പെട്ട മനോഭാവംപോലെയായിരിക്കുമെന്ന് സ്വവർഗ്ഗരതിക്കാരുടെ വക്താക്കൾ മുന്നറിയിപ്പുനൽകി.
രക്തദാതാക്കളെ നഷ്ടമാകുന്നതും കൂടുതലായ പരിശോധനകൾ ഏർപ്പെടുത്തുന്നതും കൂടുതൽ ചെലവു വരുത്തിവെക്കും. ദാനംചെയ്യപ്പെട്ട രക്തം എയ്ഡ്സ്ബാധയുണ്ടായിരിക്കാൻ കൂടുതൽ സാദ്ധ്യതയുള്ളവരിൽനിന്നുള്ളതാണോയെന്ന് കണ്ടുപിടിക്കാനുള്ള സറോഗേററ് പരിശോധന ആദ്യമായി ഏർപ്പെടുത്തിയത് 1983ലെ വസന്തകാലത്ത് സ്ററാൻഫോർഡ് യൂണിവേഴ്സിററിയിലെ രക്തബാങ്കായിരുന്നു. കൂടുതൽ രോഗികളെ ആകർഷിക്കാനുള്ള വ്യാപാരതന്ത്രം എന്നു പറഞ്ഞ് മററു രക്തബാങ്കുകാർ ആ നീക്കത്തെ വിമർശിച്ചു. അത്തരം പരിശോധനകൾ രക്തത്തിന്റെ വില വർദ്ധിപ്പിക്കുന്നു. എന്നാൽ തങ്ങളുടെ അറിവുകൂടാതെ രക്തപ്പകർച്ച നൽകപ്പെട്ട ഒരു ശിശുവിന്റെ മാതാപിതാക്കൾ പറഞ്ഞപ്രകാരം: “ഞങ്ങൾ തീർച്ചയായും അത്തരം പരിശോധനകൾക്ക് ഒരു പൈൻറിന് അഞ്ചു ഡോളർ അധികം കൊടുക്കാൻ തയ്യാറാകുമായിരുന്നു.” അവരുടെ കുട്ടി എയ്ഡ്സ് മൂലം മരിച്ചു.
സ്വയം സംരക്ഷണഘടകം
തങ്ങളുടെ സ്വന്തം പരാജയങ്ങൾക്ക് രക്തബാങ്കുകാർ ഉത്തരം പറയേണ്ടതില്ലാത്തതിനാലാണ് രക്തത്തിൽനിന്നുള്ള അപകടങ്ങൾ സംബന്ധിച്ച് പ്രതികരണം കാട്ടാൻ അവർ മടി കാണിക്കുന്നത് എന്നാണ് ചില വിദഗ്ദ്ധർ പറയുന്നത്. ഉദാഹരണത്തിന് ദി ഫിലഡെൽഫിയാ ഇൻക്വയററിൽ വന്ന ഒരു റിപ്പോർട്ടനുസരിച്ച് രക്തബാങ്കുകൾക്ക് ചില നിലവാരങ്ങളുണ്ട് എന്നു ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം FDAയ്ക്കാണ് (യു.എസ്.ഫുഡ് ആൻഡ് ഡ്രഗ്ഗ് അഡ്മിനിസ്ട്രേഷൻ). എന്നാൽ ആ നിലവാരങ്ങൾ നിശ്ചയിക്കുന്നതിന് FDA ആശ്രയിക്കുന്നത് മുഖ്യമായും രക്തബാങ്കുകളെയാണ്. മാത്രവുമല്ല FDAയിലെ പല ഉദ്യോഗസ്ഥൻമാരും രക്തവ്യവസായത്തിലെ മുൻനേതാക്കൻമാരാണ്. അപ്രകാരം എയ്ഡ്സിൽനിന്നുള്ള അപകടം വ്യക്തമായപ്പോൾ രക്തബാങ്കുകളുടെ പരിശോധനകൾ വാസ്തവത്തിൽ കുറഞ്ഞുകുറഞ്ഞുവന്നു!
തങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നത് ഒഴിവാക്കാൻ ആവശ്യമായ നിയമനിർമ്മാണത്തിന് യു.എസ് രക്തബാങ്കുകൾ സ്വാധീനം ചെലുത്തിയിരിക്കുന്നു. ഏതാണ്ട് എല്ലാ സ്റേറററിലുംതന്നെ രക്തം ഒരു സേവനമാണെന്നും അത് ഒരു ഉല്പന്നമല്ല എന്നുമാണ് നിയമം അതിനെ നിർവചിക്കുന്നത്. അതിന്റെ അർത്ഥം ഒരു രക്തബാങ്കിനെതിരെ നിയമനടപടി സ്വീകരിക്കുന്നയാൾ ബാങ്കിന്റെ ഭാഗത്തെ കുററകരമായ അനാസ്ഥ തെളിയിക്കണം എന്നാണ്—കഠിനമായ ഒരു നിയമതടസ്സംതന്നെ. അത്തരം നിയമങ്ങൾ രക്തബാങ്കുകളെ നിയമനടപടികളിൽനിന്ന് കൂടുതലായി സംരക്ഷിച്ചേക്കാം. എന്നാൽ അവ രോഗികൾക്ക് രക്തം കൂടുതൽ സുരക്ഷിതമാക്കുന്നില്ല.
സാമ്പത്തികവിദഗ്ദ്ധനായ റോസ് എക്കേർട്ട് ന്യായവാദംചെയ്യുന്നതുപോലെ രക്തബാങ്കുകളെ അവർ വ്യാപാരംചെയ്യുന്ന രക്തംസംബന്ധിച്ച് ഉത്തരവാദികളാക്കിയിരുന്നെങ്കിൽ അതിന്റെ ഗുണമേൻമ ഉറപ്പുവരുത്താൻ അവർ കൂടുതൽ യത്നിക്കുമായിരുന്നു. ഒരു മുൻ രക്തബാങ്കുകാരനായ ആരൺ കെൽനർ അതിനോടു യോജിക്കുന്നു: “ഒരു ചെറിയ നിയമ തന്ത്രത്തിലൂടെ രക്തപ്പകർച്ച ഒരു സേവനമായി മാറി. എല്ലാവരും സുരക്ഷിതരായി വീട്ടിൽ തിരിച്ചെത്തുന്നു, നിരപരാധിയായ ഇര, രോഗി, ഒഴികെ എല്ലാവരും.” അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “നമുക്ക് അതിലെ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നു, എന്നാൽ നാം അങ്ങനെ ചെയ്തില്ല. നാം നമ്മുടെ അപകടത്തെപ്പററി മാത്രമേ ചിന്തിച്ചുള്ളു, രോഗിയെസംബന്ധിച്ചുള്ള നമ്മുടെ വിചാരം എവിടെ പോയി?”
ഈ നിഗമനം ഒഴിവാക്കാനാവില്ലാത്തതായി തോന്നുന്നു. രക്തബാങ്കുകളുടെ താത്പര്യം സാമ്പത്തികമായി തങ്ങളേത്തന്നെ സംരക്ഷിക്കുന്നതിനാണ്, അല്ലാതെ അതിന്റെ ഉല്പന്നങ്ങളിൽനിന്നുള്ള അപകടങ്ങളിൽനിന്ന് ആളുകളെ സംരക്ഷിക്കുന്നതിനല്ല. ‘ജീവൻ രക്ഷിക്കുന്നതിനുള്ള ഏക ചികിത്സ രക്തപ്പകർച്ച മാത്രമാണെങ്കിൽ ഈ അപകടങ്ങൾ അത്രകണ്ട് പ്രധാനമാണോ?’ എന്ന് ചിലർ ന്യായവാദംചെയ്തേക്കാം. ‘അതിൽനിന്നുള്ള പ്രയോജനങ്ങൾ അപകടങ്ങളെക്കാൾ അധികമല്ലേ?’ ഇവ നല്ല ചോദ്യങ്ങളാണ്. എന്നാൽ ഈ രക്തപ്പകർച്ചകൾ എത്രത്തോളം അത്യാവശ്യമാണ്? (g90 10⁄22)
[9-ാം പേജിലെ ആകർഷകവാക്യം]
രോഗികളുടെ രക്തത്തിൽനിന്ന് തങ്ങളേത്തന്നെ സംരക്ഷിക്കാൻ ഡോക്ടർമാർ വലിയ ശ്രമം ചെയ്യുന്നു. എന്നാൽ രോഗികൾ അവർക്കു കൊടുക്കപ്പെടുന്ന രക്തത്തിൽനിന്ന് വേണ്ടത്ര സംരക്ഷിക്കപ്പെടുന്നുണ്ടോ?
