ലോകത്തിലേക്കും ഏററം വിലയേറിയ ദ്രാവകം
ലാഭക്കൊതിയൻമാരായ വ്യവസായികളുടെ അപകടകരവും അനാവശ്യവുമായ ഉല്പന്നമായി രക്തപ്പകർച്ചയെ തള്ളിക്കളയാമെങ്കിലും യഹോവയുടെ സാക്ഷികൾ അതു നിരസിക്കുന്നതിന്റെ വിശദീകരണം അതല്ല. അവരുടെ കാരണങ്ങൾ അതിൽനിന്ന് വ്യത്യസ്തവും അതിലും വളരെയധികം പ്രധാനവുമാണ്. അവ എന്താണ്?
ഒരു തുള്ളി രക്തത്തെ ഒരു സാധാരണവസ്തുവായി വീക്ഷിക്കുക എളുപ്പമാണ്. ഒരു പോറലിൽനിന്നോ സൂചികൊണ്ടുള്ള ഒരു സുഷിരത്തിൽനിന്നോ അതു പൊടിച്ചുവരുന്നു, തിളങ്ങുന്ന ചുവപ്പുനിറത്തിലുള്ള ഒരു സൂക്ഷ്മ അർദ്ധഗോളം. ഒന്നു ചിന്തിക്കാതെ നാം അത് കഴുകിയോ തുടച്ചോ കളയുന്നു.
ഈ അർദ്ധഗോളം ഒരു പർവതംപോലെ നമുക്കുമീതെ തലയുയർത്തി നിൽക്കാൻ തക്കവണ്ണം നമുക്കു ചെറുതാകാൻ കഴിയുകയാണെങ്കിൽ കടുംചുവപ്പാർന്ന അതിന്റെ ആഴങ്ങളിൽ അവിശ്വസനീയമാംവണ്ണം സങ്കീർണ്ണവും നല്ല ക്രമമുള്ളതുമായ ഒരു ലോകം നാം കാണുമായിരുന്നു. ആ ഒററ തുള്ളിക്കുള്ളിൽ സൂക്ഷ്മാണുക്കളുടെ വലിയ സൈന്യവ്യൂഹങ്ങൾതന്നെയുണ്ട്: 25,00,00,000 അരുണാണുക്കളും 4,00,000 ശ്വേതാണുക്കളും 1,50,00,000 പ്ലെയിററ്ലററുകളും അവയിൽ ചിലതുമാത്രമാണ്. രക്തപ്രവാഹത്തിലേക്ക് തുറന്നുവിട്ടുകഴിഞ്ഞാൽ ഓരോ സൈന്യവും അതതിന്റേതായ പ്രത്യേകജോലിയിൽ ഏർപ്പെടുന്നു.
ശ്വാസകോശങ്ങളിൽനിന്ന് ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും ഓക്സിജൻ സംവഹിച്ചുകൊണ്ടും കാർബൺഡൈഓക്സൈഡ് നീക്കംചെയ്തുകൊണ്ടും അരുണാണുക്കൾ ശരീരത്തിലെ രക്തക്കുഴൽ വ്യവസ്ഥയുടെ അതിസങ്കീർണ്ണമായ കണ്ണികളിലൂടെ പാഞ്ഞുപോകുന്നു. ഈ സൂക്ഷ്മാണുക്കൾ അതിസൂക്ഷ്മമാണ്. അവയിൽ അഞ്ഞൂറെണ്ണം ഒന്നിനുമീതെ ഒന്നായി അടുക്കിവെച്ചാൽ 0.1 സെൻറിമീററർ ഉയരമേ വരികയുള്ളു. എന്നിരുന്നാലും നിങ്ങളുടെ ശരീരത്തിലെ അരുണാണുക്കൾ എല്ലാംകൂടെ ഒന്നിനുമീതെ ഒന്നായി അടുക്കിയാൽ അതിന് 50,000 കിലോമീററർ ഉയരം വരും! ഒരു ദിവസം 1,440 പ്രാവശ്യം എന്ന കണക്കിൽ 120 ദിവസം ശരീരത്തിലൂടെ പ്രയാണംചെയ്തശേഷം അരുണാണുക്കൾ ജോലിയിൽനിന്ന് വിരമിക്കുന്നു. ഇരുമ്പിൽ സമ്പന്നമായ അതിന്റെ കേന്ദ്രഭാഗം വീണ്ടും ഉപയോഗിക്കപ്പെടുന്നു. എന്നാൽ ശേഷിച്ച ഭാഗം ഉപേക്ഷിക്കപ്പെടുന്നു. ഓരോ സെക്കണ്ടിലും 3 ദശലക്ഷം അരുണാണുക്കൾ നീക്കംചെയ്യപ്പെടുന്നു. അതേ സമയം അത്രയുംതന്നെ എണ്ണം അസ്ഥിക്കുള്ളിലെ മജ്ജയിൽ നിർമ്മിക്കപ്പെടുന്നു. ഒരു അരുണാണു ജോലിയിൽനിന്നു വിരമിക്കാൻ കാലമായി എന്ന് ശരീരം അറിയുന്നതെങ്ങനെയാണ്? ശാസ്ത്രജ്ഞൻമാർക്ക് അതിന് ഉത്തരമില്ല. എന്നാൽ പഴകിയ അരുണാണുക്കൾ പുതുക്കുന്ന പ്രക്രിയ ഇല്ലായിരുന്നെങ്കിൽ ഒരു രസതന്ത്രജ്ഞന്റെ അഭിപ്രായമനുസരിച്ച് “നമ്മുടെ രക്തം രണ്ടാഴ്ചക്കുള്ളിൽ സിമൻറുപോലെ കട്ടിയായേനെ.”