[8,9 പേജുകളിലെ ചതുരം/ചിത്രം]
ഇന്ന് രക്തം എയ്ഡ്സിൽ നിന്ന് സുരക്ഷിതമാണോ?
“അത് രക്തംസംബന്ധിച്ച് അങ്ങേയററം നല്ല ഒരു വാർത്തയാണ്,” ഒക്ടോബർ 5, 1989-ലെ ന്യൂയോർക്ക് ഡയിലി ന്യൂസിന്റെ ഒരു ശീർഷകം പ്രഖ്യാപിച്ചു. ഒരു രക്തപ്പകർച്ചയിൽനിന്ന് എയ്ഡ്സ് ബാധിക്കാനുള്ള സാദ്ധ്യത ഇരുപത്തിയെണ്ണായിരത്തിൽ ഒന്നു മാത്രമാണെന്ന് ആ ലേഖനം റിപ്പോർട്ടുചെയ്തു. ആ വൈറസിനെ രക്തത്തിൽനിന്ന് ഒഴിച്ചുനിർത്തുന്നതിനുള്ള പ്രക്രിയ 99.9 ശതമാനം ഫലപ്രദമാണ്.
സമാനമായ ശുഭാപ്തിവിശ്വാസമാണ് രക്തബാങ്ക് വ്യവസായത്തെയും ഭരിക്കുന്നത്. ‘ഇന്ന് ലഭിക്കുന്ന രക്തം മുമ്പെന്നത്തേക്കാൾ സുരക്ഷിതമാണ്’ എന്ന് അവർ അവകാശപ്പെടുന്നു. രക്തത്തിൽനിന്ന് എയ്ഡ്സ്രോഗം ബാധിക്കുന്നതിന്റെ അപകടം “ഏതാണ്ട് പൂർണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു” എന്ന് രക്തബാങ്കുകളുടെ അമേരിക്കൻ അസോസിയേഷൻ പ്രസിഡണ്ട് പ്രസ്താവിച്ചു. എന്നാൽ രക്തം സുരക്ഷിതമാണെങ്കിൽ കോടതികളും ഡോക്ടർമാരും “വിഷമയം” “ഒഴിവാക്കാനാവാത്തവണ്ണം അപകടകരം” എന്നുംമററും അതിനെപ്പററി പറഞ്ഞിട്ടുള്ളതെന്തുകൊണ്ടാണ്? ശസ്ത്രക്രിയ നടത്തുമ്പോൾ രക്തവുമായി നേരിട്ടു സമ്പർക്കത്തിൽ വരാതിരിക്കാൻ ഡോക്ടർമാർ മുഖംമൂടിയും ബൂട്സും സഹിതം ശൂന്യാകാശയാത്രികരുടേതുപോലെയുള്ള സൂട്ട് ധരിക്കുന്നതെന്തിനാണ്? രക്തപ്പകർച്ചമൂലമുണ്ടാകാവുന്ന ദോഷഫലങ്ങൾ സംബന്ധിച്ചുള്ള ഉത്തരവാദിത്വത്തിൽനിന്ന് തങ്ങളെ ഒഴിവാക്കുന്ന ഫാറങ്ങൾ ഒപ്പിടാൻ അനേകം ആശുപത്രികൾ രോഗികളോട് ആവശ്യപ്പെടുന്നതെന്തുകൊണ്ടാണ്? എയ്ഡ്സ് പോലുള്ള രോഗങ്ങളിൽനിന്ന് രക്തം യഥാർത്ഥത്തിൽ സുരക്ഷിതമാണോ?
രക്തത്തെ സംരക്ഷിക്കാൻ സ്വീകരിക്കുന്ന രണ്ടു മാർഗ്ഗങ്ങളെ ആശ്രയിച്ചാണ് സുരക്ഷിതത്വം സ്ഥിതിചെയ്യുന്നത്: രക്തദാനം ചെയ്യുന്ന ആളുകളെ പരിശോധിക്കുന്നതും രക്തംതന്നെ പരിശോധിക്കുന്നതും. എയ്ഡ്സ്ബാധയുണ്ടായിരിക്കാൻ സാദ്ധ്യതയുള്ള ജീവിതശൈലികളോടുകൂടിയ ആളുകളെ ഒഴിച്ചുനിർത്താൻ എല്ലാ ശ്രമവും ചെയ്തിട്ടും ചിലർ ഇപ്പോഴും രക്തം ദാനംചെയ്യുന്നുണ്ട് എന്നാണ് അടുത്ത കാലത്തെ പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അവർ ചോദ്യാവലികൾക്ക് തെററായ ഉത്തരങ്ങൾ നൽകിക്കൊണ്ട് രക്തദാനം ചെയ്യുന്നു. തങ്ങൾക്ക് രോഗബാധയുണ്ടോയെന്ന് കണ്ടുപിടിക്കാൻവേണ്ടിയാണ് ചിലർ അതു ചെയ്യുന്നത്.
എയ്ഡ്സ് വൈറസുകളെ ചെറുക്കാൻ ശരീരം നിർമ്മിക്കുന്ന ആൻറീബോഡീസിന്റെ സാന്നിദ്ധ്യം തിരിച്ചറിയിക്കുന്ന പരിശോധനകൾ രക്തബാങ്കുകൾ 1985-ൽ ആരംഭിച്ചു. എന്നാൽ എയ്ഡ്സ് വൈറസ് ബാധിച്ച് കുറേ കാലങ്ങൾ കഴിഞ്ഞു മാത്രമേ ശരീരം ഈ പരിശോധനകളാൽ കണ്ടുപിടിക്കത്തക്കവണ്ണം ആൻറീബോഡീസ് വികസിപ്പിക്കുന്നുള്ളു എന്നതാണ് ഈ പരിശോധനസംബന്ധിച്ചുള്ള പ്രശ്നം. നിർണ്ണായകമായ ഈ കാലഘട്ടത്തെയാണ് വിൻഡോ പീരിയഡ് എന്നു വിളിക്കുന്നത്.
ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽനിന്നാണ് രക്തപ്പകർച്ചയിലൂടെ എയ്ഡ്സ് ബാധിക്കാൻ 28,000ത്തിൽ ഒന്ന് സാദ്ധ്യത മാത്രമാണുള്ളത് എന്ന ആശയം വന്നത്. വിൻഡോ പീരിയഡ് ശരാശരി എട്ടാഴ്ചകളാണെന്ന് മേൽപ്പറഞ്ഞ പ്രസിദ്ധീകരണം നിശ്ചയിച്ചു. എന്നിരുന്നാലും 1989 ജൂണിൽ അതേ പ്രസിദ്ധീകരണം വിൻഡോ പീരിയഡ് അതിലും ദീർഘമായ ഒരു കാലഘട്ടമായിരിക്കാമെന്ന്—മൂന്ന് വർഷമോ അതിലധികമോ ആകാമെന്ന്—നിഗമനത്തിലെത്തിയ മറെറാരു പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു. അതിദീർഘമായ വിൻഡോപീരിയഡ് നാം ഒരിക്കൽ വിചാരിച്ചിരുന്നതിലും സാധാരണമാണെന്നും അതിലും മോശമായി, രോഗബാധിതരായ ചിലയാളുകൾ ഒരിക്കലും ആൻറീബോഡീസ് വികസിപ്പിക്കാതിരുന്നേക്കാമെന്നും നേരത്തെയുള്ള ഈ പഠനം അഭിപ്രായപ്പെട്ടു! എന്നാൽ പിന്നാലെ വന്ന കൂടുതൽ ശുഭാപ്തിവിശ്വാസത്തോടെയുള്ള പഠനം “മനസ്സിലാക്കാൻ കഴിയാത്തത്” എന്നു പറഞ്ഞ് മേല്പറഞ്ഞ വിവരങ്ങൾ തള്ളിക്കളഞ്ഞു.
“രക്തം സുരക്ഷിതമാണ് എന്ന് രക്തബാങ്കുകാർ ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാൽ ജനങ്ങൾ അത് സ്വീകരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ അത് സത്യമല്ല എന്ന തോന്നൽ അവർക്കുണ്ട്” എന്ന് എയ്ഡ്സ് സംബന്ധിച്ച പ്രസിഡൻഷ്യൽ കമ്മീഷനിലെ ഡോ. കോറി സെർവസ് പറഞ്ഞത് അതിശയമല്ല.
[കടപ്പാട്]
CDC, Atlanta, Ga.