അതേസമയം ശരീരം സ്വാഗതം ചെയ്യാത്ത നുഴഞ്ഞുകയററക്കാരെ അന്വേഷിച്ച് ശ്വേതാണുക്കൾ രക്തചംക്രമണവ്യവസ്ഥയിലുടനീളം പരതിനടക്കുന്നു. എവിടെയെങ്കിലും ഒരു പോറലോ മുറിവോ ഉണ്ടായാൽ പ്ലെയിററ്ലററുകൾ അവിടെ പാഞ്ഞെത്തി രക്തം ഉറയ്ക്കുന്നതിനും മുറിവ് ഉണക്കുന്നതിനുമുള്ള പ്രക്രിയക്ക് തുടക്കംകുറിക്കുന്നു. ഈ സൂക്ഷ്മാണുക്കളെല്ലാം പ്ലാസ്മാ (നിണനീർ) എന്നു വിളിക്കപ്പെടുന്നതും ഐവറി നിറമുള്ളതുമായ ഒരു ദ്രാവകത്തിൽ ഒഴുകിനടക്കുന്നു. പ്ലാസ്മാ തന്നെയും രക്തത്തിന്റെ ചുമതലകളുടെ നീണ്ട പട്ടിക നിവർത്തിക്കുന്നതിൽ ജീവൽപ്രധാനമായ പങ്കുവഹിക്കുന്ന നൂറുകണക്കിനു ഘടകങ്ങൾ ചേർന്നുണ്ടാകുന്നതാണ്.
ശാസ്ത്രജ്ഞൻമാരുടെയെല്ലാം ബുദ്ധിശക്തി ഒന്നിച്ചുചേർന്നിട്ടും രക്തം നിർവഹിക്കുന്ന കാര്യങ്ങൾ എല്ലാം പകർത്താനെന്നതോ പോകട്ടെ, അതു മനസ്സിലാക്കാൻപോലും കഴിയാതെയാണിരിക്കുന്നത്. അത്ഭുതകരമാംവണ്ണം സങ്കീർണ്ണമായ ഈ ദ്രാവകം ഒരു മഹാരൂപസംവിധായകന്റെ കരവേലയല്ലാതെ മറെറന്തെങ്കിലും ആയിരിക്കാൻകഴിയുമോ? ഈ മനുഷ്യാതീത സ്രഷ്ടാവിന് തന്റെ സൃഷ്ടവസ്തുക്കൾ എങ്ങനെ ഉപയോഗിക്കണം എന്നതുസംബന്ധിച്ച് നിയന്ത്രണങ്ങൾ വെക്കാൻ അവകാശമുണ്ടായിരിക്കുകയെന്നതും തികച്ചും ന്യായയുക്തമല്ലേ?
യഹോവയുടെ സാക്ഷികൾ എന്നും അങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഏററം മെച്ചമായ ജീവിതം എങ്ങനെ നയിക്കണമെന്നതുസംബന്ധിച്ച് നമ്മുടെ സ്രഷ്ടാവിൽനിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന ഒരു കത്തായിട്ട് അവർ ബൈബിളിനെ വീക്ഷിക്കുന്നു; രക്തത്തിന്റെ സംഗതിയിൽ നിശ്ശബ്ദത പാലിക്കുന്ന ഒരു പുസ്തകമല്ല അത്. ലേവ്യാപുസ്തകം 17:14 ഇപ്രകാരം പറയുന്നു: “ഏതുതരം മാംസത്തിന്റെയും ദേഹി അതിന്റെ രക്തമാണ്”—തീർച്ചയായും അക്ഷരാർത്ഥത്തിലല്ല, കാരണം ഒരു ജീവിതന്നെ ഒരു ദേഹിയാണ് എന്ന് ബൈബിൾ പറയുന്നു. മറിച്ച് എല്ലാ ജീവികളുടെയും ദേഹികൾ രക്തത്തോട് അത്രകണ്ട് വേർപെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നതിനാലും രക്തത്താൽ നിലനിർത്തപ്പെടുന്നതിനാലും അത് ഉചിതമായും ജീവനെ പ്രതിനിധാനംചെയ്യുന്ന ഒരു പവിത്രദ്രാവകമായി വീക്ഷിക്കപ്പെടുന്നു.
ചിലരെ സംബന്ധിച്ചടത്തോളം ഇതു മനസ്സിലാക്കാൻ പ്രയാസമാണ്. യാതൊന്നുംതന്നെ പവിത്രമായി കണക്കാക്കാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ജീവൻതന്നെയും വേണ്ടത്ര വിലമതിക്കപ്പെടുന്നില്ല. അപ്പോൾപിന്നെ മറേറതൊരു വസ്തുവുംപോലെ രക്തം വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് അതിശയമല്ല. എന്നാൽ സ്രഷ്ടാവിന്റെ ഇഷ്ടത്തെ ആദരിക്കുന്നവർ അത്തരത്തിൽ പെരുമാറുന്നില്ല. ‘നിങ്ങൾ രക്തം ഭക്ഷിക്കരുത്’ എന്നത് നോഹയോടും അവന്റെ സന്തതിപരമ്പരയോടുമുള്ള—മുഴുമനുഷ്യവർഗ്ഗത്തോടുമുള്ള—ദൈവത്തിന്റെ കല്പനയായിരുന്നു. (ഉല്പത്തി 9:4) എട്ടു നൂററാണ്ടുകൾക്കുശേഷം ഇസ്രായേല്യർക്കുള്ള തന്റെ കല്പനയിൽ അവൻ അതുൾക്കൊള്ളിച്ചു. പതിനഞ്ച് നൂററാണ്ടുകൾക്കുശേഷം വീണ്ടും ക്രിസ്തീയസഭയോടുള്ള ബന്ധത്തിൽ അവൻ അത് ദൃഢീകരിച്ചു: ‘രക്തം വർജ്ജിക്കുക.’—പ്രവൃത്തികൾ 15:20.
യഹോവയുടെ സാക്ഷികൾ ആ നിയമത്തോടു പററിനിൽക്കുന്നത് മുഖ്യമായും അവർ തങ്ങളുടെ സ്രഷ്ടാവിനെ അനുസരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്. തന്റെ സ്വന്തം ഇഷ്ടപുത്രന്റെ ബലിമരണം മുഖാന്തരം സ്രഷ്ടാവ് മനുഷ്യവർഗ്ഗത്തിന് ജീവരക്ഷാകരമായ രക്തം പ്രദാനംചെയ്തിരിക്കുന്നു. ഏതാനും മാസങ്ങളിലേക്കോ വർഷങ്ങളിലേക്കോ അല്ല എന്നേക്കും ജീവനെ നിലനിർത്താൻ അതിനു കഴിയും.—യോഹന്നാൻ 3:16; എഫേസ്യർ 1:7.
കൂടാതെ രക്തപ്പകർച്ച വർജ്ജിക്കുന്നത് സാക്ഷികളെ അനേകം അപകടങ്ങളിൽനിന്ന് സംരക്ഷിച്ചിരിക്കുന്നു. ഇന്ന് യഹോവയുടെ സാക്ഷികളല്ലാത്ത കൂടുതൽ കൂടുതലാളുകൾ രക്തപ്പകർച്ച നിരസിക്കുന്നു. വൈദ്യശാസ്ത്രരംഗത്തു പ്രവർത്തിക്കുന്നവർ സാവകാശം അതിനോടു പ്രതികരിക്കുകയും രക്തത്തിന്റെ ഉപയോഗം കുറക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദി സർജറി ആന്വൽ പറഞ്ഞപ്രകാരം: “വ്യക്തമായും ഏററം സുരക്ഷിതമായ രക്തപ്പകർച്ച നൽകപ്പെടാത്ത രക്തപ്പകർച്ചയാണ്.” “രക്തപ്പകർച്ച ശുപാർശചെയ്യാവുന്ന ചികിത്സാരീതിയല്ല എന്ന് യഹോവയുടെ സാക്ഷികൾ ദീർഘകാലമായി നിർബന്ധംപിടിച്ചിട്ടുണ്ട്” എന്ന് പാത്തോളജിസ്ററ് എന്ന പ്രസിദ്ധീകരണം കുറിക്കൊണ്ടു. അതിപ്രകാരം കൂട്ടിച്ചേർത്തു: “രക്തബാങ്കുകാർക്ക് ശക്തമായ എതിരഭിപ്രായമുണ്ടെങ്കിലും സാക്ഷികളുടെ അഭിപ്രായത്തെ പിന്താങ്ങാൻ ഗണനീയമായ തെളിവുണ്ട്.”
നിങ്ങൾ ആരെ വിശ്വസിക്കും? രക്തം രൂപകല്പനചെയ്ത ജ്ഞാനിയായ ആ ഒരുവനെയോ? അതോ രക്തവില്പന ഒരു വൻ ബിസിനസ്സാക്കിമാററിയിരിക്കുന്ന ആളുകളെയോ? (g90 10⁄22)
[15-ാം പേജിലെ ചിത്രങ്ങൾ]
രക്താണുക്കൾക്ക് ഒററക്കൊററക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്നത്ര നേരിയ ധമനികൾ (ഉൾചിത്രം) സഹിതമുള്ള മനുഷ്യസിരാവ്യൂഹം