[11-ാം പേജിലെ ചതുരം]
രക്തപ്പകർച്ചയും ക്യാൻസറും
രക്തപ്പകർച്ച ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കിയേക്കാമെന്നും അത് ക്യാൻസറിനു ശസ്ത്രക്രിയക്കു വിധേയരാകുന്നവരുടെ അതിജീവനനിരക്കിനെ ബാധിക്കുന്നുവെന്നും ശാസ്ത്രജ്ഞൻമാർ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ക്യാൻസർ എന്ന പ്രസിദ്ധീകരണത്തിന്റെ 1987 ഫെബ്രുവരി 15ലെ പതിപ്പ് നെതർലൻസിൽ നടത്തപ്പെട്ട വിജ്ഞാനപ്രദമായ ഒരു പഠനത്തെപ്പററി റിപ്പോർട്ടുചെയ്യുന്നു. “വൻകുടലിൽ ക്യാൻസർ ബാധിച്ച രോഗികളിൽ ദീർഘകാല അതിജീവനത്തിന്റെ സംഗതിയിൽ രക്തപ്പകർച്ചക്ക് ശ്രദ്ധേയമായ ഒരു ദോഷഫലം ഉള്ളതായി കാണാൻകഴിഞ്ഞു” എന്ന് പ്രസിദ്ധീകരണം പറഞ്ഞു. “ഈ ഗണത്തിൽപ്പെട്ടവരുടെ 5 വർഷത്തെ ആകമാന അതിജീവനം രക്തപ്പകർച്ച സ്വീകരിച്ചവരുടെ കാര്യത്തിൽ 48 ശതമാനവും അതു സ്വീകരിക്കാഞ്ഞവരിൽ 74 ശതമാനവുമായിരുന്നു.”
ക്യാൻസർ ശസ്ത്രക്രിയക്ക് വിധേയരായവരിൽ രക്തം സ്വീകരിച്ചവർക്ക് കൂടുതലായി വീണ്ടും ക്യാൻസർ ബാധിച്ചതായി സതേൺ കാലിഫോർണിയായിലെ ഭിഷഗ്വരൻമാരും കണ്ടെത്തി. ഈ ഭിഷഗ്വരൻമാർ അത്തരം 100 രോഗികളിൽ നടത്തിയ ഒരു പഠനത്തെപ്പററി 1989 മാർച്ചിലെ ദി ആനൽസ് ഓഫ് ഓട്ടോളജി, റൈനോളജി &ലാറിംഗോളജി റിപ്പോർട്ടുചെയ്തു: “കണ്ഠനാളത്തിലെ ക്യാൻസർ വീണ്ടും ബാധിച്ചതിന്റെ നിരക്ക് രക്തം സ്വീകരിക്കാഞ്ഞവരിൽ 14 ശതമാനവും അതു സ്വീകരിച്ചവരിൽ 65 ശതമാനവുമായിരുന്നു. വായിലെയും അന്നനാളത്തിലെയും മൂക്കിലെയും ക്യാൻസർ വീണ്ടും ബാധിച്ചതിന്റെ നിരക്ക് രക്തം സ്വീകരിക്കാഞ്ഞവരിൽ 31 ശതമാനവും സ്വീകരിച്ചവരിൽ 71 ശതമാനവുമായിരുന്നു.”
“രക്തപ്പകർച്ചയും ക്യാൻസറിനുള്ള ശസ്ത്രക്രിയയും” എന്ന തന്റെ ലേഖനത്തിൽ ഡോ. ജോൺ എസ്സ്. സ്പ്രാററ് ഈ നിഗമനത്തിലെത്തി: “ക്യാൻസറിന് ശസ്ത്രക്രിയ നടത്തുന്നവർ രക്തംകൂടാതെ ശസ്ത്രക്രിയ നടത്തുന്നവരായിത്തീരേണ്ടിവന്നേക്കാം.”—ദി അമേരിക്കൻ ജേണൽ ഓഫ് സർജറി, സെപ്ററംബർ 1986.
[10-ാം പേജിലെ ചിത്രങ്ങൾ]
രക്തം ജീവൻ രക്ഷിക്കുന്ന ഔഷധമാണോയെന്നത് തർക്ക വിഷയമാണ്. എന്നാൽ അത് ആളുകളെ കൊല്ലുന്നുവെന്നത് തർക്കവിഷയമല്ല